നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#വീട്ടുജോലി


നനവുള്ള എന്തോ നെറ്റിയിൽ തട്ടിയപ്പോഴാണ് ഉണർന്നത്.. ഫോണെടുത്ത് സമയം നോക്കി.. രണ്ട് മണി... വിക്സ് ഇട്ട് ചൂടാക്കിയ വെള്ളത്തിൽ മുക്കിയ ടവ്വല് നെറ്റിയിൽ വെച്ച് കെട്ടുന്ന അവളെ റൂമിലെ മങ്ങിയ വെളിച്ചത്തിൽ കണ്ടു.
കുറവുണ്ടോ പനി?... ഇപ്പോഴും ചൂട് ഉണ്ടല്ലോ?.. എണീക്ക്... കുറച്ച് കഞ്ഞി കുടിക്കാം... ഇന്നലെ ഒന്നും കഴിക്കാതെ കിടന്നതല്ലേ?...
ശരിയാണ്.. ഇന്നലെ രാത്രി ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോഴേ വല്ലാത്ത തലവേദന ഉണ്ട്.വീട്ടിൽ വന്ന് രണ്ട് ഗുളിക കഴിച്ച് നോക്കി... കുറവൊന്നുമില്ലാതെ പതിനൊന്ന് മണിക്ക് ആശുപത്രിയിലും പോയി വന്ന് കിടന്നതാ.. എപ്പോഴാ ഉറങ്ങിയത് എന്നറിഞ്ഞില്ല..
എണീക്കിം.. പറയുന്നതിനൊപ്പം കൈപിടിച്ച് എണീപ്പിച്ചു.. അടുക്കളയിലെത്തി.ഇപ്പോൾ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.. പൊടിയരി കഞ്ഞി... എവിടന്നാ പൊടിയരി കിട്ടിയെതെന്ന ഭാവത്തിൽ അവളെ നോക്കി..
വിലാസിനിചേച്ചിടെ അടുത്ത് നിന്ന് വാങ്ങീതാ.. ദാ അവരുണ്ടാക്കിയ വെളുത്തുള്ളി അച്ചാറാ... എന്ന് പറഞ്ഞ് കുറച്ച് അച്ചാറും...
നീ കഴിച്ചോ..?
ഇല്ല.. നിങ്ങൾ കഴിച്ചോളീം. ഞാൻ കഴിച്ചോളാം. എന്ന് പറഞ്ഞവൾ ചോറ് വിളമ്പി..
കഞ്ഞി കുടി കഴിഞ്ഞ് എണീറ്റ എന്നോട് നിങ്ങൾ കിടന്നോളിം.. ഞാൻ പാത്രങ്ങൾ കഴുകി വെച്ചിട്ട് വരാം... എന്ന് പറഞ്ഞു...
തല പൊളിയുന്നത് പോലെ.. പെട്ടെന്ന് വന്നു കിടന്നു... കുറച്ച് കഴിഞ് അവളും എത്തി..
നല്ല തലവേദനയുണ്ടല്ലേ..?.. തലമുടികളിലൂടെ ഇങ്ങനെ തലോടികൊണ്ടാണവൾ ചോദിച്ചത്...
മിണ്ടാൻ വയ്യ... കണ്ണുകൾ അടച്ച് കിടന്നു..
..............................................................................
രാവിലെ ചെറിയ മോന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്... സമയം നോക്കിയപ്പോൾ അഞ്ച് മണി.. എന്തൊക്കെയോ പാട്ട് ഒക്കെ പാടി പാലും കൊടുത്ത് അവനെ ഉറക്കി അവൾ എണീറ്റു...
എന്റെ നെറ്റിയിൽ തോട്ടു നോക്കി.... കുറവുണ്ട് പനി... എന്ന് പറഞ്ഞ് എണീറ്റു.... മുടി വാരി കെട്ടി റൂമിന് പുറത്തിറങ്ങി..
അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ട് തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോൾ എന്നെ വന്ന് വിളിച്ചു.. എണീക്കീം.. ഒരു ഗ്ലാസ് ചായ കുടിച്ചോളിൻ.....
എണീറ്റ് പുറത്തിറങ്ങി പല്ല് തേച്ച് വന്ന്.. ചൂടുള്ള ചായ കുടിച്ച് സിറ്റൗട്ടിലെത്തി.ചെറിയ സമാധാനമുണ്ട് തലവേദനക്ക്..
"കിടന്ന് ചാവണ്ട.. ഇപ്പോൾ തുറക്കാം.. എന്നും പറഞ്ഞു കൊണ്ട് അവൾ കോഴിക്കൂട് തുറക്കുന്നത് കണ്ടു..
പിന്നെ ചൂലുമെടുത്ത് മുറ്റമടിക്കാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞപ്പോഴേക്കും മോന്റെ കരച്ചിൽ കേട്ടു റൂമിൽ നിന്ന്.. ഞാൻ ചെന്ന് അവനെ എടുത്തു.. അവളെ കാണാഞ്ഞിട്ടാണെന്ന് തോന്നുന്നു കരച്ചിൽ നിർത്തുന്നില്ല..
നിർത്താതെയുള്ള കരച്ചിൽ കേട്ടിട്ട് അടിച്ച് വാരൽ തീരാതെ തന്നെ അവൾ വന്നു.. അവനെ എടുത്ത് ചായ കൊടുത്തു...
ഇവനെ കുറച്ച് നേരം നോക്കിം ട്ടൊ എന്ന് പറഞ്ഞ് പുറത്തെക്ക്..
ഈ പണ്ടാര കോഴികളെ കൊണ്ട് ഞാൻ മലങ്ങി...
എന്ന ഉച്ചത്തിലുള്ള സംസാരം കേട്ട് പുറത്ത് ചെന്ന് നോക്കുമ്പോൾ അടിച്ച് വാരി കൂട്ടിയതല്ലാം അടുത്ത വീട്ടിലെ കോഴികളയും കൂട്ടി വന്ന് മറ്റവർ ശരിയാക്കിയിരിക്കുന്നു. ആരോ ക്വട്ടേഷൻ കൊടുത്ത പോലെ.. അവളങ്ങനെ പിറുപിറുക്കുന്നത് കണ്ട് മെല്ലെ റൂമിലേക്ക് സ്കൂട്ടായി....
എണീക്കെടീ.... സ്കൂളിൽ പോകണ്ടേ..കുറച്ച് കഴിഞ്ഞ് വന്ന് മോളെ വിളിക്കുന്ന കണ്ടു. അവളെ എണീപ്പിച്ച് പുറത്തേക്ക്..
ദാ വന്ന് ചായ കുടിച്ചോളിം..
പുട്ടും കടലയും ചായയും റെഡിയായിരിക്കുന്നു. ഞങ്ങൾക്ക് വിളമ്പി തരുന്നതിനിടയിൽ റോഡിൽ നിന്ന് മീൻകാരന്റെ സൗണ്ട് കേട്ടപ്പോൾ തൊടുവിലൂടെ റോഡിലേക്ക് പായുന്നത് കണ്ടു.
മീനും വാങ്ങി വന്നപ്പോഴേക്കും മക്കൾ കഴിച്ച സ്ഥലം യുദ്ധക്കളമായിരിക്കുന്നു. അവിടെയെല്ലാം അടിച്ച് വൃത്തിയാക്കി തലേന്നത്തെ പാത്രങ്ങളുമായി കഴുകാൻ പുറത്തേക്ക്..
പാത്രങ്ങൾ കഴുകി വന്ന ഉടനെ മോളെ സ്കൂളിൽ പറഞ്ഞയക്കാനുള്ള ഒരുക്കങ്ങളായി. കുറച്ച് സമയത്തെ പരിശ്രമത്തിനൊടുവിൽ അവളെയും കൊണ്ട് സ്കൂളിലെക്ക്. ചെറിയ മോനെ എന്റെ അടുത്ത് നിർത്തി പോകാനുള്ള ശ്രമം അവന്റെ കരച്ചിൽ കാരണം നടന്നില്ല. അവനെ ഒക്കത്ത് വെച്ച് മോളുടെ കൈയ് പിടിച്ച് നടന്ന് പോകുന്നത് നോക്കി ഞാൻ നിന്നു.. ഞാൻ ഒപ്പം ചെല്ലുവാൻ മോള് സമ്മതിക്കൂല. അമ്മ തന്നെ വേണം എന്ന വാശി..
മോളെ വിട്ട് വന്ന് മോനെ എന്നെ ഏൽപ്പിച്ച് മീൻ നന്നാക്കാൻ പുറത്തേക്ക്..
ഇതിനിടയിൽ മോന്റെ കലാപരിപാടികൾ തുടർന്നുകൊണ്ടിരിന്നു.. കരച്ചിലും. അവൻ മുളളിയതും മറ്റും വൃത്തിയാക്കാൻ തന്നെ ഒരാളെ കൂലിക്ക് വെക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അടുക്കളയിലെ പണികൾക്ക് ഇടയിൽ അവൻ കരയുമ്പോൾ വന്ന് പാല് കൊടുത്ത്, എല്ലാം വൃത്തിയാക്കി പണികൾ തുടർന്ന് കൊണ്ടിരുന്നു.
ഉച്ച ആയപ്പോഴേക്കും ചോറും കറികളും റെഡിയായിരിക്കുന്നു. എനിക്ക് ചോറ് വിളമ്പി തന്ന്, മോന് ചോറ് കൊടുത്ത് അവനെ കിടത്തി ഉറക്കി.. പിന്നെ വീട് അടിച്ച് വാരലും തുടയ്ക്കലുമായി...
ഉറങ്ങി എണീറ്റിട്ട് ചെയ്യേണ്ട വികൃതികളും ആലോചിച്ച് ഉറങ്ങുന്ന മോനെയും നോക്കി തൊൻ കട്ടിലിൽ ഇരുന്നു.
സമയം മൂന്ന് മണി ആയപ്പോൾ തുണികൾ അലക്കലും കുളിയും കഴിഞവൾ വന്നു. ഒരു ദീർഘനിശ്വാസം വലിച്ച് എന്നെ ദയനീയമായി ഒന്ന് നോക്കി ചിരിച്ച് കട്ടിലിൽ ഇരുന്നപ്പോഴേക്കും മോൻ ഉണർന്നു.. അടുത്ത അങ്കത്തിനായി..
അപ്പോഴേക്കും മോളുടെ സ്കൂള് വിടാനായി. മോനെ എന്നെ ഏൽപ്പിച്ച് അവളെ കൊണ്ട് വരാൻ സ്കൂളിലേക്ക്..
അവനെ പത്ത് മിനിറ്റ് കൈകാര്യം ചെയ്തപ്പോഴേക്കും എന്റെ ഭേദമായ തലവേദന തിരിച്ചെത്തി. ദൂരെ നിന്ന് അവൾ വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്..
ന്നാ ഇവനെ പിടിച്ചാ എനിക്ക് വയ്യ നോക്കാൻ എന്തൊരു വികൃതിയാ..
മോനെ വാങ്ങി അവൾ എന്നെ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല.. ഇരുപത്തിനാല് മണിക്കുറും അവനെ നോക്കുന്ന ഈ എന്നോടോ ബാലാ എന്ന ഭാവത്തിൽ..
മോളുടെ യൂണിഫോം അഴിച്ച് അവൾക്ക് ചായകൊടുത്ത് നിൽക്കുമ്പോൾ മഴ ചാറി.. ഇവനെ പിടി എന്ന് പറഞ്ഞ് അലക്കി അയയിൽ ഉണക്കാനിട്ട തുണികൾ എടുക്കാൻ പുറത്തേക്ക് ഓടി..
തുണികൾ എടുത്ത് വന്ന് ഉണങ്ങാത്തത് ഉള്ളിൽ വിരിച്ചു.. ബാക്കിയുള്ളത് കട്ടിലിൽ വെച്ചു.
അയ്യോ... പുറത്ത് ഇന്നലെ വെട്ടി കീറിയിട്ട വിറക് നനയുമല്ലോ എന്ന് പറഞ്ഞ് വീണ്ടും പുറത്തേക്ക്.കൂടെ ചെന്ന എന്നെ മഴ കൊള്ളണ്ട എന്ന് പറഞ്ഞ് വിലക്കി..
തിരിച്ച് റൂമിലെത്തിയ ഞാൻ അവിടത്തെ കാഴ്ച കണ്ട് തരിച്ച് നിന്നു. കട്ടിലിൽ വെച്ച ഉണങ്ങിയ തുണികളിൽ പഹയൻ മോൻ നിന്ന് മൂത്രമൊഴിച്ചിരിക്കുന്നു. അത് കാണാനുള്ള ശേഷി ഇല്ലാതെ പുറത്തിറങ്ങി ചായ കുടിച്ച് കൊണ്ടിരിക്കുന്ന മോളുടെ അടുത്തെത്തി. അവിടത്തെ കാര്യം അവളും തീരുമാനമാക്കിയിട്ടുണ്ട്.....
വിറക് എടുത്ത് വെച്ച്, കുറച്ച് നേരം എവിടെയെങ്കിലും ഒന്ന് ഇരിക്കണം എന്ന് കരുതി വരുന്ന അവളെയും കാത്ത് മോളുടെ വക അടുക്കളയും മോന്റെ വക തുണികളും.. തീർന്നില്ലല്ലോ.. ഇനി അവർ ഉറങ്ങുന്നത് വരെ എന്തെല്ലാം......
ഒരു ശരാശരി വീട്ടമ്മയുടെ ഒരു ദിവസം.. ഇതിന് അവധി ദിവസങ്ങളിൽ ഒഴിവില്ല.. പുട്ടിന് തേങ്ങ ഇടുന്നത് പോലെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഹർത്താൽ ദിനങ്ങളിൽ പോലും...
ഇനിയിപ്പോൾ മക്കൾക്ക് സ്കൂൾ ഇല്ലാത്ത ദിവസമാണെങ്കിൽ പറയുകയും വേണ്ട.. അവരെ സ്കൂളിൽ വിടുന്നതിനും ഒരുക്കുന്നതിനും പകരം ഉള്ള ഇരട്ടി പണി അവർ തരും
പിന്നെ വേറെ ഒരു കാര്യം..
ചിലപ്പോൾ ഈ പറഞ്ഞ പണികളെല്ലാം ചെയ്യേണ്ടി വരുന്ന കെട്ടിയോൻമാരും ഉണ്ട്.അത്തരക്കാർ വന്ന് പൊങ്കാല ഇടരുത്. ബ്ലീസ്..
മൻസൂർ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot