നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിങ്ങൾ വായിക്കാനിരുന്ന കവിത


നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
വാക്കുകളതിന്റെ
ഒറ്റയടിപ്പാത പണിയുന്നു
ബോധാവബോധങളില്ലാതെ
ശബ്ദങളുടെ പകലുകളെ തിന്നു
പിറുപിറുക്കുന്നു..
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
ഒരു സ്ത്രീയും പുരുഷനും
വന്നിണചേരുന്നു
പ്രതീക്ഷകൾ
തിന്നുതീർക്കുന്ന
രാപകലുകളിലേക്ക്
കറുത്തു വെളുത്ത
പ്രപഞ്ചം കുടിക്കാൻ
ഇറങ്ങി നടക്കുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
കർഷകർ മണ്ണുമായും
തൊഴിലാളികൾ തൊഴിലുമായും
രതിയിലേർപ്പെടുന്നു
കുഞ്ഞുങ്ങളതിന്റെ പങ്ക്
ചോദിച്ചെത്തുന്നു
സ്ത്രീകളത് തുല്യതയിൽ
ഭാഗിക്കുന്നു
ജീവിതമതിന്റെ ഉപ്പ് കഞ്ഞി
നുണയുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
കാലം പെറ്റെഴുന്നേറ്റ
പെണ്ണിനെപോലെ
മുടിവാരി കെട്ടുന്നു
വേനൽപ്പെണ്ണ് ഭർതൃ
ഗേഹത്തിലേക്ക്
നടന്ന് പോകുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിൽ
പുതിയ മഴ ചാറുന്നു
കൊടുങ്കാറ്റ് വരുന്നു
ഇരയും വേട്ടക്കാരനും
മരണത്തിന് തൊട്ടുമുമ്പുള്ള
നിമിഷത്തിൽ വച്ചു
പശുവിന്റെ കണ്ണും
പട്ടിയുടെ ബോധവും
ജാതിയുടെ തോലും
പരസ്പ്പരം
വച്ചുമാറുന്നു
നിങ്ങൾ വായിക്കാനിരുന്ന
കവിതയിലിപ്പോൾ
ചോരമണക്കുന്നു...
ആഗ.

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot