Showing posts with label RameshKesavath. Show all posts
Showing posts with label RameshKesavath. Show all posts

ജ്ഞാനസുന്ദരി.

Image may contain: 1 person

നിലാവുപൂക്കും നേരം പ്രിയമഴ തംബുരു മീട്ടും നേരം
പാടിയുറക്കാനെന്നുടെ കനവുകള്‍
മിഴികളിലണയും നേരം
മൗനത്തേരില്‍ പലവഴിയുരുണ്ട് പോകുന്നെന്നുടെ മനമോ
വിധിയുടെ കല്പനയാണോ? തരളിതം തറഞ്ഞു നില്ക്കുന്നു.
അഞ്ജനമെഴുതിയ കണ്ണുകളാലൊരു ചുംബനമേല്‍ക്കുന്നു
കര്‍ണ്ണപടത്തില്‍ പ്രിയതം മധുരിത ശബ്ദവുമുണരുന്നു
പലനാള്‍ മുന്പൊരു പാതിമയക്കസ്സീമയിലുണരുമ്പോള്‍
ഓര്‍മ്മയിലുരുവാം വദനം ചെമ്മെ ചിരിച്ചു നില്ക്കുന്നു.
കൂന്തലിനിണകള്‍ കാറ്റുപിടിച്ചൊരു നൃത്തം ചെയ്യുന്നു.
മുകിലുകള്‍ നിറയും മാനത്തൂന്നൊരു വെട്ടം പെയ്യുന്നു.
ചെന്താമരയിതളുകളാകും ചുണ്ടുകള്‍ പാതി വിരിഞ്ഞീടെ
ഉയരുന്നാദിയില്‍ പ്രണവം പോലൊരു മംഗള സംഗീതം
കണ്‍മഷിയിട്ട കണ്ണഴകില്‍ ഞാനെന്തോ തിരയുമ്പോള്‍
ശംഖുകടഞ്ഞ കഴുത്തഴകേറിയവളെന്തോ ചൊല്ലുന്നു
കാതുകളാസ്വരമഴയില്‍ നനഞ്ഞീറനുടുക്കുമ്പോള്‍
പ്രജ്ഞയുണര്‍ന്നത് തന്നോടായൊരു ചോദ്യവുമെയ്യുന്നൂ.
ആരിവള്‍ എന്തിവളപ്സരകന്യക എന്നില്‍ നിറയുന്നു.
കാമന കാന്തിയാല്‍ അഴകുനിറയ്ക്കും മോഹം നെയ്യുന്നു.
പലനാള്‍ പലവഴി രാവും പകലും തിന്നു നടന്നീടെ
ഉണരാ ചിന്തതന്‍ ഗോപുരവാതില്‍ താഴു തുറക്കുന്നു.
ഉള്ളമറിഞ്ഞവള്‍ കവിളിണ ചുവന്നു പാദം നോക്കുന്നു.
തെല്ലിടമൗനം തഴുകും കാറ്റില്‍ അലിഞ്ഞു പോകുന്നു.
പതിയെപ്പതിയെ അവളുടെ സ്വരമെന്‍ നെഞ്ചു തുരക്കുന്നു.
ദിക്കുകളെല്ലാം നിറയും ധ്വനിയതില്‍ ധര്‍മ്മം പെയ്യുന്നു.
ആരു നീ എന്തിനു പാരിതില്‍ വന്നൊരു പ്ലവമായൊഴുകുന്നൂ
നോവുകളേറി ചിന്തയുമില്ലാ ശിലയായ് മരുവുന്നു.
വിശ്വസമത്വത്തേന്‍ നുകരുന്നൊരു വണ്ടായ് തീര്‍ന്നീടാന്‍
ദൂരമിതെത്രത്താണ്ടണമതിനായ് പാദമുയര്‍ത്തീടൂ.
കാമാസ്ത്രങ്ങളാലുലയും മനവുമായ് തേിനടക്കുന്നോ-
രോരോ മോഹവും കര്‍മ്മാന്ധതയില്‍ പുനര്‍ജ്ജനി തീര്‍ത്തീടും
രക്ത,മല,മൂത്ര,പിത്ത കഫങ്ങളടങ്ങും ദേഹത്തിന്‍
കാമത്തീപ്പുഴയൊരുനാളും വറ്റിയ കഥയില്ല
ഉദരം മൂലം പലപല വേഷമണിഞ്ഞു നടക്കുന്നോര്‍
ഉദരത്തിന്നായ് പലപല ജന്മമെടുത്തു മരിക്കുന്നു.
ധനവും തേടി ധരണിയിലാകെ കലപില കൂട്ടുന്നോര്‍
ധനവും നേടി ധരണിയെ പൂകും ശാന്തിലഭിക്കാതെ.
വിഫലം കര്‍മ്മഫലാലതി ജീവിതമഴലുകളേറ്റുമിടം
കരിനാഗം പോല്‍ ഫണമുയര്‍ത്തീടിന
കലിയുഗ ധര്‍മ്മപചയം
സ്വച്ഛതയെന്നൊരു തേനരുവിക്കരയണയുവതെളുതല്ല
വെട്ടമൊരുക്കി നടത്തീടാം നിന്‍ പ്രജ്ഞയുണര്‍ത്തീടു.
സ്വപ്നമഴിഞ്ഞൊരു മാത്രയുണര്‍ന്നാ ചിന്ത കുടിക്കുമ്പോള്‍
ജ്ഞാനസ്സുന്ദരി പ്രജ്ഞയിലാകെ നിറഞ്ഞു നില്ക്കുന്നു.
മദമാത്സര്യമൊഴിഞ്ഞൊരു മോഹത്തളിരുണര്‍ന്നീടേ
മാനം പെയ്താ തീര്‍ത്ഥത്താല്‍ ഞാന്‍ ബുദ്ധനാകുന്നു.
___________________________._.________
രമേഷ് കേശവത്ത്...

വിധിശില്പം

Image may contain: 1 person

വരികയെന്നെത്തലോടുക കാറ്റേയെൻ
വിരലുനോവുമീ സായന്തനത്തിൽ
വിധിലീനമാമൊരു ശില്പം ചമച്ചെന്റെ
വിരലു നൊന്തു വിയർപ്പൊഴുകീടെ.
സംസ്കൃതലോക മേലാടയില്ലാതെ
കൂർമ്മഭാവേനയുൾവലിഞ്ഞിത്രനാൾ
നിർലീനനിയതിരൂപം ചമയ്ക്കുവാനു-
ഴറി തോറ്റു തളർന്നു ഞാൻ മിത്രമേ,
.
സൂക്ഷ്മചിത്തസ്മൃതിയിലെങ്ങും ഞാൻ
കണ്ടതില്ലെൻ പിഴവൊന്നുപോലും.
കർമ്മജ്ഞാനേന്ദ്രിയങ്ങളാലൊന്നുമേ
കളവെറിഞ്ഞതില്ലൊരുമാത്ര പോലും
പഴിപറഞ്ഞില്ല പതം പറഞ്ഞിട്ടില്ല
പകലും രാവിലും പതിരു തേടീട്ടില്ല
ചെറിയജീവിതക്കാഴ്ചകൾ കൊണ്ടൊരു
വലിയലോകം പടയ്ക്കാനുമില്ല ഞാൻ.
നിയതി തീണ്ടാത്തൊരുശില്പമെങ്കിലും
ധരണി ചൂടണമെൻ കൈകളാലെ
സ്വാർത്ഥമോഹമാവാമതെങ്കിലും
ജന്മലക്ഷ്യത്തുടിപ്പതുമാത്രം.
കാറ്റുപയ്യെപ്പതുങ്ങിവന്നെന്നുടെ
ഇരുകരങ്ങളെ തണുപുതച്ചീടവെ
സൂര്യവിരഹാഗ്നിതാപം കുറയ്ക്കുവാനാ-
കാശമേഘങ്ങൾ തേൻ ചുരത്തീടവെ
കതിരുപൂക്കുന്ന പാടത്തിലൊറ്റയ്ക്ക്
കരിയണിഞ്ഞു തുടങ്ങുന്ന മാനത്ത്
ഇരുകിളികൾ ഒരുമിച്ചു പാറുന്ന
പ്രണയകവിതയ്ക്ക് സാക്ഷിയാകുന്നു ഞാൻ.
പൊടുന്നനൊരിടിമിന്നലമ്പുകൊണ്ടയ്യോ
അവനിപൂകുന്നു പതിയൊ പാതിയോ.
മിഴിനീരുചുംബിച്ചമർന്ന മണ്ണിൽ ഞാൻ
നിഴലുപറ്റിയുറങ്ങിക്കിടന്നുപോയ്
ആദികവിയുടെയുള്ളുപൊള്ളിച്ചൊരു
വേടനാം വിധി സ്വപ്നമായ് വന്നിട്ടു
തരികയില്ലൊരുനിമിഷവുമെന്നുടെ
കറപുരളാതെയെന്നു പറഞ്ഞിതാ
പലശ്ശതം വിധിനാട്യ കാഴ്ചകളെന്നുടെ
കാണാമറയത്തിരുന്നവയൊക്കെയും
നിശയിലുണരുന്ന താരകമൊട്ടുപോൽ
മിന്നിമിന്നിത്തെളിഞ്ഞുശിർ കാട്ടുന്നു.
ബുദ്ധ്യബോധസംഘട്ടനത്തിലൂടൊരു
പുതുപിറവിയ്ക്കു പ്രാപ്തനാകുന്നു ഞാൻ
മനമലിഞ്ഞുപുഴയായൊഴുകിയൊരു
ബോധിവൃക്ഷച്ചുവട്ടിലേക്കെത്തുന്നു.
വിധിയെവെല്ലുവാനാകില്ലയെങ്കിലാ
വിധിയുമായി രമ്യത്തിലെത്തിടാം
വിധിയിലൂടൊരുശില്പമായ് മാറിടാം
വിധിപുരളാത്ത വിധിയായിത്തീർന്നിടാം
___________________,,,__
രമേഷ് കേശവത്ത്

കഥ, അമ്മ..


കഥ,
അമ്മ..
--------
ഞാൻ കണ്ട സ്വപ്നം ഇതാണ് ഒരു യാത്ര ആണ് .നിറയേ മഞ്ഞയും ചുവപ്പും നീലയും പൂക്കൾ വിരിഞ്ഞു നില്കുന്ന ഒരു പാടവരമ്പിലൂടെ ഒറ്റയ്ക്ക്. ഇനി അവസാനയാത്ര കണ്ടതാകുമോ .
എന്തായാലും ഇന്ന് വലിയ സുഖം തോന്നുന്നുണ്ട്. വേദന ഇല്ലാത്തതുപോലേ എന്നാ എനിക്ക് വീട്ടിൽ പോകാനാകുക വേണു?
ഡോക്ടർ വേണു പുഞ്ചിരിച്ചു
സതീഷേ തനിക്ക് കുറവ് തോന്നുന്നുണ്ടെങ്കിൽ അത് നല്ല ലക്ഷണമാണ്. പക്ഷേ എത്രയും പെട്ടന്ന് തന്നേ സർജറി നടത്തണം അതുകഴിഞ്ഞാൽ പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് പോകാം. അല്ലാ എന്തായി ഡോണർ ശരിയായിട്ടുണ്ട് എന്ന് പറഞ്ഞിട്ട് എത്തിയില്ലേ?
അത് ശരിയാവില്ല വേണു. വളരെ അലഞ്ഞാണ് ഞാനങ്ങനെ ഒരാളെ കണ്ടുപിടിച്ചത് ബന്ധുക്കള് പോലും ചെയ്യാൻ മടിക്കുന്ന കാര്യം ആരോരുമില്ലാത്ത എനിക്ക് വേണ്ടി അവര് ചെയ്യുമോ എന്നാ എന്റെ ഇപ്പോഴത്തെ ചിന്ത.
എനിക്ക് മനസ്സിലായില്ല നീ തെളിച്ചു പറയൂ
വേണു നിനക്കറിയാമല്ലോ സ്വന്തബന്ധങ്ങളൊന്നും ഇല്ലാത്ത ഒരാളാണ് ഞാൻ എന്ന്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ നീ ഡോണർ ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ തന്നെ എങ്ങനെ അങ്ങനെ ഒരാളെ കണ്ടെത്തും എന്ന ചിന്ത ഉണ്ടായി.
കൂട്ടുകാരുമായുള്ള സംസാരത്തിലൂടെയാണ് സിറ്റിക്കുപുറത്ത് ഒരു ഒാൾഡ് ഏജ് ഹോം ഉണ്ടെന്നും അവിടെ ദത്തെടുക്കുന്ന വ്യാജ്യേന ആളെ നല്കുന്നുണ്ടെന്നും അറിഞ്ഞത്
പിന്നേ ഞാൻ അവിടത്തെ സെക്രട്ടറിയും ആയി സംസാരിച്ചു അങ്ങനെയാണ് അന്ന് ഒരാളുടെ ബ്ലഡ് കൊണ്ടുവന്നു നിന്നെ കാണിച്ച് ഡോണർ ആയി എന്ന് പറഞ്ഞത്.
പിന്നെ സെക്രട്ടറി തന്നെ അവരുടെ ഫുൾ ചെക്കപ്പ് ഡീറ്റിയൽസ് എടുത്തു തന്നു. അങ്ങനെ എല്ലാം ഒാക്കെ ആയതിനു ശേഷം ആ സ്ത്രീയെ അല്ല അമ്മയെ ഞാൻ ദത്തെടുത്തു.
എന്നിട്ട് ? അവരിപ്പോളെവിടെ വേണു ചോദിച്ചു.
അവരിപ്പോ എന്റെ ഗസ്റ്റ് ഹൗസിലുണ്ട് . അവരോടെനിക്ക് ഇത് ചെയ്യാനുള്ള ത്രാണി ഇല്ലാതായിപ്പോയി വേണു. അമ്മയെ കാണാത്ത എനിക്ക് അവര് വീട്ടിൽ വന്നപ്പോൾ മുതൽ ശരിക്കും ഒരമ്മയായി മാറി. അത്രയ്ക്ക് സ്നേഹം കൊണ്ടെന്നേ വീർപ്പുമുട്ടിച്ചു കളഞ്ഞു.
ഇപ്പോ തന്നെ ബിസിനസ്സ് ടൂറിലാണെന്ന് പറഞ്ഞാ ഞാൻ ഇവിടെ അഡ്മിറ്റായത്. ഒാരോ മണിക്കൂറിടവിട്ടും എന്നെ വിളിച്ചു കാര്യങ്ങളന്വേഷിക്കുന്ന എന്റെ അമ്മയോട് ഞാനെങ്ങനെ പറയും ശരീരത്തിന്റെ ഒരു ഭാഗം പകുത്തു മേടിക്കാനുള്ള അഭിനയമായിരുന്നു ഇതെല്ലാം എന്ന്.
കണ്ണീരൊഴുക്കുന്ന സതീഷിനോട് അല്പം ഗൗരവത്തിൽ തന്നെ വേണു പറഞ്ഞു.
നീ പറയുന്നതെല്ലാം ശരിയാണ് പക്ഷേ ഇത് നിന്റെ ജീവൻ വെച്ചുള്ള കളിയാണ് ഒരാളെ കൊന്നിട്ടെങ്കിലും മരിക്കാതിരിക്കാൻ കൊതിക്കുന്ന ഇന്ന് അവരെ പൊന്നു പോലേ നോക്കാനല്ലെ അവര് ത്യാഗം ചെയ്യുന്നത് എന്ന് കരുതി അവരോട് സംസാരിക്കൂ.
വേണൂ ഇനി ഇൗ സർജറിയോടെ അവർക്കെന്തെങ്കിലും പറ്റിയാലോ??
അങ്ങനെയൊന്നും സംഭവിക്കില്ല. പിന്നെ ഇനി സംഭവിച്ചാലും നിന്റെ സ്വന്തം അമ്മയൊന്നും അല്ലല്ലോ . നിന്റെ കൈയ്യിലുള്ള പണത്തിന് ഇഷ്ടം പോലേ അമ്മമാരെ കിട്ടും. നീ ഒരു കാര്യം ചെയ്യ് അവരെ താമസിപ്പിച്ചിട്ടുള്ള അഡ്രസ് തായോ. ഞാൻ തന്നേ നേരിട്ടു പോയി അവരെ കണ്ടു സമ്മതിപ്പിക്കാം. ഇത്രയെങ്കിലും ചെയ്തില്ല എങ്കിൽ മൂന്നു വർഷത്തെ നമ്മുടെ സൗഹൃദത്തിന് എന്താ വില.
കാറിൽ സതീഷിന്റെ ഗസ്റ്റ് ഹൗസ്സിലേക്കുള്ള യാത്രയിൽ വേണു ആലോചിച്ചത് സതീഷ് എന്തൊരു മണ്ടൻ ആണെന്നാണ്. ഞാനായിരുന്നെങ്കിൽ അവരുടെ സമ്മതത്തിനൊന്നും കാത്തു നില്ക്കില്ലായിരുന്നു. കൊണ്ടുവന്ന ദിവസം തന്നെ സർജറി നടത്തിയേനേ,
ഇനി അവര് സമ്മതിച്ചില്ല എങ്കിലും അവരെ കൊണ്ടു പോകണം അത് ബലമായി എങ്കിൽ അങ്ങനെ ഇല്ലാ എങ്കിൽ സുഹൃത്താണ് എന്ന് പറയുന്നതിൽ എന്തർത്ഥം . മാത്രമല്ല ആ പേരും പറഞ്ഞ് അവന്റെ കൈയ്യിൽ നിന്നും പണവും വാങ്ങാം ഡോക്ടർ വേണു തീർച്ചപ്പെടുത്തി.
ഗസ്റ്റ് ഹൗസ്സിന്റെ മണി അടിച്ചു എങ്ങനെ കാര്യങ്ങൾ തുടങ്ങും എന്ന് വേണു ചിന്തിച്ചു. ഇനി ഇവരെങ്ങാനും സമ്മതിച്ചില്ലെങ്കിൽ അവരെ ബോധം കെടുത്തി കൊണ്ടു പോകാനുള്ള മരുന്നു പോക്കറ്റിൽ ഉണ്ടെന്നയാൾ ഉറപ്പു വരുത്തി.
ഡോർതുറന്നു അഞ്ചുവർഷം മുൻപ് താൻ ഒാൾഡ് ഏജ് ഹോമിലാക്കിയ സ്വന്തം അമ്മയെ കണ്ട് വേണു സ്തബ്ധനായി.
അന്നത്തെ രാത്രിയിൽ ആദ്യമുദിച്ച നക്ഷത്രമായ സതീഷ് ഭൂമിയിലേക്ക് നോക്കി. വേണുവും അമ്മയും വേണുവിന്റെ വീട്ടിലേക്ക് പരസ്പരം താങ്ങി കയറുന്നതുകണ്ട് അവൻ ഒന്നു തെളിഞ്ഞു മിന്നി...
________________
രമേഷ് കേശവത്ത്

***** മാംസനിബദ്ധമല്ല രാഗം ****

***** മാംസനിബദ്ധമല്ല രാഗം ****
------------------------------------------------
ബസ്സിൽ കുറച്ചധികം തിരക്കുണ്ട്. കോളേജ് വിട്ട സമയമായതിനാൽ നിറയേ തരുണീ മണികളുടെ തിരക്കാണ്. അവരുടെ വിയർപ്പും പെർഫ്യൂമും ചേർന്ന മിശ്രിത ഗന്ധം അയാളേ തെല്ലൊന്നലോസരപ്പെടുത്തിയെങ്കിലും തന്റെ സീറ്റിന്നടുത്ത് നിൽക്കുന്ന സ്ത്രീയുടെ മുടിയുടെ മണം അറിയാതെ എന്തൊക്കെയോ അയാളേ ഒാർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
കാറ്റിനാലുള്ള സാരിയുടെ ഒരു നേരിയ വേർപിരിയലിൽ അവളുടെ വയറിന്റെ ഭാഗം കാണുന്നതുവരെ അയാൾ ആ ഗന്ധത്തിന്റെ പുറകേ ആയിരുന്നു.
നിറയേ വടുക്കൾ നിറഞ്ഞ അവളുടെ ഉദരഭാഗം കണ്ടനിമിഷം എന്തെന്നില്ലാത്ത ഒരു വിരക്തിയോടെ അയാൾ തല കുമ്പിട്ടു.
സാരിയുടെ മറവിൽ സുന്ദരമായ പാദങ്ങളുണ്ടാകണേ എന്ന പ്രാർത്ഥനയോടെ നോക്കിയ അയാൾ കണ്ടത് വിണ്ടു കീറി അറപ്പുളവാക്കുന്ന മടമ്പുകളുള്ള വരണ്ട രണ്ട് പാദങ്ങളാണ്.
ആത്മനിന്ദയോടെ മുഖമുയർത്തിയ നിമിഷം ഗന്ധം പരത്തിയ മുടിക്കൂട്ടിൽ നിന്നും പതിയെ പൊട്ടിക്കൊഴിഞ്ഞ ഒരു വെളുത്ത മുടിനാര് അയാളുടെ മുഖത്തുവന്നിരുന്നു.
ഏതോ ഒരു സ്റ്റോപ്പിന്റെ പേര് ബസ്സിലെ കിളി വിളിച്ചു പറഞ്ഞു. ആ വിളിയുടെ ധൃതിയിൽ ആവണം അവളുടെ തിരിഞ്ഞു നിൽപ്പിൽ കുഴിനഖം കുത്തിയ തള്ളവിരൽ അയാളുടെ സീറ്റിന്റെ മുൻ കമ്പിയിൽ പതിഞ്ഞു.
വികാരലേശമില്ലാതെ അയാൾ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അതവളായിരുന്നു. ഒരു കാലത്തയാളുടെ എല്ലാമായിരുന്ന, ജീവിതത്തിന്റെ തിരഞ്ഞെടുപ്പിൽ പ്രണയത്തിന് സ്ഥാനമില്ലെന്ന നീതീകരണത്തോടെ അയാളിൽ നിന്നൊഴിഞ്ഞകന്നവൾ.
ഇവളെ സ്വന്തമാക്കാനാകാത്തതിനാലാണോ താൻ ഒാടിക്കൊണ്ടിരുന്ന ട്രയിനിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ച് ഒരു കാല് നഷ്ടമായി, കൂട്ടിനാരും ഇല്ലാതെ ഏകാകിയായി ജീവിതം തള്ളിനീക്കുന്നത്...
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാളുടെ മനസ്സ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു
" മാംസനിബദ്ധമല്ല രാഗം...
മാംസനിബദ്ധമല്ല രാഗം "
______________________________________
രമേഷ് കേശവത്ത്

ഭ്രാന്തായനം..


ഭ്രാന്തായനം..
__________________________
"എത്രവർഷങ്ങൾ കഴിഞ്ഞുപോയെന്ന് ഒാർമ്മയുണ്ടോ വിനോദ്"
വിഷാദമഞ്ഞയുടുത്ത കണ്ണുകൾ ദൂരേയ്ക്ക് പായിച്ച് ഒരു മുനിയുടെ മൗനത്തോടെ നടക്കുന്ന അവന്റെ കൈപിടിച്ച് രേവതി ചോദിച്ചു.
പെട്ടന്ന് ഞെട്ടി വിഹ്വലതയോടെ അവൻ അവളെയൊന്ന് നോക്കി. 
ആ മുഖം കണ്ടതും രേവതിയുടെ കണ്ണുകൾ സജലങ്ങളായി. കുളിച്ച് പുതിയ വസ്ത്രങ്ങളിട്ടപ്പോൾ തന്നെ ഒരുവിധം നന്നായി. ഇനി താടിയും മുടിയും കൂടി വെട്ടി ഒതുക്കണം അവൾ ആത്മഗതം ചെയ്തു.
അവൻ എന്തൊക്കെയോ ഒാർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ തോന്നിച്ചു.
പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ എല്ലാം ഇന്നലെ നടന്നതുപോലെ ഇത്രയും കാലം എപ്പോഴെങ്കിലും ആ മനസ്സിൽ ഞാൻ വന്നിരുന്നോ?
അവൾ ബസ്സ്റ്റോപ്പിലെ ബഞ്ചിൽ ഇരുത്തി കൈയ്യോട് കൈചേർത്ത് ചോദിച്ചു.
കാളക്കൂറ്റന്റെ മുരൾച്ചയോടെ ഒരു വോൾവോ ബസ്സ് വന്നു നിന്നു. ആരൊക്കെയോ അതിൽ കയറുകയും ഇറങ്ങുകയും ചെയ്തു. അത് കണ്ടതും അസ്വാസ്ഥ്യത്തിന്റെ ഒരു ഉച്ഛ്വാസം അവനിൽ ഉണർന്നു. അവൻ രേവതിയുടെ കൈ മുറുകേ പിടിച്ചു.
വരൂ നമുക്ക് നടക്കാം. അവർ വീണ്ടും റോഡിന്റെ ഒാരം പിടിച്ച് നടന്നു തുടങ്ങി. പണ്ട് ഡിഗ്രി പഠനകാലത്ത് നടന്നിരുന്നതുപോലെ വഴികളെ പ്രണയപൂരിതമാക്കി.
അവളോർമ്മകളിലൂടെ പിന്തിരിഞ്ഞു. തെരുവിലെ മരങ്ങൾ വേഗത്തിൽ പൂക്കുകയും തളിരിടുകയും ചെയ്തുകൊണ്ടിരുന്നു.
വിനോദ് നിനക്കോർമ്മയുണ്ടോ അന്ന് ആദ്യമായി ജോലികിട്ടിയത്പറയാൻ നീ എന്റെ ക്ലാസ്സിലേക്ക് വന്നത് . അന്ന് ആരുമറിയാതെ ഒഴിഞ്ഞ ക്ലാസ്സ്റൂമിൽ ചുണ്ടുകൾ ചുണ്ടുകളോട് കഥ പറഞ്ഞത്. ഒരുമിച്ചുണ്ടാകുന്ന ജീവിതത്തിന്റെ കയ്പിനെയും മധുരത്തെയും കുറിച്ച് വാചാലരായത്. നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് പേരിട്ടത് . ഒാർമ്മക്കൂട്ടിൽ നിന്നും ഒന്നും മായുന്നില്ല.
എന്നാണ് അത് സംഭവിച്ചത്. അന്ന് നീ എന്നെ കൂട്ടിക്കൊണ്ടുപോകാമെന്നുപറഞ്ഞ ദിവസത്തിന് മൂന്നു ദിവസം മുൻപ്. അന്ന് രാത്രി നീ ഒാർക്കണുണ്ടോ നമ്മൾ ഒരുപാട് സംസാരിച്ചു അന്ന് നീ കള്ളുകുടിച്ചേനെ ചൊല്ലി പിണങ്ങി ആ രാത്രി എന്റെ വീടിന്നടുത്ത് ഏതോ വണ്ടിയിടിച്ച് നീ കിടന്നു എന്നറിഞ്ഞത് വളരെ വൈകിയാണ്. മദ്യലഹരിയിൽ വേദനയൊന്നും നീ അറിഞ്ഞിരിക്കാനിടയില്ലെന്നോർത്ത് ചെറുതായി ഞാൻ ആശ്വസിച്ചു. എന്നാൽ ഒരു വേദനയും അറിയാത്ത മാസ്മരിക ലോകത്തേക്ക് നിന്റെ മനസ്സ് യാത്രപോയെന്ന് ഞാനറിഞ്ഞത് പിറ്റേന്ന് നിന്നെ കാണാൻ വന്നപ്പോഴാണ്.
എന്നിട്ടും ഞാൻ കാത്തിരുന്നു. അഞ്ചുവർഷം ചോദ്യങ്ങൾക്കും കരച്ചിലുകൾക്കും മുൻപിൽ പതറാതെ നീ എന്റെ ലോകത്തേക്ക് തിരിച്ചുവരാൻ പ്രാർത്ഥിച്ചുകൊണ്ട് അഞ്ചു വർഷം.
ഒടുക്കം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിനുമുന്നിൽ കീഴടങ്ങി സൂരജ് തന്ന പുടവ ഞാൻ സ്വീകരിച്ചപ്പോളും എന്റെ മനസ്സ് നിന്റെ കൂടെത്തന്നെ ആയിരുന്നു.
നീ എന്നോട് ക്ഷമിക്കില്ലേ അന്ന് നിന്നെ ഉപേക്ഷിച്ച് ശരീരം മാത്രം വേറൊരാൾക്ക് കൊടുത്തതിന്.
അവൻ തന്റെ ഷർട്ടിൽ നിന്നും അവളുടെ പിടിത്തം മാറ്റി മുന്നിൽ കണ്ട വലിയ ഗേറ്റ് തള്ളിത്തുറന്നു. ആ ശബ്ദം കൊണ്ട് മരത്തിൽ ശീർഷാസനത്തിലിരുന്ന വവ്വാലുകൾ എങ്ങോട്ടോ പറന്നു പോയി. ഭീമാകാരംപൂണ്ട ആ മാളികയിലേക്ക് അവർ നടന്നു.
തിരിച്ച് ഒറ്റയ്ക്ക് ആ ഗേറ്റിനുപുറത്തെത്തിയ സൂരജ് നിറഞ്ഞ കണ്ണുകളോടെ ഗേറ്റിന് മുകളിലെ പേര് വായിച്ചു.
സർക്കാർ മാനസീകാരോഗ്യകേന്ദ്രം
സൂരജിന്റെ മനസ്സ് തലേ ദിവസത്തെ പത്രവാർത്തയിൽ കുടുങ്ങി നിന്നു.
"കടത്തിണ്ണയിൽ കിടന്നുറങ്ങിയ മാനസീക രോഗിയായ യുവാവിനെ അജ്ഞാതൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി"
_________________________________________
രമേഷ് കേശവത്ത്.

ദൂരെ


ദൂരെ വിണ്ണിലൊരുതാരകം മിഴി ചിമ്മി നില്പുവതു കണ്ടുവോ?
ഏകനാമതു മന്ദമായ് മന്ത്രമോതുന്നു കേട്ടുവോ?
നാഥനാകിയ നായകൻ ഭൂവിൽ നന്മനടനങ്ങളാടുവാൻ
മഞ്ഞുപെയ്യുമീ അർദ്ധരാത്രിയിൽ പുൽത്തൊഴുത്തിൽ പിറന്നിതാ.
നൂറുതിങ്കളുദിച്ചപോൽ അഴകേറിടുന്നോരു പുഞ്ചിരി
കാണുക ദൈവപുത്രനാമവൻ ലോകരക്ഷയ്ക്കുണർന്നിതാ
(ദൂരെ )
പൂനിലാവിലൊരു മുല്ലമൊട്ടു വിരിയുന്ന പോലെയിതാ നിന്നിലും
നേരമായിതാ നേരിനായൊരു നേർവഴിയ്ക്കു നടകൊള്ളുവാൻ
നിർമ്മലസ്നേഹമെന്നസത്യമീ വിശ്വമാകേ നിറയ്ക്കുവാൻ
ദൈവരാജ്യമതായിടാൻ ഒത്തുചേർന്നടരാടുക.
ദൂരെ വിണ്ണിലൊരുതാരകം മിഴി ചിമ്മി നില്പുവതു കണ്ടുവോ?
ഏകനാമതു മന്ദമായ് മന്ത്രമോതുന്നു കേട്ടുവോ?
_____________________________________
രമേഷ് കേശവത്ത്

സൌഹൃദം പ്രണയത്തിലേക്കു നടക്കുമ്പോൾ


അകക്കാമ്പിലെ പ്രിയമുയർത്തുന്ന നേരൊ
വിരൽത്തുമ്പിലിറ്റുന്ന രക്തച്ചുവപ്പാം 
കരൾപ്പൂ വിടർത്തുന്ന മദ്യത്തരിപ്പിൽ
ചെഞ്ചോരനേത്രത്തിലൂടൊഴുകിടുമ്പോൾ.
തീ പിടിച്ചീടും പ്രണയഖഡ്ഗത്താൽ
മനസ്സെന്ന മാന്ത്രികക്കുതിരപ്പുറത്തായ്
ഇരുട്ടിലൊരു വെട്ടം തെളിയുന്ന ദിക്കിൽ
നുണക്കാടുവെട്ടി കുതിച്ചങ്ങുപായും.
കനൽപ്പാടമൊക്കെ താണ്ടിക്കടന്ന്
മടുപ്പാർന്ന ദേഹരേണുക്കളെല്ലാം
ഉയിർപ്പേൽക്കും പ്രേമാർദ്രചിന്തകളാലേ
കൈചൂണ്ടി ചൊല്ലുമെന്നുള്ളിലെ സത്യം.
പാതയോരത്തുള്ള മാഞ്ചോട്ടിലന്ന്
തൂമഴയേറ്റു നാം നിന്ന നേരം
സൗഹൃദം പ്രണയമായങ്കുരിച്ചെന്ന്
ധീരമായ് നിന്നോടോതിടുമ്പോഴോ
വിറച്ചല്പനേരം പകച്ചു നീ നില്ക്കും
മിഴിക്കുള്ളിലപ്പോൾ ചിരിപ്പൂ തിളങ്ങും
നിഴലൊട്ടിനില്ക്കുന്ന മണ്ണിലാ നേരം
ഹൃത്ബാഷ്പമഴയാൽ പുൽനാമ്പുയിർക്കും.
വിറയ്ക്കുന്ന ചുണ്ടാൽ നീ മന്ദ മോതും
മിടിക്കുന്നുയെന്നിലും നാമെന്ന മോഹം
"ഉറങ്ങാതുറങ്ങുന്ന രാവുകളിലെല്ലാം
ഉണർന്നീടുമെന്നിൽ നീയെന്ന സ്വപ്നം".
ഇതെന്നിലേ സത്യം ഇതെന്നിലേ മോഹം
ഇതെന്നുടെ മാത്രം പുലർകാല സ്വപ്നം
വരുംകാലമേതോ രാത്രിപുലരുമ്പോൾ
നിശ്ചയം, നീയെന്റെ മാറിൽ മയങ്ങും.
____________________________________
രമേഷ് കേശവത്ത് ..

ചിരിച്ചു കണ്ണുനിറയുമ്പോൾ


മേഘപടലങ്ങൾക്കിടയിലൂടെ
ചോർന്നൊലിക്കുന്ന
വെട്ടമഴയിൽ
പടിഞ്ഞാറൻ സുന്ദരികളുടെ
അർദ്ധനഗ്നതയിൽ
മിഴിച്ചുംബനമേൽപ്പിക്കാതിരിക്കാൻ
പുറംതിരിഞ്ഞു നിന്ന
കടലോരപ്പകലിലാണ്
നാളുകൾക്കപ്പുറം
അവളെ കാണുന്നത്.
കൺകോണിൻ കുത്തേറ്റ്
ധൈര്യത്തിന്നറ ശൂന്യമാകുമെന്ന
ഭയപ്പാടോടെ നിഴല് നോക്കി
പ്രണയം പറഞ്ഞതും
അവൾ പുഞ്ചിരിച്ചു.
ആത്മഹർഷത്തോടെ
നടക്കുന്നതിന്നിടയിലാണ്
ചിരിച്ചു കണ്ണുനിറയുന്നത് കണ്ടത്.
അന്നാണ്.
ഹാസ്യമെന്താണെന്ന് മനസ്സിലാകുന്നത്.
പിന്നീടുള്ള ദിനരാത്രങ്ങൾ മുഴുവനും.
ചിരിച്ചുകണ്ണു നിറയ്ക്കാൻ പഠിച്ചത്.
_____________________________
രമേഷ് കേശവത്ത്

മരിച്ചവർ ഉയർത്തെഴുന്നേൽക്കുമ്പോൾ


മരിച്ചവർ ഉയർത്തെഴുന്നേൽക്കുമ്പോൾ
പ്രേതസിനിമകളിൽ കാണും പോലെ
കരിമ്പൂച്ച സാന്നിധ്യമോ
ഭീതിദമായ കാറ്റൊ
നരിച്ചീറുകളുടെ ചൂളം വിളിയോ
ആർത്തട്ടഹാസങ്ങളോ
ഏങ്ങിക്കരച്ചിലുകളോ ഉണ്ടാകില്ല.
പകരം
ഒരു നനുത്തമഴ
ഭൂമിയിൽ നിന്നും ആകാശത്തേക്ക്
യാത്രപോകുന്നത് കാണാം.
തിങ്കൾക്കറയുടെ കരിനിഴൽ
മണ്ണിനെ ചുംബിച്ച് സ്തുതി ചൊല്ലും.
പ്രതികാരത്തിനായാണ്
മരിച്ചവർ ഉയിർത്തുവരുന്നതെങ്കിൽ
ആദ്യം
പത്രോസിനെപോലെ
വിശ്വാസമില്ലാത്തവർക്കിടയിൽ
പ്രത്യക്ഷപ്പെടും.
വഞ്ചനയുടെ മുറിവിൽ കുത്തി
ബോധ്യപ്പെടാൻ പറയും.
സ്നേഹത്തിനായാണെങ്കിൽ
ആദ്യം
കല്ലറയിൽ
പ്രിയ്യപ്പെട്ടവർ തെളിയിച്ച
മെഴുകുതിരികൾ
ഉൗതിക്കെടുത്തും.
ഇതു രണ്ടും മാത്രമേ
അവർക്ക് ചെയ്യാനാകുമായിരിക്കയുള്ളൂ
കാരണം
മരണപ്പെടുമ്പോൾ തന്നെ
അവന്റെ സ്ഥാനം
വേറൊരുത്തൻ കൈവശപ്പെടുത്തിയിരിക്കും.
മരിക്കുക മാത്രമേ പിന്നീട്
അവന് ചെയ്യാനുണ്ടാകയുള്ളൂ.
____________________________
രമേഷ് കേശവത്ത്

പ്രണയം കണ്ടു ഞാൻ


നിൻ നീലമിഴികളിൽ പ്രണയം കണ്ടു ഞാൻ
ആനന്ദബാഷ്പം പൊഴിക്കേ.
സുഖദമാം നിർവൃതി കനത്ത ശ്വാസമായ്
നെഞ്ചകക്കൂടൊന്നൊഴിഞ്ഞു.
മധുരസ്വപ്നങ്ങൾതൻ മഞ്ചലിലേറി നാം
തീക്കനൽക്കാടൊന്നു താണ്ടവേ
സുസ്മിതസന്ധ്യതൻ നേർത്തരേണുക്കളാൽ
മാനസം പ്രണയാർദ്രമായി.
ഉത്സവപ്പുലരിപോൽ മൌനമേളങ്ങളാൽ
നാമിന്ന് കോരിത്തരിക്കവേ
അനന്യസ്നേഹമൗനസ്മൃതികളാൽ
പ്രണയക്കാറ്റു ചുംബിക്കവേ
കുസുമദളങ്ങൾതൻ മഴയിൽ നനഞ്ഞു നാം
കൈകോർത്തു നൃത്തം ചവിട്ടവേ
യക്ഷകിന്നരഗന്ധർവ്വസംഗീതമങ്ങെങ്ങുമൊഴുകിപ്പരക്കവേ
വിണ്ണിലെ താരകൾ മിന്നിക്കുണുങ്ങി ഹാ
നമ്മുടെ നാമം രചിക്കേ,
ഹന്ത! അനുപമവശ്യ ഗന്ധങ്ങളാൽ
പാരിത് സ്വർലോകമായി.
By: 
രമേഷ് കേശവത്ത് 

യാത്രികൻ


പിന്തിരിഞ്ഞൊന്നു നോക്കുകിൽ കണ്ടിടാം
മുള്ളുപാകിക്കിടന്നൊരാ പാതകൾ
പാദമെത്രമുറിഞ്ഞുപോയെങ്കിലും
യാത്ര വീണ്ടും തുടരുന്നു , വിസ്മയം.
കൂടെ നടക്കുവാനെന്നുമുണ്ടാമെന്ന
മധുരവാക്യം പറഞ്ഞവരെപ്പഴോ
പലയിടങ്ങളിൽ പലവഴിക്കായി
യാത്രചൊല്ലാതകന്നുപോയെങ്കിലും.
ദുരിതമെന്നത് കൂടെപ്പിറക്കിലും
ലക്ഷ്യമെന്നത് വിക�ർഷിച്ചുപോകിലും
അലസമായേറേ കാതം നടക്കിലും
നുറുങ്ങുവെട്ടം തെളിയുമാ പാതയിൽ
അരുണനസ്തമിച്ചീടുകിൽ തിങ്കളീ
മണ്ണിൽ പാലൊളി വീഴ്ത്തുന്നപോലവേ
മനമെരിഞ്ഞു കരിഞ്ഞുപോയീടുകിൽ
പുതുപ്രതീക്ഷതൻ നാമ്പുകിളിർത്തിടും.
ചപലമായോരു ദുഃഖഹേതുക്കളാൽ
ആർത്തിപൂണ്ടങ്ങോടി നടന്നിടും
മൂഢനാമേതു മാനവജന്മവും
ഉണ്മതേടി നടക്കുകിൽ പിന്നെയൊ
വഴികളെത്രയിടുങ്ങിനീണ്ടീടിലും
ദാഹമെന്നത് വിദ്യയോടായിടും
ആശയില്ലാനിരാശയുമില്ലാതെ
ജന്മലക്ഷ്യം പുണരുമത് നിശ്ചയം.
____________________________
രമേഷ് കേശവത്ത്..

മലവെള്ളപ്പാച്ചിൽ.



കളകളമൊഴുകുമൊരരുവിയിലേതോ
തളിരിലയിളകുമ്പോൾ
അവിരചിതകാവ്യശീലുകളെന്നിൽ
തുടിയതുകൊട്ടുന്നു
പുലരിപ്പൂവിൻപൊൻവെട്ടത്തിൽ
പുഴയവൾ മിന്നീടെ
മിന്നാമിന്നിക്കൂട്ടം പാറിയെന്നുടെ ഹൃദയത്തിൽ
തരളിതമായൊരുമനവും പേറി
കവിതരചിക്കാനായ്
കാറ്റോളങ്ങൾ താളം കൊട്ടും
തണലിലിരുന്നീടെ
പുതുമഴപെയ്തു പുതുമൺമണവും
പുതുകുളിരെത്തിപ്പോയ്
മയൂരനടനം മാരുതനാദം അടവിയുണർന്നേപോയ്
ആകാശത്തിൻ ദുന്ദുഭിനാദം കർണ്ണം ചുംബിക്കേ
വ്രീളാവിവശയായൊഴുകും പുഴയതിൻ
നാട്യമറിഞ്ഞു ഞാൻ.
പണ്ടൊരുപകലോനുണരുന്നേരം നിന്നവൾതന്നരികിൽ
കണ്ണീരുപ്പിൻ നേരും ചുടുചെങ്കനലുള്ളവുമായ്
മുക്തികൊടുക്കാൻ എള്ളും പൂവും ഒരുപിടിയന്നവുമായ്
നുരചേർത്തൊഴുകും ചെന്നദിയാകും നിന്നുടെ സവിധത്തിൽ
പാതിയൊഴിഞ്ഞതിൻ ഭാരം അവളിൽ
ചേർന്നുകുതിർന്നീടെ
ഏകാശ്വാസമതാകും കുഞ്ഞിനെ
കൊണ്ടേ പാഞ്ഞൂ നീ.
അന്നുമുതല്ക്കായൊറ്റത്തുണിയുമായ്
തേടി നടപ്പൂ ഞാൻ
മോക്ഷമതേകും നിന്നുടെ ക്രുദ്ധതയോർത്തു നടപ്പൂ ഞാൻ.
പുണ്യമായെത്തി നിൻ തിരുനടയിൽ
പുലർമഴകാലത്തായി.
മലയും പിഴുതോണ്ടോടി വരുന്നിവളെന്നേ പുണരനായ്
നിർമ്മലചിത്തനായ് നിർവൃതിയോടിന്നവളിൽ ചേരട്ടേ
എഴുതാകവിതതൻ ശീലുകളെന്നിൽ
തണുവതു ചേർക്കട്ടേ
___________________________
രമേഷ് കേശവത്ത്...

വിരഹമാരി



തുടക്കമാണ് തുടങ്ങാനാകാത്തത്. നികൃഷ്ടമായ ജീവിതത്തിന്റെ അവസാനത്തിൽനിന്നൊ ആദ്യത്തിൽ നിന്നോതുടങ്ങേണ്ടത് . എഴുത്ത് എന്നതിൽ പിന്നിലാണെങ്കിലും എഴുതാതിരിക്കുവാൻ ആവില്ല. ജീവിതം പിന്നിട്ട വഴികൾ. വിഭിന്നമായ ജീവിതചുറ്റുപാടുകൾക്കിടയിൽ വീർപ്പുമുട്ടിയ മനസ്സിന്റെ വിഹ്വലതകൾ . എല്ലാം കുറിച്ചില്ല എങ്കിൽ മൃത്യു ദേവി വന്നു പുൽകി ലോകത്തിൽ നിന്നും കൂട്ടിക്കൊണ്ടുപോകുമ്പോഴും എന്നത്തേയും പോലെ സമാധാനം ഉണ്ടാവില്ല..
വിമ്മിഷ്ടപ്പെട്ട് എഴുതാനിരുന്ന രാജീവന്റെ കൈത്തണ്ടയിൽ ഉരുകിയൊലിക്കുന്ന സ്നേഹമായ മെഴുകു കണം വീണു. പൊള്ളിയ കൈ പിൻവലിക്കാതെ സ്നേഹം ഉണങ്ങുന്നതിനായി കാത്തിരുന്നു. ആ കാത്തിരിപ്പിന്റെ ക്ഷോഭിത വികാരങ്ങൾ അവന്റെ എഴുതാനുള്ള ത്വരയെ മുന്നോട്ടു നയിച്ചു. പക്ഷേ തെന്നിവീണ പേനയെ നേരെ പിടിക്കുവാൻ വർദ്ധിച്ചുവന്ന ചിന്തകൾ സമ്മതിച്ചില്ല. പടുകുഴിയാകുന്ന ആലസ്യത്തിന്റെ സ്വപ്നത്തിലേക്ക് അവൻ വേച്ചു വീണു.
ദുരമൂത്ത മാനസീക പ്രപഞ്ചം സുന്ദരമായ ഒരു സ്വപ്നം കാട്ടിക്കൊടുത്തു. പുഞ്ചിരി തൂകുന്ന അമ്മയുടെ മാറിലെ സ്നേഹം മുഴുവൻ വലിച്ചുകുടിക്കുന്ന തന്നെത്തന്നെ അവൻ കണ്ടു. നിഷ്കളങ്കമായി കണ്ണടച്ചു കിടക്കുന്നതു കണ്ടപ്പോൾ അറിയാതെതന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. എന്തെല്ലാം ക്ഷോഭിത വികാരങ്ങളെ നേരിടേണ്ട മുഖമാണിതെന്ന് അന്നറിയാമായിരുന്നോ. നാളത്തെ വൃണങ്ങൾ ആ മുഖത്തേ തച്ചുടയ്ക്കുമെന്ന് ഇൗ നിർവൃതിയിലലിയുന്ന അമ്മയ്ക്ക് അറിയാമായിരുന്നോ.
രാജീവൻ ഉണർന്നു . ദാഹിക്കുന്നതായി തോന്നി.ഗ്ലാസ്സിലേക്ക് പകർന്ന ചൂടുള്ള ദ്രാവകം ചുണ്ടോടമർത്തി. വേദന ..പെരുകുന്ന വിഷകോശങ്ങൾ അവന്റെ തൊണ്ടയിൽ വേദന പടർത്തി. ദാഹം മനസ്സിലും..
ഇന്നേയ്ക്ക് പതിനാലു ദിവസമായി കറങ്ങുന്ന പങ്കായങ്ങളെ കണ്ട് ഇവിടെ കിടക്കുന്നു. അരുകിൽ ഇരിക്കുന്ന ഭാര്യക്കുപോലും മുഖത്തേയ്ക്കുനോക്കാൻ പേടിയാണ്. വിഷം പെറ്റുനിറഞ്ഞ് മുഖം വികൃതമായിരിക്കുന്നു. കണ്ണാടി അനുവാദിക്കാത്തതിനാൽ കാണാൻ സാധ്യമല്ല. സുഹൃത്തുക്കൾ അവളെ മാത്രം കണ്ട് തിരിച്ചുപോകുന്നു . അത്രയ്ക്ക് വികൃതമായിരിക്കുമോ എന്റെ മുഖം. രാജീവൻ സ്വയം ചോദിച്ചു. കരയാതെ കാത്ത കണ്ണീരൊക്കെയും മലവെള്ളപ്പാച്ചിലായ് വന്ന് ചെവികളെ നനച്ചു.
ആദ്യം അറിഞ്ഞിരുന്നെങ്കിൽ പതിയെ മാറ്റാമായിരുന്നെന്നാ ഡോക്ടർ പറഞ്ഞെ
എല്ലാകാര്യത്തിലും അറിവുള്ള ആളല്ലേ എന്തെ ഇതുമാത്രം അറിയാതെ പോയേ.
ഒന്നെഴുന്നേറ്റു പോണുണ്ടോ എന്ന് പറയാൻ ശ്രമിച്ചു തൊണ്ടയിൽ നീറ്റൽ മാത്രം. പണ്ട് ഒരുപാട് അഹങ്കരിച്ചതാണ് തന്റേതു മാത്രമായ ശബ്ദത്തെക്കുറിച്ച്. ഇന്ന്..ഒരു നെടുവീർപ്പോടെ രാജീവൻ ഭാര്യയേ കൈകൾ കൊണ്ട് തോണ്ടി സ്വസ്ഥനാക്കാൻ അപേക്ഷിച്ചു. അവൾ അപ്പുറത്തേയ്ക്ക് മാറിപ്പോയി.
ഭാര്യയെക്കുറിച്ചോർത്തപ്പോൾ രാജീവന് വീണ്ടും സങ്കടമായി അവളുടെ വിധി ഇങ്ങനെ യായല്ലോ പണ്ട് കൊടികുത്തി വാണ പ്രണയ നൈരാശ്യം സമ്മാനിച്ചതാണ് ഇൗ രോഗം . ലഹരിയിൽ അലിയുമ്പോൾ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരന്ത്യമാകും വിധി കാത്തുവച്ചിരുന്നതെന്ന് ..അറിഞ്ഞിരുന്നില്ലേ. അറിയാമായിരുന്നു പക്ഷേ അന്ന് മരിക്കാനായിരുന്നു കൊതി. എന്നാൽ ഇന്നോ ജീവിക്കാനും.
മകളെക്കണ്ടിട്ട് കുറച്ചായല്ലോ എന്ന് രാജീവൻ ഒാർത്തു. അവളിങ്ങോട്ടൊന്നും വരുന്നേയില്ലല്ലോ ഭയമാണ് ഭാര്യ പറഞ്ഞതാണ് . കാണാനാഗ്രഹമുണ്ട് എന്നറിയിച്ചപ്പോൾ ഒരിക്കൽ വന്നു. മുഖത്തേയ്ക്ക് ഒന്നു നോക്കുകകൂടി ചെയ്യാതെ കുറച്ചുനേരം നിന്നു. അപ്പോൾ താൻ പറഞ്ഞു പൊയ്ക്കൊളാൻ . വേറെ തിരക്കുകളുണ്ടാകുമല്ലോ. അവൾ അമ്മയുടെ കയ്യും പിടിച്ച് പുറത്തേയ്ക്ക് നടന്നു. തിരിച്ചുവന്ന ഭാര്യ പറഞ്ഞതാണ് അവൾക്ക് പേടിയാണെന്ന്. മുൻപ് തന്റെ മടിയിൽ ഇരുന്ന് മീശയും വലിച്ചു കൊഞ്ചിയിരുന്ന അവൾക്കിപ്പോ പേടിയാത്രേ. പേടിയാവില്ല അറപ്പായിരിക്കും. അത്രയ്ക്ക് വികൃതമായിരിക്കുമല്ലോ തന്റെ മുഖം.
തന്റെ വിഷമം കണ്ട് ഭാര്യ ഒരിക്കൽ കൂടി അവളെ കാണാൻപോയി. തിരിച്ചുവന്ന അവളുടെ മുഖം വിളറിയിരുന്നു. എന്തു പറഞ്ഞു എന്നവളോട് തിരക്കിയപ്പോൾ അവൾ പറഞ്ഞു.
അവളുടെ മകന് (അതായത് തന്റെ പേരക്കുട്ടിയ്ക്കു) പേടിയായതുകൊണ്ടാണ് അവനെ തനിച്ച് വീട്ടിൽ നിർത്തി പോരാനവൾക്കാകുമോ. രണ്ട് വയസ്സല്ലേ ആയിട്ടുള്ളൂ
അല്ലെങ്കിലും ഇവള് മകളുടെ പക്ഷം പിടിച്ചേ സംസാരിക്കു. അത് അനാഥാലയത്തിൽ ആയിരുന്നപ്പോഴും . എന്നാലെനിക്ക് മനസ്സിലാകാതിരിക്കുമോ. അവൾക്ക് വായ്ക്കകത്ത് കാൻസർ ബാധിച്ച ഒരച്ഛനുണ്ട് എന്ന് പുറം ലോകമറിയുന്നതിലുള്ള ഭയമാണ്. അവൾക്കവളുടെ ഭർത്താവിന്റെ സ്റ്റാറ്റസ് നോക്കണ്ടേ. അവരുടെ എല്ലാമാന്യതയും കളയുന്നതാണല്ലോ വായിലെ കാൻസർ. വേറെ എവിടെയെങ്കിലും ആകാമായിരുന്നു. ഇത്.
അപ്പോഴാണ് ആ രൂപം രാജീവൻ കണ്ടത്. അതേ അവൾ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരിക്കലും മറക്കാനാകാത്ത കൗമാരകാല പ്രണയിനി. അവളെന്താണ് ഇവിടെ തന്റെ ജീവിതത്തിൽ വിഷത്തിന്റെ വിത്തുപാകിയതിൽ അവൾക്കൊരു പങ്കുമില്ല എന്ന് ബോധ്യപ്പെടുത്താനാണോ. അതോ അവളുടെ ആരെങ്കിലും ഇവിടെ കിടക്കുന്നുണ്ടാകുമോ. ഭാര്യയോട് ചോദിക്കണമെന്നുണ്ട് പക്ഷേ ആദ്യമായി അവളെ കണ്ടപ്പോൾ തനിക്കുണ്ടായ വിറയൽ അതേപോലെ ഇപ്പോഴും തന്നെ തളർത്തുന്നത് രാജീവൻ തിരിച്ചറിഞ്ഞു.
അടുത്ത് നില്ക്കുന്ന നഴ്സിനോട് അവൾ ചോദിക്കുന്നത് കേട്ടു
റേഡിയേഷനുള്ള ചീട്ട് എവിടെയാ കൊടുക്കണ്ടേ
കാൻസർ വാർഡിന്റെ അറ്റത്തേക്ക് ചൂണ്ടി നഴ്സ് പറഞ്ഞു. അവിടെയാണ്
രാജീവന്റെ മനസ്സൊന്നു പിടഞ്ഞു. അവൾക്കും കാൻസറാണോ. അപ്പോൾ നഴ്സ് ഭാര്യയോട് പറയുന്നത് രാജീവൻ കേട്ടു.
"അവർക്കു ബ്രെസ്റ്റ് കാൻസർ ആണ്ആദ്യ പ്രസവത്തിനു ശേഷമാണ് കണ്ടുപിടിച്ചത് ആദ്യം വലതു മുലയിൽ ആയിരുന്നു. അന്ന് ആ വേദനയിലും ഇടതു മുലയിലൂടെ കുഞ്ഞിന് പാലു കൊടുക്കുന്നത് ഞാൻ കണ്ടതാണ് ഇപ്പോളിതാ രണ്ടാമത്തേതിലും. കെട്ടിയോൻ പ്രസവത്തിന് മുന്നേ മരിച്ചു. അടുത്ത് മകനും പോയി. ഇനി കീമോ വേണ്ടിവരും. ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കാണ് വരുന്നത്. ചെറിയ നൊസ്സും ഉണ്ട്."
ഇതു കേട്ടതും രാജീവൻ പൊട്ടുന്ന വേദനയോടെ ഭാര്യയോട് പറഞ്ഞു
അവളെ വിളിക്ക് . എനിക്കവളെ കാണണം. ഒരുകാലത്ത് അവൾ എന്റേതായിരുന്നു . ഇനിയും അവളെ നഷ്ടപ്പെടുത്താൻ വയ്യ
അത്ഭുതത്തോടെ ഭാര്യ രാജീവനെ നോക്കി അവളുടെ കണ്ണൽ നിന്നുള്ള ലാവാ പ്രവാഹം അവന്റെ കൈകൾ നനച്ചു.
അവനിനി ഒന്നും പറയാനുണ്ടായിരുന്നില്ല. അകലേയ്ക്കുപോകുന്ന പ്രണയിനിയേ നോക്കികൊണ്ട് രാജീവന്റെ മിഴികൾ അവസാനമായി അടഞ്ഞു.....
---------------------------------------------------
രമേഷ് കേശവത്ത്.

മഴ പ്രകൃതിയുടെ വിരഹമാണോ?



കിഴക്കു സൂര്യൻ ഉണർന്നുവന്നോരു
മുകിലിന്നു പിന്നിൽ ഒളിച്ചിരിക്കേ
ഉടുക്കുതാളത്തിൽ മഴയങ്ങു വീഴെ
മരച്ചുവട്ടിൽ ഞാൻ തനിച്ചു നിന്നു
ഇടയ്ക്കു വെള്ളിടി നിലത്തിറങ്ങവേ
കൊതിച്ചെന്നുള്ളം മഴയേറ്റു നില്കാൻ
വിധിച്ച കണ്ണീരു പെയ്തങ്ങുതീരാതൊ-
ടുങ്ങയില്ലല്ലോ മനുഷ്യജീവിതം
കറുത്തതട്ടത്തിലൊളിച്ചിരുന്നോരു
വെളുത്തപെൺകൊടിയുള്ളിൽ നിറയേ
ഒരിറ്റുകണ്ണീരു കവിളത്തു ചുംബിച്ചൊ-
ഴിഞ്ഞു മണ്ണങ്ങു പുണർന്നിടുന്നു
തനിക്കു താനെ തുണയെന്നു ചൊല്ലി
പിരിഞ്ഞുപോയോരിണക്കിളി നീ
അറിഞ്ഞുവോ അന്ന് പിരിച്ചെടുത്തത്
ഒരിറ്റു ഹർഷമേയേറാത്ത ഹൃത്തടം
ദിനരാത്രമേറേ കരഞ്ഞു തീർന്നിട്ടും
പുലരിയിന്നും കണ്ണീരേകവേ
ഒരു നേർത്തമിന്നലെൻ ദേഹത്തുവീഴ്ത്തുവാൻ
മടിപ്പതെന്തു നീ പ്രണയ പ്രകൃതിയേ
_________________
രമേഷ് കേശവത്ത്....

ജീവിതയാത്ര (R P)


നടപ്പതുണ്ടേകനായ് പാതയ്ക്കുനടുവിലാം
കുഴികളിലകപ്പെട്ടങ്ങുഴറുന്നതുണ്ടു ഞാൻ ,
തണലേകുവാനൊരു മരമില്ലീവീഥിയിൽ
ഊന്നിപ്പിടിപ്പാനൊരു കൊമ്പതുമില്ലിതാ..
വെയിലാൽപൊടിഞ്ഞ വിയർപ്പുകുടിച്ചിടാൻ
മന്ദമായ്പുണരുന്ന മാരുതനുമില്ലിതാ
വരണ്ടോരധരത്തിൻ മുറിവ്നീറ്റിയ്ക്കുവാൻ
തുള്ളിജലമത് കിടപ്പതില്ലെവിടേയും
തോളിലേമോഹത്തിൻ ഭാണ്ഡമുയർത്തിടും
ഭാരമതൊന്ന് തളർത്തുന്നു നടുവിനേ
അകലെയങ്ങെവിടെയൊ കാൺമതുണ്ടാ
ഹരിതവർണ്ണത്തിലായൊരു സ്വർഗ്ഗഭൂമിക
അവിടെയെത്തീടുവാനിനിയെത്ര പോകണം
ഇനിയതുമെന്നുടേ ഭ്രമസ്വപ്നമാകുമോ??
അറിവീലയെങ്കിലും തുടരുന്നുമമ യാത്ര
പ്രതീക്ഷ,യതൊന്നല്ലീ മനുജന്റെ ജീവിതം......
===================
രമേഷ് കേശവത്ത് 

രക്തത്തിന്റെ കഥ


ഹൃദയമിടിപ്പിന്റെ പെരുമ്പറ മുഴക്കങ്ങളെ തൊട്ടറിഞ്ഞു കാതോർത്ത് മലർന്നു കിടക്കുകയായിരുന്നു അയാൾ.
ചോരകുടിച്ചു വിശപ്പുമാറാത്ത ഒരു കൊതുകിന്റെ മൂളിപ്പാട്ട് ചെവിയിലൂടെ തലച്ചോറിനകത്ത് തിരയിളക്കമൊരുക്കിയപ്പോൾ കൈവീശി കൊതുകിനേ കവിളോട് ചേർത്തതും ഹൃദയസ്പന്ദനങ്ങൾ അയാൾക്ക് അറിയാതെയായി.
60 വാട്ടിന്റെ ചെമ്പിച്ച വെളിച്ചത്തിൽ അയാൾ നനവാർന്ന കൈപ്പടത്തിലേക്ക് നോക്കി. രക്തം . ആരുടെയോ , ഒരു പക്ഷേ തന്റെ തന്നെ ആകാം . രക്തത്തിന്റെ ചുവപ്പ് അയാളുടെ കണ്ണുകൾക്കുള്ളിലേക്കും വ്യാപിച്ചു.
ആദ്യ രാത്രി കഴിഞ്ഞു ധവളവർണ്ണമാർന്ന കിടയ്ക്കവിരിയിൽ കണ്ട ചുവപ്പു നിറത്തിന്റെ ചൂടിലേക്ക് അയാളുടെ മനസ്സ് ഇറങ്ങിച്ചെന്നു .
വർഷമെത്ര കഴിഞ്ഞിരിക്കുന്നു നല്ലപാതി പ്രയോഗങ്ങളുടെ അസ്ഥിരത വെളിവാക്കുന്ന വിധിയുടെ ക്രൂരത എത്ര നിഷ്ഠതയോടെയാണ് ജീവിതത്തിലേക്കാഴ്ന്നിറങ്ങിയത്.
.അയാളുടെ ഒരേ ഒരു മകളുടെ വിവാഹമായിരുന്നു ഇന്ന് .
മറ്റൊരുകൊതുക് അരികെ പാറിപ്പോകുന്നത് കണ്ട് രണ്ടാമത്തെ കൈപ്പടത്തിനുള്ളിൽ അയാളതിനേ ഞെരുക്കി . രക്തം കുറവാണ് അധികനേരമായിട്ടില്ല തീറ്റതുടങ്ങിയിട്ട് ചെറുപ്പമാവാനും മതി .
ചെറുതിന്റെ രക്തം അതെന്നാണ് കണ്ടത് അന്ന് ആ മഴ മുക്കിയ ഒറ്റ രാത്രി മാത്രം . അന്ന് മാത്രമേ ചെറുതിന്റെ രക്തഭീകരതയിൽ അലറിക്കരഞ്ഞിട്ടുള്ളു. നശിച്ച ആ രാത്രി.
"എടാ ഒന്നു വേഗം വരണം ഒരു സ്ഥലത്തു പോകാനുണ്ട്"
ഭാര്യയുടെയും മകളുടെയും കൂടെയിരുന്ന് അത്താഴം കഴിക്കുമ്പോഴാണ് മുതലാളിയുടെ വിളി വന്നത്.
എങ്ങോട്ടാണ് ഇൗ നേരത്ത്? അയാൾ ചോദിച്ചു
"അതൊന്നും നീ അറിയണ്ട എളുപ്പം എന്റെ ഗസ്റ്റ് ഹൗസിലേക്കും വാ "
സംഭാഷണം മുറിഞ്ഞു.
അയാൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റതും ഭാര്യ ചോദിച്ചു "
"ഇൗ മുതലാളി എന്ന് പറഞ്ഞാൽ ഇങ്ങടെ കളിക്കൂട്ടുകാരനല്ലേ
ഉം കള്ളും കുടിച്ചിങ്ങോട്ട് വന്നാൽ വീട്ടീ കേറ്റില്ല പറഞ്ഞേക്കാം "
ഒരിളിഭ്യച്ചിരി ചിരിച്ചു വസ്ത്രം മാറി അയാൾ കാറെടുത്തു.
"എന്തൊ സംഭവിച്ചിട്ടുണ്ട് ഇല്ലെങ്കിൽ അവൻ ഇങ്ങനെ ആജ്ഞാപിക്കില്ല കാലം കുറേ ആയില്ലേ അവന്റെ ടാക്സി താൻ ഒാടിക്കാൻ തുടങ്ങിയിട്ട് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം "
അയാളുടെ മനസ്സിൽ ഭീതിയുടെ മുഴക്കങ്ങൾ കേട്ടുകൊണ്ടിരുന്നു.
ചെറുപ്പത്തിൽ അവന്റെ ഏറ്റവും വലിയകൂട്ട് താനായിരുന്നു എന്നതയാൾ ഒാർത്തു .
പില്ക്കാലത്ത് പണത്തിന്റെ പ്രഭാവലയത്തിനുള്ളിൽ അകപ്പെട്ടതിനു ശേഷം ഒരുപാട് പുതിയ സൗഹൃദങ്ങളുണ്ടാവുകയും പുതിയ കേളികൾ ഉടലെടുക്കുകയും ചെയ്തപ്പോഴും ആ പഴയ സൗഹൃദം അവൻ മറന്നില്ല . ജീവിതം ഗതിമുട്ടിയ സമയത്താണ് അവൻ പുതിയ ഒരു കാറെടുത്തു തന്ന് ടാക്സിയായി ഒാടിച്ചോളാൻ പറഞ്ഞത്. അതിലൂടെയാണ് ഇപ്പോഴത്തേ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തനിക്ക് ലഭിച്ചതെന്ന് നന്ദിയോടെ അയാൾ സ്മരിച്ചു.
വർദ്ധിച്ച ഹൃദയമിടിപ്പോടെ അയാൾ അതിഥിമന്ദിരത്തിലേക്ക് പ്രവേശിച്ചു. ഹാളിൽ മുതലാളി തലയ്ക്ക് കൈയ്യുംകൊടുത്തിരിക്കുന്നു.
എന്താ എന്തുപറ്റി?
മുതലാളി അയാളെ ദയനീയമായി ഒന്നു നോക്കി എന്നിട്ടു പറഞ്ഞു .
"നിനക്കെന്നോട് എന്തെങ്കിലും സ്നേഹവും കടപ്പാടും ഉണ്ടെങ്കിൽ അത് കാണിക്കേണ്ട സമയമാണിത്"
എന്താ എന്തുപറ്റി ?
മുതലാളി അകത്തേ മുറിയിലേക്ക് നോക്കി . കണ്ണുകളിലേ സൂചന മനസ്സിലാക്കി അയാൾ മുറിയിലേക്ക് കയറി.
ഭീകരമായ ആ കാഴ്ചകണ്ട് ഒരാർത്തനാദം അയാളുടെ തൊണ്ടയിൽ കുരുങ്ങി.
മകളുടെ പ്രായമുള്ള ഒരരുമക്കുട്ടി നഖദന്ത ദംശനങ്ങളേറ്റ് രക്തം പൊഴിച്ച് നഗ്നയായി കിടക്കുന്നു.
എന്താടാ ഇത് ? അയാൾ മുതലാളിയെ നോക്കി ആക്രോശിച്ചു.
"പറ്റിപ്പോയി ! ഇങ്ങനെയൊക്കെ ആകും എന്ന് വിചാരിച്ചില്ല .നീ എന്നെ സഹായിക്കണം നിനക്ക് വേണ്ടതെല്ലാം ഞാൻ തരും"
അയാളുടെ കാലുപിടിച്ച് മുതലാളി കരഞ്ഞു .
പെട്ടന്നെങ്ങനെയോ കൃതജ്ഞതയുടെ ഒരു ധീരത അയാളിൽ ആവേശിച്ചു .
അയാൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി വിരിപ്പോടുകൂടി ആകുട്ടിയെ ഉള്ളം കൈയ്യിലേന്തി പുറത്തേക്ക് നടന്നു.അകലേ പുഴയുടെ കൈവഴിയിലേക്ക് ആ ശരീരം വലിച്ചെറിയുമ്പോൾ അയാളുടെ കണ്ണീരുപോലെ മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.
ആ രക്തത്തിന്റെ മണം ഇപ്പോഴും ഇവിടെ തങ്ങി നില്കുന്നതായി അയാൾക്ക് തോന്നി കൈയ്യിലേ കൊതുകിന്റെ രക്തം അയാൾ മണത്തു നോക്കി . അതേ എല്ലാ രക്തത്തിനും ഇപ്പോഴൊരേ മണമാണ്
അയാൾ ഭീതിയോടെ കൈ തുടയില്‍ ചേർത്തു തുടച്ചു.
വർഷങ്ങളെത്രകഴിഞ്ഞു പുഴയിൽ നിന്നും തൂവലൊഴിഞ്ഞാ കുഞ്ഞു കിളിയുടെ ശരീരം കണ്ടെടുത്തിട്ട്
പോലീസ് കോടതി മാധ്യമങ്ങളെല്ലാം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് വിധിച്ചപ്പോഴൊന്നും അയാളുടെ മനസ്സ് തളർന്നിരുന്നില്ല.
തലേന്ന് ജയിൽ മോചിതനായി ഭാര്യയെ കാണാൻ ചെന്നപ്പോളാണ് ഹൃദയഭാരമേറ്റിയ ആ സത്യത്തിനു മുന്നിൽ അയാൾ തളർന്നത്.
ഒരേ ഒരു മകളുടെ വിവാഹം അയാൾ അറിഞ്ഞിരുന്നില്ല സ്നേഹത്തോടെ അനുഗ്രഹിക്കാൻ ചെന്നതും അവൾ ഭയത്തോടെ അലറിവിളിച്ചു.
ആരെല്ലാമോ താങ്ങിയെടുത്ത് റോഡിലേക്കെറിയപ്പെട്ടപ്പോൾ ശരീരത്തിനേറ്റ മർദ്ദനത്തേക്കാൾ അയാളെ വേദനിപ്പിച്ചത് അവിശ്വസിക്കപ്പെട്ടതിന്റെ വേദനയായിരുന്നു.
ചേതനയറ്റ് തുറിച്ചു നോക്കുന്ന മുതലാളിയുടെ കണ്ണുകളിലേക്ക് അയാളൊന്നു നോക്കി. ആ കണ്ണുകളിൽ ചതിയുടെ എല്ലാ ലക്ഷണങ്ങളും മാഞ്ഞുപോയിരുന്നു.
അയാളെഴുന്നേറ്റ് കുപ്പിയിലവശേഷിച്ച കറുത്ത റം ഗ്ളാസ്സിലേക്കൊഴിച്ചു
കീശയിൽ ബന്ധിതപ്പെട്ട കടലാസ്സുടുപ്പു തുറന്ന് അതിലെ മുഴവൻ വെളുത്ത പൊടിയും റമ്മിലേക്കൊഴിച്ചു.
നുരഞ്ഞു പൊന്തുന്ന വിഷമത്തിന്റെ ചതിയുടെ അവിശ്വാസത്തിന്റെ പതയെ ചൂണ്ടുവിരലിട്ടിളക്കി ഒടുക്കി മുഴുവാനായി അണ്ണാക്കിലേക്കൊഴിച്ചു.
കൊതുകുകൾ പിന്നെയും പാറിക്കൊണ്ടിരുന്നു. വേദനയൊരുപാട് തിന്ന ആ ശരീരത്തെ കുത്തി നോവിക്കാനുള്ള മനസ്സില്ലാത്തതിനാകണം അവയൊന്നും പിന്നെ ആ ദേഹത്ത് പറന്നിറങ്ങിയില്ല.
മിടിക്കാത്ത ഹൃദയത്തിന്റെ താളം തേടിയെന്നോണം അയാളുടെ കൈ നെഞ്ചിനുമുകളിൽ വിശ്രമിച്ചു.
_____________,__,_,,,,__________
രമേഷ് കേശവത്ത്.

പ്രണയത്താൽ വധിക്കപ്പെട്ടവന്ന് പറയാനുണ്ടായിരുന്നത്.....


വിധിച്ചതും കൊതിച്ചതും രണ്ടെന്നായീടുകിൽ 
വിടചൊല്ലാതകലുമ്പോഴെന്തിന്നു നീരസം.
കാട്ടിലും മേട്ടിലും പാറിനടന്നോരു
രമണനായീടുകിലെന്തിന്നു പരിഹാസം.
വളർന്നങ്ങുവലുതായൊരെൻ പ്രേമഭൂമിക
മരീചികയാകുകിൽ പിന്നെന്ത് ചെയ്വേണം.
വാക്കേറ്റു കണ്ണിൽ മഴപൊഴിഞ്ഞീടവെ
തൂവാലത്തുമ്പില്ലേൽ എന്തിന്നു കരയേണം.
വേദനത്തിന്നങ്ങ് ചീർത്തു പോയീടുവാൻ
കാലമേറിനിയും താണ്ടണോ ചൊൽക നീ.
ലക്ഷ്യമേകമായീടുകിൽ അതുതന്റെ
മരണത്തിനപ്പുറം ജീവിതം വേണമോ?
ചുംബിച്ചോരധരത്തിൻ ചൂടാറും മുൻപേ
എന്തിനാണിന്നുനീ വിടചൊന്നകന്നത്.
കൊട്ടാരക്കെട്ടിന്റെ മാസ്മര ദീപ്തിയിൽ
രാജസുഖത്തിന്റെ പിൻപറ്റികഴിയാനോ.
സത്യമായുള്ളയെൻ സ്നേഹത്തിനപ്പുറം
കൊട്ടാരജീവിതമത്രമേൽ മധുരമോ?
വിടയെന്നമുള്ളിനാൽ മുറിവേറ്റൊരെന്നുള്ളം
വിടയെന്നുചൊല്ലിടാഞ്ഞുയിരെടുത്തീടട്ടേ
നിനക്കുതാങ്ങായിടാത്തൊരെൻ ദേഹമീ
പുഴയതുതാങ്ങട്ടേ പുഴയോടലിയട്ടേ....
_____________________________
രമേഷ് പെങ്ങാമുക്ക് ...

കള്ളൻ..


സുശീലൻ എന്നായിരുന്നു അവന്റെ പേര്. ഇൗ പട്ടണത്തിലെ അവന്റെ ആദ്യ ദൗത്യം ഇൗ വീടാണ്. സുശീലൻ രാത്രിയുടെ മനോഹരമായ നിലാവെളിച്ചത്തിൽ വീടിന്റെ മതിൽ എടുത്തു ചാടി.
നായ്ക്കൂടിന്റെ അടുത്തെത്തിയപ്പോൾ അവൻ ഒന്നുകൂടി പതുങ്ങി നോക്കി.
ഭാഗ്യം നല്ല ഉറക്കത്തിലാണ്. ചോറ് മുഴുവനും കഴിച്ചിട്ടില്ല എന്നിട്ടും ഇങ്ങനെ സുഖമായി ഉറങ്ങുന്നു. തനിക്ക് സാധിക്കില്ല. ഇപ്പോ തന്നെ വയറ് വിശന്ന് ചൂളം വിളിക്കുന്നു . സുശീലൻ ആത്മഗതം ചെയ്തു.
അവൻ നേരെ വീടിന്റെ പുറകുവശത്തെത്തി കൈയിലെ ചെറിയ ടോർച്ചുകൊണ്ട് അടുക്കളവാതിലിന്റെ സാക്ഷ നോക്കി . വാതിൽ ചാരിയിട്ടേ
ഉള്ളൂ ഇനി ഇവര് ഉറങ്ങിയിട്ടില്ലേ. അതോ പൂട്ടാൻ മറന്നതോ? പൂട്ടാൻ മറന്നതാണ്. ലൈറ്റൊന്നുമില്ല.
സുശീലൻ വാതിൽ പതിയേ തള്ളിത്തുറന്നു. ഉള്ളിലൂടെ നേരെ മുൻ വശത്തേയ്ക്ക് നടന്നു . ഉമ്മറവാതിലും തുറന്നിട്ടു. എന്തെങ്കിലും തകരാറ് പറ്റിയാൽ രക്ഷപ്പെടാൻ രണ്ടു വഴികളായി.
മുറിയിൽ ദമ്പതിമാർ ഉറക്കത്തിലാണ്. സുശീലൻ മുൻപ് ഫാർമസിയിൽ നിന്നും മോഷ്ടിച്ച ക്ലോറോഫോം കുപ്പിയിൽ നിന്നും അവസാന തുള്ളിയും ടൗവ്വലിലാക്കി അവരെ മണപ്പിച്ചു.
അപ്പോഴാണ് വിശപ്പിന്റെ കാഹളം വീണ്ടും അവന്റെ വയറ്റിൽ നിന്നും ഉയർന്നത്. സുശീലൻ വീണ്ടും അടുക്കളയിൽ കടന്നു. ഒന്നും ഇരിപ്പില്ല . അപ്പോഴാണ് നായക്ക് കൊടുക്കാനായി കുഴച്ച ചോറിന്റെ ബാക്കി മൂടിവച്ചിരിക്കുന്നത് കണ്ടത്. പിന്നൊന്നും നോക്കിയില്ല അസ്സലായി അതുമുഴുവനും കഴിച്ചു.
സാധനങ്ങൾ പലവിധം ചാക്കിൽ കയറ്റി അവസാനം മുറിയിലെ അലമാരി തുറക്കുമ്പോഴാണ് തന്റെ കണ്ണടഞ്ഞുപോകുന്നത് സുശീലന് ബോധ്യമായത്.
ചതിച്ചല്ലോ ഭഗവാനെ എന്നും പറഞ്ഞ് സുശീലൻ മയക്കത്തിലേക്ക് വീണു..
പിറ്റേന്ന് പുലർച്ചേ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് മോഹനൻ വീട്ടിലെത്തിയപ്പോൾ വീട് തുറന്നു കിടക്കുന്നു.
അകത്തെ മുറിയിൽ ഒരാൾ തന്റെ വീട്ടിന്നകത്തെ സാധനങ്ങൾ നിറച്ച ചാക്കിന്നടുത്തും. തന്റെ ഭാര്യയും അയലത്തെ ഗോവിന്ദനും ഒരു പുതപ്പിന്നടിയിലും ഉറങ്ങുന്നത് കണ്ട് ആ രാത്രിയുടെ കാവൽക്കാരൻ ഞെട്ടിത്തരിച്ചുപോയി.
മയക്കം വിട്ടുണർന്ന സു ശീലൻ കണ്ടത് മുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയാടുന്ന മോഹനന്റെ കാലുകളാണ്.
മൂന്നു ശവങ്ങളെ മുറിയിൽ ഉപേക്ഷിച്ച് സുശീലൻ ചാക്കുമായി പുറത്തേക്ക് നടന്നു.
നടത്തത്തിനിടയിൽ പോക്കറ്റിലെ കടലാസ്സ് അവന്റെ ശ്രദ്ധ ക്ഷണിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു..
" പ്രിയപ്പെട്ട കള്ളാ നിനക്ക് നന്ദി
. എന്ന് സ്നേഹത്തോടെ മോഹനൻ "
______________________________
രമേഷ് കേശവത്ത്..

സ്നേഹം വെറും ബന്ധം മാത്രമാണ്.


സ്നേഹം വെറും ബന്ധം മാത്രമാണ്...
M മുകുന്ദൻ (ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ)
======================================================
ചപ്രത്തലമുടി മാടിയൊതിക്കിയന്നൊ-
റ്റയ്ക്കു ഞാനെന്റെ വീട്ടിലെത്തി
ഭിക്ഷ ചോദിപ്പുണ്ട് മാന്യനെന്നപ്പോൾ പുച്ഛിച്ചെറിഞ്ഞൊരാളൊറ്റരൂപ
കഷ്ടമിതയ്യോ കാഴ്ചകണ്ടെന്നുടെ
ഹൃത്തടം പൊട്ടിക്കരഞ്ഞിടുന്നു
കൊച്ചുനാളിൽ കളിക്കൂട്ടരുമൊന്നിച്ചു
ഗുസ്തി പിടിച്ചൊരു മുറ്റമിന്നോ
ഒറ്റരൂപത്തുട്ടു കെട്ടിപ്പിടിച്ചങ്ങു
കണ്ണുമറയ്ക്കുന്നു ലോകരേപ്പോൽ
പിന്തിരിഞ്ഞോരു മിഴിയറുത്തിട്ടങ്ങ്
ചെമ്മെ നടന്നങ്ങകന്നു ഞാനും.
കൃഷ്ണ കൃഷ്ണാന്നുള്ള മേൽവിളി
പൊള്ളിച്ച്
അർക്കനെങ്ങോട്ടോ പിരിഞ്ഞു പോയി
അന്ധകാരക്കുളിർ കണ്ണിനെ ചുംബിച്ച്
വിസ്തൃതമായൊരു കാഴ്ച നല്കി
ഒപ്പം നടക്കുന്ന കൊച്ചു നിഴലപ്പോൾ
പിന്തിരിഞ്ഞെങ്ങോട്ടോ യാത്രപോയി
ആഴിയേപ്പോലെൻ ഉള്ളമപ്പോഴോ ആർത്തലച്ചോടീട്ടു ശാന്തമായി
ചിന്തകൾപൊയ്പ്പോയി ,ചുംബനം തീണ്ടിടാ
ചുണ്ടുകൾ പൂട്ടി ചിരി മറന്നു
നിശ്ചലമാകുന്ന നേരവും പാർത്തങ്ങ്
കൊച്ചിളം കാറ്റെനോടൊപ്പമായി
ജന്മസാക്ഷാത്കാര യാത്രകൾ പിന്നെയു-
മിന്നും ഞാനോ തുടർന്നിടുന്നു .
_______________________
രമേഷ് കേശവത്ത്...

ഒരു ഭയങ്കര പ്രേമലേഖനം.


പ്രിയതേ,
മഴവില്ലഴകായ സപ്തവർണ്ണങ്ങളൊളിപ്പിച്ച നിന്റെ പാതിതുറന്ന മിഴിക്കുത്തേറ്റിട്ടാണ് നോവുതിന്നുന്ന ഏകാകിയായ എന്റെ നെഞ്ചകം ഹർഷോന്മാദത്തിലായത്.
ഒറ്റനക്ഷത്രത്തേ നോക്കി ടെറസ്സിന്റെ ചൂടിൽ മലർന്നു കിടന്നാണ് ഞാനിതെഴുതുന്നത്. അപ്പോൾ നീ ചോദിക്കും വട്ടാണോ എന്ന്.
അതേ വട്ടാണ് ,നിന്റെ കൺകോണുകളിൽ ഒളിക്കാൻ വെമ്പുന്ന പ്രണോയോന്മാദം.
കിഴക്കേ കോണിലുള്ള ഒറ്റനക്ഷത്രമായി ഞാനുദിച്ചു നില്കുന്നത് നീ കാണുന്നുണ്ടാകുമോ എന്നറിയാനുള്ള വട്ട്.
ഇനി പറയാനുള്ളത്
ഗൂഢസ്മിതം തൂവുന്ന നിന്റെ നുണക്കുഴിയിൽ ഒളിച്ചിരിക്കാൻ വെമ്പുന്ന ലോല മനസ്സിന്റെ ഭ്രമകല്പനകളാണ് നീ കേൾക്കുന്നുണ്ടാകുമോ പ്രണയാക്ഷരങ്ങൾ പാടി പറന്നു പോകുന്ന കാറ്റിന്റെ കിലുക്കം ഇവിടെ ഞാൻ കേൾക്കുന്നുണ്ട് ശ്രദ്ധിച്ചു നോക്കിയാൽ നിനക്കും കേൾക്കാം. കാറ്റിന്റെ പ്രണയ സങ്കീർത്തനങ്ങൾ നിലാവെളിച്ചത്തിന്റെ സൌന്ദരത്തിൽ ഇളകിയാടുന്ന ഇലകളാണ് എന്നോട് പറഞ്ഞു തന്നത് കാറ്റ് പ്രണയം പാടി നടക്കുകയാണെന്ന് .
നാളത്തെ പ്രഭാതത്തിന്റെ ഇളം ചൂടിൽ കൊക്കുരുമ്മിയിരിക്കുന്ന ഇരട്ടമൈനകളുടെ സാന്നിധ്യത്തിൽ ഞാൻ എന്റെ പ്രണയം പറയട്ടേ നീ എറ്റെടുക്കുമോ നിന്നിലെ എന്നെ?
എന്ന് നിന്റേതു മാത്രമായ ഞാൻ ...
_______________________
രമേഷ് കേശവത്ത്....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo