നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ


നടുപുറത്ത് കിട്ടിയ അടിയുടെ ആഘാതത്തിൽ
ആണ് ഉറക്കത്തിൽ നിന്നും ചാടി എണീറ്റത്.. എന്റെ പുതപ്പ് വലിച്ചെടുത്തു ഒരുത്തി നില്പുണ്ട്,, ഭാര്യ...
 "ചേട്ടാ, എണീൽക്ക് "
പാതി വിരിഞ്ഞ കണ്ണിൽ തല ഒന്ന് കറക്കി അവളോട്‌ ഉച്ചത്തിൽ പറഞ്ഞു
"എങ്ങോട്ടേലും ഇറങ്ങി പോടീ,, ഉറങ്ങാനും സമ്മതിക്കില്ല..... "
പുതപ്പ് വലിച്ചെറിഞ്ഞു അവൾ ഓടി. അവധി ദിവസമായിട്ട് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. അതും മഴ തിമർത്തു പെയ്യുന്ന ഈ മനോഹരമായ പുലരിയിൽ.. ജനാല വിടവിലൂടെ നനുത്ത മഴക്കാറ്റ് നുഴഞ്ഞു കേറി എന്റെ മേനിയാകെ പുണരുന്നുണ്ട്. ഹാ എത്ര മനോഹരം, പുതപ്പ് തലവഴി മൂടി തലയണ ചേർത്തു പിടിച്ചു കിടന്നു..
പുതപ്പിനു നല്ല നനവ്‌, ലവൾ ഇനി വെള്ളം കോരി തലവഴി ഒഴിച്ചോ, പുതപ്പ് മെല്ലെ മാറ്റി മേലേക്ക് നോക്കി. ഓടിൻ വിടവിലൂടെ മഴത്തുള്ളികൾ ബാലസ്റ്റിക് മിസൈൽ പോലെ എന്നെ ലക്ഷ്യമാക്കി വീഴുന്നുണ്ട്.. പുതപ്പ് വലിച്ചെറിഞ്ഞു ചാടി എണീറ്റു.
"എടിയേ ഒരു കുടമോ പാത്രമോ എന്തേലും ഒന്ന് കൊണ്ടുവാ ", കട്ടിൽ വലിച്ചു കോണിലേക്ക് നീക്കി ഇട്ടു. "നാശം പിടിച്ച മഴ, ലവളോട് ഒരു പാത്രം കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു അനക്കവുമില്ല, ഇന്ന്‌ കൊടുക്കുന്നുണ്ട് "
ലുങ്കി മടക്കി കുത്തി അടുക്കളയിലേക്ക് നടന്നു. കയ്യിൽ ചട്ടുകം പിടിച്ചു ഉച്ചത്തിൽ അവളൊരു ചോദ്യം
 " എന്താണ് ?"
അവളുടെ ആ ചോദ്യവും നിൽപ്പും കണ്ട്‌ എന്റെ ലുങ്കിയുടെ മടക്കി കുത്ത് താനേ അഴിഞ്ഞു..
"അത്,,.... മുറിയിൽ ചോരുന്നുണ്ട് "
"ചേട്ടനെ അതിനല്ലേ ഞാൻ വിളിച്ചേ, അപ്പോ എന്റെ നേരെ, എനിക്കറിയായിരുന്നു ചാടി വരുമെന്ന്, പോയി ബ്രഷ് ചെയ്തു ഫ്രഷ്‌ ആയി വരൂ, അത് ഞാൻ നോക്കിക്കോളാം ".
ഞാൻ മെല്ലെ അടുക്കള പിറകിലേക്ക് നടന്നു. മഴ തകർത്തു പെയ്യുവാണ്. മുറ്റം നിറയെ വെള്ളം നിറഞ്ഞിരിക്കുന്നു, മണ്ണടിക്കേണ്ടി വരും.. എവിടേക്ക് എങ്കിലും കറങ്ങാൻ പോവാൻ വിളിച്ചാൽ ഇവൾ വരില്ല, ഒരു വല്ലാത്ത സാധനം തന്നെ, ഓരോ പെണ്ണുങ്ങൾ ഭർത്താക്കന്മാരെ തോണ്ടി തോണ്ടി നിൽക്കുവാ എവിടേലും ഒക്കെ കറങ്ങാൻ പോവാൻ,, ഇവിടൊരുത്തി ഉണ്ട്, ഏത് നേരവും വീട് വീട്, അടുക്കള... ഹൊ, അമ്മ അന്നേ പറഞ്ഞതാ പഠിപ്പും വിവരവും ഉള്ള ഒരു പെണ്ണിനെ കെട്ടിയ മതീന്ന്, കേട്ടില്ല, പ്രേമം തലയ്ക്കു പിടിച്ചു പോയില്ലേ.... ഇന്ന്‌ ഉച്ചയ്ക്ക് എന്തായാലും ഇവളെ എങ്ങനേലും ചാക്കിട്ടു പുറത്തു പോയി ഭക്ഷണം കഴിക്കണം.... പിറു പിറുത്തു കൊണ്ട് കുറേ നേരമായി എന്റെ ബ്രഷ് നോക്കുവാ, കാണുന്നില്ല.. "എടിയേ എന്റെ ബ്രഷ് കണ്ടോ ?"
അടുക്കളയിൽ നിന്നും ഉച്ചത്തിൽ ആർത്തലിച്ചു പെയ്യുന്ന മഴയേ കീറി മുറിച്ചു " അരകല്ലിന്റെ മേലത്തെ പടിയിൽ ഇരിപ്പുണ്ട് "
ശരിയാ,, അവിടെ തന്നെ ഉണ്ട്.. കൊണ്ട് വെച്ച ഞാൻ മറന്നു, ഇവൾ ഇതെങ്ങനെ ഓടി നടക്കുന്നതിനിടയിൽ നോക്കി ഓർത്ത് വെയ്ക്കുന്നു..
കുളി കഴിഞ്ഞു ടേബിളിലേക്ക് ഇരുന്നു.. മുന്നിൽ ദോശ എത്തി.. നല്ല ചൂടുള്ള ദോശയും എരിവുള്ള ചമ്മന്തിയും, കായം മണക്കുന്ന സാമ്പാറും, മഴ മഞ്ഞിൽ ആവി പറക്കുന്ന തിളച്ച ചായയും... ഒപ്പം അരികത്തു കുളികഴിഞ്ഞു മുടിയിൽ തോർത്ത്‌ ചുറ്റി ഈറനോടെ ഭാര്യയും... ഹൊ... സ്വപ്നത്തിൽ പോലും ഇത്രയും നല്ലൊരു കോമ്പിനേഷൻ ഇല്ല....
അവളോട്‌ ചുണ്ടിൽ ചിരി ചിരിച്ചു മെല്ലെ പറഞ്ഞു " ഇന്ന്‌ ദോശ സൂപ്പർ ആയിട്ടുണ്ട്, സാമ്പാറിലെ പുളി നന്നായി ഇറങ്ങിയിട്ടുണ്ട് "
"ചേട്ടന് എന്നോട് എന്താ പറയാന്നു വെച്ചാൽ പറഞ്ഞോ "
" നമ്മൾക്ക് ഇന്ന്‌ ഉച്ചയ്ക്ക് പുറത്ത് പോയി കഴിച്ചാലോ, തൃശ്ശൂർ റൗണ്ടിന്റെ പടിഞ്ഞാറു നല്ലൊരു ഹോട്ടൽ ഉണ്ട് " നവരത്ന " '
ചേട്ടന് അപ്പോൾ ഞാൻ വെയ്ക്കുന്നത് ഒന്നും ഇഷ്ട്ടപെടുന്നില്ല അല്ലേ, ചേട്ടന് എത്ര നല്ല പെൺപിള്ളേരെ കിട്ടിയേനെ, എന്തിനാ എന്നെ...... "
" എടി ഞാൻ വെറുതെ പറഞ്ഞതല്ലേ, നമ്മൾക്ക് ഉച്ചയ്ക്ക് ഇവിടെ തന്നെ ആക്കാം "
" ചേട്ടന്റെ ആഗ്രഹം അല്ലേ, നമ്മൾക്ക് ഇന്ന്‌ വൈകിട്ട് പുറത്ത് പോയി കഴിക്കാം "
അവളുടെ ആ വാക്കിൽ നൂറ്റമ്പതു ലഡു ഒരുമിച്ചു മനസ്സിൽ പൊട്ടി... ആശ്വാസമായി.....
" ചേട്ടാ, പക്ഷേ ഒരു കാര്യമുണ്ട്,, ഇന്ന്‌ ഉച്ചഭക്ഷണം ഉണ്ടാക്കാൻ ചേട്ടൻ എന്റെ കൂടെ കൂടണം "
അവളുടെ ആ ആഗ്രഹം അംഗീകരിക്കാതെ നിവർത്തി ഇല്ല....
പച്ചക്കറി മുഴുവൻ മുന്നിലെത്തി.. മെല്ലെ മുറിച്ചു തുടങ്ങി,, ക്യാരറ്റ് പകുതിയും അരിയുന്ന കൂട്ടത്തിൽ വയറ്റിലേക്കും.
" എടിയേ, മുറിച്ചു കഴിഞ്ഞു എല്ലാം,,, ഇനി ഒന്നും ഇല്ലെല്ലോ.... "
" ചേട്ടാ, പായസം കൂടി വെയ്ക്കാം "
"ആടി, ശരി "
കയ്യിലൊരു നല്ല അടികിട്ടിയപ്പോ വെട്ടി തിരിഞ്ഞ് അവളെ നോക്കി,,
" ചേട്ടനോട് അണ്ടിപരിപ്പും മുന്തിരിങ്ങയും പിറക്കി എടുക്കാൻ അല്ലേ പറഞ്ഞേ, പിറക്കി തിന്നാൻ ആണോ,,, ഞാനിനി പായസത്തിൽ എന്തിടും.. ഒരു കാര്യം ചെയ്യ് ആ സേമിയായും പാലും കൂടി നേരെ കുടിച്ചോ, വയറ്റിൽ കിടന്നു പായസം ആവട്ടെ "
അവളുടെ ദേഷ്യം മാറ്റാൻ ഒറ്റ വഴിയേ കണ്ടോളു, അവളുടെ അടി കിട്ടിയ കയ്യ് തപ്പി പിടിച്ചു " ഹാ,, എനിക്ക് വേദനിക്കുന്നെ, വള കൊണ്ട് കയ്യ് മുറിഞ്ഞേ "
അവൾ ഓടി അരികത്തു വന്നു " ചേട്ടാ, സോറി,, കാണിച്ചേ,, മുറിഞ്ഞോ.. പോട്ടെ ചേട്ടന്റെ മോളല്ലേ.. ക്ഷമിക്ക് ".
അവളുടെ കണ്ണ് നനയുന്ന പോലെ തോന്നി.. അവളെ എന്നോട് ചേർത്തു പിടിച്ചു, മുഖം മെല്ലെ അവളുടെ ഉയർത്തി പറഞ്ഞു..
" മോളെ, മീൻ കറി തിളച്ചു തൂവുന്നുണ്ട് "
അവൾ തീ കുറച്ചു അടപ്പ് മൂടി. അവിയലിനുള്ള പാത്രം അടുപ്പിലേക്ക്‌ വെച്ചു.. അവളുടെ പിറകെ ചെന്നു അവളെ മെല്ലെ ഇടുപ്പ് വരിഞ്ഞു കെട്ടിപിടിച്ചു...
" ചേട്ടാ, അടങ്ങി നിൽക്ക് "
" നല്ല മഴയെടി "
"ചേട്ടാ, മുറ്റത്തെ തൊടിയിൽ നിന്നും രണ്ടു കാ‍ന്താരി മുളക് മുറിച്ചോണ്ടു തരാമോ... "
" എന്തിനു !!!! "
" കറിയിൽ ഇടാൻ "
"അതിനെന്താ ദാ പോന്നു "
"ചേട്ടാ കുടയെടുത്തോണ്ടു പോ "
" അതൊന്നും വേണ്ടാടി "
മഴ നനഞ്ഞു തൊടിയിൽ നിന്നും മുളക് മുറിച്ച് അടുക്കളയിലേക്ക് ഓടി കയറി.... തുണി മുഴുവൻ നിമിഷനേരം കൊണ്ട് നനഞ്ഞു കുതിർന്നു...
" ആ ചെളി മൊത്തം ചവിട്ടി കയറ്റി, ചേട്ടാ മാറിക്കേ ഞാൻ തുടയ്ക്കാം "
..
പാചകവും ഊണും ചിരിയും കളിയും നിറഞ്ഞു കഴിഞ്ഞു... ഉച്ച മയക്കത്തിൽ അവളെ മാറോടു ചേർത്തു പുണർന്നു കിടക്കുമ്പോൾ വാത്സല്യം കൊണ്ട് മനസ്സിൽ സന്തോഷം ആർത്തലച്ചു... ചില നേരങ്ങളിൽ അവൾ എന്റെ അമ്മ ആകാറുണ്ട്, മറ്റു ചില നേരങ്ങളിൽ ഞാൻ അവളുടെ അച്ഛനും....... അവളുടെ കഴുത്തുയർത്തി നെറുകയിൽ ഒരു ചുംബനം നൽകി....
" ചേട്ടാ, എനിക്കൊരു ആഗ്രഹം..... "
" എന്താ മോളെ, പറയ് "
"എനിക്കിപ്പം ചേട്ടനോടൊപ്പം മഴ നനയണം "
അവളെ രണ്ടു കയ്യുകളിൽ മേലേക്ക് എടുത്തു വെളിയിലേക്ക് നടന്നു... തിമർത്തു പെയ്യുന്ന മഴയിൽ ഞങ്ങൾ ചേർന്ന് നിന്നു... നിന്റെ ചാരെ നില്കുമ്പോളാണ് ഈ മഴയ്ക്ക് ഇത്ര സൗന്ദര്യം ഉണ്ടെന്ന് അറിയുന്നത്... എന്റെ ഉള്ളിൽ മറഞ്ഞു പോയ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും നീ എന്നെ അറിയിക്കുന്നു... ഞാനെത്ര ഭാഗ്യവാനാണ് നിന്നെ കിട്ടാൻ... മഴയുടെ വശ്യമായ ആർദ്രതയും നിന്നിലെ സ്നേഹവും.. നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ ആഘോഷിക്കുകയാണ്, നിന്റെ പിടിവാശികളും മുൻശുണ്ഠിയും........... പലപ്പോഴും കൊച്ചുകുട്ടിയെ പോലെ നിന്നോട് കുസൃതി കാട്ടാൻ എനിക്കെന്ത് ഇഷ്ടമാണെന്നോ പെണ്ണേ,, അപ്പോൾ ഒരു അമ്മയെ പോലെ നിന്നിൽ നിന്നും ഉണ്ടാവുന്ന ആ സ്നേഹം, നീ വഴക്ക് പറയുമ്പോളൊക്കെ നിന്നോട് പിണങ്ങുമെങ്കിലും ആ നിമിഷങ്ങളെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു....
" ചേട്ടാ, വൈകിട്ട് പുറത്ത് പോകണ്ടേ നമ്മൾക്ക്...??"
അവളുടെ കണ്ണുകളിൽ നോക്കി ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ചോദിച്ചു..
" പോകണോ ??"
നാണത്താൽ ഒരു ചിരി നൽകി അവൾ അവളുടെ തല എന്റെ നെഞ്ചിലേക്ക് ചേർത്തു.... ഞാൻ അവളെ മുറുകെ പൊതിഞ്ഞു പിടിച്ചു.........
മഴ തിമർത്തു പെയ്യുകയാണ്..........
- ഷിബു കൊല്ലം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot