നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*1-B*


*1-B*
'വിനൂ നീ എവിടെയാ..?' ഫോണിലൂടെ വന്ന ആ പരുക്കൻ ശബ്ദം എന്നോട് ആരാഞ്ഞു. 'ഞാൻ വീട്ടിലാണ് മാസ്റ്റർ' അല്പം ബഹുമാനം കലർന്ന സ്വരത്തിൽ ഞാൻ മറുപടി നൽകി. വിളിച്ചത് എന്റെ ഗുരുനാഥൻ ആണ്. എന്നെ കരാട്ടെ പഠിപ്പിക്കുന്ന മുനീർ മാസ്റ്റർ. 'നീ ഇന്ന് ചെറിയ സ്കൂളിൽ പോകണം. ക്ലാസ്സ് എടുക്കാൻ. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഇന്ന് ക്ലാസ്സ് കൊടുത്ത് തുടങ്ങണം. എനിക്കിന്ന് പോകാൻ കഴിയില്ല. നീ പോവില്ലെ..?' 'ഇല്ല' എന്ന മറുപടി കൊടുക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. മനസ്സില്ലാമനസ്സോടെ ഞാൻ പറഞ്ഞു : 'ഞാൻ പോവാം മാസ്റ്റർ'.
ചെറിയ സ്കൂൾ എന്ന് ഞങ്ങളുടെ പ്രദേശത്തെ ആളുകൾ വിളിക്കുന്നത് ജി. എം. എൽ. പി. സ്കൂളിനെയാണ്. തൊട്ടടുത്ത് ഹയർ സെക്കന്ററി സ്കൂൾ ഉള്ളത് കൊണ്ട് ഇത് ചെറിയ സ്കൂളായി.
 ഞങ്ങളുടെ കരാട്ടെ അക്കാദമിയിലെ ത്തുന്ന തുടക്കക്കാർക്ക് ഞാൻ ക്ലാസ്സ് എടുത്ത് കൊടുക്കാറുണ്ട്. പക്ഷെ പുറമെ സ്കൂളിൽ പോയൊരു ക്ലാസ്സ് എടുത്തു കൊടുക്കാൻ എന്തെന്നില്ലാത്ത ഒരു മടിയും പേടിയും. എന്തായാലും മാസ്റ്റർ പറഞ്ഞതല്ലെ. ഗുരുവാക്കിൽ നിന്ദ പാടില്ലല്ലോ. പോയി നോക്കാം.
ഉച്ച സമയത്ത് ഞാൻ സ്കൂളിലെത്തി. തലങ്ങും വിലങ്ങും കുട്ടികൾ ഓടിക്കളിക്കുകയായിരുന്നു. ക്ലാസ്സ് തുടങ്ങാൻ ബെല്ല് മുഴങ്ങിയതോടെ സ്കൂൾ മുറ്റം ശാന്തമായി. ഹെഡ് മാസ്റ്ററുടെ നിർദ്ദേശ പ്രകാരം ഞാൻ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനിൽ എത്തി. കാലു കുത്തിയ ഉടനെ എല്ലാവരും എഴുന്നേറ്റു. 'ഗുഡാഫ്റ്റർനൂൺ സാർ' എന്ന് ഉറക്കെ ഉച്ചരിച്ചു. അർഹതയില്ലാത്ത എന്തോ ഒന്ന് ലഭിച്ചത് പോലെ ഞാനവരുടെ മുഖത്ത് നോക്കി ഇരിക്കാനാവശ്യപ്പെട്ടു. എല്ലാവരും തൽസ്ഥാനത്തിരിക്കാൻ കുറച്ച് സമയമെടുത്തു. എങ്കിലും ക്ഷമയോടു കൂടി ഞാൻ കാത്തിരുന്നു. ഇരുവശങ്ങളിൽ ക്രമീകരിച്ച ബെഞ്ചുകളിൽ ആദ്യത്തെ ആറു ബെഞ്ചുകളിൽ പെൺകുട്ടികളാണ്. തൊട്ടു പുറകിൽ ആൺകുട്ടികളും. ക്ലാസ്സ് ചുമരുകൾ ചിത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ചില വരുതന്മാരുടെ ചെളിയിൽ മുക്കിയ കൈപ്പാടുകളും ചുമരിൽ കാണാം.
ശബ്ദ കോലാഹലങ്ങൾ കെട്ടടങ്ങിയ ശേഷം ഞാൻ സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യവും വെളിപ്പെടുത്തി. 'ഇനിയെന്തെങ്കിലും നിങ്ങൾക്കറിയാനുണ്ടോ..?' എന്നൊരു കുശലം ചോദിക്കുന്ന മട്ടിൽ ഞാനവരോട് ചോദിച്ചു. ഉടൻ വന്നു ഒരു ചോദ്യം. 'സാർ കല്യാണം കഴിച്ചതാണോ..?'. വടി കൊടുത്ത് അടി വാങ്ങിയ ആനന്ദത്തോടുകൂടി ഞാൻ പുഞ്ചിരിച്ചു. അധികം കൂട്ടുകൂടാൻ നിന്നാൽ ഇവന്മാർ തലയിൽ കയറും എന്ന് മനസ്സിലാക്കിയ ഞാൻ കാര്യത്തിലേക്ക് കടന്നു.
'എന്തിനാണ് നാം കരാട്ടെ പഠിക്കുന്നത്..?' അവരുടെ മനസ്സറിയാൻ വേണ്ടി ഞാനൊരു ചോദ്യം തൊടുത്ത് വിട്ടു. 'എല്ലാവരെയും അടിച്ച് പഞ്ചറാക്കാൻ' ദാ മറുപടിയും വന്നു.
എന്നെ ഈ കുട്ടിപ്പട്ടാളങ്ങൾക്ക് നടുവിൽ എറിഞ്ഞു കൊടുത്ത മുനീർ മാഷെ ഒരു നിമിഷം ഞാൻ വെറുത്തുപോയി. ഇവരുടെ വാക്കുകൾ കൊണ്ടുള്ള അക്രമം നേരിടാൻ ഞാൻ പഠിച്ച വിദ്യകളൊന്നും മതിയാവില്ല എന്നെനിക്ക് ബോധ്യമായി. സിനിമകളുടെയും ഗെയിമുകളുടെയും ആക്ഷൻ ലോകം മനസ്സിലുള്ള കുരുന്നുകൾക്ക് കരാട്ടെ എന്തിനാണെന്നും കരാട്ടെക്കാരൻ എന്താണെന്നും വളരെ ലളിത ഭാഷയിൽ ഞാൻ പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു. ഇതേ സമയം തൊട്ടു പുറകിലെ ബെഞ്ചിൽ ഒരു കലാപരിപാടി അരങ്ങേറുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു വിരുതൻ അവന്റെ തൊട്ടു മുമ്പിലിരിക്കുന്ന പെൺകുട്ടിയുടെ തലമുടിയിലേക്ക് കടലാസ് കഷണങ്ങൾ ചെറിയ ഉരുളകളാക്കി എറിഞ്ഞു പിടിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഇതറിയുന്നുണ്ടെങ്കിലും അവൾ പ്രതികരിച്ചിരുന്നില്ല. ഞാനിതൊക്കെ ശ്രദ്ധിച്ചു കൊണ്ട് തന്നെ ക്ലാസ്സ് എടുക്കുന്നത് തുടർന്നു. സമയം കഴിയും തോറും അവന്റെ കുറുമ്പുകൾ കൂടി കൂടി വന്നു. പെൺകുട്ടിയുടെ മുടി പിടിച്ചു വലിക്കുന്ന കലാപരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. ക്ഷമ നശിച്ച പെൺകുട്ടി എതിർപ്പുകൾ കാണിച്ച് തുടങ്ങിയിരിക്കുന്നു.
ഞാൻ ഇടപെടണോ ഇടപെടാതിരിക്കണോ എന്ന ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോൾ ക്ലാസ്സിനെ ഒന്നടങ്കം നിശ്ശബ്ദമാക്കുന്ന രീതിയിൽ 'ഠേ...' എന്ന ശബ്ദത്തോടെ കുറുമ്പുകാരൻ വിരുതന്റെ കവിളത്ത് ഒരടി വന്നു വീണു. ഒപ്പം അവന്റെ ഉറക്കെയുള്ള നിലവിളിയും ഉയർന്നു. 'സാർ ഇവനെന്നെ തല്ലി.' എന്ന് തൊട്ടടുത്തിരിക്കുന്ന ആൺ കുട്ടിയെ ചൂണ്ടിക്കാണിച്ചിട്ട് പൂർവ്വാധികം ശക്തിയോടുകൂടി അവൻ നിലവിളി തുടർന്നു. ഉടൻ തന്നെ ഞാൻ കേസിൽ ഇടപെട്ടു. പ്രതിയോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. അവൻ എഴുന്നേറ്റ് നിന്നു. ഗൗരവം മുഖത്ത് ഭാവിച്ച് ഞാൻ പ്രതിയെ ചോദ്യം ചെയ്തു. 'എന്തിനാടാ നീ ഇവനെ അടിച്ചത്..?'. 'സാർ ഇവൻ നജാ ഫാത്തിമയുടെ മുടി പിടിച്ച് വലിച്ചു.' 'നജാ ഫാത്തിമയുടെ മുടി പിടിച്ച് വലിച്ചതിന് നീ എന്തിനാ ഇവനെ അടിക്കുന്നത്..?' ശബ്ദം കുറച്ച് കൂടി ഉയർത്തി ഞാൻ ചോദിച്ചു. 'എന്റെ ലവ്വറെ വേദനയാക്ക്യാ ആരായാലും ഞാൻ തല്ലും.' ഉറച്ച ശബ്ദത്തോടു കൂടി അവൻ ഉറക്കെ പറഞ്ഞപ്പോൾ പകച്ചു പോയി എന്റെ ബാല്യം.
ആദ്യം ചിരി വന്നെങ്കിലും അല്പം ചിന്തയും വന്നു. ഈ കേസിൽ എങ്ങനെ ഞാൻ നീതി നടപ്പാക്കും! സ്നേഹിക്കുന്ന പെൺകുട്ടിയെ സംരക്ഷിച്ച ഈ ഒന്നാം ക്ലാസ്സുകാരൻ കാമുകനെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും പുരുഷൻ സ്ത്രീയെ സംരക്ഷിക്കേണ്ടവനാണെന്നും ഈ കുരുന്നു മനസ്സിനെ പഠിപ്പിച്ചത് ആരായിരിക്കും..?! ഒരായിരം ചിന്തകൾ മനസ്സിലൂടെ പാഞ്ഞുകൊണ്ടിരുന്നു. അതിന് മറുപടിയെന്നോണം ബെൽ മുഴങ്ങി. എന്റെ ക്ലാസ്സ് ടൈം കഴിഞ്ഞു. പെൺകുട്ടികളെ ഉപദ്രവിക്കുന്നത് നല്ല ശീലമല്ല എന്ന് ആ കുറുമ്പനോടും കൂട്ടുകാർ തമ്മിൽ അടി കൂടാൻ പാടില്ല എന്ന് ആ കാമുകനോടും ഉപദേശവും ശാസനവും നൽകി ഞാൻ ക്ലാസ്സ് വിട്ടിറങ്ങി. ക്ലാസ്സിന് വെളിയിലെ കട്ടിലപ്പടിക്ക് മുകളിൽ എഴുതി വച്ച ബോർഡ് ഞാനൊന്നു കൂടി നോക്കി. ''1. B''.
*വിനു വിജയ്*

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot