( ചില യഥാർത്ഥ സംഭവങ്ങൾ കെട്ടുക്കഥയേക്കാൾ അവിശ്വസനീയമാണ്..... തമിഴ്നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടന്ന ഈ യഥാർത്ഥ സംഭവം തീർച്ചയായും നിങ്ങളുടെ കണ്ണ് നനക്കും... മൂന്നു ഭാഗങ്ങളായാണ് ഈ കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ രേഖപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു 🙏🙏🙏)
2018 നവംബർ 14 - കോയമ്പത്തൂർ
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം... ലോകപൈതൃക പട്ടികയിൽ ഇടം നേടിയ, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഒന്ന്... കുഞ്ഞായിരുന്നപ്പോൾ അച്ഛന്റെ കൈപിടിച്ച് അവിടെ പോയത് കോകിലക്ക് ഓർമ്മയുണ്ട്..... വർഷങ്ങൾക്കുശേഷം ജോലിയുടെ, ഭാഗമായി, വീണ്ടും തഞ്ചാവൂർ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു .....
തമിഴ്നാട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലാണ് കോകില ജോലി ചെയ്യുന്നത്.... മുൻപ്, ഒരു പ്രൈവറ്റ് സ്കൂളിലെ ടീച്ചർ ആയിരുന്നു.... പഠിപ്പിക്കലല്ല സാമൂഹിക സേവനമാണ് തന്റെ മേഖലയെന്ന് കോകില തിരിച്ചറിഞ്ഞത് അവിടെ വെച്ചായിരുന്നു.... സർവീസിലിരിക്കെ മരിച്ച അച്ഛന്റെ ജോലിയാണ് കോകിലക്ക് ലഭിച്ചത്... ഒരുപാട് ആളുകളെ നേരിൽ കാണാനും, അവരുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള അവസരം ഈ ജോലി മുഖേന കോകിലക്ക് ലഭിച്ചു....
യാത്രകൾ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു.. അതുപോലെതന്നെ മനുഷ്യരെയും... തമിഴ്നാട് അർബൻ സാനിറ്റേഷൻ സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായി വീടുകളിൽ സർവ്വേ നടത്തുക എന്നതാണ് ഇപ്പോഴത്തെ ദൗത്യം... കോയമ്പത്തൂർ ആണ് സ്വദേശമെങ്കിലും, മലയാളികളോട് ഒരു പ്രത്യേക ചായ്‌വുണ്ട് കോകിലക്ക്... സാമൂഹിക പുരോഗതിയിൽ മലയാളികൾ ഒരുപാട് മുന്നിലാണെന്നാണ് കോകിലയുടെ അഭിപ്രായം....
കോയമ്പത്തൂരിൽ നിന്നു 5 മണിക്കൂർ യാത്രയുണ്ട് തഞ്ചാവൂർക്ക്... ട്രെയിനിൽ ആണ് യാത്ര... ആരെയെങ്കിലും കത്തി വയ്ക്കാൻ കിട്ടണേ എന്ന പ്രാർത്ഥനയോടെയാണ് കോകില ട്രെയിൻ കയറിയത്.... കോകിലയുടെ പ്രാർത്ഥന പോലെ തന്നെ, ട്രെയിനിൽ ഒരു കൂട്ട് കിട്ടി... കാതറിൻ ബ്രണ്ട്... മദാമ്മയാണ്.... ഇംഗ്ലണ്ടിലെ 'Daily Star' ടാബ്ലോയിടിൽ ജോലി ചെയ്യുന്നു... സൗത്ത് ഇന്ത്യൻ നൃത്തരൂപങ്ങളെക്കുറിച്ചും, ക്ഷേത്രങ്ങളെക്കുറിച്ചും പഠിക്കാനാണ് ഇവിടെ വന്നിട്ടുള്ളത്.....അവരും തഞ്ചാവൂർക്ക് തന്നെയാണ് പോകുന്നത്.... സംസാരിക്കാൻ ഇഷ്ടമുള്ള രണ്ടു പേരെ സംബന്ധിച്ച്, അഞ്ചുമണിക്കൂർ എന്നത് വലിയ കാലയളവല്ല.....
സ്വന്തം വിശേഷങ്ങൾ പറയുന്നതിനേക്കാൾ ഉപരി മറ്റേയാളുടെ അനുഭവങ്ങൾ കേൾക്കാൻ അവർ മത്സരിച്ചു... യാത്രയെന്നു പറയുന്നതും ഒരുതരത്തിൽ അനുഭവമാണല്ലോ. കൂട് വിട്ടു കൂട് മാറുന്ന അനുഭവങ്ങൾ... അനുഭവസ്ഥരുടെ അനുഭവങ്ങൾ അറിയുന്നതും ഒരു അനുഭവമാണല്ലോ..
"എന്താണ് നിങ്ങളുടെ ബോധവൽക്കരണ വിഷയം" ആകാംക്ഷയോടെ കാതറിൻ ചോദിച്ചു
"ആർത്തവ ശുചിത്വം.."കോകില തുടർന്നു
"IIHS ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ എല്ലാ ജില്ലയിലും ഈ വിഷയത്തിൽ സർവ്വേ നടക്കുന്നുണ്ട്... കഴിഞ്ഞ ആഴ്ച കോയമ്പത്തൂർ തന്നെയായിരുന്നു duty.... ഈ ആഴ്ച എനിക്ക് തഞ്ചാവൂർ ഡെപ്യൂറ്റേഷൻ ആണ്. അങ്ങോട്ടുള്ള യാത്രയിലാണ് ഞാൻ"
"തഞ്ചാവൂർ നേരത്തെ പരിചയമുണ്ടോ" കാതറിൻ തിരക്കി
"ചെറുപ്പത്തിൽ ഒരിക്കൽ പോയിട്ടുണ്ട്..സ്ഥലം വലിയ പരിചയമില്ല... അവിടെ ഹെൽത്തിൽ നിന്നു നമ്മളെ സഹായിക്കാൻ ആരെങ്കിലും വരും. ഇതുപോലുള്ള സർവ്വേകൾക്ക്, അംഗൻവാടി ടീച്ചർമാർ നമുക്ക് ഒരുപാട് helpful ആണ്. ഇന്ത്യയിൽ ഇപ്പോഴും ആർത്തവവുമായി ബന്ധപ്പെട്ടു ഒരുപാട് ദുരാചാരങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുപോലെയുള്ള സർവ്വേകൾക്ക് പോകുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല വിവരവും നമ്മൾ അറിയുന്നത്."
കോകില തുടർന്നു " കഴിഞ്ഞ ആഴ്ച, തമിഴ്സെൽവി എന്നു പേരുള്ള ഒരു സ്ത്രീയെ ഞാൻ ഇന്റർവ്യൂ ചെയ്തിരുന്നു.. 12 വയസ്സുള്ളപ്പോഴാണ് അവർ വയസ്സറിയിച്ചത്.. വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഇടയിലാണ്, അവർക്ക് ആദ്യമായി രക്തസ്രാവം ഉണ്ടായത് ... എന്തോ മാരകരോഗം വന്നു, മരിക്കാൻ പോവുകയാണെന്നാണ് ആ പാവം കരുതിയത്. പേടിച്ചരണ്ട അവൾ അമ്മയെ വിളിച്ചു...അവളെ കണ്ട പാടേ അമ്മ പുറത്തേക്കോടി. കുറച്ചു കഴിഞ്ഞപ്പോൾ അയൽപക്കത്തെ ഒരു മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നു.. അവർ തിരക്കുപിടിച്ച് അവളെ കുളിപ്പിക്കാൻ കൊണ്ട് പോയി.. എന്നിട്ട് പശു തൊഴുത്തിനടുത്തുള്ള ഒരു മുറിയിൽ കൊണ്ടാക്കി. അവൾക്കുവേണ്ടി ഒരു മരപ്പലക അവിടെ മുൻപേ തയ്യാറാക്കി വെച്ചിരുന്നു.. അവിടെനിന്ന് മാറരുത് എന്ന് അവൾക്ക് ഉപദേശം കൊടുത്തിട്ട്, ആ മുത്തശ്ശി അവിടെ കുറച്ച് ഭക്ഷണവും വെള്ളവും കൊണ്ട് വെച്ചു. അവൾ,അമ്മയെ പിന്നീട് കണ്ടത് അന്ന് വൈകീട്ടായിരുന്നു.... തനിക്ക് കൈവന്ന ശാരീരികവും മാനസികവുമായ മാറ്റത്തെക്കാൾ അവളെ നൊമ്പരപ്പെടുത്തിയത് അമ്മയുടെ പെട്ടെന്നുള്ള അകൽച്ചയായിരുന്നു.... അമ്മയുടെ സ്നേഹത്തിനും കരുതലിനുമായി കൊതിച്ച ആ നാളുകളിൽ, അവൾക്ക് അനുഭവപ്പെട്ട ഒറ്റപ്പെടൽ ഈ നാട്ടിലെ പല പെൺകുട്ടികളും അനുഭവിക്കുന്നതാണ്. നിങ്ങൾക്ക് ഇതൊക്കെ തമാശയായി തോന്നുന്നുണ്ടാകും അല്ലേ.. കാതറിൻ?.
"ഏയ്.. ഒരിക്കലുമില്ല... ആർത്തവത്തെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിൽ ഇംഗ്ലണ്ടിലും ഇതൊക്കെ തന്നെയാണ് അവസ്ഥ.. പല കുട്ടികളും വയസ്സറിയിക്കുമ്പോഴാണ് ഇതൊക്കെ അറിയുന്നത്.... പിന്നെ, നിങ്ങളുടെ നാട്ടിലെ പോലുള്ള ദുരാചാരങ്ങൾ ഒന്നുമില്ല.."
"ഇവിടെ 'പുതുയുഗം' എന്ന പേരിൽ സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയുണ്ട്... 11 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് എല്ലാമാസവും 20 സാനിറ്ററി നാപ്കിനുകൾ സംസ്ഥാന സർക്കാർ നൽകി പോരുന്നുണ്ട്... പാഡുകൾക്ക് ഗുണമേന്മ കുറവായതിനാൽ പദ്ധതി വലിയ വിജയമായില്ല."
കോകില പറയുന്നത് കേട്ടുകൊണ്ട് കാതറിൻ ജനാലക്കമ്പിയിലൂടെ പുറത്തേക്കു നോക്കി...
ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾക്കിടയിലൂടെ വെളിച്ചം കാംക്ഷിക്കുന്ന കണ്ണുകൾക്കായി അവൾ പരതി. മൂഢവിശ്വാസങ്ങളും ദുരചാരങ്ങളും കൊണ്ട് നടക്കുന്നവർ,അവരുടെ തെറ്റ്തിരുത്തിക്കൊണ്ട് പെരുമഴയായി ഭൂമിയിൽ പെയ്തിറങ്ങണമേ എന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു....
**************************************
2018 നവംബർ 15
Government Girls High School,PATTUKKOTTAI
കോകിലയുടെ ഇന്നത്തെ ദൗത്യം ഒരു ബോധവൽക്കരണ സെമിനാർ ആയിരുന്നു .... കൗമാര പ്രായക്കാരായ പെൺകുട്ടികളും അമ്മമാരും അടക്കം മുന്നൂറോളം പേർ സെമിനാറിൽ പങ്കെടുക്കാൻ വന്നിരുന്നു....
എല്ലാ ഒരുക്കങ്ങളും, ഹെൽത്തിലെ സെൽവരാജ് സാർ ചെയ്തിരുന്നു... സഹായത്തിനായി കർപ്പകം എന്ന് പേരുള്ള ഒരു അംഗൻവാടി വർക്കറും ഉണ്ടായിരുന്നു... നല്ല പ്രതികരണമാണ്, സദസ്സിൽ നിന്നും ലഭിച്ചത്.... ആർത്തവ ശുചിത്വത്തെ പറ്റിയും, ഋതുമതികളായ കുട്ടികളുടെ മാനസിക വ്യാപാരത്തെ പറ്റിയും, ഈ സമയത്ത് ബന്ധുക്കൾ, അവരെ ഒറ്റപ്പെടുത്താതെ കൂടെ നിർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കോകില വിശദമായി ക്ലാസ്സെടുത്തു....
ആവേശത്തോടെ, ആ നിമിഷങ്ങളെല്ലാം കാതറിൻ തന്റെ കാമറയിൽ പകർത്തി..... അവർക്കുള്ള ഉച്ചഭക്ഷണം കർപ്പകം വീട്ടിൽ നിന്നു കൊണ്ടുവന്നിരുന്നു... രണ്ടു മണിക്കൂർ നീണ്ട സെമിനാർ അവസാനിച്ചതിനു ശേഷം അവർ സ്കൂളിലെ ഒരു ബെഞ്ചിൽ ഭക്ഷണം കഴിക്കാനിരുന്നു....
കറുവാട് കുഴമ്പും, കത്രിക്ക തോരനും ആയിരുന്നു വിഭവങ്ങൾ...... കാതറിൻ, കൈകൊണ്ടു ഭക്ഷണം കഴിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു... അത് കണ്ട് കോകിലക്കും കർപ്പകത്തിനും ചിരിയടക്കാൻ കഴിഞ്ഞില്ല...
"അക്കാ,വീട്ടിൽ ആരൊക്കെയുണ്ട് "
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കോകില കർപ്പകത്തോട് ചോദിച്ചു
"വീട്ടിൽ ഏട്ടൻ,മോള്, ഏട്ടന്റെ അമ്മ എന്നിവരുണ്ട്... ഏട്ടൻ തങ്കപ്പ ഗൗണ്ടരുടെ തെങ്ങിൻതോപ്പിൽ ജോലി ചെയ്യുന്നു... ഒരു മോൻ ഉണ്ടായിരുന്നത് ഒരു വർഷം മുൻപ് ഞങ്ങളെ വിട്ടു poyi" കർപ്പകത്തിന്റെ കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞു
"അതെന്തു പറ്റി അക്ക" ആകാംക്ഷയോടെ കോകില ചോദിച്ചു
" ഞങ്ങളുടെ ഊരിൽ നാഗപഞ്ചമി ഉത്സവം കേമമായിട്ടാണ് ആഘോഷിക്കുന്നത്.... എല്ലാ വർഷവും ഈ ദിനത്തിൽ അമ്മൻകോവിലിലെ നാഗത്തറയിൽ ഞങ്ങൾ ആരാധന നടത്തും.... ഇങ്ങനെ ചെയ്യുന്നത് വഴി, കുടുംബത്തിന് ഐശ്വര്യം വർദ്ധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.... പാമ്പാട്ടിയുടെ സഹായത്തോടെ ജീവനുള്ള പാമ്പുകൾക്ക് പാല് കൊടുക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്... അങ്ങനെ പാല് കൊടുക്കാൻ ശ്രമിച്ച എന്റെ മകൻ ശരവണന്റെ കയ്യിൽ ഒരു രാജവെമ്പാലയുടെ ദംശനമേറ്റു... എന്റെ മകനെ രക്ഷിക്കാൻ, അവിടെ കൂടി നിന്നവരോട് ഞാൻ അപേക്ഷിച്ചു.... നാഗദേവത കോപിച്ചതിനാലാണ് മകന് കടിയേറ്റതെന്നും, അങ്ങനെയുള്ള ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചാൽ ആ ശാപം തങ്ങൾക്കും വരുമെന്നു ഭയന്ന് അവരാരും തന്നെ രക്ഷിക്കാൻ മുന്നോട്ടു വന്നില്ല.... എനിക്ക് എല്ലാ കാര്യത്തിലും ഒരു ബലം അവനായിരുന്നു.... പക്ഷേ നിർണായകഘട്ടത്തിൽ, എനിക്കും അവനെ രക്ഷിക്കാൻ പറ്റിയില്ല... മറ്റുള്ളവർ അതെല്ലാം മറന്നു കാണും... ഒരു അമ്മയ്ക്ക് അതിനു സാധിക്കുമോ മാഡം... ഓരോ ദിവസവും ഞാൻ നീറി നീറി ജീവിക്കുകയാണ്... അവന്റെ മരണത്തിൽ എനിക്കും പങ്കുണ്ട് " ഭക്ഷണം മതിയാക്കികൊണ്ട് കർപ്പകം നടന്നു പോയി
കയ്പ്പേറിയ അനുഭവങ്ങൾ മറന്നാലേ അവ മനസ്സിലേല്പിച്ച മുറിവു ഉണങ്ങുകയുള്ളൂ. മറക്കലാണ് പൊറുക്കൽ. ക്ഷമയിൽനിന്നു നമുക്കു മുന്നോട്ടുപോകാനുള്ള ശക്തി ലഭിക്കും... ആ ശക്തി ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് നാം ഓരോരുത്തരും...
കാര്യം മനസ്സിലാകാതെ കാതറിൻ കോകിലയെ ഉറ്റു നോക്കി കൊണ്ടിരുന്നു... അർത്ഥം നൽകുന്ന ലിപികൾക്ക് പലപ്പോഴും മനുഷ്യ വികാരങ്ങളെ തുറന്നുകാട്ടാൻ സാധിക്കാറില്ല... കർപ്പകം പറഞ്ഞ കാര്യങ്ങൾ കോകില കാതറിനോട് പറഞ്ഞു
"മാഡത്തിന് എന്നെ സഹായിക്കാമോ " കൈ കഴുകി വന്ന കർപ്പകം കോകിലയോട് ചോദിച്ചു.....
"എന്താണ് അക്കാ...."
" എന്റെ വീട് ഇവിടെ അടുത്താണ്..മാഡം അവിടം വരെ ഒന്ന് വരണം "
"അയ്യോ അക്കാ.... ഞാൻ ഡ്യൂട്ടി യിൽ ആണ്.... എനിക്ക് ഇവിടത്തെ ഹെൽത്തിൽ പോകേണ്ടതായുണ്ട് "
"അയ്യോ!അങ്ങനെ പറയരുത്.. മാഡം എന്റെ മോളെ രക്ഷിക്കണം"
" എന്ത് പറ്റി, അക്കാ മോൾക്ക്? " കോകില തിരക്കി
"എന്റെ മോള് രണ്ടു ദിവസം മുൻപ് വയസ്സറിയിച്ചു....അതിനു ശേഷം, അവളെ ഒന്ന് കാണാൻ പോലും എന്നെ അവർ അനുവദിക്കുന്നില്ല ....ഞങ്ങളുടെ 'കുടിസയുടെ' സൈഡിലായി അവളെ ഇരുത്താനായി ഒരു ചായ്‌പ് കെട്ടിയിട്ടുണ്ട്.....എന്റെ മോള് വെട്ടവും തുണയുമില്ലാതെ ഒറ്റയ്ക്ക് അവിടെ കഴിയുകയാണ്... എന്റെ കൂടെയാണ് അവൾ എന്നും ഉറങ്ങാറ്.... എന്നെ കാണാതെ രണ്ടു നാളായി...." ഉള്ളിലെ വികാരം അവളുടെ വാക്കുകളെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചു....
"ആരാണ് സമ്മതിക്കാത്തത് അക്കാ... ചേട്ടനോ?"
" ചേട്ടൻ ഒരു പാവമാണ് മാഡം.. ആള്, അമ്മയുടെ വാക്കിനു എതിരൊന്നും പറയാറില്ല .... മാഡം ഇന്ന് ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ അമ്മയോടൊന്നു പറയണം... വയസ്സായവർ അല്ലേ.... എന്റെ വാക്കുകൾ കേൾക്കാറില്ല"
"ശരി അക്ക... ഞാൻ വരാം... പാട്ടിയോട് സംസാരിക്കാം"
*********************************
2018 നവംബർ 15
ആനൈക്കാട് ഗ്രാമം
കർപ്പകത്തിന്റെ വീട്
ഒരു കറുത്ത പട്ടി കർപ്പകത്തിന്റെ വീട്ടുമുറ്റത്തു സ്വച്ചവിഹാരം നടത്തുന്നു.... വന്ന അതിഥികളെ ശ്രദ്ധിക്കാതെ അത് സ്വന്തം ഇഷ്ടത്തോടെ അയല്പക്കത്തെ വീടുകളിലെല്ലാം ഓടി നടക്കുന്നു...
"എന്താണ് അവളുടെ പേര് " പട്ടിയെ ചൂണ്ടി കൊണ്ട് കാതറിൻ ചോദിച്ചു..
"കറുമ്പിച്ചി" പഞ്ചേന്ദ്രിയങ്ങങ്ങളെ തട്ടി ഉണർത്തിക്കൊണ്ട് കർപ്പകം പറഞ്ഞു...
"അമ്മാ.... ഇതാണ് ഞാൻ പറഞ്ഞ മാഡം " സന്തോഷത്തോടെ കർപ്പകം കോകിലയെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു
" പാട്ടിയുടെ പേരെന്താ" കോകില ചോദിച്ചു
"കാമാച്ചി" നാണത്തോടെ അവർ പറഞ്ഞു
കർപ്പകം അവർക്കിരിക്കാനായി ഒരു ചെറിയ ബെഞ്ച് കൊണ്ട് വന്നിട്ടു...
"അമ്മ.... കുറച്ച് വെള്ളം കുടിക്കൂ " എന്ന് പറഞ്ഞു കൊണ്ട് കാമാച്ചിയമ്മ ഒരു 'സൊമ്പ്' നിറയെ വെള്ളം കൊണ്ട് കൊടുത്തു..
വെള്ളം കുടിക്കുമ്പോളും കോകിലയുടെ ശ്രദ്ധ ഇടത്തെ വശത്തുള്ള ചായ്‌പിലായിരുന്നു.... ശരിക്കും പറഞ്ഞാൽ ഒരു വലിയ പട്ടിക്കൂടിനേക്കാൾ അല്പം കൂടി വലിപ്പം കാണും.... അവളെ കാണാൻ പറ്റിയില്ലെങ്കിലും അവരുടെ സംസാരം അവൾ കേൾക്കുന്നുണ്ടെന്നു മനസ്സിലായി.. അതിരുകൾ നിർണ്ണയിച്ച് വ്യക്തികളെ മാറ്റി നിറുത്തിയാലും, അവരുടെ മനസ്സുകൾക്ക് അതിരു കെട്ടാൻ പറ്റില്ലല്ലോ....
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മാറ്റേണ്ടതിനെപ്പറ്റി കോകില കാമാച്ചിയമ്മയോട് സംസാരിച്ചു....അവർക്കത് ഇഷ്ടമാകുന്നില്ലെന്നു മുഖഭാവത്തിൽ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ... പക്ഷേ കോകില വളരെ ആത്മാർത്ഥമായി തന്നെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു..... കാതെറിൻ അവിടെ ചുറ്റി നടന്നു പടമെടുക്കുന്നുണ്ടായിരുന്നു...
പൊടുന്നന്നെ, കാമാച്ചിയമ്മ അവിടെ ഉണ്ടായിരുന്ന ഒഴിഞ്ഞ സൊമ്പെടുത്തു അവരുടെ നേരെ എറിഞ്ഞു .... ആ പ്രവൃത്തി കോകിലയും കാതെറിനും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...
"പോടീ.... പേയ്... പിസാസേ.... എങ്ക കുടുംബത്തെ അഴിക്ക പാക്കിറയാ" എന്ന് ആക്രോശിച്ചു കൊണ്ട് കാമാച്ചിയമ്മ ഉറഞ്ഞു തുള്ളി...
ഒട്ടും സമയം കളയാതെ കോകിലയും കാതറിനും അവിടെ നിന്നു ഇറങ്ങി.... റോന്തു ചുറ്റാൻ പോയ കറുമ്പി കർപ്പകത്തിന്റെ വീട്ടിലേക്കു ഓടിക്കയറി... നാവു പുറത്തേക്കിട്ടുള്ള അതിന്റെ ഓട്ടം കണ്ടപ്പോൾ തങ്ങളെ കളിയാക്കുന്നതായി കോകിലക്ക് തോന്നി......
ചില വീട്ടിൽ പെൺകുഞ്ഞായി ജനിക്കുന്നതിലും ഭേദം ഒരു പട്ടിയായി ജനിക്കുന്നതാണ്😥😥
*********************************
അദ്ധ്യായം 3
2018 നവംബർ 18
കോയമ്പത്തൂർ
ഞായറിന്റെ ആലസ്യം കോകിലയെ നന്നായി മൂടിയിരിക്കുന്നു... പ്രകാശ വേഗത്തിൽ സഞ്ചാരിക്കാറുള്ള സമയം ഇന്ന് അവളുടെ ഇഷ്ടത്തിനൊപ്പം ഇഴഞ്ഞു നീങ്ങുന്നു.....
തഞ്ചാവൂർ assignment കോകിലക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല....നവംബർ 16 നു ഗജ ചൂഴലിക്കാറ്റു തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ശക്തി പ്രാപിച്ചു.... തഞ്ചാവൂർ, നാഗപ്പട്ടണം, രാമനാഥപുരം തുടങ്ങിയ ജില്ലകളിലെല്ലാം കനത്ത നാശ നഷ്ടമുണ്ടായി.....ഒരുപാട് കന്നുകാലികലും പക്ഷികളും ചത്തൊടുങ്ങി..... ഒരുപാട് ആളുകളെ മാറ്റിപാർപ്പിച്ചു..... എത്ര പേർ ജീവൻ വെടിഞ്ഞു എന്ന് ഇതുവരെ അറിവ് ലഭിച്ചിട്ടില്ല...
സ്ഥിതി വഷളാകുന്നത് കാരണം കോകിലയോട് അന്ന് തന്നെ തിരിച്ചു പോരാൻ അധികാരികൾ അറിയിച്ചു... മനസ്സില്ലാ മനസ്സോടെ ആണെങ്കിലും കോകില തഞ്ചാവൂരോടും കാതറിനോടും യാത്ര പറഞ്ഞു.... കാതറിൻ തഞ്ചാവൂർ തന്നെ നിൽക്കാൻ തീരുമാനിച്ചു....
മണ്ണിന്റെ നിറമുള്ള ചായ കോകിലയുടെ രസമുകുളങ്ങളെ തൊട്ടുണർത്തി...ഫോണിലെ പോപ്പ് അപ്പ് മെസ്സേജുകളിലൂടെ കോകില കണ്ണോടിച്ചു.....
കാതറിന്റെ ഒരു ഇ -മെയിൽ വന്നിട്ടുണ്ട്....ജിജ്ഞാസയോട് കൂടി കോകില അതിൽ വിരലമർത്തി... "Daily Star" പത്രത്തിൽ വന്ന ഒരു ലേഖനമാണ് ഉള്ളടക്കം..... ഈ ലേഖനം, കാതറിൻ തനിക്കു അയച്ചു തരേണ്ട ആവശ്യമെന്താണെന്ന് ചിന്തിച്ചു കൊണ്ട്, കോകില അത് സ്ക്രീനിന്റെ വലുപ്പത്തിൽ വലുതാക്കി....
കൊന്നത് ചുഴലിക്കാറ്റോ അതോ അന്ധവിശ്വാസങ്ങളോ
By Catheryn Brunt
നവംബർ 16നു ഗജ ചുഴലിക്കാറ്റു ഇന്ത്യയിലെ തമിഴ്നാടിൽ സംഹാര താണ്ഡവമാടിയപ്പോൾ പൊലിഞ്ഞ ജീവനുകളുടെ കൂട്ടത്തിൽ ഒരു പതിനാലുകാരിയും...തഞ്ചാവൂർ ജില്ലയിലെ ആനൈക്കാട് ഗ്രാമത്തിലെ മുരുകൻ കർപ്പകം ദമ്പതികൾക്കാണ് വ്യത്യസ്തമായൊരു ദുരന്തം നേരിടേണ്ടി വന്നത്... ഏഴാംക്ലാസ് വിദ്യാർഥിനിയായ, അവരുടെ 14 വയസ്സുള്ള മകൾ കലൈസെൽവിയെ ഋതുമതിയായതിനാൽ അടുത്തുള്ള കുടിലിൽ ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുകയായിരുന്നു.. ഗജ ചുഴലിക്കാറ്റിന്റെ തീവ്രതയിൽ ഒരു തെങ്ങു കടപ്പുഴകി, ആ കുടിലിൽ വീണപ്പോൾ പൊലിഞ്ഞത് ഒരു കുഞ്ഞിന്റെ സ്വപ്നങ്ങളായിരുന്നു... മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷമാണ് ആ ശവശരീരം തെങ്ങിന്റെ അടിയിൽ നിന്നു കുടുംബത്തിന് എടുക്കാൻ സാധിച്ചത്... അധികാരികൾ ആരും സഹായത്തിനു എത്താത്തതിനാൽ സംസ്കാര ചടങ്ങുകൾ അവർക്കു ഒറ്റക്കു നടത്തേണ്ടി വന്നു.. കഴിഞ്ഞ വർഷം അവരുടെ മകൻ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു...
********************************
ലേഖനം മുഴുവൻ വായിക്കാനുള്ള ശക്തി കോകിലക്ക് ഉണ്ടായിരുന്നില്ല.. മൂന്ന് ദിവസം മുൻപ് അവരുടെ വീട്ടിൽ പോയതായിരുന്നു.....
"ഇങ്ങനെ ഒരു സങ്കടം തരാൻ വേണ്ടിയായിരുന്നോ ദൈവമേ എന്നെ ഇത്രയും ദൂരം താണ്ടി അങ്ങോട്ടായച്ചത്"കോകില ചിന്തിച്ചു.
"ആ കുഞ്ഞിന്റെ മുഖം കാണാൻ സാധിക്കാഞ്ഞതിൽ എനിക്കന്നു നല്ല സങ്കടമുണ്ടായിരുന്നു... ഇപ്പോൾ തോന്നുന്നു അത് നന്നായെന്നു... ഇല്ലെങ്കിൽ ആ മുഖം എന്നെ വേട്ടയാടിയേനെ.... ഒറ്റക്കായിരുന്ന ആ രാത്രി തീർച്ചയായും അവൾ പേടിച്ചു കരഞ്ഞിരിക്കും..... ആ കരച്ചിൽ ഒരുപക്ഷെ കർപ്പകവും കുടുംബവും കേട്ടിരിക്കും... എന്നിട്ടും, മൂഢവിശ്വാസത്തെ കെട്ടിപ്പിടിച്ചു അവർ അന്ന് ഉറങ്ങിയിരിക്കും...... കർപ്പകമക്കാ, ആരെതിർത്താലും നിങ്ങൾക്കന്നു മോളെ കൂട്ടിക്കൊണ്ട് വന്നു കൂടെ കിടത്താമായിരുന്നില്ലേ... സ്വന്തം മോൾടെ ജീവനേക്കാൾ വലുതായിരുന്നോ വീട്ടുകാരോടുള്ള നിങ്ങളുടെ പേടി..... ഭയത്തിന്റെയും കെട്ടുപ്പാടിന്റെയും ചങ്ങലകളെ ഭേദിച്ചത് കൊണ്ട് നിങ്ങൾക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല 😢😢
മോളെ.... സുന്ദരിക്കുട്ടി.... നീ എന്തിനാണ് പേടിച്ചു വിറച്ചു അവിടെ തന്നെ കിടന്നത്.... നിനക്കു എങ്ങോട്ടെങ്കിലും ഓടിപ്പോകാമായിരുന്നില്ലേ..അതോ ഈ നശിച്ച ലോകത്ത് നിന്നു രക്ഷപ്പെട്ടു, ദൈവസന്നിധിയിൽ പോകാൻ നീ മനസ്സുകൊണ്ട് ഒരുങ്ങിയിരുന്നോ " കോകിലയുടെ ചിന്തകൾ ഭ്രാന്തൻ ഉറുമ്പിനെ പോലെ പരക്കം പാഞ്ഞു....
കോകില, കാതറിൻ, കർപ്പകം, കറുമ്പിച്ചി, കലൈസെൽവി... കാലചക്രത്തിന്റെ കുരുക്കിൽപെട്ട കോമരങ്ങൾ......
(ശുഭം 🙏🙏)
🥀🥀സതീഷ് മേനോൻ ✍️✍️
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക