നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചുവരവ്


തിരിച്ചുവരവ്
************
അച്ഛൻ പോയിട്ട് ഇന്നേക്ക് ഒരാഴ്ചയാകുന്നു. ഇടക്കിടക്ക് ഇങ്ങനെ ആരോടും പറയാതെ ഇറങ്ങിപോകാറുണ്ട്. പക്ഷെ നാലു ദിവസമാകുമ്പോളേക്കും തിരിച്ചു വരാറാണ്‌ പതിവ്. ഇപ്രാവശ്യം ആ പതിവ് തെറ്റിച്ചു. സ്കൂൾ മാഷായിരുന്നു അച്ഛൻ. റിട്ടയർ ആയ ശേഷം വീട്ടിൽ തന്നെ കൃഷിപ്പണിയായി കഴിയുകയാണ്. ചില സമയത്ത് അച്ഛന് തീരെ ഓർമ്മ കാണില്ല. ആരോടും ഒന്നും മിണ്ടാതെ വിജനതയിലേക്ക് നോക്കി ഒറ്റ ഇരിപ്പാണ്. ചിലപ്പോളൊക്കെ എവിടേക്കെങ്കിലും ഇറങ്ങി പോകും. എന്തിനാ പോയെന്നു ചോദിച്ചാൽ വെറുതെ ചിരിച്ച് അകത്തേക്ക് പോകും. അമ്മക്ക് എന്നും അച്ഛനെ കുറിച്ച് ആലോചിച്ച് വേവലാതിയാണ്. അമ്മ എന്തൊക്കെ നോക്കും.. കുട്ടന്റെ കാര്യങ്ങൾ നോക്കണം. അവൻ രാവിലെ ജോലിക്ക് പോയാൽ പിന്നെ വൈകുന്നേരം ആണ് വീട്ടിലെത്തുക. പിന്നെ ഞാൻ അടുത്തൊരു കമ്പ്യൂട്ടർ സെന്ററിൽ പോകുന്നുണ്ട്. അമ്മക്ക് ഇവിടെ പശു, ആട്, പിന്നെ അടുക്കളത്തോട്ടം എല്ലായിടത്തും നോക്കുന്നതിനിടയിൽ അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിക്കണം.
ഒരുകാലത്ത്‌ ഞങ്ങളുടെ വീട് ഒരു സ്വർഗമായിരുന്നു. എന്നെയും കുട്ടനെയും ഒരുപാടു ലാളിച്ചാണ് അച്ഛൻ വളത്തിയത്. ഒരു അധ്യാപകന്റെ കണിശസ്വഭാവം ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ചില സമയത്ത് അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ട് അസൂയ തോന്നാറുണ്ട്. എല്ലാ കാര്യത്തിലും അച്ഛൻ അമ്മയെ സഹായിക്കും. വീട്ടിൽ മുറ്റം വരെ ചില സമയങ്ങളിൽ അച്ഛൻ തന്നെയാണ് അടിച്ചു വൃത്തിയാക്കാറ്. ഇത് കണ്ട് അമ്മ പറയും "നിങ്ങൾ ഒന്നു നിർത്തിയേ വെറുതെ ആൾക്കാരെ കൊണ്ടു ഓരോന്നു പറയിക്കണ്ട". ഇത് കേട്ട് അച്ഛൻ പറയും " പിന്നെ ഞൻ ആൾക്കാരെ കാണിക്കാനല്ലേ ഇതൊക്കെ ചെയ്യുന്നേ... അങ്ങിനെ സമൂഹത്തെ എപ്പോളും പേടിച്ചാൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. എന്റെ കുടുംബത്തെ കാര്യങ്ങൾ ചെയ്യാൻ എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട". പിന്നെ അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോകും.
അച്ഛനെ ആദ്യമായി കാണാതായ ദിവസം ഞങ്ങൾ ശരിക്കും പരിഭ്രമിച്ചു. എല്ലാവരും കുറേ തിരഞ്ഞു. അവസാനം കണ്ടെത്തിയത് അച്ഛന്റെ പഴയ തറവാടിന്റെ അടുത്തുള്ള ഒരു വലിയ പറമ്പിൽ എന്തോ ആലോചിച്ചിരുന്നു. എന്തേ ഇവിടെന്നു ചോദിച്ചപ്പോൾ അച്ഛന്റെ മറുപടി നിഷ്കളങ്കമായ ഒരു കുട്ടിയെ പോലെ ആയിരുന്നു. ഷണ്മുഖനെ കാണാൻ വന്നതാണെന്ന്. ഈ ഷണ്മുഖൻ മരിച്ചു പോയിട്ട് വർഷം അഞ്ചായി. മറവി അച്ഛനെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നു അന്ന് ഞങ്ങൾക്ക് മനസിലായി.
അച്ഛനാണ് എനിക്ക് കഥ എഴുതാൻ പഠിപ്പിച്ചു തന്നത്. അച്ഛൻ എപ്പോളും പറയുമായിരുന്നു കഥ എഴുതുമ്പോൾ കുറേ സാഹിത്യം വലിച്ചു വാരി ഇട്ട് സാധാരണ വായനക്കാരെ അതിൽ നിന്നും അകറ്റരുതെന്ന്. ഏതൊരാളും വായിക്കുമ്പോൾ അവർ കൂടി കഥയുടെ ഒപ്പം സഞ്ചരിക്കണമെന്ന്. എന്നാലേ ഒരു കഥാകാരൻ വിജയിക്കൂ എന്ന്. അച്ഛന്റെ ഓർമ്മകൾ എപ്പോളും എന്റെ പുറകെയാണ്. അച്ഛൻ തിരിച്ചു വരണമെന്ന് ഞങ്ങൾ ഒരുപാട് പ്രാർത്ഥിക്കുന്നു.
മൊബൈലിൽ നിന്ന് റിങ്ടോൺ ഒരു പാട്ടായി ഒഴുകിയെത്തി. അമ്മയാണ് ഫോൺ എടുത്തത്. അമ്മയും മക്കളും ഉടനെ എത്തണമെന്ന് പോലീസ് സ്റ്റേഷനിലേക്ക്. അപ്പോൾ തന്നെ ഞാനും അമ്മയും കുട്ടനും ഒരു ഓട്ടോ വിളിച്ച് പുറപ്പെട്ടു. അവിടെ നിന്ന് നേരെ പോലീസുകാരും കൂടി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക്. എന്നെയും അമ്മയെയും മോർച്ചറിക്കുള്ളിൽ കയറ്റി. സ്പിരിറ്റിന്റെ രൂക്ഷഗന്ധം ആയിരുന്നു അവിടെ. ഒരു ജഡം അവർ പുറത്തേക്കെടുത്തു. അച്ഛന്റെ കൈത്തണ്ടയിൽ ഉണ്ടായിരുന്നു അതെ പുള്ളി ആ ജഡത്തിനും ഉണ്ടായിരുന്നു. അമ്മ ഒരു പൊട്ടിക്കരച്ചിലോടെ പുറത്തേക്ക് ഓടി. ഞാനും കുട്ടനും ബോഡി വിട്ടു കിട്ടാനുള്ള പേപ്പറുകൾ ഒക്കെ ശരിയാക്കി വീട്ടിലേക്ക് ബന്ധുക്കളുമായി ആംബുലൻസിൽ പോന്നു. കുട്ടൻ ഒരുപാട് കരയുന്നുണ്ടായിരുന്നു. എനിക്കെന്തോ എന്റെ കരച്ചിൽ ഒരു അലർച്ചയായി പുറത്തു വന്നില്ല. അച്ഛനില്ലാത്ത ഞാൻ, ഞാൻ അല്ലാതെ ആകുന്നതു പോലെ തോന്നി. വീട്ടിലെത്തിയപ്പോൾ മുതൽ അച്ഛന്റെ ജഡത്തിനരികെ എനിക്ക് ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മുറിയിൽ ഒറ്റയ്ക്ക് അടച്ചിരുന്നു ഒരുപാട് കരഞ്ഞു. സ്നേഹിക്കാൻ വേണ്ടി ജനിക്കുക.. എന്നിട്ട് കരയിപ്പിക്കാൻ വേണ്ടി മരിക്കുക. ശരിക്കും ഈ ലോകം എത്ര വിചിത്രമാണ്.
അച്ഛന്റെ അസ്ഥിസഞ്ചയനം ആണിന്ന്. അസ്ഥികളെല്ലാം വാരി കുടത്തിലാക്കി ഞങ്ങൾ കടലിൽ കൊണ്ടൊഴുക്കി. പോകാൻ വയ്യെന്ന മട്ടിൽ ആ കുടം പിന്നെയും പിന്നെയും തീരത്തേക്ക് വരാൻ കുറേ ശ്രമം നടത്തി. പക്ഷെ തിരമാലയുടെ ശക്തിയോട് അധികം പിടിച്ചു നിൽക്കാൻ ആ കുടത്തിനായില്ല. അത് ദൂരേക്ക് ദൂരേക്ക് പോയി.
ആകാശത്തിന്റെ നിറം ഓറഞ്ചിൽ നിന്നും കറുപ്പിലേക്ക് പതിയെ മാറി തുടങ്ങി. വീട്ടിലെത്തിയവർ ഓരോരുത്തരായി യാത്ര പറഞ്ഞ് പിരിഞ്ഞു കൊണ്ടിരുന്നു. ഞങ്ങളും പിന്നെ അമ്മയുടെ ഒരു അനിയത്തിയും മാത്രമായി. ഇപ്പോഴാണ് അച്ഛന്റെ കുറവ് ആ വീട്ടിൽ എത്രത്തോളം മൂകത ഉണ്ടാക്കിയെന്ന് ഞാൻ തിരിച്ചറിയുന്നത്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. സമയം പത്തു മണിയായി. വാതിലിൽ ആരോ മുട്ടുന്നുണ്ട്. അമ്മ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പിന്നെ ഞാൻ കേട്ടത് അമ്മയുടെ ഒരു അലർച്ചയാണ്. ഞാനും കുട്ടനും അങ്ങോട്ടോടി. ഞാൻ പിന്നിലും അവൻ മുന്നിലും ആയിരുന്നു. പെട്ടെന്നു അവൻ എന്തോ കാലിൽ തട്ടിയ പോലെ മുന്നോട്ടു വീണു. ഞാൻ താഴേക്ക് നോക്കി അമ്മയുടെ അനിയത്തി താഴെ ബോധമില്ലാതെ കിടക്കുന്നു. ഈശ്വരാ എന്താണാവോ ചെറിയമ്മക്ക് പറ്റിയത്. ഞാൻ താഴെ കുത്തിയിരുന്നു ചെറിയമ്മയെ വിളിച്ചു. അപ്പോഴാണ് കുട്ടന്റെ കരച്ചിൽ ഞാൻ കേട്ടത്. ഞാൻ അങ്ങോട്ടേക്ക് ഓടി. അതാ കുട്ടനും അമ്മയും താഴെ.
"കുട്ടാ, എന്താടാ പറ്റിയത്... അമ്മേ കണ്ണു തുറക്കമ്മേ... "
രണ്ടുപേർക്കും ബോധം ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഞാൻ ആ ശബ്ദം കേട്ടത്. " എന്താ മോളെ എല്ലാവർക്കും പറ്റിയത്.. ?? അച്ഛൻ വന്നില്ലേ പിന്നെ എന്തിനാ എല്ലാവരും കരയുന്നേ... "
"അയ്യോ....അച്ഛ......... ! എന്റെ വാക്കുകൾ പുറത്തേക്ക് വന്നില്ല.
ഞങ്ങൾ നാലു പേരും ഹോസ്പിറ്റലിൽ ആണ്. എന്റെ കട്ടിലിന്റെ അരികിൽ അച്ഛൻ താടിക്ക് കൈ കൊടുത്തു ഇരിക്കുന്നുണ്ട്. ഞാൻ ആലോചിക്കുകയായിരുന്നു ആർക്കോ വേണ്ടി ഒരു മകന്റെ സ്ഥാനത്തു നിന്ന് കർമ്മങ്ങൾ ചെയ്ത കുട്ടൻ. ഏതോ ഒരാൾ എന്റെ പറമ്പിൽ അന്തിയുറങ്ങുന്നു. ഇവിടെ ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കുന്ന അച്ഛൻ. അച്ഛന്റെ ആ ഇരിപ്പു കണ്ടാൽ ദേഷ്യവും സങ്കടവും എല്ലാം എനിക്ക് ഒരുമിച്ചു വരുന്നുണ്ട്. പിന്നെ ഒരു ആശ്വാസവും, മരിച്ചെന്നു കരുതിയ എന്റെ പ്രിയപ്പെട്ട അച്ഛനെ ദൈവം തിരിച്ചു തന്നല്ലോ...
വാൽകഷ്ണം: ഇത് ശരിക്കും നടന്ന ഒരു കഥയാണ്. എനിക്കല്ലാട്ടോ..എന്റെ ഒരു സുഹൃത്തിന്റെ അയൽവാസിക്ക്. അവൻ നാലു ദിവസം കഴിഞ്ഞാ കണ്ണു തുറന്നത് 😂 " മരിച്ച അച്ഛൻ അസ്ഥിസഞ്ചയത്തിന്റെ അന്ന് തിരിച്ചു വന്നു"..
By...
Ceepee...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot