വാപ്പയുടെ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപെട്ടു, കഴിഞ്ഞ മൂന്നാലു ദിവസമായി എറണാകുളം ലിസ്സി ആശുപത്രിയിൽ തന്നെ ആയിരുന്നു വാസം
-ജീവിതത്തിനും മരണത്തിനും ഇടയിലുള്ള-
-ആരോഗ്യത്തിനും രോഗാവസ്ഥക്കും ഇടയിലുള്ള-
-സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഇടയിലുള്ള ആ നേർ രേഖ-
ആ രേഖയിലൂടെ ഞാൻ കണ്ട ഉൾക്കാഴ്ചകൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു....
"ആശുപത്രി വരാന്തകളിലൂടെ" - (ഭാഗം ഒന്ന്)
മുഖം മൂടി
~~~~~~
~~~~~~
മിനിഞ്ഞാന്നു രാത്രി.... ജീവിതത്തിൽ ആദ്യമായിട്ട് വാപ്പ എന്നോടു അദ്ദേഹത്തിന്റെ കാലുകൾ ഒന്നു തടവികൊടുക്കുവാൻ ആവശ്യപ്പെട്ടു. എഴുപത്തഞ്ചു പിന്നിട്ട വാപ്പയുടെ കാലുകളിൽ ഞാൻ ഒന്നു നോക്കി.....
ഞരമ്പ് തുടിച്ച, പൊരി വന്ന, തൊലി ചുളുങ്ങിയ കാലുകൾ; ദിവസ്സവും രണ്ടു നേരം കുളിക്കുന്ന, അഞ്ചു തവണ എങ്കിലും ആന്റിസെപ്റ്റിക് കൊണ്ടു കൈ കഴുകുന്ന, വൃത്തിയുടെ ആശാനെന്നു സ്വയം വിളിക്കുന്ന...... എന്റെ കൈകൾ ഒന്നു മടിച്ചുവോ? പിൻ വലിഞ്ഞുവോ? ഉവ്വ്!!!
വാട്ട്സാപ്പിലും ഫേസ് ബുക്കിലും ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങൾക്കും ലൈക്കടിച്ചും കമ്മന്റിയും കണ്ണീർ ഒലിപ്പിച്ചു കാണിച്ചും, പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കളെ ശപിച്ചും.... എപ്പോഴും തിരക്കിലായ എന്റെ വിരലുകൾ എന്തേ പിൻവലിഞ്ഞത്????
ഇദ്ദേഹത്തിന്റെ ബീജത്തിൽ നിന്നു പിറവി എടുത്ത എനിക്കോ ഈ അറപ്പു? അപ്പൊ പിന്നെ എന്റെ സ്നേഹവും ബഹുമാനവും വെറും കാപട്യമോ????
എന്റെ മനസ്സൊന്നു പിടച്ചു. പതിയെ.... അണിഞ്ഞിരുന്ന മുഖം മൂടി ഞാൻ അഴിച്ചു മാറ്റി.... യാതൊരു ആന്റീ സെപ്റ്റിക്കും പുരട്ടാതെ തന്നെ എന്റെ കൈകൾ വാപ്പയുടെ കാലുകൾ പതിയെ തടവി. ഒരു മോയ്‌സ്‌ചറൈസർ പോലും ഇല്ലാതെ തന്നെ വാപ്പയുടെ തൊലിപ്പുറം മൃദുവായി
എന്നിൽ നിന്നിറ്റു വീണ ആ രണ്ടു കണ്ണീർ തുള്ളികൾ ആയിരുന്നിരിക്കാം ആ സ്വാഭാവികമായ മോയ്‌സ്‌ചറൈസർ
മൻസൂർ മൊയ്‌ദീൻ
............ തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക