നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്തിന്റെ സ്വർണനൂൽ(കഥ)


ഒരു കുഞ്ഞുള്ളവളെ കല്യാണം കഴിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല .എന്നെ വിൽക്കുകയാണല്ലേ എന്ന് ഞാൻ അമ്മയോട് നിശബ്ദം ചോദിച്ചു .'അമ്മ കണ്ണീരോടെ എന്നെ കടന്നു മുറിയിലേക്ക് പോയി . അനിയത്തിയും അനിയനും ചേച്ചി യുമൊക്കെ പലവുരു എതിർപ്പ് കാണിക്കുന്നുണ്ടായിരുന്നു .അവരൊക്കെ എന്നെ അത്രമേൽ സ്നേഹിച്ചിരുന്നു എന്നോർക്കുമ്പോൾ ഉള്ളിൽ സന്തോഷമുണ്ടായി.
എനിക്കൊരു പ്രണയമൊന്നും ഉണ്ടായിരുന്നില്ല. .പഠിക്കുന്ന സമയത്തു നന്നായി പഠിച്ചു .അച്ഛൻ മരിച്ചത് ഒരു പാടു സാമ്പത്തിക ബാധ്യത ഒക്കെ ബാക്കി വെച്ചാണ് .അങ്ങനെയാണ് നകുലൻ സാറിന്റെ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരുടെ ഒഴിവു വന്നപ്പോൾ ഞാൻ എന്റെ അപ്ലിക്കേഷൻ അയച്ചു നോക്കിയത് .അത് പക്ഷെ ബ്രോക്കർ അച്ചുവേട്ടൻ വഴി ഒരു കല്യാണ ആലോചന ആയപ്പോ ഞാൻ അമ്പരന്നു പോയി. .നകുലൻ സാറിന്റെ മകൾ കല്യാണി മൂന്നു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ആ കുട്ടിയുടെ ഭർത്താവു ഒരു അപകടത്തിൽ മരിച്ചു പോകുന്നത് .അത് കഴിഞ്ഞിട്ട് ഇപ്പൊ മൂന്നു വര്ഷം ആയി .ബ്രോക്കർ അച്ചുവേട്ടൻ എന്നോട് ഇത്രെയേ പറഞ്ഞുള്ളു
"മോനെ നിന്റ ഈ കുടുംബം രക്ഷപ്പെടും അവര് നല്ല ആൾക്കാര . ഒറ്റ ഡിമാൻഡേയുള്ളവർക്ക്‌ . നീ അവർക്കൊപ്പം താമസിക്കണം ..ആ കൊച്ചിന്റെ അമ്മ ഒരു രോഗിയാ. ഇന്നോ നാളെയോ എന്ന മട്ടിലാണ് അതാണ് "
"എനിക്കങ്ങനെ സ്വത്തു കണ്ടു കല്യാണം കഴിക്കണ്ട അച്ചുവേട്ട. ഞാൻ അങ്ങനെ അധഃപതിച്ചിട്ടില്ല "ഞാൻ പറഞ്ഞു.
"നീ അങ്ങനെ കരുതണ്ട. ഒരു പെണ്ണിന് ഒരു ജീവിതം കൊടുക്കുന്നു. അങ്ങനെ കരുതു ..നീ ഒരു ചില്ലിക്കാശ് വാങ്ങേണ്ട മോനെ. പക്ഷെ നീ അത്രയും നല്ല ഒരു കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചാൽ ആ പേരിലെങ്കിലും നിന്റെ ചേച്ചിക്കും അനിയത്തി ക്കുമൊക്കെ ഒരു നല്ല ബന്ധം വരുമെങ്കിൽ ..ഒന്നാലോചിച്ചു കൂടെ മോനെ? "
ഞാൻ പിന്നെ അധികം ആലോചിക്കാൻ നിന്നില്ല അല്ലെങ്കിലും എന്താലോചിക്കാൻ?
കല്യാണത്തിന്റ അന്ന് രാത്രി 'അമ്മ എന്റെ അരികിൽ വന്നു
"എന്റെ മോൻ അമ്മയെ ശപിക്കരുത് "
ഞാൻ അമ്മയെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു എന്റെ ആത്മാവിനോട് ..'അമ്മ പാവം. എന്ത് ചെയ്യാനാണ്? ഒരാൾ എങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി കാണും
കല്യാണം ലളിതമായിരുന്നു.
നകുലൻ സാറും ഭാര്യയും എനിക്കൊരു കുറവും വരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"കൂയ്" ഒരു കിളിക്കൊഞ്ചൽ. ഒരു പാവക്കുട്ടി മുന്നിൽ വന്നു നിൽക്കും പോലെ. ഇതാവും കല്യാണിയുടെ മകൾ
"ഞാൻ ആമി .നിന്റ പേരെന്താ ?"
എനിക്ക് ചിരി വന്നു ഞാൻ മുട്ട് കുത്തി ആ കുഞ്ഞിക്കൈകളിൽ പിടിച്ചു
"എന്റെ പേര് അപ്പു "
"അപ്പൂസ് ..."അവൾ ആവർത്തിച്ച് പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് അവളെ വാരിയെടുത്തു
നക്ഷത്രകണ്ണുള്ള ആമി എന്റെ സ്വന്തം ആമിക്കുട്ടിയായത് പെട്ടന്നായിരുന്നു.
"അപ്പുസേ ഈ ഉടുപ്പിട്ട് തരുവോ ?"
"അപ്പുസേ ഈ ഷൂസ് കെട്ടിയെ "
"അപ്പുസേ നിനക്ക് ഐസ് ക്രീം വേണോ ?"
കല്യാണിയെ ശ്രദ്ധിക്കാൻ എനിക്ക് നേരം കിട്ടിയില്ല എന്നതാണ് സത്യം. നകുലൻ സാറിന്റെ ഓഫീസിൽ പോയി വന്നു കഴിഞ്ഞാൽ ആമിയായിരുന്നു എന്റെ ലോകം. ചിലപ്പോൾ മോളും എന്റെ ഒപ്പം ഓഫീസിൽ വരും. അത് കൊണ്ട് തന്നെ കല്യാണിയോട് മാത്രം ആയി ഞാൻ ഒന്നും പറയാറില്ലായിരുന്നു. കല്യാണിയും എന്നിൽ നിന്ന് അകലം പാലിക്കുന്നുണ്ടായിരുന്നു.അല്ലെങ്കിലും അവൾക്കു അത്ര വേഗം എങ്ങനെയാണ് എന്നെ സ്നേഹിക്കാൻ കഴിയുക ..
ചേച്ചിക്കൊരു വിവാഹ ആലോചന എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.പോയിട്ടു പിറ്റേദിവസം തിരിച്ചു വരാൻ സാധിക്കു എന്ന് അറിയാമായിരുന്നത് കൊണ്ട് ഞാൻ അവരെ കൂട്ടണ്ടന്നും തീരുമാനിച്ചു .കുഞ്ഞുറങ്ങി കിടക്കുമ്പോൾ ഞാൻ കല്യാണിയോട് യാത്ര പറഞ്ഞു.
"ഇന്ന് ..ഇന്ന് തന്നെ വരില്ലേ ?"
അപ്പോൾ ആണ് ആ മുഖവും രൂപവുമൊക്കെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത് തന്നെ ...നല്ല ഭംഗിയുള്ള മുഖം ..പൊട്ടോ കണ്ണെഴുത്തോ ചമയങ്ങളോ ഒന്നുമില്ല വിശുദ്ധയായ ഒരു മാലാഖയുടെ മുഖം പോലെ .പെട്ടെന്ന് എന്റെ ഉള്ളിൽ സ്നേഹത്തിന്റ ഒരു ഉറവ കിനിഞ്ഞു ..ഒരു വല്ലാത്ത ഇഷ്ടം.
"ഇന്നില്ല നാളെ... നാളെ ആവും "ഞാൻ ആ കണ്ണുകളിൽ നോക്കി പറഞ്ഞു .ആ മുഖം താണു
"നാളെ കല്യാണിയുടെ പിറന്നാൾ ആണ് ഊണിനെത്താൻ കഴിയുമോന്നു നോക്കണേ "നകുലൻ സാർ അപേക്ഷയുടെ സ്വരത്തിൽ ആണ് എന്നോട് അത് പറഞ്ഞത് .
വീട്ടിൽ എല്ലാർക്കും ഒപ്പം ഇരിക്കുമ്പോളും ആമി ഉണരുമ്പോൾ എന്നെ കാണാതെ വരുമ്പോൾ എങ്ങനെ ആവും എന്നോർത്ത് ഉള്ളിൽ ഒരു ആധി നിറഞ്ഞു. അങ്ങനെ ഞാൻ രാത്രി വണ്ടിക്കു തന്നെ പോരാൻ തീരുമാനിച്ചു.
ബസ്റ്റോപ്പിൽ കല്ലുമാലയും മുത്തുകളുമൊക്കെ വിൽക്കുന്ന ഒരു തമിഴന്റെ മുന്നിൽ പാദസരം ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ വെറുതെ നോക്കി. മുത്ത് കൊണ്ടുള്ളതാണ് ..വാങ്ങി പോക്കറ്റിലിട്ടു.
വീട്ടിൽ ചെന്നപ്പോൾ ആമി തളർന്നു കിടപ്പാണ്
കല്യാണി അവളുടെ നെറ്റിയിൽ തുണി നനച്ചു ഇടുന്നു. ഞാൻ ആ നെറ്റിയിൽ തലോടി.
"അപ്പു എവിടെയാ പോയെ മോളോട് പറയാതെ ?" കുഞ്ഞു വിങ്ങി വിതുമ്പി എന്നോട് ചോദിച്ചു. ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുമ്മ വെച്ചു. പാവം ..ഉടൽ തളർന്നു പോയിരുന്നു.
"അപ്പുവേട്ടനെ കാണാതെ വാശി പിടിച്ചു ഒന്നും കഴിച്ചിട്ടു കൂടിയില്ല ഈ നേരം വരെ " കല്യാണി ആദ്യമായി എന്റെ പേര് പറയുകയായിരുന്നു ..ഞാൻ അവളെ ഒന്ന് നോക്കി പിന്നെ മോളെ യും കൊണ്ട് ഡൈനിങ് റൂമിലേക്ക് നടന്നു
പിറ്റേന്ന് പനി മാറി മോൾ മിടുക്കി ആയി പക്ഷെ എന്നെ ഇടം വലം വിടാതായി.
ഞാൻ പോകുമോ എന്ന പേടി പോലെ.
കല്യാണി അമ്പലത്തിൽ പോയി വന്നപ്പോൾ ഞാൻ മുറിയിലേക്ക് ചെന്നു.
"പിറന്നാളിന് ..ഒരു പാദസരം ..മുത്തിന്റെയാണ് വേഗം പൊട്ടിപ്പോകും എന്നാലും .."
അവളുടെകണ്ണുകൾ നിറയുന്നതും, ചുണ്ടുകൾ വിതുമ്പുന്നതും അവൾ പെട്ടെന്ന് കിടക്കയിലേക്കിരുന്നു മുഖം പൊത്തുന്നതും ഞാൻ കണ്ടു.
ഞാൻ നിലത്തേക്കിരുന്നു ആ കാലുകൾ കയ്യിലെടുത്തു.
"ഞാൻ ഇടട്ടെ ഇത്? "
ചുവന്ന മുത്തുള്ള പാദസരം അവളുടെ വെളുത്തു തുടുത്ത കാൽപ്പാദത്തിൽ ചേർന്ന് കിടന്നു
ഞാൻ ആ പാദങ്ങളിൽ പതിയെ ചുണ്ടമർത്തി. പെട്ടെന്ന് തോന്നിയ ഒരു തോന്നലിൽ..
കല്യാണി കാലുകൾ മെല്ലെ വലിക്കാൻ ശ്രമിച്ചു ഞാൻ പിടി വിടാതെ ഇരിക്കാനും. ആ മുഖം നാണത്താൽ ചുവന്നു തുടുത്തു.
"അപ്പുസേ ഞാൻ കണ്ടു കേട്ടോ"
ആമി.
ഞാൻ വെപ്രാളത്തിൽ ചാടി എണീറ്റ് പോയി.
"എനിക്കും താ ഉമ്മ "
കുഞ്ഞിമുഖത്ത് കുസൃതി ചിരി.
ഞാൻ എന്റെ മകളെ എന്റെ
നേഞ്ചോട് ചേർത്ത് പിടിച്ചു.
അതെ ആമി എന്റെ മകളാണ് ...
എന്റെ കുഞ്ഞ് .
മകളാകാൻ സ്വന്തം രക്തത്തിൽ ഒന്നും പിറക്കണ്ടെന്നേ...
ദൈവം ആ അദൃശ്യമായ നൂലിട്ട് ഒന്ന് ബന്ധിപ്പിച്ചാൽ മതി.
ദൈവത്തിന്റെ സ്വർണനൂൽ!
======
Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot