നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങനെയും ചിലർ (ചെറുകഥ)


ഏറെ കാലങ്ങൾക്ക് ശേഷമാണ് പവിത്രൻമാഷ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് തളർന്ന് കിടക്കുന്ന ഭാര്യയെ പരിചരിക്കുന്നത് മാഷ് തനിച്ചാണ്. ടീച്ചറെ സഹോദരിയെ ഏല്പ്പിച്ച് അത്യാവശ്യകാര്യങ്ങൾക്ക് മാത്രം മാഷ് പുറത്തിറങ്ങും. അതും വളരെ അപൂർവ്വമായി മാത്രം.
മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു മാഷിന്റെ ദിനചര്യകൾ ആകെ മാറീട്ട്. വായനശാലയിലും ആലിൻ ചുവട്ടിലെ സൗഹൃദങ്ങൾക്കിടയിലും മാഷ് ഉണ്ടാവാറില്ല. മുഴുവൻ സമയവും വീട്ടിൽ തന്നെ ടീച്ചറുടെ അടുത്ത്....
ബന്ധുക്കളും സുഹൃത്തുക്കളും പലവട്ടം പറഞ്ഞതാണ് ടീച്ചറെ നോക്കാൻ ഒരു ഹോം നഴ്സിനെ വെക്കാൻ. മാഷുകൂട്ടാക്കിയില്ല. വേണ്ടാന്നുതന്നെ ഉറപ്പിച്ചു പറഞ്ഞു. ഹോം നഴ്സിനുകൊടുക്കാൻ പണം ഇല്ലാഞ്ഞിട്ടല്ല.
'' എനിക്കിന്നവളെ നോക്കാൻ ആരോഗ്യമുണ്ട് എന്നെക്കാൾ നന്നായി അവളെ നോക്കാൻ ഒരു ഹോം നഴ്സിനു കഴിയുമെന്ന് ഞാൻ കരുതുന്നുമില്ല''....
അതെ സത്യമാണ്.... ഒരാൾക്കും അതിനെക്കാൾ നന്നായി പരിചരിക്കാൻ കഴിയില്ല. കണ്ണിലെ കൃഷ്ണമണിപ്പോലെ എന്നൊക്കെ നമ്മൾ പറയാറില്ലേ.... അതുതന്നെ....
മാഷിനും ടീച്ചർക്കും ഒറ്റമകനാ വിഷ്ണു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിഷ്ണു ജനിച്ചത് . അതിനുവേണ്ടി ടീച്ചർ വിളിക്കാത്ത ദൈവങ്ങളില്ല..... നേരാത്ത വഴിപാടുകളില്ല.
പക്ഷേ മാഷ് അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. നിരീശ്വര വാദി.... മഷിനെ ഒരു അബലത്തിന്റെ മുന്നിലും തൊഴുതുനിൽക്കുന്നത് കണ്ടിട്ടില്ല.... അവർ എങ്ങനെ പ്രണയിച്ചു വിവാഹം കഴിച്ചു എന്നത് ഇപ്പോഴു അത്ഭുതമാണ്....
വിഷ്ണു പഠിക്കാൻ മിടുക്കനായിരുന്നു. നാടകം, സംഗീതം, എഴുത്ത് എന്നുവേണ്ട അവന് കൈവെക്കാത്ത മേഖലകൾ വിരളമായിരുന്നു. അധ്യാപകരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി വായന ശലയുടെയും ക്ലബ്ബിന്റെ അമരക്കാരൻ... പഠിക്കാൻ മുന്നിലായതുകൊണ്ട് ജോലിയുംപ്പെട്ടന്നു കിട്ടി.
അവന് ലീവിനു വീട്ടിൽ വന്നാൽ കൂട്ടുകാരെയും പരിചയക്കാരെയും കൊണ്ട് വീട് നിറയും. അപ്പോഴാ ആ വീടിനൊരനക്കം വരുന്നേ.....
ആ സന്തോഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു ചില്ലുകൊട്ടാരം പോലെ എല്ലാം തകർന്നടിയാൻ ധാരാളം സമയമൊന്നും വേണ്ടിവന്നില്ല.
ടീച്ചർക്ക് തിടുക്കമായിരുന്നു. വിഷ്ണുവിനെകൊണ്ട് ഒരു വിവാഹം കഴിപ്പിക്കാൻ അതിനുള്ള അലോചനകൾ വീട്ടിൽ തകൃതിയായി നടക്കുകയും ചെയ്തു.
പക്ഷെ അവൻ വിവാഹത്തോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല...
'' 26 വയസല്ലേ ആയുള്ളൂ അച്ഛാ..... ഒരു 29 എങ്കിലും ആവട്ടെ എന്നിട്ടുമതി......''
എന്നായിരുന്നു അവന്റെ അഭിപ്രായം. എന്നാ അങ്ങനെ ആവട്ടെന്ന് മാഷും കരുതി.
ആ ഇടയിക്കാണ് മാഷിനു പരിചയമുള്ള ഒരു കുട്ടിടെ ഫോട്ടോയും കുറിപ്പും ടീച്ചറുടെ കൈകിട്ടിയത്.
''നമ്മടെ വിഷ്ണൂന് പറ്റിയ കുട്ടിയാ... ''
മാഷും പറഞ്ഞപ്പോ ടീച്ചർ രണ്ടും കല്പ്പിച്ച് കാര്യം അവനോട് പറഞ്ഞു. കട്ടിലിൽ ആ ഫോട്ടോയും വെച്ചു.
പ്രതീക്ഷിച്ച എതിർ പ്പൊന്നുംഅവന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതുകൊണ്ട് അവർ രണ്ടു പേരും ആ ആലോചനയുമായി മുന്നോട്ട് പോയി......
അതിനിടയിൽ അവൻ കുട്ടിയെ കണ്ടു സംസാരിച്ചു. താമസിയാതെ തന്നെ വിവാഹത്തിന്റെ തിരക്കിലായി മാഷും ടീച്ചറും
വിവാഹത്തിന് ഒരാഴ്ച്ചമുൻപു എത്താം എന്നാണ് അവൻ പറഞ്ഞത്. അവന്റെ രണ്ടു സുഹൃത്തുക്കൾ അവനെകൂട്ടാൻ ബസ്റ്റാന്റിലേക്ക് പോയതുമാണ്.... എന്നാൽ എത്താം എന്നുപറഞ്ഞ ബസ്സിൽ അവനുണ്ടായിരുന്നില്ല. അപ്പോതന്നെ അവന്റെ റൂംമേറ്റിനെ വിളിച്ചു. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്....
നാട്ടിലേക്ക് പുറപ്പെടാൻ എല്ലാം പേക്ക് ചെയ്തു നിന്നതാണ്.... അപ്പോഴാണ് എന്തോ മറന്നെന്നും പറഞ്ഞ് വീണ്ടും ഷോപ്പിംഗ് മാളിലേക്കുപോയത് . ബസ്സ് മിസ്സാവാതിരിക്കാൻ തിരിച്ചുവരുബോൾ വണ്ടീടെ വേഗത അല്പ്പം കൂട്ടി. ജീവിതം ഒരുപാട് നേരത്തെ അവസാനിച്ചു.
കളിയും ചിരിയും നിറഞ്ഞ കല്ല്യാണവീട് ഒരുരാത്രി ഇരുട്ടിവെളുക്കുബോഴേക്കും മരണവീടായീ...
11 മണികഴിഞ്ഞിരുന്നു അവന്റെ ബോഡി നാട്ടിലെത്താൻ.... ടീച്ചർ എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ട് ഒന്നും പറഞ്ഞില്ല. ഭയന്നതുതന്നെ സംഭവിച്ചു. ടീച്ചറുടെ മാനസികനില ആകെ തകിടം മറിഞ്ഞു. അന്ന് ആ വീട്ടിൽ ടീച്ചർ ഒരു മുഴുഭ്രാന്തിയെപോലെ കാണപ്പെട്ടു. താമസിയാതെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ടീച്ചർ നിത്യരോഗിയായി......
അന്ന് ആദ്യമായി മാഷ് ദൈവങ്ങളെ വിളിച്ചുകരഞ്ഞു.... വിഷ്ണുവിനെ കെട്ടിപിടിച്ചു കരഞ്ഞു..... ജീവിതത്തിൽ ചില ഘട്ടങ്ങളിൽ മനുഷ്യൻ തീർത്തും നിസ്സാഹായനാണ് രാഷ്ട്രീയവും പ്രത്യേയശാസ്ത്രവും അവിടെ നിഷ്പ്രഭമാണ് ......
അസഹ്യമായ ദുഃഖം വരുബോൾ ദൈവത്തെ വിളിക്കാനെ മനുഷ്യന് കഴിയൂ...
മാഷ് ഇന്ന് ജീവിക്കുന്നത് ടീച്ചർക്കു വേണ്ടിയാണ് ....ഒരു കാലത്ത് തന്റെ താങ്ങും തണലുമായിരുന്നവൾക്കുവേണ്ടി.....
നേരം സന്ധ്യയായി ആകാശത്ത് നക്ഷത്രങ്ങൾ വീണിരിക്കുന്നു. വിഷ്ണുവിന് കുട്ടികാലത്ത് നക്ഷത്രങ്ങളെ വലിയ ഇഷ്ടമായിരുന്നു. അവയെ കാണിച്ചാണ് ടീച്ചർ ഒാരോ ഉരുളയും അവന് കൊടുക്കാറ്
അവൻ പിച്ചവെച്ചു നടന്ന മുറ്റം. അവൻ നട്ടുവളർത്തിയ പേരയും, ചാബയും നന്പ്യാർവട്ടവും ..... അവന്റെ പുഞ്ചിരിമാത്രം നിറഞ്ഞ കുറേ ആൽബങ്ങൾ...
അവന്റെ ശ്വാസം നിറച്ച ഒരു പന്ത്.....അവസാനമായി അവൻ അവർക്കുവേണ്ടി വാങ്ങിയ വിവാഹ സമ്മാനം... ഇതൊക്കെയാണ് ഇന്നും ജീവിക്കാൻ മാഷിന് ഊർജ്ജം നൽകുന്നത് ...
മാഷ് വീടിന്റെ പടവുകൾ ഒരോന്നായി ചവിട്ടി കയറി..കലിടറാതിരിക്കാൻ അയാള് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും ഒന്നിടറിയാൽ അവൾ........ അവൾ തനിച്ചാണ്.....
ഒരോ പടവുകൾ കയറുബോഴും അയാൾ വലുതായി വരുന്നതായി തോന്നി.... ആ വലിയ വീടിനെക്കാളും ...., നക്ഷത്രങ്ങൾ വിരിഞ്ഞ ആ ആകാശത്തിന്റെ അത്രയും....
(ദിനേനൻ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot