Showing posts with label പ്രജിത് സി പി. Show all posts
Showing posts with label പ്രജിത് സി പി. Show all posts

തിരിച്ചുവരവ്


തിരിച്ചുവരവ്
************
അച്ഛൻ പോയിട്ട് ഇന്നേക്ക് ഒരാഴ്ചയാകുന്നു. ഇടക്കിടക്ക് ഇങ്ങനെ ആരോടും പറയാതെ ഇറങ്ങിപോകാറുണ്ട്. പക്ഷെ നാലു ദിവസമാകുമ്പോളേക്കും തിരിച്ചു വരാറാണ്‌ പതിവ്. ഇപ്രാവശ്യം ആ പതിവ് തെറ്റിച്ചു. സ്കൂൾ മാഷായിരുന്നു അച്ഛൻ. റിട്ടയർ ആയ ശേഷം വീട്ടിൽ തന്നെ കൃഷിപ്പണിയായി കഴിയുകയാണ്. ചില സമയത്ത് അച്ഛന് തീരെ ഓർമ്മ കാണില്ല. ആരോടും ഒന്നും മിണ്ടാതെ വിജനതയിലേക്ക് നോക്കി ഒറ്റ ഇരിപ്പാണ്. ചിലപ്പോളൊക്കെ എവിടേക്കെങ്കിലും ഇറങ്ങി പോകും. എന്തിനാ പോയെന്നു ചോദിച്ചാൽ വെറുതെ ചിരിച്ച് അകത്തേക്ക് പോകും. അമ്മക്ക് എന്നും അച്ഛനെ കുറിച്ച് ആലോചിച്ച് വേവലാതിയാണ്. അമ്മ എന്തൊക്കെ നോക്കും.. കുട്ടന്റെ കാര്യങ്ങൾ നോക്കണം. അവൻ രാവിലെ ജോലിക്ക് പോയാൽ പിന്നെ വൈകുന്നേരം ആണ് വീട്ടിലെത്തുക. പിന്നെ ഞാൻ അടുത്തൊരു കമ്പ്യൂട്ടർ സെന്ററിൽ പോകുന്നുണ്ട്. അമ്മക്ക് ഇവിടെ പശു, ആട്, പിന്നെ അടുക്കളത്തോട്ടം എല്ലായിടത്തും നോക്കുന്നതിനിടയിൽ അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിക്കണം.
ഒരുകാലത്ത്‌ ഞങ്ങളുടെ വീട് ഒരു സ്വർഗമായിരുന്നു. എന്നെയും കുട്ടനെയും ഒരുപാടു ലാളിച്ചാണ് അച്ഛൻ വളത്തിയത്. ഒരു അധ്യാപകന്റെ കണിശസ്വഭാവം ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ചില സമയത്ത് അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ട് അസൂയ തോന്നാറുണ്ട്. എല്ലാ കാര്യത്തിലും അച്ഛൻ അമ്മയെ സഹായിക്കും. വീട്ടിൽ മുറ്റം വരെ ചില സമയങ്ങളിൽ അച്ഛൻ തന്നെയാണ് അടിച്ചു വൃത്തിയാക്കാറ്. ഇത് കണ്ട് അമ്മ പറയും "നിങ്ങൾ ഒന്നു നിർത്തിയേ വെറുതെ ആൾക്കാരെ കൊണ്ടു ഓരോന്നു പറയിക്കണ്ട". ഇത് കേട്ട് അച്ഛൻ പറയും " പിന്നെ ഞൻ ആൾക്കാരെ കാണിക്കാനല്ലേ ഇതൊക്കെ ചെയ്യുന്നേ... അങ്ങിനെ സമൂഹത്തെ എപ്പോളും പേടിച്ചാൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. എന്റെ കുടുംബത്തെ കാര്യങ്ങൾ ചെയ്യാൻ എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട". പിന്നെ അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോകും.
അച്ഛനെ ആദ്യമായി കാണാതായ ദിവസം ഞങ്ങൾ ശരിക്കും പരിഭ്രമിച്ചു. എല്ലാവരും കുറേ തിരഞ്ഞു. അവസാനം കണ്ടെത്തിയത് അച്ഛന്റെ പഴയ തറവാടിന്റെ അടുത്തുള്ള ഒരു വലിയ പറമ്പിൽ എന്തോ ആലോചിച്ചിരുന്നു. എന്തേ ഇവിടെന്നു ചോദിച്ചപ്പോൾ അച്ഛന്റെ മറുപടി നിഷ്കളങ്കമായ ഒരു കുട്ടിയെ പോലെ ആയിരുന്നു. ഷണ്മുഖനെ കാണാൻ വന്നതാണെന്ന്. ഈ ഷണ്മുഖൻ മരിച്ചു പോയിട്ട് വർഷം അഞ്ചായി. മറവി അച്ഛനെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നു അന്ന് ഞങ്ങൾക്ക് മനസിലായി.
അച്ഛനാണ് എനിക്ക് കഥ എഴുതാൻ പഠിപ്പിച്ചു തന്നത്. അച്ഛൻ എപ്പോളും പറയുമായിരുന്നു കഥ എഴുതുമ്പോൾ കുറേ സാഹിത്യം വലിച്ചു വാരി ഇട്ട് സാധാരണ വായനക്കാരെ അതിൽ നിന്നും അകറ്റരുതെന്ന്. ഏതൊരാളും വായിക്കുമ്പോൾ അവർ കൂടി കഥയുടെ ഒപ്പം സഞ്ചരിക്കണമെന്ന്. എന്നാലേ ഒരു കഥാകാരൻ വിജയിക്കൂ എന്ന്. അച്ഛന്റെ ഓർമ്മകൾ എപ്പോളും എന്റെ പുറകെയാണ്. അച്ഛൻ തിരിച്ചു വരണമെന്ന് ഞങ്ങൾ ഒരുപാട് പ്രാർത്ഥിക്കുന്നു.
മൊബൈലിൽ നിന്ന് റിങ്ടോൺ ഒരു പാട്ടായി ഒഴുകിയെത്തി. അമ്മയാണ് ഫോൺ എടുത്തത്. അമ്മയും മക്കളും ഉടനെ എത്തണമെന്ന് പോലീസ് സ്റ്റേഷനിലേക്ക്. അപ്പോൾ തന്നെ ഞാനും അമ്മയും കുട്ടനും ഒരു ഓട്ടോ വിളിച്ച് പുറപ്പെട്ടു. അവിടെ നിന്ന് നേരെ പോലീസുകാരും കൂടി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക്. എന്നെയും അമ്മയെയും മോർച്ചറിക്കുള്ളിൽ കയറ്റി. സ്പിരിറ്റിന്റെ രൂക്ഷഗന്ധം ആയിരുന്നു അവിടെ. ഒരു ജഡം അവർ പുറത്തേക്കെടുത്തു. അച്ഛന്റെ കൈത്തണ്ടയിൽ ഉണ്ടായിരുന്നു അതെ പുള്ളി ആ ജഡത്തിനും ഉണ്ടായിരുന്നു. അമ്മ ഒരു പൊട്ടിക്കരച്ചിലോടെ പുറത്തേക്ക് ഓടി. ഞാനും കുട്ടനും ബോഡി വിട്ടു കിട്ടാനുള്ള പേപ്പറുകൾ ഒക്കെ ശരിയാക്കി വീട്ടിലേക്ക് ബന്ധുക്കളുമായി ആംബുലൻസിൽ പോന്നു. കുട്ടൻ ഒരുപാട് കരയുന്നുണ്ടായിരുന്നു. എനിക്കെന്തോ എന്റെ കരച്ചിൽ ഒരു അലർച്ചയായി പുറത്തു വന്നില്ല. അച്ഛനില്ലാത്ത ഞാൻ, ഞാൻ അല്ലാതെ ആകുന്നതു പോലെ തോന്നി. വീട്ടിലെത്തിയപ്പോൾ മുതൽ അച്ഛന്റെ ജഡത്തിനരികെ എനിക്ക് ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മുറിയിൽ ഒറ്റയ്ക്ക് അടച്ചിരുന്നു ഒരുപാട് കരഞ്ഞു. സ്നേഹിക്കാൻ വേണ്ടി ജനിക്കുക.. എന്നിട്ട് കരയിപ്പിക്കാൻ വേണ്ടി മരിക്കുക. ശരിക്കും ഈ ലോകം എത്ര വിചിത്രമാണ്.
അച്ഛന്റെ അസ്ഥിസഞ്ചയനം ആണിന്ന്. അസ്ഥികളെല്ലാം വാരി കുടത്തിലാക്കി ഞങ്ങൾ കടലിൽ കൊണ്ടൊഴുക്കി. പോകാൻ വയ്യെന്ന മട്ടിൽ ആ കുടം പിന്നെയും പിന്നെയും തീരത്തേക്ക് വരാൻ കുറേ ശ്രമം നടത്തി. പക്ഷെ തിരമാലയുടെ ശക്തിയോട് അധികം പിടിച്ചു നിൽക്കാൻ ആ കുടത്തിനായില്ല. അത് ദൂരേക്ക് ദൂരേക്ക് പോയി.
ആകാശത്തിന്റെ നിറം ഓറഞ്ചിൽ നിന്നും കറുപ്പിലേക്ക് പതിയെ മാറി തുടങ്ങി. വീട്ടിലെത്തിയവർ ഓരോരുത്തരായി യാത്ര പറഞ്ഞ് പിരിഞ്ഞു കൊണ്ടിരുന്നു. ഞങ്ങളും പിന്നെ അമ്മയുടെ ഒരു അനിയത്തിയും മാത്രമായി. ഇപ്പോഴാണ് അച്ഛന്റെ കുറവ് ആ വീട്ടിൽ എത്രത്തോളം മൂകത ഉണ്ടാക്കിയെന്ന് ഞാൻ തിരിച്ചറിയുന്നത്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. സമയം പത്തു മണിയായി. വാതിലിൽ ആരോ മുട്ടുന്നുണ്ട്. അമ്മ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പിന്നെ ഞാൻ കേട്ടത് അമ്മയുടെ ഒരു അലർച്ചയാണ്. ഞാനും കുട്ടനും അങ്ങോട്ടോടി. ഞാൻ പിന്നിലും അവൻ മുന്നിലും ആയിരുന്നു. പെട്ടെന്നു അവൻ എന്തോ കാലിൽ തട്ടിയ പോലെ മുന്നോട്ടു വീണു. ഞാൻ താഴേക്ക് നോക്കി അമ്മയുടെ അനിയത്തി താഴെ ബോധമില്ലാതെ കിടക്കുന്നു. ഈശ്വരാ എന്താണാവോ ചെറിയമ്മക്ക് പറ്റിയത്. ഞാൻ താഴെ കുത്തിയിരുന്നു ചെറിയമ്മയെ വിളിച്ചു. അപ്പോഴാണ് കുട്ടന്റെ കരച്ചിൽ ഞാൻ കേട്ടത്. ഞാൻ അങ്ങോട്ടേക്ക് ഓടി. അതാ കുട്ടനും അമ്മയും താഴെ.
"കുട്ടാ, എന്താടാ പറ്റിയത്... അമ്മേ കണ്ണു തുറക്കമ്മേ... "
രണ്ടുപേർക്കും ബോധം ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഞാൻ ആ ശബ്ദം കേട്ടത്. " എന്താ മോളെ എല്ലാവർക്കും പറ്റിയത്.. ?? അച്ഛൻ വന്നില്ലേ പിന്നെ എന്തിനാ എല്ലാവരും കരയുന്നേ... "
"അയ്യോ....അച്ഛ......... ! എന്റെ വാക്കുകൾ പുറത്തേക്ക് വന്നില്ല.
ഞങ്ങൾ നാലു പേരും ഹോസ്പിറ്റലിൽ ആണ്. എന്റെ കട്ടിലിന്റെ അരികിൽ അച്ഛൻ താടിക്ക് കൈ കൊടുത്തു ഇരിക്കുന്നുണ്ട്. ഞാൻ ആലോചിക്കുകയായിരുന്നു ആർക്കോ വേണ്ടി ഒരു മകന്റെ സ്ഥാനത്തു നിന്ന് കർമ്മങ്ങൾ ചെയ്ത കുട്ടൻ. ഏതോ ഒരാൾ എന്റെ പറമ്പിൽ അന്തിയുറങ്ങുന്നു. ഇവിടെ ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കുന്ന അച്ഛൻ. അച്ഛന്റെ ആ ഇരിപ്പു കണ്ടാൽ ദേഷ്യവും സങ്കടവും എല്ലാം എനിക്ക് ഒരുമിച്ചു വരുന്നുണ്ട്. പിന്നെ ഒരു ആശ്വാസവും, മരിച്ചെന്നു കരുതിയ എന്റെ പ്രിയപ്പെട്ട അച്ഛനെ ദൈവം തിരിച്ചു തന്നല്ലോ...
വാൽകഷ്ണം: ഇത് ശരിക്കും നടന്ന ഒരു കഥയാണ്. എനിക്കല്ലാട്ടോ..എന്റെ ഒരു സുഹൃത്തിന്റെ അയൽവാസിക്ക്. അവൻ നാലു ദിവസം കഴിഞ്ഞാ കണ്ണു തുറന്നത് 😂 " മരിച്ച അച്ഛൻ അസ്ഥിസഞ്ചയത്തിന്റെ അന്ന് തിരിച്ചു വന്നു"..
By...
Ceepee...

ആ രാത്രി.....

ആ രാത്രി.......
******************
ഒരിക്കലും പ്രതീക്ഷിച്ചതല്ല രാഹുൽ തന്നെ അവിടെ ഒറ്റക്കാക്കി പോകുമെന്ന്. അമ്മക്ക് തന്നെ ഇഷ്ടമല്ലെന്ന്. എന്നാലും ഈ പാതിരാത്രി തന്നെ ഒറ്റയ്ക്ക് അതും ആരും പേടിക്കുന്ന ഈ കോട്ടയുടെ അടുത്ത് തന്നെ. ചിലപ്പോൾ രാഹുലും വിചാരിച്ചിട്ടുണ്ടാകും അതിനടുത്തു തന്നെയാണ് റെയിൽവേസ്റ്റേഷൻ, അതിൽ കയറി എവിടേക്കെങ്കിലും പോയ്കൊള്ളുമെന്ന്. പിന്നെ അവനു ചോദിക്കുന്നവരോട് പറയാൻ ഒരു കാരണവും ആയല്ലോ, രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കാണാതായെന്ന്. കോട്ടയുടെ അവിടെ നിന്ന് ഒരു ഒരു കിലോമീറ്റർ എങ്കിലും കാണും സ്റ്റേഷനിലേക്ക്. പക്ഷെ നടന്നു പോകുന്ന വഴി ഒരു ലൈറ്റ് പോലുമില്ല. അതുകൊണ്ടു തന്നെ ഈ വഴി ആരും ഉപയോഗിക്കാറില്ല. ഈ കോട്ട പണ്ടു ടിപ്പുവിന്റെ പടയോട്ടകാലത്ത് കെട്ടിയതാണെന്ന് ആരോ പറയുന്നത് കേട്ടിരുന്നു. ഇടക്കിടക്ക് അവിടെ എന്തോ ഒച്ചയോ മറ്റോ കുറേ ആളുകൾ കേട്ടിരുന്നെത്രെ. അതു കൊണ്ടു തന്നെ അത് ഇന്നും ഒരു പേടിസ്വപ്നമായി നിൽക്കുന്നു. എന്തായാലും ഈ രാത്രി തനിക്ക് അതിനുള്ളിൽ കഴിച്ചു കൂടിയേ പറ്റൂ. നന്നായി മഴ പെയ്യുന്നുണ്ട്. മിന്നലും ഉണ്ട്. അവൾ ആ കോട്ട ലക്ഷ്യമാക്കി നടന്നു.
മഴയുടെ ശക്തി കൂടി വന്നു. മിന്നൽപിണരുകൾ ഇടിഞ്ഞു പൊളിഞ്ഞ ജനലിലൂടെ അകത്തേക്ക് എത്തി നോക്കി. കാറ്റിന്റെ ശക്തി കൊണ്ട് അകത്തേക്ക് വെള്ളം തെറിച്ചു വീഴുന്നുണ്ടായിരുന്നു. പകുതി പൊട്ടിയ ഒരു മരത്തിന്റെ വലിയ പെട്ടി അവളുടെ കണ്ണിൽ പെട്ടു. അത്യാവശ്യം വലിപ്പമുള്ളത് കൊണ്ട് ആ പെട്ടിയുടെ പിന്നിലേക്ക് കാറ്റിനു വെള്ളത്തെ വീശിയെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ അവിടേക്ക് നടന്നു. കുറച്ചേ സ്ഥലമേ പിന്നിൽ ഉള്ളൂ. അവൾ ആ പെട്ടി തള്ളി നോക്കി. ഇല്ല അനങ്ങുന്നില്ല. ഉള്ള സ്ഥലത്ത് തന്നെ അഡ്ജസ്റ്റ് ചെയ്യാം. അവൾ താഴെ ഇരുന്നു. തണുപ്പിന്റെ കാഠിന്യം കൊണ്ട് അവൾ ചെറുതായി വിറക്കാൻ തുടങ്ങി. പെട്ടെന്നാണ് അവൾ ആരോ പടികൾ കയറി മുകളിലേക്ക് ഓടുന്ന ശബ്ദം കേട്ടത്. അവൾ ഒന്നു ഞെട്ടി. പതുക്കെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... ഇല്ല്യാ... അവിടെ ഒന്നുമില്ല. മിന്നൽ വരുമ്പോൾ പടിയുടെ ചുമരിൽ മുളച്ചു നിന്നിരുന്ന ആലിന്റെ ഇലകൾ ആടുന്നത് അവൾ കണ്ടു. മഴക്ക് ശക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. പെട്ടെന്ന് ആരുടെയോ തേങ്ങി കരച്ചിൽ മുകളിൽ നിന്ന് കേട്ടു. അവൾ പതുക്കെ ആ പടികൾ കയറി. ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും അത് എന്താണെന്നറിയാതെ ഒരു രാത്രി മുഴുവൻ ഇവിടെ കഴിയാൻ പറ്റില്ല. അവൾ കോട്ടയുടെ മുകളിൽ എത്തി. അവിടെയും ഇടിഞ്ഞു പൊളിഞ്ഞ കുറച്ച് മുറികൾ ഉണ്ടായിരുന്നു. അതിൽ ഏതോ മുറിയിൽ നിന്നും ഇപ്പോളും ആ തേങ്ങി കരച്ചിൽ കേൾക്കുന്നുണ്ട്. അവൾ ആ മുറിയുടെ അകത്തേക്ക് നോക്കി. പെട്ടെന്ന് അതിശക്തിയായി ഒരു മിന്നൽ. ആ മിന്നലിന്റെ വെളിച്ചത്തിൽ അവൾ ആ രൂപങ്ങൾ വ്യക്തമായി കണ്ടു. ഒരു പെൺകുട്ടി നിലത്തിരുന്ന് കരയുകയാണ്. അവളുടെ കഴുത്തിൽ ഒരു വാളുണ്ട്. അവൾ അവളുടെ ജീവനു വേണ്ടി കരയുകയാണ്. ഒരു രാജാവിനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ആ വാൾ അവളുടെ കഴുത്തിൽ വെച്ചിരിക്കുന്നത്. ഇനി ഇതാവോ എല്ലാരും പറയുന്ന ടിപ്പു. അവൾ കൗതുകത്തോടെ ഒന്നു കൂടി മുന്നോട്ടാഞ്ഞു നോക്കി. പക്ഷെ പിന്നെ ആരെയും കണ്ടില്ല. ഒരു കാര്യം അവൾക്ക് മനസ്സിലായി മിന്നൽ വരുമ്പോൾ മാത്രമാണ് ആ രൂപങ്ങൾ കാണുന്നത്. എന്താണെന്ന് അറിയാനായി അവൾ കുറച്ച് നേരം അവിടെ തന്നെയിരുന്നു. മഴ കുറഞ്ഞു തുടങ്ങി. ആ രൂപങ്ങളും മങ്ങി മങ്ങി ഇല്യാതായി. അവൾ തിരിച്ചു താഴേക്ക് പടികളിലൂടെ നടന്നു. പെട്ടെന്ന് ഒരു രൂപം മുന്നിലൂടെ പാഞ്ഞു. ഞാനും സകലശക്തിയെടുത്തു പിന്നാലെ.
എന്നെക്കാളും ഒരുപാടു മുന്നിലായിരുന്നു ആ രൂപം. എങ്കിലും തോൽക്കാൻ ഞാൻ തയ്യാറായില്ല. പണ്ട് അമ്മ എല്ലാം പഠിപ്പിച്ചിരുന്നത് കൊണ്ട് ഇടക്കിടക്ക് ഇത് ഉപകാരപ്പെടാറുണ്ടായിരുന്നു. സ്പോർട്സിന്റെ കാര്യത്തിൽ അമ്മ ഒരു ഹുസൈൻ ബോൾട്ട് തന്നെയായിരുന്നു. അത് ഇടക്കിടക്ക് കിതക്കുന്നുണ്ടായിരുന്നു. കരിയിലകളിൽ മഴ പെയ്തതുകൊണ്ടു കുറച്ച് വഴുക്കലുണ്ടായിരുന്നു. ഓടിയോടി ഞങ്ങൾ ആ റെയിൽവേസ്റ്റേഷനിൽ എത്തി. അത് സ്റ്റേഷനിനുള്ളിലേക്ക് കടന്നതും എന്റെ അമ്മയെ മനസ്സിൽ ധ്യാനിച്ചുള്ള എന്റെ ചാട്ടവും ഒന്നിച്ചായിരുന്നു. അതിന്റെ തലയിൽ തന്നെയാണ് എന്റെ കൈകൾ പതിച്ചത്. ബലിഷ്ടമായ എന്റെ കൈക്കുള്ളിൽ കിടന്നു അത് നിലവിളിച്ചു. സ്റ്റേഷനിൽ രാത്രി ആയതിനാൽ യാത്രക്കാർ കുറവായിരുന്നു. രണ്ടു കുട്ടികൾ അവരുടെ മൊബൈലിൽ എന്റെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു.
"മോനെ ആ പൂച്ച കടിക്കുംട്ടോ... ഇങ്ങോട്ടു വാ നിങ്ങൾ"
അമ്മ അവരെ വിളിച്ച് കൊണ്ടുപോയി.
എന്റെ ശ്രദ്ധ മുഴുവൻ പ്രതീക്ഷിക്കാതെ കിട്ടിയ ആ എലിയിൽ ആയിരുന്നു. എന്നാലും എന്തു അഹങ്കാരമാണ് ഈ എലികൾക്ക്. എന്നെ ഒരു കിലോമീറ്റർ ഓടിച്ച ദേഷ്യമായിരുന്ന എനിക്ക്. പക്ഷെ എന്തിനാ രാഹുൽ എന്നെ ഈ രാത്രിയിൽ ഉപേക്ഷിച്ചത്. ഇടക്കിടക്ക് മീൻ കഴിക്കാനുള്ള കൊതി കൊണ്ട് മീൻകറി കട്ട്‌ തിന്നാറുണ്ട്. ആകെ രണ്ടു ചട്ടിയെ പൊട്ടിച്ചുള്ളൂ. അതിന് പ്രായപൂർത്തിയായ എന്നെ ഈ രാത്രിയിൽ ഒറ്റയ്ക്ക് വിട്ടിരിക്കുന്നു. അല്ലെങ്കിലും ഈ മനുഷ്യന്മാരെല്ലാം ദയയില്ലാത്തവർ ആണ്. എത്ര സ്നേഹിച്ചാലും തിരിച്ചു കൊത്തുന്ന സർപ്പങ്ങൾ.
അവൾ ഇനി തിരിച്ചു പോണോ എന്ന് ചിന്തിച് മുഖത്തു പറ്റിയിരുന്ന ചോരയെല്ലാം കൈകൊണ്ടു തുടക്കുകയായിരുന്നു.....
By...
CeePee

ഒരു ദിവ്യബലി.....

ഒരു ദിവ്യബലി.....
****************
അവൾ ഓടുകയായിരുന്നു. പിന്നാലെ അവർ 3 പേരുണ്ട്. സംശയത്തോടെ അവൾ വീണ്ടും തിരിഞ്ഞു നോക്കി. അതെ ആ നാലാമൻ നൗഫലിക്ക തന്നെ. തന്നെ ഇത്ര നാളും ലാളിച്ചു വളർത്തിയ ഏറ്റവും കൂടുതൽ തന്റെ കൂടെപിറപ്പിനെ പോലെ സ്നേഹിച്ച നൗഫൽ. കരച്ചിൽ വന്നു പോയി അവൾക്ക്. കണ്ണീരുകൊണ്ട് മുന്നിൽ കാണുന്ന വഴികളൊന്നും അവൾക്ക് വ്യക്തമായില്ല. ഓടിയേ തീരൂ. പ്രാണനു വേണ്ടിയുള്ള ഓട്ടമാണ്. വഴികളിൽ നിറയെ കാടു കയറിയിരിക്കുന്നു. താൻ എന്നും പോകാറുള്ള വഴികളാണിത്. ഇത്രനാളും കാണാത്ത കാട് ഒരു ദിവസം കൊണ്ടെങ്ങിനെ പ്രത്യക്ഷമായാവോ... ഞാൻ മരിച്ചാൽ എന്റെ മക്കൾ ഒറ്റക്കാകും. രണ്ടു കുട്ടികളെ ഉള്ളൂ. ഞാൻ വേണം എപ്പോളും എന്തിനും. ഏറ്റവും കൂടുതൽ അവർക്കിഷ്ടം നൗഫലിക്കയെ ആണ്‌. മാർക്കറ്റിൽ പോവുകയാണെങ്കിൽ എന്തെങ്കിലും ഒക്കെ വാങ്ങിയേ മൂപ്പർ വരൂ.
ആദ്യമായി നൗഫലിക്കയെ കണ്ട ദിവസം എന്നെ നോക്കാറേ ഇല്ല്യായിരുന്നു. പിന്നെ പതുക്കെ പതുക്കെ എന്നോടു മിണ്ടാൻ വരും. ആദ്യം ഞാനും മിണ്ടാൻ പോയില്ല. പിന്നെ മനസ്സിലായി ആളൊരു പാവമാണെന്ന്.
അവൾ ഓടിയോടി എത്തിയത് ഒരു പുഴയുടെ മുന്നിലായിരുന്നു. ഇനി മുന്നിലേക്ക് വഴിയില്ല. ഇവിടെയാണ്‌ നൗഫലിക്കക്ക് എന്തെങ്കിലും സങ്കടം വരുമ്പോൾ ഞങ്ങൾ വന്നിരിക്കാറുള്ളത്. ഈശ്വരാ ഇവിടെ വെച്ചു തന്നെയാകുമോ എന്റെ അന്ത്യവും. പുഴയിലേക്ക് ചാടിയാൽ എന്തായാലും താൻ മരിക്കും. തിരിച്ചു ഓടിയാൽ അവർ എന്നെ കൊല്ലും.. അവൾ ദയനീയ ഭാവത്തോടെ മുകളിലേക്ക് നോക്കി. ദൈവങ്ങൾ ആരെങ്കിലും കണ്ടോട്ടെ എന്ന ഭാവത്തിൽ. അഷറഫും ഉണ്ട് ആ കൂട്ടത്തിൽ. പണ്ടു മുതലേ അഷറഫിനെ പേടിയാണ്. അവന്റെ അരയിൽ എപ്പോളും ഒരു കത്തി ഉണ്ടാകുമെത്രെ. ഇനി ഒരേ ഒരു വഴി മാത്രം.....
അവൾ പതുക്കെ നിലത്തിരുന്നു. അവർ ഓരോരുത്തരായി അവളുടെ അടുത്തെത്തി. നൗഫലിക്ക എന്റെ കയ്യിൽ കയറി പിടിച്ചു. ഞാൻ സകലശക്തിയും എടുത്തു ഒന്നു കുതിച്ചു. പ്രതീക്ഷിക്കാതെ ആയതുകൊണ്ടു നൗഫൽ നിലത്തു വീണു. അതാ ഒരു അലർച്ചയോടെ അഷറഫ് ഓടിവരുന്നു. ഞാൻ ഓടി. അവർക്ക് പിടികൊടുക്കാതെ. പിന്നാലെ അവർ ഉണ്ട്. എനിക്ക് എന്റെ കുട്ടികളെ അവസാനമായി ഒന്നു കാണണം. അവൾ വീട് ലക്ഷ്യമാക്കി ഓടി. ഈശ്വരാ എന്താ പറ്റിയത് വീടിനു മുന്നിൽ ഒരാൾക്കൂട്ടം. എന്റെ കുട്ടികൾക്കെന്തെങ്കിലും.... അതാ തന്നെ കണ്ടതും അവർ ഓടിവരുന്നു. അതാ നൗഫലിന്റെ ഉമ്മ എന്നെ സ്നേഹത്തോടെ വിളിക്കുന്നു. " എന്റെ അമ്മിണി എവിടെ പോയതാ... ഇവിടെ വാ.... നിറകണ്ണുകളോടെ ഞാൻ ഉമ്മയുടെ അടുത്തേക്ക് നടന്നു. ഉമ്മ എന്നെ കെട്ടിപിടിച്ചു
"നൗഫലെ അമ്മിണി ഇവിടെ ഉണ്ട്.. "
എനിക്ക് ഉമ്മയോട് പറയണമെന്നുണ്ട്. പക്ഷെ ഒന്നു പ്രതികരിക്കാനാവും മുന്പേ നൗഫൽ എന്നെ വാരിയെടുത്തു. എന്റെ കൈയും കാലും അവൻ വരിഞ്ഞു കെട്ടി. അഷറഫ് ഒരു ആർത്തിയോടെ എന്റെ അരികിലേക്ക് ഓടിവന്നു.
" കുറേ ഓടി ക്ഷീണിച്ചതല്ലേ...കുറച്ചു വെള്ളം കുടിച്ചോ..."
ആ വെള്ളം കുടിച്ചു തീരും മുന്പേ അഷറഫ് അരയിൽ നിന്നു കത്തിയെടുത്തു. അവന്റെ കൈ വീശിയടുത്തു ഞാൻ എന്റെ കണ്ണുകൾ മുറുകെ അടച്ചു...പ്രാണൻ പോകുന്ന വേദനയിലും എനിക്ക് കേൾക്കാമായിരുന്നു ആ വാക്കുകൾ...
"എടാ ആടുബിരിയാണി വേണ്ടവരൊക്കെ ഒരു പാത്രം കൊണ്ടു ഉച്ച ആകുമ്പോളേക്കും വാ... ഇന്ന് പെരുന്നാളല്ലേ.. പെരുന്നാളിന് ആട് നമ്മുടെ നൗഫലിന്റെ വക..
By...
CeePee....

ജന്മദിനം ഒരു മരണദിനം


ജന്മദിനം ഒരു മരണദിനം
************************
മാളവിക ഈ സിറ്റിയിലേക്ക് താമസം മാറിയിട്ട് 4 ദിവസമേ ആയുള്ളൂ. മാളവികയും ഭർത്താവ് അനീഷും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് അവർക്ക് ഈ സിറ്റിയിലേക്ക് ഒരുമിച്ചു തന്നെയാണ് ട്രാൻസ്ഫർ കിട്ടിയതും. അവിടെനിന്നും കുറച്ചുമാറി ഒരു ഗ്രാമത്തിലാണ് അവർക്ക് താമസം ശരിയായിരിക്കുന്നത്. വീടിനടുത്ത് ഒന്നോ രണ്ടോ അയല്പക്കക്കാർ ഒഴിച്ചാൽ ഒഴിച്ചാൽ മറ്റു വീടുകളൊന്നും ആ ഭാഗത്തു ഉണ്ടായിരുന്നില്ല. അനീഷിന്റെയും മാളവികയുടെയും കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകുന്നതേ ഉള്ളൂ.
അന്നത്തെ പ്രഭാതം ഉണർന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടായിരുന്നു. കേട്ടവർ കേട്ടവർ ആ വീടിലേക്ക്‌ പാഞ്ഞു. പതുക്കെ പതുക്കെ ആ വീടിന്റെ മുറ്റം ജനങ്ങളെ കൊണ്ടു നിറയുകയായിരുന്നു. അന്നത്തെ പത്രങ്ങളിലെല്ലാം ഒരു തലക്കെട്ടിനാണ് പ്രാധാന്യം കൊടുത്തത് "ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി". വായിച്ചവർ വായിച്ചവർ മുഴുവൻ മൂക്കത്തു വിരൽ വെച്ചു. എല്ലാവരും വിധി എഴുതി രഹസ്യബന്ധം.... പോലീസ് വണ്ടികൾ അവരുടെ വീടിന്റെ മുന്നിലേക്ക് പാഞ്ഞു വന്നു. എല്ലാവരും പ്രതിയെ കാണാൻ ആകാംഷയോടെ നിൽക്കുകയായിരുന്നു. കരഞ്ഞു തളർന്ന കണ്ണുകളുമായി, കൈയിൽ വിലങ്ങും വിലങ്ങും അണിഞ്ഞു മാളവിക വീടിനു പുറത്തിറങ്ങി. ജനക്കൂട്ടം ബഹളം വെച്ചു തുടങ്ങി. ഒരു ഭ്രാന്തിയെ പോലെ അവൾ അലറി. ആ അലർച്ച ഒരു പൊട്ടി കരച്ചിലിൽ ആയിരുന്നു അവസാനിച്ചത്. പോലീസ് അകത്തു കടന്നു അനീഷിന്റെ ബോഡി പരിശോധിച്ചു. നാലു കുത്ത് കിട്ടിയിരിക്കുന്നു.അതും ലിവറിൽ ആയതു കൊണ്ട് അപ്പോൾ തന്നെ മരണം സംഭവിച്ചിരിക്കുന്നു. അവിടെ നിന്നും പോലീസ് ഒരു സാന്താക്ലോസിന്റെ മുഖംമൂടിയും കണ്ടെടുത്തിരുന്നു. ഇതാണ് അവർക്ക് കൊലയാളി പുറത്തു നിന്നുള്ള ആളാണോ എന്ന സന്ദേഹം ഉണ്ടാക്കിയത്. പക്ഷെ മാളവികയുടെ ഉറച്ച മൊഴിയായിരുന്നു താനാണ് അനീഷിനെ കൊന്നതെന്ന്. മാളവികയുമായി പോലീസ് വണ്ടികൾ ദൂരേക്ക്‌ മറഞ്ഞു. ജനക്കൂട്ടം പതുക്കെ പിൻവാങ്ങി തുടങ്ങി.
മാളവികയുടെ ചിന്തകൾ പുറകോട്ടു പായുകയായിരുന്നു. അന്ന് തന്റെ ജന്മദിനം ആയിരുന്നു. അനീഷേട്ടന് ഓവർടൈം ഡ്യൂട്ടി ഉള്ളത് കൊണ്ട് ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു. കേക്കും വാങ്ങി വരാമെന്നു പ്രോമിസ് ചെയ്താണ് ഫോൺ വെച്ചത്. അനീഷേട്ടനെ വിളിച്ചു കഴിഞ്ഞ് രാത്രിക്ക് പായസം വെക്കാനുള്ള സാധനങ്ങളും വാങ്ങി വേഗം തന്നെ വീട്ടിലെത്തി. നേരം രാത്രി 9.30 ആയി. സാധാരണ അനീഷേട്ടൻ 9 മണിക്കെങ്കിലും എത്താറുണ്ട്. പല വട്ടം വിളിച്ചു നോക്കി. പക്ഷെ ഏട്ടൻ ഫോൺ ബിസി ആക്കുകയായിരുന്നു. ക്ലോക്കിൽ സമയം 10 അടിച്ചു. പെട്ടെന്നാണ് പുറകിലെ വാതിലിൽ ആരോ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടത്. മാളവിക പേടിച്ചു വിയർക്കാൻ തുടങ്ങി. സകലധൈര്യവും സംഭരിച്ചു അവൾ പുറകിലേക്ക് നടന്നു. പുറത്തു നായ ഓരിയിടുന്ന ശബ്ദം കേൾക്കാം. അവൾ അടുക്കളയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി. ഠോ.... ഹാളിൽ എന്തോ പൊട്ടുന്ന ശബ്ദം. അതോടെ എല്ലാ ലൈറ്റുകളും ഓഫ്‌ ആയി. അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു. അവളുടെ മുടിയിഴകളെ എന്തോ തഴുകി കടന്നു പോയതു പോലെ അവൾക്കു തോന്നി. ഇരുട്ടായതിനാൽ ഒന്നും വ്യക്തമായില്ല. അവൾ ബെഡ്റൂമിലേക്ക് ഒരു ഉദ്ദേശ്യം വെച്ചു ഓടി കൈയിൽ തടഞ്ഞത് മൊബൈൽ ആയിരുന്നു. മൊബൈൽ ന്റെ വെളിച്ചത്തിൽ അവൾ എമർജൻസി ലാംപ് തേടി. പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല. മാളവികക്ക് ഒരു കാര്യം മനസ്സിലായി തന്നെ കൂടാതെ മറ്റാരോ ഈ വീട്ടിൽ ഉണ്ട്. മൊബൈലിൽ വീണ്ടും അനീഷിനെ ട്രൈ ചെയ്‌തു. പക്ഷെ അവൻ ബിസി ആക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച വായിച്ചതേ ഉള്ളൂ വർദ്ധിച്ചു വരുന്ന ബംഗാളികളുടെ കൊലപാതകങ്ങളെ കുറിച്ച്. ഇല്ല്യാ... ഞാൻ അവരുടെ ഇരയാകില്ല. അവൾ മൊബൈൽ വെളിച്ചത്തിൽ അടുക്കള ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവളെ പിന്നിൽ ആരോ പിടിച്ചു തള്ളി. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. കിച്ചണിൽ നിന്നു അവൾക്കു ആദ്യം കയ്യിൽ കിട്ടിയത് കത്തിയാണ്. വാങ്ങിയിട്ട് രണ്ടു ദിവസമായേ ഉള്ളൂ. അവൾ അത് കയ്യിലെടുത്തു ബെഡ്റൂമിലേക്ക് നടന്നു. പെട്ടെന്ന് കിച്ചണിൽ പാത്രങ്ങൾ പടാ പടാ വീഴുന്ന ശബ്ദം കേട്ടു. ആരോ അവളുടെ അടുത്തു കൂടി കടന്നു പോയി. പിന്നിൽ നിന്നും ആരോ അവളുടെ മുടിയിൽ തഴുകുന്നത് പോലെ അവൾക്കു തോന്നി. മാളവിക സർവശക്തിയുമെടുത്തു ആഞ്ഞാഞ്ഞു കുത്തി... പെട്ടെന്നു തന്നെ കറന്റും വന്നു. എല്ലാ ലൈറ്റുകളും കത്തി. ആ പ്രകാശത്തിൽ ഒരു രൂപം താഴെ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടു അവൾ. അയാൾ ഒരു സാന്താക്ലോസിന്റെ മുഖംമൂടി അണിഞ്ഞിരുന്നു. അയാളുടെ കയ്യിൽ ഒരു ബർത്ത്ഡേ കാർഡ്‌ തിളങ്ങുന്നുണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു... "happy birthday molu...ഈ സർപ്രൈസ് എന്റെ മോളൂട്ടിക്ക് എന്നും ഓർമയിലുണ്ടായിരിക്കട്ടെ. ഒരു ഞെട്ടലോടെ അവൾ ആ മുഖംമൂടി എടുത്തു മാറ്റി. അതെ തന്റെ അനീഷേട്ടൻ ആയിരുന്നു അത്. എന്റെ അനീഷേട്ടനെ ഞാൻ കൊന്നു. എന്റെ പ്രാണന്റെ പാതിയായ അനീഷേട്ടനെ കൊന്നു ഈ പാപി. അവൾ ഒരു ഭ്രാന്തിയെപ്പോലെ അലറി കരഞ്ഞു. കരഞ്ഞു കരഞ്ഞു അവൾ തളർന്നു എപ്പോളോ ഉറങ്ങി. രാവിലെ നേരം വെളുത്തപ്പോൾ താൻ തന്നെയാണ് പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ല. അത് കൊണ്ടു മാത്രം നീതിന്യായത്തിന്റെ വിധിക്കായി കാത്തിരിക്കുന്നു. ഒരു തൂക്കുമരം വേണം. അനീഷേട്ടന്റെ ലോകത്തെത്താൻ ഈ തൂക്കുമരം തനിക്ക് കിട്ടിയേ മതിയാകൂ. ഈ ലോകത്തു നിന്നു എന്നെന്നേക്കുമായി എനിക്ക് വിട പറയണം. ഇവിടെ ഇനി ഞാൻ മാത്രമായി വേണ്ട.... അനീഷേട്ടാ മാപ്പ്. അറിഞ്ഞു കൊണ്ടല്ലെങ്കിലും അനീഷേട്ടന് ഒരു വേദനിപ്പിക്കുന്ന മരണം തന്നതിന് മാപ്പ്.....
By..
CeePee..

ആ രാത്രി


ആ രാത്രി
***********
നൈറ്റ്‌ ഡ്രൈവിംഗ് ആണ്. ചില സമയത്ത് അന്യസംസ്ഥാനലോറികൾ ഒരു ശ്രദ്ധയും ഇല്ലാതെയാണ് റോഡിലൂടെ ചീറിപായുന്നത്. അതു കൊണ്ട് തന്നെ ഒരുപാട് ശ്രദ്ധിച്ചേ വണ്ടി ഓടിക്കാറുള്ളു. ഒരിക്കലും പ്രതീക്ഷിക്കാതെ ഉള്ള ഒരു ട്രിപ്പ്‌ ആയിരുന്നു ഇത്. തന്റെ പ്രിയ സുഹൃത്തായ രമേശ്‌ ആക്സിഡന്റ് ആയി icu ൽ ആണെന്ന്. വീട് എവിടെയാണെന്ന് പോലും അറിയില്ല. പെട്ടെന്നായതുകൊണ്ട് അഖിലയെയും മോനെയും കൂടിയില്ല. സുൽത്താൻ ബത്തേരിയിൽ നിന്നു ഏകദേശം ഒരു 15 km ഉണ്ടെന്നറിയാം, പുല്പള്ളിയുടെ അടുത്തായി വരും. രാത്രി ഡ്രൈവ് കാടിനുള്ളിലൂടെ അത്ര സേഫ് അല്ല എന്നു കേട്ടിട്ടുണ്ട്. ആനകൾ ഒക്കെ ഉണ്ടാകുമെത്രെ വഴി മുടക്കാൻ വേണ്ടി. റോഡിനു നടുവിൽ വന്നു നെഞ്ചും വിരിച്ചു നിൽക്കും. പിന്നെ അവർക്ക് തോന്നുമ്പോൾ മാത്രേ വഴി മാറി തരൂ. അത്രക്കൊന്നും പേടിയുണ്ടായില്ല എനിക്ക്, പക്ഷെ പേടിയുള്ള ഒന്നു ഉണ്ടായിരുന്നു, ഒരു പാലം. ഒരുപാട് കഥകൾ ആ പാലത്തിനെ കുറിച്ച് കേട്ടിരുന്നു. ആ പാലം ഒരു അര മീറ്റർ മാത്രേ ഉള്ളൂ. ഒരു ചെറിയ പുഴക്ക് കുറുകെയാണ്. അതു കടക്കാതെ എനിക്ക് പോകാൻ പറ്റില്ല. ഇന്നലെ കൂടി ഞാൻ ന്യൂസ്‌പേപ്പറിൽ വായിച്ചുള്ളു, ഒരു കാർ മറിഞ്ഞു ഒരാൾ മരിച്ചെന്നു. അവിടെ ഒരു പ്രത്യേകതയുണ്ട്. നമ്മൾ 12 മണിക്ക് ശേഷം കാർ ഓടിച്ചു പോയാൽ ഒരു പെൺകുട്ടി കാറിനു മുന്നിൽ കൂടി ഓടിവന്നു ആ പുഴയിലേക്കു എടുത്തു ചാടും. എന്നാൽ പുറത്തിറങ്ങി നോക്കുമ്പോൾ ഒന്നും ഉണ്ടാകില്ല. ഒട്ടുമിക്ക കാർഡ്രൈവർമാർക്കും പുറത്തിറങ്ങാൻ അവസരം കിട്ടാറില്ല കാരണം ഈ പെൺകുട്ടി മുന്നിൽ ചാടുമ്പോളെ കാറിന്റെ നിയന്ത്രണം വിട്ടിരിക്കും. ആ പാലത്തിനു മുകളിലൂടെ ആണ് ഇന്നെനിക് പോകേണ്ടത്.
Bridge Ahead ന്റെ സിഗ്നൽബോർഡ്‌ ഞാൻ കണ്ടു തുടങ്ങി. ഞാൻ സമയം നോക്കി. ഈശ്വരാ 12:25 AM. എന്റെ ഹൃദയമിടിപ്പ് കൂടുന്നതായി എനിക്ക് തോന്നി. അറിയാവുന്ന ദൈവങ്ങളുടെ എല്ലാം പേരുകൾ ഞാൻ മാറി മാറി വിളിച്ചു. എന്റെ കാർ പാലത്തിലേക്ക് കടക്കുകയാണ്. ആ സമയം ആയതുകൊണ്ടാകാം ഒറ്റവണ്ടി പോലും ഇല്ല. ഭയം എന്നെ ഭരിക്കാൻ തുടങ്ങി. കാറിനുള്ളിലെ AC യുടെ കൂളിലും ഞാൻ പതുക്കെ വിയർക്കാൻ തുടങ്ങി. എന്റെ കാർ ഏകദേശം പകുതി ദൂരം പിന്നിട്ടിരിക്കുന്നു.....
പെട്ടെന്നാണ് അതു സംഭവിച്ചത്. ഒരു പെൺകുട്ടി ഓടിവന്നു എന്റെ കാറിനു മുന്നിലൂടെ പുഴയിലേക്കു എടുത്തു ചാടി. എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു. ഒരു നിലവിളി ശബ്ദത്തോടെ എന്റെ കാർ നിന്നു. ഞാൻ കാർ ഓഫ്‌ ചെയ്യാതെ പുറത്തിറങ്ങി. പക്ഷെ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. ഞാൻ ആ പാലത്തിനു മുകളിൽ നിന്നു താഴേക്ക്‌ നോക്കി. കുറച്ചു മിന്നാമിന്നികൾ പറക്കുന്നുണ്ടായിരുന്നു. ഞാൻ തിരിച്ചു വണ്ടിയിലേക്ക് നടന്നു. വണ്ടി ഫസ്റ്റ്ഗിയർ ഇട്ടപ്പോഴേക്കും ഒന്നു കുതിച്ചു ചാടി എന്റെ വണ്ടി ഓഫ്‌ ആയി. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു വണ്ടി ഓൺ ആകാൻ. പക്ഷെ നിരാശയായിരുന്നു ഫലം. പെട്ടെന്ന് എന്റെ പിന്നിൽ നിന്നും ഒരു പൊട്ടിച്ചിരി ഞാൻ കേട്ടു. അതെ നേരത്തെ കണ്ട ആ പെൺകുട്ടി ആയിരുന്നു അതു. അവൾ അവളുടെ കൈകൾ കൊണ്ട് എന്റെ കാർ മുന്നോട്ടു തള്ളുകയായിരുന്നു. അപ്രതീക്ഷിതമായി കാറിന്റെ സ്റ്റിയറിംഗ് ഒരു വശത്തേക്കു വളയുന്നതു ഞാൻ കണ്ടു. ഈശ്വരാ അതു പോകുന്നത് പാലത്തിന്റെ കൈവരിയിലേക്കാണ്. എനിക്ക് മനസ്സിലായി, അവളുടെ ഉദ്ദേശ്യം എന്നെ ആ പുഴയിലേക്കു മറിച്ചിടലാണ്. ഇല്ല്യാ.. ഞാൻ സമ്മതിക്കില്ലാ... ഞാൻ ഡോർ തുറക്കാൻ നോക്കി അതും സെൻട്രൽ ലോക്ക് ആയിരുന്നു. എന്റെ മരണം ഇതിനുള്ളിൽ തന്നെ. പെട്ടെന്ന് കാറിന്റെ ചലനം നിന്നു. ഞാൻ പിന്നിലേക്ക്‌ നോക്കി. അവളെ കാണാനില്ല. കാർ ഇപ്പോൾ പാലത്തിന്റെ കൈവരിയിൽ മുട്ടി നിൽക്കുകയാണ്. ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്യാൻ വീണ്ടും നോക്കി, ഇല്ല കഴിയുന്നില്ല. ഡോർ തള്ളി നോക്കി. അതും തുറക്കുന്നില്ല. പെട്ടെന്ന് എന്റെ പിൻസീറ്റിൽ എന്തോ ഭാരമുള്ള വസ്തു വന്നു വീണതുപോലെ കാർ മൊത്തമൊന്നു കുലുങ്ങി. ഞാൻ തിരിഞ്ഞു നോക്കി.
അതെ അതു അത് അവൾ തന്നെ ആയിരുന്നു. അവൾ എന്നെ നോക്കി പൊട്ടി പൊട്ടി ചിരിക്കുകയാണ്. അവളുടെ കൈകൾ എന്റെ സീറ്റിലേക്ക് നീണ്ടു വന്നു. അവളുടെ വായിൽ പല്ലുകൾക്ക് നീളം കൂടി വന്നു. യക്ഷികഥകളിൽ വായിച്ചു മാത്രം പരിചയമുള്ള ഒരു പെണ്ണ്. ഞാൻ ഡോർ കാലുകൊണ്ട് ആഞ്ഞു ചവിട്ടി. ഒരു ശബ്ദത്തോടെ ഡോർ തുറന്നു. അവളുടെ കൈകൾ തട്ടി മാറ്റി ഞാൻ ആ പാലത്തിന്റെ മുകളിൽ നിന്നു താഴേക്ക്‌ ചാടി. അവളും എന്റെ പുറകെ ചാടി.
"രവിയേട്ടൻ ഓരോന്നും ആലോചിച്ചു കിടന്നിട്ടാ ഇങ്ങനെയൊക്കെ സംഭവിക്കണേ. ഇനിയെങ്ങിലും ഈ രാത്രിയിലുള്ള പുസ്തകവായന ഒന്നു നിർത്തിയേ..."
അഖിലയുടെ ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. കാലും കൈയും അനക്കാൻ കഴിയുന്നില്ല. ചുറ്റും നോക്കിയപ്പോൾ മനസ്സിലായി താൻ ആശുപത്രിയിലാണെന്ന്.
"എന്താണ് അഖിലേ എനിക്ക് പറ്റിയത്"
"ഇനിയെന്ത് പറ്റാൻ..പുലർച്ചെ 2 മണിക്ക് രവിയേട്ടൻ ഉറക്കെ കരഞ്ഞുകൊണ്ട് ബാൽക്കണിയിൽ നിന്നെടുത്തു ചാടി".....ഏട്ടനു നാളെയല്ലേ ആ സുൽത്താൻ ബത്തേരിയിലെ പാലം പുതുക്കി പണിയൽ തുടങ്ങണ്ടത്..ഒരാഴ്ച റെസ്റ്റ് വേണെന്നാ ഡോക്ടർ പറഞ്ഞേ.. "
രവി വീണ്ടും ആ പുസ്തകം കൈയിലെടുത്തു. അവൻ വീണ്ടും വായന തുടർന്നു. "അവളുടെ കൈകൾ തട്ടി മാറ്റി ഞാൻ ആ പാലത്തിന്റെ മുകളിൽ നിന്നു താഴേക്ക്‌ ചാടി. അവളും എന്റെ പുറകെ ചാടി..പാലത്തിൽ നിന്നും പുഴയിലേക്കുള്ള ദൂരം വർദ്ധിച്ചു വരുന്നതായി അവനു തോന്നി... അവൾ നീണ്ട പല്ലുകൾ ഇളിച്ചുകാട്ടി തൊട്ടു പുറകെതന്നെയുണ്ട്..."
By...
CeePee....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo