നിങ്ങളെ എല്ലാവരെയും ഒന്ന് നേരിട്ട് കാണണമെന്നുണ്ടായിരുന്നു.പക്ഷെ അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷിക്കൂട്ടം പോലെ മനസ് ചില്ലകളുള്ള ഒരു മരകൊമ്പ് തേടി ആർത്തി പിടിച്ചോടുകയാണ്.നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിത ഏടുകൾ ഒന്ന് മറിച്ച് നോക്കാൻ പോലും എനിക്കാവുന്നില്ല.
കരകവിഞ്ഞൊഴുകുന്ന നദിയെ പോലെ നിങ്ങൾ പാത വക്കുകൾ ചവിട്ടിയരച്ച് എന്നരികിലേക്കെത്താൻ അല്പം സമയം മാത്രം മതി. പൂത്തക്കാലിലെ മുരളി നട്ട് പടർന്ന് പന്തലിച്ച പൂമരകൊമ്പ് നോക്കി നിങ്ങൾ പൂക്കൾ വാടിയ മരക്കൊമ്പിലേക്കെന്ന പോലെ നോക്കി ഒരു വാക്കുച്ചരിച്ചെന്നിരിക്കും.
"കഷ്ടം"
അപ്പോൾ ഉടുമുണ്ടിന്റെ പകുതി നീളത്തിൽ, ഞാൻ എനിക്കായി തീർത്ത വളയ സൗധത്തിൽ കഴുത്ത് ഞെങ്ങിയമർന്ന് നിങ്ങളെ നോക്കും. ഇതാ.. ഈ ജീവിച്ചിരിക്കുന്ന ഈ സമയത്തും ഞാൻ ലോകത്തെ മുഴുവൻ ഇങ്ങിനെതന്നെ നോക്കിക്കൊണ്ടിരുന്നവനാണ്.
ജീവിച്ചിരിക്കുമ്പോഴും കഴുത്തിലെന്തോ മുറുകുന്നുണ്ടെന്ന പോലെ എനിക്കനുഭവപ്പെടാറുണ്ട്.
അതിന്റെ അനുരണനമായി എന്നും ശ്വാസം മുട്ടലുമായി ഞാൻ ജീവിച്ചു.
കഴുത്തിൽ ഞെക്കിപിടിയുടെ ഒരു അസ്വസ്ഥതയുമായി ജീവിക്കാത്തവരാരുണ്ട്...?
ഇരു കൈകളിലും മൺകുടവുമായി വാഴ തടത്തിൽ വെള്ളമൊഴിക്കുമ്പോൾ ഞാനെന്നും ഓരോ വാഴയേയും പേര് ചൊല്ലി വിളിച്ചിരുന്നു.ഒന്നാം വരിയിലെ ആദ്യ വാഴയ്ക്ക് അമ്മയുടെ പേരായിരുന്നു, മീനാക്ഷി.രണ്ടാം നിരയിൽ ഭാര്യ സുധ... അവൾ കുലച്ച് നിൽക്കുന്നത് കാണാനാണ് എന്നും എനിക്ക് കൊതി. വളരാൻ മടിക്കുന്ന അവസാന വരിയിലെ മൂന്ന് വാഴകളിൽ രണ്ടെണ്ണത്തിന് ഇപ്പോൾ അടുത്തകാലത്താണ് മക്കളുടെ പേര് നൽകിയത് നന്ദുവും, പൊന്നുവും... മൂന്നാമത്തെ പേര് അവളുടെ ഗർഭപാത്രത്തിൽ ഒരു വാഴ കൂമ്പു പോലെ മുളച്ച് വരുന്നത്രേ...
നാളത്തെയോ മറ്റന്നാളിലോ ഏതെങ്കിലും പത്രത്തിൽ നിങ്ങൾ വായിച്ചെന്നിരിക്കും- "വാഴ കർഷകൻ ആത്മഹത്യ ചെയ്തു".
ആധാർ കാർഡിലെ അവ്യക്ത ചിത്രം സ്ക്കാൻ ചെയ്തെടുത്തപ്പോൾ, മങ്ങിപ്പോയ ഫോട്ടോയിലൂടെ ചരമ കോളത്തിൽ നിന്നും ഞാൻ ചിരിക്കും. അന്നേരം നിങ്ങളുണ്ടാക്കുന്ന കുറ്റപ്പെടുത്തലുകൾ ഞാനിപ്പോൾ വ്യക്തമായും കേൾക്കുന്നുണ്ട്.
"ഒന്നുല്ലങ്കിലും.. രണ്ട് മക്കളെ ഓർത്തൂടെ ഒന്..".
ഭാര്യയും മക്കളും നീളം കീറിപ്പോയ ഒരു പായയിൽ കിടക്കുന്നു. മണ്ണെണ്ണ വറ്റി തുടങ്ങിയ വിളക്കുകൾ മക്കളുടെ മുഖം പ്രകാശിപ്പിച്ചില്ല. എന്നും ചുരുണ്ട് മാത്രം കിടക്കുന്ന ഭാര്യ എന്തോ ഒരു ധൈര്യശാലിയെ പോലെ നെഞ്ചും വിരിച്ച് കിടക്കുന്നത് കാണുമ്പോൾ സമാധാനം തോന്നി.
എന്തിനെയും നേരിടാനുള്ള കരുത്ത് ഇവൾക്കുണ്ട്. ഈ കരുത്താണെനിക്കില്ലാതെ പോയത്.
വീട് വിട്ടിറങ്ങുമ്പോൾ പഴയ ഗൗതമ ബുദ്ധന്റെ പാo ഭാഗം ഓർമ്മ വരുന്നു.ബന്ധുക്കളെ വിട്ട കലുന്ന ബുദ്ധന്റെ ചിത്രം ഞാൻ വളർന്നു വലുതാകുന്നതുവരെ മനസിലുണ്ടായിരുന്നു.
ഭാര്യയെ ഒരിക്കൻ കൂടി നോക്കി. ഇല്ല അവളുടെ മുഖമിപ്പോൾ മണ്ണണ്ണ വിളക്കിന്റെ പുകകൊണ്ട് മൂടിയിരിക്കുന്നു. മക്കൾ അവളുടെ വലിയ രണ്ട് കണ്ണുനീർ തുള്ളി പോലെ ഇടതും വലതുമായി ചുരുണ്ട് കിടപ്പാണ്.
ബുദ്ധന്റെ ഭാര്യയുടെ പേര് യശോധര എന്നാണോ എന്ന് എനിക്ക് ശരിക്കും ഓർമ്മയില്ല, എന്നിട്ടും ഇറങ്ങുമ്പോൾ ഞാനവളെ മനസ്സിൽ അങ്ങിനെയാണ് വിളിച്ചത്.
പിറകിൽ വീട് അകന്നു കൊണ്ടിരുന്നു. അപ്പോൾ വീടിന്റെ ഒരു ഗന്ധം എന്നെ പൊതിഞ്ഞിട്ടുണ്ടായിരുന്നു.സ്വന്തം വീടിന് ഒരു മണമുണ്ടാകാറുണ്ട്. അത് ഓരോരുത്തരുടെയും വീടിന് വ്യത്യസ്ഥമായിരിക്കും. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ, കൈയ്യിലെ തള്ളവിരൽ രേഖകൾ പോലെ അവ വ്യത്യസ്ഥം തന്നെയായിരിക്കും.
എന്റെ വീടിനെന്നും മഴ നനഞ്ഞ അടിന്റെ മണമായിരുന്നു. എന്ത് വൃത്തിയാക്കിയാലും പോകാത്ത മറ്റുള്ളവർക്ക് അസഹനീയവും എന്നാൽ എനിക്കാ സ്വാദ്യവുമായൊരു ഗന്ധമായിരുന്നത്. ആ മണം എന്നിൽ നിന്നും അകന്നു കൊണ്ടിരുന്നു.നടത്തത്തിന്റെ വേഗതയിൽ ഒരു നനഞ്ഞ കാറ്റ് വന്ന് വസ്ത്രമുരിയുമ്പോലെ ആടിൻ ഗന്ധം എന്നിൽ നിന്നും ഊർന്നെടുത്തു.റോക്കറ്റുകൾ ഭൂമിയുമായുള്ള ബന്ധം വിഛേദിക്കുന്ന പോലെ അത് എന്നെ വഴി തിരിയാത്തവനാക്കി.ആ ഗന്ധം നഷ്ടപ്പെട്ടതിന് ശേഷം വീടുമായുള്ള ഓർമ്മ എന്നിലേക്ക് തിരിച്ചെത്തിയതേയില്ല.
കാറ്റ് ചില വലിയ കാടുകളിൽ കുടുങ്ങി ഞരങ്ങുന്ന ശബ്ദം മാത്രം രാത്രിയിൽ എന്നെ വേഗം നടക്കുവാൻ പ്രേരിപ്പിച്ചു.കാട്ട് ചില്ലക്കുരുക്കിൽ ശ്വാസം മുട്ടുന്ന ഇളം കാറ്റ് എന്നോട് പതുക്കെ പറയുന്നുണ്ടായിരുന്നു.
"വേഗം നടക്ക്.."
ഞാൻ എന്റെ വാഴക്കണ്ടത്തിനരികിലെത്തി. കുലക്കാൻ മോഹിച്ച സുധയും ആകാശത്തോളം വളരാൻ കൊതിച്ചിരുന്ന കൂമ്പ് പൊട്ടി മുളയ്ക്കാൻ പോലും സമയം തികയാതിരുന്ന നന്ദുവും പൊന്നുവും വാഴ പോളകളൊടിഞ്ഞ് തലകുത്തി വീണിരിക്കുന്നു. കൊടുങ്കാറ്റിലും തല നിവർത്തി,ചുറ്റിലും വീണ ആയിരമായിരം നേന്ത്രവാഴകൾക്കിടയിൽ മീനാക്ഷി മാത്രം നിലംപതിച്ചില്ല. അതിനരികിൽ ചെന്ന് "അമ്മേ " എന്ന് പതുക്കെ വിളിച്ചു.ചെളിക്കണ്ടത്തിൽ പൂഴ്ന്ന് പോയ സുധയുടെ ഇളം മേനിയിൽ തൊട്ട് ഞാൻ വെറുതെ ഒരു മോഹം പറഞ്ഞു പോയി.
"ചുള്ളിക്കാൽ പാടത്ത്... ഇനിയും മുളയ്ക്കണം.. നീ ".
ചളി പടർന്ന കാലുകൾ നീട്ടി വീണ്ടും നടന്നു, മുരളിയുടെ പൂമരം തേടി. അവൻ സ്ക്കൂളിൽ നിന്നും കൊണ്ട് വന്ന് നട്ട തൈയാണത്.ഇപ്പോൾ ഒരു പത്തിരുപത്തഞ്ച് വർഷമായി. അത് പൂക്കുന്നത് കാണുവാൻ മാത്രം ഏപ്രിൽ-മെയ് മാസങ്ങളിൽ അവൻ ലീവെടുത്ത് നാട്ടിൽ വന്നിട്ടുണ്ട്. കഴിഞ്ഞ വരവിൽ അതിന് കീഴിൽ നിന്ന് രണ്ട് മൂന്ന് സെൽഫി എടുത്തിത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു പോലും. അത് കണ്ട് അവനോട് കൂടെ പഠിച്ച ജനകി വിളിച്ച് ചോദിച്ചത്രേ... ഇതാരാ.. ഈ നീളം കുറഞ്ഞ ഒരുത്തനെന്ന്
ജാനകി നീയും അറിയണം ശരീരവളർച്ച എന്നപോലെ ജീവിതം മുരടിച്ച ഒരാൾ നിങ്ങളുടെ മുൻ ബഞ്ചിലിരുന്ന് പഠിച്ചിട്ടുണ്ടെന്ന്.. ഓർത്ത് നോക്കിയാൽ അവന്റെ പേര് എൺപത്തിയെട്ടിലെ ഓട്ടോ ഗ്രാഫിലെങ്കിലും തെളിയും.
പൂമരത്തിന് മുകളിൽ നിലാവ് മൂത്രമൊഴിച്ച പോലെ മഞ്ഞിൻ തുള്ളികൾ ഇറ്റുവീഴുന്നു. ശാഖകൾ കഴുത്ത് നീട്ടി നാലുഭാഗങ്ങളിലും മുരളിയുടെ പൂമരം നിൽക്കുമ്പോൾ അവന്റെ വീട്ടിൽ മാത്രം മണക്കുന്ന ഒരു തരം മിഠായി ഗന്ധം പരന്നു.ഞാൻ നേരത്തെ പറഞ്ഞില്ലേ.. ഓരോ വീടിനും ഓരോ ഗന്ധമാണെന്ന്..
ഞാൻ മരചുവട്ടിലൽപ്പം നിന്നു, പിന്നെ നഗ്നമായ കാലുകൾ മരത്തിലമർത്തി ഉണങ്ങി പോകാത്ത ഒരു ശാഖ നോക്കി വലിഞ്ഞ് കയറുമ്പോൾ പേടിച്ച് കൂട് വിട്ടകലുന്ന പക്ഷികളുടെ ചിറകൊച്ചകൾ കേട്ടു.
എനിക്കൊന്നെ പറയാനുള്ളു നിങ്ങളോട്...കൃഷി നാശം സംഭവിച്ച ഒരു കർഷക ആത്മഹത്യയായി മാത്രം കാണരുതെന്റെ മരണത്തെ... സ്വാഭാവിക മരണത്തിനും കുറച്ച് നിമിഷങ്ങൾക്കോ, ദിവ സങ്ങൾക്കോ, വർഷങ്ങൾക്കോ മുമ്പ് തീരുമാനിച്ചുറപ്പിച്ച ഒരു നിരാശാജന്മത്തിന്റെ അവസാനപ്പെടൽ അത്ര മാത്രം... പിന്നെ മരണാന്തരം നിങ്ങളെ ഭയപ്പെടുത്താവുന്ന ഈ മരത്തെ മുറിച്ച് മാറ്റരുതെന്ന ഓർമ്മപ്പെടുത്തലും.. ഈ മരം ജീവിതത്തെ കുറിച്ച് വേവലാധിപ്പെട്ടവന്റെ ഹൃദയതുടിപ്പായി ചുവന്ന പൂക്കളെ ഛർദ്ദിച്ച് ഈ കുന്നിൻ പുറത്ത് കാറ്റിനാൽ ഭ്രാന്ത് പിടിച്ചിളകിയാടട്ടെ.
ഒന്നു കൂടി പറയട്ടെ..ഓരോ മരണങ്ങൾക്കും... അങ്ങിനെ പ്രത്യേകിച്ചൊരു കാരണമുണ്ടാകില്ല, നിങ്ങളുണ്ടാക്കുന്ന ചില നിഗമനങ്ങൾ മാറ്റി നിർത്തിയാൽ.
[ഉപേന്ദ്രൻ മടിക്കൈ ].
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക