നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരയാമം(കഥ)


Best of Nallezhuth - No 3 - 
മദ്ധ്യാഹ്നത്തിന് ശേഷം കുറച്ചു ചാറ്റൽ മഴയുണ്ടായിരുന്നു. എന്നാലതൊരു മഴനാളായിരുന്നില്ല. നീങ്ങിപ്പോകുന്ന മേഘശകലങ്ങളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം, കുറച്ചകലെയുള്ള മുളങ്കാടുകളെ കൂടുതൽ ശോഭയുള്ളതാക്കി മാറ്റി. വീടിനിടതുവശത്തെ ബെഡ്റൂമിലെ ജാലകത്തിന്നരികിൽ, നേരത്തെ തയ്യാറാക്കിയിട്ടിരുന്ന മുറ്റത്ത് മഴത്തുള്ളികൾ വീണ് മണ്ണിന്റെ ഗന്ധമുയർന്നു.. ഭാര്യ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി ആരുംകാണാതെ ഒരു മരമായി മാറി.
മകൾ സ്കൂൾവിട്ട് ബസിൽ കയറിയെന്ന മെസ്സേജ് കിട്ടിയിരുന്നു. സ്കൂൾബസിൽ കൂടെ വരുന്ന ആയയെ വിളിച്ച് അത് ഒന്നുകൂടി ഉറപ്പുവരുത്തി.
' മകൾക്ക് ആഹാരമെടുത്ത് ടേബിളിൽ വച്ചിട്ടുണ്ട്. ജ്യൂസ് ഫ്രിഡ്ജിലുണ്ട്. എടുത്ത് കഴിക്കാൻ പറയണേ. രാത്രിയിലത്തേക്ക് ചപ്പാത്തിയും മുട്ടക്കറിയുമുണ്ട്. അതുകഴിഞ്ഞ് വിറ്റാമിൻ ഗുളിക മറക്കരുതെന്ന് പറയണേ. രാത്രിയത്തെ പാലും' എന്ന് ആയയ്ക്ക് നിർദ്ദേശം നൽകി. ഒരാഴ്ചത്തേക്കുള്ള യൂണിഫോമുകൾ ഇസ്തിരിയിട്ട് വച്ചതിനും വിരിപ്പുകളും പുതപ്പുകളും കഴുകിയുണക്കി വിരിച്ചതിനും ശേഷമാണ് ഭാര്യ മരമായി മാറിയത്. രണ്ട് ജോഡി ഷൂസ് പോളിഷ് ചെയ്ത് വച്ചിരുന്നു. ഹോംവർക്ക് ചെയ്യാൻ പെൻസിലും എറേസറും നോട്ടുബുക്കുകളും സജ്ജമാക്കിയിരുന്നു.
മകൾ വന്നപ്പോൾ, രാവിലെ ഇല്ലാതിരുന്ന മരത്തെക്കണ്ട് കുറച്ചുനേരം അത്ഭുതപ്പെട്ടു നിന്നു. അമ്മയെ കാണുന്നുമില്ല. ഫോൺ കിടപ്പുമുറിയിൽ തന്നെയുണ്ട്. കുട്ടി ' അമ്മേ' എന്ന് വിളിച്ചുകൊണ്ട് വീട്ടിലും പരിസരത്തും കുറേ നടന്നു. പിന്നെ ഉറക്കെ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് അയൽവീട്ടുകാർ പുറത്തേക്കുവന്ന് കാര്യമന്വേഷിച്ചു.
അമ്മയെ കാണുന്നില്ല.
കുറേനേരം തിരഞ്ഞിതിനുശേഷം അവരിലാരോ ഒരാൾ ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഭർത്താവ് ഓഫീസിൽ നിന്നെത്തി. യാഥൃശ്ചികമായി മുറ്റത്തൊരു മരം കണ്ടപ്പോൾ അയാളും തെല്ലൊന്നന്ധാളിച്ചു. പിന്നെ വീട്ടിനുള്ളിലേക്ക് കയറി ഭാര്യയുടെ ഫോണെടുത്തു പരിശോധിച്ചു. അവളുടെ വീട്ടിലും സുഹൃത്തുക്കളേയുമൊക്കെ വിളിച്ചു. ഒരിടത്തുമെത്തിയിട്ടില്ല. കുറച്ചുകഴിഞ്ഞ് അയാൾ മരത്തിനടുത്തേക്ക് മെല്ലെ നടന്നുവന്ന് അതിന്റെ തടിയിലേക്ക് മൂക്ക് അടുപ്പിച്ച് ഗന്ധം പിടിച്ചു. അതെ. ഭോഗിക്കുന്നവേളയിൽ കാമാസക്തികൊണ്ട് താൻ കവർന്നെടുക്കുന്ന സ്വന്തം പെണ്ണിന്റെ സ്ത്രൈണഗന്ധം. മെല്ലെയുള്ള ഇലയനക്കം. നശിച്ച മൗനം. ഭാര്യയുടെ അതേ ശീലുകൾ. അയാളുറപ്പിച്ചു. കാര്യങ്ങളച്ചട്ടായി. നശൂനം പിടിച്ചോള് മരമായി മാറിയിരിക്കുന്നു!
ഏതാണ്ടൊരു മാസത്തിന് മുൻപ് ഭാര്യയുമായുണ്ടായ പിണക്കവും തുടർന്നുണ്ടായ വാക്കുയുദ്ധവും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
" ഞാനൊരു സാധു പെൺകുട്ടിയാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടല്ലേ നിങ്ങളിങ്ങനെ"
" ഞാനെങ്ങനെ?"
"എനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്ന് നിങ്ങൾക്കറിയാം. പിന്നെ എന്റെ മോള്. ജീവനെക്കാളേറെ സ്നേഹിക്കുന്ന അവളെ വിട്ട് ഒന്നിനും ഒരുമ്പിട്ടിറങ്ങി തിരിക്കില്ലെന്നുമറിയാം. നിങ്ങളതിനെ മുതലെടുക്കയാണ്. ല്ല്യോ? നിങ്ങളോടുള്ള മനുഷ്യ ജന്മം എനിക്ക് മടുത്തു. വേറെന്തെങ്കിലുമായി മാറിയാമതിയായിരുന്നു"
" എന്നാ നീ പോയി ഏതെങ്കിലും കാട്ടുപോത്തായി പണ്ടാരമടങ്ങടി കുരിപ്പേ!"
എന്നാൽ ഭാര്യ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുമെന്ന് അയാൾ കരുതിയതേയില്ല. ഇനി എന്താണ് ചെയ്യുക?
സ്ഥിതിഗതികളെ ധൈര്യത്തോടെ നേരിടാൻ തന്നെ അയാൾ തീരുമാനിച്ചു. മകളുടെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അവൾ അല്പം വാശിയുള്ള കൂട്ടത്തിലാണ്. എല്ലാത്തിനും അമ്മ കൂടെ വേണം. കുളിപ്പിക്കാനും, ഉടുപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, കളിപ്പിക്കാനും, പഠിപ്പിക്കാനും, സ്കൂളിലയക്കാനുമെല്ലാം. ആവശ്യമുള്ളത് ഓൺലൈനിൽ വാങ്ങികൊടുക്കുമെന്നല്ലാതെ മറ്റെല്ലാം ഭാര്യയാണ് ചെയ്തിരുന്നത്. തനിക്ക് പാചകവുമറിയില്ല.
തുലാമഴ തകർത്ത നാളുകളിൽ ഭാര്യ, പാളിപ്പോയ സമവായങ്ങൾക്കു മീതെ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോവുകയായിരുന്നു
ജീവിതത്തെ വച്ച് കൂട്ടിയും കുറച്ചും കൊണ്ട് അവൾ കുറുകുന്ന ജാലകപ്രാവുകളെ
നോക്കിയിരുന്നു. അല്ലെങ്കിൽ തൊടിയിലിത്തിരി വെയിൽ വീഴുമ്പോൾ ചില്ലകളിൽ ഊയലാടുന്ന ഓലേഞ്ഞാലിയെ. ഒരു പക്ഷിയായി പറന്നുപോയാലെന്ത്? ഒരുവേള ഒരു മാൻപേടയായി കാട്ടിലേക്കോടിയാലെന്ത്? പക്ഷെ തന്റെ മകൾ. അവൾ ചെപ്പുകൊട്ടുന്നതും, ഓടിക്കളിക്കുന്നതും വളരുന്നതും കാണണം.
ടാബിലെ ഗൂഗിളിൽ ഭാര്യ രൂപാന്തരണത്തിന്റേയും ഹത്യകളുടേയും വിചിത്രമായ ചരിത്രം ദർശിച്ചു.
മക്കൾക്ക് പാലും ബ്രഡും കരുതിവച്ചിട്ടു പോയവൾ സിൽവിയാ ഹ്യൂസ്. മകളേയും കൂടെ കൂട്ടിയവൾ ഹ്യൂസിന്റെ രണ്ടാം ബന്ധം ആസിയാ വേവിൽസ്. എല്ലാമിട്ടെറിഞ്ഞുപോയവർ നന്ദിതയും ആൻ സെക്സ്റ്റണും. ഒരു മൗനിയായി കടന്നു പോയവൾ വെർജിനിയാ വൂൾഫ്.
വീണ്ടും തിമിർക്കാനാരംഭിച്ച മഴയൊന്ന് ശമിച്ചപ്പോൾ അവൾ ജനാലയഴിയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു. കണിക്കൊന്ന പെയ്യുന്നു. ബുദ്ധന് ബോധോദയം കിട്ടിയ ബോധിവൃക്ഷത്തേക്കാളും പെണ്ണിനൂർജ്ജം ,പെയ്യുന്നൊരു പാഴ്മരമാണെന്ന് നോട്ടുബുക്കിന്റെ താളിൽ പണ്ടെങ്ങോ കുറിച്ചതോർത്തു. പിന്നെ ഒരു തീരുമാനത്തിലെത്താൻ വിഷമമൊന്നുമുണ്ടായില്ല.
ഏതാനും നാളുകൾ കഴിഞ്ഞ് അമ്മയെ ഫോണിൽ വിളിച്ചു.
" എന്നെ എങ്ങനെയെങ്കിലുമങ്ങ് കെട്ടിച്ചയച്ചപ്പോൾ അമ്മക്ക് സന്തോഷമായി. ല്ല്യോ? ഉത്രത്തിൽ കാൽ, ശുദ്ധജാതകം എന്നൊക്കെ പറഞ്ഞ് ചേരുംപടി ചേർക്കാതെ ഒഴിച്ചപ്പോൾ സമാധാനമായി. അച്ഛനായിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. അത് ഇത്രയും വർഷം കഴിഞ്ഞിട്ടും തീർന്ന മട്ടുണ്ടാവില്ല. ല്ല്യോ? മോളുടെ താലികെട്ട് നടന്നുകാണാനായി നേർന്ന നേർച്ചകളെല്ലാം ചോറ്റാനിക്കരയിലും മൂകാംബികയിലും നടത്തി രസിക്കുന്നുണ്ടാവും അച്ഛൻ. ല്ല്യോ? സന്തോഷിച്ചോ. ഞാനിവിടെക്കിടന്ന്... താഴതിലെ കേശുമ്മാമൻ തടമെടുക്കാൻ വരുമ്പോൾ ഇത്രത്തോളം വരാൻ പറയ്വോ അമ്മ"
കേശുമ്മാമൻ ചോദിച്ചു:
" മോള് മുറ്റം കിളച്ച് കൃഷി തുടങ്ങാൻ പോവ്വ്വാ? "
"ങ്ഹും"
" നല്ലതേന്നേ. ഇന്നത്തെ കാലത്ത് ഒരു ചേമ്പോ ചേനയോ നട്ടുവളർത്ത്ണ കുട്ടീളെ കാണാനില്ലാണ്ടായേ. എല്ലാരും പരിശ്ക്കാരികളായില്ലേ"
മോളും ചോദിച്ചു:
" മമ്മായിവിടെ ഗാർഡൻ സെറ്റ് ചെയ്യാൻ പോകുവാ?"
" അതേല്ലോ പൊന്നേ"
മകൾ കൂട്ടുകാരോടെല്ലാം അഭിമാനത്തോടെ പറഞ്ഞു:
" സീ വീ യാർ ഗോയിംഗ് ടു ഹേവ് എ വണ്ടർഫുൾ ഗാർഡൻ. ഞാനെന്നും റോസസ് ചൂടുമല്ലോ"
ലാപ്ടോപ്പിൽ കണ്ണും നട്ടിരുന്ന ഭർത്താവ് ചെറുതായിട്ടൊന്ന് മുരണ്ടു:
" മുട്ടത്തോടും വളംനാറ്റവും കൊണ്ടിനിയിവിടെ ഇരിക്കപ്പൊറുതിയുണ്ടാവൂല്ല"
ഏറെ നാൾ താമസിയാതെ തന്നെ ഭവനം രൂപാന്തരണത്തിന് സാക്ഷിയായി.
അസ്തമയസൂര്യനെ എതിരേറ്റുകൊണ്ട് മരം ഇലകൾകൂപ്പി നിന്നു. ചപ്പാത്തിയും മുട്ടക്കറിയും കൊണ്ട് ഭർത്താവ് അന്ന് അഷ്ടികഴിച്ചു. ഭാര്യയെത്രനാളിങ്ങനെ മരവേഷം കെട്ടിയാടുമെന്ന് തനിക്കൊന്ന് കാണണമെന്നായിരുന്നു അയാളുടെ ചിന്ത. മടുക്കുമ്പോൾ ഇലകളെല്ലാം കൊഴിച്ചിങ്ങ് പോരും. അല്ലാതെന്ത്?
കുഞ്ഞുറങ്ങുന്നില്ല അമ്മയെ കാണണമെന്ന് വാശി. പണ്ട് പണ്ട് ഈസോപ്പിന്റെ ബുക്കിൽ ഒരു കൊറ്റിയും കുറുക്കനുമുണ്ടായിരുന്നു. അല്ലല്ല ബുക്കിലല്ല. ഒരിടത്തൊരിടത്ത് ഒരു കൊറ്റിയും കുറുക്കനും അല്ലെങ്കിൽ വേണ്ട വളരെ പണ്ട് ബല്ലു എന്നൊരു കരടിയുണ്ടായിരുന്നു. അങ്ങനെ കഥകൾ മാറ്റിമാറ്റിപ്പറഞ്ഞ് അയാളുറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് മകളും. എല്ലാ ദിവസവും താനുറങ്ങിക്കഴിഞ്ഞ് അവിടെയെന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അയാളിൽ ഒരു സംശയമുയർന്നു. രാവിലെ ഏതാനും ഇലകൾ മുറിക്കകത്ത് കാണുകയും ചെയ്യും. അയാൾ ഉറക്കം നടിച്ചു കിടന്നു. ജാലകത്തിലൂടെ മരത്തിന്റെ നാമ്പുകൾ കടന്ന് വന്ന് മകളെ തഴുകിയുറക്കുന്നു. മന്ദമായൊരു താരാട്ടു കേട്ടു. ' ഓമനത്തിങ്കൾ കിടാവോ'. മരത്താരാട്ട്.
പിന്നെ അയാൾ ഒട്ടും താമസിച്ചില്ല. അതിരാവിലെ തന്നെ കുടുംബവീട്ടിൽ പോയി വെട്ടുകത്തി കൊണ്ടുവന്ന് മരത്തിന്റെ ശാഖകൾ കുറേ വെട്ടി നിലത്തിട്ടു.
" കൂടുതലുണ്ടാക്കണ്ടടി കോപ്പേ! അവളെ വളർത്താനെനിക്കറിയാം."
മരംഏതാനും തുള്ളി ചോര പെയ്തു.
നാട്ടിലും ഓഫീസിലുമൊക്കെയുള്ള പരിചിത മുഖങ്ങളിൽ കണ്ടു തുടങ്ങിയ പരിഹാസം അയാൾക്ക് നേരിടേണ്ടി വന്നു.
" അറിഞ്ഞോ കളത്തറത്തെ പദ്മിനിയമ്മയുടെ മരുമോള് മരജന്മം കൊണ്ടു. കേട്ട് കേഴ്വിയുണ്ടാ? ഇങ്ങനെയുമുണ്ടാ പ്രതിഭാസങ്ങള്!"
കൊളീഗ്സിൽ ചിലർ അവിടെയുമിവിടേയുമിരുന്ന് ഓരോന്ന് തൊടുത്തു വിട്ടു.
"കളത്രം ഹരിതം!"
" സാറിന് വരം ലഭിച്ചല്ലോ" ഒരു കുട്ടി പറഞ്ഞു. " ഇനിയൊരു ഊഞ്ഞാലുകെട്ടിയങ്ങ് ആടിയാൽ പോരേ? മരഭാഗ്യവാൻ"
"മിസ്സിസ് ഭൂമിക്കൊരു കുടപിടിച്ചല്ലേ? അഭിസാറ് പറഞ്ഞറിഞ്ഞാരുന്നു" സെക്യൂരിറ്റി ദാമോദരേട്ടന്റെ അന്വേക്ഷണം.
എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വിവാഹ വാർഷികം വന്നപ്പോളാണ് അയാൾ ശരിക്കും ഞെട്ടിപ്പോയത്. ഓഫീസിലുള്ളവർ ചേർന്ന് നൽകിയ സമ്മാനം.
സ്നേഹാദരങ്ങളോടേ..
ഭാര്യക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടുകൂടിയും..
ഒരു വലിയ പായ്ക്കറ്റ് ജൈവവളം.
" ഇന്നാടി നിന്റെ തള്ളയ്ക്ക് കൊണ്ടിട്ടോട്. പണ്ടാരം വലിച്ചെടുക്കട്ട്" അയാൾ മകളോട് ഒച്ചയെടുത്തു.
കുഞ്ഞുമകളുടെ ചൊടിയും ചിരിയുമൊന്നും കാണാതെ മരം ഇലകൾ വാടി നിന്നു. ഋതുഭേദങ്ങളെക്കുറിച്ചായിരുന്നു ഭർത്താവ് ചിന്തിച്ചുകൊണ്ടിരുന്നത്. മരങ്ങളെ വല്ലാതെയങ്ങ് അലട്ടുന്ന ഏതെങ്കിലുമൊരു ഋതുവിനെ കൂട്ടുപിടിക്കാൻ കഴിയുമോ? ഒരു കൊടിയ വേനൽക്കാലം. അല്ലെങ്കിൽ ഹൃദയങ്ങളെത്തന്നെയും മരവിപ്പിക്കുന്ന അതിശൈത്യം. പൂക്കാനും കായ്ക്കാനും കഴിയാതെ സ്വയം ശപിക്കാൻ മരങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വസന്തമുണ്ടോ?
എന്തായാലും ഇവൾ ഏതുവരെ പോകുമെന്ന് തനിക്കൊന്ന് കാണണം.
അയാൾ നിരന്തരം മരവീക്ഷണം നടത്തി. പക്ഷികൾ കൂടുവയ്ക്കുന്നുണ്ടോ, ചില്ലകൾ ഉണങ്ങുന്നുണ്ടോ എന്നെല്ലാമറിയാൻ. ചിലപ്പോഴൊക്കെ മരത്തിന്റെ ചുവട്ടിൽ വന്ന് നിന്നുകൊണ്ട് അയാൾ ചെറുതായിട്ടൊന്നമറി:
" പൂവും കായുമില്ലാത്ത മരമച്ചി. ഒരു കാക്കക്ക് പോലും വന്നിരിക്കണോന്നില്ല. ആകെ ഗുണമെന്ന് പറയുന്നത് കുറച്ച് തണലാണ്. അതിന് തക്ക ചവറും പൊഴിക്കുന്നുണ്ട്. കൂടുതൽ ചവർ പൊഴിക്കാതെടി ചൂലേ! അറപ്പുവാളിന് തീർത്തുകളയും ഞാൻ."
ആ ഇടവപ്പാതിയിൽ മരം ആദ്യമായി പെയ്തു. തൊടിയിലെ കെട്ടിൽ ദുഃഖിച്ചിരുന്ന മകൾ ആദ്യത്തെ മഴ കുറേ നനഞ്ഞു. പിന്നെ മരത്തിന് ചുവട്ടിലേക്ക് ഓടിക്കയറി. കുഞ്ഞേ പനി പിടിക്കും എന്ന് അയാൾ വഴക്ക് പറഞ്ഞിട്ടും കേട്ടില്ല. പനി പിടിക്കുക തന്നെ ചെയ്തു. അത് മൂർച്ഛിച്ചു. ടൈഫോയ്ഡായി. തുടരെത്തുടരെയുള്ള ആശുപത്രി വാസം. മരം, കാറ്റിൽ പോലും ചലിക്കാനാകാതെ സ്തബ്ധയായി നിന്നു. ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവന്ന് കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു ദിവസം ഭർത്താവ് ഓഫീസിൽ നിന്ന് വന്നപ്പോൾ മകളെ കാണാനില്ല. കൺമഷിയുടെ കുപ്പിയും, കളർ പെൻസിലും, കഥാപുസ്തകവും, ബാർബിയുടെ പാവകളും മരത്തണലിൽ കിടന്നിരുന്നു. മകളൊരു വള്ളിയായി മാറി അമ്മമരത്തിൽ പടർന്നിരിക്കുന്നു. അയാൾ അലമുറയിട്ട് കരഞ്ഞുകൊണ്ട് തറയിൽ കിടന്നുരുണ്ടു.
" എന്റെ മോളേയും കൊണ്ടുപോയില്ലേടീ കാളീ!"
രൂപാന്തരണത്തിന്റെ സാധ്യതകൾ ലോകമെങ്ങും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കെ ,അതിന്റെ രാഷ്ട്രീയം അത്ഭുതാവഹം തന്നെയാകുന്നു. അതിനെ പ്രണയിക്കുന്നവർ, മറുവശത്ത് അത് വശമില്ലാത്തവർ.. അവർക്കിടയിൽ തളം കെട്ടുന്ന അസ്വാരസ്യങ്ങൾ. അവയുടെ ചിത്രങ്ങളെല്ലാം വിചിത്രം തന്നെ.
നാളുകൾ പോകെ അയാളൊരു ഒരു മൗനിയായിത്തീർന്നു. ഓഫീസിൽ നിന്ന് തുടരെത്തുടരെ ലീവെടുത്തു. എന്തിന് ഓഫീസിൽ പോകണം? ഒരു കൈക്കുടന്ന ജലവും, കുറച്ച് ഇളങ്കാറ്റും, ഒരു തുണ്ട് വെയിലും മാത്രം ആവശ്യമുള്ള തന്റെ മകൾക്ക് വേണ്ടിയോ ടൈയും കെട്ടിപ്പോയി സമ്പാദിക്കുന്നത്?. അയാൾ താടിക്ക് കൈയ്യും കൊടുത്ത് മരത്തിനേയും വള്ളിയേയും നോക്കിക്കൊണ്ട് ചുവട്ടിൽ കുത്തിയിരിക്കുന്നത് പതിവാക്കി. വീട്ടിൽ കയറണമെന്ന് തന്നെയില്ലാണ്ടായി. ഉച്ചക്ക് വല്ല കഞ്ഞിയോ പയറോ പാചകം ചെയ്യാനായി കയറും. പിന്നെ വീണ്ടും വന്ന് കുത്തിയിരിപ്പ് തുടരുകയും ചെയ്യും.
ഓഫീസിൽ വരാതായപ്പോൾ ബോസ് വിളിച്ചു.
" മിസ്റ്റർ ഹരീഷ് ബാബു നിങ്ങളിനിയും ആബ്സന്റായാൽ ഞങ്ങൾക്ക് തുടർ നടപടികൾ സ്വീകരിക്കേണ്ടി വരും"
" മാഡം ഞാൻ രാജിവയ്ക്കാനാഗ്രഹിക്കുന്നു. ഇനി പറയുന്നത് എന്റെ രാജിയായി സ്വീകരിക്കുമോ?
" എന്താ പറയാനുള്ളത്? കേൾക്കട്ടേ"
അയാൾ ഒന്നലറി:
" ഫോണിൽ കിടന്ന് പൂച്ചാട്ട് വിളിക്കാതെ വച്ചിട്ട് പോടി അളിഞ്ഞ ചാളേ! നന്ദി"
മാഡം പേടിച്ച് ഫോൺ കട്ട് ചെയ്തു. അയാൾ ഫോൺ തറയിലെറിഞ്ഞ് തരിപ്പണമാക്കിയതിന് ശേഷം മരത്തിന്റെ ചുവട്ടിൽ വന്ന് കുത്തിയിരുന്നു.
"ജോലിപോയി. എത്രത്തോളമിങ്ങനെ പോകും? നാശംപിടിച്ചോള്ടെ നയം എന്താണെന്നറിയണം. കൊഞ്ച് ചാടിയാൽ എത്രത്തോളമെന്ന് എനിക്കൊന്ന് കാണണം"
സ്വന്തം കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അയാൾ നിരന്തരം മരചിന്തകളെ താലോലിച്ചു. വിചിത്രമായ ചിന്തകൾ. രൂപാന്തരണത്തെക്കുറിച്ചും ഭർത്താവ് ചിന്തിക്കാതിരുന്നില്ല. ഒരു മരുഭൂമിയായി മാറി ഇവളെയങ്ങ് വരട്ടിക്കളഞ്ഞാലോ? പക്ഷെ എന്റെ മകൾ.. കൊതിപ്പിക്കുന്ന ഒരു പുഴയായി ഒഴുകാം. ദാഹിച്ച് വലഞ്ഞ്, ഈ കുരിശ് വേരുകളും കൊണ്ട് വരുമ്പോൾ ഒരു തുള്ളി കൊടുക്കാതെ കണക്ക് ചോദിക്കണം. ഭാര്യാസുഖം കിട്ടാതെയും അയാൾ നിരാശനായി. രമ്യതയിലായിരിക്കുമ്പോൾ കെട്ടിയോള് സന്തോഷത്തോടെ വഴങ്ങിത്തന്നിരുന്നത് അയാൾ ഓർത്തു. കൂപ്പിലെ ആൾക്കാരെ വിളിപ്പിച്ച് ചുവടോടെ മുറിച്ചിട്ട്, ശിഖരങ്ങളെ വലിച്ചകത്തി തായ്ത്തടിയെ ഭോഗിച്ചാലെങ്ങിനിരിക്കും പണ്ടാരമടങ്ങാൻ!
കുറച്ചു നാളുകൾ കഴിഞ്ഞ് വസന്തം വന്നെത്തിയപ്പോൾ അയാൾ മൺവെട്ടികൊണ്ട് മരത്തിന് ചുറ്റും തടമെടുത്ത് വളമിട്ടു. എല്ലാം മകൾക്ക് വേണ്ടി മാത്രമാണെന്ന് സ്വയം പറഞ്ഞു.
" മോളെ മറ്റൊരു മരത്തിലേക്ക് പടർത്താൻ കഴിഞ്ഞിരുന്നെങ്കിൽ, വെട്ടിമുറിച്ച് വിറകാക്കി, മുറ്റത്തൊരോട്ടുരുളിയിൽ നെയ്പ്പായസമുണ്ടാക്കി അമ്പലപ്പുഴ കൊണ്ടു പോയി നിവേദിച്ചേനേ ഞാൻ"
ഋതുക്കളോരോന്ന് കഴിയുമ്പോഴും അയാൾ പറഞ്ഞു:
" അടുത്തതും കൂടി നോക്കും. പിന്നെ ഞാൻ വച്ചേക്കൂലാ"
ചിലപ്പോഴൊക്കെ അയാൾ കാക്കകളേയും മറ്റും കൈ കൊട്ടി മരത്തിലിരിക്കാൻ ക്ഷണിച്ചു. ഗ്രീഷ്മത്തിൽ ചില മണിക്കുരുവികൾ കൂടുകൾ തൂക്കാൻ വട്ടം കൂട്ടിയപ്പോൾ അയാൾ ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു. താടിയും മുടിയും വളർത്തി, കുളിക്കാതെ വെറുമൊരു ട്രൗസർ മാത്രം ധരിച്ചുകൊണ്ടയാൾ കുത്തിയിരിപ്പ് തുടർന്നു.
നേരത്തെ പ്രസ്താവിച്ച മെറ്റമോർഫോസിസിന്റെ ചിത്രങ്ങളിലേക്ക് ഒന്നുകൂടി മടങ്ങി വരാം. അതിനെ സ്നേഹിക്കാൻ പഠിച്ചവർക്കും, ഭയക്കുന്നവർക്കും ഇടയിലെ അപശ്രുതികൾ. തുടർന്നുള്ള മൗനം. അതിൽ നിന്ന് സങ്കീർണ്ണതകൾ ഉത്ഭവിക്കുന്നു. ചുംബനങ്ങളിൽ വിമുഖത, ഭോഗങ്ങളിൽ മടുപ്പ്, അഭിമാനത്തെ വാക്കെറിഞ്ഞ്, മുള്ളെറിഞ്ഞ് മുറിവേൽപ്പിക്കൽ, അസ്തിത്വത്തെ എറിഞ്ഞുടയ്ക്കൽ.
നാശംപിടിച്ചോള്ടെ ഒടുക്കത്തെ മിണ്ടാട്ടമില്ലായ്മയാണ് കുടുംബം തകർക്കുന്നതെന്ന് ഭർത്താവ് പരാതിപ്പെട്ടിരുന്നു. അതും ഒന്നും രണ്ടും ദിവസങ്ങളല്ല. മാസങ്ങൾ. ഒരിക്കലത് അവസാനിച്ചത് മകളുടെ ആശുപത്രി വാസത്തിലാണ്. അത് പൊട്ടി മുളക്കുന്നതാകട്ടെ ചില സന്ദർഭങ്ങളിലെ മുനയുള്ള വാക്കുകളിൽ നിന്നും.
"അച്ചികളായാ ചെന്ന് കേറുന്നിടത്തെ പേരും മഹിമയും നോക്കണം. എന്റെ കുടുംബത്തിലെ സ്ത്രീകളാരും നാട്ടിൽക്കിടക്കുന്ന കടകൾതോറും കയറിയിറങ്ങിയിട്ടില്ല. പുറംപണിക്കാരെ കൊണ്ട് ചെയ്യിച്ചിട്ടേയുള്ളു. കുലീനയായി ജീവിക്കണം. വിദ്യാഭ്യാസത്തിന്റെ വിലകാണിക്ക്"
" ഞാൻ നിങ്ങടെയമ്മേപ്പോലെയാവണമെന്ന്. ല്ല്യോ? എനിക്ക് ഞാനേ ആവാൻ പറ്റൂ"
"അതെ. വളർന്ന ശീലങ്ങൾ മാറ്റാൻ പാടാണ്"
നശിച്ച ഓർത്തഡോക്സ് മെന്റാലിറ്റി കൊണ്ടുപോയി കടലിലെറിയണമെന്നായി ഭാര്യ. ഇങ്ങനെ ചില നിസ്സാര സംഭവങ്ങൾ.
ഒരിക്കൽ ഭാര്യ പുറത്തോട്ടിറങ്ങാൻ നേരത്ത് ഭർത്താവ് എടുത്ത വായ്ക്ക് പറഞ്ഞു:
" കൂളിംഗ് ഗ്ലാസ്സും വച്ച് ഈ കുട്ടിപ്പാവാടയുമിട്ടോണ്ട് നീ എവിടെപ്പോയാലുമെനിക്കൊന്നുമില്ലെടീ. അടിയിലിട്ടിരിക്കണ്ത് വിലപിടിപ്പൊള്ള വിക്ടോറിയാ സീക്രട്ടാണെന്ന് നാട്ടാരറിയാൻ വേണ്ടിയായിരിക്കും. പഠിച്ചതെ പാടാൻ കഴിയൂ. വ്യഭിചരിക്കാൻ പോയാലും അന്തസ്സോടെ പോണോടി!"
സിനിമയെന്നും മോഡലിംഗെന്നും പറഞ്ഞ് അങ്കണ്ടജാതികളുടെ കൂടെക്കിടന്ന് അന്തിവെളിപ്പിക്കുന്നത് നിങ്ങളുടെ കുടുംബത്തിലെ കൊച്ചുങ്ങളാണെന്ന് തിരിച്ചടിച്ചുകൊണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു.
ഇങ്ങനെയൊക്കെയുള്ള ചില നിസ്സാര സന്ദർഭങ്ങൾ.
മൗനം സങ്കീർണ്ണമായപ്പോൾ, ഒരു പടി ചാടി മുന്നിൽ കയറാനായി ഭർത്താവ് ചാറ്റ് സൈറ്റുകളിൽ ചെന്ന് സെക്സ്റ്റിംഗ് നടത്തുകയും, ഭാര്യയുടെ മുൻപിൽ വച്ച്, നഗരത്തിലെ കാൾ ഗേൾസിനെ ഫോണിൽ വിളിക്കുകയും ചെയ്തു. അങ്ങനെ അഭിമാനം ഉടഞ്ഞുതകരുകയും, നിലനിൽപ്പ് തന്നെ കെണിയലകപ്പെട്ടുപോയി എന്നു തോന്നുകയും ചെയ്ത നിമിഷങ്ങളിലാണ് ഭാര്യ ടാബിൽ രൂപമാറ്റങ്ങളെക്കുറിച്ച് സെർച്ച് ചെയ്യാനാരംഭിച്ചത്.
കണ്ണിമ വെട്ടാതെ, കാറ്റിലാടുന്ന കുരുവിക്കൂടുകളെയും വീക്ഷിച്ചുകൊണ്ട് ഭർത്താവിരുന്നു. തന്റെ ജീർണ്ണിച്ച അവസ്ഥയേയും ആൾക്കാരുടെ നോട്ടത്തേയും അയാൾ അവഗണിച്ചു. നിരന്തരമായി വൃക്ഷചിന്തനം നടത്തിക്കൊണ്ടിരിക്കുമ്പോൾ എന്താ സംഭവിക്കുക? വൃക്ഷം ഒരു സമസ്യയായി മാറുന്നു. സമസ്യക്കുള്ള ആത്യന്തികമായ പരിഹാരമെന്ന നിലയിൽ, ഭർത്താവ് ദൃഢമായ നാല് സമവാക്യങ്ങളിൽ എത്തിച്ചേർന്നു.
ഒന്നുകിൽ തനിക്കുമൊരു മരമായി പടർന്ന് പന്തലിച്ച്, അവളെ ഞെരുക്കിയടക്കിയങ്ങ് വാണിടാം.
അല്ലെങ്കിൽ ഈപ്പറഞ്ഞപോലെ ഒരു നിയോഗമായി കണ്ടാലോ? എന്നും രാവിലെയെണീറ്റ് വെള്ളംകോരി വളമിട്ട് , പൂന്തോട്ടത്തിൽ സുഗന്ധം പരത്തുന്ന ഒരു പനിനിർച്ചെടിയെപ്പോലെ പരിപാലിച്ചാലോ?
ചിലപ്പോൾ തോന്നും കുറേ എണ്ണ കോരിയൊഴിച്ച്, നിർത്തിക്കൊണ്ട് തന്നെ പച്ചയ്ക്കങ്ങ് തീയിടണമെന്ന്.
ഇതൊന്നുമല്ലെങ്കിൽപ്പിന്നെ ഒരു മുഴം കയർ വാങ്ങിക്കൊണ്ട് വന്ന്, ബലമുള്ളൊരു ശിഖരം നോക്കി കെട്ടിത്തൂങ്ങിയങ്ങ് ചത്തുകളഞ്ഞാലെന്ത്?
എന്തായാലും മതിഭ്രമംകൊണ്ടോ അല്ലാതെയോ അയാൾ, ചിലപ്പോഴൊക്കെ വള്ളിയെ തഴുകുകയും മരത്തേയും ചേർത്ത് കെട്ടിപ്പിടിച്ച് നിൽക്കുകയും ചെയ്തു.
"മകളേ.. എന്റെ മരപ്പെണ്ണേ!"
മധുവിധു നാളുകളിൽ, ആവേശത്തോടെ അവർ പരസ്പരം ചുണ്ടുകൾ കൊണ്ട് ചുണ്ടുകളെ കവർന്നെടുത്തിരുന്ന സുന്ദരനിമിഷങ്ങൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി. 'പ്രിയപ്പെട്ട ലിപ് ലോക്ക് പരീക്ഷണവേളകൾ' എന്ന് ഭാര്യ പേരിട്ട് പുന്നാരിച്ചിരുന്നവ. പക്ഷെ എല്ലാം നനഞ്ഞു വിറങ്ങലിച്ചതും അവ്യക്തവുമായ ഓർമ്മശകലങ്ങളായി അവശേഷിക്കുന്നു.
അമ്മയുംഅച്ഛനും വന്നു വിളിച്ചു.
" മോനേ വീട്ടിൽ പോകാം. ഇതെന്ത് കോലമാ. പോയോരൊക്കെ പോയില്ലേ?"
" ദേണ്ടേ ഒരു പൂമരം. വള്ളിയുമുണ്ട്" മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളൊന്ന് ചിരിച്ചു.
ഓഫീസിലെ സുഹൃത്തുകളായിരുന്ന ചിലരും വന്നു കണ്ടു.
" അങ്ങേർക്ക് ഭാര്യയെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അതായിരുന്നു എല്ലാത്തിനും കാരണം" ഒരാൾ പറഞ്ഞു.
" ഏയ് അല്ല. അയാൾ ഭാര്യയേയും മകളേയും വല്ലാതെ സ്നേഹിച്ചിരുന്നു എന്നാ തോന്ന്ണ്"
" എന്തായാലും വയ്യാണ്ടായിരിക്ക്ന്നു"
സമവാക്യങ്ങൾ കണ്ടെത്തിയെങ്കിലും ഒന്നും നടപ്പിലാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അതിന് തുനിഞ്ഞതുമില്ല. കുറച്ചു നാൾകൂടി കയറിനെക്കുറിച്ചും പനിനീർച്ചെടിയെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്നതിന് ശേഷം ഒരു സന്ധ്യക്ക്,
" മരം പൂമരം മരമർമ്മരമരമരമർമ്മരമര... " എന്നൊക്കെയുരുവിട്ടുകൊണ്ട് നിലാവിൽ കുളിച്ചുകിടന്ന മുളങ്കാട്ടിന്നരികിലൂടെ അയാൾ നടന്നകന്ന് പോയി. അപ്പോൾ ഇങ്ങനെ ചിത്രങ്ങൾ നോക്കി വരുമ്പോൾ , രൂപഭ്രംശം എന്ന കല മാലോകരുടെയിടയിൽ സങ്കീർണ്ണമായി വ്യാപരിച്ചിരിക്കുന്നു എന്ന് കാണാൻ കഴിയും.മേൽപ്പറഞ്ഞ ചിത്രം ചെറിയൊരു കാലഘട്ടെത്ത കാട്ടിത്തരുന്നു. കേവലം കുറേ നാളുകൾ. അവയെ മരനാളുകൾ എന്നു വിളിക്കാം. അപ്പോൾ പുതിയൊരു മരജീവിതം സമാരംഭിക്കപ്പെട്ട മദ്ധ്യാഹ്നത്തെ എന്താ വിളിയ്ക്കാ? മരയാമമെന്നോ?
****************
ഹരീഷ് ബാബു.
(നിലാവിൽ പറഞ്ഞ നാല് കഥകളിൽ നിന്ന്. അടയാളം ഓൺലൈൻ ഡിസംബറിൽ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot