നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാണാപ്പുറങ്ങൾ.........

കാണാപ്പുറങ്ങൾ.........
" താരദമ്പതികളുടെ സുമനസ്സിൽ, സിദ്ധാർത്ഥിനിത് പുതുജൻമം"
സ്ത്രീ മാസികയുടെ തലക്കെട്ട്, ഒപ്പം 8 വയസുകാരൻ സിദ്ധാർത്ഥിനെ ചേർത്തു പിടിച്ചിരിക്കുന്ന പ്രശസ്ത സംവിധായകൻ ശിവറാം മേനോനും നടി ശ്രീഭദ്രയും .
ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടു നിർന്നിമേഷയായി ഞാനിരുന്നു. സിദ്ധു, തന്റെ പൊന്നു മോൻ. അവനെ ഒന്നു കണ്ടിട്ട് ഇപ്പോൾ അഞ്ചു മാസം ആയിരിക്കുന്നു. അവസാനമായി കാണുമ്പോൾ ക്ഷീണിച്ചു തളർന്ന്, എല്ലുന്തി, പകുതി മയക്കത്തിലായിരുന്നു അവൻ. ഇപ്പോൾ നന്നായിരിക്കുന്നു . ആ പഴയ ഓജസ്സും തേജസും അവന് തിരിച്ചു കിട്ടിയ പോലെ.ലേഖിക തിരിച്ചും മറിച്ചും വിശേഷങ്ങൾ ചോദിക്കുന്നു, ശിവറാമും ഭദ്രയും എവിടെയും തൊടാത്ത സേഫായ' ഉത്തരങ്ങൾ നൽകുന്നു .
ലേഖികയുടെ പ്രധാന ചോദ്യം ഭദ്രയോട് :
"ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മകനെ ഇത്തരം ഒരു സാഹചര്യത്തിൽ സ്വീകരിക്കേണ്ടി വന്നപ്പോൾ മാഡത്തിന്റെ നിലപാട് എന്തായിരുന്നു?"
വ്യക്തമായ ഉത്തരം ;
" ശിവ ഒരു ഡിവോഴ്സി ആണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ വിവാഹം കഴിച്ചത്. അന്നു തന്നെ മോനെ ഞങ്ങളോടൊപ്പം കൂട്ടാൻ ഞങ്ങൾ തയ്യാറായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അന്നവർ അതിന് ഒരുക്കമായിരുന്നില്ല. കഴിഞ്ഞ നാലു വർഷം മോനെ ഒന്ന് കാണാൻ പോലും ഇദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. പക്ഷേ, ഒരു രോഗം വന്നപ്പോൾ കുട്ടിയെ ഞങ്ങളെ ഏൽപ്പിക്കുകയായിരുന്നു. ഒരവകാശത്തിനും വരില്ലെന്ന് ഒപ്പിട്ട് തന്ന് പോകുമ്പോൾ ഒരു തുള്ളി കണ്ണീർ പോലും അവർ പൊഴിച്ചില്ല. ഒരമ്മയ്ക്ക് ഇതിനെല്ലാം കഴിയുമോ എന്ന് എനിക്കറിയില്ല.
പ്രസവിച്ചില്ലെങ്കിലും സിദ്ധു എന്റെ മകനാണ്. എന്തു വില കൊടുത്തും ഇവന്റെ ജീവൻ രക്ഷിക്കണമെന്ന് ഞാൻ ശിവയോട് ആവശ്യപ്പെടുകയായിരുന്നു."
ഇത് വായിക്കുമ്പോൾ എന്റെ മനസ് അഞ്ചുമാസം മാസം മുൻപ് താൻ ചെന്നൈയിലെ അവരുടെ ബംഗ്ലാവിന് മുന്നിൽ ഒരു യാചകരെപ്പോലെ നിന്ന ദിവസമായിരുന്നു.
വിസിറ്റർ ഉണ്ടെന്ന് ജോലിക്കാരി ചെന്ന് പറഞ്ഞപ്പോൾ ഇറങ്ങി വന്നത് അദ്ദേഹമായിരുന്നു, ശിവേട്ടൻ, അല്ല, പ്രശസ്ത സംവിധായകൻ ശിവറാം മേനോൻ. തന്നെക്കണ്ടതും അദ്ദേഹത്തിന്റെ മുഖം വിളറി. ഞെട്ടൽ മറച്ചു പിടിച്ച് അദ്ദേഹം തിരക്കി.
" ഹും, എന്തേ വന്നത്? നിന്റെ ശാപം പോലെ എന്റെ ജീവിതം തകർന്നോ എന്ന് അറിയാനോ? "
ഞാൻ അദ്ദേഹത്തെ തന്നെ നോക്കി നിന്നു ഒരു നിമിഷം.
നാലു വർഷം. ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഒറ്റപ്പാലത്തെ പത്രം ഏജൻറ് ശിവൻകുട്ടി എന്ന തന്റെ മുൻ ഭർത്താവ്, കൈ വച്ച സിനിമകളെല്ലാം വൻ വിജയമാക്കിയ ശിവറാം മേനോൻ എന്ന സംവിധായകനിലേക്കു വളർന്നതിന്റെ ആഢ്യത്വവും പ്രൗഢിയും അദ്ദേഹത്തിൽ തെളിഞ്ഞു കാണാം.അദ്ദേഹം പറഞ്ഞത് ശരിയാണ്. അവസാനമായി കോടതി വരാന്തയിൽ വെച്ച് കണ്ടപ്പോൾ തന്റെ നാവിൽ നിന്നുതിർന്ന ശാപവാക്കുകൾ തന്നെയായിരുന്നു അത്. അന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച് അവളുണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ ഭാഗ്യ നായിക, ശ്രീഭദ്ര.
കൊച്ചു കൊച്ചു കഥകളും കവിതകളും കുത്തിക്കുറിയ്ക്കുമായിരുന്ന ശിവേട്ടൻ ഒരിക്കൽ പരിചയപ്പെട്ട സംവിധായകനിലൂടെ കിട്ടിയ അവസരം , തിരക്കഥയെഴുതാൻ. ആദ്യ സിനിമ തന്നെ വിജയമായപ്പോൾ , ഉയരങ്ങളിലെത്താൻ മറ്റാരെയും പോലെ അദ്ദേഹവും ആഗ്രഹിച്ചു. കൈ പിടിച്ചുയർത്താൻ ഒരു ഗോഡ് ഫാദർ അത്യാവശ്യമുള്ള സിനിമാലോകത്ത്, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന ഒരു നടിയുടെ പ്രണയത്തിനു മുന്നിൽ , വെറും പത്താം 'ക്ലാസ് വിദ്യാഭ്യാസവും ശരാശരിയിൽ താഴെ സൗന്ദര്യവുമുള്ള ഭാര്യ തോറ്റു പോയി.
നാലു വയസുകാരനായ മകനെ ചേർത്ത് പിടിച്ച് കോടതിയിൽ നിന്നിറങ്ങുമ്പോൾ, തന്റെ നേർക്ക് ലക്ഷങ്ങൾ തുകയെഴുതിയ ഒരു ചെക്ക് വച്ചു നീട്ടിയവളുടെ അഹന്തയുടെ നേർക്ക് കാറിത്തുപ്പിക്കൊണ്ട് താൻ ഉരുവിട്ട വാക്കുകൾ:
" സ്വന്തം ഭർത്താവിനെ വിട്ടു തന്നതിന്റെ കൂലിയാണോ ഇത്? അന്തസ്സുള്ള പെണ്ണിന്റെ ആത്മാഭിമാനത്തിന് വിലയിടാൻ നീ അഴിഞ്ഞാടി ഉണ്ടാക്കിയ പണവും പ്രശസ്തിയും മതിയാവാതെ വരും. എനിക്കെന്റെ മോനെ വളർത്താൻ നിങ്ങളുടെ പിച്ചക്കാശ് വേണ്ട.
ഇതൊന്നും കണ്ട് നിങ്ങൾ അഹങ്കരിക്കണ്ട. ഈ പേരും പ്രശസ്തിയും ഒന്നും ഇല്ലാതാകുന്ന ഒരു കാലം വരും. അന്നു ഇവൾ നിങ്ങൾക്കൊപ്പം ഉണ്ടായെന്നു വരില്ല."
" ചോദിച്ചത് കേട്ടില്ലേ, ആരെങ്കിലും പറഞ്ഞ് അറിഞ്ഞാണോ വന്നതെന്ന്?"
അദ്ദേഹത്തിന്റെ മുഖത്ത് അന്നു കണ്ട അതേ ധാർഷ്ട്യം.
" അല്ല, ഞാൻ തോറ്റു പോയി എന്നു പറയാനാണ് ഞാൻ വന്നത്. "
തന്റെ ശബ്ദം നന്നേ പതിഞ്ഞിരുന്നു.
"അന്നു പിരിഞ്ഞതിന് ശേഷം ബിജുവിന്റെ റബ്ബർ ബാന്റ് ഫാക്ടറിയിൽ ജോലിക്ക് പോയായിരുന്നു ഞാൻ ജീവിച്ചത്. ഭർത്താവുപേക്ഷിച്ച പെണ്ണും അവളുടെ കുട്ടിയും വീട്ടുകാർക്കും ബന്ധുക്കൾക്കൾക്കും ഭാരമാകും എന്നറിയാവുന്നത് കൊണ്ടു തന്നെ അവരെ ബുദ്ധിമുട്ടിച്ചില്ല. അല്ലെങ്കിലും നഷ്ടപരിഹാരമായിക്കിട്ടിയ വൻ തുക വലിച്ചെറിഞ്ഞ അഹങ്കാരിയെ ആര് പിന്തുണക്കാൻ . ഞങ്ങൾക്ക് ജീവിയ്ക്കാൻ ഉള്ളത് എന്റെ ജോലിയിൽ നിന്ന് കിട്ടുന്നുണ്ടായിരുന്നു. പക്ഷേ; "
ഞാൻ അദ്ധോക്തിയിൽ നിർത്തി.
"പക്ഷേ ?" '
അദ്ദേഹത്തിന്റെസ്വരം കടുത്തു.
ഒന്നു ശങ്കിച്ച് ഞാൻ തുടർന്നു ,
" പക്ഷേ, കാലം തോൽപ്പിച്ചത് എന്നെയാണ്. മോന്റെ അസുഖത്തിന്റെ രൂപത്തിൽ. കുറച്ചു ദിവസമായി മോന് വിട്ടുമാറാത്ത തലവേദന. കുറെ ഡോക്ടർമാരെ കാണിച്ചു. പിന്നെയാണ് അറിഞ്ഞത് അവന് ബ്രയിൻ ട്യൂമർ ആണെന്ന്."
തന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.
അദ്ദേഹം ഒന്നു ഞെട്ടിയ പോലെ തോന്നി.
" എന്നിട്ട്.. "
ആ ശബ്ദവും പതറി.
" പറ്റാവുന്നയിടത്തു നിന്നൊക്കെ കടം വാങ്ങി , അറിയാവുന്നവരൊക്കെ സഹായിച്ചു. ഇപ്പോൾ ഡോക്ടർ പറയുന്നു ഒരു ഓപ്പറേഷൻ ചെയ്താൽ രക്ഷപ്പെടുത്താം എന്ന്. ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ പ്രവീൺ എന്നൊരു ഡോക്ടറുണ്ട് , അദ്ദേഹത്തിന് കത്ത് തരാമെന്ന്. പക്ഷേ , പത്തു ലക്ഷം രൂപയെങ്കിലും വരും മൊത്തം ചികിൽസക്ക് എന്ന്.
എനിക്ക് അതിനുള്ള കഴിവില്ല. എന്റെ മോനെ അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടുകൊടുക്കാൻ വയ്യ. എല്ലാവരും പറയുന്നു നിങ്ങൾക്ക് ഇതൊരു നിസാര തുക മാത്രമാണെന്ന്. മോൻ എന്നോട് ചോദിച്ചു, എന്റെ അച്ഛൻ അറിഞ്ഞാൽ എന്നെ രക്ഷിക്കില്ലെ എന്ന്. അമ്മയ്ക്കുണ്ടായ അപമാനത്തെപ്പറ്റി പറഞ്ഞാൽ മനസ്സിലാവാനുള്ള അറിവ് ഒരു എട്ടു വയസുകാരനില്ലല്ലോ. "
കരഞ്ഞു പോയിരുന്നു ഞാൻ.
"ഓഹോ, അപ്പോ പണമായിരുന്നു ഉദ്ദേശം അല്ലേ?"
എല്ലാം കേട്ടുകൊണ്ട് മുകളിലെ ബാൽക്കണിയിൽ ഭദ്ര.
ഞാൻ അറിയാതെ തന്നെ ഇരുന്നിടത്തു നിന്ന് എണീറ്റു. അവർ കോണിപ്പടികൾ ചാടി ഇറങ്ങി വന്ന് എന്റെ മുന്നിൽ നിന്ന് ചീറി.
" ഞാൻ അഴിഞ്ഞാടി ഉണ്ടാക്കിയ പണമാണ്. അറപ്പ് തോന്നില്ലേ ഇപ്പോൾ നിനക്കതിനോട് ?"
പരിഹാസം കലർന്ന സ്വരം.
" അന്നു ചെയ്തതിനും പറഞ്ഞതിനും എല്ലാം മാപ്പ്. കാലു പിടിക്കണമെങ്കിൽ അതുമാവാം. സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും താഴാൻ തയ്യാറുള്ള ഒരു സാധാരണക്കാരി അമ്മ മാത്രമാണ് ഞാനിപ്പോൾ ".
ഞാനവളുടെ മുമ്പിൽ വിതുമ്പി.
"ശിവ ഒന്നിങ്ങോട്ട് വന്നേ."
അവൾ അദ്ദേഹത്തെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി. അകത്ത് നിന്നും അവരുടെ വാഗ്വാദങ്ങൾ കേൾക്കാമായിരുന്നു . ഒന്നും വേണ്ടെന്ന് വച്ച് ഇറങ്ങിപ്പോരാൻ കഴിയാത്ത ഗതികേടിനെ ശപിച്ചു കൊണ്ട് ഞാനവിടെ നിന്നുരുകി.
അൽപ്പം കഴിഞ്ഞപ്പോൾ അവർ ഇറങ്ങി വന്നു. അദ്ദേഹമാണ് സംസാരിച്ചത്.
" സുമേ, മോനെ ഇവിടെ കൊണ്ടുവന്ന് ചികിൽസിക്കാൻ ഞങ്ങൾ തയ്യാറാണ്. ഡോക്ടർ പ്രവീൺ ഞങ്ങളുടെ സുഹൃത്താണ്. പക്ഷേ, ഭദ്രയ്ക്ക് ഒരു ഡിമാന്റുണ്ട്."
" എന്താ , എന്താണെങ്കിലും അംഗീകരിക്കാൻ ഞാൻ തയ്യാറാണ്."
ഞാൻ തിടുക്കം കൂട്ടി.
" സിദ്ധുവിനെ നീ രേഖാമൂലം എനിക്ക് വിട്ടുതരണം. അവനെ കാണാനോ അവന്റെ മേൽ ഒരവകാശവും പറഞ്ഞ് വരാനോ പാടില്ല . സമ്മതമാണെങ്കിൽ നാളത്തെ ഫ്ലൈറ്റിൽ മോനെ കൊണ്ടുവരും."
ഞാൻ ശബ്ദം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു.
" ഇവിടെ ഹോസ്പിറ്റലിൽ അമ്മയെയും മോനെയും കാണാൻ അച്ഛന്റെ പോക്കും രണ്ടു പേരും ചേർന്നുള്ള ശുശ്രൂഷയും ഒന്നും പറ്റില്ല. അത് വർത്തയാവും. എന്റെ ഇമേജിനെ അത് ബാധിക്കും."
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
അവളുടെ മനസ്സ് എനിക്ക് കാണാമായിരുന്നു.
" മാഡം വിഷമിക്കണ്ട. ഒരിക്കൽ എന്നെ പെരുവഴിയിൽ ഉപേക്ഷിച്ചവനെ വീണ്ടും സ്വീകരിക്കാൻ ഞാനത്രയ്ക്ക് അധ:പതിച്ചിട്ടില്ല. പിന്നെ മോന് വേണ്ടി വിട്ടു വീഴ്ച ചെയ്യേണ്ടി വരുമോ എന്നുള്ള ഭയം. ഇല്ലാ, ഞാൻ നിങ്ങൾക്കിടയിൽ വരില്ല, ഒരിക്കലും. നിങ്ങൾ പറഞ്ഞത് പോലെ എനിക്ക് സമ്മതം."
എന്റെ വാക്കുകൾ ശക്തമായിരുന്നു.
ഇന്റർവ്യൂവിൽ അവൾ പറഞ്ഞത് സത്യമായിരുന്നു. പിറ്റേ ദിവസം അവർ ഹോസ്പിറ്റലിൽ വന്നപ്പോൾ അവരുടെ വക്കീൽ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു കൊടുത്തപ്പോഴും മരുന്നിന്റെ ഡോസു കൊണ്ട് മയക്കത്തിലായിരുന്ന മോന്റെ നെറ്റിയിൽ ഒരുമ്മ നൽകി യാത്രയാക്കിയപ്പോഴും ഞാൻ കരഞ്ഞില്ല. ഉള്ളിൽ നിന്ന് ഉയർന്നു വന്ന പിടച്ചിൽ കടിച്ചമർത്തിക്കൊണ്ട് എന്റെ മോന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചതേ ഉള്ളൂ.
മനോഹരമായ ഒരു വാചകത്തോടു കൂടെ ലേഖിക ഇൻറർവ്യൂ അവസാനിപ്പിച്ചിരിക്കുന്നു.
" മലയാള സിനിമയ്ക്ക് ഒരുപാട് മാതൃകാ സ്ത്രീകഥാപാത്രങ്ങളെ നൽകിയ ശ്രീഭദ്ര, ജീവിതത്തിലും മാതൃകയാവുന്നു. സ്വന്തം അമ്മ പോലും തള്ളിക്കളഞ്ഞ സിദ്ധു, ഈ അമ്മക്കിളിയുടെ ചിറകിനടിയിൽ സന്തോഷവാനും സംതൃപ്തനുമാണെന്ന് ഈ കുരുന്നിന്റെ മുഖത്തെ മായാത്ത ചിരി തന്നെ തെളിവ്".
മാസിക അടച്ചു വെച്ച് ഞാൻ കണ്ണുകളടച്ച് മേശപ്പുറത്തേക്ക് തല വെച്ചു.
എനിക്കറിയാം. എന്നോടുള്ള വൈരാഗ്യം മൂലം നിങ്ങൾ അവന്റെ മനസ്സിലും വിഷം കുത്തി വെക്കും. അവനും എന്നെ തള്ളിപ്പറഞ്ഞേക്കാം. ലോകം മുഴുവനും എന്നെ കുറ്റപ്പെടുത്തിയേക്കാം. എങ്കിലും, എന്റെ മകൻ അവിടെ സുരക്ഷിതനാണെന്ന് ഉറപ്പുള്ളിടത്തോളം ഞാൻ മൗനം ഭജിക്കും. കാരണം, എനിക്കറിയാം എന്റെ മൗനത്തിന് വിലയുണ്ടെന്ന്. എന്റെ മകന്റെ ജീവന്റെ വില .....
ജെയ്നി ടിജു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot