നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നിലൂടെ അറിയാൻ


ഞാൻ(അങ്കിത ) ..ഒറ്റപ്പാലമാണ് സ്ഥലം ..ഒറ്റ മകൾ..അച്ഛൻ കർഷകൻ..അമ്മ ഒരു പാവം വീട്ടമ്മ ...ഞാൻ ഒരു പ്ലസ് ടു വിദ്യാർഥിനി ..ഹ്യൂമാനിറ്റീസ് ആണ് വിഷയം..എനിക്ക് വല്യ മോഹങ്ങൾ ഒന്നും ഇല്ല..എന്തെങ്കിലും , എന്നാലാവും വിധം സമൂഹത്തിനു നന്മ ചെയ്തു ജീവിക്കണം എന്ന ചിന്ത ചെറുപ്പത്തിലേ എന്റെ സിരകളിൽ രൂഢമൂലമായുണ്ടായിരുന്നു .അച്ഛൻ അതിനു നല്ല പ്രോത്സാഹനവും നൽകിയിരുന്നു . ചെറുപ്പത്തിൽ , അച്ഛന്റെ കൂടെ തോട്ടത്തിൽ പോകുമ്പോൾ, പാവൽ പടർപ്പിൽ നിന്നും കായ്കൾ അടർത്തുമ്പോൾ അച്ഛൻ പറയുമായിരുന്നു ,"ഏതു പ്രവൃത്തിയും ഒരു പറിച്ചു നടലാണ് , നമ്മൾ ഒരു കാര്യം ചെയ്താൽ , അത് നമ്മുടെ ചിന്തയെ പറിച്ചു നടൽ ആണ് .അത് കൊണ്ട് എന്റെ മകൾ മുതിരുമ്പോൾ , ഓർത്തു കൊള്ളുക ,മുൻപിൻ പല ആവർത്തി ആലോചിച്ചിട്ടേ എന്തും ചെയ്യാവൂ , അത് എപ്രകാരം മറ്റുള്ളവർക്ക് ഗുണകരമാവും എന്നും ആലോചിക്കണം . നിനക്ക് അത് കൊണ്ട് ഗുരുത്വമേ ലഭിക്കു ."
ഞാൻ പ്ലസ് ടു നല്ല മാർക്കോടെ ജയിച്ചു , അച്ഛനമ്മയോടും, കൂട്ടുകാരോടും , നാട്ടുകാരോടുമൊപ്പം സന്തോഷം പങ്കിട്ടു . തോട്ടത്തിലെ പച്ചക്കറികൾ ഒക്കെ കാറ്റിന്റെ കൂട്ടോടെ എന്റെ കാതിൽ കഥകൾ പറഞ്ഞു .പക്ഷെ എന്നും ഞാൻ ചിന്തിച്ചു പോന്ന ഒരു കാര്യമുണ്ട് ,അത്യാഹ്ലാദം വേണ്ട , അത് നമ്മുടെ മാനസിക സന്തുലനാവസ്ഥയെ ബാധിക്കും , അത് കൊണ്ട് തന്നെ ശരിയായ തീരുമാനം എടുക്കാൻ സാധ്യമാവില്ല , എല്ലാം മിതമായ രീതിയിൽ മതി . സർവേശ്വരൻ എന്ന പേരിൽ വിളിക്കുന്ന ശക്തിയുടെ വെളിച്ചം പകർത്താൻ എനിക്ക് സാധിക്കട്ടെ .
ഇനി യഥാർഥമായ കർമ്മ പഥത്തിലേക്ക് , ഞാൻ അതിനെ കുറിച്ച് ഒരു മുൻധാരണ മെനഞ്ഞു .രാത്രി മാത്രമേ അച്ഛനെ കിട്ടു, സംസാരിക്കാൻ . മണ്ണിന്റെ മണമുള്ള അച്ഛൻ , രാത്രിയാകുമ്പോൾ , സന്തൂർ സോപ്പിന്റെ മണമുള്ള അച്ഛനാവും . പണ്ടേ അതാ ബ്രാൻഡ് .ഒപ്പം കുട്ടി ക്കൂറ പൗഡറും .ഞാൻ എത്ര ഭാഗ്യവതി ആണ് , ഇങ്ങനെ നേരുള്ള, ഉൾകാഴ്ചയുള്ള അച്ഛനെ ലഭിക്കാൻ .മെല്ലെ മെല്ലെ പൂച്ചകുട്ടിയെ പോലെ ഞാൻ അച്ഛന്റെ പുറകിൽ ചുറ്റി കറങ്ങി നടന്നു .അച്ഛനറിയാം , എന്തോ കാര്യം സാധിക്കാനുണ്ടെന്നു . എന്താ മോളെ, അച്ഛനോട് പറയൂ , മുഖവുര വേണ്ട .അച്ഛാ , എനിക്കിനി മുന്നോട്ടു പല ലക്ഷ്യങ്ങളുണ്ട് . ജീവിതത്തിലെ ഒരു നിമിഷവും വ്യർഥമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല .ചിലപ്പോൾ തട്ടി തടഞ്ഞു വീണെന്ന് വരും.പക്ഷെ അച്ഛന്റെ മകളല്ലേ, അച്ഛന്റെ മനസ്സല്ലേ .എല്ലാം ശരിയാകും . ഞാൻ എന്റെ തുടർ പഠനത്തോടൊപ്പം എൻ .എസ്.എ സ്..ന്റെ (നാഷണൽ സർവീസ് സ്കീം ) പ്രവർത്തകയാകാൻ ആഗ്രഹിക്കുന്നു . തിരുവന്തപുരത്തു രാജൻ അങ്കിൾ ഉണ്ടല്ലോ. കാര്യങ്ങൾ ഒക്കെ അന്വേഷിക്കാൻ .
സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ അതെന്നെ സഹായിക്കും .എന്റെ സ്വഭാവത്തിന് ഒരു നല്ല അടിത്തറ അതിലൂടെ കിട്ടും അച്ഛാ .എന്റെ മോൾ , സധൈര്യം മുന്നോട്ടു പൊക്കൊളു , അച്ഛനും അമ്മയും എന്നും കൂടെയുണ്ട് .
ഞാനങ്ങനെ തിരുവന്തപുരത്തേക്കു.അച്ഛനും ഒപ്പമുണ്ട് ..ഞങ്ങൾ തലസ്ഥാനത്തു ആദ്യമായിട്ടാണ് ..നഗര തിരക്കുകൾ , ഓഫീസിലേക്ക് പായുന്നവർ ,റോഡിൽ പലയിടത്തു അമ്പലങ്ങൾ, ചീറിപ്പായുന്ന ബസ്സുകൾ ,ആംബുലൻസ്, തെരുവോരങ്ങളിലെ ഭിക്ഷാടകർ,കച്ചവടക്കാർ ,ഒപ്പം ആശ്വാസത്തിനു തണൽ മരങ്ങളും . ഞങ്ങൾ രാജൻ അങ്കിളിന്റെ വീട്ടിലേക്കു തിരിച്ചു , ഒരാഴ്ചയൊക്കെ അവിടെ തങ്ങേണ്ടി വരും, യൂണിവേഴ്സിറ്റി കോളേജിൽ , ഹ്യൂമാനിറ്റീസ് ഐച്ഛിക വിഷമായി ബിരുദത്തിനു ചേരാൻ ഞാൻ തീരുമാനിച്ചു .അമ്മ അച്ഛന്റെ സഹോദരിയോപ്പം തങ്ങിക്കോളും എന്ന ആശ്വാസമുണ്ട് .
അഡ്മിഷന്റെ കാര്യം എല്ലാം ശരിയായി .അച്ഛൻ രണ്ടു നാൾ കൂടെ തങ്ങി , എന്നെ ലേഡീസ് ഹോസ്റ്റലിൽ ആക്കിയിട്ടു നാട്ടിലേക്കു യാത്രയായി . പോകാൻ നേരം, സങ്കടം കാട്ടാതിരിക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചു .എന്നിൽ മൗനത്തിനു പകരം വാചാലത നിറഞ്ഞതു അച്ഛനെ സന്തോഷിപ്പിച്ചു കാണണം , അതായിരുന്നു അച്ഛന് വേണ്ടത് , എനിക്കറിയാം .അച്ഛൻ മാസത്തിലൊരിക്കൽ വരും, എന്നും ഫോൺ ചെയ്യും വീട്ടിലേക്ക് , അങ്ങനെ നാളുകൾ കടന്നു പോയി .അങ്ങനെ ഇരിക്കെയാണ് കോളേജിൽ എൻ .എസ് .എസ് -ന്റെ സെൽ വിദ്യാർഥികളെ ക്ഷണിക്കുന്നു എന്ന അറിയിപ്പു ലഭിച്ചത് .ഞാൻ ആഗ്രഹിച്ച നിമിഷം .
ഞങ്ങൾ കുറെ കൂട്ടുകാർ അതിൽ ഒരു യൂണിറ്റിൽ വോളന്റീർസ് ആയി . ഓരോ യൂണിറ്റിനും ഓരോ ടാസ്ക് നിശ്ചയിച്ചിട്ടുണ്ട് .അതിൽ എന്റെ ടീമിന്റെ കർത്തവ്യം, മെന്റലി ചലഞ്ചേഡ് ആയിട്ടുള്ളവരെ , അവരെ പാർപ്പിച്ചിരിക്കുന്ന ആതുരാലയത്തിൽ പോയി കാണുകയും.ശുശ്രൂഷിക്കുകയും എന്നതാണ് .എനിക്കും കൂട്ടുകാർക്കും, വളരെ അപരിചിതമായ മേഖല , പക്ഷെ ആകാംക്ഷ ഉണ്ടാക്കുന്നതും. ടീമിലെ ചില പെൺകുട്ടികൾക്ക് ഭയവും ഉണ്ടായിരുന്നു .പക്ഷെ ഞങ്ങളുടെ ലീഡർ ധൈര്യം തന്നു കൊണ്ടേയിരുന്നു .അങ്ങനെ ഞങ്ങൾ ആതുരാലയത്തിൽ നിശ്ചയിച്ച പ്രകാരമെത്തി .അതി തീവ്രമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നവരെ പ്രത്യേകം സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഓരോ രോഗിയും എന്ന് പറയുവാൻ, മനസ്സ് അനുവദിച്ചില്ല , ഞങ്ങളിൽ നിന്നുമൊക്കെ നക്ഷത്ര യുഗങ്ങൾക്കപ്പുറമാണെന്നു തോന്നി പോകും.അവരുടെ കണ്ണുകളിലെ കാഴ്ച മറഞ്ഞു പോയ ഓർമകളുടെ ജഡമാം പാട മറച്ചിരുന്നു .ചെവി തുളക്കും വിധത്തിൽ അലർച്ചയും കേൾക്കാം .എനിക്കറിയില്ല , അവർ എന്ത് കണ്ടു ഭയപ്പെട്ടിട്ടാണെന്നു , പാവങ്ങൾ . എന്തായാലും ,ഇവരെല്ലാം "മനസ്സുള്ളവർ " ആണ് , അത് കൊണ്ടാണ് അവർ ചില സാഹചര്യങ്ങളിൽ അടിപ്പെട്ട് ഇങ്ങനെ ആയത് . പക്ഷെ ഒരു രോഗവും ഇല്ലാത്ത അഴിക്കു പുറത്തെ ചിലർ കാട്ടി കൂട്ടുന്നത് കാണുമ്പോൾ , യഥാർത്ഥ അഴിക്കുള്ളിൽ ഉള്ള പാവങ്ങളായ ഇവർ ആണ് അവരുടേതായ ലോകത്തു ശരിക്കുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നു തോന്നി പോകും .
ഗ്രൂപ്പ് ആയി തിരിഞ്ഞു ഓരോ വ്യക്തിയുമായി ഇടപെടാൻ തുടങ്ങി .വളരെ ശ്രമകരമായിരുന്നു ആദ്യമൊക്കെ.പിന്നീട് അവർക്കു ഞങ്ങൾ അപരിചിതർ അല്ലാതായി മാറി .സ്നേഹത്തോടെ ഞാൻ എന്റെ കർമം നിർവഹിച്ചു . സ്വന്തം സഹോദരൻ/സഹോദരി/'അമ്മ/അച്ഛൻ അങ്ങനെയുള്ള തലത്തിൽ അവരെ സങ്കല്പിച്ചു .ഒരു തലോടൽ, ഒരു ഗാനം , ഓരോരുത്തരുടെയും താത്പര്യം കണ്ടു പിടിച്ചു അവരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു.ഇതൊക്കെ സ്ഥിരമായി നടന്നെങ്കിൽ, എത്ര പുരോഗതി ഉണ്ടാവുമായിരുന്നു എന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു .ഏറ്റവും നിസ്സഹായരാണവർ , കുഞ്ഞുങ്ങളെ പോലെ, സ്വയം ജീവിക്കുന്നുണ്ടോ എന്ന് പോലും അറിയാത്തവർ . അങ്ങനെയിരിക്കെ ലീഡർ പറഞ്ഞതനുസരിച്ചു , സെല്ലിൽ പാർപ്പിച്ചിരിക്കുന്നവരെ സന്ദർശിക്കേണ്ട സന്ദർഭം വന്നു .അതിൽ ആദ്യത്തെ സെൽ സന്ദർശിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ നിയുക്തപ്പെട്ടത് ഞാനായിരുന്നു .അങ്ങനെ ഞാൻ , സെല്ലിലുള്ളയാളുടെ പേരും മറ്റു വിവരവും ഒക്കെ ശേഖരിച്ചു , അവിടേക്കു യാത്രയായി .പവിത്രൻ എന്നാണ് അയാളുടെ പേര് .കവിതകളൊക്കെ എഴുതുന്ന ആളായിരുന്നത്രെ . എന്ത് കൊണ്ട് ഇങ്ങനെ ആയി, അതിന്റെ
വിശദ വിവരങ്ങൾ ഡോക്ടർക്ക് മാത്രം അറിയാം .ഞാൻ ആ സെല്ലിന്റെ മുന്നിൽ എത്തിയപ്പോൾ കണ്ട കാഴ്ച അതി ഭീകരമായിരുന്നു , അയാൾ സ്വന്തം കൈ കടിച്ചു പറിക്കുന്നു .ഏതു കണ്ടിട്ടും മനസ്സ് പതറാതെ ഞാൻ , പവിത്രാ എന്നൊന്ന് വിളിച്ചു നോക്കി .കലങ്ങിയ കണ്ണോടെ, രൗദ്ര ഭാവത്തോടെ , അലറി കൊണ്ടയാൾ സെല്ലിന്റെ അഴികളിലൂടെ കൈ നീട്ടി കൊണ്ട് വന്നു .ഇല്ല, എനിക്ക് പവിത്രന്റെ താഴിട്ടു പൂട്ടിയ മനസ്സിലേക്ക് പ്രവേശിക്കാനാവില്ല ,ഈ സംഭവം എന്നെ വല്ലാതെ ഉലച്ചു
.എന്ത് റിപ്പോർട്ട് ആണ് തയ്യാറാക്കുക , ഞാൻ ലീഡറോട് ചോദിച്ചു . അദ്ദേഹം പറഞ്ഞു , പവിത്രനോട് മനസിന്റെ ഭാഷയിൽ സംസാരിക്കുന്ന നമ്മുടെ സെല്ലിലെ സീനിയർ പ്രവർത്തകനായ ബാലു മാസ്റ്റർ ഉണ്ട്.അദ്ദേഹത്തെ സമീപിച്ചു , കാര്യങ്ങൾ ആരായുക.അങ്ങനെ ഞാൻ മാസ്റ്ററെ സന്ദർശിച്ചു .അദ്ദേഹം ഒരു ബുജിയാണ് , നീണ്ട നരച്ച താടിയും, കണ്ണിൽ അനുതാപവും ഒക്കെ ഉള്ള നല്ല ഒരു മനുഷ്യൻ . അദ്ദേഹം സൗമ്യമായി എന്നെ സ്വീകരിച്ചു,കാര്യങ്ങൾ ആരാഞ്ഞു .പൊതുവെ സെല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, അതിലേക്കു എന്താണ് ആകൃഷ്ടയാക്കിയത് എന്താണെന്നും മറ്റും .ഞാൻ ചെറുപ്പത്തിലേ മുതലുള്ള എന്റെ വീക്ഷണമൊക്കെ മാസ്റ്ററോട് പറഞ്ഞു .അദ്ദേഹം പറഞ്ഞു സബാഷ് , ഇങ്ങനെ തന്നെ മുന്നോട്ടു പൊക്കൊളു , കൂടെ പഠിത്തവും കൊണ്ട് പോകണം , എന്നാൽ കഴിയുന്ന എല്ലാ സഹായവും ഞാൻ ചെയ്തു തരാം .
തുടർന്ന് പവിത്രനെ കുറിച്ച് ഞാൻ ആരാഞ്ഞു . പവിത്രൻ ,എരുമേലി സ്വദേശി , സാഹിത്യകാരനായിരുന്നു , ഇതൊക്കെ ചരിത്രം .അയാൾക്ക്‌ ഭാര്യയും , രണ്ടു കുട്ടികളുമുണ്ട് .ഇവിടെ എത്തിയിട്ട് പത്തു വർഷമായി .വളരെ ദയനീയമായ , ചിത്ത ഭ്രമത്തിന്റെ കൊടുമുടിയിലെത്തിയ അവസ്‌ഥയിലായിരുന്നു ഇവിടെ കൊണ്ട് വന്നത് .തുടർന്ന് കാല ക്രമേണ, ചികിത്സാ കൊണ്ട് , ചെറിയ രീതിയിൽ മാറ്റം വന്നിട്ടുണ്ട് , പക്ഷെ ഇപ്പോഴും അയാൾ രക്ഷപെടും എന്ന് പ്രതീക്ഷയില്ല , ഏതു നിമിഷവും നിരീക്ഷണം ആവശ്യമുള്ളയാൾ .പവിത്രൻ ഇങ്ങനെ ആവാനുള്ള സാഹചര്യം എന്താണ് മാസ്റ്റർ ?.അത്, പവിത്രന് ഭാര്യ അറിയാതെ ഒരു അടുത്ത സൗഹൃദമുണ്ടായിരുന്നു , ഒരു സ്ത്രീയുമായി .അവർ വിവാഹിതയാണ് , പവിത്രന്റെ രചനകളെ സ്നേഹിച്ച സ്ത്രീ . അവർ തമ്മിലുള്ള സൗഹൃദം വളരെ സുതാര്യമായ ഒന്നായിരുന്നു . പക്ഷെ ആ സ്ത്രീയുടെ ഭർത്താവു , പവിത്രനുമായുള്ള അവരുടെ സൗഹൃദം അറിഞ്ഞു .അയാൾ ചെയ്തത്- മുൻപിൻ ഒന്നും ആലോചിക്കാതെ , ഒന്ന് തുറന്നു സംസാരിക്കാതെ , അയാൾ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി , അതി ഭീകരമായി തന്നെ .ഒടുവിൽ പോലീസിന് കീഴടങ്ങിയയാൾ .സ്വന്തം സുഹൃത്തിനു വന്ന ദുര്യോഗം, അതും താൻ കാരണം എന്ന ചിന്തയാണ് പവിത്രനെ ഈ വിധമാക്കിയത് .
ഞാൻ മാസ്റ്ററോട് , താൻ സെല്ലഴികൾക്കുളിൽ കണ്ട കാഴ്ച യെ കുറിച്ച് പറഞ്ഞു . അതെ , അയാൾ അങ്ങനത്തെ മാനസിക അവസ്‌ഥയിലാണ്‌ , സ്വന്തമായി മുറിവേല്പിക്കുക .മാസ്റ്റർ പറഞ്ഞു, അദ്ദേഹം ചെല്ലുമ്പോൾ, പവിത്രൻ ദയനീയമായൊരു നോട്ടമെറിയുമത്രെ .മാസ്റ്ററിന്റെ അടുത്ത് പവിത്രൻ അനുസരണയുള്ള കുട്ടിയാണ് .ഇതെല്ലം കേട്ട് എന്റെ മനസ്സ് തേങ്ങി .
മാസ്റ്റർ ഇങ്ങനെ പല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന ആളാണ് .അഗതികളായ ചേരിയിൽ താമസിക്കുന്നവർക്ക്‌ സഹായം എത്തിക്കുക , ആത്മഹത്യ പ്രവണതയുള്ള ആൾക്കാരെ ബോധവൽക്കരിക്കുക , പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ/പെൺകുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുക ,പിന്നാക്ക സമുദായക്കാരെ സെല്ലിന്റെ പ്രവർത്തകരാക്കുക ,വൃദ്ധ ജനങ്ങൾക്ക് സ്വാന്തനമേകുക ,രോഗികൾക്ക് പ്രതീക്ഷ നൽകുക തുടങ്ങിയ സേവനങ്ങൾ .ഞാനും , അങ്ങനെ മാഷിന്റെ പ്രവർത്തനങ്ങളിൽ സജീവ ഭാഗമായി മാറി .ഓരോ മേഖലകളിലും മറക്കാൻ സാധിക്കാത്ത , ഒട്ടനവധി മുഖങ്ങൾ , എന്റെ മനസ്സിൽ സ്നേഹം ,കരുണ എന്നീ വികാരങ്ങൾ അതി ശക്തമായി പ്രവഹിക്കാൻ തുടങ്ങി .പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിച്ചു .മാസ്റ്റർ എന്നെ അഭിനന്ദിച്ചു .
ഒരു സന്തോഷ വാർത്ത കൂടെയുണ്ട് . തുടർച്ചയായ ഞങ്ങളുടെ (മാസ്റ്ററിന്റെ നേതൃത്വത്തിൽ )കൗൺസിലിങ്ങിൽ കൂടെയും , വിദഗ്ധ ചികിത്സ ലഭ്യമാക്കിയും , പവിത്രനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിച്ചു.പവിത്രന്റെ കുടുംബത്തിന്റെ നന്ദി വാക്കുകൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . പവിത്രൻ ഇനി അഴികൾക്കപ്പുറത്തെ ലോകത്തേക്ക്, നന്മയുടെ വെളിച്ചമായി , അക്ഷരങ്ങളുടെ ലോകത്തിലേക്ക് .
.2015 -ലെ മികച്ച എൻ.എസ് .എസ് കോളേജ് വിഭാഗം പ്രവർത്തകക്കുള്ള അവാർഡ് എനിക്ക് ലഭിച്ചു ഇതു കാണുവാൻ അച്ഛനും , അമ്മയും എത്തി .മാസ്റ്ററും അഭിമാനത്തോടെ , ചടങ്ങിൽ സന്നിഹിതനായിരുന്നു .അച്ഛന്റെ കണ്ണിലെ , തിളക്കം, എനിക്ക് കാണാമായിരുന്നു , സ്റ്റേജിൽ നിന്ന് തന്നെ .അതെ എന്റെ ചിന്തകൾ പറിച്ചു നട്ടത് അച്ഛന്റെ നേരുള്ള മനസ്സിൽ നിന്നാണ് .
ഇനിയും ഞാൻ മുന്നോട്ടു തന്നെ...എന്നിലൂടെ നിങ്ങളെ അറിയിക്കാൻ ...
PS- :- പ്രസ്തുത രചനയിലെ കഥാപാത്രങ്ങളും , കഥാ സന്ദർഭവും സാങ്കല്പികം മാത്രം എന്ന് അറിയിച്ചു കൊള്ളട്ടെ .
സംഗീത .എസ് .ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot