Showing posts with label Kavitha. Show all posts
Showing posts with label Kavitha. Show all posts

പ്രണയം പ്രളയമായാല്‍

മഴയ്ക്കുണ്ടായ
മതിഭ്രമം
മണ്ണിന്റെ
മാറോട് ചേരാന്‍...

പ്രണയം
പ്രളയമായ്
പ്രകൃതിയില്‍
വികൃതി കാട്ടിയാല്‍...

ചിതറുന്നത്
ചിതലരിച്ച
ചില മനുഷ്യ
ചിത്രങ്ങള്‍..!
        -മുനീര്‍വാവ-

അട്ടഹാസം I കവിത I ഫൈറൂസ റാളിയ എടച്ചേരി



നീ
കത്തുന്ന
തീയാവണമെന്നച്ഛൻ 
പറയുമ്പോൾ
ചുണ്ടുകൾക്കിടയിലൂടെ
ചുരുളുള്ള പുകകൾ
വാനിലേക്കുയർന്നു,
കാമ ദാഹം തീർത്തീ 
യുൾക്കാടിൽ നിൽക്കവെ 
നീ കാരണമൊരു പെണ്ണും
കരയരുതെന്ന
മ്മയുടെവാക്കുകൾ
ഒരട്ടഹാസം പോലെ
പതിയുന്നു.

ഇന്നെൻ്റെ 
ഹൃത്തടത്തിൻ
വാതിലിൽ
ഒരു മുട്ടിവിളി
കേൾക്കുന്നുണ്ട്,
ആരാണരാണെന്നുച്ചത്തിൽ
ചോദിച്ചിട്ടും
ഒച്ചപ്പാടില്ലാതെയാരോ
യിരിപ്പുണ്ടവിടെ.

വിറക്കുന്ന
കൈകളും
തളർന്ന
കാലുകളാൽ 
പതിയെ പതിയെ
ഞാനവിടെ വരെ
നടന്നു ചെന്നു,
ഉത്സാഹത്തിമർപ്പോടെ
കഴിഞ്ഞയിന്നലകളെ കണ്ടു...
ചിതപോലെ നീറി പുകയുന്നമ്മയെ കണ്ടു...
ചാരമായ് തീർന്നച്ഛനെ കണ്ടു...
സ്നേഹത്തോടെ ചേർന്നിരുന്നു 
കഥകൾ പറഞ്ഞ
പെങ്ങളെ കണ്ടു...
ചിറകറ്റ് ചരിഞ്ഞ
സ്വപ്നങ്ങളെ കണ്ടു...

ഒരുപാടുപദേശങ്ങൾ
ചെവിയിലടഞ്ഞു...
ഒന്നും കേൾക്കാനാവാതെ
ചെവികൾ പൊത്തി
ഞാനലറിക്കരഞ്ഞു.
----
ഫൈറൂസ റാളിയ എടച്ചേരി 

തെരുവിന്റെ സമരം I Vineeth Viswadev

 അക്ഷരജാലകങ്ങൾ തുറന്നിടട്ടെ വായ്മൊഴികൾപ്പൊഴിയട്ടേ...
മൗനംപേറിയ പോരാളികൾ വാക്ധാരികളായി  തെരുവിലിറങ്ങട്ടേ...
നിശബ്ദത  മൂടുപടംകെട്ടിയ അകത്തളങ്ങൾകൊട്ടിത്തുറക്കട്ടേ...
വാളല്ല വാക്കായുധങ്ങൾ പെരുമ്പറകൊട്ടി മുഴങ്ങിടട്ടേ..
 
ഉലകിൽ സമരം പലവിധമുണ്ടെന്നീ  യവ്വനമറിഞ്ഞിടട്ടേ..
ആയുധമേന്തിയ കരങ്ങളെ മാറ്റുവിൻ പുതുതലമുറയ്ക്കായി..
പിന്തുടരുവാൻ മറന്ന സമരമുറകളെ നിങ്ങളുണരുവിൻ..
അന്ധത കീറിമുറിച്ചെറിയുവാ
വെള്ളിവെളിച്ചമായി തിരിതെളിക്കൂ..
 
സ്വാതന്ത്ര്യം കോൾമയിർകൊള്ളിച്ച  അഭിമാനികളാം മഹാത്മാക്കളേ
നിങ്ങൾ തൻ വീഥിയിലെ നിരായുധസമര വീര്യംപ്പകർന്ന വാക്കുകളും
അഹിംസയും സത്യാഗ്രഹങ്ങളും ചേർന്ന വിപ്ലവമാറ്റത്തിനനുഭവങ്ങൾ
പുതുതലമുറയ്ക്കായ് തെരുവിൻസമരങ്ങൾ ആർജ്ജവം നൽകിടട്ടേ..
 
കൈവെള്ളയിലൊളിപ്പിച്ച  വെളിച്ചം തലകുനിപ്പിച്ചു നിങ്ങളാം യുവത്വത്തെ
വിരൽത്തുമ്പിലെ  വചനങ്ങൾ കാണാക്കയത്തിലെ ബന്ധനങ്ങളായി
കൂടടച്ച കോണിലോതുങ്ങിടാതെ മാനംമുട്ടേ തലയുയർത്തുവാൻ
തെരുവിന്റെ ശബ്ദകാറ്റായി ഇന്നീ യുവത്വം മാറിടട്ടേ
അലയടിക്കട്ടേ  വാക്കായുധങ്ങൾ  തെരുവിൻ സമരമായി ഇന്നീ രണഭൂമിയിൽ.
 
സ്നേഹപൂർവ്വം,
വിനീത് വിശ്വദേവ്.
ചേർത്തല.

വീട്ടുകാരൻ; അസ്വദേശി I കവിത I Rabeeh PCH

പിതാവ്;
രണ്ടു കെട്ട് കെട്ടി.

ഒന്ന്; പ്രിയ പത്നി.
അഞ്ച് ആണും,
ഒരു പെണ്ണും പിറന്നു.

രണ്ട്; പത്നി.
അഞ്ച് പെണ്ണും,
ഒരാണും പിറന്നു.
"അബു".

അബു;
രണ്ടിൽ മുതിർന്നവൻ,
പതിനേഴ് തികഞ്ഞു,
ചുരുണ്ട കറുകറുത്ത മുടി,
വട്ടമുഖം.

ഉപ്പയെന്ന അത്താണിയെ,
ദൈവം വിളിച്ചോണ്ട് പോയ്.
ഇനി;
അബുവാണ് ഗൃഹനാഥൻ.

അവൻ കെട്ടിയിട്ടില്ല.
കുടുംബത്തെ പോറ്റണം.
വിണ്ട് കീറിയ ചുമർ,
പൊളിച്ച് പണിയണം.
ഒടപ്പിറപ്പുകളെ,
കെട്ടിച്ചയക്കണം.

പതിനെട്ട് തികഞ്ഞു.
പക്വതയും തികഞ്ഞു.
കൂട്ടുകുടുംബത്തെ വിട്ട്,
കടൽ കടന്നു.

അബുവാണിപ്പോൾ;
കടലക്കരയിലെ,
ബിസിനസ് മേനാണ്.
സ്വന്തമെന്ന് പറയാൻ;
നാൽചക്ര ഉന്തുവണ്ടി,
ഒരു റഫ്രിജറേറ്ററും മാത്രം.
താമസം;
ഷീറ്റ് വലിച്ച് കെട്ടിയ,
തണുപ്പുള്ള മുറി.

മുകളിലെ സൂര്യൻ,
രക്തം നീരാവിയാക്കി.
മുന്നിലെ കടൽ,
തല മുണ്ടനം ചെയ്തു.
ജീവിതത്തിൽ പിന്നെ,
മുടി വെട്ടേണ്ടി വന്നില്ല.

റഫ്രിജറേറ്ററിലെ 'ഐസ്ക്രീം' വിറ്റു.
യാത്രക്കാർ കുടുംബത്തെ പോറ്റി.
പണം, മുറിക്ക് വാടക കൊടുത്തു.
            ജീവിക്കാൻ തിന്നു.
            ബാക്കി വലിയ തുക;
            നാട്ടിലയച്ചു.
            വീട്ടിൽ തികയുന്നില്ല.

പ്രവാസം ഏഴ് തികഞ്ഞു.
മൂന്നാളെ കെട്ടിച്ചു.
വീട്ടിൽ,
നാലാമതായി പന്തലിട്ടത്,
അബുവിനായിരുന്നു.

വീണ്ടും, വിമാനം കയറി.
പതിനഞ്ച് വർഷം കഴിഞ്ഞു.
വീട് കൂടലും കഴിഞ്ഞു.
ടിക്കറ്റിന് പണമില്ല.
സന്തോഷം കണ്ണീരിൽ തീർന്നു.

ജോലി തുടർന്നു.
വീടിന്റെ അഞ്ചാം വാർഷികമായി.
ഉച്ചനേരം,
പെട്ടെന്നൊരു വേദന.
കൂട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ഡോക്റ്റർ: ഹാർട്ട് ബ്ലോക്കുണ്ട്.
അബു വീട്ടിൽ അറിയിച്ചില്ല.

കൂട്ടുകാരവനെ നാട്ടിലേക്കയച്ചു.
വീട്ടുകാർ സ്നേഹ സ്വാഗതമോതി.
ഉമ്മ സന്തോഷ കണ്ണീരിൽ,
കെട്ടിപ്പിടിച്ചു.
ഒരു മുത്തം കൊടുത്തു.
ദാര്യ കെട്ടിപ്പിടിച്ചു,
പെങ്ങന്മാരും.

ഒരു രാത്രി, ഭാര്യയോട്:
"ഹാർട്ടിന് ബ്ലോക്കുണ്ട് "
വിസകേൻസിലാക്കി,
ചികിത്സക്ക് വന്നതാണ്.

ഭാര്യക്ക് സങ്കടം,
ഉമ്മയെ അറിയിച്ചു.
പെങ്ങളും അറിഞ്ഞു.

ഉമ്മ കണ്ണീരിൽ കലമ്പി.
"രണ്ടാളെക്കൂടി കെട്ടിക്കാനുണ്ട് "
അബുവിന് വീട്ടിൽ,
പൊറുതിയില്ലാതായി.
"കടം" കല്യാണം നടത്തി.

ഉടൻ വിസയെടുത്തു.
നാളെയാണ് ഫ്ലൈറ്റ്.
"കടം, കല്യാണം" കൂട്ടുകാരറിഞ്ഞു.
അവർ നിശ്ചലമായ്.
എട്ട് മണി;
അലാറം മുഴങ്ങുന്നു.

ഭാര്യ വിളിച്ചു.
എഴുന്നേറ്റില്ല.
കുലുക്കി വിളിച്ചു,
പ്രതികരണ ശബ്ദമില്ല.
ശരീരം വിറങ്ങലിച്ചിരിക്കുന്നു.
കണ്ണുകൾ, ആരെന്നില്ലാതെ,
മേൽപോട്ട് നോക്കി.
ഭാര്യ നിലത്തിരുന്ന് പോയ്.

റബീഹ് പി സി എച്ച് | ഒതുക്കുങ്ങൾ

ഉണ്ണി I കവിത I Kavya Bhaskar



ആറ്റിറമ്പത്തുള്ളൊരോലക്കുടിലിലെ -
യുണ്ണിക്കു പറയുവാൻ കഥകളേറെ
ആറ്റുവഞ്ചി തുഴഞ്ഞേറുന്നൊരുണ്ണിക്ക്
ആറ്റിക്കുറുക്കിയ കഥകളേറേ

കൂടെ കളിക്കുവാൻ കൂട്ടുകൂടാൻ
പട്ടം പറത്താനുമാരുമില്ല 
മാളികവീട്ടിലെ കൊച്ചുകിടാങ്ങൾക്ക്
ചേറ്റിലെ പയ്യനോടലിവുമില്ല

പച്ചിലക്കിളികൾ പാറിവന്നാൽ
ഉണ്ണിക്ക് കൗതുകം എത്രയെന്നോ !
കുരുത്തോല കൊണ്ടു മെടഞ്ഞ കുരുവികൾ
ഉണ്ണിക്കു കൂട്ടായിരിക്കുമപ്പോൾ

വെള്ളിടിവെട്ടി തിമിർക്കും മഴയിലോ
ഉണ്ണീടെ കൂരയും ചോർന്നൊലിക്കും.
പിഞ്ഞാണമെല്ലാം നിരത്തിവെച്ചുണ്ണിയോ
മഴത്തുള്ളിത്താളം കേട്ടാസ്വദിക്കും.

പൊൻവള്ളികെട്ടിയ പുത്തൻ കുടയില്ല
ചേമ്പിലത്താളുകളുണ്ണിക്കിഷ്ടം
കുഞ്ഞിളം പാദങ്ങൾ മണ്ണമ്മപ്പെണ്ണിന്റെ
താലോലം കൊണ്ട് കുളിർക്കുമപ്പോൾ

മാറോടണച്ചൊരു പുസ്തകത്താളുകൾ
മഴ വെള്ളം കൊണ്ടങ്ങലുത്തിരിക്കും.
ഒരുപിടി വറ്റിന്റെയൂറ്റിലാ -
ചെറുപയ്യൻ
നട്ടുച്ചനേരം പിടിച്ചു നിർത്തും.

മിന്നാമിനുങ്ങിന്റെ മാദക ഭംഗിയിൽ
ഉണ്ണിയും മെല്ലെയലിഞ്ഞിരിക്കും.
ചിന്നിച്ചിതറിച്ചിരിക്കുന്ന താരകം
അച്ഛന്റെ വാത്സല്യമെന്നുമോർക്കും .

പച്ചോലക്കണ്ണാടി പച്ചിലക്കാറ്റാടി
ഓലച്ചെറുപന്തും ഉണ്ണിക്കിഷ്ടം.
പ്ലാവിലക്കുമ്പിളിൽ കോരുന്ന വറ്റിന്റെ
കണ്ണുനീരുപ്പിൻ രുചിയുമിഷ്ടം.

ആറ്റിൻകരയിലെയുണ്ണിക്ക് കൂട്ടിനായ്
ഓളംതുളുമ്പും കിനാക്കളുണ്ട്
ആറ്റുവഞ്ചി തുഴഞ്ഞേറുന്നൊരുണ്ണിക്ക്
ആറ്റിക്കുറുക്കും കഥകളുണ്ട്.
🍃 കാവ്യ ഭാസ്ക്കർ🍃

നിലാവിനെ പ്രണയിച്ചവൻ I Kavitha I Mohammed Shahul Hamed Ponmala


ചിന്തകൾ കാടുകയറി ,
ഉറക്കത്തെ
പിഴുതെറിഞ്ഞ്,
മാനത്ത്
കണ്ണും നട്ട്
രാത്രിയെ തള്ളി നീക്കുന്നു.

സ്വപ്ന മാലാഖ
പിണങ്ങിപ്പോയ
അവനിൽ
നിലാവ്
കൂട്ടിനെത്തുന്നു .

ഗർഭം ധരിച്ച 
പ്രശ്നങ്ങൾ
കവിതയായ്‌,
കഥയായ്‌
പിറവിയെടുക്കുമ്പോഴും 
നിലാവ് 
അവനിൽ 
പ്രത്യാശ നൽകുന്നു.

ഇരുളിനെ 
വകഞ്ഞുമാറ്റിയ 
നിലാവിൻ ധൂളികൾ 
പ്രശ്നങ്ങളെ 
ആട്ടിയോടിച്ച പോൽ
സ്വപ്ന ചിറകുകൾക്ക് 
കരുത്തുപകരുന്നു.

പ്രശ്നങ്ങളെ
പൊരുതാനുറച്ചവൻ 
നിദ്രയെ പുൽകുന്നു...
    മുഹമ്മദ് ഷാഹുൽ ഹമീദ് പൊന്മള 

കാത്തിരിപ്പ് I Kavitha I Safwan Kaivelikkal



കവിളിൽ മുറിവിനാൽ  പാടും
കാലിനു താങ്ങായി  ഒരുവടിയുമേന്തി
കടകനെ  പോലെ
കോരപുഴയുടെരികിലൂടെ
കടന്നുപോവുന്നു... വൃദ്ധൻ
കാലം നരയെണ്ണി തുടങ്ങീട്ടും
കാലന്  തൻ  ജീവിതം
കൊടുക്കാതെ
കണ്ണിൽനിന്നും കാണ്ണീരിലാം
കടലിനോടെന്തൊക്കെയോ
കടുവാക്കിലാം മൊഴിഞ്ഞീടുന്നു....
കല്ലുകളാൽ തൻ  ശിരസ്സിൽ
കുട്ടികൾ വർഷിച്ചിട്ട്
കടപൊട്ടിയൊഴുകുന്ന രക്തത്തിലവിടം കിടപ്പൂ...
കരടിലാം  ദാഹക്കുടൽ
കരിഞ്ഞീടുമീ  നിമിഷം
കരുണയില്ലാതെ
 കാർക്കശ്യത്തോടെ,
കളിയാക്കി ചിരിച്ചീടുന്നു....
കൊണ്ട് പോകുവാനാരില്ലെ ന്നറിഞ്ഞിട്ടും
കടന്ന് വരുമോയെന്നൊരു
കുറിയ ചിന്തയിലവിടം
കാത്തിരിപ്പൂ....
    ✒️സഫ്‌വാൻ കൈവേലിക്കൽ

അരുത് I കവിത I Riyas Pulikkanni

പറക്കമുറ്റാത്ത കുരുവികളാണ്
ചിറകടിക്കാൻ പഠിക്കുമുമ്പേ
കൂരവിട്ട് ഇര തേടാൻ പറയരുത്,
പറന്നുയരണമെങ്കിൽ
ആദ്യം നിവർന്നു നിൽക്കാൻ
പഠിക്കണ്ടേ .

ചിത്ര ശലഭങ്ങളൊത്ത്
ഓടികളിക്കേണ്ട 
ചെറു ബാല്യങ്ങളാണ്
ചുമട് എടുക്കാൻ അയക്കരുത്,
കാലത്തിൻ ചുവടുവെച്ച്
നടക്കണമെങ്കിൽ ആദ്യം
കലാലയത്തിൻ പടികടക്കണ്ടേ .

വളരാൻ കൊതിക്കുന്ന 
തലമുറയാണ്
വളരുന്ന മുമ്പേ 
വേലയെടുക്കാൻ പഠിപ്പിക്കരുത്,
ഉയരങ്ങൾ കീഴടക്കണമെങ്കിൽ
അറിവിൻ ഗോവണി കയറണ്ടേ.

നാടിന് കരുത്ത് പകരേണ്ട
കരങ്ങളാണ് 
ഭിക്ഷയെടുപ്പിച്ച് ബലി കൊടുക്കരുത്
ഈ ചെറുബാല്യങ്ങളെ .

ഒന്ന് ഓർത്തുനോക്കൂ,
ഇലതളിർക്കുന്നപാടെ  
തണൽ മരങ്ങളെ 
ആരെങ്കിലും മുറിക്കാറുണ്ടോ?
കുടയായ് അത് നിവരണമെങ്കിൽ
മരമായി തന്നെ വളരണ്ടേ .

✍️ റിയാസ് പുലിക്കണ്ണി
📱8129568629

ദിശയറിയാതെ I NAFILA V

കരിഞ്ഞു മണക്കുന്ന ശരീരങ്ങളെ കണ്ട് കഴുകന് പോലും അറപ്പ് തോന്നി...
 ഉയരുന്ന പുകച്ചിലുകൾ ശ്വസിക്കാനാവാതെ അത് പതിയെ പറന്നകന്നു...
ആകാശത്തിന്റെ മൂർദ്ധാവിൽ നിന്നൊരു പരുങ്ങലോടെ കണ്ണോടിച്ചപ്പോൾ ഇരുൾ മൂടി താനേ ഇരുമിഴികളും അടഞ്ഞുപോയി...
വിരളമായിക്കണ്ട വെട്ടവും അതിജീവിക്കാനാവാതെ ഇരുളിൽ പുൽകി...

ഒരു കളിവഞ്ചി പോൽ  ദിശയിറിയാതെ, യാത്രതുടർന്നു.....

തിമിരം ബാധിച്ച 
അധികാരികൾ റാലികൾ കൊണ്ട് മാല തീർക്കുന്നതിരക്കിലാണ്.
പിന്നെ, വാനോളം ഉയരത്തിൽ കെട്ടിപ്പൊക്കിയ പ്രതിമകൾക്ക് മുന്നിൽ പൂജക്കിരിക്കുന്നു..
വിടരും മുമ്പേ ചവച്ചു തുപ്പിയ പെൺജന്മങ്ങൾ കൊട്ടിയടച്ച വാതിൽ പടികൾ കയറിയിറങ്ങുന്നു.
നിയമങ്ങളോ, നിയമിക്കുന്നവർക്കതന്യമെത്രെ...
തിന്നുന്നവർ വിശപ്പറിയാതെ മയക്കത്തിലാണ്..
അണുവാലെ പിടയുന്ന ജീവനുകളുടെ അലർച്ചകൾ ഉയരുന്നുണ്ട്..ജീവ വായുവിനു പോലും മടുത്തു കാണുമോ?!
ഒരലർച്ച കേട്ടൊന്ന് തിരിഞ്ഞപ്പോൾ രക്തമില്ലാത്ത ലിഖിതമായിരുന്നത്...
പഠിച്ചെഴുതിയ ലിഖിതഘടന..

ഒന്ന് കണ്ണ് തെറ്റിയപ്പോൾ കാണാനായത് മതവും അവകാശവുമോതി ആയുധ നായാട്ടുകൾ..
വഴിയോരത്തെ വെള്ളക്കെട്ടുകൾ വെയിലിനെ കാക്കുന്നു. കുറുകുന്ന പ്രാവിനെയൊന്നെത്തി നോക്കിയപ്പോൾ അവയും നിലം നോക്കാതെ ആകാശം നോക്കുന്നു..അവക്കൊക്കെയും മടുത്തുകാണും,...
ഈ യാത്രയ്ക്കെന്ത് ശീ ർഷകമെഴുതും..?

മനുഷ്യത്വം തടവറയിലാണ്
ഒരസ്ഥിത്വമില്ലാതെ.. സ്‌നേഹം പോരാട്ടത്തിലാണ്... ഒരുൾവിളിക്കായി.....🥀

NAFILA V 
VMHM WAFIYYA COLLEGE MUKKAM

ചെറുതല്ലാത്ത ഈ നിമിഷം I Archana Indira Sankar


ഈ നിമിഷം ഒട്ടും ചെറുതല്ല,
ഇപ്പോൾ
ഞാനീ വരികൾ കുറിക്കുന്ന
ഈ നിമിഷം,
ലോകത്തെവിടെയെങ്കിലും
ഒരു വാഹനം അപകടത്തിൽ പെടുന്നുണ്ടാവും
എവിടെയെങ്കിലും ഒരമ്മ കുഞ്ഞിന് മുളയൂറ്റുന്നുണ്ടാവും
എവിടെയെങ്കിലും ഒരുപാട് പെണ്ണ് ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടാവും
എവിടെയെങ്കിലും ഒരാളെ മറ്റൊരാളുടെ മുതൽ മോഷ്ടിക്കയവും
എവിടെയെങ്കിലും ഒരു വിത്ത് മുളപൊട്ടി തളിരിടുന്നുണ്ടാവും
എവിടെയെങ്കിലും ഒരാൾ മറ്റൊരാളെ മുഖത്തടിക്കുന്നുണ്ടാവും
എവിടെയെങ്കിലും ഒരാൾ
ആത്മഹത്യ ചെയ്യുന്നുണ്ടാവും
എവിടെയെങ്കിലും രണ്ട് മിന്നാമിനുങ്ങുകൾ
ഇണ ചെറുകയാവും
ഈ നിമിഷം
എവിടെയെങ്കിലും
ഒരു കുട്ടി ആദ്യക്ഷരങ്ങൾ നുകരുകയാവും
ഈ നിമിഷം എവിടെയെങ്കിലും
ഒരുപാട് കുഞ്ഞു പിറക്കുന്നുണ്ടാവും
ഒരു ശലഭം തേൻ നുകരുന്നുണ്ടാവും
ഒരു പൂ വിടരുന്നുണ്ടാവും
ഒരു തേങ്ങ അരഞ്ഞ് ചമ്മന്തി ആവുകയാവും
ഏതെങ്കിലും ആലയിൽ
പഴുത്തു ചുവന്ന ഇരുമ്പ്
പകയും വിശപ്പും കാച്ചികുറുക്കുന്നുണ്ടാവും
എവിടെയെങ്കിലും ഒരാളെ
കൂർക്കം വലിച്ചു വലിയ സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങുന്നുണ്ടാവും
എവിടെയോ ഒരാളെ മരണപ്പെട്ടു ചിതയിലെരിയുന്നുണ്ടാവും
ഈ നിമിഷമെന്നത്
അത്ര ലളിതമൊന്നുമല്ല,
എവിടെയെങ്കിലും ഒരാൾ
പച്ചത്തെറികൾ വിളിക്കുന്നുണ്ടാവും
ഏതെങ്കിലും അടുപ്പിൽ ചട്ടിയിൽ
എണ്ണയിൽ ഉണ്ണിയപ്പം പൊരിയുന്നുണ്ടാവും
എവിടെയോ നഖ്‌ള് മരിക്കേണ്ടയാൾ
അടുത്ത ആഴ്ചയിലേക്കുള്ള പദ്ധതി ആലോചിക്കുകയാവും
എവിടെയെങ്കിലും ഒരാൾ സ്ത്രീശാക്തീകരണ പ്രസംഗത്തിന് കയ്യടി നേടി തിരിച്ചു വരുമ്പോൾ
മകൾക്ക് ഇരുന്നൂറ്റൊന്ന് പവൻ വാങ്ങുകയാവും
എവിടെയെങ്കിലുമൊരുത്തൻ
പീഡനകേസിലെ പ്രതിക്ക്
വധശിക്ഷവേണമെന്ന് അലറിയിട്ട്
ഫോണിൽ കിട്ടിയ ബലാത്സംഗവീഡിയോ ആസ്വദിക്കുകയാവാം
എവിടെയോ ഒരു അഭയാർത്ഥി
നാടറിയാതെ പലായനം ചെയ്യുകയാവാം
എന്തിനധികം,
ഈ നിമിഷം തീരെ ചെറുതല്ല,
ഇപ്പോൾ, ഈ നിമിഷം തന്നെ
മറ്റൊരിടത്തു
മറ്റൊരു കവിയത്രി
ഒരുപാട് കവിത എഴുതുകയുമാവാം.

അർച്ചന ഇന്ദിര ശങ്കർ
പാലക്കാട്‌
9488589558

മതം മനുഷ്യനോളം I കവിത I നംസാദ് - എം



ആരിന്നു ചൊല്ലുന്നു 
മത വിഭ്രാന്തുകൾ
മനിതരാം ചിലരെന്നു 
കേട്ടു നിസ്സംശയം
ശ്രേഷ്ടമാം ലോകത്തെ 
നോക്കി വിളിപ്പതു
മുസൽമാനും ഹൈന്ദവ 
ക്രിസ്തീയരെന്നും നാം..

മനുഷ്യനെ പലതായ് 
മുറിച്ചു കാപാലികർ
ഉള്ളിന്റെയുള്ളിൽ 
വിഷം ചീറ്റും അന്തകർ

ഭൂമിയോളം ഉയർന്ന 
വിപത്തല്ലോ മതം
സൗമ്യരാം യൗവനം 
പതിയെ വീണു
പോയ്ദാസനെപ്പോൽ 
തൊഴുതങ്ങു നിൽപതു
ശൂന്യമാം സൃഷ്ടിയെ 
നോക്കി നോക്കി...    
                        
നംസാദ് - എം      

പ്രതിധ്വനി I കവിത I താത്രിക്കുട്ടി



എനിയ്ക്കൊരു കൂട്ടുകാരിയെ വേണമായിരുന്നു.
എന്റെ ചോദ്യങ്ങൾക്കെല്ലാം എന്റെ അതേ ഉത്തരമുള്ള ഒരുവൾ....
അന്ന്...
ഹൃദയം കൊണ്ടു പോലും ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ അന്ന്....
അന്നാണ് നിലക്കണ്ണാടിയ്ക്കുമുന്നിലിരുന്ന എന്നോടവൾ ചിരിച്ചത്...
എന്റെ ചോദ്യങ്ങളൊക്കെ എന്നോട് ചോദിച്ച് ....
എന്റെ ഉത്തരങ്ങൾ തന്നെ തിരികെപ്പറഞ്ഞ്....
അവളെന്റെ കൂട്ടുകാരിയായി...
ധ്വനിയ്ക്കും പ്രതിധ്വനിയ്ക്കുമിടയിലെ
അന്തരമറിയാതെ
 ഞാനും എന്റെ നിലക്കണ്ണാടിയിലെ കൂട്ടുകാരിയും 
കൈകൾ കോർത്തു...

താത്രിക്കുട്ടി.
https://www.facebook.com/Thatrikkutty/

Dr.Gayathri Devi G
Asst.Professor
Dept. of Vedanta
GSC, TVM

ഞാവൽമരച്ചുവട്ടിൽ I Kavitha I Rahmathulla Elamkulam

 പാതിരാക്കിനാവുകളേഴും
പറന്നിരുന്നയീ മരച്ചുവട്ടിൽ
പതിയെ ഞാനിരുന്നു

കളകളാരവ സംഗീതത്തിൽ
ഇതിവൃത്തമായൊരു മിഴിചെപ്പ്
പതിയെ എന്നിലേക്കടുത്തു

താരകാതോപ്പിലെ മന്ദസ്മിതം പോലെ
നിന്നാകാശ ചുവട്ടിൽ
നീയറിയാതെയൊരു
പ്രണയച്ചില്ല തളിർത്തു

ഇമവെട്ടാതെ ചന്ദ്രനും ഞാനും
നീയെന്ന സാഗരത്തിൽ നിന്ന്
ഒരു തുളിയെടുത്ത് കവിതയെഴുതി

അതൊരു മിഴിയായ്, വഴിയായ്,
മേഘമായ്, ആകാശമായ്, സാഗരമായ്

നീയസ്തമിച്ച കടലിൽ
ഏകാന്തതയുടെ കടലാസുതോണിയായ്
ഞാനലഞ്ഞു തുഴഞ്ഞു കൊണ്ടിരുന്നു

കാലങ്ങളൊരു നൗകപോലകന്നപ്പോൾ
വീണ്ടും ആ ഞാവൽ മരച്ചുവട്ടിൽ
നിന്നെ കാത്തു വാടിയൊരു പുഷ്പമായി
ഞാനവതരിച്ചു

- മുഹമ്മദ്‌ റഹ്മത്തുള്ള ഏലംകുളം
(എം ഐ സി അസാസ് തൃശൂർ )

ഭാവി I AadhiWarrier

 ഭാവിയിൽ ആരാകണമെന്നാണ്
ആഗ്രഹമെന്നാണ് ചോദ്യം ...
കറുത്ത ബോർഡിൽ നല്ല കയ്യക്ഷരത്തോടെ
മാലിനി ടീച്ചർ അതെഴുതിവച്ചു ....
എല്ലാവരും നാളെ മറക്കാതെ ഇതെഴുതികൊണ്ടുവരണം ...
നല്ല കുറിപ്പുകൾക്കു സമ്മാനമുണ്ട് ......
ബെല്ലടിയുടെ ആരംഭത്തിനു മുമ്പേതന്നെ
സഞ്ചിയിലേക്കു ബുക്ക് തിരുകുന്ന
തിരക്കിലായിരുന്നു അപ്പുണ്ണി .....
ഇനിയിപ്പൊ നേരെ പോവേണ്ടത് അമ്മ
വേലയ്ക്കു നിക്കണ വീട്ടിലേക്കാണ്..
അവിടെ എണ്ണയാട്ടുന്ന ഒരു ചക്കുണ്ട് ....
അവിടെനിന്നു എണ്ണയൊക്കെ പാത്രത്തിലാക്കി
കവലയിലെ തോമസ്സുമാഷിന്റെ കടയിൽ
കൊടുക്കണം എന്നിട്ട് വയ്‌ക്കോലെടുത്തു
തിരിച്ചെത്തി പശൂനെ കുളിപ്പിക്കണം ....
അപ്പുണ്ണിയ്ക്ക് പേടിയാണ് പശൂനെ ....
പക്ഷെ അങ്ങനെ ചെയ്തിലെല് നാരായണിത്തള്ള
അനാവശ്യം വിളിച്ചു പറയും ....
അമ്മയെ പണ്ടേതോ പണ്ടിച്ചെക്കൻ
കെട്ടിക്കൊണ്ടു വന്നിട്ട് ഇവിടെ ഉപേക്ഷിച്ചതാണെത്രെ ....
അങ്ങാനാവുമ്പോ അപ്പുണ്ണിടെ
അച്ഛനൊരു തമിഴനാത്രേ .....
അതിലൊന്നും അപ്പുണ്ണിക്ക് സങ്കടമില്ല ...
പക്ഷെങ്കി മൂപ്പരിന്നേവരെ അപ്പുണ്ണിയെ കാണാൻ വന്നിട്ടേയില്ലത്രേ ....അപ്പുണ്ണിയുടെ ചങ്ങായിയുണ്ട്
അവന്റെ അച്ഛനങ് തമിഴ്നാട്ടിലാണ് ...
അവിടെയുള്ളോരൊക്കെ വല്യ ദേഷ്യക്കാരാണത്രെ .....
അങ്ങനെ വരുമ്പൊ അപ്പുണ്ണിടെ അച്ഛനും വല്യ ദേഷ്യക്കാരനാകും ......
ചക്കിലേക്കുള്ള ഓട്ടത്തിൽ
വെള്ളാട്ടുകടവിലെ വല്യ മരത്തിന്റെ
വേരില് തട്ടി അപ്പുണി വീണു ....
കരയാനൊന്നും നേരമില്ല ...
അല്ലേലും അപ്പുണ്ണി കരയാറില്ല ....
അമ്മ പറഞ്ഞേക്കുന്നത് ഒന്നിനും
കരയരുതെന്നാണ് ...
പരിയാരം വീടിനോടു ചേർന്നുള്ള
തോട്ടുവക്കില് തത്തപ്പച്ച നിറത്തിലെ
ചെടി പറിച്ചെടുത്തു വച്ചാല് മുറിവൊക്കെ വേഗം ഉണങ്ങുമെന്നു അപ്പുണ്ണിയ്ക്കറിയാം ....
ഇന്നാളൊരു ദീസം പണിചെയ്യുന്ന
വീട്ടിലെ ഓട്ടുരുളി ആരാണ്ടൊ കട്ടോണ്ടു
പോയപ്പൊ അവിടത്തെ പണിക്കരമ്മാവൻ
അമ്മെടെ പുറത്തു ചൂരലു കൊണ്ടു തല്ലുന്നത്
അപ്പുണ്ണിയും കണ്ടു നിന്നതാണ് .....
തൊണ്ടയിലേക്കു വന്ന നിലവിളി
പുറത്തേക്കു വരാതെ അമ്മയെന്ന്
കണ്ണുകളൊക്കെ ഇറുക്കിയടച്ചു നിന്നതാണ് .....
രാത്രി പെരുമഴ പെയ്യുമ്പോ പൊട്ടിയ
ഓലകീറിലൂടെ വെള്ളമിങ്ങനെ താഴേക്കു വീഴും ...
അവിടെയാ സ്ഥാനത്തു അമ്പാട്ടിലെ
പഴയൊരു ഇഡ്ഡലിപാത്രം വച്ചിട്ട് വെളളം പിടിക്കും ...
മഴയെക്കാൾ അമ്മെടെ കണ്ണീരുണ്ടെന്നു
അപ്പുണ്ണിക്ക്‌ തോന്നി ....
ബ്ലൗസ് മാറ്റി പുറം തിരിഞ്ഞു നിന്നിട്ട് അമ്മ
അപ്പുണ്ണിയോട് ചോയ്ക്കും ...
" ചോയ്പ്പുണ്ടോ ഉണ്ണിയേയ് .....
അപ്പുണ്ണി മൂളികൊണ്ടു തലയാട്ടും ....
തറയിലൂടെ അട്ട പോവുന്നപോലെയാണ്
അമ്മെടെ പുറത്തു പാടുകൾ ....
"ഉണ്ണീ പോയി പരിയാരത്തെ
ഇലയെടുത്തുവാ ...
നനയാതെപോകാൻ അപ്പുണ്ണിക്കു
കഴിയാറില്ല ...നനഞ്ഞ തോർത്തെടുത്തു
തലയിട്ടു ചെമ്മനത്തെ പഴയ വാറുപൊട്ടിയ
ചെരുപ്പ് ഒരണ്ണം കാലിലും മറ്റേതു
വാറുകയറ്റിക്കൊണ്ടും ഇരുട്ടിലേക്കു
അപ്പുണ്ണി ഓടിമറയും ......
തല്ലിയെടുത്ത ഇലച്ചാറിടുത്തു
അമ്മെടെ പുറകിലേക്കൊഴിക്കുമ്പോ
അപ്പുണ്ണി ശബ്ദമിടറിക്കൊണ്ട് ചോയിക്കും ...
"നീറ്റലുണ്ടോ അമ്മെ ....."
വിങ്ങിപ്പൊട്ടിയ ശബ്ദത്തോടെ
ഇറുക്കെ കണ്ണുകളടച്ചു
അമ്മ നുണപറയും ......
അവധിദിവസങ്ങളിൽ പരിയാരത്തെ
തൊടിയിലെ കശുമാവിൻ ചുവട്ടിലാണേൽ
കുട്ട്യോളൊക്കെ കാണാറുണ്ട് ....
എന്നാലവരൊന്നും അപ്പുണ്ണിയെ കളിക്കാൻ കൂട്ടാറില്ല ....എന്നുവച്ചാല് അന്നൊന്നും
കളിച്ചുനടക്കാനൊന്നും അപ്പുണ്ണിക്കു
സമയമില്ല ...
തൊടിയിലെ ഉണങ്ങിയ ഓലയും
വീണുകിടക്കുന്ന തേങ്ങയുമൊക്കെ
പെറുക്കികൂട്ടി അങ്ങേക്കില്ലേ പഴയ
ഓടുകെട്ടിടത്തിൽ കൊണ്ടിടണം ..
ഉച്ചവെയിലത്തു ഊരണതെന്തെലും
കാണുമെന്നു പറഞ്ഞു അപ്പുണ്ണിയുടെ
അമ്മയും കൂടെകാണും ...
അന്നാണ് അപ്പുണ്ണിക്കു പണിക്കത്തു
നിന്നു ചോറും കൂട്ടാനും കിട്ടുന്നത് ....
വക്കുപൊട്ടിയ ഒരു പ്ലാസ്റ്റിക് പാത്രമുണ്ട് ...
നിറയെ പൂക്കളുടെ ചിത്രമുള്ള ഒരു പാത്രം ...
അതിന്റെ നിറമൊക്കെ മങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നാലും അപ്പുണി പറയണത് അതിനു അവന്റെ വീട്ടിലെ പാത്രങ്ങളേക്കാൾ ഭംഗിയുണ്ടെന്നാണ് .....
പഴകിയ ചോറും കൂട്ടത്തില് ഇന്നലത്തെ
കറികളുമൊക്കെ ഒരുമിച്ചാക്കി
അപ്പുണ്ണിക്കു കൊടുക്കും ....
അവനതു ഒരു പറ്റുപോലും ബാക്കിവയ്ക്കാതെ കഴിക്കും ....ഒന്നിനും പരാതി പറയാൻ അവനാകുമായിരുന്നില്ല ....
പാത്രം കഴുകുന്ന നേരത്തു
അമ്മയവനോടു ചോയ്ക്കും ..
ഉണ്ണീ ...ചോറു മതിയോ ...
ഇല്ലെന്നു പറഞ്ഞാലും ചൊറിനി
കിട്ടില്ലാന്നു അവനു നന്നായറിയാം ...
ചിരിച്ചുകൊണ്ട് അവനും നുണപറയും .....
സന്ധ്യയ്ക്കു മഴപെയ്യുന്നത് നന്നല്ലെന്നു
അവനോടു അമ്മ പറഞ്ഞിട്ടുണ്ട് ...
പക്ഷെ നല്ലതായുള്ള എന്താണു
അപ്പുണ്ണിയ്ക്കുള്ളതെന്നു ചിന്തിക്കാറുണ്ട് .....
കവലയില് എണ്ണ കൊടുക്കാൻ പൊവുന്ന നേരത്തൊക്കെ വാസുവേട്ടന്റെ ചായക്കടയില് തമിഴര് പൊറോട്ട കഴിക്കുന്നത് കണ്ടിട്ടുണ്ട് ...
അപ്പുണ്ണി വെറുതെയെങ്കിലും അവിടെയാ കഴുക്കോലിന്റെ അറ്റത്തു പിടിച്ചോണ്ട് നില്ക്കും ...
"കൊതിക്കാണ്ട് പോടാ ചെറുക്കാ ...."
വാസുവേട്ടന്റെ പണിക്കാരൊക്കെ
ആട്ടും ....
അപ്പുണ്ണിക്കു കൊതിയായിട്ടല്ല ...
അക്കൂട്ടത്തിൽ അപ്പുണ്ണിയുടെ അച്ഛനെങ്ങാനുമുണ്ടാകുമോ
എന്നോർത്താണ്‌ അവനവിടെ നില്ക്കുന്നത് തന്നെ .....
ഇന്നാളൊരു ദീസം അമ്പലത്തിലെ
എംബ്രാന്തിരി അവിടെ പറയണത് കേട്ടുവത്രെ ...
മോൾക്ക് വിശേഷമുണ്ടെന്നും ഇപ്പൊ പലഹാരങ്ങളൊക്കെ ഒത്തിരി വരുന്നുണ്ടെന്നും ....
പഞ്ചറായ കീറിയ ടയറുമുരുട്ടി അപ്പുണ്ണി
അമ്മെടെ അടുത്തേക്കു ഓടിച്ചെന്നു ചോദിച്ചു ....
"അമ്മെ വയറ്റിൽ വിശേഷമുണ്ടച്ചാ എന്തിനാ ഇങ്ങനെ പലഹാരങ്ങൾ കൊടുക്കണേ ....."
"അതോ ...അതവർ സ്നേഹം കൊണ്ടല്ലേ ഉണ്ണിയേയ് ....."
"അപ്പൊ അമ്മയ്ക്കു കിട്ടീട്ണ്ട ....."
മറുപടിയായി അമ്മയൊന്നും പറഞ്ഞില്ല ....
നാളെ മാലിനി ടീച്ചർ പറഞ്ഞ
കുറിപ്പിന് അപ്പുണ്ണി രണ്ടു വാചകമേ
എഴുതിയുള്ളൂ ....
അമ്മെടെ ദീനം മാറ്റണം ....പണിക്കത്തു വീട്ടിലെ ചോറു കൂടുതല് കിട്ടണം ...
തമിഴ്‌നാട്ടിലേക്ക് പോവാൻ അച്ഛനെ കണ്ടുപിടിക്കാൻ അപ്പുണ്ണി ഇനീം വലുതാവണമെന്നാണ് കടവിലെ
ചേട്ടനും പറഞ്ഞത് അതോണ്ട് പെട്ടെന്നു വലുതാവണം ...
പിറ്റേന്നു മാലിനി ടീച്ചർ
അവനെയെഴുന്നേല്പിച്ചു നിർത്തി എന്നിട്ട് അപ്പുണ്ണിയോടു ചോയ്ച്ചു ...
"ഡാ നിനക്കാരാകണമെന്നാണ്
ആഗ്രഹമെന്നല്ലേ ചോദിച്ചത് ...
അല്ലാതെ നിന്റെ മോഹങ്ങളല്ലലോ ...."
തലതാഴ്ത്തി നിന്ന അപ്പുണ്ണി പെട്ടെന്നു
ടീച്ചറോട് പറഞ്ഞു ....
"ടീച്ചറെ അമ്മ പറഞ്ഞത് ഭാവിയില്
ആരായാലും എല്ലാവരോടും സ്നേഹം കാണിക്കണമെന്നാണ് ...."
"എന്നിട്ട് നീയതെന്താ എഴുതാത്തെ ....."
"അത് ...അമ്മ പറഞ്ഞത് ...
അച്ഛനു അമ്മയെ ഒരുപാടു
സ്നേഹമുണ്ടെന്നാണ് ...
എന്നിട്ട് അച്ഛൻ എന്നെയോ
അമ്മയെയോ കാണാൻ ഇന്നുവരെ വന്നില്യ ...അതോണ്ട് എനിക്കാരേം സ്നേഹിക്കണ്ട ......
അങ്ങനെയുള്ള സ്നേഹോം വേണ്ട ......"
അപ്പുണ്ണി കരഞ്ഞുതുടങ്ങി ......
കരയാൻ പാടില്ലായെന്ന
അമ്മയുടെ വാക്കുകൾ അവനപ്പോ ഓർത്തു .....
കണ്ണുനീർ തുടച്ചവൻ കവിളുകളും അമർത്തിതുടച്ചു .....
പരിയാരത്തെ തത്തപ്പച്ചയിലകൾ
അപ്പാടെ മണ്ണിലടിയിലാവുന്ന തരത്തില്
തോട്ടിലെ വെളളം കരയ്ക്കു കയറി ....
മഴ പെയ്തുകൊണ്ടേയിരുന്നു ........
By Aadhi Warrier

കുടി I കവിത I Sunilkumar K

കവിത: കുടി
രചന: സുനി
നമ്പർ: 9895869330
.....................................
അതിയായ 
സന്തോഷം 
അവസാനമില്ലാത്ത 
സങ്കടം
അതിനെല്ലാം 
ആശ്രയം 
കരൾ തിന്നും 
പാനീയം.

അവസാനപെഗ്ഗിന് 
അന്ത്യമില്ലാതായി 
മഴപെയ്ത വീട്ടിൽ
അശരണർ മാത്രമായ്.

ന്യായീകരണത്തിൻ്റെ
കുമ്പസാരങ്ങളിൽ 
പുലരുന്ന പകലുകൾ
കുമിളയായ് എരിഞ്ഞു.

അവസാന 
കുപ്പിതൻ
അടിവശം 
ഊറ്റി
അതിലൊന്നും 
ദാഹം
ശമിക്കാതെയവനിന്ന്
നിലയില്ലാകിണറിൻ്റെ 
അടിത്തട്ടിലെത്തി 
മതിയോളം 
കുടിച്ചവൻ
ചീർത്തങ്ങ് പൊന്തി.
.........................................
Sunil Kumar K

നീ I Kavitha I Babu Thuyyam






 നീ
പ്രഭാതമായ് ഉണരുകയാണെങ്കിൽ
പുലരി മുതൽ സന്ധ്യവരെ
നിന്നെയും നോക്കി
നിർവൃതിയിൽ ലയിക്കുന്ന
സൂര്യകാന്തിപ്പൂവായ് മണ്ണിൽ
വിരിഞ്ഞേനെ.
നീ
മഴക്കാറിനൊപ്പം
മാരിവില്ലായ് മാറിയാൽ
അഴകിൻ്റെ അനശ്വര വർണ്ണങ്ങൾ
ചാലിച്ച നീ തന്നപ്രണയം മുഴുവൻ
പീലികളിൽ, എന്നിൽ ഞാൻ
ചേർത്തുവെച്ചേനെ.
നീ
ആകാശഗംഗയായ്
താഴേയ്ക്കൊഴുകുമ്പോൾ
ശിരസ്സും,മനസ്സും കുളിരുന്ന
അനുഭൂതിയിൽ നിലയ്ക്കാത്ത
പ്രണയാഭിഷേകത്തിനാൽ
ഋതുഭേദങ്ങൾ മറന്നുനിന്നേനെ.
നീ
ഗിരിശൃംഗമായ്
പുനർജ്ജനിക്കുകയാണെങ്കിൽ
മഞ്ഞായ്മാറി
ആർക്കും കാണാനാവാത്തവിധം
നിന്നെ പൊതിഞ്ഞ്
പുണർന്നുറങ്ങിയേനെ.
നീ
നാഗകന്യകയായിരുന്നെങ്കിൽ
നിൻ്റെ ചുംബനങ്ങളേറ്റ്
മുക്തി കിട്ടിയ മാണിക്യക്കല്ലുപോൽ
ഞാൻ സായൂജ്യം നേടിയേനെ.
നീ
പൂവായ് വിരിഞ്ഞു നിന്നാൽ
ആഴങ്ങൾക്കിടയിൽ നീയൊളിപ്പിച്ച
മധു കവരുന്നൊരു ശലഭമായ്
ആ ലഹരിയിൽ മുഴുകി
ഞാനെന്നെ മറന്നേനെ
എല്ലാം അറിഞ്ഞേനെ.
നീ
കവിതയായെൻ്റെ
വിരൽത്തുമ്പിൽ നിറയുമ്പോൾ
അക്ഷരങ്ങൾ മായാത്ത
മഷിക്കൂട്ടൊരുക്കി നിന്നെ
അനശ്വരയാക്കാൻ ഞാനെൻ്റെ
ജീവരക്തം നൽകിയേനെ.
നീ
അടുത്തില്ലായിരുന്നെങ്കിൽ
സ്വപ്നം കാണുന്ന കണ്ണുകൾതേടി ദാഹിച്ചുവലഞ്ഞേനെ.
Babu Thuyyam.
27/03/21.

കുട്ടന്റെ അച്ഛൻ I Kavitha I Maya Dinesh


കള്ളിമുണ്ടും ചുറ്റി,കള്ളും മോന്തി
കണ്ടോരോടൊക്കെ കവലേല്
കയ്യാങ്കളികാട്ടി നടക്കുന്ന
കുറ്റിത്തലമുടിയുള്ള,കറുത്ത
കണ്ണനെ അവന്റെച്ഛനായിട്ടും
കുട്ടനിഷ്ടമല്ലാത്തതുകൊണ്ടാണ്
കരൾരോഗം മൂർച്ഛിച്ചയാളെന്നേക്കുമായി
കണ്ണടച്ചിട്ടും കരയാനാവാതെ
കല്ലു പോലെ കുട്ടനിരുന്നത്.
അച്ഛൻ മരിച്ച് മൂന്നാംപക്കം
കുളിപ്പുരയുടെ പുറത്തൊര-
നക്കം കേട്ടെന്നു
പെങ്ങൾ പേടിച്ചു കരഞ്ഞത്
കേട്ടപ്പോഴാണ്
കുട്ടനച്ഛന്റെ മുറിയിൽ ചെന്ന്
അച്ഛന്റെ കള്ളിമുണ്ടാദ്യമായുടുത്തത്.
കൈയ്യിലൊരു കൊടുവാളുമെടുത്ത്
അമ്മയ്ക്കും,പെങ്ങൾക്കും
രാപ്പകൽ കാവലാളായപ്പോഴാണ്
കുട്ടന് അച്ഛനെയോർമ്മ വന്നത്.
കണ്ണിലൂടെ കണ്ണീരായി അച്ഛൻ
പെയ്തു തോരുമ്പോഴാണ്
കുട്ടനച്ഛനോട് മനസ്സുകൊണ്ട്
മാപ്പു പറഞ്ഞത്.
കള്ളുകുടിയനാണെങ്കിലും,
കുടുംബത്തെ മറക്കാനാവാത്ത-
വനായതുകൊണ്ടാണ്
കുട്ടനെയുമ്മവെച്ച
കാറ്റിനപ്പോ അച്ഛന്റെ
മണമായിരുന്നത്.
Written by Maya Dinesh

പൂർവ്വം | Sreedhar RN


 ഉടലുരുകിയൊരുനേർത്ത
കണികയായിത്തീരവേ..,
അടയാളവാക്യങ്ങളനന്തതയിലുഴറവേ..,
അകലേക്കുനീളുന്ന നിൻവിരൽത്തുമ്പിൽ
ഞാനൊരുവേള വീണ്ടുമെൻ
ജീവൻ കൊളുത്തട്ടെ.
മഴ പെയ്തു തോർന്നരാ രാവിൻ്റെ-
മാറിൽ ഞാനലറുന്ന പൈതലായ്,
പശി പൂണ്ടൊരാന്തലാൽ...
വിടരുന്ന നിൻ മോഹസ്വപ്നങ്ങളാലിന്നു,
വറുതിയ്ക്കൊരറുതിയായി ..,
ശാന്തമായി... സ്വച്ഛമായ്!
വിടരാൻ വിതുമ്പുന്ന മുകുളുങ്ങളു-
റവിനായ് വിറപൂണ്ടലച്ചാർത്തു-
മണ്ണിൽപ്പതിക്കവേ..,
തളരുന്ന പ്രാണൻ്റെ വേഗത്തിലെപ്പൊഴോ,
സ്മൃതിയായിത്തീരുന്നു.
വീണ്ടുമാപൂർവ്വം...!
Written by
Sreedhar RN

പ്രണയം


 പ്രണയം ദിവ്യമല്ലെന്നും
ആത്മാക്കളുടെ സംഗമമല്ലെന്നും
ജന്മജന്മാന്തരങ്ങളുമായി ബന്ധമൊന്നുമില്ലെന്നും
പ്രകൃതിയുടെ വികൃതിയാണതെന്നും
എനിക്കറിയാമായിരുന്നു
ഞാനത് പഠിപ്പിക്കുമ്പോൾ നീ അടുത്ത ക്ലാസ്സിൽ
പാർവ്വതീ പരിണയം ഈണത്തിൽ ചൊല്ലുകയായിരുന്നു
തപസ്സു ചെയ്തു മെലിഞ്ഞ ഗൗരിയുടെ
ശോഷിക്കാത്ത പയോധരങ്ങളെപ്പറ്റിയും
പൊട്ടിപ്പോയ സ്തനകഞ്ചുകത്തെപ്പറ്റിയും
വാചാലനാവുകയായിരുന്നു
നിന്റെ ക്ലാസ്സിൽ, കുട്ടികൾ തിങ്ങി ഞെരുങ്ങിയിരുന്നപ്പോൾ
തൊട്ടപ്പുറത്തെ ഗീത ടീച്ചറിന്റെ ഹിന്ദി ക്ലാസ്സ്‌
മുക്കാലും ശൂന്യമായിരുന്നു
ഞങ്ങളുടെ നേർത്ത ശബ്ദങ്ങൾ
പെൺകുട്ടികളുടെ നാണം കലർന്ന ചിരികളിലും
ആൺപുലികളുടെ അശ്ലീലം നിറഞ്ഞ സംശയങ്ങളിലും
മുങ്ങിപ്പോയ്ക്കൊണ്ടിരുന്നു
നീ, പ്രണയം ദൈവികമാണെന്നും
ആത്മാക്കളുടെ സംഗമമാണെന്നും
ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും
ഉറക്കെ പറഞ്ഞത്
എന്നെ കേൾപ്പിക്കാനായിരുന്നു എന്നെനിക്കറിയാം
നിന്റെ കൺകോണുകൾ
ക്ലാസുകളെ വേർതിരിച്ച സ്ക്രീനിലെ,
പ്രണയികളാൽ വേർപ്പെടുത്തപ്പെട്ട വിടവുകളിലൂടെ
എന്നെ തേടി വരുന്നതും എനിക്കറിയാമായിരുന്നു
നിന്റെ നോട്ടങ്ങൾ എന്നിലുണ്ടാക്കിയ ഹോർമോണുളെപ്പറ്റി ഞാൻ പ്രബന്ധമെഴുതി
എന്റെ കണ്ണുകളെപ്പറ്റി
നീ കവിതകളും...
കാലങ്ങൾ പറന്നു
എന്റെ പ്രണയഹോർമോണുകൾ
മരിച്ചു മണ്ണടിയേണ്ട സമയം കഴിഞ്ഞു
എന്നിട്ടുമെന്തേ നിന്റെ കവിതകളിലെ പ്രണയം
ഇന്നും എന്നെ തരളിതയാക്കുന്നു???
ലിൻസി വർക്കി

സ്നേഹത്തിൻ കൈയൊപ്പ് (കവിത )

സ്നേഹത്തിൻ കൈയൊപ്പ്


പീടികതിണ്ണയിൽ, തെല്ലൊരു നേരം
മൂകമായ് ഞാനിരിക്കവേ , 
അടുത്തു വന്നിരുന്നൊരാ നിഴൽ 
കൊണ്ടുപോയെന്നെ നടന്നൊരാ
വഴികളിലൂടെയെല്ലാം. 

ഒളിപ്പിച്ചു വെച്ചൊരാ വാത്സല്യം
നുകർനൊരാ പൈതൽ, 
നടന്നൂ ആ കൈകളിൽ
മുറുകെ പിടിച്ചൊരു ചെറുമകനായ്.

ഞാനാദ്യമായി കണ്ടൊരാനയും മേളവും, 
തിങ്ങി നിറഞ്ഞൊരാ പുരുഷാരവം
ഉള്ളിൽ ഉണർത്തിയ കൗതുകവും,
ഇന്നും ഞാനേറി നടപ്പൂ
ബാല്യത്തിലെന്ന പോലെത്തന്നെ.

ഇടവഴിയിലൂടെ നടന്നകലുമ്പോഴും 
പിടിച്ചൂ എൻ കൈകളിൽ,
മുള്ളുകൾനിറഞ്ഞൊരാവഴികളിൽ 
കോറലേൽകാതെയെന്നെ നടത്തവേ,
കണ്ടൂ ഞാനാ കാലുകളിൽ വീണ മുറിപ്പാടുകൾ. 

കുഞ്ഞിളം നാവിൽ രുചിച്ചു ഞാനാദ്യമായ് 
പകുത്തു തന്നൊരാ വാത്സല്യത്തിനമൃത്, 
ഇന്നീ തിണ്ണയിൽ ഇരിക്കുമ്പോഴും 
തഴുകുന്നതും അതേ കൈകൾ തന്നെ.

മുടിയിൽ നര വീണപ്പോഴും
കാലുകളിൽ അവശത തീണ്ടിയപ്പോഴും
മുറിക്കുള്ളിലെ കട്ടിലിൽ കിടന്നപ്പോഴും, 
ഓടിയെത്തി ഞാനെന്നെ വളർത്തിയെടുത്തൊരാ
കൈകളിൽ സ്നേഹത്തിൻ ഒരു മുത്തമേകാൻ.

ചിതയിൽ എരിഞ്ഞിടുമ്പോളെൻ 
അടർന്നുവീണോരൻ കണ്ണുനീരൊപ്പി 
ചേർത്തുനിർത്തിയാ നിഴൽ പാടി, 
നീയെന്നുമെൻ ചെറുതോഴൻ തന്നെ മകനേ.


ശ്രീജിത



DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo