നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൗമിനിയേച്ചി ഒരു പാവമായിരുന്നു


ജൻമനാ മുടന്തുള്ള ഇടത്തെ ക്കാലും തൂക്കി അഞ്ച് പശുക്കളുടെയും ,രണ്ട് കിടാങ്ങളുടെയും പിന്നെ വാസുവേട്ടന്റെയും കാര്യങ്ങൾ വളരെ ഭംഗിയായ് തന്നെ ആ സ്ത്രീ നോക്കി നടത്തി ...
ഞാൻ പലവട്ടം അവരോട് ചോദിച്ചിട്ടുണ്ട് ...
" ഇട്ട് മൂടാനുള സ്വത്തുണ്ട് . ആകെയുള്ളത് ഒറ്റമോൾ ... പിന്നെ നിങ്ങൾ എന്ത് കാര്യത്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് " ......
അപ്പോൾ അവരുടെ മറുപടി സ്ഥിരം പല്ലവി തന്നെ ... എനിക്കത് കാണാ പാഠമായിരുന്നു ...
"എടാ രാഹുലേ , എന്നെ വാസുവേട്ടൻ കെട്ടിക്കൊണ്ടു വരുമ്പോൾ എനിക്ക് വയസ്സ് പതിനെട്ടാ ... ഉടുതുണിക്ക് മറുതുണി ഇല്ലായിരുന്നു അന്ന് ...വാസുവേട്ടന് കൂലിപ്പണിയായിരുന്നു .... ഞങ്ങള് രണ്ടു പേരും രാപ്പകലില്ലാതെ കഷ്ടപ്പെട്ടു തന്നെയാ ഈ കാണുന്നതൊക്കെ ഉണ്ടാക്കീത് ....പണിയെടുത്ത് തഴമ്പിച്ച ശരീരമാ ചുമ്മാതിരുന്നാൽ നീർക്കെട്ട് വരും " .
എന്നിട്ട് കോന്ത്രപ്പല്ലു കാട്ടി ഒരു ചിരിയുമങ്ങ് പാസ്സാക്കും ....
അവരെ കെട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് പോലും വാസുവേട്ടന് നല്ല കാലം അടങ്ങിയത് .... ഷാപ്പിൽ ജോലിക്കാരനായി നിന്ന ആള് പെട്ടെന്നല്ലേ പണക്കാരനായത് .... ഇന്നയാൾ മൂന്നു ഷാപ്പിന്റെ മുതലാളിയാണ് ....
നാട്ടുകാർ പറയുന്നത് അയാൾ ജോലി ചെയ്തിരുന്ന സമയത്ത് ഒന്നു മിനുങ്ങാൻ വേണ്ടി ഷാപ്പിൽ വന്ന ഏതോ മുതലാളിയുടെ ക്യാഷ് ബാഗ് അടിച്ചു മാറ്റിയതാണെന്നാണ് ..
കള്ളിന്റെ കെട്ടൊക്കെ ഇറങ്ങിയപ്പോൾ മുതലാളി വന്ന് താണു കേണപേക്ഷിച്ചു പോലും ...
"ടാ വാസുവേ , അറിയാണ്ടെങ്ങാനും നീയെടുത്തു വെച്ചിട്ടുണ്ടെങ്കിൽ ഇങ്ങ് തന്നേരേ .... ഒരു വീതം ഞാൻ നിനക്കും തരാമെടാ ..."
വാസു കൈ മലർത്തി ..... പാവം മുതലാളി .അങ്ങേരെ പിന്നെ ആരും കണ്ടവരില്ല ....
എന്നോടീ കഥകളൊക്കെ പ്പറയുന്നത് പറമ്പ് കിളക്കാൻ വരുന്ന നാണുവാശാനാണ് ....
സൗമിനിമേച്ചിയുടെ വീടിന്റെ മുകളിലെ നിലയിലെ ഒരു റൂമിൽ ഞാൻ വാടകക്കാരനായ് കയറിക്കൂട്ടിയിട്ട് വർഷം ഒന്നല്ലേ ആയിട്ടുള്ളൂ ..... ആദ്യമൊന്നും ബാച്ചിലറായ എനിക്ക് റൂം തരുന്നതിൽ അവർക്ക് തെല്ലും മനസ്സുണ്ടായിരുന്നില്ല ..... അന്നെന്നോട് ഇങ്ങനെയാണ് സംസാരിച്ചത് ..
" കൊച്ചിന് പ്രത്യേകിച്ച് പണി ഒന്നുമില്ല.. എഴുത്തും കുത്തുമായി നടന്നിട്ടെന്നാ കിട്ടാനാ ? അല്ലെങ്കിലും എനിക്കീ എഴുത്തുകാരെ കണ്ടു കൂടാ... ഇവറ്റകൾക്ക് കുളീം ,നനേം ഒന്നുമില്ല"...
എഴുത്തുകാരെക്കുറിച്ച് ഈ സ്ത്രീ ഇങ്ങനെയൊക്കെയാണല്ലോ മനസ്സിലാക്കി വെച്ചേക്കുന്നത് .എനിക്കവരോട് പുച്ഛമല്ല സഹതാപമാണ് തോന്നിയത് .. എങ്കിലും മറുപടി അവരെ സന്തോഷിപ്പിക്കാൻ തരത്തിലാവണമല്ലോ. ? അതു കൊണ്ട് ഞാനിങ്ങനെ പറഞ്ഞു ...
" ചേച്ചി നല്ല തമാശക്കാരിയാണല്ലോ ? എന്റെയീ രൂപം നോക്കൂ ..
എന്നെ കണ്ടാൽ കുളീം ,നനേം ഇല്ലാത്തോനാണെന്ന് തോന്നുമോ ? മാത്രമല്ല ഞാൻ കുടിക്കില്ല, വലിക്കില്ല ... കൂട്ടുകാരില്ല ... പിന്നെ ഈശ്വര വിശ്വാസിയുമാണ് .. അഴ്ചയിൽ രണ്ട് ദിവസം ക്ഷേത്രത്തിലും പോകും ....
അവസാനം പറഞ്ഞ കള്ളം അവർക്കിഷ്ടപ്പെട്ടിരിക്കണം .....കോന്ത്ര പ്പല്ലു കാട്ടിച്ചിരിച്ചപ്പോൾ എനിക്ക് സമാധാനമായി .....
നേരം വെളുക്കുന്നതു മുതൽ ഉറങ്ങുന്നതു വരെ ചാണകത്തിലും ,ഗോമൂത്രത്തിലും പിരണ്ട് നടക്കുന്ന ആ സ്ത്രീക്ക് നല്ല ഒരു ഹൃദയമുണ്ടെന്ന് എനിക്ക് മനസ്സിലാകാൻ തുടങ്ങി .....
വാസുവേട്ടന്റെയൊപ്പം പത്തിരുപത്തഞ്ച് കൊല്ലം ജീവിക്കണമെങ്കിൽ ചില്ലറക്കാരെ കൊണ്ട് പറ്റുമോ ?... പകൽ ആ മനുഷ്യനെ വെളി വോടെ കണ്ടിട്ടില്ല .. ഉപ്പന്റെ പോലെ ചുവന്നിരിക്കും കണ്ണുകൾ സദാ ..... അടുത്തു ചെന്നാൽ പുളിച്ച കള്ളിന്റെ നാറ്റം .. എന്നോട് വളരെ വിരളമായേ സംസാരിക്കാറുമുള്ളൂ ...
ഒരു ദിവസം ഞാൻ , സൗമിനിചേച്ചി തൊഴുത്തിൽ തെന്നി വീണ ദിവസം വിവരം പറയാൻ ഷാപ്പിലേക്കോടി .ഭാഗ്യത്തിന് വീടിനടുത്തുള്ള ഷാപ്പിൽത്തന്നെ വാസുവേട്ടനെ കണ്ടു കിട്ടി ... അടുക്കി വെച്ച കുപ്പികൾക്കും ,ഗ്ലാസ്സുകൾക്കുമിടയിൽ ധ്യാനനിമഗ്നനായ് ഇരിക്കുകയാണെന്ന് തോന്നി ആ മനുഷ്യൻ ....
ആ സംഭവത്തിനു ശേഷമാണ് അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങിയത് .....
നല്ല തോട്ടുമീൻ കുടംപുളിയൊക്കെയിട്ട് കറി വെക്കുന്ന ദിവസം വാസുവേട്ടൻ സൗമിനിയേച്ചിയോട് പറയുമത്രേ ...
" ആ ചെക്കനും കൂടി ഇച്ചിരി കൊടുത്തേക്ക് " ....
അവരുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അവരുടെ കറിയൊക്കെ തിന്ന് ശരീരം നന്നാക്കാൻ വന്നതാണെന്ന് .... എന്റെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു .... എങ്ങനെയെങ്കിലും ആ വീട്ടിൽ കയറിപ്പറ്റുക ... അവരുടെ വിശ്വാസപാത്രമാകുക ..ഒടുവിൽ ഉദ്ദേശിച്ചത് സാധിക്കുക ..
ഒരു ദിവസം പല്ലുതേച്ചു കൊണ്ടിരിക്കുമ്പോഴാണ് കീഴെ നിന്ന് സൗമിനിയേച്ചി വിളിച്ചു കൂവുന്നത് ....
" രാഹുലേ , നാളെ ഞങ്ങടെ മീനാക്ഷി വരുവാ " ....
"ഓ ! ... അവള് വന്നാ എനിക്കെന്നാ .കണ്ടാലൊന്ന് ചിരിക്കുക കൂടി ഇല്ല .പട്ടണത്തിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികളും അവളെപ്പോലെ പത്രാസുകാരാണോ ? ഞാൻ മനസ്സിൽ ചോദിച്ചു....
അന്നു രാത്രി എന്റെ ലക്ഷ്യം നേടാൻ എനിക്ക് പറ്റിയ ഒരവസരം കൈവന്നിരുന്നു ... മൂക്കറ്റം കുടിച്ചിട്ടാണ് വാസുവേട്ടൻ അന്ന് വന്നത് .. പതിവില്ലാതെ മുകളിലേക്കുള്ള കോണിപ്പടികൾ അയാൾ കയറി വരുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി ....
പുളിച്ച കള്ളിന്റെ മനം പിരട്ടുന്ന മണം .... പുകവലിക്കുന്നത് എനിക്കിഷ്ടമില്ലെന്നറിയുന്നതു കൊണ്ടാവാം ,പല തവണ സിഗററ്റെടുത്തിട്ട് കീശയിൽ തന്നെ തിരുകിയത് .....
എന്തൊക്കെയോ അയാൾ പുലമ്പിക്കൊണ്ടേ യിരുന്നു .. എന്റെ മനസ്സിൽ ഞാൻ രൂപം നല്കി യ പദ്ധതികൾ പൂർണ്ണത നേടുവാൻ വെമ്പു ക യായിരുന്നു ...
അത് ഇപ്രകാരമായിരുന്നു ...
കാലുകൾ കൃത്യമായ് തറയിലുറക്കാത്ത ഈ മനുഷ്യൻ പടിക്കെട്ടിറങ്ങുമ്പോൾ പുറകിൽ നിന്നൊരു തള്ള് ....! ഏകദേശം പത്തിരുപത് പടികളുണ്ട് .. താഴെയെത്തുമ്പോൾ നല്ല പരുവമാകും ... തലയൊക്കെ പൊട്ടി രക്തസ്രാവവും ഉണ്ടായേക്കാം ... ചിലപ്പോൾ ആ കിടപ്പിൽത്തന്നെ മരണവും സംഭവിച്ചേക്കാം .....
അയാളാണെങ്കിൽ വളവളാന്ന് സംസാരം തുടർന്നു കൊണ്ടേയിരിക്കുകയാണ് .... പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല ... എന്റെ ക്ഷമ നശിക്കാൻ തുടങ്ങിയ സമയത്താണ് താഴെ നിന്ന് സൗമിനിയേച്ചിയുടെ ശബ്ദം ....
"ദേ മനുഷ്യാ ,നിങ്ങളിങ്ങോട്ടിറങ്ങി വാന്നേ.... "
ഇറങ്ങിപ്പോകുന്നതിന് മുൻപ് എന്നോട് വേറെ പലതും പറഞ്ഞു.... അയാൾ പറഞ്ഞ ഒരു കാര്യമൊഴിച്ച് വേറെയൊന്നും എനിക്ക് ഗ്രഹിക്കാനാകില്ല ... അത് പണ്ടെന്നോ ചെയ്യാത്ത കുറ്റത്തിന് അയാളെ കള്ളനാക്കിയ മനുഷ്യരെക്കുറിച്ചായിരുന്നു ....
തള്ളിയിടാൻ വെമ്പി നിന്ന എന്റെ കൈകൾ പതിയെ പിന്നോട്ട് വലിഞ്ഞ് ചെറുതായി എന്നെ ശരീരത്തോടൊപ്പം തറയിൽ അമർന്ന് ഇല്ലാതാകാൻ തുടങ്ങിയിരുന്നു ...
വാസുവേട്ടൻ പോയതിനു ശേഷവും എനിക്ക് ചലിക്കാനായില്ല .
അന്ന് ഗ്രാമം ഉറങ്ങിക്കിടന്ന ആ രാത്രി എന്റെ സ്വന്തമായുളള സ്വപ്നങ്ങളെല്ലാമെടുത്ത് ഞാൻ യാത്ര പറയാതെ പടിയിറങ്ങി ...
എന്റെ പിതാവിന് എന്നോ നഷ്ടമായ ബാഗിനെക്കുറിച്ചല്ല ഞാനപ്പോൾ ചിന്തിച്ചിരുന്നത് .... വേറെന്തൊക്കെയോ ആയിരുന്നു .....?
Krishna kumar 28.10.2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot