കളകളമൊഴുകുമൊരരുവിയിലേതോ
തളിരിലയിളകുമ്പോൾ
അവിരചിതകാവ്യശീലുകളെന്നിൽ
തുടിയതുകൊട്ടുന്നു
പുലരിപ്പൂവിൻപൊൻവെട്ടത്തിൽ
പുഴയവൾ മിന്നീടെ
മിന്നാമിന്നിക്കൂട്ടം പാറിയെന്നുടെ ഹൃദയത്തിൽ
തരളിതമായൊരുമനവും പേറി
കവിതരചിക്കാനായ്
കാറ്റോളങ്ങൾ താളം കൊട്ടും
തണലിലിരുന്നീടെ
പുതുമഴപെയ്തു പുതുമൺമണവും
പുതുകുളിരെത്തിപ്പോയ്
മയൂരനടനം മാരുതനാദം അടവിയുണർന്നേപോയ്
ആകാശത്തിൻ ദുന്ദുഭിനാദം കർണ്ണം ചുംബിക്കേ
വ്രീളാവിവശയായൊഴുകും പുഴയതിൻ
നാട്യമറിഞ്ഞു ഞാൻ.
പണ്ടൊരുപകലോനുണരുന്നേരം നിന്നവൾതന്നരികിൽ
കണ്ണീരുപ്പിൻ നേരും ചുടുചെങ്കനലുള്ളവുമായ്
മുക്തികൊടുക്കാൻ എള്ളും പൂവും ഒരുപിടിയന്നവുമായ്
നുരചേർത്തൊഴുകും ചെന്നദിയാകും നിന്നുടെ സവിധത്തിൽ
പാതിയൊഴിഞ്ഞതിൻ ഭാരം അവളിൽ
ചേർന്നുകുതിർന്നീടെ
ഏകാശ്വാസമതാകും കുഞ്ഞിനെ
കൊണ്ടേ പാഞ്ഞൂ നീ.
അന്നുമുതല്ക്കായൊറ്റത്തുണിയുമായ്
തേടി നടപ്പൂ ഞാൻ
മോക്ഷമതേകും നിന്നുടെ ക്രുദ്ധതയോർത്തു നടപ്പൂ ഞാൻ.
പുണ്യമായെത്തി നിൻ തിരുനടയിൽ
പുലർമഴകാലത്തായി.
മലയും പിഴുതോണ്ടോടി വരുന്നിവളെന്നേ പുണരനായ്
നിർമ്മലചിത്തനായ് നിർവൃതിയോടിന്നവളിൽ ചേരട്ടേ
എഴുതാകവിതതൻ ശീലുകളെന്നിൽ
തണുവതു ചേർക്കട്ടേ
___________________________
രമേഷ് കേശവത്ത്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക