Showing posts with label കൃഷ്ണകുമാർ. Show all posts
Showing posts with label കൃഷ്ണകുമാർ. Show all posts

സൗമിനിയേച്ചി ഒരു പാവമായിരുന്നു


ജൻമനാ മുടന്തുള്ള ഇടത്തെ ക്കാലും തൂക്കി അഞ്ച് പശുക്കളുടെയും ,രണ്ട് കിടാങ്ങളുടെയും പിന്നെ വാസുവേട്ടന്റെയും കാര്യങ്ങൾ വളരെ ഭംഗിയായ് തന്നെ ആ സ്ത്രീ നോക്കി നടത്തി ...
ഞാൻ പലവട്ടം അവരോട് ചോദിച്ചിട്ടുണ്ട് ...
" ഇട്ട് മൂടാനുള സ്വത്തുണ്ട് . ആകെയുള്ളത് ഒറ്റമോൾ ... പിന്നെ നിങ്ങൾ എന്ത് കാര്യത്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് " ......
അപ്പോൾ അവരുടെ മറുപടി സ്ഥിരം പല്ലവി തന്നെ ... എനിക്കത് കാണാ പാഠമായിരുന്നു ...
"എടാ രാഹുലേ , എന്നെ വാസുവേട്ടൻ കെട്ടിക്കൊണ്ടു വരുമ്പോൾ എനിക്ക് വയസ്സ് പതിനെട്ടാ ... ഉടുതുണിക്ക് മറുതുണി ഇല്ലായിരുന്നു അന്ന് ...വാസുവേട്ടന് കൂലിപ്പണിയായിരുന്നു .... ഞങ്ങള് രണ്ടു പേരും രാപ്പകലില്ലാതെ കഷ്ടപ്പെട്ടു തന്നെയാ ഈ കാണുന്നതൊക്കെ ഉണ്ടാക്കീത് ....പണിയെടുത്ത് തഴമ്പിച്ച ശരീരമാ ചുമ്മാതിരുന്നാൽ നീർക്കെട്ട് വരും " .
എന്നിട്ട് കോന്ത്രപ്പല്ലു കാട്ടി ഒരു ചിരിയുമങ്ങ് പാസ്സാക്കും ....
അവരെ കെട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് പോലും വാസുവേട്ടന് നല്ല കാലം അടങ്ങിയത് .... ഷാപ്പിൽ ജോലിക്കാരനായി നിന്ന ആള് പെട്ടെന്നല്ലേ പണക്കാരനായത് .... ഇന്നയാൾ മൂന്നു ഷാപ്പിന്റെ മുതലാളിയാണ് ....
നാട്ടുകാർ പറയുന്നത് അയാൾ ജോലി ചെയ്തിരുന്ന സമയത്ത് ഒന്നു മിനുങ്ങാൻ വേണ്ടി ഷാപ്പിൽ വന്ന ഏതോ മുതലാളിയുടെ ക്യാഷ് ബാഗ് അടിച്ചു മാറ്റിയതാണെന്നാണ് ..
കള്ളിന്റെ കെട്ടൊക്കെ ഇറങ്ങിയപ്പോൾ മുതലാളി വന്ന് താണു കേണപേക്ഷിച്ചു പോലും ...
"ടാ വാസുവേ , അറിയാണ്ടെങ്ങാനും നീയെടുത്തു വെച്ചിട്ടുണ്ടെങ്കിൽ ഇങ്ങ് തന്നേരേ .... ഒരു വീതം ഞാൻ നിനക്കും തരാമെടാ ..."
വാസു കൈ മലർത്തി ..... പാവം മുതലാളി .അങ്ങേരെ പിന്നെ ആരും കണ്ടവരില്ല ....
എന്നോടീ കഥകളൊക്കെ പ്പറയുന്നത് പറമ്പ് കിളക്കാൻ വരുന്ന നാണുവാശാനാണ് ....
സൗമിനിമേച്ചിയുടെ വീടിന്റെ മുകളിലെ നിലയിലെ ഒരു റൂമിൽ ഞാൻ വാടകക്കാരനായ് കയറിക്കൂട്ടിയിട്ട് വർഷം ഒന്നല്ലേ ആയിട്ടുള്ളൂ ..... ആദ്യമൊന്നും ബാച്ചിലറായ എനിക്ക് റൂം തരുന്നതിൽ അവർക്ക് തെല്ലും മനസ്സുണ്ടായിരുന്നില്ല ..... അന്നെന്നോട് ഇങ്ങനെയാണ് സംസാരിച്ചത് ..
" കൊച്ചിന് പ്രത്യേകിച്ച് പണി ഒന്നുമില്ല.. എഴുത്തും കുത്തുമായി നടന്നിട്ടെന്നാ കിട്ടാനാ ? അല്ലെങ്കിലും എനിക്കീ എഴുത്തുകാരെ കണ്ടു കൂടാ... ഇവറ്റകൾക്ക് കുളീം ,നനേം ഒന്നുമില്ല"...
എഴുത്തുകാരെക്കുറിച്ച് ഈ സ്ത്രീ ഇങ്ങനെയൊക്കെയാണല്ലോ മനസ്സിലാക്കി വെച്ചേക്കുന്നത് .എനിക്കവരോട് പുച്ഛമല്ല സഹതാപമാണ് തോന്നിയത് .. എങ്കിലും മറുപടി അവരെ സന്തോഷിപ്പിക്കാൻ തരത്തിലാവണമല്ലോ. ? അതു കൊണ്ട് ഞാനിങ്ങനെ പറഞ്ഞു ...
" ചേച്ചി നല്ല തമാശക്കാരിയാണല്ലോ ? എന്റെയീ രൂപം നോക്കൂ ..
എന്നെ കണ്ടാൽ കുളീം ,നനേം ഇല്ലാത്തോനാണെന്ന് തോന്നുമോ ? മാത്രമല്ല ഞാൻ കുടിക്കില്ല, വലിക്കില്ല ... കൂട്ടുകാരില്ല ... പിന്നെ ഈശ്വര വിശ്വാസിയുമാണ് .. അഴ്ചയിൽ രണ്ട് ദിവസം ക്ഷേത്രത്തിലും പോകും ....
അവസാനം പറഞ്ഞ കള്ളം അവർക്കിഷ്ടപ്പെട്ടിരിക്കണം .....കോന്ത്ര പ്പല്ലു കാട്ടിച്ചിരിച്ചപ്പോൾ എനിക്ക് സമാധാനമായി .....
നേരം വെളുക്കുന്നതു മുതൽ ഉറങ്ങുന്നതു വരെ ചാണകത്തിലും ,ഗോമൂത്രത്തിലും പിരണ്ട് നടക്കുന്ന ആ സ്ത്രീക്ക് നല്ല ഒരു ഹൃദയമുണ്ടെന്ന് എനിക്ക് മനസ്സിലാകാൻ തുടങ്ങി .....
വാസുവേട്ടന്റെയൊപ്പം പത്തിരുപത്തഞ്ച് കൊല്ലം ജീവിക്കണമെങ്കിൽ ചില്ലറക്കാരെ കൊണ്ട് പറ്റുമോ ?... പകൽ ആ മനുഷ്യനെ വെളി വോടെ കണ്ടിട്ടില്ല .. ഉപ്പന്റെ പോലെ ചുവന്നിരിക്കും കണ്ണുകൾ സദാ ..... അടുത്തു ചെന്നാൽ പുളിച്ച കള്ളിന്റെ നാറ്റം .. എന്നോട് വളരെ വിരളമായേ സംസാരിക്കാറുമുള്ളൂ ...
ഒരു ദിവസം ഞാൻ , സൗമിനിചേച്ചി തൊഴുത്തിൽ തെന്നി വീണ ദിവസം വിവരം പറയാൻ ഷാപ്പിലേക്കോടി .ഭാഗ്യത്തിന് വീടിനടുത്തുള്ള ഷാപ്പിൽത്തന്നെ വാസുവേട്ടനെ കണ്ടു കിട്ടി ... അടുക്കി വെച്ച കുപ്പികൾക്കും ,ഗ്ലാസ്സുകൾക്കുമിടയിൽ ധ്യാനനിമഗ്നനായ് ഇരിക്കുകയാണെന്ന് തോന്നി ആ മനുഷ്യൻ ....
ആ സംഭവത്തിനു ശേഷമാണ് അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങിയത് .....
നല്ല തോട്ടുമീൻ കുടംപുളിയൊക്കെയിട്ട് കറി വെക്കുന്ന ദിവസം വാസുവേട്ടൻ സൗമിനിയേച്ചിയോട് പറയുമത്രേ ...
" ആ ചെക്കനും കൂടി ഇച്ചിരി കൊടുത്തേക്ക് " ....
അവരുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അവരുടെ കറിയൊക്കെ തിന്ന് ശരീരം നന്നാക്കാൻ വന്നതാണെന്ന് .... എന്റെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു .... എങ്ങനെയെങ്കിലും ആ വീട്ടിൽ കയറിപ്പറ്റുക ... അവരുടെ വിശ്വാസപാത്രമാകുക ..ഒടുവിൽ ഉദ്ദേശിച്ചത് സാധിക്കുക ..
ഒരു ദിവസം പല്ലുതേച്ചു കൊണ്ടിരിക്കുമ്പോഴാണ് കീഴെ നിന്ന് സൗമിനിയേച്ചി വിളിച്ചു കൂവുന്നത് ....
" രാഹുലേ , നാളെ ഞങ്ങടെ മീനാക്ഷി വരുവാ " ....
"ഓ ! ... അവള് വന്നാ എനിക്കെന്നാ .കണ്ടാലൊന്ന് ചിരിക്കുക കൂടി ഇല്ല .പട്ടണത്തിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികളും അവളെപ്പോലെ പത്രാസുകാരാണോ ? ഞാൻ മനസ്സിൽ ചോദിച്ചു....
അന്നു രാത്രി എന്റെ ലക്ഷ്യം നേടാൻ എനിക്ക് പറ്റിയ ഒരവസരം കൈവന്നിരുന്നു ... മൂക്കറ്റം കുടിച്ചിട്ടാണ് വാസുവേട്ടൻ അന്ന് വന്നത് .. പതിവില്ലാതെ മുകളിലേക്കുള്ള കോണിപ്പടികൾ അയാൾ കയറി വരുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി ....
പുളിച്ച കള്ളിന്റെ മനം പിരട്ടുന്ന മണം .... പുകവലിക്കുന്നത് എനിക്കിഷ്ടമില്ലെന്നറിയുന്നതു കൊണ്ടാവാം ,പല തവണ സിഗററ്റെടുത്തിട്ട് കീശയിൽ തന്നെ തിരുകിയത് .....
എന്തൊക്കെയോ അയാൾ പുലമ്പിക്കൊണ്ടേ യിരുന്നു .. എന്റെ മനസ്സിൽ ഞാൻ രൂപം നല്കി യ പദ്ധതികൾ പൂർണ്ണത നേടുവാൻ വെമ്പു ക യായിരുന്നു ...
അത് ഇപ്രകാരമായിരുന്നു ...
കാലുകൾ കൃത്യമായ് തറയിലുറക്കാത്ത ഈ മനുഷ്യൻ പടിക്കെട്ടിറങ്ങുമ്പോൾ പുറകിൽ നിന്നൊരു തള്ള് ....! ഏകദേശം പത്തിരുപത് പടികളുണ്ട് .. താഴെയെത്തുമ്പോൾ നല്ല പരുവമാകും ... തലയൊക്കെ പൊട്ടി രക്തസ്രാവവും ഉണ്ടായേക്കാം ... ചിലപ്പോൾ ആ കിടപ്പിൽത്തന്നെ മരണവും സംഭവിച്ചേക്കാം .....
അയാളാണെങ്കിൽ വളവളാന്ന് സംസാരം തുടർന്നു കൊണ്ടേയിരിക്കുകയാണ് .... പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല ... എന്റെ ക്ഷമ നശിക്കാൻ തുടങ്ങിയ സമയത്താണ് താഴെ നിന്ന് സൗമിനിയേച്ചിയുടെ ശബ്ദം ....
"ദേ മനുഷ്യാ ,നിങ്ങളിങ്ങോട്ടിറങ്ങി വാന്നേ.... "
ഇറങ്ങിപ്പോകുന്നതിന് മുൻപ് എന്നോട് വേറെ പലതും പറഞ്ഞു.... അയാൾ പറഞ്ഞ ഒരു കാര്യമൊഴിച്ച് വേറെയൊന്നും എനിക്ക് ഗ്രഹിക്കാനാകില്ല ... അത് പണ്ടെന്നോ ചെയ്യാത്ത കുറ്റത്തിന് അയാളെ കള്ളനാക്കിയ മനുഷ്യരെക്കുറിച്ചായിരുന്നു ....
തള്ളിയിടാൻ വെമ്പി നിന്ന എന്റെ കൈകൾ പതിയെ പിന്നോട്ട് വലിഞ്ഞ് ചെറുതായി എന്നെ ശരീരത്തോടൊപ്പം തറയിൽ അമർന്ന് ഇല്ലാതാകാൻ തുടങ്ങിയിരുന്നു ...
വാസുവേട്ടൻ പോയതിനു ശേഷവും എനിക്ക് ചലിക്കാനായില്ല .
അന്ന് ഗ്രാമം ഉറങ്ങിക്കിടന്ന ആ രാത്രി എന്റെ സ്വന്തമായുളള സ്വപ്നങ്ങളെല്ലാമെടുത്ത് ഞാൻ യാത്ര പറയാതെ പടിയിറങ്ങി ...
എന്റെ പിതാവിന് എന്നോ നഷ്ടമായ ബാഗിനെക്കുറിച്ചല്ല ഞാനപ്പോൾ ചിന്തിച്ചിരുന്നത് .... വേറെന്തൊക്കെയോ ആയിരുന്നു .....?
Krishna kumar 28.10.2016

തീർച്ച



രജനി ജനലിലൂടെ പുറത്തേക്കു നോക്കി നില്പു തുടങ്ങിയിട്ട് നേരമേറെയായിരുന്നു ... കാക്കകൾ കരയുന്ന ശബ്ദം കേൾക്കുന്നുണ്ടോ ?..... അവൾ കാതു കൂർപ്പിച്ചു ..
പുറത്തെ ഇരുട്ടിന്റെ കരിമ്പടത്തിനു മീതെ അവിടവിടെയായ് നിലാവിന്റെ നേർത്ത പാടകൾ ...
ഉണ്ണിയേട്ടനും ,സോനു മോനും ഇനിയും മടങ്ങിയെത്തിയിട്ടില്ല .എന്താണവർ വൈകുന്നത് ? ... എപ്പോഴാണവർ പോയത് ? എന്തിനാണ് പോയത് ?... ബൈക്കിൽക്കയറിയാണ് പോയതെന്ന് മാത്രമറിയാം ... ബാക്കിയെല്ലാം അവ്യക്തമായ പുകമറക്കുള്ളിലെ നിറമില്ലാത്ത ചിത്രങ്ങൾ .....
പോകുമ്പോൾ ഉണ്ണിയേട്ടൻ തന്നെ നോക്കി കൈ വീശിയിരുന്നോ ?... സോനു ഇറുക്കെപ്പിടിച്ചിരിക്കുകയായിരുന്നോ അച്ഛനെ ?...
എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അവൾ ആ ശ്രമങ്ങളെല്ലാം ഉപേക്ഷിച്ച് വീണ്ടും കാത് കൂർപ്പിക്കാൻ തുടങ്ങി ....
ഈയിടെയായ് ഉറക്കവും നന്നേ കുറവാണ് .. കണ്ണടച്ചാൽ കാക്ക കരയുന്ന ശബ്ദമാണ് കാതുകളിൽ .. ആദ്യം ഒരു കാക്കയുടെ കരച്ചിലിൽ നിന്നാവും തുടങ്ങുക . പിന്നീടത് വളർന്ന് നിരവധി കാക്കകളുടെ, കാക്കക്കൂട്ടങ്ങളുടെ നിലയ്ക്കാത്ത കൂട്ടക്കരച്ചിലായ് കാതിൽ മുഴങ്ങും ... അങ്ങനെ കരച്ചിൽ അസഹ്യമായപ്പോഴാണ് എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്കു നോക്കി നില്ക്കാൻ തുടങ്ങിയത് .....
മുറ്റത്തെ മൂവാണ്ടൻ മാവിൽ കാക്കകൾ കൂട് കെട്ടിയിട്ടുണ്ടാവണം .... നാളെത്തന്നെ ആ ഗോപാലനെ വിളിച്ച് എല്ലാ കൂടുകളും നശിപ്പിക്കണം ...
ചുവർ ഘടികാരത്തിലെ രണ്ട് തടിയൻ സൂചികളും ഒട്ടിയൊട്ടി പന്ത്രണ്ടിനു നേരെ നില്ക്കുകയാണ് .. കണ്ണെത്താൻ പാകമുള്ള റോഡിലെങ്ങാനും ബൈക്കിന്റെ ഹെഡ് ലൈറ്റ് വെളിച്ചം കടന്നു വരുന്നുണ്ടോ എന്നറിയാൻ കണ്ണുകൾ പാഞ്ഞു ....
" മോളെന്താ അവിടെ നിന്നാലോചിക്കുന്നത് ? " അവളുടെ യമ്മ വിലാസിനിയമ്മയുടെ ശബ്ദമായിരുന്നു അത് .. പുതപ്പു മാറ്റി എഴുന്നേറ്റ് അയാസപ്പെട്ട് അവർ അവളുടെയടുത്തേക്ക് ചെന്നു ........
മകരമാസത്തിലെ തണുപ്പൻ കാറ്റ് ജനലിലൂടെ അവളുടെ മുടിയിഴകൾ തഴുകി ... നേർത്ത നിലാവെളിച്ചം തട്ടിയ തെങ്ങോലകളിലെവിടെയോ ഇരുന്നാവാം ഒരു പുള്ള് കരഞ്ഞു കൊണ്ടിരുന്നു ...
"വാ വന്ന് കിടക്കാൻ നോക്ക് " .... ജനൽ അടച്ച് കുറ്റിയിടുന്നതിനിടയിൽ വിലാസിനിയമ്മ പറഞ്ഞു ...
" ഉണ്ണിയേട്ടനും മോനും ഇതുവരെ വന്നില്ലല്ലോ അമ്മേ ? "
അവളോടെന്ത് പറയണമെന്നറിയാതെയവർ കുഴങ്ങി ...
ചില നേരങ്ങളിൽ അവളങ്ങനെയാണ് കഴിഞ്ഞതെല്ലാം മറന്നു പോകും .. ചിലപ്പോൾ ഒരു വേദാന്തിയുടെ മട്ടും ,ഭാവവും..
തന്റെ ഏക മകളെ ഇത്തരത്തിൽ കാണേണ്ടി വന്നതിൽ ആ മാതൃഹൃദയം അത്യധികം വ്യസനിച്ചിരുന്നു ... എത്രയും വേഗം അവളെ നല്ല ഒരു ഡോക്ടറെ കാണിക്കണം ....
രജനിയെ കട്ടിലിൽ കിടത്തി പുതപ്പിച്ച് തന്നോട് ചേർത്തു പിടിച്ചു വിലാസിനിയമ്മ ..... അവൾ കണ്ണുകൾ ഇറുക്കിയടച്ച് ഒരു കൊച്ചു കുട്ടിയെന്നവണ്ണം അമ്മയോട് പറ്റിക്കിടന്നു ...
വിലാസിനിയമ്മുടെ മനസ്സിലേക്ക് കഴിഞ്ഞു പോയ സംഭവങ്ങൾ ഒരു തിരശ്ശീലയിലെന്ന പോലെ തെളിയാൻ തുടങ്ങി ..
ഒരു മാസം മുൻപ് ....... സോനുവിന്റെ അഞ്ചാം പിറന്നാളിൻറെ തലേന്ന് രാത്രിയാണ് ഉണ്ണിയുടെ ബൈക്ക് അപകടത്തിൽ പെടുന്നത് ... ഓർഡർ ചെയ്ത കേക്ക് വാങ്ങാൻ വേണ്ടി അച്ഛനും മകനും കൂടി പോയ പോക്കാണ് ...
തിരികെ വരുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ട് ചേതനയറ്റ ശരീരങ്ങൾ ! ..
ആ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പക്ഷെ രജനിക്കതൊന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.
"അമ്മേ ,പുറത്തെ വിടെയോ കാക്ക ക്കൂടുണ്ട് എന്റെ കാതിൽ കാക്കകളുടെ കരച്ചിൽ മുഴങ്ങിക്കൊണ്ടേ ഇരിക്കുന്നു .... "
"കൂടുണ്ടെങ്കിൽ നാളെത്തന്നെ ആ ഗോപാലനെ വിളിച്ച് എല്ലാമെടുത്ത് കളയാം ..... മോളുറങ്ങ് ... "
അവളുടെ മുടിയിഴകളിൽ തഴുകവേ വിലാസിനിയമ്മയോർത്തു ..
മുൻപിവിടെ കാക്കകൾ ഉണ്ടായിരുന്നു .. വീടിനു പിൻഭാഗത്ത് ഒരേക്കറോളം വരുന്ന പറമ്പിലെ വ്യ ക്ഷങ്ങളിൽ കാക്കകൾ കൂട് കെട്ടിയിരുന്നു ..പക്ഷെ ഇപ്പോൾ കുറെക്കാലമായ് ഒന്നിനെപ്പോലും കാണാനില്ല .ഒരു കരച്ചിൽ പോലും കേൾക്കാനുമില്ല . അവറ്റകൾക്കും വംശനാശം സംഭവിച്ചുവോ എന്തോ ?.....
എന്തായാലും മാധവനെ രാവിലെ തന്നെ വിളിച്ച് രജനിയെ ഒരു ഡോക്ടറെ കാണിക്കുന്നതിനുള്ള ഏർപ്പാട് ചെയ്യണം .....
രജനിയുടെ അച്ഛന്റെ മരണശേഷം അവളുടെയും ,അമ്മയുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് മാധവമ്മാമ ആയിരുന്നല്ലോ ?....
ചുവരിലെ ഘടികാര സൂചികൾ ചലിച്ചു കൊണ്ടേയിരുന്നു ....
പിറ്റേന്ന് പ്രഭാതത്തിൽ തെങ്ങുകയറ്റക്കാരൻ ഗോപാലനെത്തി ... വിലാസിനിയമ്മ പറഞ്ഞതനുസരിച്ച് അയാൾ തന്റെ ആയുധമായ മടവാളുമേന്തി വൃക്ഷത്തലപ്പുകളിലേക്ക് നോക്കി തൊടിയിലേക്ക് പോയി .....
മാധവമ്മാമ വന്നപ്പോൾ എട്ടു മണിയോടടുത്തിരുന്നു .. അയാൾ അയൽവാസിയായിരുന്ന കൊണ്ട് ഏതു സമയത്തും വിളിപ്പുറത്തുണ്ട് ... രജനി അയാളോട് രാത്രിയിൽ നിർത്താതെ കരയുന്ന കാക്കകളെ കുറിച്ച് പറഞ്ഞു ... എന്നിട്ട് തൊടിയിലേക്കിറങ്ങി .....
രജനി പോയിക്കഴിഞ്ഞപ്പോൾ മാധവമ്മാമ വിലാസിനിയമ്മയെ നോക്കിപ്പറഞ്ഞു ...
" പാവം കുട്ടി " ..
"ഈയിടെയായ് അതിനു രാത്രീല് ഉറക്കോമില്ല മാധവാ ... രാത്രീല് ജനലും തുറന്നിട്ട് പുറത്തേക്കു നോക്കി ഒരേ നില്പ് തന്നെ " ...
" ടൗണിൽ നല്ല ഒരു ഡോക്ടറുണ്ട് ....പക്ഷെ മുൻ കൂട്ടി ബുക്ക് ചെയ്യണം .. വേണ്ട ഏർപ്പാടുകൾ ചെയ്യാം.... "
" ചില നേരത്ത് ഉണ്ണീം ,മോനും മരിച്ചതൊന്നും അവൾക്കോർമ്മയില്ല ... "
" ചേച്ചി വിഷമിക്കാതിരിക്കിൻ ,എല്ലാം നേരെയാകും "...
" അതു മാത്രമല്ല ,രാത്രി കാക്ക കരയുന്ന ശബ്ദമാണ് അതിന്റെ കാതിൽ ... ഞാൻ കുറെ നാളായി ഒരെണ്ണം കൂടി ഈ തൊടിയിൽ കണ്ടിട്ട് " ...
ആ വൃദ്ധ സ്ത്രീ വിതുമ്പാൻ തുടങ്ങി ..... വിലാസിനിയമ്മക്ക് ഉറപ്പുണ്ടായിരുന്നിട്ടും രജനിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഗോപാലനെ വിളിപ്പിച്ചത് ....
"എല്ലാം അവളുടെ തോന്നലാവും .. ഞാനുമൊന്ന് തൊടിയിലേക്കിറങ്ങിയിട്ട് വരാം " ...
മാധവമ്മാമ മുറ്റത്തിറങ്ങി ... അവിടെയെങ്ങും രജനിയെ കണ്ടില്ല .... വീടിനു പിറകിലുള്ള ഒരേക്കർ പറമ്പിലേക്കയാൾ നടന്നു .. നീണ്ടു കിടക്കുന്ന പുരയിടത്തിൽ തെങ്ങും ,മാവും ,കവുങ്ങും ,പേരയും,പുളിയുമെല്ലാമുണ്ട്....
" രജനിയെവിടെ '' ? മാധവമ്മാമയുടെ കണ്ണുകൾ പരതി ... നാട്ടുമാവിന്റെ താഴെയുള്ള ചില്ലയൊടിഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് മാധവമ്മാമ തിരിഞ്ഞു നോക്കിയത് ... ഒടിഞ്ഞ ചില്ലക്കൊപ്പം ഗോപാലനും നിലം പതിച്ചിരിക്കുന്നു ! .....
"ഗോപാലാ ,എടാ ഗോപാലാ എന്താടാ പറ്റീത് " ....
അയാൾ പരിഭ്രമത്തോടെ ഗോപാലനരികിലേക്കോടിച്ചെന്നു ....
" കാക്ക കൊത്തീതാ "
വേദന കൊണ്ട് പുളയുന്നതിനിടയിൽ ഗോപാലൻ വിളിച്ചു പറഞ്ഞു ...
ഭാഗ്യം .വല്യ അപകടമൊന്നും പറ്റിയില്ല ... മാധവമ്മാമ മാവിന്റെ ശിഖരങ്ങളിലേക്ക് ദൃഷ്ടി പായിച്ചു .അവിടെങ്ങാനും ഒരു തള്ളക്കാക്ക ഇരിപ്പുണ്ടോ ? ..
പൊടുന്നനെയാണ് രജനിയുടെ നിലവിളി കേട്ടത് ... അവൾ വാഴക്കൂട്ടങ്ങൾക്കിടയിലൂടെ ഓടി വരികയാണ് .ഇടക്കിടക്ക് കൈകൾ വീശി ആക്റോശിക്കുന്നുമുണ്ട്...
"പോ കാക്കേ പോ "...
അവളുടെ ശരീരവും മുഖവും മുറിഞ്ഞ് രക്തമൊഴുകുന്നുണ്ട് ..
എവിടെയൊക്കെയോ തട്ടി വീണിട്ടുണ്ടാവണം ... തീർച്ച !....

krishna kumar 25 .10. 2016

കാണാപ്പുറങ്ങൾ ...


അവർ മൂന്നു പേരുണ്ടായിരുന്നു .
മങ്ങിയ വെളിച്ചത്തിൽ മുഖങ്ങൾ അവ്യക്തമായിരുന്നെങ്കിലും അശോകിന്റെ ശബ്ദം രാജീവ് തിരിച്ചറിഞ്ഞു ..
" ആനന്ദ് ഞങ്ങൾക്ക് കണ്ണിലെ കരടാണ് .. നിന്റെ സഹായമുണ്ടെങ്കിലേ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളു... "
രാജീവിന് പെരുവിരലിൽ നിന്നൊരു വിറയൽ ഉത്ഭവിച്ച് അത് ശരീരമാസകലം പടരുന്നതു പോലെ തോന്നി ....
ഷാപ്പിൽ കള്ളുകുടിയൻമാരുടെ പാട്ടുകച്ചേരി നടക്കുകയാണ് .. പുറകിലുള്ള വാഴത്തോപ്പിലാണ് ഈ കൂടിക്കാഴ്ച നടന്നു കൊണ്ടിരുന്നത് .....
ആകാശത്ത് ചെറിയൊരു തേങ്ങാപ്പൂൾ പോലെ ചന്ദ്രക്കല ... ഇലക്കൂട്ടങ്ങളെ തഴുകിയൊഴുകി വരുന്ന കാറ്റിൽ ചതിയുടെ ഗന്ധം ....
" നീയെന്താ ഒന്നും മിണ്ടാത്തത് ." ?
അശോകിന്റെ ചോദ്യം ...
" ഇതിന്റെ ഗുണം നിനക്കുമുണ്ട് .. നിങ്ങളുടെ സംഘടനയിൽ അടുത്ത നേതാവിന്റെ സ്ഥാനമാണ് നിന്നെയും കാത്തിരിക്കുന്നത് ..."
രാജീവിന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയാണ് ...
ബാല്യം മുതൽക്കേയുള്ള സുഹൃത്താണ് ആനന്ദ് ... ഒരു പാത്രത്തിൽ കഴിച്ച് ഒരു പായയിൽ കിടന്നുറങ്ങുന്നവർ . ഒരേ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ...
അശോകാണെങ്കിലോ ? എതിർ സംഘടനാ പ്രവർത്തകൻ .
താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജ്യേഷ്ഠനും , ഞങ്ങൾക്കിടയിലുള്ള പ്രേമം ഇയാൾക്കറിയുമോ ? ... ഇല്ലെന്നാണ് തോന്നുന്നത് ...
സംഘർഷങ്ങളുടെ ഒടുക്കം ഒരു തീരുമാനത്തിലെത്തേണ്ടി വന്നു .മനസ്സില്ലാ മനസ്സോടെ അയാൾ പറഞ്ഞു ....
" ശരി .. ഞാൻ വരാം ...."
"നാളെ രാത്രി പൂട്ടിക്കിടക്കുന്ന ആ ബംഗ്ലാവിനടുത്ത് അവനെയും കൂട്ടി വരുക ... "
വന്നവർ മൂവരും ഇരുളിലേക്കൂളിയിട്ടു ...
എന്തൊക്കെയോ കണക്കുകൂട്ടലോടെ രാജീവ് വീട്ടിലേക്കു നടന്നു ....
ഷാപ്പിലെ കച്ചേരി തകൃതിയായ് നടന്നു കൊണ്ടേ യിരിക്കുകയാണ് ...
പിറ്റേന്നു രാത്രി അശോക് പറഞ്ഞ സമയത്തു തന്നെ രാജീവ് ബംഗ്ലാവിനടുത്തെത്തി ...
പൊളിഞ്ഞു കിടക്കുന്ന കവാടത്തിനരികിൽ മൂന്ന് ,നാലു പേർ കാത്തു നില്പുണ്ടായിരുന്നു .. ടോർച്ചു മിന്നിച്ച് അയാൾ നടന്നു ..
"ആനന്ദ് എവിടെ ? "
ആ ശബ്ദം അശോകിന്റേതായിരുന്നു ..
" ഇപ്പോൾ വരും "
മറുപടി പറഞ്ഞു തീർന്നതും കൂടി നിന്നവർ അയാൾക്കു ചുറ്റും കൂടിയെങ്കിലും രാജീവിന് ഭയം തോന്നിയില്ല ...
ഉറയിൽ നിന്ന് ആയുധങ്ങൾ ശീല്ക്കാരത്തോടെ വെളിയിലേക്കു വരുന്നത് അയാളറിഞ്ഞു ....
അപകടം മണക്കുന്നു ....
" നന്നായി രാജീവ് ... നീയാണ് ടാർഗറ്റ് . ആനന്ദല്ല .. "
"ഓഹോ , അതിനായിരുന്നോ ഈ നാടകം . ആയുധങ്ങൾ യഥാ സ്ഥാനത്തു വെച്ചു കൊൾക .. "
രാജീവ് വിസിലടിക്കേണ്ട താമസം .. നാലുപാടു നിന്നും ആൾക്കാർ ആക്രോ ശത്തോടെ ഓടി വരാൻ തുടങ്ങി .. ആ കൂട്ടത്തിൽ ആനന്ദുമുണ്ടായിരുന്നു ...
ചീറിപ്പാഞ്ഞു വരുന്നവരോട് രാജീവ് ഉറക്കെ വിളിച്ചു പറഞ്ഞു ...
"കൊല്ലണ്ട ... സുഹൃത്തുക്കളേ ......."
ടോർച്ചു ലൈറ്റുകളുടെ പ്രകാശവലയം അവിടമെല്ലാം പരന്നൊഴുകി ,ഒടുവിൽ മിന്നാമിന്നികളായ് കുറ്റിക്കാട്ടിൽ ലയിച്ചു ചേർന്നു ....
കൃഷ്ണകുമാർ
18-10-2016

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo