നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുണ്യ മണ്ണിൽ വിശ്രമം


ടൗണിൽ നിന്നും അൽപ്പം മാറി പ്രശാന്ത സുന്ദരമായ നാട്' പൂഞ്ചോലമുക്ക്. പ്രകൃതി സൗന്ദര്യം മതിയാവോളം ദൈവം കനിഞ്ഞു നൽകിയെന്നു തോന്നും.
ചെമ്മൺപാത കടന്നു പോകുന്ന വഴികൾ, ഇരു ഭാഗവും പച്ച പരവതാനി വിരിച്ച പോലെ നെൽപാടം. കല്പവൃക്ഷവും കവുങ്ങിൻ, വാഴ തോട്ടവും ധാരാളം കാണാം. കുറച്ചകലെ നിന്നും ചോലയിൽ നിന്നൊഴുകുന്ന വെള്ളത്തിന്റെ കളകളാരവം. എവിടെ നിന്നോ കുയിൽ നാദം കേൾക്കുന്നുണ്ട്.
അധികം പുരോഗതി എത്താത്ത ഗ്രാമം.പഴയ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും കാണാം. വിവിധ മതത്തിൽ പെട്ടവർ വസിക്കുന്ന ഇടം.ശിവക്ഷേത്രവും കുറച്ചകലെയായി പൂഞ്ചോലമുക്ക് ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്നുണ്ട്.
:............. ............. .......... .....
ദിവസവും എഴുന്നേൽക്കാറുള്ളതിനേക്കാൾ നേരം വൈകിയാണ് അയാൾ എണീറ്റത്.ഇന്നലെ പെയ്ത മഴയുടെ നേർത്ത തുള്ളികൾ മരച്ചില്ലകളിൽ നിന്നും താഴോട്ട് പതിക്കുന്ന ശബ്ദം കേൾക്കാം. അഴിച്ചു വെച്ച ചില്ല് പൊട്ടിയ വാച്ചിൽ സമയം നോക്കി."ദൈവമെ. നേരം വൈകിയല്ലോ. ഇത്ര നേരം വൈകീട്ടില്ല ഞാൻ. ഇന്നലെ പെയ്ത മഴ തന്നെ ചതിച്ചു. മഴയെ ശപിച്ചു കൊണ്ട് അയാൾ എണീറ്റു . കിടന്ന പായ മടക്കി വെച്ചു. പള്ളിയുടെ അകവും വുളു എടുക്കുന്ന സ്ഥലവും വൃത്തിയാക്കി. നിസ്കരിക്കുവാൻ വരുന്നവർക്ക് ശുദ്ധിയാവാനുള്ള വെള്ളവും ഹൗളുകളിൽ നിറച്ചു.
പള്ളിക്കകത്ത് മടക്കി വെച്ചിരുന്ന പായകളെല്ലാം വിരിച്ചു.
" ഹോ, ഇനിയുമുണ്ട് പത്തു മിനുട്ട് ബാങ്ക് വിളിക്കാൻ .കുളിച്ചു ഫ്രഷായി വരാം." മുറിയിൽ ചെന്ന് അയയിൽ നിന്നും തോർത്തും സോപ്പും എടുത്ത് അയാൾ ബാത്റൂമിലേക്ക് നടന്നു.
കുളിക്കുന്നതിനിടെയാണ് മൊല്ലാക്കയുടെ സുന്ദരമായ ശൈലിയിൽ ബാങ്കൊലി ഉയർന്നു കേട്ടത്
വേലു നായർ പള്ളിയിൽ എത്തിയിട്ട് പത്ത് വർഷത്തോളമായി. പൂഞ്ചോലമുക്ക് ജുമാ മസ്ജിദിൽ എല്ലാ കാര്യങ്ങൾക്കും സഹായിയായി വേലു നായർ ഉണ്ട്. വിശ്വസ്തനാണ്. ചില പരിസരവാസികൾ ശക്തമായി പ്രതിഷേധിച്ചു.ഇരു ജാതികളെയും തമ്മിലടിപ്പിക്കാനുള്ള നീക്കമാണെന്ന് ചിലർ വാദിച്ചു. പ്രശ്നങ്ങൾ പലതും ഉണ്ടായി. പള്ളി കമ്മറ്റിക്കാരുടെ ഇപ്പെടലുകൾ മൂലം അതെല്ലാം പാഴ്ശ്രമങ്ങളായി.
പൂഞ്ചോലമുക്കിൽ നിന്നും ഏഴ് കി.മീറ്റുകൾക്കപ്പുറത്താണ് ചേനും പടിഗ്രാമം.
ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകൻ നരേന്ദ്രന് കാര്യമായ പണിയൊന്നുമില്ല. ചീട്ടുകളിയും കള്ളുകുടിയും ശീലമാക്കിയ താന്തോന്നി. മകളുടെ കല്യാണം കഴിഞ്ഞു. അച്ഛന്റെ സാന്നിദ്ധ്യം ഇല്ലാതെ.
പള്ളിയിലെ കാടും പൊന്തയും വെട്ടിവൃത്തിയാക്കുന്ന ജോലിയിലായിരുന്നു വേലു നായർ. ജോലിയ്ക്കിടെ കുഴഞ്ഞു വീണു.ശരീരത്തിന്റെ ഒരു ഭാഗം തളർന്നു.ചികിൽസകൾ നടത്തിയെങ്കിലും പൂർണമായും മാറിയില്ല.
ഒരു ദിവസം വേലു നായരിന്റെ വീട്ടിലെത്തിയ മൊല്ലാക്ക ഒരു കാര്യം സൂചിപ്പിച്ചു. " അനക്ക് വിശ്വാസം ഉണ്ടെങ്കില് നമ്മള് ഒരു കാര്യം പറയാം. ഈ കാര്യം ഒരു ജാതീടെയും മതത്തിന്റെയും രൂപത്തിൽ ആക്കണ്ട.
"എന്താണ് കാര്യം, മൊല്ലാക്കപറയൂ ...
"ഈ വരുന്ന നോമ്പ് ഇജ്ജ് എടുക്കണം.... ഒക്കെ ശര്യാവും. പടച്ചോൻ മാറ്റി തരും. എന്റെ ഖൽബ് പറയുന്നുണ്ട്. മൊല്ലാക്ക കാര്യം അവതരിപ്പിച്ചു.
വേലു നായർ മൊല്ലാക്കയെ നോക്കി.
"ഇജ്ജ് ,നോമ്പെടുക്ക് പറ്റുന്ന പോലെ ... അയിന് ജാതിയൊന്നും നോക്കണ്ട.
മൊല്ലാക്ക പറഞ്ഞ കാര്യം ആദ്യം ഉൾകൊള്ളാൻ കഴിഞ്ഞില്ല.
ഭാര്യയോട് അക്കാര്യം പറഞ്ഞപ്പോൾ അവൾ കയർത്തു സംസാരിച്ചു.
"നമ്മുടെ കൂട്ടകാര് അറിഞ്ഞാൽ എന്തായിരിക്കും പുകില്, അതും പോട്ടെ, നമ്മുടെ ചെക്കൻ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.''
അതിന് അയാൾക്ക് മറുപടിഇല്ലായിരുന്നു.
ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കേണ്ടി വന്നു.
" ഒരു കാര്യം നരേന്ദ്രൻ അറിയാതെ ചെയ്താൽ മതി.''
"സമ്മതം.നൂറുവട്ടം സമ്മതം'
ചിട്ടപോലെ തന്നെ നോമ്പെടുത്തു. നിസ്കാരം ഇല്ലെന്ന് മാത്രം.
ആദ്യമൊക്കെ ബുദ്ധിമുട്ടി. ഇരുപതോളം നോമ്പെടുത്തു. അപ്പോഴെയ്ക്കും. വല്ലാതെ അവശനായി.ആശുപത്രിയിൽ രണ്ടു ദിവസം കിടക്കേണ്ടി വന്നു. സത്യങ്ങൾ മനസിലാക്കിയ മകൻ അവിടെ വെച്ച് വഴക്കിട്ടു.
അസുഖത്തിൽ നേരിയ മാറ്റമുണ്ടായി.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ അദ്ധേഹത്തെ മകൻ വീട്ടിൽ നിന്നും പുറത്താക്കി. അന്യമതത്തിൽ പെട്ടവരുടെ ആചാരം അനുഷ്ഠിച്ചതിനുള്ള ശിക്ഷ.
എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുന്ന വേലു നായർക്ക് അഭയം നൽകിയത് പൂഞ്ചോലമുക്ക് പളളിയിലുള്ളവരാണ്.. ഞാൻ കാരണമാണ് തനിക്ക് ഈ ഗതി വന്നതെന്നോർത്തപ്പോൾ മൊല്ലാക്കയുടെ മനസ് വേദനിച്ചു.
''.... ' ..... ...... ....... ' .....
കട്ടിലിൽ ഓരോന്നും ആലോചിച്ചു കിടക്കുകയായിരുന്നു.പല ചിന്തകളും മിന്നി മറഞ്ഞു.
" നായരെ കാണാൻ ഒരാൾ വന്നിട്ടുണ്ട്....
മുറിയിലേക്ക് വന്ന ഉസ്താദ് പറഞ്ഞു.
'' എന്നെ കാണാനോ..., അതാര്?
"ഇന്നത്തെ തിയ്യതി നായര് മറന്നോ?മൊല്ലാക്കയുടെ ചോദ്യം.
"ഓ, ഇന്ന് അഞ്ചാന്തിയാ ... അപ്പോൾ പിന്നെ എന്നെ തെരക്കിവന്നത് എന്റെ മോൻ തന്നെ. വണ്ടിയുടെ ഹോണടി ശബ്ദം ഞാൻ കേട്ടില്ലല്ലോ ..
ഹോണടി ശബ്ദം കേട്ടാൽ വരണമെന്ന കർശനമായ നിർദ്ദേശമുണ്ട്. എല്ലാമാസവും അഞ്ചാം തിയ്യതി പണം വാങ്ങാൻ വരും. വർഷങ്ങളായുള്ള പതിവ് ഇന്നും തെറ്റിച്ചില്ല.
താടിയും മീശയും നീട്ടി വളർത്തിയ ഒരു രൂപം പള്ളിക്കു പുറത്തു നിൽക്കുന്നു.
"എന്താ, ഇത്ര താമസം...? ക്രൗര്യത്തോടെയുള്ള ചോദ്യം
"ഞാനൊന്നു മയങ്ങി '' ,ദൈന്യത കലർന്ന ശബ്ദം .
" ഒരു കാര്യം ശര്യായി വന്നതാ.,... തന്ത പള്ളിയും നോമ്പും പെരുന്നാളായി കഴിയാണെന്നറിഞ്ഞപ്പോൾ അവർ വേണ്ടെന്ന് വെച്ചു.
സംസാരത്തിനിടയിൽ അച്ഛന്റെ പോക്കറ്റിൽ നിന്നും പണം അവൻ എടുത്തു.
" അമ്മയ്ക്ക് സുഖാണോ ...?
"ആ....., അലസ മട്ടിൽ മറുപടി നൽകി.
ഇന്നലെയും ഞാൻ അവളെ സ്വപ്നം കണ്ടിരിക്കുന്നു. അവിടെവരെയൊന്നു പോകണം. മൊല്ലാക്കയോട് കാര്യം പറഞ്ഞു.
"അതിനെന്താ പോകണം, ഞാൻ കൊണ്ടാക്കി വിടാം ...
" അയ്യോ അതൊന്നും വേണ്ട. ഞാൻ പോയി വരാം.
അയാൾ വീട്ടിലേക്ക് വെച്ചുപിടിച്ചു.
വീടിന്റെ ഉമ്മറത്ത് ബൈക്ക് കിടക്കുന്നില്ല. സമാധാനമായി.
കഴുകിയെടുത്ത തുണി പിഴിഞ്ഞ് അയയിൽ ഇടുകയായിരുന്ന ഭാര്യ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
"വേലു ചേട്ടൻ...... ചുണ്ടുകൾ വിറ പൂണ്ടു.
സന്തോഷത്താൽ ഭർത്താവിനരികിലേക്ക് ഓടി വന്നു.
"വാ...കേറിയിരിക്ക് .... നനഞ്ഞ കൈകൾ സാരിയിൽ തുടച്ചു കൊണ്ട് പറഞ്ഞു. കസേര നേരെ ഇട്ടു.
"നിനക്ക് സുഖാണോ.... ?.... സീതമ്മേ '
"ഉം ,സുഖം "
ശബ്ദം വിറപൂണ്ടു.
അയാൾ ഭാര്യയെ ചേർത്തു പിടിച്ചു.അയാളുടെ നെഞ്ചിലേക്ക് വീണപ്പോൾ
അടക്കിപിടിച്ച വിഷമങ്ങൾ അത്രയും അണപൊട്ടിയൊഴുകി.
" എയ്, സാരല്യാടോ.. നെറ്റിയിൽ മൃദുവായിചുബംനം നൽകി.
"വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...
" ഞാൻ മാത്രല്ല. വേലു ചേട്ടനും ക്ഷീണം ബാധിച്ചിട്ടുണ്ട്.
'നമ്മുടെ മോൻ വല്ല പ്രശ്നം...
" ഉം, അവന് പെണ്ണ് കിട്ടുന്നില്ല. നിങ്ങടെ ജോലിയാ പ്രശ്നം, അതാ അവന്റെ പരാതി.
മാസാമാസങ്ങളിൽ പിരിവിനെത്തുമ്പോൾ ഒരു നാണക്കേടും അവന് തോന്നുന്നില്ലല്ലോ?അപ്പോൾ ,പള്ളിക്കാർ തരുന്ന പണത്തിന് അയിത്തവും ഇല്ല.
വേലു നായർക്ക് പുച്ഛം തോന്നി.
നന്ദനമോൾ വന്നിരുന്നോ?
" ഉം, വന്നിരുന്നു. കുഞ്ഞിനെ എഴുത്തിനിരുത്തുവാൻ .
ചായ കുടിക്കുന്നതിനിടയിൽ പല വിശേഷണങ്ങളും പറഞ്ഞു.
" നരൻ വരാറായോ....
"ഇല്ല ,ഇനി വരുന്നത് നാലുകാലിലാ. ആരെങ്കിലും കൂടെ കാണും. ഞാൻ തർക്കിക്കാൻ പോകാറില്ല. അമ്മയെന്ന പരിഗണന തരുന്നില്ല. വെച്ചുവിളമ്പി കൊടുക്കാൻ പണം കൊടുക്കാതെ നിർത്തിയ വേലക്കാരിടെ സ്ഥാനം.
ഒഴുകി വന്ന കണ്ണീർ സാരിയുടെ കോന്തലകൊണ്ട് തുടച്ചു.
ചോറും കറികളും പാത്രത്തിൽ വിളമ്പി വെച്ചു.
നിന്റെ കൈപുണ്യം അറിഞ്ഞിട്ട് കുറെ ആയി.
ചോറിനു മുന്നിൽ ഇരിക്കുന്നോൾ പറഞ്ഞു.
"രണ്ടുരുള എനിക്ക് വാരിതരോ...?
ഭർത്താവിന്റെ കണ്ണ് നിറയുന്നത് അവൾ കണ്ടു.
"സീതമ്മേ ....
പ്രണയാർദ്രമായ വിളി.
ചോറ് വാരി വായിൽ വെച്ചു.കണ്ണുകൾ നിറയുന്നുണ്ട്.
രണ്ടുരുള അയാൾ ഭാര്യക്കും നൽകി.
നരൻ വരാൻ സമയമായി. അവൾ ഓർമിപ്പിച്ചു.
കൈകൾ കഴുകി പുറത്തേക്കിറങ്ങി.
''ഇനി ഇവിടെ നിൽക്കണ്ട. പൊക്കോളൂ. ഇനിയെന്നാ കാണാൻ പറ്റുക...
ഉം, വരാം....., പോക്കറ്റിൽ നിന്നും കുറച്ചു രൂപ ഭാര്യയുടെ കൈയിൽ ഏൽപ്പിച്ചു. ആവശ്യം വരും. ഇരിക്കട്ടെ ....
യാത്ര പറഞ്ഞു പോകുന്ന ഭർത്താവിനെ കണ്ണീരോടെ നോക്കി നിന്നു.
സ്വന്തം ഭാര്യയെ പാത്തും പതുങ്ങിയും കാണാൻ വരേണ്ട ഗതികേട്.
അതും മകനെ പേടിച്ച്.
....... ....... ..... ............ ....... ... :.. ....... ........
നാളെ റബി ഉൽ അവ്വൽ പന്ത്രണ്ട് പ്രവാചക ജന്മദിനത്തെ വരവേല്ക്കാൻ
പള്ളിയിലും വീടുകളിലുമായി,,,, മൗലിദ് പാരായണങ്ങളും,,, നബി കീർത്തനങ്ങളും കേൾക്കുന്നു,,,,
പള്ളിയോടു ചേർന്നുള്ള മദ്രസ കുട്ടികളുടെ നബിദിന റാലിയും കുട്ടികളുടെ മദ്ഹ് റസൂൽ കലാ പരിപാടികളും നാളെത്തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് ,,,
പള്ളിയങ്കണത്തിൽ തന്നെ അതിനുള്ള അരങ്ങുകളും സ്റ്റേജുമെല്ലാം കെട്ടാൻ വേലു നായര് തന്നെ മുന്നിലുണ്ട് ,,,,, മദ്രസയുടെയും പള്ളിയുടെയും മുറ്റമെല്ലാം വർണ്ണകടലാസ് കൊണ്ടുള്ള മാലകൾ നിറഞ്ഞു,,,,,,
സുബഹി നിസ്കാരം കഴിഞ്ഞ് എല്ലാവരും പള്ളിയില്‍ തന്നെയിരുന്നു ഏഴുമണിയോട് കൂടെ നബിദിന റാലി ആരംഭിച്ചു,,,,,
ഈണത്തില്‍ ചൊല്ലുന്ന നബി മദ്ഹുകൾക്ക് താളം പിടിച്ച് ,,, പിഞ്ചു കുഞ്ഞുങ്ങളുടെ ദഫ് മുട്ടിന്റെ അകമ്പടിയോടെ റാലി നീങ്ങി ,,,,
നബി സന്ദേശങ്ങളെഴുതിയ ചെറിയ ബോർഡുകളും ചെറിയ കൊടികളുമായി കുട്ടികള്‍ വരിയായി അതിന് പിന്നില്‍ നടന്നു ,,,,,
പൂർവ്വ വിദ്യാ�ർത്ഥികളും കാരണവരും ജാതി മത ചിന്തയില്ലാതെ എല്ലാ നാട്ടുകാരും ചേര്‍ന്ന് ഘോഷയാത്രയുടെ മാറ്റ് കൂട്ടി,,,,,,,
വെള്ള ജുബ്ബയും വെള്ള മുണ്ടും തോളിലൊരു തോർത്ത് മുണ്ടുമിട്ട് സന്തോഷത്തോടെ കുട്ടികളെ നിയന്ത്രിച്ച് മുന്നില്‍ നമ്മുടെ വേലുനായരുമുണ്ട്,,,,
നബിദിന റാലിയെ സ്വാഗതം ചെയ്ത് അടുത്തുള്ള അമ്പലകമ്മിറ്റി ഒരുക്കിയ രുചിയൂറുന്ന പായസ വിതരണവും,,,,,
ഇടവകപ്പള്ളിയിലെ ഫാദറിന്റെ നേതൃത്വത്തില്‍ മിഠായി വിതരണവും,,,, നാട്ടിലെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പോരിശ വിളിച്ചോതുന്നതായിരുന്നു,,,,,
ആഘോഷരാവിൽ പങ്കെടുക്കുവാൻ നിരവധി പേർ ഉണ്ടായിരുന്നു.
ദഫും ഒപ്പനകളുമായി വേദി ഉണർന്നു.
ഏഴ് വയസുകാരൻ അറബി പ്രസംഗത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ചു.
കുട്ടികളുടെ കലാപരിപാടിയിൽ വേലു നായർ ഒരു പാട്ട് പാടി.
നമ്മുടെ നബിയവരാരാണ് '... മുത്ത് മുഹമ്മദ് നബിയാണ്
ഉമ്മാ ആമിന ബീവ്യാണ്....
അബ്ദുള്ള ഉപ്പയുമാണ്.
നബിയുടെ ജനനം മക്കത്ത് .... മരണപെട്ടു മദീനത്ത്.
പാട്ട് അവസാനിക്കാറായപ്പോൾ വേലു നായർക്ക് ചെറിയ ശ്വാസം തടസം നേരിട്ടു.ചെറുതായി ചുമച്ചു.

നബിയേ.... നാം സ്നേഹിക്കണം
നബിയേ.... നാം പിമ്പറ്റേണം
ചുമ കാര്യമാക്കാതെ പാട്ട് പൂർത്തികരിച്ചു.
നിറഞ്ഞ സദസ്സിൽ ഉയർന്ന കരഘോഷം. പലരും അനുമോദിച്ചു.
ഈ പാട്ട് മൊല്ലാക്കയാണ് പഠിപ്പിച്ചത്.
കലാപരിപാടികൾ വൈകിയാണ് അവസാനിച്ചത്. ഒരു ചെറിയ ട്രോഫി സമ്മാനമായി അയാൾക്ക് കിട്ടി.
സമയം ഏഴു മണി ആകുന്നു. വേലു നായർ എഴുന്നേറ്റിട്ടില്ല
മൊല്ലാക്ക മുറിയിൽ ചെന്നു.
" അല്ല നായരെ, ഇങ്ങള് എണീക്കണില്ലേ....
തട്ടി വിളിച്ചു.. എന്നിട്ടും എഴുന്നേറ്റില്ല.
കൈകളിൽ മുറുകെ പിടിച്ച ട്രോഫി നിലത്തു വീണു.
ശരീരം തണുത്തിരുന്നു.'
മൊല്ലാക്ക ഞെട്ടി. പടച്ചോനേ..... ഉറക്കെ ഒരലർച്ചയായിരുന്നു.
വേലു നായർ മരിച്ചു എന്ന സത്യം ഉൾകൊള്ളാൻ ആർക്കും സാധിച്ചില്ല. പളളി പരിസരം ജന നിബിഡമായി.
പള്ളി കമ്മറ്റിക്കാർ ഒത്തുകൂടി.
പള്ളിയിൽ നിന്നും മരണ അറിയിപ്പുമായി ചെന്നവരെ നരേന്ദ്രൻ പുച്ഛിച്ചു.
ഈ കുടുംബത്തിന് നാണക്കേട് വരുത്തിയ തന്ത ... ഒന്നും മറന്നിട്ടില്ല, ഞാൻ.
അകത്തു നിന്നും അലമുറയിട്ടു കരയുന്ന ഭാര്യയുടെ ശബ്ദം കേൾക്കാം.
" പളളിക്കും പള്ളിക്കാടിനും മറ്റും വേണ്ടി ജീവിച്ചതല്ലെ ?.കെടപ്പും ആ പള്ളി കാട്ടിൽ തന്നെയാകട്ടെ. അതല്ലേ, ഉസ്താദെ അതിന്റെ ഒരു ശരി.
പരിഹാസം കലർന്ന സംസാരമായിരുന്നു.
അൽപ്പം പോലും ദയ കാണിച്ചില്ല.
"വാ ഉസ്താദെ നമ്മുക്ക് പോകാം. കൂടെ വന്ന ആൾ പറഞ്ഞു.
"ഓന് ഓന്റെ അച്ഛന്റെ മയ്യത്ത് വേണ്ടെങ്കിൽ വേണ്ട. എന്തിനാ നിർബന്ധിക്കുന്നത്. അതിന്റെ ആവശ്യമില്ല.'
റഹ്മത്തുള്ള ഹാജി പറഞ്ഞു.
" അല്ലെങ്കിലും ,ഇജ്ജ് പറഞ്ഞ പോലെ പള്ളിക്കാട് തന്നെ മൂപ്പർക്കിഷ്ടം. അവിടെ വിയർപ്പ് കുറെ കളഞ്ഞ് അധ്വാനിച്ചതല്ലെ. അപ്പോൾ അന്ത്യവിശ്രമം കൊള്ളുന്നതും അവിടെ തന്നെയാകട്ടെ.
"മോനെ, ഞാനൊന്നവസാനമായി കണ്ടോട്ടെ
മകനു മുന്നിൽ കണ്ണീരോടെ ആ അമ്മ കെഞ്ചി.
ഒരു ദയയും കാണിക്കാത്ത മകൻ അമ്മയെ രൂക്ഷമായി നോക്കി.
" പൊയ്ക്കോ, പിന്നെ തിരിച്ചു വരണമെന്നില്ല. തന്തയെ പോലെ അവിടെ തന്നെ കഴിഞ്ഞാൽ മതി.'
മകന്റെ വാക്കുകൾ മുഖത്തടിച്ചത് പോലെയായി. മുന്നോട്ടുവെച്ച കാൽ പുറകിലേക്ക് വെച്ചു.
മൊല്ലാക്ക വളരെ വിഷമത്തിലായിരുന്നു.
വേലു നായരിനോടൊപ്പമുള്ള നിമിഷങ്ങൾ, ഉൽസാഹത്തോടെ പ്രവർത്തിക്കുന്ന നല്ല മനസ്സിന്റെ ഉടമ.
ഒരിക്കൽ പറയുകയുണ്ടായി, എന്നെ എന്റെ വീട്ടുകാർക്ക് വേണ്ട. ഞാൻ മരിച്ചാലും എന്നെ ഇവിടെ തന്നെ മറ ചെയ്യണം. ഇങ്ങ് ടെ കമ്മറ്റി യിലുള്ളവർ പ്രശ്നത്തിനൊന്നും വരില്ല ...''
വേലു നായരിന്റെ ആഗ്രഹം പോലെ പള്ളി കാട്ടിൽ കബറിടം ഒരുങ്ങി.
എല്ലാവരും വേലു നായരിനെ യാത്രയാക്കാൻ കൂടി നിന്നു. ശാന്തിയുടെയും മനസമാധാനത്തിന്റെയും സ്നേഹത്തിന്റെയും കബറിടത്തിനു മുമ്പിൽ
പള്ളി പരിസരം വിജനമായി.
നിശബ്ദത എല്ലായിടത്തും തളം കെട്ടി നിന്നു.
എല്ലാവരെയും സ്നേഹിച്ച വേലു നായർ സുഖനിദ്രയിലാണ്.
ശക്തമായ മഴ പെയ്യുന്നുണ്ട്.
മൊല്ലാക്കയാണ് ആ കാഴ്ച കണ്ടത്.
പള്ളിമുറ്റത്ത് നനഞ്ഞൊട്ടിയ വസ്ത്രം വാരി പുതച്ചു കൊണ്ട് തളർന്നവശയായ ഒരു സ്ത്രി.
വേലു നായരിന്റെ ഭാര്യ സീതമ്മ
''കാ...ണണം, എനിക്കെന്റെ ........വേ... ലു ... ചേട്ടനെ
അക്ഷരങ്ങൾ മുറിഞ്ഞു.
ഗദ്ഗദം പൊട്ടി.
മൊല്ലൊക്ക അവരെ ശവപറമ്പിലേക്ക് കൊണ്ടുപോയി.
പൊട്ടി കരയുന്ന അവരെ സമാധാനിപ്പിക്കാനായില്ല.
" എന്താ എന്നോടൊന്നും മിണ്ടാത്തെ... സീതമ്മ വന്നു, ' ..
വേലു ചേട്ടാ.... എന്തെങ്കിലും പറയൂ...ഉറങ്ങിക്കോളൂ, മനസമാധാനത്തോടെ. ആരും വരില്ല ശല്യപെടുത്താൻ .പുണ്യമായ മണ്ണാണിത്. ദൈവം ഇതായിരിക്കും കരുതീട്ടുണ്ടാവുക....
അവിടെ നിന്നും ഒരു പിടി മണ്ണ് വാരിയിട്ടു .
കരഞ്ഞു കരഞ്ഞു തളർന്നു.
"അവസാനത്തെ ചോറുണ്ണാനായിരുന്നോ എന്നരികിലേക്ക് വന്നതെന്ന് ഞാനറിഞ്ഞില്ല "ഈശ്വരാ.....
അവർ ഓരോന്നും പതം പറഞ്ഞു കൊണ്ടിരുന്നു.
പിന്നെ, ശബ്ദം ഇല്ലാതെ ചെറിയ തേങ്ങൽ ഉയർന്നു.
മെല്ലെ അവിടെ നിന്നും എണീറ്റു.
വേപഥുവോടെ നടന്നു.
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.
ദിശയറിയാതെ വീശുന്ന കാറ്റിനൊപ്പം സീതമ്മ നടന്നു നീങ്ങി.
സുമേഷ് കൗസ്തുഭം
........ ........ ........ ' ....... ........ :........
കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot