Slider

നമ്മൾക്ക് എവിടെയാണ് പിഴച്ചത്.. ?

0
നമ്മൾക്ക് എവിടെയാണ് പിഴച്ചത്.. ?
-------------------------------------------------------
ഇതൊരു കഥയല്ല...
ഇന്നൊരു പത്രവാർത്ത‍ കണ്ടപ്പോൾ കുറിച്ചതാണ്.. fb യിൽ കൂടെ പരിചയപ്പെട്ട യുവാവ്‌ സിനിമയിൽ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ചു പെൺകുട്ടിയെ ഉത്തർപ്രേദേശിൽ കൊണ്ടുപോയി പീഡിപ്പിച്ചു..
വിവരവും, വിദ്യാഭ്യാസവുമുള്ള മലയാളിക്കിതെന്ത് പറ്റി.. ?ഓരോ ദിവസവും പത്രത്തിൽ ഇത്തരം വാർത്തകൾ കാണുന്നു.. എന്നിട്ടും നമ്മുടെ കുട്ടികൾ ഇതൊന്നും മനസ്സിലാക്കുന്നില്ല.. ഒരുപാട് വർഷങ്ങൾ ചോരയും, നീരും,ജീവനും കൊടുത്തു വളർത്തിയ മാതാപിതാക്കളെ വിട്ട് ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരാളുടെ കൂടെ പോകുന്നതിനു മുൻപ് സാമാന്യബോധം ഉപയോഗിച്ച് ഒന്ന് ചിന്തിക്കാത്തതെന്തേ ഈ പെൺകുട്ടികൾ.. പ്രണയിക്കരുതെന്നു ഒരിക്കലും ഞാൻ പറയില്ല.. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കണം..പക്ഷേ പരിശുദ്ധമായി പ്രണയിക്കണം..നല്ലതാണെങ്കിൽ ഇന്നത്തെ മാതാപിതാക്കൾ മക്കളുടെ ഇഷ്ടത്തിന് എതിര് നിൽക്കില്ല.. മാനത്തിനു ജീവനേക്കാൾ ഏറെ വില കല്പിച്ചിരുന്ന നാട്ടിൽ... മാനം സംരക്ഷിക്കാൻ പെടാപ്പാടു പെടുന്ന പെൺകുട്ടികൾ ഒരു വശത്ത്.. വേറൊരു സൈഡിൽ എന്നെയൊന്നു പീഡിപ്പിക്കൂ എന്ന് പറഞ്ഞു കുറേയെണ്ണം..
പീഡനം നടക്കുന്ന വാർത്തകൾ വായിച്ചും പറഞ്ഞും രസിക്കുന്ന നമ്മൾ... എന്താണ് നമ്മുടെ കുട്ടികൾക്ക് പറ്റിയതെന്ന് ഒരു നിമിഷം ചിന്തിക്കാത്തതെന്തേ.. ?നാളെ നമ്മുടെ വീട്ടിലും ഒരു ദുരന്തം സംഭവിച്ചാലേ ചിന്തിക്കൂ എന്നാണോ... ?പീഡനവാർത്തകൾ ആഘോഷിക്കുന്ന ഒരു മാധ്യമങ്ങളും ഇതൊന്നും ചർച്ച ചെയ്യില്ല..
സത്യത്തിൽ കുട്ടികൾ മാത്രമാണോ കുറ്റക്കാർ.. ? പലതും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അരുമമക്കളോടോത്ത് ഒരൽപ്പസമയം ചിലവഴിക്കാൻ നമ്മൾ മറന്നു പോകുന്നില്ലേ.. ? ആവശ്യത്തിനും, അനാവശ്യത്തിനും പണം നൽകുമ്പോൾ അവരുടെ കൊച്ച്‌ കൊച്ച്‌ സങ്കടങ്ങൾ കേൾക്കാനും, കൊച്ചുപ്രായത്തിലെ അവരുടെ പ്രശ്നങ്ങളിൽ തളർന്നുപോകാതെ... എന്തുവന്നാലും നിനക്ക് ഞാനുണ്ടന്ന് പറഞ്ഞു അവരെ ചേർത്തു നിർത്തി ഒന്നാശ്വസിപ്പിക്കാനും നമ്മൾക്ക് സമയം കിട്ടാറുണ്ടോ... ?അല്ലങ്കിൽ അതിന് ശ്രമിക്കാറുണ്ടോ.. ?അതുകൊണ്ടാവുമോ ആരോ ഒരാൾ ഒരൽപ്പം സ്നേഹം വച്ച് നീട്ടുമ്പോൾ മുന്നും, പിന്നും നോക്കാതെ അവർ ഇറങ്ങിപോകുന്നത്..കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ.. സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞു കൊടുക്കണം.. ആത്മാർത്ഥമില്ലാത്ത ഇന്നത്തെ ഒലിപ്പീരെല്ലാം നാളെ ജീവിച്ചു തുടങ്ങുമ്പോൾ കലിപ്പീരായി മാറുമെന്ന്..മുത്തും, പൊന്നുമോക്കെ നാളെ പൂയും, മായുമൊക്കെയാവുമെന്ന്.. ഇതൊക്കെ പറയാൻ നമ്മൾക്ക് കഴിയണമെങ്കിൽ ആദ്യം നമ്മൾ അവരെ മനസ്സിലാക്കണം, സ്നേഹിക്കണം, വിശ്വസിക്കണം.. അത് അവർക്ക് മനസ്സിലാവണം..
എന്റെ കുട്ടികൾ ഇങ്ങനെയൊന്നും പോകില്ല എന്നാണ് ഓരോരുത്തരുടെയും വിശ്വാസം..ഇങ്ങനെ പോയ കുട്ടികളുടെ മാതാപിതാക്കളുടെയും വിശ്വാസം ഇതു തന്നെ ആയിരുന്നിരിക്കണം..
അപ്പുറത്തെ വീട്ടിലേക്കാൾ ഒരു പടി കൂടുതൽ എന്റെ മക്കളെ വളർത്താമെന്നു ഒരു മാതാപിതാക്കളും ചിന്തിക്കരുത്.. അവനവന്റെ അവസ്ഥ അറിഞ്ഞു വേണം കുട്ടികൾ വളരാൻ.. കുട്ടികളെ ഒന്നുമറിയിക്കാതെ വളർത്തിയാൽ നിങ്ങളുടെ സ്നേഹം അവർ തിരിച്ചറിയാതെ പോകും..
ഇതിനൊക്കെ എന്തിന്റെ കുഴപ്പമാ.. തിന്ന് എല്ലിന്റെ ഇടയിൽ കേറിയിട്ടാ.. അല്ലാതെന്താ.. ? എന്ന് പറയാൻ ഇട വരാതിരിക്കട്ടെ.. ചുറ്റും ചതിക്കുഴികൾ നിറഞ്ഞ ഇന്നത്തെ ലോകത്തിൽ നമ്മുടെ പൊന്നോമനകളുടെ ജീവിതം ചീന്തിയെറിയപ്പെടരുത്.. ഇന്ന് നമ്മൾ നിസ്സാരമായി വായിച്ച് തള്ളുന്ന പത്രത്താളുകളിൽ നാളെ നമ്മുടെ കുഞ്ഞുങ്ങളുടെ മുഖം പതിയാതിരിക്കാൻ.. പൊന്നോമനെകുറിച്ചുള്ള ആഗ്രഹങ്ങളും, വിശ്വാസവും തച്ചുടക്കപ്പെടാതിരിക്കാൻ..ഒരു നിമിഷം ഒന്ന് ആത്മാർഥമായി ചിന്തിക്കാം..കണ്ണും, കാതും തുറന്നിരിക്കട്ടെ നമ്മുടെ കുട്ടികൾക്കായി.
By ... ബിൻസ് തോമസ്‌....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo