കരിഞ്ഞു മണക്കുന്ന ശരീരങ്ങളെ കണ്ട് കഴുകന് പോലും അറപ്പ് തോന്നി...
ഉയരുന്ന പുകച്ചിലുകൾ ശ്വസിക്കാനാവാതെ അത് പതിയെ പറന്നകന്നു...
ആകാശത്തിന്റെ മൂർദ്ധാവിൽ നിന്നൊരു പരുങ്ങലോടെ കണ്ണോടിച്ചപ്പോൾ ഇരുൾ മൂടി താനേ ഇരുമിഴികളും അടഞ്ഞുപോയി...
വിരളമായിക്കണ്ട വെട്ടവും അതിജീവിക്കാനാവാതെ ഇരുളിൽ പുൽകി...
ഒരു കളിവഞ്ചി പോൽ ദിശയിറിയാതെ, യാത്രതുടർന്നു.....
തിമിരം ബാധിച്ച
അധികാരികൾ റാലികൾ കൊണ്ട് മാല തീർക്കുന്നതിരക്കിലാണ്.
പിന്നെ, വാനോളം ഉയരത്തിൽ കെട്ടിപ്പൊക്കിയ പ്രതിമകൾക്ക് മുന്നിൽ പൂജക്കിരിക്കുന്നു..
വിടരും മുമ്പേ ചവച്ചു തുപ്പിയ പെൺജന്മങ്ങൾ കൊട്ടിയടച്ച വാതിൽ പടികൾ കയറിയിറങ്ങുന്നു.
നിയമങ്ങളോ, നിയമിക്കുന്നവർക്കതന്യമെത്രെ...
തിന്നുന്നവർ വിശപ്പറിയാതെ മയക്കത്തിലാണ്..
അണുവാലെ പിടയുന്ന ജീവനുകളുടെ അലർച്ചകൾ ഉയരുന്നുണ്ട്..ജീവ വായുവിനു പോലും മടുത്തു കാണുമോ?!
ഒരലർച്ച കേട്ടൊന്ന് തിരിഞ്ഞപ്പോൾ രക്തമില്ലാത്ത ലിഖിതമായിരുന്നത്...
പഠിച്ചെഴുതിയ ലിഖിതഘടന..
ഒന്ന് കണ്ണ് തെറ്റിയപ്പോൾ കാണാനായത് മതവും അവകാശവുമോതി ആയുധ നായാട്ടുകൾ..
വഴിയോരത്തെ വെള്ളക്കെട്ടുകൾ വെയിലിനെ കാക്കുന്നു. കുറുകുന്ന പ്രാവിനെയൊന്നെത്തി നോക്കിയപ്പോൾ അവയും നിലം നോക്കാതെ ആകാശം നോക്കുന്നു..അവക്കൊക്കെയും മടുത്തുകാണും,...
ഈ യാത്രയ്ക്കെന്ത് ശീ ർഷകമെഴുതും..?
മനുഷ്യത്വം തടവറയിലാണ്
ഒരസ്ഥിത്വമില്ലാതെ.. സ്‌നേഹം പോരാട്ടത്തിലാണ്... ഒരുൾവിളിക്കായി.....🥀
NAFILA V
VMHM WAFIYYA COLLEGE MUKKAM
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക