Showing posts with label VinuVijay. Show all posts
Showing posts with label VinuVijay. Show all posts

*പെരുന്നാൾ ദിനം*


*പെരുന്നാൾ ദിനം*
"അമ്മേ.......... ... ഇതുവരെ ഞാൻ പറഞ്ഞത് തയ്യാറായില്ലേ?.........."
ഞാൻ ഉറക്കെ അടുക്കളയിലേക്ക് വിളിച്ച് ചോദിച്ചു.
"കെടന്ന് കയറു പൊട്ടിക്കാതെ ഡാ.... എനിക്ക് പത്ത് കൈ ഒന്നുമ്മില്ല എല്ലാത്തിനും ഞാൻ തന്നെ വേണമല്ലോ.! അതെങ്ങനെയാ അച്ഛൻ്റെ അല്ലേ മോൻ! അടുക്കളയിലേക്ക് കാൽഎടുത്തു കുത്തില്ല, നീ കെട്ടുന്നവളുടെ തല വിധി!."
അമ്മയുടെ ശകാരം പേമാരിയായ് പെയ്തുകൊണ്ടിരുന്നു.
'വേണ്ടായിരുന്നു.... ഞാൻ ചോദിച്ചു അമ്മ വാരിക്കോരി തന്നു.'
 കിട്ടേണ്ടതു കിട്ടി ഇനി അൽപം ക്ഷമയോടെ കാത്തിരിക്കാം എന്ന് തീരുമാനിച്ച ഞാൻ അടുത്ത് കിടന്ന പത്രം എടുത്തു നോക്കാൻ തുടങ്ങി.പെരുന്നാൾ ആശംസകൾ നേരുന്ന ഒരു മനോഹരമായ ചിത്രം പത്രത്തിൽ കണ്ടു, ഇന്ന് പെരുന്നാൾ ആണ്.
പെരുന്നാൾ എനിക്കെന്നും ഓർക്കാൻ ഇഷ്ട്ടമുളള ഒരു ഓർമ്മയാണ്.പൊതുവെ മാംസാഹാരങ്ങൾ വീട്ടിൽ പാകം ചെയ്യുന്നത് കുറവാണ്, ആ കുറവ് നികത്തുന്നതും മറക്കുന്നതും പെരുന്നാൾ ദിനത്തിലാണ്.
എല്ലാ കൂട്ടുകാരുടെ വീട്ടിലും അന്നത്തെ ദിവസം പോകാൻ പറ്റില്ലല്ലോ! പക്ഷേ വർഷങ്ങളായി മുടങ്ങാതെ ഞാൻ പെരുന്നാൾ ആഘോഷിക്കുന്ന ഒരു വീടുണ്ട്, എൻ്റെ ചെങ്ങാതി ഡാനിഷിൻ്റെ വീട്.
അവൻ്റെ ഉമ്മ സീന താത്ത വെക്കുന്ന ഓരോ വിഭവങ്ങളും ഓർക്കുമ്പോൾ തന്നെ കൊതിയാവും.ചിക്കൻ ബിരിയാണിയും, ബീഫ് വരട്ടിയതും ,ചിക്കൻ കുറുമയും ആഹാ....!!എന്തൊരു രുചിയാണെന്നോ, കുരുമുളകിൻ്റെ സാനിധ്യം ഏറെയുള്ള ബീഫ് വരട്ടിയത് ഏറ്റവും കൂടുൽ അകത്താക്കുന്നതും ഞാൻ തന്നെയാണ്.
ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചാണ് പെരുന്നാളു കൂടാൻ ഡാനിഷിൻ്റെ വീട്ടിൽ എത്തുന്നത്. അവൻ്റെ വീട്ടിൽ എത്തിയാലുടൻ ഞങ്ങൾ ഓടുന്നത് അടുക്കളയിലേക്കാണ്. ചെറുപുഞ്ചിരിയോടു കൂടി ഡാനിഷിൻ്റെ ഉമ്മ ഞങ്ങളെ സ്വാഗതം ചെയ്യും. അടുപ്പിൻ തിണ്ണയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന വിഭവങ്ങളെല്ലാം മേശപ്പുറത്ത് കൊണ്ടുവെക്കുന്നത് ഞങ്ങളുടെ ജോലിയാണ്, ഞങ്ങളുടെ ഈ അവകാശത്തിലൊന്നും സീനതാത്ത കൈകടത്താറില്ല. ഇത് ഡാനിഷിൻ്റെ വീടാണ്, ഞങ്ങളുടെ വീടാണ്.ഭക്ഷണം കഴിച്ചുകഴിഞ്ഞ് ചിരിയും കളിയുമായി ഉമ്മറത്ത് ഇരിക്കുന്ന നേരം പാൽ പായസവുമായി സീനതാത്ത എത്തും.
"ഡാ..... ഇതാ നീ പറഞ്ഞ പൊതി" അമ്മയുടെ ഉയർന്ന ശബ്ദത്തിൻ്റെ ശക്തിയാൽ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു.
"താങ്ക്സ് മൈ ഡിയർ മാം'' അമ്മയുടെ കവിളിൽ ഞാൻ സ്നേഹത്തോടെ നുള്ളി .
"വലിയ സോപ്പടിയൊന്നും വേണ്ട ഒന്ന് വേഗം പോവാൻ നോക്ക് ,നീ പോയിട്ട് വേണം എനിക്ക് തറ തുടക്കാൻ"
അമ്മ കൈയ്യിൽ തന്ന കവറുമായി ഞാൻ ബൈക്കിൽ കയറി.
വീണ്ടും ചിന്തയിൽ ഡാനിഷും അവൻ്റെ ഉമ്മ സീനതാത്തയും..., സന്തോഷം നിറഞ്ഞ പെരുന്നാളുകളിൽ രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കി ഞങ്ങളുടെ വയറും മനസ്സും നിറച്ച സീനതാത്ത ഈ പെരുന്നാളിന് ഇല്ല..!!!.
അഞ്ച് മാസം മുൻപ് കോഴിക്കോട് നഗരത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ സീനതാത്ത മരണപ്പെട്ടു....!
നാട്ടുമാവ് തണൽവിരിച്ച മുറ്റത്ത് എൻ്റെ ബൈക്ക് നിന്നു. ബൈക്കിൽ നിന്നിറങ്ങി ഞാൻ വീടിൻ്റെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി.
വാതിൽ തുറന്ന് ഡാനിഷ് പുറത്തേക്ക് വന്നു, വെള്ളമുണ്ടും വെള്ള ഷർട്ടും തലയിൽ ഒരു തൊപ്പിയും അതാണ് ഡാനിഷിൻ്റെ വേഷം.
" ആഹ് നന്ദൂ..., നീയോ.!!? കയറി വാ.."
എൻ്റെ കൈ പിടിച്ച് അവൻ അകത്തേക്ക്‌ കൊണ്ടുപോയി.
"നീ എങ്ങോട്ടും പോയില്ലേ ഇന്ന്?" ഞാൻ ചോദിച്ചു.
"ഇല്ല ഡാ.., വാപ്പ മാമൻ്റെ വീട്ടിൽ പോയി ഞാൻ പള്ളി കഴിഞ്ഞ് ഇപ്പോ വന്നതേയുള്ളു.. എങ്ങോട്ടും പോകുന്നില്ല, നീ എന്തിനാ ഇന്ന് ഇങ്ങോട്ട് വന്നത്?, ഒന്നും ഉണ്ടാക്കിത്തരാൻ എൻ്റെ ഉമ്മ ഇല്ല ഡാ ... ഇവിടെ......." പറഞ്ഞു തീർക്കുന്നതിനു മുൻപേ അവൻ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ആശ്വാസവാക്കുകളൊന്നും ഞാൻ പറഞ്ഞില്ല.., പകരം അവനെ ചേർത്തു പിടിച്ചു. ഉള്ളിൽ പതഞ്ഞു പൊങ്ങിയ സങ്കടപ്രവാഹത്തിന് കുറച്ച് ശമനം വന്നപ്പോൾ അവൻ എൻ്റെ തോളിൽ നിന്നും ശിരസ്സുയർത്തി.
ഉടനെ ബൈക്കിനടുതെത്തിയ ഞാൻ ആ പൊതിയുമായി വീടിനുള്ളിലേക്ക് കയറി. കസേരയിൽ അവനെ ഇരുത്തി ഞാനും അടുത്തിരുന്നു, പൊതിയെടുത്ത് മേശപ്പുറത്ത് വെച്ച് ഞാൻ പൊതി തുറന്നു, ചിക്കൻ ബിരിയാണി.
ഒരാഴ്ച്ച മുൻപേയാണ് അമ്മ ചിക്കൻ ബിരിയാണി വെച്ച് പഠിക്കണം എന്ന ആവശ്യവുമായി അമ്മയേ സമീപിക്കുന്നത്, ആദ്യം എൻ്റെ ആവശ്യം അമ്മ നിരസിചെങ്കിലും ഡാനിഷിൻ്റെ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടതാണ്. അയൽവാസിയുടെ സഹായത്തോടെ അമ്മ ചിക്കൻ ബിരിയാണി വെക്കാൻ പഠിച്ചു.
ഒന്നും മനസ്സിലാവാതെ ഡാനിഷ് എൻ്റെ മുഖത്തും ബിരിയാണി പൊതിയിലും മാറി മാറി നോക്കിക്കൊണ്ടിരുന്നു.
"എടാ എൻ്റെ അമ്മ ഇത് നിനക്കുവേണ്ടി ഉണ്ടാക്കിയതാണ് ,നിൻ്റെ ഉമ്മ വെക്കുന്ന ബിരിയാണിയുടെ രുചി ഇതിന് ഉണ്ടാവില്ല, എന്നാലും എനിക്ക് വേണ്ടി നീ ഇത് കഴിക്കണം"
ഡാനിഷിൻ്റെ മിഴികൾ നിറഞ്ഞൊഴുകി. മിഴിനീരുകൾ ബിരിയാണിയിലേക്ക് വീഴുന്നത് ഞാൻ കണ്ടു.
" എൻ്റെ ഉമ്മ വെക്കുന്നതാണെങ്കിലും നിൻ്റെ അമ്മ വെക്കുന്നതാണെങ്കിലും പ്രധാന ചേരുവ സ്നേഹമാണെടാ....., ഈ ബിരിയാണിയിൽ എൻ്റെ ഉമ്മയുടെ സ്നേഹം എനിക്ക് രുചിക്കാം അതുകൊണ്ട് ഇന്ന് ഏറ്റവും രുചിയുള്ള ഭക്ഷണം നിൻ്റെ അമ്മയുടെ ബിരിയാണിയാണെടാ നന്ദൂ........"
അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞ് തുടങ്ങിയിരിക്കുന്നു.
ആ പൊതിയിൽ നിന്നും ഞാനും അവനും ഒരേ സമയം വാരിക്കഴിച്ചു.
"ഡാനിഷേ നീ ഇന്ന് എൻ്റെ കൂടെ വരണം നമുക്ക് കോഴിക്കോട് ബീച്ചിൽ പോവാം ഈ പെരുന്നാൾ അവിടെയാവട്ടെ"
കണ്ണുകൾ തുടച്ച് മുഖത്ത് പുഞ്ചിരി വരുത്തി ഞാൻ പറഞ്ഞു.
മറുപടിയെന്നോണം അവൻ തലയാട്ടി.
*ഏവർക്കും പെരുന്നാൾ ആശംസകൾ*
*വിനു വിജയ്*

*1-B*


*1-B*
'വിനൂ നീ എവിടെയാ..?' ഫോണിലൂടെ വന്ന ആ പരുക്കൻ ശബ്ദം എന്നോട് ആരാഞ്ഞു. 'ഞാൻ വീട്ടിലാണ് മാസ്റ്റർ' അല്പം ബഹുമാനം കലർന്ന സ്വരത്തിൽ ഞാൻ മറുപടി നൽകി. വിളിച്ചത് എന്റെ ഗുരുനാഥൻ ആണ്. എന്നെ കരാട്ടെ പഠിപ്പിക്കുന്ന മുനീർ മാസ്റ്റർ. 'നീ ഇന്ന് ചെറിയ സ്കൂളിൽ പോകണം. ക്ലാസ്സ് എടുക്കാൻ. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഇന്ന് ക്ലാസ്സ് കൊടുത്ത് തുടങ്ങണം. എനിക്കിന്ന് പോകാൻ കഴിയില്ല. നീ പോവില്ലെ..?' 'ഇല്ല' എന്ന മറുപടി കൊടുക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. മനസ്സില്ലാമനസ്സോടെ ഞാൻ പറഞ്ഞു : 'ഞാൻ പോവാം മാസ്റ്റർ'.
ചെറിയ സ്കൂൾ എന്ന് ഞങ്ങളുടെ പ്രദേശത്തെ ആളുകൾ വിളിക്കുന്നത് ജി. എം. എൽ. പി. സ്കൂളിനെയാണ്. തൊട്ടടുത്ത് ഹയർ സെക്കന്ററി സ്കൂൾ ഉള്ളത് കൊണ്ട് ഇത് ചെറിയ സ്കൂളായി.
 ഞങ്ങളുടെ കരാട്ടെ അക്കാദമിയിലെ ത്തുന്ന തുടക്കക്കാർക്ക് ഞാൻ ക്ലാസ്സ് എടുത്ത് കൊടുക്കാറുണ്ട്. പക്ഷെ പുറമെ സ്കൂളിൽ പോയൊരു ക്ലാസ്സ് എടുത്തു കൊടുക്കാൻ എന്തെന്നില്ലാത്ത ഒരു മടിയും പേടിയും. എന്തായാലും മാസ്റ്റർ പറഞ്ഞതല്ലെ. ഗുരുവാക്കിൽ നിന്ദ പാടില്ലല്ലോ. പോയി നോക്കാം.
ഉച്ച സമയത്ത് ഞാൻ സ്കൂളിലെത്തി. തലങ്ങും വിലങ്ങും കുട്ടികൾ ഓടിക്കളിക്കുകയായിരുന്നു. ക്ലാസ്സ് തുടങ്ങാൻ ബെല്ല് മുഴങ്ങിയതോടെ സ്കൂൾ മുറ്റം ശാന്തമായി. ഹെഡ് മാസ്റ്ററുടെ നിർദ്ദേശ പ്രകാരം ഞാൻ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനിൽ എത്തി. കാലു കുത്തിയ ഉടനെ എല്ലാവരും എഴുന്നേറ്റു. 'ഗുഡാഫ്റ്റർനൂൺ സാർ' എന്ന് ഉറക്കെ ഉച്ചരിച്ചു. അർഹതയില്ലാത്ത എന്തോ ഒന്ന് ലഭിച്ചത് പോലെ ഞാനവരുടെ മുഖത്ത് നോക്കി ഇരിക്കാനാവശ്യപ്പെട്ടു. എല്ലാവരും തൽസ്ഥാനത്തിരിക്കാൻ കുറച്ച് സമയമെടുത്തു. എങ്കിലും ക്ഷമയോടു കൂടി ഞാൻ കാത്തിരുന്നു. ഇരുവശങ്ങളിൽ ക്രമീകരിച്ച ബെഞ്ചുകളിൽ ആദ്യത്തെ ആറു ബെഞ്ചുകളിൽ പെൺകുട്ടികളാണ്. തൊട്ടു പുറകിൽ ആൺകുട്ടികളും. ക്ലാസ്സ് ചുമരുകൾ ചിത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ചില വരുതന്മാരുടെ ചെളിയിൽ മുക്കിയ കൈപ്പാടുകളും ചുമരിൽ കാണാം.
ശബ്ദ കോലാഹലങ്ങൾ കെട്ടടങ്ങിയ ശേഷം ഞാൻ സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യവും വെളിപ്പെടുത്തി. 'ഇനിയെന്തെങ്കിലും നിങ്ങൾക്കറിയാനുണ്ടോ..?' എന്നൊരു കുശലം ചോദിക്കുന്ന മട്ടിൽ ഞാനവരോട് ചോദിച്ചു. ഉടൻ വന്നു ഒരു ചോദ്യം. 'സാർ കല്യാണം കഴിച്ചതാണോ..?'. വടി കൊടുത്ത് അടി വാങ്ങിയ ആനന്ദത്തോടുകൂടി ഞാൻ പുഞ്ചിരിച്ചു. അധികം കൂട്ടുകൂടാൻ നിന്നാൽ ഇവന്മാർ തലയിൽ കയറും എന്ന് മനസ്സിലാക്കിയ ഞാൻ കാര്യത്തിലേക്ക് കടന്നു.
'എന്തിനാണ് നാം കരാട്ടെ പഠിക്കുന്നത്..?' അവരുടെ മനസ്സറിയാൻ വേണ്ടി ഞാനൊരു ചോദ്യം തൊടുത്ത് വിട്ടു. 'എല്ലാവരെയും അടിച്ച് പഞ്ചറാക്കാൻ' ദാ മറുപടിയും വന്നു.
എന്നെ ഈ കുട്ടിപ്പട്ടാളങ്ങൾക്ക് നടുവിൽ എറിഞ്ഞു കൊടുത്ത മുനീർ മാഷെ ഒരു നിമിഷം ഞാൻ വെറുത്തുപോയി. ഇവരുടെ വാക്കുകൾ കൊണ്ടുള്ള അക്രമം നേരിടാൻ ഞാൻ പഠിച്ച വിദ്യകളൊന്നും മതിയാവില്ല എന്നെനിക്ക് ബോധ്യമായി. സിനിമകളുടെയും ഗെയിമുകളുടെയും ആക്ഷൻ ലോകം മനസ്സിലുള്ള കുരുന്നുകൾക്ക് കരാട്ടെ എന്തിനാണെന്നും കരാട്ടെക്കാരൻ എന്താണെന്നും വളരെ ലളിത ഭാഷയിൽ ഞാൻ പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു. ഇതേ സമയം തൊട്ടു പുറകിലെ ബെഞ്ചിൽ ഒരു കലാപരിപാടി അരങ്ങേറുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു വിരുതൻ അവന്റെ തൊട്ടു മുമ്പിലിരിക്കുന്ന പെൺകുട്ടിയുടെ തലമുടിയിലേക്ക് കടലാസ് കഷണങ്ങൾ ചെറിയ ഉരുളകളാക്കി എറിഞ്ഞു പിടിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഇതറിയുന്നുണ്ടെങ്കിലും അവൾ പ്രതികരിച്ചിരുന്നില്ല. ഞാനിതൊക്കെ ശ്രദ്ധിച്ചു കൊണ്ട് തന്നെ ക്ലാസ്സ് എടുക്കുന്നത് തുടർന്നു. സമയം കഴിയും തോറും അവന്റെ കുറുമ്പുകൾ കൂടി കൂടി വന്നു. പെൺകുട്ടിയുടെ മുടി പിടിച്ചു വലിക്കുന്ന കലാപരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. ക്ഷമ നശിച്ച പെൺകുട്ടി എതിർപ്പുകൾ കാണിച്ച് തുടങ്ങിയിരിക്കുന്നു.
ഞാൻ ഇടപെടണോ ഇടപെടാതിരിക്കണോ എന്ന ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോൾ ക്ലാസ്സിനെ ഒന്നടങ്കം നിശ്ശബ്ദമാക്കുന്ന രീതിയിൽ 'ഠേ...' എന്ന ശബ്ദത്തോടെ കുറുമ്പുകാരൻ വിരുതന്റെ കവിളത്ത് ഒരടി വന്നു വീണു. ഒപ്പം അവന്റെ ഉറക്കെയുള്ള നിലവിളിയും ഉയർന്നു. 'സാർ ഇവനെന്നെ തല്ലി.' എന്ന് തൊട്ടടുത്തിരിക്കുന്ന ആൺ കുട്ടിയെ ചൂണ്ടിക്കാണിച്ചിട്ട് പൂർവ്വാധികം ശക്തിയോടുകൂടി അവൻ നിലവിളി തുടർന്നു. ഉടൻ തന്നെ ഞാൻ കേസിൽ ഇടപെട്ടു. പ്രതിയോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. അവൻ എഴുന്നേറ്റ് നിന്നു. ഗൗരവം മുഖത്ത് ഭാവിച്ച് ഞാൻ പ്രതിയെ ചോദ്യം ചെയ്തു. 'എന്തിനാടാ നീ ഇവനെ അടിച്ചത്..?'. 'സാർ ഇവൻ നജാ ഫാത്തിമയുടെ മുടി പിടിച്ച് വലിച്ചു.' 'നജാ ഫാത്തിമയുടെ മുടി പിടിച്ച് വലിച്ചതിന് നീ എന്തിനാ ഇവനെ അടിക്കുന്നത്..?' ശബ്ദം കുറച്ച് കൂടി ഉയർത്തി ഞാൻ ചോദിച്ചു. 'എന്റെ ലവ്വറെ വേദനയാക്ക്യാ ആരായാലും ഞാൻ തല്ലും.' ഉറച്ച ശബ്ദത്തോടു കൂടി അവൻ ഉറക്കെ പറഞ്ഞപ്പോൾ പകച്ചു പോയി എന്റെ ബാല്യം.
ആദ്യം ചിരി വന്നെങ്കിലും അല്പം ചിന്തയും വന്നു. ഈ കേസിൽ എങ്ങനെ ഞാൻ നീതി നടപ്പാക്കും! സ്നേഹിക്കുന്ന പെൺകുട്ടിയെ സംരക്ഷിച്ച ഈ ഒന്നാം ക്ലാസ്സുകാരൻ കാമുകനെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും പുരുഷൻ സ്ത്രീയെ സംരക്ഷിക്കേണ്ടവനാണെന്നും ഈ കുരുന്നു മനസ്സിനെ പഠിപ്പിച്ചത് ആരായിരിക്കും..?! ഒരായിരം ചിന്തകൾ മനസ്സിലൂടെ പാഞ്ഞുകൊണ്ടിരുന്നു. അതിന് മറുപടിയെന്നോണം ബെൽ മുഴങ്ങി. എന്റെ ക്ലാസ്സ് ടൈം കഴിഞ്ഞു. പെൺകുട്ടികളെ ഉപദ്രവിക്കുന്നത് നല്ല ശീലമല്ല എന്ന് ആ കുറുമ്പനോടും കൂട്ടുകാർ തമ്മിൽ അടി കൂടാൻ പാടില്ല എന്ന് ആ കാമുകനോടും ഉപദേശവും ശാസനവും നൽകി ഞാൻ ക്ലാസ്സ് വിട്ടിറങ്ങി. ക്ലാസ്സിന് വെളിയിലെ കട്ടിലപ്പടിക്ക് മുകളിൽ എഴുതി വച്ച ബോർഡ് ഞാനൊന്നു കൂടി നോക്കി. ''1. B''.
*വിനു വിജയ്*

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo