നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസികൾ മരിക്കുന്നത് ഇങ്ങിനെ.. കഥ

പ്രവാസികൾ മരിക്കുന്നത് 
ഇങ്ങിനെ.. 
കഥ 
റൂമിലെത്തിയപ്പോൾ നസീർ തലയ്ക്കു കയ്യും കൊടുത്തു ഇരിക്കുന്നതാണ് കണ്ടത്. എന്തേ ?
ഞാൻ ചോദിച്ചു 
തലവേദന
പെനഡോൾ കഴിച്ചോ ?
കാലത്തെ അതിന്റെ മോളിലാ ഓടുന്നത്. ഒന്നല്ല നാലെണ്ണം. എന്നിട്ടും ഒരു മാറ്റവും ഇല്ല.
അടുത്ത ബെഡിൽ സുരേഷ് അപ്പോൾ വാട്സപ്പിലാണ്. സുകുമാർ ഫേസ്ബുക്കിലും. അവർ നസീറിന്റെ കാര്യം ശ്രദ്ധിക്കുന്നേയില്ല.
ആ ഗുളിക ജാസ്തി കുടിച്ചൂടാ.
പിന്നെന്താ ചെയ്യാ.. ?ഡ്യൂട്ടിക്ക് പോകാതിരിക്കാൻ പറ്റത്തില്ല. ഞാൻ ലീവായാൽ അതു പത്താളെ ബാധിക്കും. പിന്നെ മുദീറിന്റ കലമ്പും.
ആ മെഡിക്കൽ ഷാപ്പുകാരനോട് പറഞ്ഞാൽ നല്ല ഗുളിക തരുമല്ലോ.
അതിനും വേണ്ടേ പത്ത് മുപ്പതു റിയാൽ. നോക്കട്ട് ഇന്നും കൂടി .
പിറ്റേന്ന് നസീർ പറഞ്ഞു. തല വേദന സുഗൂണ്ട്. പക്ഷെ നെഞ്ചിന്റെ ആട ഒരു വേദന. എനിക്ക് തോന്നുന്നു ഗ്യാസാണെന്നാ.. കുറെ ദെവസായില്ലേ നേർക്ക്‌ ഒന്നും കഴിക്കാത്തത്.
അവൻ നെഞ്ചു തടവിക്കൊണ്ട് പറഞ്ഞു.
കാലത്ത് നാസ്തക്ക് കറി.. പരിപ്പാണോ ?
അല്ല ഞാൻ ഇന്നലെ ഉരുള കിഴങ്ങാണ് വെച്ചത്.
ഓ. എന്നാൽ അതെന്നെ.. ഗ്യാസിന്റ ഉപ്പാപ്പയാണ് അത്
ഞാൻ സമാധാനിപ്പിച്ചു. കൊറച്ചു കോടാലിയോ ടൈഗേറോ എടുത്തു തട്..
വീട്ടിലാണെങ്കിൽ ഒന്ന് തുമ്മിയാൽ മതി
ഉമ്മയും കെട്ടിയോളും നിൽക്കാൻ വിടില്ല.. ഡോക്ടറെ കാണാതെ.
അവൻ എന്തോ ഓർത്തു കൊണ്ടു പറഞ്ഞു.
അപ്പോൾ ഉച്ചത്തിൽ ആരോ ചിരിക്കുന്നത് കേട്ടു. നോക്കിയപ്പോൾ ഫിലിപ്പീനി fb യിൽ എന്തോ കോമഡി കണ്ടു പരിസരം മറന്നു ചിരിക്കുകയാണ്. മറ്റു ബെഡിൽ ഉള്ളവർ ക്രിക്കറ്റിലാണ്..
കുറച്ചു കഴിഞ്ഞപ്പോൾ നസീർ ബെഡിൽ നിന്നെഴുന്നേറ്റ് എന്റെ അടുത്തു വന്നു. ഞാൻ അപ്പോൾ കറിവെക്കാനുള്ള മത്തി ശരിപ്പെടുത്തുകയായിരുന്നു. ഫ്രിഡ്ജിൽ വെച്ചിട്ട് അതു കല്ല് പോലെ ആയിരിക്കുന്നു.
എടാ.. എനിക്ക് പൊറം വേദനിക്കുന്നു. ആ വേദന കയ്യിലേക്കും പടരുന്നു.
എനിക്ക് പേടിയാകുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ഓളും പിള്ളേരും അനാഥമായി പോകില്ലേ ?
നീ വേണ്ടാത്ത കാര്യം ചിന്തിക്കല്ലേ നസീറെ..
അതല്ല എന്റെ വീടിന്റെ ബാർപ്പ് ഇനിയും കഴിഞ്ഞിട്ടില്ല. അതൊന്ന് പൂർത്തിയായാൽ....
നീ വിഷമിക്കല്ല. എല്ലാം ശരിയാകും.
എന്നാ ഡോക്ടറെ കണ്ടാലോ ?ഞാൻ ചോദിച്ചു.
അതിനിപ്പോ ആയിരം വേണം. പോയാൽ എക്സ്റേ സ്കാനിങ് മരുന്ന് ഫീസ്.. ആയിരം ദിനാർ പൊടിയും. മാത്രമല്ല എന്റെ പക്കൽ നൂറു പോലുമില്ല. നിന്റടുത് ഉണ്ടോ.. ?
എവിടെ.. എല്ലാം നാട്ടിലയച്ചില്ലേ. സാലറി കിട്ടൻ ഇനിയും എത്ര ദിവസം കഴിയണം..
ഇന്നും കൂടി നോക്കി നാളെ പോകാം. ഞാൻ ഒരു വായു ഗുളിക വാങ്ങി വരാം..
കാലത്ത് എഴുന്നേറ്റപ്പോൾ ഞാൻ ചോദിച്ചു
എങ്ങനെ ഉണ്ട് വായു ?
വേദനയുണ്ട്.. എന്നാലും കൊറച്ചു കുറവുണ്ട്.
അവനും ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഞാൻ പറഞ്ഞു. ഇന്ന് ലീവാക്ക്..
അയ്യോ വേണ്ടപ്പാ...
അവൻ കമ്പനി വണ്ടി വന്നപ്പോൾ അതിൽ കയറി പോയി.
അന്ന് ഉച്ചയ്ക്ക് സുഹൃത്തിന്റ ഫോൺ വന്നു.
എടാ നമ്മുടെ നസീർ നമ്മെ വിട്ടു പോയടാ.
ജോലി സ്ഥലത്തു കുഴഞ്ഞു വീണാ...
എനിക്ക് തല കറങ്ങുന്നതായി തോന്നി.
Ceevi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot