Slider

വിഷുകൈനീട്ടം

0

സുമംഗല ഒരുപാടു നാളുകൾക്കു ശേഷമാണ് തമിഴ് നാട്ടിലെ തന്റെ വീട്ടിൽ നിന്ന് അമ്മയുടെ തറവാട്ടിലേക്ക് എത്തുന്നത്.വിവാഹിത ആയതിനു ശേഷം അതിനൊന്നും സാധിച്ചിരുന്നില്ല.ഈ വർഷം എന്താണേലും വന്നിട്ടെ ഉള്ളെന്നു വിചാരിച്ചു നന്ദേട്ടനെയും മക്കളെയും കൂട്ടി പോന്നു.നന്ദേട്ടനു അത്രക്കങ്ങോട്ടു പിടിച്ചിട്ടില്ല ഈ യാത്ര.എങ്കിലും സുമംഗലയുടെ കാലുപിടിത്തത്തിന്റെ ശക്തി കൊണ്ട് സമ്മതിച്ചു.മക്കൾക്ക് സന്തോഷം.അവർ തറവാട്ടിലാകെ ഓടി നടന്നു.
അമ്മായി ഉണ്ടാക്കിയ ഉണ്ണിയപ്പവും എടുത്തു വന്ന സുമംഗലയോട് നാലുകെട്ടിലെ നടുമുറ്റത്തിരുന്നു മുറുക്കാൻ ഇടിച്ചുകൊണ്ടിരുന്ന മുത്തശ്ശി എനിക്കും നിങ്ങളുടെ കൂടെ ഒന്ന് വന്നു കുറച്ചുദിവസം താമസിക്കണമെന്നുണ്ട്.അച്ഛനും അമ്മയും ചെറുപ്പത്തിലേ തന്നെ മുത്തശ്ശിയെ വളർത്താൻ ഏല്പിച്ചിട്ടാണ് അമേരിക്കയിലേക്ക് ജോലിക്കായി ചേക്കേറിയത്.
തന്നെ വളർത്തിയത് മുത്തശ്ശിയാണ്.മുത്തശ്ശിയോട് പറ്റില്ല എന്ന് എങ്ങനെ പറയും സുമംഗല ആലോചിച്ചു.നന്ദേട്ടനോട് ചോദിച്ചു നോക്കാം.സമ്മതിക്കുമോ ആവോ.എന്തായാലും ചോദിക്കുക തന്നെ .
സുമംഗലയുടെ നിർബന്ധവും കുട്ടികളുടെ വാശിയും ഒടുവിൽ നന്ദേട്ടൻ സമ്മതം മൂളി.അങ്ങനെ എണ്പതുകഴിഞ്ഞ മുത്തശ്ശിയെയും കൊണ്ട് തിരിച്ചു.വിഷു അടുത്ത് വരുന്നു.ഈ വർഷം ഏതായാലും മുത്തശ്ശി കൂടെ ഉണ്ടല്ലോ സുമംഗലക്കു സന്തോഷമായി.വലിയ കൃഷ്ണ ഭക്തയാണു മുത്തശ്ശി.കൊച്ചുകുട്ടികളോട്കൃഷ്ണകഥകൾ പറയുകയാണ് മുത്തശ്ശിയുടെ പ്രധാന പരിപാടി.സുമംഗലയുടെ മക്കൾക്കും പറഞ്ഞുകൊടുത്തു കുറേ കഥകൾ.കുട്ടികൾ അതൊക്കെ കേട്ട് മുത്തശ്ശിയുടെ കൂടെ കൂടി.
നഗരത്തിൽ ജനിച്ചുവളർന്ന നന്ദേട്ടന് നാട്ടിൻപുറത്തെ സ്നേഹവും ബന്ധങ്ങളും ഒക്കെ ഒരു ഇഷ്ടമില്ലാത്ത പോലെയാണ്. മുത്തശ്ശിയോട് അത്ര താൽപ്പര്യം ഒന്നും നന്ദേട്ടന് ഉണ്ടായിരുന്നില്ല..പഴമയൊന്നും ഇഷ്ടമല്ല.ലാപ്ടോപ്പും മൊബൈൽ ഫോണുമൊക്കെ ആണ് നന്ദേട്ടന്റെ ലോകം.ആ ലോകത്തേക്ക് പോകുന്നത് സുമംഗലക്കും ഇഷ്ടമല്ലായിരുന്നു .നന്ദേട്ടന്റെ ഇഷ്ടക്കേടൊന്നും അത്രകാര്യമായി എടുത്തില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി .വിഷു ത്തലേന്നായി.കണി ഒരുക്കാനുള്ള തയ്യാറെടുപ്പായി .കണിവെള്ളരി പഴങ്ങൾ പച്ചക്കറികൾ ക്കെ എടുത്തു വെച്ചു.മുത്തശ്ശി ചെറുപ്പത്തിൽ വിഷുകൈനീട്ടം തന്നിരുന്ന സ്വർണ്ണ നാണങ്ങൾ ഒന്നുപോലും കളയാതെ സൂക്ഷിച്ചു വെച്ചിരുന്നു.തന്റെ കുറച്ഛ് ആഭരണങ്ങളുംകൂടി വെച്ചേക്കാം .സുമംഗലയും മുത്തശ്ശിയും കൂടി കണി എല്ലാം ഒരുക്കിവെച്ചു.
പുലർച്ചെ നാലുമണിക്ക് ഉണർന്നു കണികണ്ടുതെഴുതു.മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി.കൂടെ മുത്തശ്ശിയുടെ വക ഒരു പ്രാർത്ഥനയും.എന്റെ കൃഷ്ണ എത്രനാളായി നിന്നെ ഞാൻ പൂജിക്കുന്നു.എന്റെ മുന്നിലേക്ക് എന്നാണോന്നു വരിക.മുത്തശ്ശിയുടെ ഭക്തികണ്ടു നന്ദേട്ടനും കുട്ടികളും ചിരിച്ചു.
വിഷുവല്ലേ അടുത്തുള്ള അമ്പലത്തിൽ ഒന്ന് പോയി വരാം.മുത്തശ്ശി വരുന്നില്ലന്നു പറഞ്ഞു.ഞാൻ ഇവിടെ ഇരുന്നു കണ്ണനെ വിളിച്ചോളാം എന്ന് പറഞ്ഞു നാമം ജപവും തുടങ്ങി.
മുത്തശ്ശിയെ വീട്ടിൽ ഇരുത്തി നന്ദേട്ടനും മക്കളെയും കൂട്ടി അമ്പലത്തിലേക്ക് പുറപ്പെട്ടു സുമംഗല.അമ്പലത്തിൽ പോയി എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.പ്രത്യേകിച്ചു തന്റെ മുത്തശ്ശിക്ക് വേണ്ടിയും.
തിരിച്ചു വീട്ടിൽ എത്തിയ സുമംഗലയോട് മുത്തശ്ശി കൂപ്പിയ കൈയ്യോടെ എന്റെ ഭഗവാൻ എന്നെ കാണാൻ വന്നു മോളെ.നിന്റെ അടുത്തു വന്നിട്ടു എനിക്കാ ഭാഗ്യം വന്നല്ലോ എന്ന് പറഞ്ഞു കരയുന്നു.ഭഗവാന് ഞാൻ കാണിവെച്ചിരുന്നതെല്ലാം എടുത്തു കൊടുത്തു മോളെ.നിന്റെ ഭാഗ്യമാണ് നിന്റെ വീട്ടിൽ ഭഗവാൻ വന്നത് മുത്തശ്ശി സന്തോഷത്തോടെ പറയുകയാണ്.
സുമംഗല എന്താണ് നടന്നതെന്നറിയാതെ ആലോചിച്ചു.മുത്തശ്ശി സ്വപ്നം കണ്ടതാണോ.അതോ വല്ല മറവിയും ആണോ.ഏതായാലും പൂജാമുറിയിൽ പോയി നോക്കാം.
ഒറ്റ ഓട്ടത്തിനു പൂജാമുറിയിൽ എത്തി പിന്നാലെ നന്ദേട്ടനും കുട്ടികളും.സത്യമാണ് കാണിവെച്ചിരുന്ന നാണയം ഉൾപ്പെടെ ഒന്നും കാണാനില്ല.
തലചുറ്റുന്നപോലെ തോന്നി സുമംഗലക്കു.അപ്പോളാണ് ഓർമ്മ വന്നത് തമിഴ് നാട്ടിൽ വിശേഷ ദിവസങ്ങളിലൊക്കെ ഒരുകൂട്ടം ആളുകൾ ഭഗവാൻമാരുടെ വേഷം കെട്ടി വീടുകളുടെ മുന്നിൽ വന്നു നിൽക്കും.അതിൽ കൃഷ്ണനും രാമനും ഹനുമാനും ശിവനും എന്നുവേണ്ട ഒട്ടുമിക്ക ദേവീദേവൻമാരും കാണും. ആളുകളുടെ ഭക്തി മുതലെടുത്തു കാശുണ്ടാക്കുകയാണ് ഉദ്ദേശം.അതിലൊരു കൃഷ്ണനാണ് മുത്തശ്ശിയെയും അനുഗ്രഹിച്ചു തന്റെ സ്വർണ്ണ നാണയങ്ങളും കൊണ്ട് പോയത്.നന്ദേട്ടന്റെ ഒരു ആവശ്യത്തിനു ചോദിച്ചിട്ട് പോലും കൊടുക്കാത്ത തന്റെ സമ്പാദ്യമാണ് കള്ള കൃഷ്ണൻ മുത്തശ്ശിക്ക് അനുഗ്രഹവും കൊടുത്തു അടിച്ചുമാറ്റികൊണ്ടു പോയത്.
അതോടെ നന്ദേട്ടന്റെ അതുവരെ ഉള്ള ദേഷ്യം എല്ലാം തീർത്തു സുമംഗലക്കു നല്ല അനുഗ്രഹവും വിഷുകൈനീട്ടവും കിട്ടി.വിഷുക്കണി ഗംഭീരമായി.മുത്തശ്ശിയെ തറവാട്ടിലേക്ക് പിറ്റേന്ന് തന്നെ കൊണ്ടുചെന്നു വിട്ടു.മുത്തശ്ശിക്ക് പറയാൻ പുതിയ ഒരു കൃഷ്ണ കഥയും ആയി.
🌹മഞ്ജുഅഭിനേഷ്🌹
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo