നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തലൈകൂത്തൽ



സ്വർഗത്തിൽ സന്തോഷം മാത്രമാണത്രെ . പക്ഷെ അവിടെ രണ്ട് ആത്മാക്കൾ അവരുടെ ദുഃഖം സഹിക്കവയ്യാതെ തേങ്ങുന്നു . അവരുടെ കണ്ണ് നീർ തുള്ളികൾ ഇറ്റു വീണു സ്വർഗ്ഗത്തിലെ പൂക്കൾ വാടി കൊഴിയുന്നു . ആരാണ് അവരെ നോവിച്ചത് ?.. എന്താണ് അവരുടെ പ്രശ്നം . സ്വർഗ്ഗത്തിലെത്തുമ്പോൾ തന്നെ അവരുടെ മുഖത്തു മറ്റുള്ളവരെ പോലെ സന്തോഷമില്ല ..
സ്വർഗ വാസികൾ പരസ്പരം ആരാഞ്ഞു . അവരുടെ ഉള്ളറിയണം . അവരുടെ മുഖം കറുത്താൽ പിന്നെ സ്വർഗം എന്തിനു .. ആർക്കു .... അവർ സംഘം ചേർന്ന് ആ രണ്ടു ആത്മാക്കളെ സന്ദർശിച്ചു ... അവരുടെ അടുക്കൽ ചെന്ന് അവരോടാരാഞ്ഞു ...
'' എന്താ .. എന്ത് പറ്റി .. രണ്ടാൾക്കും ..... എന്തേ കരയുന്നു ..... ? '' കൂട്ടത്തിൽ മുതിർന്ന ഒരു ആത്മാവ് കാര്യം തിരക്കി ...
'' ഹേയ് .. ഒന്നൂല്യ .. ഓരോന്ന് ആലോചിച്ചു ... മനസ്സ് പിടയാ .... '' കരച്ചിലടക്കി ആ വൃദ്ധയായ ആത്മാവ് മറുപടി നൽകി.
'' എന്താ പ്രശ്നം എന്ന് പറയു ... ഇവിടെ ഈ സ്വർഗത്തിൽ എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോ നിങ്ങൾ രണ്ട് പേരും മാത്രം എന്താ ഇങ്ങനെ ? ''
ആത്മാക്കൾ കൂട്ടം ചേർന്ന് കാര്യം തിരക്കിയപ്പോൾ അവർ ആ കഥ പറയാൻ തുടങ്ങി ... അവരുടെ കണ്ണ് നേരിന്റെ കഥ ... ഒപ്പം കൂടെയുള്ള കുഞ്ഞു ആത്മാവിന്റെയും കഥ ...
സ്വർഗ്ഗ വാസികൾ ക്ഷമയോടെ അവരുടെ കഥ കേൾക്കാനായി കാതുകൾ തുറന്നു വെച്ചു ..
'' ഇവൾ .. ഈ കുഞ്ഞു മാലാഖ ... ഇവൾ എന്റെ കൊച്ചു മകളാണ് .... അവളുടെ നോവുകൾ എന്റെയും നോവുകളാണ് .... അവളുടെ കണ്ണ് നിറയുമ്പോൾ എന്റെ കണ്ണിലെ പ്രകാശം അണയും ......
എന്റെ മകന് ഒരു ആൺ കുഞ്ഞു വേണമെന്ന ആഗ്രഹത്തിനിടെയിലാണ് ഇവളുടെ അമ്മ ഗർഭിണിയായത് ... ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർ പരിശോധനയിൽ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്നു മനസ്സിലാക്കിയതോടെ അവർ ആ കുഞ്ഞു ജന്മത്തെ നശിപ്പിക്കാൻ തീരുമാനിച്ചു . അവളുടെ ജീവൻ ചുരണ്ടിയെടുത്ത് ചവറ്റു കൊട്ടയിൽ ഇടുമ്പോഴും അതിനു ജീവന്റെ തുടിപ്പുണ്ടായിരുന്നു .... ഒരു കളങ്കവുമേൽക്കാത്ത കുഞ്ഞു മാലാഖയായി അവൾ ഈ സ്വർഗത്തെത്തി .''
'' ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ .?.. അതിനെന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത് .. വരൂ നിങ്ങളും നമ്മുടെ സന്തോഷങ്ങളിൽ പങ്ക് ചേരൂ '' കഥകൾ കേട്ടു ഒരു സ്വർഗ വാസി അവർ രണ്ടുപേരെയും അവരുടെ ആഘോഷങ്ങളിൽ പങ്കു ചേരാൻ ക്ഷണിച്ചു .
'' ഇല്ല കുഞ്ഞേ ... ഞങ്ങൾക്കതിനു കഴിയില്ല ... കാരണം ഞങ്ങളുടെ ഉള്ളം പിടയുകയാണ് ... അവൾ കരയുന്നത് അവളുടെ അച്ഛനെ കുറിച്ചോർത്തതാണ് ... ഞാൻ എന്റെ മകനെ കുറിച്ചോർത്തും .. അവന്റെ മനസ്സിന്റെ വ്യഥകൾ ഞങ്ങൾ കാണുന്നു '' വൃദ്ധ കഥ തുടർന്നു ...
'' മക്കൾക്കറിയോ .... എന്റെ മകനെ ഞാൻ എത്ര സ്‌നേഹിച്ചിരുന്നുവെന്നു .. അവൻ രാത്രി സമയങ്ങളിൽ ഉറങ്ങാതെ കരയുമ്പോൾ ഉറങ്ങാതെ അവനു കൂട്ടിരുന്നു ഞാൻ .. അവനു അസുഖം വന്നാൽ കരയുന്നത് ഞാനായിരുന്നു .. പിച്ച വെച്ചു വീഴുമ്പോൾ അവനെന്നെ വിളിക്കും ... ഞാൻ എന്നെ തന്നെ തല്ലി അവന്റെ കരച്ചിൽ മാറ്റും .. അവൻ വളരുന്നത് ഞാൻ അറിഞ്ഞില്ല .. എന്നും അവനെനിക്ക് എന്റെ കൈ കുഞ്ഞായിരുന്നു .. കല്യാണം കഴിഞ്ഞു അവൻ വധുവുമായി അടുത്തപ്പോൾ മുതൽ അവൻ അമ്മയെ മറന്നു തുടങ്ങിയിരുന്നു .. അവൻ പുറത്തു പോയാൽ എപ്പോഴും മനസ്സിൽ അവധിയായിരുന്നു . തിരിച്ചു വന്ന് അവന്റെ മുരടനക്കം കേട്ടാലേ എനിക്കുറങ്ങാനാകുമായിരുന്നുള്ളു ....
പിന്നെ എപ്പോഴാണ് ഞാൻ അവനൊരു ബാധ്യത ആയതെന്നറിയില്ല ..... ജീവിതം നടന്നു നടന്നു ഞാൻ ക്ഷീണിച്ചിരുന്നു ... കവിളുകളെല്ലാം ഒട്ടി മുതുകു നിവർത്താനാവാതെ കൂനി കൂനി നടന്നിരുന്ന ഞാൻ ഒരു വീഴ്ചയെ തുടർന്നു കിടപ്പിലുമായി ... അതും കൂടെ ആയതോടെ അവർക്കെല്ലാം ഞാനൊരു ശല്യമായി മാറി .... മറ്റൊരാളുടെ സഹായം ഇല്ലാതെ സ്വന്തം കാര്യം നിർവ്വഹിക്കാനാവാത്ത ഞാൻ അവർക്കൊരു അധികപ്പറ്റായെന്നു അറിയാമായിരുന്നിട്ടും .. എന്റെ മകനെ കാണാൻ കൊതിച്ചിരുന്നു ഞാനെപ്പോഴും .. അവൻ എന്റെ അടുക്കൽ വരുന്നത് വളരെ കുറവായി .. അപ്പുറത്ത് നിന്നും അവന്റെ ശബ്ദം കേൾക്കുമ്പോൾ മനസ്സ് പിടക്കും , അവനെയൊന്നു കാണുവാനായി ... പക്ഷെ അവനേ അമ്മയെ മറന്നിരുന്നു .
ഒരു ദിവസം രോഗിയായ എന്നെ കാണാൻ വന്ന ഒരു ബന്ധു ചോദിച്ചു ....
'' എന്നാണ് അമ്മയുടെ തലൈ കൂത്തൽ ? '''
അത് വരെ അങ്ങനെ ഒരു കാര്യം മനസ്സിലില്ലായിരുന്നു ... '' തലൈ കൂത്തൽ '' എന്നാണെന്നു ചോദിക്കുന്നു .. കല്യാണം എന്നാണ് എന്ന് ചോദിക്കുന്നത് പോലെ വിശേഷം അന്വേഷിച്ചതാണ് അവർ .. പക്ഷേ അവരുടെ ചോദ്യം മനസ്സിലൊരുപാട് ചിന്തകൾ ഉണർത്തി .. എന്റെ തലൈ കൂത്തൽ അടുത്തുവോ ?...
ഒരു ദിവസം മകന്റെ ശബ്ദം കേട്ടു ഞാൻ ഉണർന്നു ..ശക്തമായ പനിയുണ്ട്. ശരീരം തണുത്ത് വിറക്കുന്നു .. പുതപ്പ് നീക്കാൻ കൈകൾ ചലിക്കുന്നില്ല .. അപ്പുറത്തെ മുറിയിൽ നിന്നാണ് അവന്റെ ശബ്ദം കേൾക്കുന്നത് ... അവനെ കാണാൻ മനസ്സ് കൊതിക്കുന്നു .. എന്റെ ഉള്ളം അവനെ വിളിക്കുന്നത് എനിക്ക് കേൾക്കാം .. പക്ഷേ ചുണ്ടുകൾ അതേറ്റു പറയുന്നില്ല .... മകൻ എന്നെ കാണാൻ ഒന്ന് വന്നെങ്കിൽ ....
പെട്ടെന്ന് വാതിൽ പുറത്തു നിന്ന് ആരോ തുറക്കുന്നതായി ശബ്ദം കേട്ടു .. അതെ എന്റെ മകൻ .. അവനെന്നെ കാണാൻ വന്നിരിക്കുന്നു .. എത്ര നാളായി പൊന്നേ നിന്നെ കണ്ടിട്ട് .. ഇങ്ങടുത്തു വാ .. അമ്മക്കൊരുമ്മ താ ...
സംസാര ശേഷി നഷ്ടപ്പെട്ടെങ്കിലും എന്റെ കണ്ണുകളിൽ കൂടി എന്റെ ആഗ്രഹം എന്റെ മകൻ അറിയും തീർച്ച ...... അവനെന്റെ മകനല്ലേ ..കുഞ്ഞു നാളിൽ ഞാൻ വെറുതെ കരഞ്ഞാൽ അവൻ കരയുമായിരുന്നു .. അവനറിയാം അമ്മയുടെ ഉള്ളു ....
മകൻ മുറിക്കകത്തു കയറി .. കൂടെ ഭാര്യയും മറ്റൊരു സ്ത്രീയും ... അവരുടെ കയ്യിൽ ചില കുപ്പികൾ കാണാം .. അവരതു മുറിക്കകത്തെ മേശപ്പുറത്തു വെച്ചു ... ഒരു കുപ്പിയിൽ നല്ലെണ്ണയും മറ്റൊരു കുപ്പിയിൽ ഇളനീരും പിന്നെ ഒരു കുടം വെള്ളവും പാലും .. ഇത്രയും സാധനങ്ങൾ അവർ അവിടെ വെച്ചിട്ടുണ്ട് ..
അതെ അത് തന്നെ .. അതിനു തന്നെയാണ് അവർ വന്നത് .. '' തലൈ കൂത്തൽ ''...
ആ സ്ത്രീ അവരുടെ കയ്യിലേക്ക് നല്ലെണ്ണയൊഴിച്ചു .. മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങൾ അഴിച്ചെടുത്ത് അവർ എന്റെ ശരീരമാസകലം എണ്ണ തേച്ചു പിടിപ്പിച്ചു .. അതിനു ശേഷം ഇളനീരും തേച്ചു പിടിപ്പിക്കുമ്പോൾ തണുപ്പ് സഹിക്കാനാവുന്നില്ല .. എന്റെ ഹൃദയമിടിക്കുന്നത് കേൾക്കാം .. അതിന്റെ താളം നിലക്കാൻ പോകുകയാണ് .. ഇനി അധികമില്ല തന്റെ ജീവനീ ഭൂമിയിൽ ...
അവർ അവരുടെ കൈ വശമുണ്ടായിരുന്ന കലത്തിലെ തണുത്ത വെള്ളവും എന്റെ ശരീരത്തിൽ ഒഴിച്ച് അവർക്ക് മലിനമായ മാറിയ എന്റെ ജീവൻ ഒഴുക്കി കളയുകയാണ് .. അവസാനമായി അവർ ആ പത്രത്തിലെ പാൽ എന്റെ മകന് നീട്ടി എനിക്ക് നൽകാൻ ആവശ്യപ്പെട്ടു ...
എന്റെ കണ്ണുകൾ നിറയുകയായിരുന്നു ... ഒരു പാട് കാലത്തിനു ശേഷം എന്റെ മകൻ എനിക്ക് ഒരു തുള്ളി ദാഹമകറ്റാൻ തരികയാണ് .. പാലിനോടൊപ്പം എന്റെ കണ്ണുകളിൽ നിന്നും ഒഴികിയിറങ്ങിയ കണ്ണ് നീർ പാലിന് ഉപ്പ് രുചി നൽകിയോ .... ഞാൻ അവന്റെ കണ്ണുകളിൽ നോക്കിയിരുന്നു ... എന്റെ അസ്തമയം ഞാൻ അവന്റെ കണ്ണുകളിൽ കണ്ടു .. എന്റെ ഹൃദയം നിലച്ചു .... തലൈ കൂത്തലിലൂടെ ഞാൻ സ്വർഗ്ഗത്തിലേക്ക് യാത്രയായി .
***************************
സ്വർഗ്ഗ വാസികളെല്ലാം കഥ കേട്ട് കണ്ണുനീർ തുടക്കാൻ പാട് പെടുകയാണ് .. സന്തോഷം മാത്രമുള്ള സ്വർഗ ലോകത്ത് കണ്ണീർ പുഴകൾ ഒഴുകിയിറങ്ങുന്നു ..
ആ വൃദ്ധ കണ്ണുകൾ തുടച്ചു കൊണ്ട് തുടർന്നു .
'' നിങ്ങൾ കാണുന്നുണ്ടോ ഭൂമിയിൽ .. അതായത് എന്റെ ദേശമായ തമിഴ് നാട്ടിലെ ആ ഗ്രാമത്തിൽ .. അവിടെ ആ കൊച്ചു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ ചെറിയ ആൾകൂട്ടം .... കണ്ടോ .. അത് കണ്ടാണ് ഞങ്ങളുടെ കണ്ണ് നിറഞ്ഞത് .. അവിടെ ഇന്ന് എന്റെ മകന്റെ , ഇവളുടെ അച്ഛന്റെ തലൈ കൂത്തലാണ് .. അൽപ സമയത്തിനകം അവൻ വരും .. സ്വർഗ്ഗത്തിലേക്കാണോ നരകത്തേക്കാണോ എന്നറിയില്ല എന്നാലും അവന്റെ മനസ്സിലെന്താണിപ്പോൾ എന്ന് ഞങ്ങൾക്ക് നന്നായി മനസ്സിലാക്കാം .... ഞങ്ങൾക്ക് സഹിക്കാനാവുന്നില്ല അവന്റെ വിഷമം ... ''
സ്വർഗ്ഗ വാസികൾ അവരുടെ വിഷമത്തിൽ പങ്കു ചേർന്നു അവരെ ആശ്വസിപ്പിച്ചു ...
*********** സസ്നേഹം ഹഫി ഹഫ്സൽ *************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot