രാത്രി രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഫ്ലാസ്ക്കില്‍ നിന്നു കാപ്പി പകര്‍ന്നു കുടിച്ച ശേഷം ലോപ്പസ് ലാപ്ടോപ്പ് അടച്ചു മുറിയുടെ പുറത്തിറങ്ങി.വിശാലമായ റീഡിഗ് റൂമില്‍ ഷെല്‍ഫുകളില്‍ നിര നിരയായി ഇരിക്കുന്ന പുസ്തകങ്ങള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങുന്നത് നോക്കി തണുത്തിരുന്നു.
സ്വീകരണ മുറിയുടെ വാതില്‍ തുറന്നു അയാള്‍ പുറത്തിറങ്ങി.പുറത്തെ ലൈറ്റ് ഇട്ടു.മാര്‍ഗരറ്റ് വളര്‍ത്തുന്ന ആന്തൂറിയം ചെടികള്‍ നിര നിരയായി പൂവിട്ടു നില്ക്കുന്നതിലേക്ക് വെളിച്ചം വീണു. ഗേറ്റിന്റെ തൂണുകളിലെ റാന്തല്‍ വിളക്കുകള്‍ കഠിനമായ ആലോചനയില്‍ നിന്നു പെട്ടെന്നു ഉണര്‍ന്നത് പോലെ മിന്നി പ്രകാശിച്ചു.
“കിടക്കുന്നില്ലേ...?”
കിടപ്പ് മുറിയില്‍ നിന്നു ഉറക്കച്ചടവില്‍ മാര്‍ഗരറ്റിന്റെ ചോദ്യം.
“അല്പം കൂടി എഴുതാനുണ്ട്..യൂ സ്ലീപ് ഡിയര്‍..”
വെള്ളി പോലെ നരച്ച താടിമീശയില്‍ തലോടിക്കൊണ്ട് ലോപ്പസ് അകത്തേക്ക് നോക്കി പറഞ്ഞു.
“നാളെ, കല്യാണത്തിന് പോകണ്ടെ.. കൂത്താട്ടുകുളം വരെ വണ്ടി ഓടിക്കണ്ടതാ..വന്നു കിടക്ക് താടിക്കാരാ..വയസ്സു കാലമാ.ഓര്‍മ്മ വേണം...ഫെയ്സ്ബുക്കും നോക്കി ഇരുന്നോ..”
അകത്തു നിന്നു മാര്‍ഗരറ്റിന്റെ ശബ്ദം വീണ്ടും.താടിക്കാരന്‍ എന്നത് വീട്ടുപേര്‍ മാത്രമല്ല ലോപ്പസിന്റെ വെളുത്ത താടി കൊണ്ട് കൂടിയാണ് റിട്ടയര്‍ ചെയ്തതിന് ശേഷം മാര്‍ഗരറ്റ് അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്.
.
ലോപ്പസ് അപ്പോഴും ആലോചനയിലാണ്.മഗ്ഗില്‍ നിന്നു ഒരു കവിള്‍ കാപ്പി കുടിച്ചപ്പോള്‍ അല്പം ഉന്മേഷം.
.
ലോപ്പസ് അപ്പോഴും ആലോചനയിലാണ്.മഗ്ഗില്‍ നിന്നു ഒരു കവിള്‍ കാപ്പി കുടിച്ചപ്പോള്‍ അല്പം ഉന്മേഷം.
ലോപ്പസ് ഗവ.കോളേജില്‍ നിന്നും അഞ്ചു കൊല്ലം മുന്പ് റിട്ടയര്‍ ചെയ്തു.മലയാളം ഭാഷ പ്രഫസര്‍ ആയിരുന്നു.ഭാര്യ മാര്‍ഗരറ്റ് വീട്ടമ്മയാണ്..മകള്‍ ന്യൂസിലണ്ടില്‍.മകന്‍ അമേരിക്കയില്‍.രണ്ടു മക്കളും വിവാഹം കഴിച്ചു കുട്ടികളുമായി.പേരക്കുട്ടികളും മുതിര്‍ന്നു തുടങ്ങിയിരിക്കുന്നു.
ലോപ്പസിന്റെ മനസ്സിലേക്ക് ‘പ്രണയനിലാമഴ’യുടെ സന്ദേശം ഓടി വന്നു.പ്രണയമഴ പറഞ്ഞത് പോലെ ഒന്നു ട്രൈ ചെയ്താലോ.?
റിട്ടയര്‍ ചെയ്തതിന് ശേഷം സമയം പോകാനായി ലോപ്പസ് ഫെയ്സ്ബുക്കില്‍ ആക്ടീവായി.റിട്ടയര്‍ ചെയ്ത പലരും അതില്‍ ആക്ടീവാണ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘ലോപ്പസ് താടിക്കാരന്‍ ‘ എന്ന അക്കൌണ്ട് ഉപയോഗിച്ച് അദ്ദേഹം എഴുത്ത് തുടങ്ങി.മലയാള ഭാഷയുടെ വ്യാകരണം ആയിരുന്നു അദേഹത്തിന്റെ ഇഷ്ട വിഷയം.താന്‍ കൂടി അംഗമായ ഗ്രൂപ്പുകളിലെ തെറ്റുകള്‍ തിരുത്തി കൊടുക്കുക,വൃത്ത ഭംഗിയില്‍ വളരെ ആലോചിച്ചു ചില കവിതകള്‍ ,പിന്നെ പഠിപ്പിച്ച കാലഘട്ടത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ,അങ്ങനെ..ഇഷ്ടം പോലെ വിഷയങ്ങള്‍....
പക്ഷേ ..ഇഷ്ടങ്ങള്‍ കുറവാണ്.
അതേ.ലൈക്കുകള്‍.
ഇഷ്ടം എന്ന മനോഹരമായ വാക്കിനെ മലയാളി വികാരമില്ലാത്ത’ ലൈക്ക് ‘എന്ന പദ പ്രയോഗത്തിലേക്ക് തരം താഴ്ത്തിയിരിക്കുന്നു.
ഫെയ്സ്ബുക്കിലെ ഒരു ഫെയിക്ക് സുഹൃത്തു ‘പ്രണയനിലാമഴ’യാണ് പറഞ്ഞത്.ഒരു വനിതാ ഫെയ്ക്ക് അക്കൌണ്ട് തുടങ്ങുക.രചനകള്‍ അതില്‍ പോസ്റ്റ് ചെയ്യുക.ലൈക്കുകള്‍ കണ്ടു ആനന്ദിക്കാം..
ലോപ്പസിന്റെ കണ്ണുകള്‍ മാര്‍ഗരറ്റിന്റെ ആന്തൂറിയം പുഷ്പങ്ങളെ ഉഴിഞ്ഞു വീണ്ടും മതിലിലെ റാന്തല്‍ വിളക്കുകളില്‍ എത്തി.ഒരു ചിന്ത മിന്നല്‍ പോലെ ലോപ്പസിന്റെ ഉള്ളില്‍ തെളിഞ്ഞു.
അതിന്റെ ആവേശത്തില്‍ അദ്ദേഹം ബാക്കി കാപ്പി ഒറ്റ വലിക്ക് കുടിച്ചു തീര്ത്തു .കിടപ്പ് മുറിയിലേക്ക് മടങ്ങി.
പിറ്റേന്ന് കൂത്താട്ടുകുളത്ത് ബന്ധുവിന്റെ കല്യാണം കൂടവേ അച്ചന്‍ ദിവ്യബലിക്കിടയില്‍ ചൊല്ലുന്ന വചനങ്ങള്‍ രണ്ടു പേരും ഒരുമിച്ച് നിന്നു കേള്ക്കു കയാണ്...
“വിവാഹത്തോടെ സ്ത്രീയും പുരുഷനും രണ്ടല്ല ഒരു ശരീരമാണ്..”
“ ഇത് ത്തന്നെയാണ് ഇന്നലെ ഞാന്‍ ചിന്തിച്ച വഴി...എനിക്കു മാത്രം അക്കൌണ്ട് പോരാ..നീയും തുടങ്ങണം ഒരു അക്കൌണ്ട്...അതിനു ശേഷം ഞാന്‍ അത് ഉപയോഗിക്കുന്നു..നമ്മുടെ അക്കൌണ്ടുകള്‍ ഒന്നാകുന്നു..”.ലോപ്പസ് പറഞ്ഞു.
“താടിക്കാരാ,ഈ വട്ടു കുറച്ചു കൂടുന്നുണ്ട് കേട്ടോ..”മാര്‍ഗരറ്റ് ആരും കേള്‍ക്കാതെ ലോപ്പസിന്റെ ചെവിയില്‍ പറഞ്ഞു.
“അച്ചന്‍ പറഞ്ഞത് ഗണിത ഭാഷയില്‍ പറഞ്ഞാല്‍ ”മാര്‍ഗരറ്റ് സമം ലോപ്പസ്..”ചിരിയോടെ ലോപ്പസ് പറഞ്ഞു.
അന്ന് തിരികെ വന്നയുടന്‍ ലോപ്പസ്”മാര്‍ഗരറ്റിന് വേണ്ടി ഒരു ഫെയ്സ്ബുക്ക് അക്കൌണ്ട് തുറന്നു.ഫോട്ടോ ഒന്നും ഇടാന്‍ മാര്‍ഗരറ്റ് സമ്മതിച്ചില്ല.പകരം ഒരു ആന്തൂറിയം പുഷ്പം പ്രൊഫൈല്‍ പിക്ചറായി പൂത്തു നിന്നു.
ഒരു പോപ്പുലര്‍ ഗ്രൂപ്പില്‍ അംഗമായി.ഒരു ചെറു കവിത ആദ്യം പോസ്റ്റ് ചെയ്തു.ഇഷ്ടങ്ങള്‍ പെരുമഴ പോലെ വന്നു.കമന്റുകളും...കവിതയുടെ വൃത്ത ഭംഗി കണ്ടു കരഞ്ഞവര്‍ വരെയുണ്ട്..
മാര്‍ഗരറ്റിനെ ലോപ്പസ് ഇഷ്ടങ്ങള്‍ കാണിച്ചു കൊടുത്തു.വലിയ താത്പര്യം പ്രകടിപ്പികാതെ ആന്തൂറിയം ചെടികള്‍ നനയ്ക്കുന്ന ജോലിയിലേക്ക് ”മാര്‍ഗരറ്റ് മടങ്ങി.കാരണം ലോപ്പസിന് മനസ്സിലായി.
പണ്ട് ,”മാര്‍ഗരറ്റ് കവിതകള്‍ എഴുതുമായിരുന്നു.കോളേജില്‍ വച്ച് സമ്മാനം ഒക്കെ കിട്ടിയിട്ടുണ്ടത്രേ..
പക്ഷേ വൃത്ത ഭംഗി പോരാ...ചവര്‍ എന്നൊക്കെ പറഞ്ഞു ലോപ്പസ്, ഭാര്യയുടെ എഴുത്തിന്റെ ആന്തൂറിയം മൊട്ടുകള്‍ കല്യാണ ശേഷം നുള്ളി കളഞ്ഞു...
അസൂയ ആണോ എന്നു ചോദിച്ചാല്‍..
ഒരു നോട്ട് ബുക്കില്‍ എവിടയോ കുറിച്ചു വച്ചിരുന്ന കവിതകള്‍ ...ആ ബുക്ക് ലോപ്പസിന്റെ കയ്യില്‍ ഉണ്ട്..പേരക്കുട്ടി ഇടക്ക് വരുമ്പോള്‍ അത് വായിച്ചു നോക്കാറുണ്ട്..
അന്ന് പ്രണയനിലാമഴ ഓണ്‍ലൈനില്‍ വന്നപ്പോള്‍ മാര്‍ഗരറ്റിന്റെ പേരില്‍ ഫെയ്സ്ബുക്ക് അക്കൌണ്ട് തുടങ്ങിയ കാര്യം ലോപ്പസ് പറഞ്ഞു.
“”മാര്‍ഗരറ്റ് തന്നെ അത് തുറന്നു നോക്കുമോ...”പ്രണയ മഴ ചോദിച്ചു.
“വേണമെങ്കില്‍ നോക്കാം..അവളുടെ ബര്‍ത്ത്ഡേയാ എളുപ്പത്തിന് പാസ് വേര്‍ഡ് ആയി വച്ചിരിക്കുന്നെ..പിന്നെ അവള്‍ടെ മെയില്‍ ഐ.ഡി കലണ്ടറില്‍ കുറിച്ചിട്ടുണ്ട്...പക്ഷേ ഇന്റനര്‍നെറ്റില്‍ കേറാന്‍ ഒന്നും അവള്ക്ക് വല്യ പിടിയില്ല..”
”മാര്‍ഗരറ്റിന്റെ പേരില്‍ പോസ്റ്റ് ചെയ്യുന്ന കവിതകള്ക്ക് ധാരാളം ലൈക്കുകള്‍ കിട്ടി തുടങ്ങി.ഇടക്ക് മുറിയില്‍ കയറി വന്ന ”മാര്‍ഗരറ്റ് തുറന്നു വച്ച ലാപ്ടോപ്പില്‍ തന്റെ് ആന്തൂറിയം പുഷ്പത്തിന് കിട്ടിയ ഇഷ്ടങ്ങള്‍ കണ്ടു ഞെട്ടി.
ഉള്ളില്‍ എവിടെയോ പഴയ അസൂയ ലോപ്പസില്‍ നുര കുത്തി.
അയാള്‍ ഒരു കവിത തന്റെ അക്കൌണ്ടില്‍ നിന്നു പോസ്റ്റ് ചെയ്തു.
അതിനു പിറ്റെന്നു മുതല്‍ നല്ല ജലദോഷവും പനിയും.കമ്പ്യൂട്ടര്‍ തൊട്ടില്ല.
പനി ഒട്ടൊന്ന് കുറഞ്ഞപ്പോള്‍ ലോപ്പസ് ലാപ്ടോപ്പ് തുറന്നു.
തന്റെ കവിത ആരും തിരിഞു നോക്കിയിട്ടില്ല...
തന്റെ കവിത ആരും തിരിഞു നോക്കിയിട്ടില്ല...
പക്ഷേ അതേ കവിത ”മാര്‍ഗരറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നു...പത്തു നൂറു ലൈക്കും കുറെ കമന്റുകളും..അത്ര മനോഹരമായ കവിതയായിരുന്നൂ അത്..
.
ഉച്ചക്ക് ബെഡ്റൂമില്‍ കഞ്ഞിയുമായി മാര്ഗ്രറ്റ് വന്നപ്പോള്‍ ലോപ്പസ് തിരിഞു കിടന്നു.
.
ഉച്ചക്ക് ബെഡ്റൂമില്‍ കഞ്ഞിയുമായി മാര്ഗ്രറ്റ് വന്നപ്പോള്‍ ലോപ്പസ് തിരിഞു കിടന്നു.
ദുഷ്ട.ദേഷ്യം നുര കുത്തുകയാണ്.അവള്ക്ക് ഒന്നു പറയാമായിരുന്നു.
മാര്‍ഗരറ്റ് പോയതിന് ശേഷം വീണ്ടും നെറ്റ് ഓണ്‍ ചെയ്തു.’പ്രണയ മഴ’ ഓണ്‍ ലൈനില്‍ ഉണ്ട്.
ലോപ്പസ് പ്രണയ മഴയുടെ മുന്നില്‍ മനസ്സ് തുറന്നു.
“അത് താങ്കളുടെ കവിത ആയിരുന്നോ...ശൈലി നല്ല വ്യത്യാസം തോന്നി...എന്തായാലും മനോഹരമായ കവിത...”
ലോപ്പസിന്റെ മറുപടിയില്ല.
“അത് ശരിക്കും എന്റെ കവിതയല്ല...ആ കവിത അവളുടെ പഴയ നോട്ട് ബുക്കില്‍ നിന്നു ഞാന്‍ പകര്‍ത്തി എന്റെതതാക്കി പോസ്റ്റ് ചെയ്തതാണ്...”അല്പം കഴിഞ്ഞു ലോപ്പസ് പറഞ്ഞു.കുറ്റസമ്മതം.
“പിന്നെ എന്തിനാ ആ പാവത്തിനെ കുറ്റപ്പെടുത്തുന്നേ..ഒത്തിരി ലൈക്കും ഒക്കെ കാണുമ്പോള്‍ പണ്ടത്തെ ഒരു രചന ഒന്നു വെളിച്ചം കാണിക്കാന്‍ പാവത്തിന് തോന്നിക്കാണും...ഇനിയും അവരുടെ കവിതകള്‍ താങ്കള്‍ തന്നെ അവരുടെ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യണം..എഴുത്തിലേക്ക് അവര്‍ തിരിച്ചു വരുന്നെങ്കില്‍ നല്ലതല്ലേ..ഈ വിശ്രമ കാലം അല്പം രസകരമാക്കാമല്ലോ..”
“ശരിയാണ്..എന്റെി ഭാഗത്താണ് തെറ്റ്...”ലോപ്പസ് പറഞ്ഞു.തന്നെക്കാള് പ്രായക്കുറവുള്ള ഒരു ഫെയ്ക്ക് അക്കൌണ്ട് വേണ്ടി വന്നല്ലോ തന്നെ ഒന്നു ഉപദേശിക്കാന്‍...
“ഇനി ഇതൊന്നും പുള്ളിക്കാരിയോട് ചോദിക്കാന്‍ നിക്കണ്ട..മാര്‍ഗരറ്റിന്റെ അടുത്ത കവിത കൂടി താടിക്കാരന്‍ പോസ്റ്റ് ചെയ്യുന്നു..ഓക്കെ?
“ഓക്കെ.!
ലോപ്പസ് ലാപ്ടോപ്പ് മടക്കി വച്ച് പുറത്തിറങ്ങി.
പുറത്തെ ആന്തൂറിയം ചെടികള്‍ ഒന്നു രണ്ടെണ്ണം അല്പം വാടിയിരിക്കുന്നു.അയാള്‍ ഹോസ് എടുത്തു സ്നേഹത്തോടെ അവ വെള്ളം ഒഴിച്ചു നനച്ചു.അത് കണ്ടു വന്ന ”മാര്‍ഗരറ്റ് അമ്പരന്നു.ആദ്യമായാണ് ഭര്‍ത്താവ് തന്റെ ചെടികളെ സ്നേഹത്തോടെ പരിചരിക്കുന്നത്.
അവര്‍ പരസ്പരം കുറെ നേരം നോക്കി നിന്നു പിന്നെ അറിയാതെ ഒന്നു പൊട്ടിച്ചിരിച്ചു.
അപ്പോള്‍ ദൂരെ മലകളും കടലും ഒക്കെ കടന്നു ന്യൂസിലണ്ടിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നു ‘പ്രണയനിലാമഴ’ലോഗ് ഔട്ട് ചെയ്തു.
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക