Slider

കാപ്പിക്കലം

0

കാപ്പിക്കലം
=========
"ഋഷി ചായയാണോ പറഞ്ഞത്. മഴയത്ത് കാട്ടങ്കാപ്പിയാടോ നല്ലത്" കാപ്പി പറഞ്ഞ ശേഷം ബാഗിൽ നിന്നെടുത്ത പ്ലാസ്റ്റിക് സഞ്ചിയിലേക്ക് ഫൈവ് ഫോൾട് മടക്കി കയറ്റുന്നതിനിടയിൽ രമ്യ പറഞ്ഞു. കാന്റീൻ എന്ന പേരിലറിയപ്പെടുന്ന നീളൻ വരാന്തയിൽ, വികാലാംഗ പെൻഷന് അപേക്ഷ നൽകി കാത്തു കിടന്നിരുന്ന ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി അവർ ഇരുന്നു.
"ഇന്നാണോ എത്തിയത്. ഇന്നലെ വൈകിട്ട് ഞാൻ ലൈബ്രറിയിൽ നോക്കിയായിരുന്നു പക്ഷേ തന്നെ കണ്ടില്ല."
"രാവിലെ മാഡത്തെ കണ്ടപ്പോൾ ഋഷി എന്നെ തിരക്കിയ കാര്യം പറഞ്ഞായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞപ്പോഴേക്കും നല്ല മഴ ആയെടോ. വീട്ടില് ചേച്ചിയുടെ കുട്ടികളും ഉണ്ടായിരുന്നു. അതാ പിന്നെ പിറ്റേന്നത്തേക്ക് തിരിക്കാം എന്ന് വച്ചത്. താൻ എന്തിനാ എന്നെ അന്വേഷിച്ചത്? "
"അതിന്നലെയൊരു കാര്യം തന്നോട് പറയാനായിരുന്നു. അത് പോട്ടെ.നാട്ടിൽ പോയ കാര്യം എന്തായി?" ഋഷി ചോദിച്ചു.
"എന്താവാൻ , എന്നെ കാണാനാ അവർ വന്നത്. പക്ഷേ എന്നെ അല്ല ; അവർക്ക് കുഞ്ഞിയെ ആണ് ഇഷ്ടായതെന്ന്. എന്നാ പിന്നെ അവളുടെ നടക്കട്ടേന്ന് ഞാൻ പറഞ്ഞു. എന്റെ കെട്ട് കഴിയാൻ നോക്കി നിന്നാ ആര് വരാനാ ഋഷി ഈ കാപ്പിക്കലത്തിനു വേണ്ടി."
"കാപ്പിക്കലമോ..?"
"ആഹ്.. സ്കൂളീ പഠിക്കുമ്പൊ എനിക്ക് കിട്ടിയ ഒരോമനപ്പേരാണ്." അവൾ നിസ്സംഗമായി പറഞ്ഞു.
"കാട്ടങ്കാപ്പി എങ്ങനെ, ടേസ്റ്റുണ്ടോ..?" അൽപ നേരത്തെ മൗനത്തിനു ശേഷം അയാൾ രമ്യയോട് പറഞ്ഞു.
"മ്.. ഉണ്ട്..ടേസ്റ്റ് മാത്രമല്ല , കട്ടങ്കാപ്പി കുടിച്ചാ എന്നേപ്പോലെ നല്ല സൗന്ദര്യം വെക്കും. വീട്ടില് ഞാൻ കൂടാതെ വേറൊരു കാപ്പിക്കലം കൂടിയുണ്ട്. ചാരവും സോപ്പുമിട്ടു തേച്ചിട്ടും വെളുക്കാത്ത, ചളുങ്ങിയ , ഉള്ളിൽ നിറയെ ചക്കര കാപ്പിയുള്ള ഒരു സുന്ദരിക്കോത, അലൂമിനിയമാണ്. അവളെ കണ്ടാൽ എന്നേപ്പോലെ തന്നെ ഇരിക്കും ഫെയർ ആൻഡ് ലൗലിയും രക്തചന്ദനവും തീണ്ടി വൃത്തികേടാക്കാത്ത എന്റെ മുഖം പോലെ ഇരിക്കും.."
"wow... പിള്ളേരെ സാഹിത്യം പഠിപ്പിക്കുന്നത് കൊണ്ട് ഗുണമുണ്ട്."
"പിന്നല്ല.." കണ്ണിനു മുന്നിൽ നിന്നും ഊർന്നു വീഴാറായ കണ്ണട ശരിയാക്കി വെച്ചുകൊണ്ട് അവൾ ചിരിച്ചു. "ഋഷിയെന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞതെന്താ?"
"അതോ..താനെനിക്കു വേണ്ടി ഒരു വിവാഹ പരസ്യം തയ്യാറാക്കി തരണം, പത്രത്തിൽ കൊടുക്കാൻ. മാറ്റർ ഞാൻ പറയാം. ആശയം ചോർന്ന് പോകാതെ താൻ അതൊന്നു ചെറുതാക്കി തരണം. കല്യാണപ്പരസ്യങ്ങൾക്കൊക്കെ ഇപ്പൊ വാക്കിനാണെടോ ചാർജ്."
"ഋഷി പറയൂ..ഞാൻ ശ്രമിക്കാം"
നാടകീയമായ ഒരു ഭാവം ശബ്ദത്തിൽ വരുത്തി പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി ഋഷി തുടർന്നു
"ചാരവും സോപ്പുമിട്ടു തേച്ചിട്ടും വെളുക്കാത്ത, ചളുങ്ങിയ , ഉള്ളിൽ നിറയെ ചക്കര കാപ്പിയുള്ള കാപ്പിക്കലം പോലെയൊരു സുന്ദരിയെ ജീവിത സഖിയായി തേടുന്നു.
ഫെയർ ആൻഡ് ലൗലിയും രക്ത ചന്ദനവും തീണ്ടി വൃത്തികേടാക്കാത്ത മുഖമുള്ള പെൺകുട്ടികളിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു."
ഋഷി തലയുയർത്തി രമ്യയെ നോക്കി. പുറത്തു തോർന്ന മഴ അവളുടെ കണ്ണുകളിൽ പെയ്യാൻ തുടങ്ങി. കട്ടൻകാപ്പിയിൽ നിന്നുയർന്ന ആവി അവളുടെ കണ്ണടയിൽ തീർത്ത മൂടലിൽ ഋഷിക്കത് കാണാൻ കഴിഞ്ഞില്ല.
>അർവിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo