ദി തിയറി ഓഫ് എ മര്‍ഡര്‍
************************************
************************************
ഓരോ യാത്രകളും സ്വന്തം ഉള്ളിലേക്ക് ഉള്ള യാത്രകള്‍ തന്നെയാണ് .ഓരോ യാത്രയും നാം അറിയാത്ത ഏതോ ലക്ഷ്യം നമ്മുക്കായി കരുതിവയ്ക്കുന്നു. ആരാണ് അങ്ങനെ പറഞ്ഞത് ?
റൂമി ?
അതോ ഓര്‍വെല്‍?
ഉള്ളില്‍ ,അത് പറഞ്ഞയാള്‍ ആരെന്നു തിരയവേ ഓട്ടോ കോട്ടയം കെ.എസ്.ആര്‍.റ്റി.സി ബസ് സ്ടാന്റിനു മുന്നില്‍ നിന്നു.
അടഞ്ഞു കിടക്കുന്ന ആര്‍ക്കെഡിയ ബാര്‍ പഴയ ഏതോ രാത്രികളെയും പരിചിത മുഖങ്ങളെയും ഓര്‍മ്മയുടെ മങ്ങിയ താളുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു..കുറച്ചു ദൂരെ കല്യാണ്‍ സില്‍ക്സിന്റെ ദീപാലങ്കാരങ്ങള്‍.
അടഞ്ഞു കിടക്കുന്ന ആര്‍ക്കെഡിയ ബാര്‍ പഴയ ഏതോ രാത്രികളെയും പരിചിത മുഖങ്ങളെയും ഓര്‍മ്മയുടെ മങ്ങിയ താളുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു..കുറച്ചു ദൂരെ കല്യാണ്‍ സില്‍ക്സിന്റെ ദീപാലങ്കാരങ്ങള്‍.
മഴ പെയ്യുന്നു.
നഗര രാത്രികള്‍ ഓര്‍മ്മകളുടെ ബുക്ക് മാര്‍ക്കുകള്‍ പോലെയാണ്.എന്നാണ് ഞാന്‍ ഇവിടെ അവസാനം വന്നത് ?
“സാറേ കുമളി വണ്ടി കിടപ്പുണ്ട് .ഇപ്പൊ പോകും.” ഓട്ടോക്കാരന്റെ മുന്നറിയിപ്പ്.
മഴ ചിതറിച്ചു കൊണ്ട് കുമളി വണ്ടിയുടെ മഞ്ഞ ഹെഡ് ലൈറ്റ് മിന്നി.വണ്ടി പുറപ്പെടാന്‍ ഒരുങ്ങുകയാണ്.
ഓടിച്ചെന്നു കയറി..
രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സ്ത്രീകളുടെ മാത്രം സീറ്റില്‍ ,ഒന്നില്‍, ഒരു യുവതി മാത്രം ഇരിക്കുന്നു.മര്യാദ കൊണ്ടാണോ അതോ സ്ത്രീകളുടെ സമീപം ഇരിക്കാന്‍ ഉള്ള മടി കൊണ്ടാണോ ആരും അവിടെ ഇരിക്കുന്നില്ല.
ബസ് മുന്‍പോട്ട് നീങ്ങിത്തുടങ്ങി.
എനിക്ക് അത്ര മര്യാദ ഇല്ല.പോരാത്തതിന് ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും.പിന്നെ ഒരു വലിയ യാത്രയുടെ ക്ഷീണവും.കുമളി വരെ നില്‍ക്കുന്നത് ആലോചിക്കാന്‍ വയ്യ.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ വരുന്നത് “ഫോള്‍ട്ട് ഇന്‍ ഔവര്‍ സ്റാര്‍സില്‍ “ ജോണ്‍ഗ്രീന്‍ എഴുതിയ വരികളാണ്.
“ഒരു സമയം വരും.നീയും ഞാനും മരിക്കും.നമ്മളെല്ലാം മരിക്കും.മനുഷ്യര്‍ എല്ലാം ഭൂമുഖത്ത് നിന്ന് മറയുന്ന ഒരു ദിവസം.ആരും ആരെയും ഒന്നിനെയും ഓര്‍ക്കാന്‍ ബാക്കിയാവാന്‍ ഇല്ലാത്ത ദിവസം.”
ഒബ്ലിവിയന്‍.എല്ലാം വ്യര്‍ത്ഥമാകുന്ന ദിവസം.
ശരിയല്ലേ?അങ്ങിനെ ഒരു ദിവസം വരാം.അത് ചിലപ്പോ ഇന്നാകം.ചിലപ്പോ നാളെ ആകാം.അതുമല്ലെങ്കില്‍ ആയിരം കൊല്ലത്തിനു ശേഷം.
അപ്പൊ പിന്നെ എന്തിനെ നാം ഭയപ്പെടണം?എന്തിന് മടിക്കണം.?
അപ്പൊ പിന്നെ എന്തിനെ നാം ഭയപ്പെടണം?എന്തിന് മടിക്കണം.?
ആ ദിവസം ഈ തനിച്ചിരിക്കുന്ന യുവതി ഉണ്ടാവില്ല.ഞാന്‍ ഉണ്ടാവില്ല.ഈ തടിച്ച ബാഗും അതിനുള്ളില്‍ മറ്റ് വസ്തുക്കള്‍ക്കൊപ്പം എനിക്ക് ധൈര്യം പകരുന്ന “ജാക്ക് ഡാനിയല്‍സ്” എന്ന മദ്യവും ഉണ്ടാവില്ല.ഈ ബസും ഉണ്ടാവില്ല.കോട്ടയവും കുമളിയും ഉണ്ടാവില്ല.
ഞാന്‍ അവരുടെ അരികില്‍ ഇരുന്നു.
“പക്ഷെ ജാക്ക് ഡാനിയല്‍സ് നശിക്കാതിരിക്കട്ടെ”
ഉള്ളില്‍ നിന്ന് ഉയര്‍ന്ന ചിന്തക്ക് അല്പം ശബ്ദം കൂടിപ്പോയി.
അടുത്തു പതുങ്ങി ഇരുന്ന യുവതി തല ഉയര്‍ത്തി എന്നെ നോക്കി.
മെറൂണ്‍ നിറമുള്ള മഫ്ലര്‍ കൊണ്ട് അവള്‍ തല മൂടിയിരിക്കുന്നു.നെറ്റിയിലേക്ക് പാറിവീഴുന്ന മുടിയിഴകള്‍.കറുത്ത കണ്ണുകളിലെ കൃഷണമണികള്‍ ഒരു നിമിഷം വട്ടം കറങ്ങി.
മെറൂണ്‍ നിറമുള്ള മഫ്ലര്‍ കൊണ്ട് അവള്‍ തല മൂടിയിരിക്കുന്നു.നെറ്റിയിലേക്ക് പാറിവീഴുന്ന മുടിയിഴകള്‍.കറുത്ത കണ്ണുകളിലെ കൃഷണമണികള്‍ ഒരു നിമിഷം വട്ടം കറങ്ങി.
അവളുടെ കണ്ണുകളില്‍ പരിചിതമായ എന്തോ ഒന്ന്.
അവള്‍ ഷട്ടര്‍ ഉയര്‍ത്തുന്നു.പുറത്തു നിന്ന് കാത്തു നിന്നത് പോലെ മഴ അകത്തേക്ക് ചീറ്റി.ഷട്ടര്‍ താഴെ വീണു.അവളുടെ മുഖം നനഞ്ഞു.എന്റെയും.
അവള്‍ ബസ്സിന്റെ പുറകിലേക്ക് പാളി നോക്കുന്നു.ഞാനും വെറുതെ നോക്കി.
മഞ്ഞ വെളിച്ചത്തില്‍ ,നിര്‍വികാര മുഖങ്ങളുമായി ഉറക്കം തൂങ്ങിയിരിക്കുന്ന യാത്രികര്‍ മെഴുകുപ്രതിമകളെ പോലെ തോന്നിക്കുന്നു.ചളിപിടിച്ച കറുത്ത ടിക്കറ്റ് ബാഗിന് മേല്‍ തടവുന്ന കണ്ടക്ടറുടെ വിരലുകള്‍...അവിടവിടെ തെളിഞ്ഞു നില്‍ക്കുന്ന മൊബൈലിന്റെ വെളുത്ത ചതുര വെട്ടങ്ങള്‍..ഏതോ പാതിരാത്രി സ്വപ്നത്തിന്റെ പൊട്ടും പൊടിയും ആ ബസ്സില്‍ ചിതറി കിടക്കുന്നത് പോലെ എനിക്ക് തോന്നി.ആരും ആരെയും നോക്കുന്നില്ല.ആരും ആരോടും മിണ്ടുന്നില്ല.
അവള്‍ ആരെയോ നോക്കുന്നത് പോലെ.അവളുടെ കണ്ണില്‍ ഭയം.
അവള്‍ വേഗം തിരിഞ്ഞു ,മഫ്ലര്‍ എടുത്തു മുഖം തുടച്ചു.വണ്ടി സ്ലോ ചെയ്യുന്നു.ഏതോ സ്റ്റോപ്പ് ആയി.മണര്‍കാട് പള്ളിയുടെ കുരിശടിയുടെ വെട്ടം.അവള്‍ ഷട്ടര്‍ പൊക്കി പുറത്തേക്ക് നോക്കുന്നു.
അവളില്‍ നിന്ന് അതിപരിചിതമായ ഏതോ ഗന്ധം ഉയരുന്നു.അത് എന്തിന്റെയാണ്?തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
“നിങ്ങള്‍ കുമളിക്കാണോ ?”
പൊടുന്നനെ അവളുടെ ശബ്ദം.
അപ്പോള്‍ മനസ്സിലായി.അവള്‍ തനിച്ചാണ്.ഈ രാത്രിയില്‍ ,അവള്‍ തനിച്ചു എങ്ങോട്ട് പോവുകയാണ്?
“അതെ.”ഞാന്‍ പറഞ്ഞു.
“കുമളിക്കാണോ?”ഞാന്‍ ചോദിച്ചു.മഴ പെയ്യുന്ന ഈ രാത്രിവഴിയില്‍ ജാക്ക് ഡാനിയല്‍സ് എന്നെ ഉപചാരപൂര്‍വ്വം സംസാരിക്കാന്‍ പഠിപ്പിക്കുന്നു.
അവള്‍ അതിനു തലയാട്ടാന്‍ തുടങ്ങവേ അവളുടെ കണ്ണില്‍ ഒരു പരിഭ്രമം തെളിയുന്നത് ഞാന്‍ കണ്ടു.ഞാന്‍ റോഡിലേക്ക് നോക്കി.
റോഡിനു അരികില്‍ ഒതുക്കി ഇട്ടിരിക്കുന്ന പോലീസ് ജീപ്പ്.അവര്‍ കൈകാണിക്കുന്നു.വണ്ടി നില്‍ക്കുന്നു.
“എന്നെ രക്ഷിക്കണം.അവര്‍ക്ക് എന്നെ വിട്ടു കൊടുക്കരുത്.നിങ്ങളുടെ ഭാര്യ ആണെന്ന് പറഞ്ഞാല്‍ മതി.”
ഒറ്റ ശ്വാസത്തില്‍ അത് പറഞ്ഞതും അവള്‍ മഫ്ളര്‍ തലയിലൂടെ മൂടി എന്റെ മടിയില്‍ തലവച്ചു പതുങ്ങി.കാക്കിധാരികള്‍ ബസ്സിനുള്ളില്‍ കയറി.ഒരു ടോര്‍ച്ചുമായി രണ്ടു പോലീസുകാര്‍ തിരയുകയാണ്.
ഞാന്‍ കുനിഞ്ഞു ബാഗ് വേഗം തുറന്നു ജാക്ക് ഡാനിയല്‍സ് ഒരു കവിള്‍ കുടിച്ചു.കുനിഞ്ഞപ്പോള്‍ എന്റെ മുഖം അവളുടെ ദേഹത്ത് സ്പര്‍ശിച്ചു. ആ നിമിഷം അവളുടെ ശരീരത്തില്‍ നിന്നുയര്‍ന്ന ഗന്ധം ഞാന്‍ തിരിച്ചറിഞ്ഞു.അത് രക്തത്തിന്റെ ഗന്ധമാണ്.
ഇത് രസകരമായ ഒരു സിറ്റുവേഷനാണ്.ഈ യുവതി ആരാണ്?ആരെയോ കൊന്നിട്ട് രക്ഷപെടുന്ന സ്ത്രീയാണോ ഇവള്‍?എങ്കില്‍ എനിക്ക് ഇവളെ രക്ഷിക്കണം.കാരണമുണ്ട്.
തിയറി ഓഫ് മര്‍ഡര്‍.
കൊലപാതകങ്ങളുടെ സിദ്ധാന്തം.അതിനു പിന്നില്‍ ഉള്ള മാനസിക കാരണം.
കരച്ചില്‍ വരുമ്പോള്‍ മനുഷ്യന്‍ കരയുന്നു.ചിരി വരുമ്പോള്‍ ചിരിക്കുന്നു.കണ്ണ് ചിമ്മേണ്ടപ്പോള്‍ തനിയെ ചിമ്മുന്നു.ഉള്ളിന്റെ ഉള്ളിലെ,അബോധ മനസ്സില്‍ നിന്ന് വരുന്ന പ്രേരണകളാണ് മനുഷ്യനെ എല്ലാം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്.നിങ്ങളുടെ ശരീരത്തില്‍ മുറിവ് ഉണ്ടാകുബോള്‍ ആ പ്രേരണ മൂലം അത് തനിയെ കരിയുന്നു.അങ്ങിനെയുള്ള ഏതോ കറുത്ത പ്രേരണ മൂലം അബോധമനസ്സിലെ കാടുകളില്‍ കാട്ടുതീ പടരുമ്പോള്‍ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നു.
എങ്ങിനെയാണ് ആ തീ ഉണ്ടാകുന്നത് ?അത് സൈക്കോളജിക്ക് ഇപ്പോഴും അജ്ഞാതമാണ്.എന്റെ ഗവേഷണ വിഷയവും അത് തന്നെയാണ്.
ഞാന്‍ മൊബൈല്‍ ഫോണില്‍ പാട്ട് ഓണ്‍ ചെയ്തു ഇയര്‍ ഫോണുകള്‍ ചെവിയില്‍ വച്ചു.ആ പാട്ടിന്റെ താളത്തില്‍ തലയാട്ടിക്കൊണ്ടിരുന്നു.ഒപ്പം എന്റെ കൈകകള്‍ അവളുടെ ശിരസ്സിന്റെ മുകളില്‍ താളം വച്ചു കൊണ്ടിരുന്നു.കാമുകിയോടൊപ്പം രാത്രി വണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു റൊമാന്റിക്ക് നായകനാണ് ഇപ്പോള്‍ ഞാന്‍.
അത് അരിയാനാ ഗ്രാന്‍ഡിന്റെ ഏറ്റവും ഹിറ്റ് ആയ ഒരു ഇംഗ്ലിഷ് പോപ്പ് ഗാനമാണ്.ആല്‍ബത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല
.
“ഐ ഹാവ് ബീന്‍ ഹിയര്‍ ഓള്‍ നൈറ്റ്..
ഐ ഹാവ് ബീന്‍ ദെയര്‍ ആള്‍ ഡേ...
ആന്‍ഡ് ബോയ് ഗോട്ട് മീ വാക്കിംഗ് സൈഡ് ടൂ സൈഡ്...”
.
“ഐ ഹാവ് ബീന്‍ ഹിയര്‍ ഓള്‍ നൈറ്റ്..
ഐ ഹാവ് ബീന്‍ ദെയര്‍ ആള്‍ ഡേ...
ആന്‍ഡ് ബോയ് ഗോട്ട് മീ വാക്കിംഗ് സൈഡ് ടൂ സൈഡ്...”
പോലീസ്കാരന്റെ ടോര്‍ച്ചു വെളിച്ചം എന്റെ മുഖത്ത് വീണു.സ്ഥലം എസ്.ഐ ആണ്.അപ്പോള്‍ കേസ് പ്രമാദമാണ്.
ഞാന്‍ ഇയര്‍ ഫോണ്‍ ഊരി അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു.അപ്പോഴാണ് അയാള്‍ എന്നെ തിരിച്ചറിഞ്ഞത്.
“ആഹാ സാര്‍ ആയിരുന്നോ ...നടക്കട്ടെ..നടക്കട്ടെ..”
അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്താ സുമോദെ കേസ്...?”
“ഒരാളെ തപ്പുവാ സാറേ...”അയാളുടെ ഫോണ്‍ ബെല്ലടിച്ചു.
“അല്പം തിരക്കിലാ സാറെ..പിന്നെ കാണാം.”അയാള്‍ ഫോണുമായി പുറത്തേക്ക് പോയി.
പോലീസുകാര്‍ പോയതിനു ശേഷം വണ്ടി വീണ്ടും മുന്നോട്ട് എടുത്തു.പുറത്തു മഴ തുടരുന്നു.ചെവിയില്‍ വീണ്ടും അരിയാനാ..
അല്പം കഴിഞ്ഞപ്പോള്‍ അവള്‍ തല പൊക്കി.
“താങ്ക്സ്..”അവള്‍ പറഞ്ഞു.
ഞാന്‍ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി.
“നിങ്ങള്‍ പോലീസുകാരന്‍ ആണോ ?”അവള്‍ സംശയത്തോടെ തല ചരിച്ചു എന്നെ നോക്കുന്നു.അപ്പോള്‍ എനിക്ക് ആ ആല്‍ബത്തിന്റെ പേര് ഓര്‍മ്മവന്നു.
ഡേയ്ഞ്ചറസ് വുമന്‍.
“ഞാന്‍ ഒരു ഡോക്ടറാണ്.പോലീസ്കാര്‍ക്ക് വേണ്ടിയും ജോലി ചെയ്യാറുണ്ട്.അവര്‍ക്ക് എന്നെ അറിയാം.”
ഞാന്‍ പറഞ്ഞു.
“നിങ്ങളെ കണ്ടിട്ട് ഒരു വഷളന്‍ ആണെന്നു തോന്നിയില്ല.പക്ഷെ ആ പോലീസുകാരന്റെ സംസാരത്തില്‍ അങ്ങനെ തോന്നി.”
അവള്‍ എന്നെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.
“എനിക്ക് അത്ര നല്ല ഇമേജ് ഒന്നുമില്ല.അത് കൊണ്ട് നിങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു.”
ഞാന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..അവളുടെ കണ്ണുകളിലെ തിളക്കം എന്താണ്?
എന്റെ നോട്ടം മനസ്സിലാക്കി അവള്‍ പറഞ്ഞു തുടങ്ങി.
“ഇന്ന് എന്നെ കോടതിയില്‍ കൊണ്ട് പോകുന്ന വഴി ഞാന്‍ പോലീസിനെ വെട്ടിച്ചു രക്ഷപെട്ടതാണ്.എന്റെ കുഞ്ഞിന്റെ അഞ്ചാം പിറന്നാളാ ഇന്ന്.എനിക്ക് അവനെ ഒന്ന് കണ്ടാല്‍ മതി.”
അവള്‍ കുനിഞ്ഞു ഒരു കവര്‍ എടുത്തു.
“ഇത് ഞാന്‍ വാങ്ങിയ കേക്ക് ആണ്.ഇത് അവനു കൊടുക്കണം.ഒരു ഉമ്മ ആ കവിളില്‍ വയ്ക്കണം.പിന്നെ പോലീസ് പിടിച്ചാലും സാരമില്ല.”
അവള്‍ പറഞ്ഞു.
“എന്തിനാ ജയിലില്‍ പോയത് ?”
“എന്റെ പേര് നിമ്മി.. എന്റെ ഭര്‍ത്താവിന്റെ പേര് മാര്‍ട്ടിന്‍ എന്നാണ് .മൂന്നു കൊല്ലം മുൻപ്...ഞങ്ങളുടെ കുഞ്ഞിനു രണ്ടു വയസ്സ് ഉള്ളപ്പോഴാണ് അത് സംഭവിച്ചത്..അയാള്‍ക്ക് ഞാന്‍ അല്ലാതെ റോസ്മേരി എന്ന യുവതിയുമായ് അയാള്‍ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു.ഞാനും മാര്‍ട്ടിനും തമ്മില്‍ ,എന്റെ വീട്ടുകാര്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടായിരുന്ന സ്ത്രീധനബാക്കിയെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.അയാള്‍ക്ക് എന്നെ പട്ടിയുടെ വിലയായിരുന്നു.എന്നെയും എന്റെ കുഞ്ഞിനേയും എങ്ങനെയും ഒഴിവാക്കി അവളെ വിവാഹം കഴിക്കുക എന്നായിരുന്നു അയാളുടെ പ്ലാന്‍.”
അത്രയും പറഞ്ഞിട്ട് അവള്‍ ഒന്ന് കിതച്ചു.
“അത് സംഭവിച്ച ദിവസം വൈകുന്നേരം ,ഞാന്‍ കുഞ്ഞിനെ കുളിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് അയാള്‍ ഒരു കാറില്‍ വീട്ടിലേക്ക് ജോലി കഴിഞ്ഞു വന്നത്.അതവളുടെ കാര്‍ ആയിരുന്നു.റോസ് മേരിയുടെ.കാറില്‍ ഇരുന്നു ആ തേവിടിശ്ശി എന്നെ ട്ടപുച്ഛത്തില്‍ നോക്കി.എന്റെ നിയന്ത്രണം വിട്ടു.ഞാന്‍ അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തു പുറത്തേക്ക് പാഞ്ഞു ചെന്നു കാറില്‍ നിന്ന് അവളെ വലിച്ചു ചാടിച്ചു തലഞ്ഞും വിലങ്ങും വെട്ടി.അവള്‍ മരിക്കുന്നത് വരെ.എനിക്ക് അപ്പോള്‍ ഭ്രാന്തായിരുന്നു.ഭയം മൂലം മാര്‍ട്ടിന്‍ എന്റെ അരികിലേക്ക് വന്നില്ല.അത് കഴിഞ്ഞു ഞാന്‍ അയാളെയും ആക്രമിച്ചു.ഫ്ലവര്‍വെസ് കൊണ്ട് ഞാന്‍ അയാളുടെ തലക്ക് അടിച്ചു.പക്ഷെ അയാള്‍ മരിച്ചില്ല.”
പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഇത്തരം ധാരാളം അനുഭവങ്ങള്‍ കേട്ടിട്ടുള്ളത് കൊണ്ട് എനിക്ക് ഞെട്ടല്‍ തോന്നിയില്ല.ഒരു വികാരം മാത്രമെ കൊലപാതകങ്ങള്‍ ഇപ്പോള്‍ എന്നില്‍ ഉണ്ടാക്കുന്നുള്ളൂ.
കൂരിയോസിറ്റി.
“റോസ്മേരിയെ കൊല്ലുന്നതിനു മുന്‍പും അതിനു ശേഷവും നിങ്ങളുടെ മനസ്സില്‍ എന്താണ് ഉണ്ടായിരുന്നു തോന്നിയത്.?”
“ഒരു ശൂന്യത.ഒരു കറുത്തചിലന്തി ഭിത്തിയില്‍ പറ്റിപിടിച്ചത് പോലെ എന്തോ ഒന്ന് എന്റെ തലചോറില്‍ ഉണ്ടായിരുന്നു.”നിന്റെ ഭര്‍ത്താവ് എന്റെ സ്വന്തമാണ്” എന്നുള്ള അവളുടെ നോട്ടത്തില്‍ ആ കറുത്ത ചിലന്തിവല വലുതാകുന്നത് പോലെ എനിക്ക് തോന്നി.അവളെ കൊല്ലുമ്പോള്‍ ,അവളുടെ ചോരയുടെ ചൂടില്‍ എന്റെ ദേഹം നനയുമ്പോള്‍ ,സത്യത്തില്‍ എനിക്ക് തോന്നിയത് ആശ്വാസമാണ്..ആ ചിലന്തിവല ഇല്ലാതാകുന്നതിന്റെ ആശ്വാസം.”
അവള്‍ പറഞ്ഞു.അത് പറയുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം നഷ്ടപെട്ട് ശൂന്യമാവുന്നത് ഞാന്‍ കണ്ടു.
“പിന്നെയും നിങ്ങള്‍ മാര്‍ട്ടിനെ ആക്രമിച്ചില്ലേ..കൊല്ലാന്‍ തന്നെയല്ലേ നിങ്ങള്‍ ശ്രമിച്ചത് ?അത് എന്തിനായിരുന്നു. ?”
“ഒരാളെ കൊന്നാലും പത്തു പേരെ കൊന്നാലും ശിക്ഷ ഒരു പോലെയല്ലേ...വാട്ട് ഡിഫറന്‍സ് വില്‍ ഇറ്റ് മേക്ക് ?” അവള്‍ ചോദിച്ചു.
അത് പറഞ്ഞു അവള്‍ ഒന്ന് ചിരിച്ചു.ആ ചിരി കേട്ടപ്പോള്‍ ആരും താമസിക്കാന്‍ ഇല്ലാത്ത ഏതോ പഴയ ബംഗ്ലാവിലെ തൂക്കുവിളക്കുകള്‍ കാറ്റില്‍ ഉലയുന്ന ശബ്ദം എന്റെ മനസ്സില്‍ വന്നു.
“ആ സമയം ഉള്ളില്‍ ,ബുദ്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാര്‍ട്ടിനെ കൊല്ലുക.അയാള്‍ എന്റെ കുഞ്ഞിന്റെ ഭാവിക്ക് തടസ്സമായിരുന്നു.എന്റെ കുഞ്ഞിനെ എന്റെ പപ്പയെ ഏല്‍പ്പിക്കുക.അതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.”
അവള്‍ പറഞ്ഞു.
അവള് പറഞ്ഞു.
ഞാന്‍ അവള്‍ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേട്ട് കൊണ്ടിരുന്നു.അപ്പോഴെല്ലാം കൃഷ്ണമണികള്‍ വികാര ആധിക്യത്തില്‍ വട്ടം കറങ്ങുന്നത് ഞാന്‍ കണ്ടു.
ബസ് മറികടന്നു പോലീസ് ജീപ്പുകള്‍ പായുന്നത് കണ്ടു.അവള്‍ എന്റെ കയ്യിലെ എ.ടി.എം.ബാലന്‍സ് സ്ലിപ്പ് വാങ്ങി അതില്‍ അവളുടെ കുഞ്ഞു താമസിക്കുന്ന വീടിന്റെ വിലാസവും വഴിയും എഴുതി.പീരുമേടിനു സമീപമായിരുന്നു അത്.
ബസ് കാഞ്ഞിരപ്പള്ളി എത്തി.ആ കേക്ക് പൊതിഞ്ഞ കവര്‍ എനിക്ക് തന്നു കൊണ്ട് അവള്‍ പറഞ്ഞു.
“അവര്‍ എന്നെ പിടികൂടും.ഉറപ്പാണ്.അങ്ങ് വരെ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഇത് എന്റെ കുഞ്ഞിനു കൊടുക്കണം.”
ഞാന്‍ വിറയ്ക്കുന്ന കൈ കൊണ്ട് അത് വാങ്ങി.
അവളുടെ ഊഹം ശരിയായിരുന്നു.ബസ് നിര്‍ത്തിയയുടന്‍ പോലീസുകാര്‍ കയറി വന്നു.അവര്‍ അവളെ പിടിച്ചു കൊണ്ട് പോയി.
ഞാന്‍ ബസ്സിന്റെ വിന്‍ഡോയുടെ അരികിലേക്ക് നീങ്ങിയിരുന്നു.
പോലീസ് ജീപ്പില്‍ കയറുന്നതിനു മുന്പ് അവള്‍ എന്നെ നോക്കി.
ഒരു ഉമ്മയും കൂടെ കുഞ്ഞിനു കൊടുക്കണം എന്ന് അവള്‍ പറയുന്നത് പോലെ എനിക്ക് തോന്നി.
വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി.ഇതൊരു വല്ലാത്ത യാത്രയാണ്.ഞാന്‍ വീണ്ടും ബാഗ് തുറന്നു മദ്യം വായിലേക്ക് കമിഴ്ത്തി.പിന്നെ നിമ്മി പറഞ്ഞത് ആലോചിച്ചു.
അവള്‍ ചെയ്ത ആദ്യത്തെ കൊലപാതകവും രണ്ടാമത്തെ കൊലപാതക ശ്രമവും ഞാന്‍ അനലൈസ് ചെയ്യാന്‍ ശ്രമിച്ചു.ഫോണ്‍ തുറന്നു നോട്ട്പാഡില്‍ വിവരങ്ങള്‍ പകര്‍ത്തി.ഒരു കറുത്ത ചിലന്തിയുടെ ചിത്രം ആ നോട്ടില്‍ അറ്റാച്ചു ചെയ്തു.
അവളുടെ ഉള്ളില്‍ ഒരു കറുത്ത ചിലന്തിയെ പോലെ പറ്റിപ്പിടിച്ച ആ പ്രേരണ..അത് ഒരു നിമിഷം കൊണ്ട് ഉണ്ടായതല്ല.കുറെ നാള്‍ കൊണ്ട് അത് അവളുടെ മനസ്സില്‍ രൂപം കൊണ്ടതാണ്?അത് എന്താണ്?
ആലോചനയില്‍ ഉറങ്ങിപ്പോയി.പിന്നെ ഉണര്‍ന്നത് കണ്ടക്ക്ടറുടെ ശബ്ദം കേട്ടപ്പോഴാണ്.
“പീരുമേടായി...കട്ടന്‍ കാപ്പി വേണ്ടവര്‍ക്ക് കുടിക്കാം.പത്തു മിനിറ്റ് താമസമുണ്ട്.”
ഞാന്‍ പുറത്തിറങ്ങി.ഇതല്ലേ നിമ്മി പറഞ്ഞ സ്ഥലം?
കവലയില്‍ പോലീസ് വണ്ടികള്‍ ഉണ്ടായിരുന്നു.എങ്ങും മഞ്ഞാണ്.മഞ്ഞില്‍ വാഹനങ്ങളുടെ ഫോഗ് ലൈറ്റുകള്‍ മാത്രം വ്യക്തമായി കാണാം.
ഒരു ഓട്ടോക്കാരന്റെ അടുത്ത് ചെന്ന് വിലാസം ചോദിച്ചു.
“ആ മാര്‍ട്ടിന്‍ താമസിച്ച വീടല്ലേ...ആ കൊലപാതകം ഒക്കെ നടന്ന സ്ഥലം..?”
“അതേ.”
"അവിടെ ഇപ്പൊ ആരുമില്ലല്ലോ..അവള്‍ പോലീസിനെ വെട്ടിച്ചു കടന്നു.ഈ പോലീസ് ഒക്കെ അതിനു വന്നതാ.പക്ഷെ കാഞ്ഞിരപ്പള്ളി വച്ചു പിടിച്ചു എന്ന് കേട്ടു.അല്ല നിങ്ങള്‍ എന്തിനാ അന്വേഷിക്കുന്നത് .?പത്രത്തില്‍ നിന്നാണോ ?”
ഇന്ന് ഏറ്റവും പെട്ടെന്ന് സ്വീകരിക്കാവുന്ന ഐഡന്‍ററ്റിറ്റി മീഡിയ റിപ്പോര്‍ട്ടറുടെയാണ്.ജനം നിങ്ങളെ ഭയപെടുകയും സ്നേഹിക്കുകയും ചെയ്യും.
“അതേ..” ഞാന്‍ പറഞ്ഞു.
“അവള്‍ക്കു ഭ്രാന്തല്ലേ സാറേ..ആ കുഞ്ഞു ഇപ്പോഴും ജീവനോടെ ഉണ്ടെന്നാ അവളു കരുതുന്നെന്ന് പോലീസുകാരു പറയുന്നതു കേട്ടു.”
ഞാന്‍ മനസ്സിലാകാതെ അയാളെ നോക്കി.
“മാര്‍ട്ടിന്റെ വെപ്പാട്ടിയെ അവള് തട്ടി.മാര്‍ട്ടിനെ കൊല്ലാന്‍ നോക്കി.പക്ഷെ അവന്‍ രക്ഷപെട്ടു.ഇതിനിടയില്‍ ആ കുഞ്ഞിന്റെ കാര്യം ആരും ഓര്‍ത്തില്ല.അത് എങ്ങനെയോ ,ഉരുണ്ടു ബക്കറ്റില്‍ വീണു.വെള്ളത്തിൽ മുങ്ങി ശ്വാസം കിട്ടാതെ മരിച്ചു.അവളു കൊലപാതകം കഴിഞ്ഞു വരുമ്പോ കൊച്ചു ചത്തു കെടക്കുവാവാ.അതോടെ അവള്‍ക്ക് മുഴു വട്ടായി.ജയിലില്‍ ഭ്രാന്തിനു ചികിത്സയിലായിരുന്നു.”
പൊടുന്നനെ ബസിന്റെ ഹോണ്‍ മുഴങ്ങി.അതോടൊപ്പം ഒരു തണുത്ത ഞെട്ടല്‍ ആദ്യമായി എന്റെ രോമകൂപങ്ങളിലൂടെ കടന്നു പോയി.
“അയാള്‍ ഇപ്പൊ ഇവിടെയുണ്ട് ?” ഞാന്‍ ചോദിച്ചു.
“വാഗമണ്ണില്‍ റിസോര്‍ട്ട് നടത്തുകയാ..അവന്‍ ഇപ്പൊ വല്യ സെറ്റപ്പായില്ലേ ...വേറെ പെണ്ണ് കെട്ടി.. ആ പെണ്ണും ചത്തു എന്ന് പറയുന്ന കേട്ടു.ചില നാറികള്‍ക്ക് പെണ്ണ് വാഴുകേല അല്ലെ സാറേ..?”
ഞാന്‍ ഓടിപ്പോയി ബസ്സില്‍ നിന്ന് ട്രാവല്‍ ബാഗ് എടുത്തു കൊണ്ട് വന്നു.ആ ഓട്ടോക്കാരനോട് ചോദിച്ചു ടൌണിലെ ഒരു ചെറിയ ലോഡ്ജില്‍ മുറിയെടുത്തു.ഈ യാത്ര ഇനി തുടരാന്‍ വയ്യ.
കിടന്നതും ഉറങ്ങിയത് അറിഞ്ഞില്ല.
ഉറക്കത്തിലും ഞാന്‍ ബസ്സില്‍ പോവുകയാണ്. ചിലന്തിയുടെ മുഖമുള്ള കുട്ടികള്‍ എന്റെ ഒപ്പം ബസ്സില്‍ സഞ്ചരിക്കുകയാണ്.അവര്‍ നിശബ്ദരായി എന്നെ നോക്കുന്നു.അവ മുഖംമൂടികള്‍ ആണോ...?ഞാന്‍ ഒരു കുഞ്ഞിന്റെ മുഖത്ത് തൊട്ടതും ഞെട്ടി ഉണര്‍ന്നു..
കണ്ണ് തുറന്നു നോക്കി.തല പൊട്ടിപിളരുന്ന വേദന.ഒരു നിമിഷം ആലോചിച്ചു.താന്‍ എവിടെയാണ്?
മേശയില്‍ എന്റെ ട്രാവല്‍ബാഗ്.അതിനരികില്‍ ഒരു കവര്‍..അത് എന്റെയല്ല..ആരുടെയാണ് ?
അപ്പോള്‍ തലേന്നത്തെ യാത്ര ഓര്‍മ്മ വന്നു.ആ കവര്‍ നിമ്മി എന്ന യുവതി തനിക്കു തന്നതാണ്. അതിൽ ഒരു കേക്കുണ്ട്.അവളുടെ മരിച്ചു പോയ കുഞ്ഞിനു കൊടുക്കാന്‍.
റൂം വെക്കേറ്റ് ചെയ്തു ഒരു ഓട്ടോറിക്ഷയില്‍ വാഗമണ്ണിലേക്ക് പുറപ്പെട്ടു.എലപ്പാറ ബിവറേജില് നിന്ന് ഒരു ബോട്ടില്‍ വാങ്ങി ബാഗില്‍ കരുതി.ഇന്നത്തെ ദിവസം എങ്ങിനെയുണ്ടാവും.?തന്റെ അന്വേഷണം എങ്ങോട്ടാണ്.?
മാര്‍ട്ടിന്‍ അയാളുടെ റിസോര്‍ട്ടില്‍ തന്നെയുണ്ടായിരുന്നു.എന്റെ മനസ്സില്‍ ഉണ്ടായിരുന്ന രൂപം ആയിരുന്നില്ല അയാളുടെത്.
നീല വരകള്‍ ഉള്ള വെളുത്ത വാന്‍ ഹ്യൂസന്‍ ഷര്‍ട്ട്.ലെവി ജീന്‍സ്.ക്ലീന്‍ ഷേവ് ചെയ്ത നല്ല വെളുത്ത മുഖം .മുടി ചീകി ഒതുക്കി വച്ചിരിക്കുന്നു.ഏതോ വിലകൂടിയ ഡിയോഡറിന്റെ ഗന്ധം അയാളില്‍ നിന്ന് ഉയരുന്നു.ആത്മവിശ്വാസം സ്ഫുരിക്കുന്ന കണ്ണുകള്‍.
അയാൾക്ക് ഏതോ ഹിന്ദി സിനിമാനടന്റെ ച്ഛായ എനിക്ക് തോന്നി.അയാളുടെ ഭാര്യ അയാളുടെ വെപ്പാട്ടിയെ കൊന്നതിനു ജയിലിലും കുഞ്ഞു മരിച്ചു പോയെന്നും എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.
പരിചയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു.
“സാധാരണ പത്രക്കാരാണ് എന്നെ തേടിവരാറ്.പക്ഷേ ഡോക്ടറെ എനിക്ക് അറിയാം.ചില ലേഖനങ്ങള്‍ ഞാന്‍ പത്രത്തില്‍ വായിച്ചിട്ടുണ്ട്.”
അയാളോട് നുണ പറയാന്‍ എനിക്ക് തോന്നിയില്ല.എന്റെ ഗവേഷണവും ,നിമ്മിയെ കണ്ടതും ഞാന്‍ അയാളോട് പറഞ്ഞു.
“നമ്മുക്ക് ഒരു സ്ഥലം വരെ പോകാം ഡോക്ടര്‍.ഇവിടെ ഒരു പ്രൈവസി ഇല്ല.”
ഞാന്‍ അയാളോടൊപ്പം വണ്ടിയില്‍ കയറി.കോലാഹല മേടിനു അപ്പുറം വിജനമായ ഒരു കുന്നിന് അരികില്‍ അയാള്‍ വണ്ടി നിര്‍ത്തി.
“കുറച്ചു ദൂരം നടക്കണം.” ഞാന്‍ അയാളോട് ഒപ്പം നടന്നു.
ചെറിയ പാറകള്‍.പേരറിയാത്ത ചെറുമരങ്ങള്‍. വളര്‍ന്നു നില്‍ക്കുന്ന ഓലപ്പുല്ലുകള്‍ തണുത്ത കാറ്റില്‍ ചലിച്ചു.എല്ലായിടത്തും മഞ്ഞുണ്ടായിരുന്നു.
അയാള്‍ എന്നെ കൊണ്ട് പോയത് ഒരു കൊക്കയുടെ അരികിലെക്കായിരുന്നു.മഞ്ഞു മൂലം താഴെ ഒന്നും വ്യകതമല്ല.
“ഇവിടെ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു പലര്‍ക്കും അറിയില്ല.” അയാള്‍ പറഞ്ഞു.
ഞങ്ങള്‍ ഒരു പാറയില്‍ ഇരുന്നു.തണുപ്പില്‍ പല്ലുകള്‍ കിടുകിടാ വിറച്ചു.അയാള്‍ വണ്ടിയില്‍ നിന് ഗ്ലാസ് കൊണ്ട് വന്നു.
ഞാന്‍ ബാഗില്‍ നിന്നു ജെ.ഡി എഫ്. ബോട്ടില്‍ തുറന്നു . ഓരോ പെഗ് കഴിച്ചു.ശരീരം ചൂടായി.
“ഡോക്ടര്‍ ഐ ട്രസ്റ്റ് യൂ.നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണം താങ്കള്‍ രഹസ്യമായി വയ്ക്കും എന്ന് എനിക്കറിയാം. താങ്കള്‍ക്ക് അറിയേണ്ടത് കൊലപാതകത്തിന്റെ മനശാസ്ത്രമാണ്.അതിന്റെ എന്‍സൈക്ലോപീഡിയയാണ് ഞാന്‍.”
ഞാന്‍ അയാളെ നോക്കി.
“ഈ കൊക്കയില്‍ തള്ളി ഞാന്‍ മൂന്നു സ്ത്രീകളെ തട്ടിയിട്ടുണ്ട്.ഏറ്റവും ഒടുവില്‍ നിമ്മിക്ക് ശേഷം ഞാന്‍ കെട്ടിയ പെണ്ണിനെ. ഭാഗ്യവശാല്‍ നിമ്മിയെയും റോസ്മേരിയെയും എനിക്ക് കൊല്ലേണ്ടി വന്നില്ല.റോസ്മേരിയെ നിമ്മി കൊന്നു.നിമ്മി ജയിലിലും.”
അയാള്‍ എന്റെ കയ്യില്‍ നിന്ന് ബോട്ടില്‍ വാങ്ങി വീണ്ടും ഒഴിച്ചു.
“ഈ കൊലപാതകങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ഒന്നും തോന്നിയില്ലേ..?”
“ഡോക്ടര്‍ ആ ഒരു നിമിഷം..... ,അത് എങ്ങനെയാണു ഞാന്‍ പറയണ്ടത് ?ഐ ഫീല്‍ പവര്‍ഫുള്‍...സ്പൈഡര്‍മാന്‍ ചിലന്തി വല നെയ്യുന്നത് സിനിമയില്‍ കണ്ടിട്ടില്ലേ...അത് പോലെ ഒരു അമാനുഷികത..”
ഒരാള്‍ക്ക് കൊലപാതകം ഒരു ചിലന്തി വലയുടെ വിടുതലെങ്കില്‍ മറ്റൊരാള്‍ക്ക് അത് നെയ്യുന്നതാണ്.
“അപ്പോള്‍ നിങ്ങളുടെ കുഞ്ഞു മരിച്ചതില്‍ ഒട്ടും സങ്കടം തോന്നുന്നില്ലേ ?”
“ഐ ആം എ ബിസിനസ് മാന്‍ ഡോക്ടര്‍. അവന്‍ മരിച്ചത് കൊണ്ട് നന്നായി എന്നാണ് എനിക്ക് തോന്നിയത്.എന്തിന് സങ്കടപ്പെടണം..എപ്പഴായാലും മരിക്കണം..ഞാന്‍ വളര്‍ത്തി അവനെ നശിപ്പിച്ചില്ലല്ലോ..” മദ്യം നുകര്‍ന്ന് ചൊടി തുടച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
“ടച്ചിംഗ്സ് ഒന്നും കൊണ്ട് വന്നില്ല.”അയാളുടെ സ്വരത്തില്‍ നിരാശ പൂണ്ടു.
ഞാന്‍ ട്രാവല്‍ ബാഗില്‍ നിന്ന് നിമ്മി തന്ന കേക്ക് എടുത്തു മുറിച്ചു.ഒരു കഷണം അയാള്‍ക്ക് നല്‍കി.
“ഇതെന്താ കേക്ക്..ഡോക്ടറുടെ ബര്‍ത്ത്ഡേ വല്ലതുമാണോ ?”അയാള്‍ ചിരിച്ചു കൊണ്ട് അത് വാങ്ങി.
ഞാന്‍ അയാള്‍ അത് രുചിയോടെ കഴിക്കുന്നത് ഞാന്‍ നോക്കിയിരുന്നു.
ഉള്ളില്‍ ഒരു കറുത്തപൊട്ടു വിടരുന്നതും ,ഒരു ചിലന്തിവല തലച്ചോറ് മുഴുവൻ പടരുന്നതും ഞാന്‍ അറിഞ്ഞു.ആ കറുത്ത പൊട്ട് നേരത്തെ മുതല്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുകയാണ്.ഞാന്‍ എന്ത് അന്വേഷിച്ചോ അത് എന്റെ ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു.
എന്നും.
ബസ്സില്‍ വച്ചു നിമ്മിയുടെ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന രക്തത്തിന്റെ ഗന്ധം ഞാന്‍ എങ്ങനെയാണു തിരിച്ചറിഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.അത് അവളുടെ അബോധമനസ്സില്‍ നിന്നായിരുന്നു .ആ കറുത്ത ചിലന്തിവലയില്‍ നിന്ന്.
ആ കേക്ക് അയാള്‍ കഴിച്ചു തീരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.ഇത് കൗതുകകരമായ ഒരു സിറ്റുവേഷനാണ്.
(അവസാനിച്ചു)
Anish
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക