നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പപ്പുവിന്റേ കഥ


രണ്ട് ദിവസമായി പപ്പുവിനേ കാണാതായിട്ട്.വീട്ടിലുള്ളവരെല്ലാം
അവന്റേ വേർപാടിൽ അതീവ ദു:ഖത്തിലാണ്.ഇനിയവനേ കണ്ടുകിട്ടുമെന്ന പ്രതീക്ഷ ഏകദേശം എല്ലാവർക്കും അസ്തമിച്ചു തുടങ്ങി.......അവനേ രണ്ട് ദിവസം കാണാതിരുന്നപ്പോഴാണ് അവനേ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായത്..കുടുംബത്തിലെ ഒരംഗം പെട്ടെന്ന് അപ്രത്യക്ഷമായതുപോലേയാണ് എല്ലാവർക്കും തോന്നിയത്.ഇത്രയധികം സ്നേഹം അവനോട് ഞങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും അവനിങ്ങോട്ടും സ്നേഹം കാണില്ലേ?...അതിനാൻ അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തീർച്ചയായും ഞങ്ങളേ തേടി വരാതിരിക്കുമോ...?
പപ്പുവിനേ ഒരു ദിവസം രാത്രി ഉപ്പ തെരുവിൽ നിന്നും പിടിച്ചു കൊണ്ടുവന്നതാണ്...തെരുവിൽ വളർന്നതായിരുന്നെങ്കിലും നല്ല അനുസരണയുള്ള , ഉച്ചത്തിൽ കുരയ്ക്കുന്ന , ഇളം മഞ്ഞ നിറമുള്ള സുന്ദരനായിരുന്നു പപ്പു...പപ്പുവിനേ കണ്ട മാത്രയിലേ എനിക്കും ,അനിയത്തിമാർക്കും അവനേ നന്നായി ഇഷ്ടപ്പെട്ടു..എങ്കിലും അവനോട് കൂട്ട് കൂടാൻ ഉമ്മ അനുവദിക്കില്ല.ഉമ്മാക്ക് അവനേ കൊണ്ടുവന്നത് തീരേ പിടിച്ചിട്ടില്ല... നായ്ക്കളോട് പൊതുവേ വെറുപ്പും പേടിയുമാണ് ഉമ്മാക്ക്.അതിനേ ആർക്കെങ്കിലും കൊടുക്കാനോ അല്ലെങ്കിൽ ചെങ്ങലയൂരി വിടാനോ ഉമ്മ എന്നും പറയും..പക്ഷേ ഉപ്പ അവനേ വളർത്തണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു...
തെരുവിൽ നിന്നും പ്രതീക്ഷിക്കാതേ കണ്ടുകിട്ടിയതായത് കൊണ്ട് അവന് കൂടൊന്നും ഒരുക്കിയിട്ടില്ലായിരുന്നു....ഒരാഴ്ചയോളം അവനേ മുറ്റത്തുള്ള മരത്തിലായിരുന്നു കെട്ടിയിട്ടിരുന്നത്.
അങ്ങനെ ഉപ്പ പ്രായം ഏറേ ചെന്ന രസികനായ പറങ്ങോടനാശാരിയേ വിളിച്ച് നല്ലൊരു കൂടൊക്കെ ഉണ്ടാക്കി മുറ്റത്ത് തന്നേ സ്ഥാപിച്ചു....പറങ്ങോടനാശാരിയോട് ജോലി സമയത്ത് ഒന്നും മിണ്ടാനും പറയാനും പോവരുതെന്നാ എല്ലാവരും പറയാറ്..എന്തെങ്കിലും ഒന്ന് ചോദിച്ചാ അങ്ങേര് ഉളി താഴെ വെച്ച് വർത്തമാനം തുടങ്ങും..നല്ല താളത്തിലും നർമ്മം കലർത്തിയും പറയുന്ന മൂപ്പരുടേ വർത്തമാനങ്ങൾ ആരായാലും കേട്ടിരുന്നു പോവും...പക്ഷേ അന്ന് പിന്നേ കാര്യമായ പണിയൊന്നും നടക്കില്ലെന്നു മാത്രം...
അങ്ങനെ ദിവസങ്ങളോളം പണിയെടുത്ത് അദ്ദേഹം പപ്പുവിന് മനോഹരമായൊരു കൂട് നിർമിച്ചു കൊടുത്തു.
അക്കാലത്ത് രാത്രി സമയങ്ങളിൽ ഉപ്പ പലപ്പോഴും കൂട്ടുകാരോടൊന്നിച്ച് പുഴയിലേക്ക് മീൻ പിടിക്കാൻ പോവുമായിരുന്നു...മലപ്പുറത്തേയും,കോഴിക്കോട്ടേയും ഏതാണ്ട് എല്ലാ പുഴയിലും പോയി ഉപ്പയും കൂട്ടുകാരും മീൻ പിടിച്ചിട്ടുണ്ട്.മീൻ പിടിത്തവും,പക്ഷികളേയും, മുള്ളൻ പന്നിയേയുമൊക്കേ വേട്ടയാടി പിടിക്കലുമായിരുന്നു ഉപ്പയുടേയും കൂട്ടുകാരുടേയും പ്രധാന ഹോബി.അതിന് വേണ്ട വലയും മറ്റ് സാമഗ്രികളും വീട് നിറയേ ഒരുകാലത്തുണ്ടായിരുന്നു. പണ്ട് മീൻ പിടിത്തത്തോട് വലിയ കമ്പം എനിക്കുമുണ്ടായിരുന്നു..
അങ്ങനെ ഉപ്പ രാത്രി പോയാൽ പേടിച്ചാണ് ഞങ്ങൾ പുലരുവോളം വീട്ടിൽ കഴിഞ്ഞു കൂടാറ്.ഈ പേടി മാറ്റാൻ വേണ്ടിയാണ് സത്യത്തിൽ ഉപ്പയും കൂട്ടുകാരും ചേർന്ന് പപ്പുവിനേ പിടിച്ചു കൊണ്ടുവന്നത്..വീടുമായി നന്നായി ഇണങ്ങിയതിനുശേഷം പപ്പുവിനേ എന്നും രാത്രി തുറന്നുവിടും...അവൻ തന്റേ ജോലി ഭംഗിയായി നിർവഹിക്കുന്ന നല്ല അനുസരണയുള്ള ഒരു കാവൽക്കാരൻ തന്നെയായിരുന്നു.ഉപ്പയും കൂട്ടുകാരും മീൻ പിടിക്കാൻ പോവുന്നത് കണ്ടാൽ പപ്പുവും അവരുടേ കൂടേ ഇറങ്ങി പുറപ്പെടും."പപ്പൂ.. വീട്ടിൽ പോടാ" എന്ന് ഉപ്പ പറഞ്ഞാൽ കുറച്ച് നേരം മുരണ്ടു നിന്ന് അവൻ വീട്ടിലോട്ട് തിരിച്ചു പേരും..
അന്നൊരു ദിവസം രാത്രി ഉപ്പ മീൻ പിടിക്കാൻ പോയ സമയത്ത് കൂടേ പോയ പപ്പുവിനോട് വീട്ടിലോട്ട് തിരികേ പോവാൻ പറഞ്ഞിട്ട് അവൻ അത് അനുസരിക്കാതെ കൂടേ പോയി.അന്ന് എത്ര പറഞ്ഞിട്ടും അവൻ തിരിച്ചു പോരാൻ തയ്യാറായില്ല....
കൂടേയുള്ളവരേ പോലും കാര്യമായി ശ്രദ്ധിക്കാൻ കഴിയാത്ത ഒാടലും, ചാടലും, നീന്തലുമെല്ലാമുള്ള പത്ത് മുപ്പത് ആളുകൾ ചേർന്നുള്ള മീൻ പിടിത്തത്തിനിടയിൽ പപ്പുവിനേ എങ്ങനെ ശ്രദ്ധിക്കാനാ...?
'അവനവന്റേ കാര്യം അവനവൻ നന്നായി നോക്കിയേക്കണം' എന്നതാണ് ഉപ്പയുടേ മീൻപിടിത്ത ഗാങ്ങിലേ നിയമം...
മീൻപിടിത്തമെല്ലാം കഴിഞ്ഞ് തിരിച്ച് പോരുന്ന സമയത്ത് പപ്പുവിനേ നോക്കിയപ്പോൾ എങ്ങും കാണുന്നില്ല....!?
ഒരു പക്ഷേ അവൻ വീട്ടിലോട്ട് തിരിച്ചു പോയിട്ടുണ്ടാവാം എന്ന് വിചാരിച്ച് മീൻപിടിത്തം കഴിഞ്ഞ് ക്ഷീണിച്ച ഉപ്പയും കൂട്ടുകാരും കുറച്ച് നേരം അവനേ തിരഞ്ഞ് തിരിച്ചു പോന്നു...
പക്ഷേ അവൻ വീട്ടിലെത്തിയിട്ടില്ലായിരുന്നു........
ഉപ്പ വന്നപ്പോൾ പപ്പുവിനേ കൂടേ കാണാത്തതിൽ എനിക്കും , അനിയത്തമാർക്കും,ഉമ്മാക്കും വലിയ സങ്കടമായി.എല്ലാവരേക്കാളും സങ്കടം ഉപ്പെക്കായിരുന്നു.എങ്കിലും അത് മറച്ചുവെച്ച് അവനിപ്പോ വന്നോളും എന്ന് പറഞ്ഞ് ഉപ്പ ഞങ്ങളേ സമാധാനിപ്പിച്ചു...
ഇതിപ്പോ രണ്ട് ദിവസമായി ഞങ്ങൾ കണ്ണും നട്ട് ദു:ഖത്തോടെ അവനേ കാത്തിരിക്കാൻ തുടങ്ങിയിട്ട്....രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാത്തതിനാൽ അവനിനി തിരിച്ച് വരുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങി..അവനേ ആരെങ്കിലും പിടിച്ചു കൊണ്ടുപോയിട്ടുണ്ടാവാം എന്നും അല്ലെങ്കിൽ പഴയതുപോലെ തെരുവ് നായ്ക്കളുടെ കൂട്ടത്തിൽ കൂടിയിട്ടുണ്ടാവാം എന്നുമൊക്കെ ചിന്തിച്ചു.
അങ്ങനെ മൂന്നാം നാൾ രാവിലെ ഉമ്മ വാതിൽ തുറന്നപ്പോൾ അവനതാ അടുക്കള മുറ്റത്ത് ക്ഷീണിച്ച് കിടന്നുറങ്ങുന്നു...!അവൻ തിരിച്ച് വന്ന വിവരമറിഞ്ഞ് ആഹ്ളാദത്തോടെ ഓടിക്കൂടിയ ഞങ്ങളേ കണ്ട് ചെറുതായൊന്ന് തല പൊക്കി നോക്കി...മൂന്ന് ദിവസമായിട്ട് ഭക്ഷണമൊന്നും കഴിക്കാതേ വഴിതെറ്റി അലഞ്ഞു തിരിഞ്ഞ ക്ഷീണമാണവന്.ഉപ്പ വന്ന് ഭക്ഷണമൊക്കേ കൊടുത്ത് കുളിപ്പിച്ച് കൂട്ടിൽ കയറ്റി.രണ്ട് ദിവസം കൊണ്ടു തന്നെ അവൻ പഴയ ആരോഗ്യം വീണ്ടെടുത്തു...ഉപ്പയോട് മാത്രമേ അവന് ആദ്യം കാര്യമായ സ്നേഹവും ഇണക്കവും ഉണ്ടായിരുന്നൊള്ളൂ...എന്നാൽ ഈ തിരിച്ചു വരവിന് ശേഷം പപ്പുവിനോട് ഞങ്ങൾകെന്ന പോലെ അവന് തിരിച്ച് വീട്ടിലുള്ള എല്ലാവരോടും വലിയ സ്നേഹവും ഇണക്കവുമായി.
അതുവരെ അവനോട് വലിയ ദേഷ്യമായിരുന്ന ഉമ്മാക്കും ഈ തിരിച്ചു വരവിന് ശേഷം അവനോട് വലിയ സ്നേഹമായി.....അവനിൽ നിന്നും 'എട്ട് അടി ദൂരം' എപ്പോഴും അകന്ന് നിന്നിരുന്ന ഉമ്മയും അവന് ഭക്ഷണമൊക്കേ കൊടുക്കാൻ തുടങ്ങി.
പിന്നീട് ഉപ്പയും കൂട്ടുകാരും മീൻ പിടിക്കാൻ പോവുമ്പോൾ അവർ പോയി മറഞ്ഞതിനു ശേഷം ഉമ്മയോ ഞാനോ ചെന്ന് അവനേ കൂട് തുറന്ന് വിടലായിരുന്നു പതിവ്. പപ്പു ഓർമ്മയായിട്ട് ഏകദേശം ഇരുപത് വർഷത്തോളമായെങ്കിലും അവന്റേ സ്നേഹത്തേയും ,കുസൃതികളേയും അറിയാതേ ഇടക്ക് ഓർത്തു പോവാറുണ്ട്.
(NB:തെരുവ് നായകളുടെ ശല്യം കൊണ്ട് കേരളം പൊറുതി മുട്ടുന്ന ഇക്കാലത്ത് ഇതുപോലെ ഓരോരുത്തരും ഓരോന്നിനേ പിടിച്ച് വീട്ടിൽ കൊണ്ടുപോയാൽ എത്ര നല്ലത്....പക്ഷേ എല്ലാവർക്കും വേണ്ടത് വിദേശ ഇനത്തെയല്ലേ.....??)
(എം.ആർ ഒളവട്ടുർ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot