Showing posts with label KamukumcheriSivaprasad. Show all posts
Showing posts with label KamukumcheriSivaprasad. Show all posts

ഇരതേടൽ

ക്ഷമിക്കൂ..
ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും
.....................
ഇരതേടൽ
......................
ആഹാരം
കടികൊണ്ടു നടക്കും.
പിന്നാലെ
വിശന്ന്
തുപ്പലൊഴുക്കി
ദിവസങ്ങളോളം
പകൽക്കിനാവിൽ
തപസ്സിരിക്കുന്ന വ്യാളി
ഒരു പ്രതീകമാണ്.
ജനാധിപത്യത്തിന്റെ
വായിച്ചെടുക്കാനാകാത്ത
കൊടുംവളവിൽ
വിധികാത്ത്
ആഹാരം പാകമായി
പഴുത്തുവീഴും വരെ
കാത്തിരിക്കുന്നവർ.....
ദഹനസ്രവങ്ങളിൽ
പുഴുക്കളെ വളർത്തി
വാക്കുകളെ കടിച്ചിട്ടു
സാലമാണ്ടറുകൾ
ചാടിവീഴുന്നത്
ഇരതേടലാണ്...
സൗകര്യംപോലെ
മറക്കാവുന്ന ഒരുകാര്യം
നമുക്ക് രഹസ്യമായി
മടക്കിവയ്ക്കാം...
പുതിയപ്രഭാതം
ഇന്നലകളിലായിരുന്നോ..
നമുക്ക്
പുസ്തകങ്ങളിലൂടെ
മടങ്ങിപ്പോകാം....
............................................
കമുകുംചേരി ശിവപ്രസാദ്

ചില രചനകൾ


വികാരത്തള്ളലിൽ
അറിയാതെ കുത്തിയൊലിച്ച് വരും.
മഴയത്തെ ആലിപ്പഴംപോലെ
അങ്ങനെ വീണുകിടക്കും
മഴപോലും അറിയാത്ത
മഴമുത്തുകൾ.
ചിലർ
മഴ മാത്രമേ കാണുന്നുള്ളൂ
ചിലർ കാറ്റും,മഴയും
മിന്നലും മഴയും കാറ്റും കാണുന്ന ചിലർ
ചിലർ മേഘങ്ങളേയുംകൂടി കാണും.
ചിലർ ഒന്നും കാണാതെ
മഴവെള്ളം മാത്രം കാണും!
എന്നോപെയ്ത മഴകണ്ടവർ !
എഴുതിയവൻ
പെയ്ത്തുമേഘങ്ങളെ പോലെയാണ്.
കൈവിട്ടുപോയ മേഘദലങ്ങളുടെ വ്യഥയും
നിറങ്ങളും സുഗന്ധവും തീർത്തവൻ
നിശബ്ദനായിനിൽക്കും.
വായിക്കന്നവൻ
ആ മഴയിൽ നന്നഞ്ഞ്
പനിയ്ക്കുന്നത് കണ്ടുഊറിച്ചിരിക്കാൻ!
പനിമരുന്നു നൽകാൻ
നിരൂപകനുമാത്രം കഴിയുന്ന ചികിത്സ!
...........................
കമുകുംചേരി
ശിവപ്രസാദ്

കല്ലിൽമുളച്ച കവിത.


കല്ലിൽ ഒരു കവിത
പൊട്ടിമുളച്ചപ്പോൾ
മരങ്ങളെല്ലാം
കൊതിയോടെ നോക്കിനിന്നു.
കല്ലു പൂത്ത ദിക്കു നോക്കി
സഞ്ചാരികളും
ചരിത്രകാരൻമാരും
തിരഞ്ഞുനടന്നപ്പോൾ
മറ്റ് പാറക്കല്ലുകളും മുറതെറ്റി
തെച്ചിപ്പൂക്കൾ വിടർത്തി.
ദേശാടനപക്ഷികൾ
കൂട്ടംതെറ്റിപറന്ന വയലുകളിൽ
വയൽചെടികൾ വിത്തിലേക്കും
വിത്ത് മരങ്ങളിലേക്കും
കൂടുമാറിപറന്നു.
സൂര്യൻ
വയലിൽ വീണാളിയപകലിൽ
കാഷ്ടംമാത്രം പുതച്ച മുട്ടകൾ
അമ്മച്ചൂടുകാത്ത്കിടന്നു.
മഴയത്ത്
പുഴപോലെ ഒഴുകിയവയലുകളിൽ
ബ്രസീലിയൻമരങ്ങൾ
മരവിച്ചുനിൽക്കുന്നു.
പുഴകളും തോടുകളും
കുപ്പികളിലേക്ക് ഒഴുകിയുറഞ്ഞ്
ചില്ലുഗ്ലാസുകൾ
കരകവിഞ്ഞൊഴുകിയ നഗരത്തെരുവിൽ
ഇരുട്ട്മാത്രം പുതച്ച്
കുളിരുകോരി ഒരാൾമാത്രം
തൊണ്ടപൊട്ടി
തന്നിച്ചിരുന്ന് പാടുന്നു,
കല്ലിൽ മുളച്ച കവിതകൾ.
........................
കമുകുംചേരി
ശിവപ്രസാദ്

കൈരളിയുടെ പരിണാമം (പ്രചോദനം സുഗതകുമാരി റ്റീച്ചറിന്റെ പ്രസ്താവന )



ജനിമൃതികൾക്കിടയിൽ
ജനിതികവഴികളിൽ
പരിവർത്തനത്തിന്റെ ഒച്ചിഴച്ചിലിൽ
എവിടെയാണ്
പുത്തൻകണികകൾ കൂടിചേരുന്നത്.?
കിടന്നപായും, പിറന്നവയറും ചവിട്ടിക്കീറി,
സഹയാത്രികന്റെ ഉറക്കത്തിന്റെ ആഴമളന്ന്
ഹൃദയവഴികൾ അടച്ച്,
നാടുകടത്തപ്പെട്ടവർ,
ജയിലഴികളിൽ നിന്നും
ഇറങ്ങിയോടിയവർ
അന്നം തേടിയിറങ്ങിയത്
എവിടെയൊക്കെയാണ്?
വെറിയുടെ കലപ്പ തോളിലേറ്റി,
അതിജീവനത്തിന്റെ കനൽക്കാടുകൾ കടന്ന്
നിയതിയുടെ ചുവടുപിടിച്ച്
പ്രവാസികളായവർ
അവരും നമ്മളും
ഇരതേടുന്നത് വിശപ്പാറ്റാനാണ്.
കൈരളിയുടെ കൈപിടിച്ച്
കൂട്ടുകൂട്ടി,മുട്ടവിരിയിച്ച്
സങ്കരസന്താനങ്ങൾ നമുക്കിടയിൽ
വിദൂരമല്ലാത്ത ഭാവിയിൽ
മുഖംനോക്കുന്നത്
മലയാളത്തിന്റെ പഴയമുഖത്തേയ്ക്കാണ്.
ആര്യ ദ്രാവിഡ സങ്കരത്തിന്റെ കണ്ണുകളിലേയ്ക്കാണ്.
മുഖം നഷ്ടപെട്ടമന:സാക്ഷി
ഒരു നേർത്തനൂലിഴയിൽക്കൂടി
നഗരപാളങ്ങളിൽ കൂടി
നാട്ടിടവഴികളിൽ
നമുക്ക് തൊട്ട് നിൽക്കുന്നു.
നാളെ വളയിട്ടകൈകളിൽകൂടി
ഒരു സങ്കരസംസ്ഥാനം
രൂപംകൊള്ളുവാൻ.
അനിവാര്യമായ പരിണാമം
അകലെയല്ല.എനിക്കും നിനക്കുമിടയിൽ
നമുക്കില്ലാത്തഒരുമുഖം
തെളിഞ്ഞുവരും,
പരിണാമത്തിന്റെപുതുമുഖം
അടർത്തിമാറ്റാനാകാത്ത കണ്ണികളായി
അങ്ങനെ പുഴകൾഇണചേർന്ന്
ചുറ്റിപ്പിണഞ്ഞപുതിയകോണിപ്പടിപോലെ
അനന്തതയിലേയ്ക്ക്
സങ്കലനം ചെയ്യപെടുന്നു.
........................
കമുകുംചേരി
ശിവപ്രസാദ്

ഒരേബലി


മുറുകേപിടിച്ചോളൂ മീമാംസകൾ
പിന്നെ ഇറുകെപുണരുക സുഹൃത്തിനെ.
ഈ ക്ഷണികയാത്രയിൽ പരസ്പരംതണലായി,
ഒരേ നിഴലിൽ കളിച്ചുവളർന്നവർ.
വേനൽ കുളങ്ങളിൽ വിയർ പാറ്റി
ഒന്നായി കളിരുകോരിയോർ.
രണ്ടു സൗഹാർദങ്ങൾ പൊരുതി
മലകയറി,യിന്നുംപിരിയാത്ത
മലകളായ് നിൽപ്പൂ മുഖാമുഖം.
പൊരുളിന്റെ മലയിൽ കയറാം
നമുക്കിനി നിയമങ്ങളെത്രയായാലും
നിനക്കുമെനിക്കും ചോരയൊന്നാണ്,
ജൈവകണങ്ങളും, പൂവിലും പുഴുവിലും
ഒന്നാണിതരാണ് ഒരേവായുവും തന്നത്.
ഒരേമാബലി നമുക്കായ് സ്വയം ബലിയായ്,
ത്യാഗരക്തമാണെന്നിലും നിന്നിലും
എല്ലാ മതത്തിലും,ഒരേ ബലി.
ദൈവത്തിനായ് മകനൊരുബലി
ലോക പാപത്തിനായ് സ്വയംബലി
പിന്നെ ധർമ്മത്തിനായുംബലി.
ഒരേജീവന്റെ അംശമോ ദൈവംപകുത്ത്
വിതറിയതീ,ധരണിയിൽ, തുടിപ്പായ്
പ്രതീകമായ് എവിടെയും
ഒരു കണമൊളിഞ്ഞിരിപ്പൂ, സ്നേഹമായ്
സൗഹാർദമായ്, ദയയായ് ഇന്നിന്റെ ദൈവം.
..........................
കമുകുംചേരി
ശിവപ്രസാദ്

ഓർമ്മചിമിഴ്


മാഞ്ഞു പോയ ത്രിസന്ധ്യകൾ
മമ ഹൃത്തിലുറയുന്നു.
സൂര്യശോഭ,യതേറ്റ് എന്നുടെ
ചിന്ത വിടരുന്നു.
മഞ്ഞുണങ്ങിയ മാമരങ്ങളിൽ
കിളി ചിലയ്ക്കുമ്പോൾ,
മഞ്ഞുതുള്ളി വിരുന്നു വന്നത്
നിന്നേ ഓർത്തല്ലോ!
രാമ നാമം കേട്ടുണർന്നൊന്നു പുലരി,
മാഞ്ഞേ പോയ്,
നാടുണർത്തിയ കീർത്തനങ്ങൾ
നാം മറന്നേ പോയ്.
എത്ര പുലരികളെ,ത്ര സന്ധ്യകൾ
തേഞ്ഞു മാഞ്ഞേ പോയ്,
മഞ്ചുളേ നിൻ ചുണ്ടിൽ വിടരും
പുഞ്ചിരിപാൽ പോൽ.
വയലുചാടി,തോടുചാടി
പുഴയിലെത്തുമ്പോൾ, നമ്മൽ
കുളിരുകോരി കുളിരുകോരി
പുളകമാകുന്നു.
ഉൾത്തടങ്ങളിലിന്നും ഒഴുകും
പഴയൊരീണത്തിൽ
ഉള്ളിൽ മൂളാം പതിയെ മാത്രം
ലിപികളോർക്കാതെ.
നിഴലുപോലൊരു വർണ്ണചിത്രം,
വിരിഞ്ഞു നിൽക്കുന്നു.
ചിമിഴിലാക്കി ഒതുക്കി വച്ചത്
മിഴി തുറക്കുന്നു.
പഴയ സൗഹൃദം വിരുന്നു വന്ന്
വിളിച്ചുണർത്തുമ്പോൾ.
..............................
കമുകുംചേരി
ശിവപ്രസാദ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo