നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***** മാംസനിബദ്ധമല്ല രാഗം ****

***** മാംസനിബദ്ധമല്ല രാഗം ****
------------------------------------------------
ബസ്സിൽ കുറച്ചധികം തിരക്കുണ്ട്. കോളേജ് വിട്ട സമയമായതിനാൽ നിറയേ തരുണീ മണികളുടെ തിരക്കാണ്. അവരുടെ വിയർപ്പും പെർഫ്യൂമും ചേർന്ന മിശ്രിത ഗന്ധം അയാളേ തെല്ലൊന്നലോസരപ്പെടുത്തിയെങ്കിലും തന്റെ സീറ്റിന്നടുത്ത് നിൽക്കുന്ന സ്ത്രീയുടെ മുടിയുടെ മണം അറിയാതെ എന്തൊക്കെയോ അയാളേ ഒാർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
കാറ്റിനാലുള്ള സാരിയുടെ ഒരു നേരിയ വേർപിരിയലിൽ അവളുടെ വയറിന്റെ ഭാഗം കാണുന്നതുവരെ അയാൾ ആ ഗന്ധത്തിന്റെ പുറകേ ആയിരുന്നു.
നിറയേ വടുക്കൾ നിറഞ്ഞ അവളുടെ ഉദരഭാഗം കണ്ടനിമിഷം എന്തെന്നില്ലാത്ത ഒരു വിരക്തിയോടെ അയാൾ തല കുമ്പിട്ടു.
സാരിയുടെ മറവിൽ സുന്ദരമായ പാദങ്ങളുണ്ടാകണേ എന്ന പ്രാർത്ഥനയോടെ നോക്കിയ അയാൾ കണ്ടത് വിണ്ടു കീറി അറപ്പുളവാക്കുന്ന മടമ്പുകളുള്ള വരണ്ട രണ്ട് പാദങ്ങളാണ്.
ആത്മനിന്ദയോടെ മുഖമുയർത്തിയ നിമിഷം ഗന്ധം പരത്തിയ മുടിക്കൂട്ടിൽ നിന്നും പതിയെ പൊട്ടിക്കൊഴിഞ്ഞ ഒരു വെളുത്ത മുടിനാര് അയാളുടെ മുഖത്തുവന്നിരുന്നു.
ഏതോ ഒരു സ്റ്റോപ്പിന്റെ പേര് ബസ്സിലെ കിളി വിളിച്ചു പറഞ്ഞു. ആ വിളിയുടെ ധൃതിയിൽ ആവണം അവളുടെ തിരിഞ്ഞു നിൽപ്പിൽ കുഴിനഖം കുത്തിയ തള്ളവിരൽ അയാളുടെ സീറ്റിന്റെ മുൻ കമ്പിയിൽ പതിഞ്ഞു.
വികാരലേശമില്ലാതെ അയാൾ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അതവളായിരുന്നു. ഒരു കാലത്തയാളുടെ എല്ലാമായിരുന്ന, ജീവിതത്തിന്റെ തിരഞ്ഞെടുപ്പിൽ പ്രണയത്തിന് സ്ഥാനമില്ലെന്ന നീതീകരണത്തോടെ അയാളിൽ നിന്നൊഴിഞ്ഞകന്നവൾ.
ഇവളെ സ്വന്തമാക്കാനാകാത്തതിനാലാണോ താൻ ഒാടിക്കൊണ്ടിരുന്ന ട്രയിനിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ച് ഒരു കാല് നഷ്ടമായി, കൂട്ടിനാരും ഇല്ലാതെ ഏകാകിയായി ജീവിതം തള്ളിനീക്കുന്നത്...
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാളുടെ മനസ്സ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു
" മാംസനിബദ്ധമല്ല രാഗം...
മാംസനിബദ്ധമല്ല രാഗം "
______________________________________
രമേഷ് കേശവത്ത്

1 comment:

  1. മാംസ നിബന്ധമല്ലീ രാഗം

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot