നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടലാസ് പൂക്കൾ !(കഥ )

കടലാസ് പൂക്കൾ !(കഥ )
“എന്നിട്ടെന്താ അച്ഛമ്മേ ഇവിടത്തെ വിശേഷം?” അച്ഛമ്മ മുന്നിൽ വെച്ച ഇലയട കൊതിയോടെയെടുത്തു ഞാൻ ചോദിച്ചു.
“ഓ ..എന്ത് വിശേഷം കിച്ചു ?.” കഴിഞ്ഞ തവണ കണ്ടതിലും അച്ഛമ്മക്ക് ക്ഷീണം .. ശബ്ദത്തിലും മാറ്റമുണ്ട്.
“ആ പിന്നെ.. നമ്മുടെ മാധവിയുടെ മോളില്ലേ? ദേവു .. അവൾടെ പൊടമുറി കഴിഞ്ഞു “ എനിക്കുള്ള ചായയുമായി വന്നു പെട്ടെന്നോർത്തെടുത്ത പോലെ അച്ഛമ്മ പറഞ്ഞു
“ങേ ...”കൈയിലെടുത്ത അട താഴേക്ക് വീണതേ അച്ഛമ്മ കണ്ടുള്ളു ..കൂടെ അച്ഛമ്മ കാണാതെയെന്റെ ഹൃദയവും.
“എന്തെ കുട്ട്യേ ? അടക്ക് ചൂടാ ? “-മറ്റൊന്ന് എന്റെ നേരെ നീട്ടി അച്ഛമ്മ ചോദിച്ചു. “ഇല്ല്യാലോ ..അതെങ്ങിനെ? നെന്റെ മനസ് ശരിയല്ല. അതന്നെ. അച്ഛൻ പറഞ്ഞതനുസരിച്ചു നിനക്ക് എഞ്ചിനീറിങ്ങിനു പോയി കൂടായിരുന്നോ ?”
“അതെങ്ങിനെ ശരിയാവും അച്ഛമ്മേ?. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നത് ഇഷ്ടമില്ലാത്ത കല്യാണം പോലെ.. “മറുപടി കൊടുത്തു ഞാനെഴുന്നേറ്റു
“നീ കഴിച്ചില്ലലോ ?”കൈ കഴുകുന്ന എന്നെ നോക്കി അച്ഛമ്മ അല്പം നിരാശയോടെ ചോദിച്ചു .പാവം, എനിക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാവും
“യാത്ര കഴിഞ്ഞിട്ടാവും..വിശപ്പില്ല ..പിന്നെ കഴിക്കാം” ഞാൻ മെല്ലെ തിണ്ണയിലേക്കിറങ്ങി.
മുറ്റം നിറയെ കടലാസ് പൂക്കൾ വാടി കൊഴിഞ്ഞു നിരന്നു കിടക്കുന്നു...എന്റെ മനസ് പോലെ..
ഇളം വൈലറ്റ് നിറത്തിലുള്ളത് മാത്രം നിറയെ പൂവിട്ടു നിൽക്കുന്നു.. അതിൽ മുന്നൂറ്റി യറുപത്തഞ്ചു ദിവസവും പൂവുണ്ടാവുമെന്നു അച്ഛമ്മ പറയാറുണ്ട്
കഴിഞ്ഞതിനു മുമ്പത്തെ തവണ വന്നപ്പോൾ മുറ്റത്തു അത് വെച്ച് പിടിപ്പിക്കുന്ന ദേവുവിനെ കണ്ടതാണ്.ഇളം പച്ച നിറത്തിലെ പാവാടയും മഞ്ഞ ബൗസുമണിഞ്ഞു അച്ഛമ്മയുടെ അടുത്ത് ദേവു . മേലേക്ക് വലിച്ചു കുത്തിയ പാവാട തുമ്പു എന്നെ കണ്ടപ്പോൾ താഴേക്കഴിച്ചിട്ടു .നെറ്റിയിലെ വിയർപ്പു കണങ്ങൾ ദേവുവിന്റെ അഴകു കൂട്ടി. അരക്കൊപ്പമുള്ള ഇടതൂർന്ന മുടി കെട്ടഴിഞ്ഞു മുന്നോട്ടു കിടക്കുന്നു.
എന്തൊരു ഭംഗി !
**
“എന്തോരു ഭംഗിയാ അച്ഛമ്മേ ഇവിടെയൊക്കെ കാണാൻ? “ -കൗതുകത്തോടെ ചുറ്റും നോക്കി, പത്തു വയസുകാരൻ അച്ഛമ്മയുടെ കൈ പിടിച്ചു അമ്പലത്തിലേക്ക് നടക്കവേ പറഞ്ഞു.
അതെന്റെ ആദ്യ വേനലവധിക്കാലത്തെ അച്ഛന്റെ നാട്ടിലേക്കുള്ള ഒറ്റക്കുള്ള വരവായിരുന്നു. വീട്ടിൽ അമ്മക്ക് ഒരു കുഞ്ഞുവാവയെ കിട്ടിയതിന്റെ
ദേഷ്യം ആ വരവിനു പിന്നിലുണ്ടായിരുന്നു
അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ അച്ഛമ്മ പറഞ്ഞു..”അച്ഛമ്മേടെ കൂട്ടുകാരി മാധവീടെ വീട് ഇവിടാ ..പാവങ്ങളാ .അവളുടെ കുട്ടിക്ക് നല്ല സുഖോല്ല നമുക്ക് കാണാം കിച്ചു “
അച്ഛമ്മേടെ വീടിനടുത്തു തന്നെ മാധവിയമ്മയുടെ വീടും. ഒരു വേലികൊണ്ടു അതിരു തിരിച്ചിരിക്കുന്നു .അവരുടെ വീട്ടിൽ നിന്ന് നോക്കിയാൽ അച്ഛമ്മയുടെ വീട്ടിൽ നിന്നാൽ കാണാൻ പറ്റാത്ത, അമ്പല മുറ്റം കാണാം.
കൂര പോലെയുള്ള വീട്ടിലേക്കു കയറിയപ്പോൾ നിലത്തു പായയിൽ മുഷിഞ്ഞ വെള്ള പെറ്റിക്കോട്ടിട്ട ഒരു പെൺകുട്ടി കൂനി കൂടി കിടക്കുന്നു. ചുവന്ന റിബ്ബൺ കൊണ്ട് നീണ്ട മുടി മുറുക്കി കെട്ടിയിട്ടുണ്ട്.. അവൾ തളർന്ന മിഴികൾ തുറന്നു അതിഥികളെ നോക്കി. ആദ്യമായി കണ്ട എന്റെമേൽ മിഴികളുടക്കി നിന്നു
“മരുന്നു വാങ്ങിയോ മാധവീ?” അച്ഛമ്മ കൂട്ടുകാരിയോട് ചോദിച്ചു അവർ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അച്ഛമ്മ നേര്യതിന്റെ തുമ്പിൽ കെട്ടിയിട്ടിരുന്ന കാശ് എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു –“വേഗം വൈദ്യരെ കാണിക്കു. നെന്റെ കള്ളുകുടിയൻ കെട്ടിയവൻ വരണെന് മുന്നേ”
അച്ഛമ്മ എന്റെ കൈ പിടിച്ചു അവിടെനിന്നുമിറങ്ങി.
പടിയിറങ്ങുമ്പോൾ ഞാൻ ചോദിച്ചു –“എന്താ ആ കുട്ടീടെ പേര് അച്ഛമ്മേ?”
“ദേവു ..പാവം! കഷ്ടാ അവളുടെം അമ്മേടേം കാര്യം”- അച്ഛമ്മ ദൈന്യതയോടെ പറഞ്ഞു
ദേവു! എനിക്കിഷ്ടമായി.. ദേവു എന്ന പേരും പിന്നെ വെളുത്തു മെലിഞ്ഞ നീണ്ട മുടിയുള്ള പെറ്റിക്കോട്ടിട്ട പെൺകുട്ടിയെയും.
തുടർന്നുള്ള അവധിക്കാലങ്ങളിൽ ഞാൻ അച്ഛമ്മയുടെ അടുത്തെത്തും. അമ്പല പറമ്പിൽ ഞങ്ങൾ ആൺകുട്ടികൾ കളിക്കുന്നത് നോക്കി വെള്ള പെറ്റികോട്ടണിഞ്ഞ സുന്ദരി കുട്ടി ദൂരെ മാറി നിൽപ്പുണ്ടാവും. അങ്ങോട്ടോ ഇങ്ങോട്ടോ പോവുമ്പോൾ സൗകര്യപൂർവ്വം ഞാൻ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും അവൾക്കായി അച്ഛമ്മ കാണാതെ കരുതി വെച്ചിരിക്കുന്ന മിട്ടായികളും പലഹാരങ്ങളും നൽകും. പകരം അവള് നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിക്കും..
അടുത്ത അവധിക്കാലം വരെ എനിക്കോർത്തിരിക്കാൻ അത് ധാരാളം..
പത്താം ക്ലാസ്സിലെ അവധി ക്കാലത്താണ് അമ്മയുടെ തോട്ടത്തിലെ കടലാസ് പൂവുകളുടെ കൊമ്പുകൾ ഞാൻ അച്ഛമ്മക്കായി കൊണ്ട് പോയത്. കുങ്കുമ നിറത്തിലും പിന്നെ വെള്ളയും ...
അച്ഛമ്മയുടെയും ദേവുവിന്റെയും വീടിനു ഇടയിലുള്ള വേലിക്കരികെ ഞാനവ നട്ടു ... അത് നോക്കി ദേവു മുറ്റത്തു നിൽപ്പുണ്ടായിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു. പെട്ടെന്ന് അവൾ അകത്തേക്ക് കടന്നു പോയി. ചിരിച്ചില്ലായിരുന്നെങ്കിൽ അവളിപ്പോഴും അവിടെ തന്നെ നിന്നേനെ എന്ന കുണ്ഠിതത്തിൽ ഞാൻ ബാക്കിയുള്ള കമ്പുകൾ നട്ടു . അശ്രദ്ധയോടെ ചെയ്തതിനാലാവാം ഒരു മുള്ളെന്റെ കൈയിൽ തറച്ചു കയറി ..
“നോക്കിചെയ്യെന്റെ കുട്ട്യേ”- കൈയിൽ ചോര പൊടിയുന്നത് കണ്ടപ്പോൾ അച്ഛമ്മയുടെ വേവലാതി.
ചിരിക്കാതെ അകത്തേക്ക് പോയ ദേവു ആയിരുന്നു എനിക്ക് കൂടുതൽ വേദന തന്നത്. അവൾ വലുതായി എന്ന ബോധം എനിക്കുണ്ടായി. ഇനി എനിക്കായി അവൾ ചിരിക്കില്ലേ?
പിറ്റേ കൊല്ലം ഞാൻ ചെല്ലുമ്പോൾവേലിപടർപ്പു നിറയെ പല വർണത്തിൽ കടലാസ് പൂക്കൾ .. അവയെല്ലാം പൂത്തു നിൽക്കുന്നു. വെള്ള, ഓറഞ്ച്, വയലറ്റ്, മഞ്ഞ.. എനിക്ക് പ്രിയമായതു വയലറ്റ് നിറത്തിലുള്ളതാണ് . ഇലകൾക്കും പൂക്കൾക്കുമിടയിലൂടെ കാണാം ദേവൂന്റെ വീട്. എനിക്ക് സമാധാനമായി
ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി നില്ക്കുന്നത് കണ്ടു അച്ഛമ്മ പടിയിറങ്ങി വന്നു പറഞ്ഞു –“ദേവൂന്റെ പണിയാ . കടലാസ് പൂക്കൾ നിനക്കിഷ്ടമാണെന്നു അവൾക്കറിയാം “
ഞാൻ അപ്പുറത്തേക്ക് നോക്കി...അവിടെ വയലെറ്റ് നിറത്തിൽ ദാവണി ചുറ്റിയ ദേവു ..ഇത്തവണ പേടിച്ചിട്ടു ഞാൻ ചിരിച്ചില്ല ... പക്ഷെ എന്റെ മനസ്സിൽ അച്ഛമ്മയുടെ വാക്കുകൾ കേട്ട് പലവർണങ്ങളിൽ കടലാസ് പൂക്കൾ വിരിഞ്ഞിരുന്നു ..
അവധിക്കാലം പകൽ മുഴുവൻ ഞാൻ തിണ്ണയിൽ ചിലവഴിച്ചു.. അവിടെയിരുന്നായി എന്റെ പുസ്തക വായന .
തിണ്ണയിലെ അരഭിത്തിയിൽ ഇരിക്കുമ്പോൾ കാണാം വെള്ളം കോരുന്ന ദേവുവിനെ, മുറ്റമടിക്കുന്ന ദേവുവിനെ, അല്ലെങ്കിൽ അയയിൽ തുണി വിരിക്കുന്ന ദേവു .... കണ്ണുകളിടയുമ്പോൾ ദേവുവിന്റെ മുഖം പൂത്തിരി കത്തിച്ചപോലെ ..ആ തിളക്കത്തിൽ ഞാൻ കണ്ടെത്തി അവൾക്കെന്നോടുള്ള ഇഷ്ടം.
ദേവു ....എന്റെ കടിഞ്ഞൂൽ പ്രണയം! അതെ, പരസ്പരം ഒരു വാക്കുമുരിയാടാതെ ഞങ്ങൾ പ്രണയിക്കുകയായിരുന്നു..
**
അതിരാവിലെ എഴുനേറ്റു ഞാൻ മുറ്റത്തേക്കിറങ്ങി. വർഷത്തിലൊരിക്കൽ വരുമ്പോൾ എനിക്ക് കടലാസ് പൂക്കൾ വെട്ടി നിരപ്പാക്കുന്ന ജോലി ഉള്ളതാണ്. രാവിലെ മുറ്റത്തേക്കിറങ്ങുമ്പോൾ അച്ഛമ്മ ചോദിച്ചു “കീച്ചു എന്തേയിത്ര രാവിലെ “?
അച്ഛമ്മക്ക് മുഖം കൊടുക്കാതെ ഒന്നൊഴിയാതെ കടലാസ് പൂക്കൾ ഞാൻ വെട്ടിനിരത്തി.
പെട്ടെന്നപ്പുറത്തെ വീട്ടിൽ നിന്നും ദേവുവിന്റെ അച്ഛനും പിന്നെ കറുത്ത് തടിച്ച ചട്ടമ്പിയെ പോലെ ഒരു കൊമ്പൻ മീശക്കാരനും ഇറങ്ങി വരുന്നത് കണ്ടു.. പിന്നാലെ ഇളം റോസ് നിറത്തിലെ സാരിയണിഞ്ഞു ദേവു .
ദേവു എന്നെ നോക്കി... തളർന്നു പായയിൽ കിടന്ന പത്തു വയസുകാരിയുടെ അതേ നോട്ടം.
“ദേവൂന്റെ കെട്ടിയോനാ .അവളുടെ കള്ളു കുടിയൻ അച്ഛനിവനെകിട്ടിയുള്ളൂ ..അവളെക്കാൾ പതിനഞ്ചു വയസെങ്കിലും മൂപ്പു കാണും. കൊശവൻ “-
അച്ഛമ്മയുടെ വാക്കുകൾ മുഴുവനും ഞാൻ കേട്ടോ ?
ഒറ്റയടി പാതയിലൂടെ മൂന്ന് പേരും നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു. വളവിനടുത്തെത്തിയപ്പോൾ ദേവു എന്നെ തിരിഞ്ഞു നോക്കി....എന്റെ ചങ്ക് പിടഞ്ഞു ...
ഒരു യന്ത്രം പോലെ അവിടെ വൃത്തിയാക്കി ഞാൻ കിണറ്റു കരയിലേക്ക് നടന്നു...
തണുത്ത വെള്ളത്തിനോടൊപ്പം എന്റെ ചൂട് കണ്ണീരും ഒഴുകിയൊലിച്ചു
രാസ്നാദി പൊടിയുമായി അച്ഛമ്മ മുറിക്കകത്തു വന്നപ്പോൾ ഞാൻ ബാഗിനുള്ളിൽ തുണികൾ എടുത്തു വെക്കുകയായിരുന്നു
“എന്തെ കിച്ചു ?”
“എം എ ക്കു ഇന്നാണ് അപേക്ഷ കൊടുക്കേണ്ട അവസാന തീയതി. ഞാൻ മറന്നു “
“എല്ലാം എടുത്തു കൊണ്ട് പോവുന്നത് എന്തിനാ?രണ്ടു ദിവസം കഴിഞ്ഞു വരാല്ലോ?” അച്ഛമ്മയുടെ കൈ പിടിച്ചു യാത്ര ചോദിച്ചപ്പോൾ വാത്സല്യത്തോടെ ചോദ്യം.
മുറ്റത്തേക്കിറങ്ങുമ്പോൾ ഒരു കുല വയലറ്റ് കടലാസ്സ് പൂക്കൾ എന്റെ മുന്നിലേക്ക് വന്നു വീണു...എല്ലാം ഞാൻ വെട്ടി കളഞ്ഞതാണല്ലോ? ഞാൻ മുകളിലേക്ക് നോക്കി. എല്ലായിടവും എന്റെ മനസ് പോലെ ശൂന്യം!
ബസ് സ്റ്റോപ്പിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ അടുത്തുള്ള ചായക്കടയിലെ റേഡിയോയിൽ നിന്നുമൊരു ഗാനം അലയടിച്ചു വന്നു..
“എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി ..
നിന്നെയും തേടി …………………”Sanee John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot