നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യൻ ആയിരുന്നു അബു . രാത്രി സമയങ്ങളിൽ വരെ അവന്റെ സേവനം ജനങ്ങൾക് അത്യാവശ്യമായിരുന്നു . അത് കൊണ്ട് തന്നെ പെട്ടെന്ന് പണി തീർത്ത് അടുത്ത പണി സ്ഥലത്തേക്ക് കുത്തിക്കുക അവന്റെ പതിവായിരുന്നു .
ഒരു ദിവസം അബു ബീരാനിക്കയുടെ വീട്ടിൽ പണിക്കു പോയി . ചുമര് തുളച്ചു വൈദ്യതിക്ക് വേണ്ട കേബിളുകൾ ഇടുന്ന തിരക്കിലായിരുന്നു അബു . പഴയ ഒരു വീടാണ് . എല്ലാം തയ്യാറായാൽ മാത്രമേ അവർക്ക് വൈദ്യുതിക്ക് അപേക്ഷിക്കാൻ കഴിയുകയുള്ളു . വീടിന്റെ ഭിത്തി മൺകട്ടകൾ കൊണ്ട് കെട്ടിയതും , മണ്ണ് കൊണ്ട് തന്നെ തേച്ചു മിനുക്കിയതുമായിരുന്നു .
കേബിൾ ഇടേണ്ട വഴികളിലൂടെ ചാല് കീറി മുന്നേറുമ്പോൾ ചുമരിന്റെ ഒരു വലിയ ഭാഗം അടർന്നു വീണു . കേബിൾ ഇട്ട ശേഷം അതിനു മുകളിൽ മണ്ണ് കൊണ്ട് തന്നെ തേച്ചു കൊടുക്കുന്ന അബുവിനു അത്രയും ഭാഗം അടർന്നു വീണത് ശരിപ്പെടുത്താൻ വേണ്ട സമയവും ക്ഷമയുമില്ല . അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു .. ആരുമില്ല ...ഇത് തന്നെ തക്കം .. അബു പറമ്പിലെ മാവിന് താഴെ കണ്ട ഒരു മാങ്ങയണ്ടി എടുത്തു. അടർന്നു വീണ ഭാഗം മാങ്ങയണ്ടി വെച്ച് മണ്ണും ചേർത്ത് അടച്ചു വെച്ചു പണി പൂർത്തിയാക്കി മടങ്ങി ..
മാസങ്ങൾ കഴിഞ്ഞു ... ബീരാനിക്കയുടെ വീട്ടിലൊരു ആൾ കൂട്ടം .... ബീരാനിക്കാക്ക് എന്തോ അത്ഭുത സിദ്ധി ലഭിച്ചത്രേ .. ബീരാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആൾ ഇപ്പോൾ അറിയപ്പെടുന്നത് ബീരാൻ പാപ്പാ എന്ന പേരിലാണ് .. അനുഗ്രഹങ്ങൾ തേടി നൂറു കണക്കിന് ഭക്ത ജനങ്ങൾ ഒഴുകിയെത്തുന്ന തിരുസന്നിധിയിൽ സമ്പാദ്യങ്ങൾ കുമിഞ്ഞു കൂടി ....
**********************
അബു ഇപ്പോൾ അല്പം ക്ഷീണത്തിലാണ് . അവൻ പണി പഠിപ്പിച്ച പുതിയ കുട്ടികൾ സ്വതന്ത്രരായി പണി ചെയ്യാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് അവരെ മതി . അതോടെ പഴഞ്ചനായ അബുവിനു പണികൾ കുറഞ്ഞു . ബീരാൻ പാപ്പയെ ചെന്ന് കണ്ടു തന്റെ വിഷമം അറിയിച്ചു പരിഹാരം തേടാൻ അബു തീരുമാനിച്ചു .
അവൻ ബീരാൻ പപ്പയുടെ സന്നിധിയിലെത്തി . ഭയങ്കര തിരക്ക് .. ടോക്കൺ എടുത്ത് ക്ഷമയോടെ കാത്തിരിക്കുന്ന ഭക്തരുടെ അടുക്കൽ അവനും സ്ഥാനം പിടിച്ചു .
അന്യ ദേശങ്ങളിൽ നിന്നും പുതുതായി ദിവ്യനായ ബീരാൻ പാപ്പയെ കാണാൻ വന്ന ഒരാൾ തന്റെ സംശയം മറ്റൊരു ചോദിക്കുന്നത് അബു ശ്രദ്ധിച്ചു .
'' ഈ പാപ്പന്റെ അടുത്ത് വന്നാൽ പ്രശ്നങ്ങളൊക്കെ തീരോ ? ''
'' പിന്നല്ലാതെ .. മൂപ്പരുടെ പവർ എന്താന്നാ വിചാരം .. ഇപ്പൊ എല്ലാ ഉത്ഘാടനവും മൂപ്പരാണ് ചെയ്യണത് .. ഒരീസം മൂപ്പര് പ്രാർത്ഥിച്ചപ്പോ അയിന്റെ ശക്തിയോണ്ട് മൂപ്പരുടെ ചുമരിമ്മന്ന് മാവ് മുളച്ച് .. ധാ കണ്ടോ ? '' ബീരാൻ പാപ്പയുടെ ഭകതരിൽ ഒരാൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അബുവും നോക്കി ...
'' ഹേ .. ഇതന്ന് മാങ്ങാ അണ്ടി വെച്ചു ഞാൻ അടച്ച ചുമ്മാരല്ലേ ... ആ അണ്ടിയല്ലേ മുളച്ച് മാവായിരിക്കുന്നത് ..... അതിപ്പോ ബീരാൻ പാപ്പയുടെ അല്ല ബീരാന്റെ ദിവ്യത്വം ആയോ ?..
അബു തിരിച്ചു നടക്കുമ്പോൾ ആ പറമ്പിലെ മാവിൽ കൊമ്പിൽ നിന്നും ഒരു കാക്ക കണ്ണിറുക്കി കാണിക്കുന്നുണ്ടായിരുന്നു .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക