മീസാൻ കല്ലുകൾ I ചെറുകഥ I ദിൽഷാദ് ജഹാൻ

 


മാവൂരിൽ നിന്നും അവസാന വണ്ടിയും കയറി ചങ്ങനാശേരി നാൽക്കവലയിൽ വന്നിറങ്ങുമ്പോൾ സമയം രാത്രി രണ്ട് കഴിഞ്ഞിരുന്നു. ഇരുൾ വീണ കവലയിൽ രണ്ടു ചാവാലി പട്ടികൾക്കൊപ്പം എന്നെ തനിച്ചാക്കി ചെറിയൊരു മുരളലോടെ കിതച്ചും നിരങ്ങിയും ആ ബസ്സും പോയി കഴിഞ്ഞു. ഇരുട്ടിൽ തപ്പിയും തടഞ്ഞും മെല്ലെ പള്ളിക്കാട്ടിലേക്ക് നടന്നു. അവിടെയാണ് മുപ്പതു കൊല്ലം മുമ്പ് വീട് മാറിയ ഉപ്പക്കൊപ്പം കഴിഞ്ഞ ആറു മാസത്തോളമായി ഉമ്മ പാർത്തു വരുന്നത്.
           ഉമ്മയെ പറ്റിയോർത്തപ്പോൾ ഓർമ്മകളിൽ ആദ്യം വന്നത് വടക്കേത്തിലെ കാട് കയറിയ വീടും അതിനകത്തെ വെളിച്ചം കാണാത്ത ഇരുണ്ട മുറിയുമാണ്. ശൂന്യതയിലേക്ക് കണ്ണും നട്ട് ഇരുട്ടിനോട് കിന്നാരം പറയുന്ന ഉമ്മയുടെ ഇരുണ്ട മുഖം ഓർമ്മകളെ തന്നെ വേദനിപ്പിച്ചു.
         "ഉമ്മ പൂതി പറഞ്ഞപ്പോ അൻറെ ഉപ്പാക്ക് സാധിപ്പിച്ചു കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് ഇഷ്ഖായിരുന്നു മൂപ്പർക്ക് പാത്തുനോട്. ഇവിടുള്ള പെണ്ണുങ്ങളൊക്കെ അതുകണ്ട് അസൂയയോടെ അടക്കം പറയുന്നത് ഞാനെത്ര കേട്ടതാ... പച്ചേ, ഓള് പറഞ്ഞ തട്ടം വാങ്ങാൻ പോയ മൂപ്പര് ചീമനോടെ തിരിച്ചുവന്നില്ല. ഇന്നാലില്ലാഹ്.... ഓൻ്റെ വിധി ആർക്കേലും തട്ക്കാൻ കഴിയോ... എന്ത് നല്ല മൻസനായിരുന്നു..."ഒരുപാട് കൊഞ്ചലുകൾക്ക് ശേഷം സഹികെട്ട് ജമീലുമ്മ പറഞ്ഞു തന്നിരുന്ന പാതിരാ ഖിസ്സകൾ വഴിയാണ് നാട്ടിലെ സുമുഖനും സുന്ദരനുമായ മൊയ്തീൻ എന്ന എൻറെ ഉപ്പയെ കുറിച്ച് ഞാനറിയുന്നത്. ഉമ്മാൻറെ ചിരിയും ഖൽബും കൂട്ടിനെടുത്ത് ഉപ്പ ഉമ്മയോട് യാത്ര ചോദിക്കുമ്പോൾ ഞാൻ ഏഴ്മാസം ഉമ്മാക്ക് ഗർഭമായിരുന്നു.
        ഉപ്പ പോയതോടെ ഉമ്മാൻറെ ഇരുളിലെ വിളക്കും പകലിലെ തണലും മാഞ്ഞു. നാടുനീളെ സൊള്ളാൻ ഇറങ്ങിയിരുന്ന ഉമ്മ പിന്നീട് അടച്ചിട്ട മുറിയിൽ ഇരുളിൽ പടച്ചോനോട് മാത്രം ഉള്ള് തുറന്നു.
       ഉപ്പ പോയി രണ്ടുമാസം കഴിഞ്ഞപ്പോൾ ഉമ്മാൻറെ നിശബ്ദതകളുടെയും നിഗൂഢതകളുടെയും ഇരുട്ടുനിറഞ്ഞ ലോകത്തിൽ നിന്ന് ഒരു ചെറുകരച്ചിലോടെ ഞാൻ മോചിതനായി. അന്ന് ഉമ്മ സന്തോഷം കൊണ്ട് ചിരിച്ചില്ല, വേദന കൊണ്ട് കരഞ്ഞതുമില്ല. വേദനകളോടും സങ്കടങ്ങളോടും പൊരുത്തപ്പെടാൻ അതിനകം തന്നെ ഉമ്മ പഠിച്ചു കഴിഞ്ഞിരുന്നു.
          ഉമ്മയുടെ ലോകത്തപ്പോഴും ഉപ്പ മാത്രമായിരുന്നു. ഉപ്പയെ തനിച്ചാക്കി അവിടം വിട്ടു വരാൻ ഉമ്മയൊരിക്കലും കൂട്ടാക്കിയില്ല. അകത്തെ ഇരുളിൽ സ്വയം ബന്ധിച്ച് അനന്തമായ ഓർമ്മകളുടെ നേർത്ത നൂലിലൂടെ ഉപ്പയിലേക്ക് ഉമ്മ നടന്നടുക്കുമ്പോൾ പുറത്ത് വരാന്തയിൽ കൂട്ടിനാരുമില്ലാതെ ഏകനായി ഞാൻ കരഞ്ഞു തകർക്കുകയായിരുന്നു. അന്നൊക്കെയെൻറെ അലറി കരച്ചിലുകൾ അകത്തെ നരച്ച ചുമരുകളും അപ്പുറത്തെ വീട്ടിലെ ജമീലുമ്മയും മാത്രം കേട്ടു.
            ജമീലുമ്മയെന്നെ കാടുകയറി തുടങ്ങിയ ആ നിശബ്ദ ലോകത്തിൽ നിന്നും ചെറുതാണെങ്കിലും വെളിച്ചവും വായുവുമുള്ള തൻ്റെ ചെറിയ ചെറ്റകുടിലിലേക്ക് പറിച്ചുനട്ടു. അവരെന്നെ മുസാഫിറെന്നു വിളിച്ചു. ഉമ്മ തീർത്ത നൊമ്പരങ്ങളുടെ മുറിപ്പാടുകൾ അവർ തൻറെ ലാളനകളാൽ മുറിവൂട്ടിയുണക്കി. എൻറെ ഉമ്മ വിളികളെ അവർ സ്നേഹപൂർവ്വം ഏറ്റു വിളിച്ചു. പകലിൽ അവരെൻ്റെ കൊച്ചു പരിഭവങ്ങളുടെ പരിഹാരങ്ങളായി മാറി. ഇരുളിലവരെൻ്റെ കൊഞ്ചലുകൾക്കൊടുവിലെ ഖിസ്സകളായും. സ്വതവേ കരച്ചിലുകൾ മാത്രം കേട്ട് തഴമ്പിച്ച വടക്കേതിലെ ഇടുങ്ങിയ ഊടുവഴികൾ പിന്നീട് എൻറെ ചിരികൾ കൊണ്ടും കളികൾ കൊണ്ടും മുഖരിതമായി. അങ്ങനെ ജമീലുമ്മാൻറെ വിളർത്ത വിരൽ തുമ്പ് പിടിച്ച് ഞാനും എൻറെ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും മെല്ലെ പിച്ച വെച്ചു. വടക്കേതിലെയാ കുടുസുമുറിയിലപ്പോഴും ഇരുളും നിശബ്ദതയും തളം കെട്ടി കിടന്നു.
       ജീവിതത്തിനും ആർത്തിക്കും പിറകെയോടി എല്ലാം നഷ്ടപ്പെട്ട് നിസ്സഹായനായി മീരാ പൂരിലെ ഇടുങ്ങിയ ആ ലോഡ്ജ് മുറിയിൽ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കാനിരിക്കെയാണ് ഒരു പിൻവിളിയെന്നോണം അപ്രതീക്ഷിതമായി ജമീലുമ്മാൻ്റെ കത്തെനിക്ക് കിട്ടുന്നത്. മാസങ്ങൾക്കു മുമ്പ് വടക്കേതിലെ ഇരുളും വെളിച്ചവും നിറച്ച് മൈലുകൾ സഞ്ചരിച്ച് അനേകം പേരുടെ കൈകളിലൂടെ കടന്നു പോയി മുഷിഞ്ഞും മടങ്ങിയും ചുരുണ്ടും അതെൻറെ കൈകളിലെത്തുമ്പോൾ ചങ്ങനാശ്ശേരിയിലെ നിശബ്ദ സായാഹ്നങ്ങളിൽ നിന്നും തൂതപ്പുഴയുടെ അടക്കിപിടിച്ച തേങ്ങലുകളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും എന്നിൽ നിന്നും തന്നെ ഒളിച്ചോടി ദില്ലിയിലെ ഈ ആൾക്കൂട്ടത്തിലെത്തപ്പെട്ടിട്ട് ഏകദേശം ആറു വർഷത്തോളമായിരുന്നു. 

      ഉമ്മാൻ്റെയും നാട്ടിലെയും വിശേഷങ്ങൾ ചോദിച്ച് മാസംതോറും ജമീലുമ്മക്കയച്ചിരുന്ന അഞ്ചും ആറും കത്തുകൾ പിന്നീട് ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ ഒന്നും രണ്ടുമായി ചുരുങ്ങുകയും ക്രമേണ ക്രമേണ ഒന്നുമില്ലാതാവുകയും ചെയ്തു. വടക്കേതിലെ വിണ്ടുതുടങ്ങിയ ഉമ്മറത്തറയിൽ താൻ അയച്ച കത്തുകൾക്ക് മറുപടി കിട്ടാതെ ജമീലുമ്മ വീർപ്പുമുട്ടിയിരിക്കുമ്പോൾ അകലെ ഫതഹ്പൂരിലെ ശീതീകരിച്ച ഹോട്ടൽ മുറിയിൽ അടുത്ത മാസം തുടങ്ങാനിരിക്കുന്ന പുതിയ ബിസിനസിൻ്റെ അവസാന അന്തിചർച്ചയിലായിരുന്നു ഞാൻ.


"മോനെ,
        ഉമ്മ ഇന്നലെ പോയി. ഇനി നീ ആരെ തോൽപ്പിക്കാനാണ് നോക്കുന്നത്. ഇനിയെങ്കിലും നീ വരണം. കാത്തിരിക്കുന്നു."
          ഗംഗയുടെ തീരത്ത് ഇരുളിൽ ജമീലുമ്മാൻറെ വികൃതമായ കൈപ്പടയിലുള്ള ആ രണ്ടുവരി കത്ത് പൊട്ടിച്ച് വായിക്കുമ്പോൾ വർഷങ്ങൾക്കുമുമ്പ് വടക്കേതിലെ ഇരുൾ വിട്ടിറങ്ങുമ്പോൾ എടുക്കാൻ മറന്നു വച്ച നിശബ്ദതയും ഏകാന്തതയും ഒരിക്കൽ കൂടി എന്നിലേക്ക് ഇഴഞ്ഞു കേറുന്നത് ഞാനറിഞ്ഞു. കുറ്റബോധത്താൽ ശ്വസിക്കാനും ചലിക്കാനുമാകാതെ ഞാൻ തളർന്നിരിക്കുമ്പോഴും ഗംഗ എനിക്ക് മുന്നിൽ നിശബ്ദമായൊഴുകി. എത്ര നേരമങ്ങനെ ഇരുന്നെന്നറിയില്ല. ഗംഗയുടെ തേങ്ങലിന് ശബ്ദം കൂടി കൂടി വന്നു. ആ തേങ്ങലുകൾക്കിടയിൽ ഇടയ്ക്കെപ്പയോ ഞാൻ തൂതപ്പുഴയുടെ ഓളങ്ങൾ കണ്ടു. വടക്കേതിലെ ഒറ്റ മുറി വിട്ട് പള്ളിക്കാട്ടിലെ ഉപ്പയിലേക്ക് ഓടിയടുക്കുന്ന ഉമ്മയെ കണ്ടു. വേവലാതികൾക്കിടയിൽ ചിരിക്കാൻ മറന്നുപോയ ജമീലുമ്മാൻറെ വരണ്ട ചുണ്ടുകൾ കണ്ടു. പക്ഷേ, ആ ഒഴുക്കിൽ നിഴലുപോലെ പ്രതിഫലിച്ചു കണ്ട ആ രൂപം എൻ്റേതല്ലായിരുന്നു. ഗംഗയുടെ ഓളങ്ങളിൽ ആ രൂപമെന്നെ തുറിച്ചുനോക്കി.
           മരണം പോലെ മൂകമായ പള്ളിക്കാട്ടിൽ എണ്ണമറ്റ മീസാൻ കല്ലുകൾക്കിടയിൽ ഒടിഞ്ഞു കുത്തിയ നിഴലുപോലെ ഉമ്മാൻറെ ഖബറരികിൽ നിശബ്ദം ഞാനിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടക്കാൻ മെനക്കെടാതെ, കഞ്ഞി പശയുടെ മണം വിട്ടുമാറാത്ത വക്കുകളിൽ ലേസുകൾ തുന്നിപ്പിടിപ്പിച്ച കൊല്ലങ്ങൾക്കുമുമ്പ് ഉപ്പാക്ക് നൽകാൻ കഴിയാത്ത ഉമ്മ പൂതി പറഞ്ഞ തട്ടം ഞാൻ ഖബറിൻ മീതെ വെച്ചു മെല്ലെ തിരിഞ്ഞു നടന്നു.
      വർഷങ്ങൾക്കുമുമ്പ് വടക്കേതിൽ ഉമ്മറക്കോലായിൽ എന്നെയും കാത്ത് കത്താൻ തുടങ്ങിയ ഓട്ടുവിളക്കും ഒരു പിഞ്ഞാണം ചോറും ആധിപൂണ്ട കണ്ണുകളും അന്നും ഉറക്കം മറന്നിരുന്നു.


ദിൽഷാദ് ജഹാൻ 

അട്ടഹാസം I കവിത I ഫൈറൂസ റാളിയ എടച്ചേരി



നീ
കത്തുന്ന
തീയാവണമെന്നച്ഛൻ 
പറയുമ്പോൾ
ചുണ്ടുകൾക്കിടയിലൂടെ
ചുരുളുള്ള പുകകൾ
വാനിലേക്കുയർന്നു,
കാമ ദാഹം തീർത്തീ 
യുൾക്കാടിൽ നിൽക്കവെ 
നീ കാരണമൊരു പെണ്ണും
കരയരുതെന്ന
മ്മയുടെവാക്കുകൾ
ഒരട്ടഹാസം പോലെ
പതിയുന്നു.

ഇന്നെൻ്റെ 
ഹൃത്തടത്തിൻ
വാതിലിൽ
ഒരു മുട്ടിവിളി
കേൾക്കുന്നുണ്ട്,
ആരാണരാണെന്നുച്ചത്തിൽ
ചോദിച്ചിട്ടും
ഒച്ചപ്പാടില്ലാതെയാരോ
യിരിപ്പുണ്ടവിടെ.

വിറക്കുന്ന
കൈകളും
തളർന്ന
കാലുകളാൽ 
പതിയെ പതിയെ
ഞാനവിടെ വരെ
നടന്നു ചെന്നു,
ഉത്സാഹത്തിമർപ്പോടെ
കഴിഞ്ഞയിന്നലകളെ കണ്ടു...
ചിതപോലെ നീറി പുകയുന്നമ്മയെ കണ്ടു...
ചാരമായ് തീർന്നച്ഛനെ കണ്ടു...
സ്നേഹത്തോടെ ചേർന്നിരുന്നു 
കഥകൾ പറഞ്ഞ
പെങ്ങളെ കണ്ടു...
ചിറകറ്റ് ചരിഞ്ഞ
സ്വപ്നങ്ങളെ കണ്ടു...

ഒരുപാടുപദേശങ്ങൾ
ചെവിയിലടഞ്ഞു...
ഒന്നും കേൾക്കാനാവാതെ
ചെവികൾ പൊത്തി
ഞാനലറിക്കരഞ്ഞു.
----
ഫൈറൂസ റാളിയ എടച്ചേരി 

തെരുവിന്റെ സമരം I Vineeth Viswadev

 അക്ഷരജാലകങ്ങൾ തുറന്നിടട്ടെ വായ്മൊഴികൾപ്പൊഴിയട്ടേ...
മൗനംപേറിയ പോരാളികൾ വാക്ധാരികളായി  തെരുവിലിറങ്ങട്ടേ...
നിശബ്ദത  മൂടുപടംകെട്ടിയ അകത്തളങ്ങൾകൊട്ടിത്തുറക്കട്ടേ...
വാളല്ല വാക്കായുധങ്ങൾ പെരുമ്പറകൊട്ടി മുഴങ്ങിടട്ടേ..
 
ഉലകിൽ സമരം പലവിധമുണ്ടെന്നീ  യവ്വനമറിഞ്ഞിടട്ടേ..
ആയുധമേന്തിയ കരങ്ങളെ മാറ്റുവിൻ പുതുതലമുറയ്ക്കായി..
പിന്തുടരുവാൻ മറന്ന സമരമുറകളെ നിങ്ങളുണരുവിൻ..
അന്ധത കീറിമുറിച്ചെറിയുവാ
വെള്ളിവെളിച്ചമായി തിരിതെളിക്കൂ..
 
സ്വാതന്ത്ര്യം കോൾമയിർകൊള്ളിച്ച  അഭിമാനികളാം മഹാത്മാക്കളേ
നിങ്ങൾ തൻ വീഥിയിലെ നിരായുധസമര വീര്യംപ്പകർന്ന വാക്കുകളും
അഹിംസയും സത്യാഗ്രഹങ്ങളും ചേർന്ന വിപ്ലവമാറ്റത്തിനനുഭവങ്ങൾ
പുതുതലമുറയ്ക്കായ് തെരുവിൻസമരങ്ങൾ ആർജ്ജവം നൽകിടട്ടേ..
 
കൈവെള്ളയിലൊളിപ്പിച്ച  വെളിച്ചം തലകുനിപ്പിച്ചു നിങ്ങളാം യുവത്വത്തെ
വിരൽത്തുമ്പിലെ  വചനങ്ങൾ കാണാക്കയത്തിലെ ബന്ധനങ്ങളായി
കൂടടച്ച കോണിലോതുങ്ങിടാതെ മാനംമുട്ടേ തലയുയർത്തുവാൻ
തെരുവിന്റെ ശബ്ദകാറ്റായി ഇന്നീ യുവത്വം മാറിടട്ടേ
അലയടിക്കട്ടേ  വാക്കായുധങ്ങൾ  തെരുവിൻ സമരമായി ഇന്നീ രണഭൂമിയിൽ.
 
സ്നേഹപൂർവ്വം,
വിനീത് വിശ്വദേവ്.
ചേർത്തല.

ക്രിസ്റ്റീയാനോയും പ്ലാച്ചിമടയും I Article I യാസിർ കോണ്ടൂർക്കര


 
കായിക പ്രേമികൾക്ക് ഫുട്ബോൾ വിരുന്നൂട്ടുന്ന ദിനങ്ങളാണ്.എന്നാൽ കഴിഞ്ഞ ദിവസമാണ് മത്സരത്തിനു മുന്നോടിയായുള്ള വർത്താസമ്മേളനത്തിൽ മുന്നിലുണ്ടായിരുന്ന കൊക്ക കോളയുടെ പാനീയം മാറ്റി വെള്ളക്കുപ്പി ഉയർത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിനു കൈമാറിയത്.ശരീരത്തിനു അപകടകരമായ വിഷാംശങ്ങൾ അടങ്ങിയ കോളയുടെ പേരിൽ തന്നെയാണ് കാലങ്ങളായി പാലക്കാട്‌ പ്ലാച്ചിമടയിൽ പ്രതിഷേധങ്ങൾ നടന്നത്.ഒടുവിൽ പ്ലാചിമടക്കാരുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ കൊക്ക കോള കമ്പനി മുട്ടുമടക്കിയെങ്കിലും, ഒരു പ്രദേശത്തെ മുഴുവൻ ശുദ്ധജലം ഊറ്റി ജനങ്ങൾക്ക് കുടിവെള്ളം പോലും ഇല്ലാതാക്കിയ അവസ്ഥയിലായിരുന്നു കമ്പനി പിന്മാറിയത്.
 കുടിവെള്ളവും കൃഷി ആവശ്യത്തിനുമുള്ള വെള്ളവും ഇല്ലാതാക്കി. വെള്ളം ഇല്ലാതായപ്പോള്‍ അത് തേടിപ്പോയതിനാല്‍ പലര്‍ക്കും ജോലിക്ക് പോവാനോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ പോലും കഴിഞ്ഞില്ല. തൊഴില്‍ നഷ്ടം, വിദ്യാഭ്യാസ നഷ്ടം, ജലചൂഷണം, ജലമലിനീകരണം, സാമൂഹ്യ നഷ്ടം, കാര്‍ഷിക നഷ്ടം, ആരോഗ്യ നഷ്ടം എന്നിങ്ങനെ കണക്കാക്കാവുന്ന നഷ്ടങ്ങള്‍ നിരവധിയാണ്.   കമ്പനിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ മാത്രം പരിഗണിച്ചാല്‍ പോലും അമ്പതിനായിരത്തോളം പേര്‍ വരും. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെയെങ്കിലും നഷ്ടം കോക്ക കോള കമ്പനി ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. കാലമിത്രയായിട്ടും നഷ്ടപരിഹാരം നൽകാൻ കമ്പനി അധികൃതർ തെയ്യാറാവാത്തതിനാൽ പ്ലാചിമടക്കാർ ഇന്നും അവരുടെ സമരത്തിലാണ്. കോള താൻ ഉപയോഗിക്കാറില്ലെന്നും മകൻ കഴിക്കുന്നതിൽ ആസ്വസ്ഥനാണെന്നും ക്രിസ്റ്റീയാനോ പ്രതികരിച്ചിരുന്നു.

        യാസിർ കോണ്ടൂർക്കര

വിലങ്ങിടണം ഇനിയുമാവർത്തിക്കാതിരിക്കാൻ I വിചാരഗതി I സലാഹുദ്ധീൻ കാട്ടിലങ്ങാടി



കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ
അവസാനിപ്പിക്കാൻ  നിയനടപടികൾ കർശനമാക്കിയിട്ടും കേസുകൾ കുറവ് കാണാനാകുന്നില്ല.ദിവസേന 
വ്യാപിച്ചു കൊണ്ടിരിക്കുകയാണീ മഹാ വ്യാധി. വൈറസ് നിറഞ്ഞ മനസ്സുകളാണ് ഇതിന് കാരണമാകുന്നത്. ഇതിന്റെ അവസാന ഇരയാണ് ഈയടുത്ത് വണ്ടിപെരിയാറിൽ നിന്നും യാത്രയായ കുഞ്ഞ്, ഇത് പോലെ ഒരുപാട് പേര് ഇന്നും ജീവൻ ഞെരുക്കി തീർക്കുന്നുണ്ടാകണം. ഓരോ മരണങ്ങളിലൂടെയും ഓരോ പുതിയ പുതിയ ഇരകളെ കേരളത്തിന്‌ സമ്മാനിച് കൊണ്ട് കടന്ന് പോകുന്നു, അത് മറക്കുന്നു, വൈകാതെ പുതിയ കേസുകൾ എത്തുന്നു  ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പോക്സോ പോലുള്ള നിയമങ്ങളുണ്ടായിട്ടും നേർവഴിക്ക് നടത്താൻ സാധിക്കുന്നില്ല എന്നതാണ് ഇത്തരം കേസുകളുടെ വർധനവിൻ പ്രധാന കാരണം.2012 നവംബർ 14  ന് നിലവിൽ വന്ന പോക്സോ നിയമം 2019 ൽ പുതിയ നിയമങ്ങളോടെ 
ഭേദഗതി വരുത്തി പ്രതിക്ക് കൊലക്കയർ വരെ വാങ്ങി കൊടുക്കാനുള്ള കരുത്താർജിച്ചു.18 വയസ്സ് വരെയുയുള്ള കുട്ടികൾക്ക് ഈ പരിരക്ഷക്ക് അർഹരാണ്. എന്നിരുന്നിട്ടും ഇത്തരം കേസുകളുടെ വർധനവ്  ഭീതിതംത്തന്നെ. ഇത്തരം നിയമങ്ങളെ തൊട്ട് അറിയാത്ത ഒരു വിഭാഗം ഇന്നും സമൂഹത്തിലുണ്ട് എന്നതൊരു നഗ്നസത്യമാണ്. സമൂഹത്തിന് ഇതിനെ കുറിച് അറിയാനും മനസ്സിലാക്കാനും സമൂഹത്തിൽ ഇതിനെ കുറിച് അവബോധമുണ്ടാക്കാ നും വ്യാപകമായ പ്രചരണപദ്ധതികൾ അത്യാവശ്യമാണ് ഒപ്പം പ്രതിക്ക് അർഹിച്ച ശിക്ഷ വാങ്ങികൊടുക്കുന്നതിൽ പോലീസും കോടതിയും തയ്യാറാകേണ്ടതുണ്ട്.

സലാഹുദ്ധീൻ
കാട്ടിലങ്ങാടി

ആർദ്രം I Story I Ammu Santhosh


 ജയിലിൽ നിന്നിറങ്ങുമ്പോൾ എന്നെ സ്വീകരിക്കാനാരും വന്നില്ല. ഞാൻ ആർക്ക് വേണ്ടിയാണോ ജയിലിൽ പോയത് അവൾ പോലും. എന്റെ കുഞ്ഞ്.. അവന്റെ ഓർമ്മയിൽ എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. അവനിപ്പോൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ടാകും.
എന്റെ ഭാര്യയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുവനെ ഒന്ന് താക്കീത് ചെയ്യാനാണ് ഞാൻ പോയത് അത് ഒരു അടിപിടി ആകുമെന്നോ അവനെന്നെ കത്തികൊണ്ട് കുത്താൻ വരുമെന്നോ ഞാൻ ഒട്ടും വിചാരിച്ചില്ല. മനഃപൂർവം അല്ലെങ്കിലും കത്തി അവന്റെ നെഞ്ചിൽ തന്നെ തുളഞ്ഞു കയറി അവൻ മരിച്ചു. ഞാൻ ജയിലിലായി..
ഞാൻ വീട്ടിൽ ചെന്നു. ഊഹിക്കാമല്ലോ ആരുമേന്നെ എവിടെയാഗ്രഹിച്ചില്ല. സ്വന്തം അമ്മ ഒഴികെ. പക്ഷെ അമ്മ നിസ്സഹായയിരുന്നു. അനിയത്തിയുടെ ഭർത്താവിന്റെ മുഖം മാറിയപ്പോൾ ഞാൻ അവിടെ നിന്നിറങ്ങി.
"മോനെ.. എവിടെയെങ്കിലും ഒരു കൊച്ചു വീട് വാടകക്ക് നോക്കിയിട്ട് വന്നു വിളിക്ക് അമ്മ നിന്റെ കൂടെ വരും.. ആരുമില്ലെങ്കിലും അമ്മയുണ്ടാകും എന്റെ മോന് "
ഞാൻ അമ്മയെ ചേർത്ത് പിടിച്ചു
ഇത് പോരെ? ഈ വാക്കുകൾ?
"മോൻ അവളെയന്വേഷിച്ചു പോകരുത്. അവൾടെ വിവാഹം കഴിഞ്ഞു ഇപ്പൊ ഒരു കുഞ്ഞ് കൂടിയുണ്ട്. നല്ല ജീവിതമാ നീ വന്നാൽ അങ്ങോട്ട് ചെല്ലരുത് എന്ന് അവൾ ഫോൺ വിളിച്ചു പറഞ്ഞു "
എന്റെ നെഞ്ച് പൊട്ടിപ്പോയി എത്ര ശ്രമിച്ചിട്ടും ഞാൻ കരഞ്ഞു പോയി. ആർക്ക് വേണ്ടിയാണോ ഞാൻ ഈ കാലമത്രയും...
"എന്റെ മോൻ?"
"അവൻ ബോർഡിങ് സ്കൂളിൽ ആയിരുന്നു. ഞാൻ പിന്നെ കണ്ടിട്ടില്ല. ഇപ്പൊ കോളേജിലായിരിക്കും.ചിലപ്പോൾ ജോലിയായിട്ടുണ്ടാവും ."
"അവനെയൊന്നു കാണാൻ..."
"നീ എന്താ കുഞ്ഞേ പറയുന്നേ? നീയിപ്പോ ആരാ? അവൻ എന്തെങ്കിലും പറഞ്ഞാലോ നാണക്കേട് ആണെന്നോ മറ്റൊ.. വേണ്ട കുഞ്ഞേ.."
ഞാൻ തകർന്നു പോയ ഹൃദയത്തോടെ നടന്നു തുടങ്ങി
എനിക്ക് അവളെ കാണണ്ട..
പക്ഷെ എന്റെ മോൻ ദൂരെ നിന്നെങ്കിലും കാണണം.. അവനെന്നെ കാണണ്ട..
ഞാൻ പലരോടും അന്വേഷിച്ചു
ഒടുവിൽ അറിഞ്ഞു. എന്റെ മോൻ ഡോക്ടർ ആണ്. ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ.
ഒരു ഓപി ടികെറ്റ് എടുത്തു അവനെ കാണാൻ കാത്തിരിക്കുമ്പോൾ നെഞ്ചിടിച്ചു കൊണ്ടിരുന്നു. കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
"എന്താ അസ്വസ്ഥത?"
തന്റെ മകൻ
"ങ്ങേ "
അവൻ പെട്ടെന്ന് തന്നെ ഒന്നുടെ നോക്കുന്നത് ഞാൻ കണ്ടു. അവന് മനസിലായിട്ടുണ്ടോ?
"നെഞ്ചിൽ വേദന "ഞാൻ മെല്ലെ പറഞ്ഞു
സ്റ്റെത സ്കോപ് പിടിച്ചിരിക്കുന്ന കൈകൾ വിറയ്ക്കുന്നത് കണ്ടു ഞാൻ അവനെ ശ്രദ്ധിച്ചു. അവന്റെ കണ്ണുകൾ നിറയുന്നുണ്ട് ആ മുഖം ചുവന്നു കഴിഞ്ഞു. എനിക്ക് അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ വേഗം എഴുനേറ്റു നടന്നു. വരാന്തയിലൂടെ അതിവേഗം നടന്നു പോരുമ്പോൾ പിന്നിലാരോ ഓടിയെടുക്കുന്നതും എന്നെ തോളിൽ തൊടുന്നതും ഞാൻ അറിഞ്ഞു.
"അച്ഛൻ.. എന്റെ അച്ഛനല്ലേ?"
എന്റെ കണ്ണ് നിറഞ്ഞൊഴുകി
"അച്ഛൻ എന്നാ വന്നത്? എവിടെയാ താമസിക്കുന്നത്?"
"കുറച്ചു ദൂരെയാണ്.. മോനെ ഒന്ന് കാണാൻ... കുറെ നാളായില്ലേ? മിടുക്കനായി "ഞാൻ ആ മുഖത്ത് തൊട്ടു
"അമ്മ അനുവദിച്ചിട്ടില്ല ഒരിക്കലും അച്ഛനെ വന്നു കാണാൻ. എന്നിട്ടും ഞാൻ രണ്ടു തവണ വന്നു. അച്ഛൻ കാണണ്ട എന്ന് പറഞ്ഞെന്ന് പോലീസ് പറഞ്ഞു "
ഞാൻ അമ്പരന്ന് പോയി. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ചിലപ്പോൾ അവൾ തന്നെ അവിടെ പറഞ്ഞെല്പിച്ചിട്ടുണ്ടാകും.
"പോട്ടെ "ഞാൻ എന്റെ കുഞ്ഞിന്റെ കൈ രണ്ടും മുഖത്ത് ചേർത്ത് വെച്ചു
"അച്ഛൻ എവിടെയാ താമസിക്കുന്നത്? അത് പറഞ്ഞിട്ട് പോ.."
ഞാൻ പുഞ്ചിരിച്ചു.. പിന്നെ നടന്നു..
എന്റെ മോനെന്നെ സ്നേഹിക്കുന്നു.. ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയാൻ തോന്നിയെനിക്ക്. എനിക്കൊരു മോനുണ്ട്... ഞാൻ കൊലപാതകിയാണെങ്കിലും എന്നെ സ്നേഹിക്കുന്ന ഒരു മകൻ.. ഞാൻ പുണ്യം ചെയ്തവനാണ്..സത്യം.

Written by Ammu Santhosh

വർഷപാതം I കഥ I Mohammed Ali




സ്കൂളിലെ ഇടവേളകളിൽ കഴുത്തൊപ്പമുള്ള മതിലിനോട് ചേർന്ന് നിന്ന് മൂത്ര മൊഴിക്കുമ്പോൾ മഴച്ചാറലിന്റെ നേർത്ത കണങ്ങൾ കണ്ണിലും നെറ്റിയിലും പതിക്കുമ്പോളുള്ള സൂചിക്കുത്ത് പോലത്തെ തണുപ്പിനെ വകവെക്കാതെ തൊട്ടുമുന്നിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കാഴ്ച്ചയിൽ നിന്നും കണ്ണെടുക്കാൻ അവർക്ക് തോന്നാറില്ല.

പതിനഞ്ചു മിനിറ്റ് ഇടവേള. ആദ്യത്തെ പരിപാടി മൂത്രമൊഴിക്കൽ. പിന്നെ അതേ മതിലിൽ തന്നെ കൈകൾ ഊന്നി ദൂരേക്ക് നോക്കി നിൽക്കുക.

വിസ്മയക്കാഴ്ചകൾ ഏറെയുണ്ട്. റോഡിന്റെ വശങ്ങളിലുള്ള തൊട്ടടുത്ത സിനിമാ ശാല കളിലെ പരസ്യബോഡിലെ സിനിമയിലെ മനോഹര രംഗങ്ങൾ. അതേ റോഡിൽ നിന്നു തന്നെയാണ് അക്കരയ്ക്കു പോകാനായി നദിക്ക് കുറുകെയുള്ള പാലവും.

മഴക്കാലമായതുകൊണ്ട് പാലം തൊട്ടു തൊട്ടില്ല എന്ന നിലയ്ക്കാണ് നീരൊഴുക്കുള്ളത്. ശക്തമായ മഴയിൽ ഒന്നുരണ്ട് തവണ പാലം കവിഞ്ഞൊഴുകി യിട്ടുണ്ട്. അപ്പോൾ അക്കരയിലുള്ള കുട്ടികൾക്ക് സ്കൂളിൽ വരാൻ പറ്റാറില്ല. അങ്ങനെയുള്ള ദിവസങ്ങളിൽ സ്കൂൾ നേരത്തെ വിടുകയും, പിന്നെ വെള്ളം താഴുന്നതുവരെ സ്കൂൾ അടച്ചിടുകയുമാണ് പതിവ്.

അലിക്കും സക്കീറിനും ആധിയായിരുന്നു. സ്കൂൾ വിടുന്നതിന് മുമ്പ് എങ്ങാനും ശക്തമായ ഒരു മഴ വന്ന് പുഴ നിറഞ്ഞൊഴുകി യാൽ എങ്ങിനെ വീട്ടിലെത്തുമെന്നതായിരുന്നു അവരുടെ പ്രശ്നം. മറ്റേ ഭാഗത്തുനിന്നും പാടം കടന്നുവരുന്ന കുട്ടികൾക്കും പാടത്ത് വെള്ളം നിറഞ്ഞാൽ എങ്ങനെ പോകുമെന്ന പേടി. ഗഫൂറിന് ചോർന്നൊലിക്കുന്ന ഒരു വീടാണത്രേ..മഴപെയ്താൽ അന്ന് രാത്രി മുഴുവൻ ഉറങ്ങാൻ പറ്റില്ലത്രേ...ചോർന്നോലി ക്കുന്ന ഭാഗത്ത് പാത്രങ്ങൾ വെച്ച് മഴതീരുന്നത് വരെ കാത്തിരിക്കണം.

മഴ ശക്തമാകുമ്പോൾ കുഞ്ഞു മനസ്സിന്റെ പേടികൾ പങ്കുവയ്ക്കുന്ന കൂട്ടുകാർക്കിടയിൽ മുജീബിന് മാത്രം മഴ ഇഷ്ടമാണ്. കാരണം മഴക്കാലമായാലാണ് അവന്റെ ഉപ്പാക്ക് നല്ല പണി ഉണ്ടാവുന്നത്. കുട നന്നാക്കലും കുട കച്ചവടവുമാണ് അവന്റെ ഉപ്പാടെ ജോലി.

മഴക്കാലത്ത് മാത്രമാണ് അവന് റേഷനരിയുടെ ചോറ് കഴിക്കേണ്ടാത്തത്. ആ സമൃദ്ധിയുടെ കാലത്താണ് ആ ഒരു വർഷത്തേക്ക് അവന് പഠിക്കാനുള്ള സാമഗ്രികളൊക്കെ അവന്റെ ഉപ്പ വാങ്ങിച്ചു കൊടുക്കുന്നത്. മഴക്കാലം കഴിഞ്ഞാൽ പിന്നെ കഷ്ടപ്പാടാണ് പിന്നെ എന്തു പറഞ്ഞാലും അവനു വാങ്ങിച്ചു കൊടുക്കില്ലത്രേ...റേഷനരിയുടെ രൂക്ഷ ഗന്ധവും ചുട്ടുപൊള്ളുന്ന വെയിലും അവന് അസഹനീയമാണ് എപ്പോഴും.

എല്ലാം കേട്ടു നിൽക്കുന്ന സുരേഷിന് മാത്രം ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. അവനു വരാൻ പുഴയോ തോടോ കടക്കേണ്ട, വീടും ഓടിട്ട നല്ല വീട്. വീട്ടിൽ പട്ടിണിയും ഇല്ല. എങ്കിലും അവന് മുജീബിനോട് യോജിപ്പില്ല. മുജീബിന്റെ ഇത്തരം നിലപാടുകളോട് യോജിപ്പില്ലാത്തതുകൊണ്ടുതന്നെ അവനോട് അധികം കൂട്ട് കൂടാറുമില്ല.
അവന്റെ മനസ്സ് മഴ കനക്കുമ്പോൾ ആധിയുള്ള കൂട്ടുകാരോടൊപ്പമാണ്.

കാരണം മഴയും അമ്മയുടെ കണ്ണുനീരും ഒരുപോലെയാണവന്. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞൊഴുകുകയും, പിന്നെ മുടികെട്ടിയ കാർമേഘം പോലെ ദുഃഖം ഖനീഭവിച്ച മുഖഭാവം. അങ്ങനെയല്ലാതെ അമ്മയെ കണ്ടിട്ടേയില്ല.

ഇടുക്കി റിസർവോയറിൽ എക്സിക്യൂട്ടീവ് എൻജിനീയറായ അച്ഛൻ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ. അച്ഛൻ വരുന്ന രാത്രികളിൽ അമ്മ ഉറങ്ങാറില്ല. ഒരു നിലക്കാത്ത മഴപോലെ അമ്മയുടെ കണ്ണുനീർ തോരാറുമില്ല.

മഴയുള്ള രാത്രികളിലാണ് അച്ഛൻ മിക്കപ്പോഴും വരാറ്. വരുന്നതുതന്നെ നിലത്തുറക്കാത്ത കാലുകളോടെ യിരിക്കും. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മയ്ക്ക് കുറ്റങ്ങൾ മാത്രം. സുരേഷിന് താഴെ ഒരു അനിയനും ഒരു അനിയത്തിയും കൂടി ഉണ്ട്. അച്ഛൻ തളർന്നുറങ്ങുമ്പോൾ അടുത്ത മുറിയിൽ അമ്മ മൂന്ന് മക്കളെയും കെട്ടിപ്പിടിച്ച് കണ്ണീർവാർത്തിരിക്കും.

ആ ദിവസങ്ങളിൽ ഏറെ വൈകിയും മുത്തശ്ശിയുടെ പരിഭവം പറച്ചിലും നാമജപവും ഉയർന്നു കേൾക്കാം. ഇടയ്ക്ക് "കുട്ടികൾ ഉറങ്ങിയോ തങ്കം" എന്ന് വിളിച്ചു ചോദിക്കും... ആരോഹണാവരോഹണ ക്രമത്തിലുള്ള മുത്തശ്ശിയുടെ നാമജപങ്ങൾക്കും, അമ്മയുടെ ഗദ്ഗതത്തിനും തേങ്ങലുകൾക്കു മിടയിൽ എപ്പോഴെങ്കിലും ഉറങ്ങിപ്പോകും.


ഇടവേളയ്ക്കു ശേഷം ക്ലാസ്സ് തുടങ്ങിയപ്പോൾ പുറത്ത് കാർമേഘങ്ങൾ ഇരുട്ടുകുത്തി നിൽക്കുന്നതിന്റെ ആധി മുജീബ് ഒഴിച്ച് എല്ലാരുടെ മുഖത്തും പ്രകടമായിരുന്നു. എന്നാൽ ചെറിയൊരു മഴച്ചാറ്റലിൽ ഇരുട്ടുകുത്തിയ മേഘങ്ങൾ എങ്ങോ പോയി മറയുകയും വെയിൽ ദൃശ്യമാവുകയും ചെയ്തു.

"വെയിലും മഴയും കുറുക്കന്റെ കല്യാണം" എന്ന് രവി അറിയാതെ വിളിച്ചു പറഞ്ഞപ്പോൾ ടീച്ചർ അവനെ തുറിച്ചു നോക്കി. അപ്പോൾ ചൂളി പതുങ്ങിയിരുന്ന അവനെ നോക്കി "കുറുക്കന്റെ കല്യാണത്തിന് അച്ചാർ വിളമ്പാൻ നീ പോയിട്ടുണ്ടോ ടാ...?" എന്ന ടീച്ചറുടെ ചോദ്യം ക്ലാസ്സിൽ ചിരിപടർത്തി.

സ്കൂൾ വിടാൻ കൂട്ടമണി അടിച്ചപ്പോൾ മഴച്ചാറൽ മാറി വെയിൽ ചിരിതൂകി നിൽക്കുകയായിരുന്നു.

സുരേഷും താഴെയുള്ള അനിയനും വീട്ടിലെത്തിയപ്പോൾ പതിവുതെറ്റിച്ചു അച്ഛൻ വീട്ടിൽ എത്തിയിരിക്കുന്നു. സദാ ഗൗരവമുള്ള അച്ഛന്റെ മുഖത്തെ കൊമ്പൻ മീശക്ക് താഴെയുള്ള ചുണ്ടുകളിൽ ഒരു ചെറിയ മന്ദഹാസം ദൃശ്യമായിരുന്നു. അന്ന് പതിവ് പോലെ അച്ഛൻ അമ്മയെ വഴക്ക് പറഞ്ഞില്ല. മാത്രമല്ല എല്ലാവരും ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചു. അച്ഛനും അമ്മയും ഒരു മുറിയിലാണ് ഉറങ്ങിയത്. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും സുരേഷും അനിയനും സ്കൂൾ വിട്ടു വരുമ്പോൾ അച്ഛൻ ഉമ്മറക്കോലായിൽ ഉണ്ടായിരുന്നു. അച്ഛന്റെ മടിയിലിരുന്ന് അനിയത്തി അമ്മു കിന്നാരം പറയുന്നുണ്ടായിരുന്നു. അച്ഛൻ രണ്ടു പേരെയും സ്നേഹപൂർവ്വം അടുത്തേക്ക് വിളിച്ച് വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു.

അമ്മ കൂടുതൽ സുന്ദരി ആയതു പോലെ തോന്നി. പുറത്തേ വെയിലിനും അമ്മയുടെ മുഖത്തിനും ഒരേ ശോഭ.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ പോയി. അന്തരീക്ഷം അപ്പോഴും വെയിലിൽ ചിരിതൂകി നിന്നു. അമ്മയുടെ മുഖവും പ്രസന്നമായിരുന്നു. ക്ലാസിൽ എല്ലാവരുടെ മുഖത്തും മഴയില്ലാതെ പുറത്ത് കളിക്കാൻ കഴിയുന്നതിന്റെ ആഹ്ലാദമായിരുന്നു.

മുജീബിന്റെ മുഖത്ത് മാത്രം വിഷാദം നിഴലിച്ചു കിടന്നു.
മഴക്കാലം മാറി എന്ന് മുജീബ് കരുതിക്കാണുമെന്ന് സുരേഷിന് തോന്നി. അവൻ എപ്പോഴും പറയുന്നത് "എടാ ഈ റേഷനരിക്ക് വല്ലാത്തൊരു കുത്താ.. കൂട്ടാനായിട്ട് ആണെങ്കിൽ ആകെ ഒരു ചമ്മന്തി മാത്രമേ ഉണ്ടാവൂ. അരിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയാൽ അപ്പ തല വേദന തുടങ്ങും. നല്ല അരി യാണെങ്കിൽ ഉള്ളി സ്സമ്മന്തിയും ഉണക്കമീൻ ചുട്ടതും മാത്രം മതി. എന്നാ അപ്പൊ കറികൾ ഒരുപാട് ഉണ്ടാവുകയും ചെയ്യും റേഷനരി ആണെങ്കിൽ ഒന്നും ഉണ്ടാവേം..ല്ല."
റേഷനരിയും വേനൽക്കാലവും അവന്റെ പേടിസ്വപ്നങ്ങൾ ആണല്ലോന്നു സുരേഷ് ഓർത്തു.

വീണ്ടും ഇരുട്ടുകുത്തി മഴ പെയ്തപ്പോൾ മറ്റു കൂട്ടുകാരുടെ മുഖം മ്ലാനമാകുന്നതും, മുജീബിന്റെ മുഖത്ത് സന്തോഷം വിടരുന്നതും സുരേഷ് ഈർഷ്യയോടെ നോക്കിയിരുന്നു. അവന്റെ ഉള്ളിൽ അപ്പോൾ എന്തോ ഒരു അഘാത ദുഃഖം ഉറവ എടുത്തു.

സുരേഷും അനിയനും അന്നു മഴനനഞ്ഞാണ് വീട്ടിലെത്തിയത്. അമ്മ പിടിച്ച് രണ്ടുപേരുടെയും തല തുവർത്തിക്കുമ്പോഴും അമ്മയുടെ മുഖം പ്രസന്നമായി ക്കണ്ടത് സുരേഷിന് ചെറിയൊരു ആശ്വാസം ഉണ്ടെങ്കിലും ഉള്ളിൽ അപ്പോഴും അച്ഛൻ പഴയതുപോലെ വരുമോ എന്ന പേടിയായിരുന്നു

അന്നുരാത്രിയും കനത്ത മഴയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും നല്ല മഴ തന്നെ. അച്ഛൻ പഴയതുപോലെ വരുമോ എന്ന പേടി സുരേഷിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.

അമ്മ പഴയതിലും ചെറുപ്പമായതു പോലെ സുരേഷിനു തോന്നി. അമ്മയുടെ മുഖത്ത് നല്ല പ്രസന്നതയും, ചുറുചുറുക്കോടെ കാര്യങ്ങൾ ഓടിനടന്ന് ചെയ്യുന്നതും കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. അന്നു രാത്രിയും നല്ല മഴയായിരുന്നു. മഴയുടെ തണുപ്പിൽ തള്ള കോഴിയുടെ ചിറകിനുള്ളിൽ കുഞ്ഞുങ്ങൾ കിടക്കുന്നതുപോലെ അമ്മയോടൊട്ടി കിടക്കുമ്പോൾ സുരേഷിന്റെ മനസ്സിന് വല്ലാത്ത ധൈര്യമായിരുന്നു. ആ ആശ്വാസ സുഷുപ്തിയിൽ ഉറങ്ങിപ്പോയതറിഞ്ഞില്ല. എഴുന്നേൽക്കുമ്പോഴും നല്ല മഴയുണ്ടായിരുന്നു.

പതിവിലും വൈകിയാണ് എഴുന്നേറ്റതെന്നു സുരേഷിനു മനസ്സിലായി. കൂടെയുള്ള അനിയനും അനിയത്തിയും അപ്പോഴും ഉറക്കം തന്നെയായിരുന്നു.

അവന് തോന്നി "ഇന്നെന്താ സ്കൂളിൽ പോകണ്ടേ അമ്മ എന്തേ വിളിക്കാതിരുന്നത്..?" എഴുന്നേറ്റ് നേരെ മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കാൽ നീട്ടി ഇരുന്ന മുത്തശ്ശിയുടെ പതിവു നാമ:ജപത്തിന് അപ്പോൾ വളരെ നേർത്ത ശബ്ദമായിരുന്നു. കണ്ണിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മ അടുത്ത് ചുരുണ്ടുകൂടി കിടക്കുന്നു. അമ്മയും കരയുകയാണ് എന്നു മനസ്സിലായി. രാത്രിയിൽ "അച്ഛനെങ്ങാനും വന്നോ.." പാതി തുറന്നിട്ട അച്ഛന്റെ മുറിയിൽ മെല്ലെ എത്തി നോക്കി. അച്ഛൻ വന്ന ലക്ഷണങ്ങൾ ഒന്നും കാണുവാനില്ല. വീണ്ടും അമ്മയുടെയും മുത്തശ്ശിയുടെയും അടുത്തേക്ക് പോയി. അമ്മയെ തൊട്ടുവിളിച്ചു. അമ്മ സുരേഷിനെ ചേർത്തുപിടിച്ചു നിറുകയിൽ ഉമ്മ വെച്ചു അപ്പോഴും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. അപ്പോൾ മുത്തശ്ശി പറഞ്ഞു "മക്കൾ ഇന്ന് സ്കൂളിൽ പോകണ്ട. കുറച്ചുകഴിയുമ്പോൾ അച്ഛനെ കൊണ്ടുവരും..."

അപ്പോഴേക്കും സുരേഷിന്റെ താഴെയുള്ള ഉണ്ണിയും അമ്മുവും എഴുന്നേറ്റു വന്നു. അവരും കാര്യമറിയാതെ ആ കട്ടിലിൽ അവരോട് ചേർന്നിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചിറ്റയും അമ്മാമയും വന്നു. ചിറ്റയും കരയുന്നുണ്ടായിരുന്നു. പക്ഷേ ചിറ്റ വന്ന് സുരേഷിനും കുട്ടികൾക്കും ചായ ഇട്ടു കൊടുത്തു.

പിന്നെ കുടുംബക്കാർ ഓരോരുത്തരായി വന്നു. ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ വീട് നിറയെ ആളുകളായി. ആരൊക്കെയോ ചേർന്ന് മുറ്റത്തൊരു ടാർപായ വലിച്ചു കെട്ടി. ചെറിയൊരു വണ്ടിയിൽ കുറെ കസേരകൾ കൊണ്ടുവന്ന് ഇറക്കി.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനെ ഒരു ആംബുലൻസിൽ കൊണ്ടുവന്നു. പൂമുഖത്ത് വെള്ള പുതച്ചു കിടത്തി. തല ഭാഗത്ത് ഒരു നിലവിളക്ക് കൊളുത്തി വെച്ചു. പിന്നെ ചന്ദനത്തിരികളും, സുഗന്ധദ്രവ്യങ്ങളും കത്തിച്ചുവെച്ചു.

അകത്തു നിന്നും സ്ത്രീകളുടെ കരച്ചിൽ ഉയർന്നു. സുരേഷിന്റെ അമ്മയെയും അമ്മൂമ്മയെയും ആരൊക്കെയോ കൊണ്ടുവന്നു അടുത്തിരുത്തി. പിന്നെ ചിറ്റയും അടുത്ത ബന്ധുക്കളും ഒപ്പം ഇരുന്നു. സുരേഷും താഴെയുള്ള കുട്ടികളും അവരോടൊപ്പം ചേർന്നിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചിത തയ്യാറാക്കി അച്ഛനെ അതിനു മുകളിൽ കിടത്തി. അപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയും ഇളം കാറ്റും ഉണ്ടായിരുന്നു. കുളിച്ച് ഈറനോടെ അച്ഛന്റെ ചിതക്കുമുമ്പിൽ നിൽക്കുമ്പോൾ രാജേഷിന്റ ചുണ്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. തന്റെ അച്ചന്റെ ചിതക്ക്‌ കൊള്ളി വെക്കാനുള്ള നിയോഗം തിരിച്ചറിഞ്ഞ നിമിഷത്തിൽ ഉള്ളിലെ തേങ്ങൽ പുറത്തുവന്നു. എല്ലാം വിട്ട് വീട്ടിനുള്ളിലേക്ക് ഓടിക്കയറി , അമ്മയെ കെട്ടിപ്പിടിക്കാൻ അവനു തോന്നി.

പക്ഷെ ചുറ്റും നിൽക്കുന്ന ബന്ധുക്കളുടെയും കർമ്മികളുടെയും നിർബന്ധകൊണ്ട് അവനതിനായില്ല. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ അവന്റെ ഉള്ളൊന്നു പിടച്ചു.

തന്റെ സ്കൂളിലെ അധ്യാപകരും ക്ലാസ്സിലെ കുട്ടികളും എല്ലാവരും വന്നിരുന്നു.. പക്ഷേ സുരേഷിന് അവരോടൊന്നും മിണ്ടാൻ തോന്നിയില്ല. അമ്മയും മുത്തശ്ശിയും ഇരിക്കുന്ന മുറിയിൽ പോയി ജനലിലൂടെ കത്തിയെരിയുന്ന അച്ഛന്റെചിത നോക്കി നിന്നു. അമ്മയുടെ തേങ്ങലുകൾ അവനു പിറകിൽ കേൾക്കാമായിരുന്നു.

തണുത്ത ഒരു കരസ്പർശം അവന്റെ തോളിൽ തട്ടിയപ്പോൾ സുരേഷ് തിരിഞ്ഞു നോക്കി. കൂട്ടുകാരൻ മുജീബായിരുന്നു. കുറച്ചുനേരം അവൻ സുരേഷിന്റെ മുഖത്തുനോക്കി നിന്നു. പിന്നെ തന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു മിഠായിയെടുത്ത് സുരേഷിന് നേരെ നീട്ടി. തന്റെ ദുഃഖത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ സുരേഷിന് അത് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.

ജീവിതം I വിചാരഗതി I ഹുസ്സൻ കൊല്ലംചിന



ജീവിതമെന്ന മൂന്നക്ഷരം അയാൾ ഇങ്ങനെ കുറിച്ചിട്ടു. 
നിയോഗം.
യോഗം..
വിയോഗം...
🪶ഹുസ്സൻ കൊല്ലംചിന

ഒരു പനിക്കാലം I ചെറുകഥ I ശിഹാബ് ബാവ


"ആജ്യാരുപ്പാ... ആജ്യാരുപ്പാ..."

ഉച്ചകഴിഞ്ഞു ചെറുതായൊന്നു മയങ്ങിയതായിരുന്നു ഹാജിയാർ. ഈ വിളി കേട്ട് ചെന്ന് നോക്കുമ്പോൾ വീട്ടിലെ സ്ഥിരം പണിക്കാരനും, അതിലുപരി സുഹൃത്തും ആയ അന്ത്രുമാൻറെ മോൻ കുഞ്ഞുമൊമ്മദ് ആണ്.

പാതി കരച്ചിലിന്റെ വക്കോളമെത്തിയാണ് അവൻ നില്കുന്നത്. കൂടെ അവന്റെ കൊച്ചാപ്പ ആയമുവും ഉണ്ട്.

"ബാപ്പാക്ക് തീരെ വജ്ജ,  ആജ്യാരുപ്പാ... ഡാക്കിട്ടറെ വിളിക്കണം. രണ്ടു ദിവസമായി കിടപ്പു തന്നെയാണ്."

"മ്മക്ക് വഴിണ്ടാക്കാം.. ജ്ജ് വീട്ടിലോട്ട് പൊയ്ക്കോ കുഞ്ഞാ. ഞമ്മള് ഡാക്കിട്ടരെ ഏർപ്പാടാക്കാൻ നോക്കട്ടെ..."

കുഞ്ഞുമൊമ്മദിനു തെല്ലൊരാശ്വാസം ആയി. ഹാജിയാർ ഡോക്ടറിനെ വിളിക്കാമെന്ന് പറഞ്ഞല്ലോ. 

"അയമൂ.. ജ്ജ് ബിടെ നിൽക്കിൻ"

"വാസൂ, ജ്ജ് പോയി കുഞ്ഞുമൊമ്മദിനെ ബീട്ടിൽ കൊണ്ടാക്കിട്ട് ബരിൻ..."

ഹാജിയാർ പറഞ്ഞത് കേട്ടപ്പോൾ കാര്യസ്ഥനായ വാസു ഉടനെ കുഞ്ഞുമൊമ്മദിനെയും കൂടെ അവന്റെ വീട്ടിലേക്കു പോയി.

"അയമൂ... ജ്ജ് പോയി ആ ഡോക്ടർ നാരായണമേനോനെ കണ്ടു ഞാൻ പറഞ്ഞെന്നു പറ. ആ കാളവണ്ടിയും എടുത്തോളിൻ. വണ്ടിക്കാരൻ കുട്ടിക്കാദര് പടിഞ്ഞാട്ടുണ്ട്. ഓനേം കൂട്ടിക്കോളിൻ."

അയമുവും കുട്ടികാദറും കൂടെ ഡോക്ടറെ വിളിക്കാൻ പോയി.

ഇങ്ങനെയാണ് ഹാജിയാരുടെ പലദിവസങ്ങളൂം. എന്ത് പ്രശ്നം ഉണ്ടെങ്കിലും നാട്ടുകാർ ഓടിയെത്തുന്നത് ഹാജിയാരുടെ അടുത്തേക്കാണ്. വെറുതെയല്ല അയാളെ നാട്ടുകാർ ഹാജ്യാരുപ്പ എന്ന് വിളിക്കുന്നത്.

ഹാജിയാരുടെ ബാപ്പ പണ്ടെങ്ങോ അക്കരെ ദേശത്തു നിന്നും ഈ കരയിലേക്കു വന്നവരായിരുന്നു. അന്ന് അവര്ക്ക് കൂടെ പോന്നവരും, അവരുടെ മക്കളും ആണ് മേല്പറഞ്ഞ  അന്ത്രുമാനും, അയമുവും വാസുവുമെല്ലാം. ആശ്രിതന്മാരും, ജോലിക്കാരുമാണെങ്കിലും അവരുടെ സംരക്ഷണം ഹാജിയാരുടെ കടമയായിരുന്നു. ബാപ്പ മരണ സമയത്തു ഏല്പിച്ചതാണ് അത്. പല വിധ കച്ചവടവും മറ്റുമായി ഹാജിയാർ ധാരാളം സമ്പത്ത് ഉണ്ടാക്കിയിട്ടുണ്ട്.  ആര് വന്നു ചോദിച്ചാലും തന്നാൽ കഴിയുന്ന സഹായം ഹാജിയാർ ചെയ്തു കൊടുക്കാൻ ശ്രമിക്കാരും ഉണ്ട്.

"ആജ്യാര്പ്പാ.... ഡാക്കിട്ടര് ബെന്നിയ്ക്ക്ണ്... ഇങ്ങള് ബരീണാ"..

ഡോക്ടറെ വിളിക്കാൻ പോയ അയ്മുന്റെ വിളിയാണ്. അവൻ ഡോക്ടറെയും കൂട്ടി വരുന്ന വഴിയാണ്. വീടിന്റെ പൂമുഖത്തിരുന്ന ഹാജിയാർ ദൂരെ വഴിയിൽ കാളവണ്ടി കണ്ടു.

"നില്ലെടാ ഞമ്മളും ബരണ്... " ഹാജിയാർ ഉടനെ മേല്മുണ്ടും എടുത്തിട്ട് കാളവണ്ടിയുടെ അടുത്തേക്ക്  നടന്നു.

"നമസ്കാരം, ഹാജിയാർ..." ഹാജിയരെ  കണ്ടതും ഡോക്ടർ....

"നമസ്കാരം ഡോക്ടർ..." ഹാജിയാർ പ്രത്യഭിവാദ്യം ചെയ്തു...

ഹാജിയാരും ഡോക്ടറും പണ്ടേ സുഹൃത്തുക്കൾ ആണ്. ഇത് പോലെ അത്യാവശ്യ സാഹചര്യങ്ങളിൽ ഡോക്ടർ വിളിച്ചാൽ വിളിപ്പുറത്താണ്.

10 - 15 മിനിറ്റു കഴിഞ്ഞപ്പോഴേക്കും അവർ അന്തുമ്മാൻ ൻറെ വീടിനടുത്തെത്തി. കാളവണ്ടി അവന്റെ വീട് വരെ പോകില്ല. കുറച്ചു ദൂരം നടന്ന് അവർ അന്തുമ്മാന്റെ വീട്ടിലെത്തി.

അവരേം നോക്കി കുഞ്ഞുമൊമ്മദ് കോലായിൽ തന്നെ ഇരിപ്പുണ്ട്. അവരെ കണ്ടപ്പോഴേക്കും അവൻ എഴുന്നേറ്റു വന്നു. അവർ അന്തുമാൻ കിടക്കുന്ന മുറിയിലേക്ക് പോയി.

ഹാജിയാരെ  കണ്ടപോഴേക്കും അന്തുമാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഹാജിയാർ വേണ്ടാന്ന് ആംഗ്യം കാട്ടി. അവൻ നന്ദി സൂചകമായി ഒരു നോട്ടം അവൻ ഹാജിയാരെ നോക്കി. അവനു സംസാരിക്കാൻ പോലും വയ്യ എന്ന് തോന്നുന്നു.

ഡോക്ടർ അന്തുമ്മാന്റെ അടുത്തിരുന്നു, പനി നോക്കി. കൈ പിടിച്ചു നോക്കി, കണ്ണും വായും തുറന്നു പരിശോധിച്ചു.

പെട്ടി തുറന്നു എന്തൊക്കെയോ മരുന്നുകൾ എടുത്തു. കുപ്പിയിലുണ്ടായിരുന്ന ഒരു മരുന്ന് അന്തുമാനു കുടിക്കാൻ കൊടുത്തു. രണ്ടു മൂന്നു തരാം ഗുളികയും പൊതിഞ്ഞു കൊടുത്തു. കഴിക്കാനുള്ള വിധം കുഞ്ഞുമൊമ്മദിനോട് പറഞ്ഞും കൊടുത്തു.

ഭക്ഷണം ഒന്നും കഴിക്കാത്തത് കൊണ്ടാവും അന്തുമാൻ വല്ലാതെ ക്ഷീണിച്ചിരുന്നു.

"കഞ്ഞിവെള്ളം ഉണ്ടെങ്കിൽ ചൂടോടെ ഇടയ്ക്കു കൊടുത്തോളൂ. കുറേശ്ശെയായി ഇടയ്ക്കിടെ കുടിപ്പിക്കണം."

എന്നും പറഞ്ഞു കൊണ്ട് ഡോക്ടർ പോകാനായി എഴുന്നേറ്റു.

ഡോക്റുടെ കൂടെ ഹാജിയാരും എഴുന്നേറ്റു. അവർ രണ്ടു പേരും കാളവണ്ടി കിടക്കുന്ന സ്ഥലത്തേക്ക് പതുക്കെ നടന്നു. കൂടെ അയമുവും കുട്ടികാദറും അവർക്കു കുറച്ചു പിന്നിലായി നടന്നു.

"ഡാക്കിട്ടരെ... എന്തേനു ഓന്റെ സൂക്കേട്"
 
പോകുന്ന വഴി ഹാജിയാർ ഡോക്ടറോട് അന്തുമാന്റെ രോഗവിവരം തിരക്കി.

"ഇപ്പോഴത്തെ ആ പനി തന്നെയാ ഹാജിയാരെ..."

"എന്ത്.. ഞമ്മടെ സൈദുനു വന്ന പനി തന്നെ?"

"ആ അത് തന്നെ, പക്ഷെ അന്തുമാൻ അത്ര മൂർച്ഛിച്ചിട്ടില്ല. മരുന്ന് കൊടുത്തിട്ടുണ്ട്. പിന്നെ നമുക്ക് പ്രാർത്ഥിക്കാം". ഡോക്ടർ ഹാജ്യാരെ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും അവർ കാളവണ്ടി കിടക്കുന്ന സ്ഥലത്തെത്തി.

"അയ്മൂ.. ജ്ജ് ഡാക്കിട്ടറെ ബീട്ടിൽ കൊണ്ടാക്കീട്ട് ബരീൻ. ഞമ്മള്  അന്തുമ്മാന്റെ പോരിൽ കാണും." ഹാജിയാർ അയ്മൂനോട് പറഞ്ഞു.

ഡോക്ടറെ യാത്രയാക്കി ഹാജിയാർ തിരികെ അന്തുമ്മാന്റെ വീട്ടിലേക്കു നടന്നു. പോകുന്ന വഴി ഹാജിയാർ സൈദുനെ കുറിച്ച് ഓർക്കുകയായിരുന്നു. സൈദുവും അന്തുമ്മാനും ആയിരുന്നു ഹാജിയാരുടെ രണ്ട്‌ വിശ്വസ്തരായ പണിക്കാർ. സൈദുനു ചെറിയ ഒരു പനിയായി ആണ് തുടക്കം. അത് കാര്യമാക്കാതെ അവൻ പണിക്കും മറ്റും വന്നിരുന്നു. പിന്നെ ഒരുദിവസം പനി നന്നായി മൂർച്ഛിച്ചു. അപ്പോഴും ഡോക്ടറെ വിളിച്ചു മരുന്നും മറ്റും കൊടുത്തിരുന്നെങ്കിലും അവന്റെ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അവൻ മരിച്ചത്. ജുമാ നമസ്കാരം കഴിഞ്ഞു അവന്റെ മയ്യത്തും കൊണ്ട് 20 - 25 ഫർലോങ് നടന്നാണ് അടുത്ത ദേശത്തെ ഖബറിസ്ഥാനിലേക്ക് കൊണ്ട് പോയത്.  ആ ദേശത്തെ അംഗമല്ലാത്തതിനാൽ കുഴിക്കാണം കെട്ടിവെച്ചാലേ ഖബറടക്കാൻ പറ്റുകയുള്ളു.  ഖബറക്കം എല്ലാം കഴിഞ്ഞു തിരികെ വീട്ടിലെത്തിയപ്പോഴേക്കും രാത്രിയായി. തിരിച്ചു വരുന്നത് ഹിന്ദുസമൂഹത്തിന്റെ ശ്മാശാനവും കടന്നു വേണം. അവിടെയും 1 - 2 ചിതകൾ എരിയുന്നുണ്ട്. അവിടെയും കണ്ടു നാട്ടുകാരായ സുഹൃത്തുക്കളെ.  എല്ലാം കൂടെ ഒരു വല്ലാത്ത അവസ്ഥയായിരുന്നു അന്ന് ഹാജിയാരും കൂടെയുള്ളവരും.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടപ്പും വിഷമവും മൂലം എല്ലാരും വല്ലാതെ ക്ഷീണിച്ചിരുന്നു. ഇശായും കഴിഞ്ഞു യാസീനും ഓതി, ഹാജിയാരുടെ വീട്ടിൽ നിന്നും കഞ്ഞിയും കുടിച്ചാണ് അന്ന് എല്ലാരും പിരിഞ്ഞത്. അന്ന് ഖബർ വെട്ടാനും മയ്യത്തുകട്ടിൽ ചുമക്കാനും കുഴിക്കാണം കെട്ടിവെക്കാനും  മുൻപന്തിയിൽ ഉണ്ടായിരുന്നയാളാണ് അന്തുമ്മാൻ.

"റബ്ബേ... ഇതെന്തൊരു പരീക്ഷണമാണ്. എത്ര പേരാണ്  2 - 3 മാസം കൊണ്ട് മരണപ്പെടുന്നു. ഇതിനൊരു അവസാനം ഇല്ലേ?"

എന്നെല്ലാം ചിന്തിച്ചു നടന്നു ഹാജിയാർ അന്തുമ്മാന്റെ വീട്ടിലെത്തി. കോലായിലെ ബെഞ്ചിൽ ഇരുന്നു ഹാജിയാർ മേൽമുണ്ട് എടുത്തു വീശി.

ഹാജിയാരെ കണ്ടപ്പോഴേക്കും കുഞ്ഞുമൊമ്മദ് അടുത്തേക്ക് വന്നു.

"ബാപ്പക്ക് ചൂട് ബെള്ളം കൊടുത്താ"?

അവനെ ചേർത്തു നിർത്തി ഹാജിയാർ ചോദിച്ചു.

"കൊടുത്തു, ഹാജ്യാരുപ്പാ... ഇപ്പോൾ നല്ല ഉറക്കമായി..."

"സാരല്യ... ഓന്റെ സൂക്കേട് ബെക്കനെ മാറും... ജ്ജ് ബേജാറാവണ്ട. മരുന്ന് സമയാസമയം കൊടുത്തു, പടച്ചോനോട് ദുഅഃ ചെയ്യിൻ"

ഹാജിയാർ വീണ്ടും എന്തൊക്കെയോ ആലോചിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടറെ കൊണ്ടുപോയി വിട്ടിട്ട് അയമു തിരിച്ചെത്തി.

"ഹാജ്യാരുപ്പാ... നാട്ടിൽ പനി കൂടുന്നുണ്ട് . നമ്മുടെ കിണ്ണന്റെ അമ്മയും മരിച്ചു. മയ്യത് ഉടനെ എടുക്കും. ഇങ്ങക്ക് അവിടെ പോണ്ടേ?..."

കൃഷ്ണൻ ഹാജിയാരുടെ മറ്റൊരു സുഹൃത്താണ്. അവന്റെ വീട്ടിലും ഒന്ന് പോകേണ്ടതാണ്.

"ജ്ജ് ബാ... ഞമ്മക്ക് അവ്ടെ പോയേച്ചും വരാം"

കൃഷ്ണന്റെ അമ്മയുടെ സംസ്കാരവും കഴിഞ്ഞാണ് ഹാജിയാർ വീട്ടിലേക്കു പോയത്. വീട്ടിലെത്തിയത് ഉടനെ വുളു എടുത്തു ഇശാ നമസ്കരിച്ച ശേഷം വേഗം കിടന്നു. തളർച്ച കാരണം പെട്ടെന്നുറങ്ങിപ്പോയി.

പിറ്റേന്ന് സുബ്ഹി ബാങ്ക് കേട്ടാണ് ഉണർന്നത്. ഉണർന്നെങ്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. അപ്പോഴാണ് ആരോ വിളിക്കുന്നത് കേട്ടത്.

"ആജ്യാരുപ്പാ..."

നോക്കിയപ്പോൾ അന്തുമ്മാന്റെ മോൻ കുഞ്ഞുമൊമ്മദാണ്.  റബ്ബേ എന്താ ഇവൻ ഈ നേരത്തു?

"എന്ത് പറ്റി, കുഞ്ഞാ... ബാപ്പക്ക് സുഖമുണ്ടോ?"

അത് കേട്ട് കുഞ്ഞുമൊമ്മദ്,

"ബാപ്പക്ക് ഇപ്പോൾ സൂക്കേടൊന്നുമില്ലല്ലോ ആജ്യാരുപ്പാ... കഴിഞ്ഞ കൊല്ലം അല്ലെ സൂക്കേട് വന്നത്..."

"ഇന്നലെ വെള്ളരിപ്പാടത്തെ വിളവെടുപ്പ്... ബാപ്പ അങ്ങോട്ട് പോയിക്കിന്. എന്നെ അത് പറയാൻ വിട്ടതാ..."

ഹാജിയാരുടെ ദുഃസ്വപ്നനങ്ങളിൽ ഇപ്പോഴും ആ പനിക്കാലവും അന്നത്തെ ദുരിതങ്ങളും വേര്പാടുകളും ആയിരുന്നു.

കുഞ്ഞുമൊമ്മദിന്റെ വാക്കുകൾ കേട്ട് ഹാജിയാർ ആശ്വാസത്തോടെ, പ്രതീക്ഷയോടെ വുളു എടുക്കാൻ പോയി. സുബഹി നമസ്‍കാരശേഷം വെള്ളരിപ്പാടത്തെ വിളവെടുപ്പിന് പോകാൻ...

ശിഹാബ് ബാവ


വീട്ടുകാരൻ; അസ്വദേശി I കവിത I Rabeeh PCH

പിതാവ്;
രണ്ടു കെട്ട് കെട്ടി.

ഒന്ന്; പ്രിയ പത്നി.
അഞ്ച് ആണും,
ഒരു പെണ്ണും പിറന്നു.

രണ്ട്; പത്നി.
അഞ്ച് പെണ്ണും,
ഒരാണും പിറന്നു.
"അബു".

അബു;
രണ്ടിൽ മുതിർന്നവൻ,
പതിനേഴ് തികഞ്ഞു,
ചുരുണ്ട കറുകറുത്ത മുടി,
വട്ടമുഖം.

ഉപ്പയെന്ന അത്താണിയെ,
ദൈവം വിളിച്ചോണ്ട് പോയ്.
ഇനി;
അബുവാണ് ഗൃഹനാഥൻ.

അവൻ കെട്ടിയിട്ടില്ല.
കുടുംബത്തെ പോറ്റണം.
വിണ്ട് കീറിയ ചുമർ,
പൊളിച്ച് പണിയണം.
ഒടപ്പിറപ്പുകളെ,
കെട്ടിച്ചയക്കണം.

പതിനെട്ട് തികഞ്ഞു.
പക്വതയും തികഞ്ഞു.
കൂട്ടുകുടുംബത്തെ വിട്ട്,
കടൽ കടന്നു.

അബുവാണിപ്പോൾ;
കടലക്കരയിലെ,
ബിസിനസ് മേനാണ്.
സ്വന്തമെന്ന് പറയാൻ;
നാൽചക്ര ഉന്തുവണ്ടി,
ഒരു റഫ്രിജറേറ്ററും മാത്രം.
താമസം;
ഷീറ്റ് വലിച്ച് കെട്ടിയ,
തണുപ്പുള്ള മുറി.

മുകളിലെ സൂര്യൻ,
രക്തം നീരാവിയാക്കി.
മുന്നിലെ കടൽ,
തല മുണ്ടനം ചെയ്തു.
ജീവിതത്തിൽ പിന്നെ,
മുടി വെട്ടേണ്ടി വന്നില്ല.

റഫ്രിജറേറ്ററിലെ 'ഐസ്ക്രീം' വിറ്റു.
യാത്രക്കാർ കുടുംബത്തെ പോറ്റി.
പണം, മുറിക്ക് വാടക കൊടുത്തു.
            ജീവിക്കാൻ തിന്നു.
            ബാക്കി വലിയ തുക;
            നാട്ടിലയച്ചു.
            വീട്ടിൽ തികയുന്നില്ല.

പ്രവാസം ഏഴ് തികഞ്ഞു.
മൂന്നാളെ കെട്ടിച്ചു.
വീട്ടിൽ,
നാലാമതായി പന്തലിട്ടത്,
അബുവിനായിരുന്നു.

വീണ്ടും, വിമാനം കയറി.
പതിനഞ്ച് വർഷം കഴിഞ്ഞു.
വീട് കൂടലും കഴിഞ്ഞു.
ടിക്കറ്റിന് പണമില്ല.
സന്തോഷം കണ്ണീരിൽ തീർന്നു.

ജോലി തുടർന്നു.
വീടിന്റെ അഞ്ചാം വാർഷികമായി.
ഉച്ചനേരം,
പെട്ടെന്നൊരു വേദന.
കൂട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ഡോക്റ്റർ: ഹാർട്ട് ബ്ലോക്കുണ്ട്.
അബു വീട്ടിൽ അറിയിച്ചില്ല.

കൂട്ടുകാരവനെ നാട്ടിലേക്കയച്ചു.
വീട്ടുകാർ സ്നേഹ സ്വാഗതമോതി.
ഉമ്മ സന്തോഷ കണ്ണീരിൽ,
കെട്ടിപ്പിടിച്ചു.
ഒരു മുത്തം കൊടുത്തു.
ദാര്യ കെട്ടിപ്പിടിച്ചു,
പെങ്ങന്മാരും.

ഒരു രാത്രി, ഭാര്യയോട്:
"ഹാർട്ടിന് ബ്ലോക്കുണ്ട് "
വിസകേൻസിലാക്കി,
ചികിത്സക്ക് വന്നതാണ്.

ഭാര്യക്ക് സങ്കടം,
ഉമ്മയെ അറിയിച്ചു.
പെങ്ങളും അറിഞ്ഞു.

ഉമ്മ കണ്ണീരിൽ കലമ്പി.
"രണ്ടാളെക്കൂടി കെട്ടിക്കാനുണ്ട് "
അബുവിന് വീട്ടിൽ,
പൊറുതിയില്ലാതായി.
"കടം" കല്യാണം നടത്തി.

ഉടൻ വിസയെടുത്തു.
നാളെയാണ് ഫ്ലൈറ്റ്.
"കടം, കല്യാണം" കൂട്ടുകാരറിഞ്ഞു.
അവർ നിശ്ചലമായ്.
എട്ട് മണി;
അലാറം മുഴങ്ങുന്നു.

ഭാര്യ വിളിച്ചു.
എഴുന്നേറ്റില്ല.
കുലുക്കി വിളിച്ചു,
പ്രതികരണ ശബ്ദമില്ല.
ശരീരം വിറങ്ങലിച്ചിരിക്കുന്നു.
കണ്ണുകൾ, ആരെന്നില്ലാതെ,
മേൽപോട്ട് നോക്കി.
ഭാര്യ നിലത്തിരുന്ന് പോയ്.

റബീഹ് പി സി എച്ച് | ഒതുക്കുങ്ങൾ

ഉത്ഘാടനം I ചെറുകഥ I Rajeev R Panicker


"ഹലോ സുകുമാരൻനായർ സാറല്ലേ"
"അതേ പറയൂ"
"സാറേ ഞാൻ സംഗമം ആർട്‌സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് 
'ശാർങ്ങധരൻ' ആണ് .ഞങ്ങളുടെ ഈ വർഷത്തെ വാർഷികത്തിന് സാറിനെയാണ് ഉത്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്. സാറിന്റെ സമ്മതം അറിയാം എന്നു കരുതിയാണ് വിളിച്ചത്.കോവിഡ് കാലമായതുകൊണ്ടാണ് വീട്ടിലേക്കു വരാതിരുന്നത്"
"എവിടെയാണ് ക്ലബ്ബ്.എന്നാണ് ഉത്ഘാടനം" ഞാൻ ആകാംഷയോടെ തിരക്കി.
"കളമശ്ശേരിയിലാ ക്ലബ്ബ്. വരുന്ന ഞായറാഴ്ച പതിനൊന്നു മണിക്കാ ഉൽഘാടനം"
"കോവിഡ് കാലമല്ലേ.
ഫംക്ഷനുകൾ ഒന്നും സർക്കാർ അനുവദിക്കുകയില്ലല്ലോ"
"ഞങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്ന ഒരു പ്രസ്ഥാനമാണ്.അതുകൊണ്ടു ചടങ്ങു മുടക്കാൻ പറ്റില്ല.ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെംബെർസും സാറും മാത്രമേ ഉണ്ടാവുകയുള്ളൂ.പരിപാടി ലൈവായി മെംബേഴ്സിന്റെ വീട്ടിൽ കാണിക്കും"
"അങ്ങിനെയാണെങ്കിൽ എനിക്ക് വിരോധമില്ല.യാത്രയൊക്കെ എങ്ങിനെയാ
ഞങ്ങൾ 10 മണിക്ക് കാറു വിടാം. സാറ് റെഡിയായി ഇരുന്നോ."
"ഓക്കെ. ഞാൻ റെഡിയായി നിൽക്കാം.ഇനി ഞാൻ അങ്ങോട്ടു വിളിക്കേണ്ടല്ലോ"
"വേണ്ട സാറേ ഞങ്ങൾ എത്തിയേക്കാം. അടുത്ത ഞായർ രാവിലെ പത്തുമണി.മറക്കേണ്ട"

എനിക്ക് എന്നോട് തന്നെ ഒരു മതിപ്പു തോന്നി.നാലഞ്ചു കഥകൾ പ്രസിദ്ധീകരിച്ച പ്പോഴേക്കും ഉത്ഘാടനത്തിനൊക്കെ  ആളുകൾ വിളിച്ചു തുടങ്ങി.ഞാനൊരു സംഭവം ആയതു പോലെ.
"ആരായിരുന്നു ഫോണിൽ" എന്റെ സന്തോഷം കണ്ടു ഞാൻ 'വസു' എന്നു വിളിക്കുന്ന എന്റെ ഭാര്യ വസുമതി ആകാംഷയോടെ ചോദിച്ചു.
"നിനക്കല്ലേ എന്നെ വിലയില്ലാതുള്ളു
ഞാൻ ആരാണെന്നാ നിന്റെ വിചാരം.
ദി ഗ്രെറ്റ് റൈറ്റർ സുകുമാരൻ നായർ.
സംഗമം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനത്തിനു ക്ഷണിച്ചതാ. അടുത്ത ഞായറാഴ്ച.
ഞാനൊന്നു കലക്കും മോളെ"

"അതൊക്കെ ശരി .കഥാകൃത്ത് എന്തിട്ടുകൊണ്ടു പോകാനാ ഉദ്ദേശിച്ചിരിക്കുന്നത്"
"ഷർട്ടും പാന്റും'
"അയ്യേ കഥാകാരൻ എന്നൊക്കെ പറയുമ്പോൾ മുണ്ടും ജുബ്ബയും ധരിക്കണം.തോളിൽ സഞ്ചിയും വേണം. എന്നാലേ വിലയുണ്ടാവൂ"
"അവൾ പൊട്ടിയാണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നി.
പക്ഷെ നല്ല മുണ്ടുമില്ല ജുബ്ബ ഇന്നുവരെ വാങ്ങിച്ചിട്ടുമില്ല.
എന്തായാലും പുതിയൊരു തുടക്കമല്ലേ.പുതിയത് വാങ്ങാം.പക്ഷെ മാസാവസാനമായതിനാൽ പോക്കറ്റ് കാലിയാണ്.ഉറ്റ സ്നേഹിതനോട് കാര്യം പറഞ്ഞവഴി അവൻ നാലായിരം രൂപ കടം തന്നു.അവനും അഭിമാനിക്കാവുന്ന കാര്യമാണല്ലോ സുഹൃത്തു പ്രശസ്തനാകുന്നത്. ഭാര്യയേയും കൂട്ടി പിറ്റേന്ന് തന്നെ നേരെ നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിൽ പോയി. അവിടെ ഉള്ളതിൽ തരക്കേടില്ലാത്തത്
നോക്കി മുണ്ടും ജുബ്ബയുമെടുത്തു.ഒരു തോൾ സഞ്ചിയും വാങ്ങി.ജുബ്ബക്കു ചേരുന്ന മാസ്ക്കും ചെരുപ്പും വാങ്ങി.നാലായിരം രൂപയും പൊടിപൊടിച്ചു.
പിന്നെ ഞായറാഴ്ച യാവാനുള്ള കാത്തി രുപ്പിലായിരുന്നു.
ദിവസങ്ങൾക്കു നീളം കൂടുതൽ ആണെന്ന് തോന്നി.അതിനിടയിൽ ബ്യുട്ടി പാർലറിൽ പോയി മുടിയും താടിയുമൊക്കെ സ്റ്റൈലാക്കി.
ഒടുവിൽ ആ സുദിനമെത്തി.
രാവിലെ കുളിച്ച് 'വസു'വിനോടൊപ്പം അമ്പലത്തിൽ പോയി.പോകുന്ന വഴിക്ക് 'വസു' ഒന്നു രണ്ടു പേരോട് പൊങ്ങച്ചവും തട്ടിവിട്ടു
"ചേട്ടന് ഇന്നൊരു ഉത്ഘാടനമുള്ളതാ"
അതുകേട്ട് അവളെ ശാസിച്ചെങ്കിലും ഉള്ളിൽ കുളിരു കോരി.
ഒൻപതു മണിയായപ്പോഴേക്കും റെഡിയായി റോഡിലേക്കും നോക്കി നില്പായി.ഇരിക്കാൻ തോന്നിയില്ല.മുണ്ടും ജുബ്ബയും ചുളിയരുതല്ലോ.

പത്തുമണിയായി പത്തേകാലായി.
ഒടുവിൽ പതിനൊന്നു മണിയായി
കാറുമില്ല ഓട്ടോയുമില്ല.ഇനി കോവിഡ് മൂലം പരിപാടിയെങ്ങാനും മാറ്റിയോ
അങ്ങിനെയാണെങ്കിൽ  അവർ അറിയിക്കേണ്ടതല്ലേ.
പ്രസിഡന്റിന്റെ
നമ്പർ സേവ് ചെയ്തിരുന്നില്ല.കഴിഞ്ഞ ചൊവ്വാഴ്ചയാണെന്നു തോന്നുന്നു അയാൾ വിളിച്ചത്.
ഒരുവിധത്തിൽ ഫോണിൽ തപ്പി നമ്പർ കണ്ടെടുത്തു വിളിച്ചു

"സംഗമം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ്  ശാർങ്ങധരൻ അല്ലെ"
"അതെ ആരാണ്"
"ഞാൻ സുകുമാരൻ നായരാണ്.
ക്ലബിന്റെ
ഉൽഘാടനം ഇന്നല്ലേ.
അതേ നായർ സർ ഇവിടെ യുണ്ടല്ലോ.ഉത്ഘാടനം നടന്നുകൊണ്ടിരിക്കുകയാണ്"
നിങ്ങളെന്താ ഈ പറയുന്നത്.എന്നെ യല്ലേ നിങ്ങൾ ഉത്ഘാടനത്തിന് വിളിച്ചിരുന്നത്. എന്നിട്ടിപ്പൊ ഏതു നായരാണ്
ഉത്ഘാടനം ചെയ്യുന്നത്"
"ആ നിങ്ങളാണോ എന്റെ പൊന്നു മാഷേ അന്ന് വിളിച്ചപ്പോൾ ഒരബദ്ധം പറ്റിയതാ.പ്രശസ്ത നിരൂപകൻ സുകുമാരൻ നായര് 
സാറിനെയാണ് വിളിച്ചത്.ഫേസ് ബുക്കിൽ നിന്നും നമ്പർ എടുത്തപ്പോൾ മാഷിന്റെ നമ്പറാ കിട്ടിയത്. മാറിപ്പോയതാ.പിറ്റേന്നാ തെറ്റു മനസ്സിലായതു. അപ്പൊ തന്നെ നായർ സാറിനെ കിട്ടി.
മാഷിനോട് ഈ വിവരം പറയാൻ ഞാൻ സെക്രട്ടറിയേ എൽപ്പിച്ചിരുന്നു.അയാൾ മറന്നു കാണും
എന്തായാലും മാഷിനു ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ.സോറി"
അയാൾ ഫോൺ കട്ട് ചെയ്തു.
ഉറങ്ങി കിടന്നവനെ വിളിച്ച് 
അത്താഴമില്ല 
എന്നു പറയുന്ന 
അവസ്‌ഥയിലായി ഞാൻ.
ജുബ്ബയിലും മുണ്ടിലും ചെളി പറ്റുമെന്നോർക്കാതെ ഞാൻ മഴ വെള്ളം വീണ് ചെളി പുരണ്ട ചവിട്ടുപടിയിലേക്കിരുന്നു.
             ശുഭം
Written by Rajeev R Panicker

സീത I ShortStory I Shyam Varkala

 


ചോരയുണങ്ങിയ മുലക്കണ്ണിൽ ഉപ്പ് ചേർത്ത മഞ്ഞൾപ്പൊടി തൊട്ടു വയ്ക്കവേ ഉള്ളിൽ കൊരുത്തി വലിച്ചൊരു തേങ്ങലിന്റെ തൊണ്ടക്കുഴിയിൽ സീത ആഞ്ഞു തൊഴിച്ചു. "കരയരുത്, കലങ്ങിപ്പോകരുത്,.."

അടുക്കളയിലെ പൊട്ടിയിളകിയ തറയിൽ നിന്നും മണ്ണ് വാരിക്കളിക്കുന്ന രണ്ടു വയസ്സുകാരൻ മകനെയും അവനരുകിലിരിക്കുന്ന അവന്റെ കൂട്ടുകാരി കുഞ്ഞിയെന്ന നായ്ക്കുട്ടിയെയും നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൾ രണ്ടാമത്തെ മുലയിലും മഞ്ഞൾമിശ്രിതം പുരട്ടി. കുഞ്ഞിയുടെ കഴുത്തിലെ ചങ്ങല ഒരു മരസ്റ്റൂളിന്റെ കാലിൽ ബന്ധിപ്പിച്ചിട്ടുണ്ട്. മണ്ണുവാരിത്തിന്നാൻ തുടങ്ങുന്ന രണ്ടുവയസ്സുകാരൻ കേശുവിനെ കുഞ്ഞി കാലുയർത്തി തടയുന്നുണ്ട്. സീത അടുപ്പ് കത്തിച്ച് ദോശക്കല്ലെടുത്ത് വച്ച ശേഷം കുറച്ച് ആട്ടപ്പൊടിയെടുത്ത് വെള്ളമൊഴിച്ച് ദോശയ്ക്കുള്ള മാവുണ്ടാക്കി.
മകന് അച്ഛൻ വേണമെന്ന് കരുതി ക്ഷമിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. തന്നെ സ്നേഹിക്കുന്നില്ലെന്നറിഞ്ഞിട്ടും, വെറുപ്പാണെന്നറിഞ്ഞിട്ടും ഒരുവൾ ഒരാണിനെ തിരിച്ച് സ്നേഹിക്കുന്നുണ്ടെങ്കിൽ, സഹിക്കുന്നുണ്ടെങ്കിൽ അവൾ ഒരമ്മയായിരിക്കണം.!
പാലക്കാടുള്ള കുഗ്രാമത്തിൽ ജനിച്ച് വളർന്ന സീത കിണറു പണിക്ക് വന്ന ദിവാകരനോടൊപ്പം ഒളിച്ചോടി വന്ന് ജീവിതം തുടങ്ങിയത് വയനാട്ടിലാണ്. ഒരു കോളനിയിലായിരുന്നു ദിവാകരന്റെ വീട്. തെളിച്ചമുള്ള ഫോട്ടോയിലെ മുഖങ്ങൾക്ക് മുകളിൽ കാലം വരച്ചു പഠിച്ച് വികലമാക്കുന്ന പോലെ സീതയുടെ ജീവിതവും കാലത്തിന്റ കുത്തിവരയിൽ അവ്യക്ത ചിത്രമായി. ആൾത്താമസമില്ലാത്ത വീട് പോലെ ഇരുട്ട് വീണ ജീവിതമിങ്ങനെ വിയർപ്പൊപ്പുന്നു,...കണ്ണീരൊപ്പുന്നു,...നെടുവീർപ്പിടുന്നു.!!
അയൽ വീട്ടിൽ പാത്രം നിലത്ത് വീണ ഒച്ചയ്ക്കൊപ്പം ഒരു സ്ത്രീയുടെ ശബ്ദം ഉയർന്ന് കേട്ടു. അവിടെ നരകിക്കുന്നതൊരു പുരുഷനാണ്, ദേവനെന്ന് പേരുള്ളൊരു പാവം.
ഒരാഴ്ച്ച മുൻപ് ആ നശിച്ച അയൽക്കാരി ആ പാവം ഭർത്താവിനെ കെട്ടിയിട്ട് ലിംഗത്തിൽ മുളകുപൊടി തേച്ചു.
നാട്ടുകാർ ഓടിക്കൂടി വളരെ പാട് പെട്ടാണ് വെട്ടുകത്തിയുമായ് നിന്ന ആ പിശാചിൽ നിന്നും ദേവനെ രക്ഷിച്ചത്. അവൾക്ക് എപ്പോഴും ഒരാണിന്റെ ഭാരം തന്റെ മേലുണ്ടാകണം, ഗ്രാമത്തിലെ പല പുരുഷന്മാരും അവിടെ രഹസ്യമായി പോക്കുവരവുണ്ട്.
ദേവൻ എന്തു കൊണ്ട് എങ്ങോട്ടും ഓടിപ്പോകുന്നില്ല എന്നവൾ ചിന്തിച്ചു. ഈ നാണം കെട്ടുള്ള ജീവിതം അയാൾ ആസ്വദിക്കുന്നുണ്ടാകോ,.?
ഉറപ്പായും അയാൾ എന്നെപ്പോലൊരു പെണ്ണിനെ ഭാര്യയായിക്കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടാകും, ഞാൻ അയാളെപ്പോലൊരു ഭർത്താവിനെ ആഗ്രഹിച്ച പോലെ..!! നമ്മൾ തമ്മിൽ
ഇന്നേ വരെ ഒരു വാക്കും പരസ്പ്പരമുരിയാടിയിട്ടില്ല. പക്ഷേ എന്റെയും, ദേവന്റെയും കണ്ണുകളിലെ ദൈന്യത തമ്മിൽ കാണുമ്പോഴൊക്കെ വാചാലരാണ്. എനിക്കയാളെ രക്ഷിക്കണമെന്നുണ്ട്,
പക്ഷേ ഞാൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നവളാണ്.
ആദ്യം ചുട്ടെടുത്ത ദോശയിൽ പാതി ചൂടോടെയവൾ ചുരുട്ടി വായിലിട്ട് ചവച്ചു.അവൾക്ക് വല്ലാതെ വിശന്നിരുന്നു.
സീത ഒരു മുട്ടായി ടിൻ തുറന്ന് അതിൽ നിന്നൊരു ഉണക്കമീനെടുത്തു പാതിദോശയിൽ പൊതിഞ്ഞ് വാതിലിന് പുറത്തേയ്ക്ക് നീട്ടിയെറിഞ്ഞു. തന്റെ തലയ്ക്ക് മീതേ പോകുന്ന മീൻ മണത്തിനൊപ്പം കുഞ്ഞി തല വില്ലാകൃതിയിൽ ചലിപ്പിച്ചു കൊണ്ട് വാതിൽക്കലേയ്ക്കോടി. ചങ്ങലയുടെ അറ്റം കെട്ടിയിരുന്ന സ്റ്റൂൾ മറിഞ്ഞു വീണു‌. സീത കേശുവിനെയെടുത്ത് അവന്റെ ചുണ്ടിൽ ഒലിച്ചു നിന്ന മൂക്കള പിഴിഞ്ഞ് സാരിയിൽ തുടച്ചു കൊണ്ട് കട്ടിലിൽ ഇരുന്ന് മുലക്കണ്ണിലെ മഞ്ഞൽ തുടച്ചു കൊണ്ട് കേശുവിന്റെ വായിലേയ്ക്ക് തിരുകി. സീത തുറന്ന മിഴികൾ ചലിപ്പിക്കാതെ പാറ പോലും അന്തിച്ചു പോം വിധം ഉറപ്പുള്ള മനസ്സുമായ് ഞെളിഞ്ഞിരുന്ന് ഇന്നലത്തെ രാത്രിയോർത്തു.
***
ദിവാകരന്റെ റം മണക്കുന്ന ചുണ്ടുകൾ തന്റെ ചുണ്ടിലും, ദേഹത്തുമായ് അലഞ്ഞു നടക്കുന്നതിനിടെയാണ് കേശു ഞെട്ടിക്കരഞ്ഞത്. സീത ദിവാകരനെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ ദിവാകരൻ കൂടുതലവളെ ഒതുക്കി.പക്ഷേ, കരയുന്ന കുഞ്ഞിലേയ്ക്കെത്താനുള്ള ഒരമ്മയുടെ കരുത്തിനൊപ്പം എതിരിടാൻ ഒരു പുരുഷന്റെയും പേശീബലത്തിനാകില്ലെന്ന സത്യം വിജയിച്ചു.
"എന്നെക്കൾ നിനക്കിഷ്ട്ടം ഈ കുഞ്ഞിനെയാണല്ലേഡീ..?"
"ഈ കുഞ്ഞോ..?..നമ്മുടെ കുഞ്ഞ്..." സീതക്ക് ദേഷ്യം വന്നു.
"അല്ല...ഇതെന്റെയല്ല.... നിനക്കെന്നോട് വെറുപ്പാണ്, ആ നിനക്ക് എന്റെ കുഞ്ഞിനെയും വെറുപ്പായിരിക്കും,..പക്ഷേ നീയീ കുഞ്ഞിനെ സ്നേഹിക്കുന്നു...!! അതിനൊരർത്ഥമേയുള്ളൂ.."
"തെമ്മാടിത്തരം പറയരുത്...ഞാനെന്തും സഹിക്കും.."
കൂടുതലൊന്നും പറയാൻ സീതയെ അനുവദിച്ചില്ല. ദിവാകരന്റെ ഉയർന്ന് വന്ന കാൽ കേശുവിന്റെ മേൽ വീഴുമെന്ന് കണ്ടപ്പോൾ സീത കുനിഞ്ഞു. ചവിട്ട് കിട്ടിയത് സീതയുടെ തലയിലാണ്‌.ദിവാകരന്റെ കൈയ്യും കാലും ഉയർന്ന് താഴ്ന്നു ഒരു കുട പോലെ കേശുവിന് മീതെ സീത വിടർന്ന് കിടന്നു.
കുഞ്ഞിയുടെ കുര ദിവാകരന്റെ ഒരൊറ്റത്തൊഴിയിൽ ദയനീയമായ കരച്ചിലായ് മാറി. അവൾ തെറിച്ചു വീണ് മൂലയിലൊളിച്ചു. സീത കേശുവിന്റെ മേൽ വീണ് കരഞ്ഞു.
തുടരെ തുടരെ കഞ്ചാവ് ബീഡികൾ പുകച്ചു കൊണ്ട് ദിവാകരൻ സീതയെ കിടക്കയിലേയ്ക്ക് വലിച്ചിട്ടു. അതൊരു ബലാത്സംഗമായിരുന്നു. സീതയുടെ രണ്ട് മുലകളും ദിവാകരൻ കടിച്ച് മുറിച്ചു...!!
"ഇനി നീ പെഴച്ച് പെറ്റ ആ നാശത്തിന് മൊല കൊടുക്കമ്പ നീറി നീറി എന്നെ ഓർക്കണം..എന്നോട് ചെയ്ത ചതി...ഓർക്കണം..."
ദിവാകരൻ യുദ്ധം ജയിച്ചവനെ പോലെ സ്വസ്ഥമായ് ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
സീത ഒരുലയായ് നിന്ന് കത്തി,തന്റെ മാനത്തിലാണ് ഈ നാറി വരഞ്ഞത്. നീറുന്നു...നീറുന്നു.....
ഞാനെത്ര സ്നേഹിച്ചതാ, അതിലും കൂടുതൽ ഞാനിന്നെത്ര നരകിക്കുന്നു.!!!! വയ്യ, ഇതെനിക്ക് സഹിക്കാനാകുന്നില്ല. അടുപ്പിലെ വിറകിൽ വീണ മണ്ണണ്ണെയിൽ തീയാളിക്കത്തി. അടുപ്പിലൂതുന്ന ഇരുമ്പ് പൈപ്പ് അവളാ തീയ്ക്ക് മേൽ വച്ചു. പഴുക്കട്ടെ എന്നോളം വെന്ത് പഴുക്കട്ടെ. ബോധം കെട്ടുറങ്ങുന്ന ദിവാകരന്റെ കൈകൾ രണ്ടും സീത തോർത്തിനാൽ കൂട്ടിക്കെട്ടി. സീതയെ നോക്കി ഒന്നും മനസ്സിലാകാതെ കുഞ്ഞിയിരുന്നു. സീത വെന്ത് പഴുത്ത് തിളയ്ക്കുന്ന ഇരുമ്പ് പൈപ്പ് ഒരു പഴന്തുണി ചേർത്ത് പിടിച്ച് അടുപ്പിൽ നിന്നെടുത്തു.അഴിഞ്ഞ് മാറിക്കിടന്ന ലുങ്കിയ്ക്കിടയിലെ രോമാവൃതമായ ദിവാകരന്റെ തുടയിൽ ആ തീതുപ്പുന്ന പൈപ്പമർന്നു. ദിവാകരൻ ഞെട്ടിയുർന്നു..പതിയെ ആ പൊള്ളലിന്റെ വേവ് ശരീരമാകെ ഇരമ്പിക്കയറി. കൈരണ്ടും കെട്ടിയതിനാൽ കാലുയർത്തു ദിവാകരൻ സീതയെ അലറിക്കൊണ്ട് ചവിട്ടി‌. സീത ആ പൈപ്പ് കൊണ്ട് ആ ചവിട്ടിനെ തടഞ്ഞു. ദിവാകരൻ വീണ്ടും അലറിക്കരഞ്ഞു. ദിവാകരൻ മയപ്പെട്ടു, കരഞ്ഞു കൊണ്ട് സീതയോട് കെഞ്ചി. സീത ആജ്ഞാപിച്ചു " ഇതിൽ കേറാൻ.....കേറിയില്ലെങ്കിൽ നീ വെന്ത് വെന്ത് ചാകും...ഞാനീക്കാലം മുഴുവൻ നീറിയ പോലെ ...കേറെഡാ..."
സീത ചൂണ്ടിയ സ്റ്റൂളിനു മുകളിൽ വെന്ത് നീറിയ ദേഹവുമായ് ദിവാകരൻ കയറി. തല എന്തിലോ മുട്ടിയത് കണ്ട് നോക്കിയപ്പോൾ ദിവാകരൻ കണ്ട് ഒരു കുരുക്ക്‌.!!!!!....മരണത്തെക്കണ്ട് ദിവാകൻ വിറച്ചു....!!!
"ഒരക്ഷരം മിണ്ടരുത്....മിണ്ടിയാൽ നിന്റെ കണ്ണിലായിരിക്കും ഇത് ഞാൻ കുത്തിക്കേറ്റാൻ പോകുന്നത്.."
സീത കട്ടിൽ സ്റ്റൂളിനടുത്തേയ്ക്ക് നീക്കിയിട്ട് അതിൽ കയറി ദിവാകരന്റെ തലയിൽ കുരുക്ക് മുറുക്കി. പൂവെറിയാനോ, കുരവയിടാനോ ആരുമില്ലാതെ സീത ദിവാരാന് മരണമാല്ല്യമണിയിച്ചു‌. ദിവാകരൻ നേർത്ത ശബ്ദത്തിൽ വിളിച്ചു... "മോളെ സീതേ..." ആ വിളി കേട്ടത് സീതയുടെ കൈയ്യിലെ തീയായിരുന്നു. ദിവാകരൻ വീണ്ടും അലറിക്കരഞ്ഞ് കൊണ്ട് മുട്ടൻ തെറി വിളിച്ചു...ദിവാകരൻ പിന്നെയും പൊള്ളി.മാംസം കരിഞ്ഞ ഗന്ധം മുറിയാകെ നിറഞ്ഞു.
കുഞ്ഞിയെ കെട്ടിയിരുന്ന തുടലിന്റെ അറ്റം ദിവാകരൻ നിൽക്കുന്ന സ്റ്റൂളിലാണ് സീത ബന്ധിപ്പിച്ചിരുന്നത്.
സീതയെറിഞ്ഞ ഉണക്കമീൻ മണത്തിനു പിന്നാലെ കുഞ്ഞി വാതില്പുറത്തേയ്ക്കോടിയപ്പോൾ സ്റ്റൂൾ മറിഞ്ഞ് ദിവാകരന്റെ കഴുത്തിലെ കുരുക്ക് മുറുകിപ്പിടഞ്ഞത് കുഞ്ഞി കണ്ടില്ല. പക്ഷേ സീത കണ്ണടയ്ക്കാതെ ആ കാഴ്ച്ച നോക്കിയിരുന്നു‌. മുറിവ് നീറ്റുന്ന മുലയെ കേശു പാലിനായ് ഉള്ളിലേയ്ക്ക് വലിച്ചു.
അവൾക്ക് നൊന്തില്ല...മുന്നിലെ കാഴ്ച്ച അവളുടെ വേദനയ്ക്ക് മരുന്ന് പുരട്ടിക്കൊണ്ടിരുന്നു. പിടഞ്ഞ്, പിടഞ്ഞൊടുവിൽ ശ്വാസം നിലയ്ക്കും വരെ അവൾ ദിവാകരനെ നോക്കി നിന്നു.
നാവ് നീട്ടി ചുണ്ട് തുടച്ചു കൊണ്ട് അകത്തേയ്ക്ക് വന്ന കുഞ്ഞി കണ്ടു ,തൂങ്ങി നിൽക്കുന്ന ദിവാകരനെ..!!!! അവളൊന്ന് കുരച്ചു...!! ഗർവ്വോടെ,...പുച്ഛത്തോടെ...!!
***
എന്റെ ജീവിതമൊരു നാറിയായിരുന്നു, ഞാനിന്നതിനെ കഴുകി വെടുപ്പാക്കിയിരിക്കുന്നു. ഇനിയൊരിക്കലും ഞാനെന്റെ ജീവിതത്തിനെ നാറാൻ വിടില്ല.സീത എന്നെന്നേയ്ക്കുമായി ആ വീടിന്റെ വാതിൽ കടന്ന് പറത്തിറങ്ങി. അയലത്തെ പിശാചിന്റെ വീട്ടിൽ ദേവന്റെ കരച്ചിൽ കേൾക്കാം. അവൾക്കിരച്ചു കയറിയ ദേഷ്യം തേങ്ങമേൽ വെട്ടി വച്ചിരുന്നു വെട്ടുകത്തിയിൽ പതിച്ചു.
ഒറ്റച്ചവിട്ടായിരുന്നു...! ദേവനു മുകളിൽ കിടന്നു അവന്റെ മുടി വലിച്ചു പിടിച്ചു കൊണ്ട് ചുണ്ടിൽ കഞ്ചാവ് ബീഡിയുമായ് ചലിച്ചു കൊണ്ടിരുന്ന ആ പിശാച് തെറിച്ച് താഴെവീണു.ദേവൻ പൊട്ടിപ്പൊളിയുന്ന വേദനയിൽ രണ്ട് കൈയ്യും കൊണ്ട് തലയമർത്തി തല ചരിച്ച് നോക്കി. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ലുങ്കിയുടുത്തു കൊണ്ട് ലൈറ്റിട്ടു. സീതയെക്കണ്ട് ദേവൻ പകച്ചു പോയി. പിശാച് പുതപ്പെടുത്ത് മറച്ചു കൊണ്ട് സ്ഥലകാലബോധം വീണ്ടെടുത്തു.
കൈയ്യിലൊരു വെട്ടുകത്തിയുമായ് നിൽക്കുന്ന സീതയെ കണ്ടവൾ ഞെട്ടി.സീത ദേവനെ നോക്കി.
"എനിക്ക് മരിക്കാൻ പേടിയാണ്,
ജീവിക്കണം, എനിക്കൊപ്പം ജീവിക്കണമെങ്കിൽ വാ..ഞാൻ രക്ഷിക്കാം..?"
ദേവൻ അമ്പരന്ന് തന്നെ നിൽക്കുകയാണ്, ഒരിക്കൽ ദൈവം എന്നെയീ നരകത്തിൽ നിന്ന് രക്ഷിക്കാൻ വരുമെന്ന് ദേവൻ കരുതാറുണ്ടായിരുന്നു.എന്റെ മുന്നിൽ നിൽക്കുന്നതിപ്പോൾ ദേവിയാണ് സീതാ ദേവി....!!!
"ഡീ......"പിശാചലറിക്കൊണ്ട് സീതയുടെ നേർക്കടുത്തു.
"അറുക്കും ഞാൻ...അറുവാണീ"
സീത വെട്ടുകത്തിയുയർത്തി ചീറി. ദേവൻ തികട്ടിവന്നൊരു ആനന്ദച്ചിരിയിൽ ഉന്മത്തനായി തന്റെ ഭാര്യയെ നോക്കി. തൊണ്ടയുടെ പറ്റാവുന്നത്ര ആഴത്തിൽ നിന്നും കാറിക്കൊണ്ട് വായിൽ നിറച്ച തുപ്പൽ ദേവൻ അവളുടെ മുഖത്തിനു നേരെ ആഞ്ഞു തുപ്പി.
പുറത്ത് കുഞ്ഞിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കേശുവിനെയെടുത്തു കൊണ്ട് സീത നിലാവിലേയ്ക്കിറങ്ങി. മഴവീണ് തമ്മിലൊട്ടിപ്പുണർന്ന് കിടക്കുന്ന ചെമ്മണ്ണ് ചവിട്ടി മുറുകെപ്പിടിച്ച വെട്ടുകത്തി പിടി വിടാതെ അവൾ നടന്നു.
"ഇനിയാ വെട്ടുകത്തി കളയരുതോ?" ദേവൻ സീതയെ നോക്കി.
"ഇല്ല…ദേവൻ ദിവാകരനായാൽ എനിക്കിത് ആവശ്യം വരും..!!"
കുഞ്ഞിയവരെ കുരച്ചു കൊണ്ട് മുന്നിൽ നിന്ന് നയിച്ചു. വെളിച്ചം കൂടുതൽ കനപ്പിച്ച് കൊണ്ട് ആകാശ ലോകം അവർക്ക് വഴി വിശാലമാക്കി.
Written by Shyam Varkkala

ഉണ്ണി I കവിത I Kavya Bhaskar



ആറ്റിറമ്പത്തുള്ളൊരോലക്കുടിലിലെ -
യുണ്ണിക്കു പറയുവാൻ കഥകളേറെ
ആറ്റുവഞ്ചി തുഴഞ്ഞേറുന്നൊരുണ്ണിക്ക്
ആറ്റിക്കുറുക്കിയ കഥകളേറേ

കൂടെ കളിക്കുവാൻ കൂട്ടുകൂടാൻ
പട്ടം പറത്താനുമാരുമില്ല 
മാളികവീട്ടിലെ കൊച്ചുകിടാങ്ങൾക്ക്
ചേറ്റിലെ പയ്യനോടലിവുമില്ല

പച്ചിലക്കിളികൾ പാറിവന്നാൽ
ഉണ്ണിക്ക് കൗതുകം എത്രയെന്നോ !
കുരുത്തോല കൊണ്ടു മെടഞ്ഞ കുരുവികൾ
ഉണ്ണിക്കു കൂട്ടായിരിക്കുമപ്പോൾ

വെള്ളിടിവെട്ടി തിമിർക്കും മഴയിലോ
ഉണ്ണീടെ കൂരയും ചോർന്നൊലിക്കും.
പിഞ്ഞാണമെല്ലാം നിരത്തിവെച്ചുണ്ണിയോ
മഴത്തുള്ളിത്താളം കേട്ടാസ്വദിക്കും.

പൊൻവള്ളികെട്ടിയ പുത്തൻ കുടയില്ല
ചേമ്പിലത്താളുകളുണ്ണിക്കിഷ്ടം
കുഞ്ഞിളം പാദങ്ങൾ മണ്ണമ്മപ്പെണ്ണിന്റെ
താലോലം കൊണ്ട് കുളിർക്കുമപ്പോൾ

മാറോടണച്ചൊരു പുസ്തകത്താളുകൾ
മഴ വെള്ളം കൊണ്ടങ്ങലുത്തിരിക്കും.
ഒരുപിടി വറ്റിന്റെയൂറ്റിലാ -
ചെറുപയ്യൻ
നട്ടുച്ചനേരം പിടിച്ചു നിർത്തും.

മിന്നാമിനുങ്ങിന്റെ മാദക ഭംഗിയിൽ
ഉണ്ണിയും മെല്ലെയലിഞ്ഞിരിക്കും.
ചിന്നിച്ചിതറിച്ചിരിക്കുന്ന താരകം
അച്ഛന്റെ വാത്സല്യമെന്നുമോർക്കും .

പച്ചോലക്കണ്ണാടി പച്ചിലക്കാറ്റാടി
ഓലച്ചെറുപന്തും ഉണ്ണിക്കിഷ്ടം.
പ്ലാവിലക്കുമ്പിളിൽ കോരുന്ന വറ്റിന്റെ
കണ്ണുനീരുപ്പിൻ രുചിയുമിഷ്ടം.

ആറ്റിൻകരയിലെയുണ്ണിക്ക് കൂട്ടിനായ്
ഓളംതുളുമ്പും കിനാക്കളുണ്ട്
ആറ്റുവഞ്ചി തുഴഞ്ഞേറുന്നൊരുണ്ണിക്ക്
ആറ്റിക്കുറുക്കും കഥകളുണ്ട്.
🍃 കാവ്യ ഭാസ്ക്കർ🍃

വാടിയ പൂക്കൾ I ShortStory I SabuNarayanan


 ജനാലയുടെ സൺഗ്ലാസിലൂടെ മുറ്റത്ത് അരമതിലിൽ ചിട്ടയായി അടുക്കി വച്ചിരിക്കുന്ന പൂച്ചട്ടികൾ കാണാം. നാല് മാസത്തെ പരിചരണക്കേട് എല്ലാ ചെടികളിലും കാണാനുണ്ട്. രാവിലെ വെള്ളമൊഴിച്ചു കൊടുക്കുന്നതല്ലാതെ വളമിടലും പരിലാളനയുമൊക്കെ വേണ്ടപ്പെട്ട ആളെപ്പോലെ നൽകാൻ കഴിയുന്നില്ലെന്ന കുറ്റബോധം സുമിത്രയുടെ മനസ്സിനെ നീറ്റിക്കൊണ്ടിരുന്നു .
എന്നത്തേയും പോലെ നാളെയാകട്ടെ എല്ലാം ചെയ്യാം എന്ന് വിചാരിച്ചു സെറ്റിയിൽ തന്നെ മടിപിടിച്ചിരുന്നു.
ഭിത്തിയിൽ വാടി തുടങ്ങിയ പൂമാലക്കിടയിലൂടെ പൊഴിയുന്ന പുഞ്ചിരിയും നോക്കിയിരിക്കെ മൊബൈൽ
ശബ്ദിക്കാൻ തുടങ്ങി.
ആരും വിളിക്കാനില്ലെങ്കിലും, ഉടമ ഈ ലോകം തന്നെ വിട്ടുപോയെങ്കിലും എന്നും ചാർജ് ചെയ്തു വക്കുക സുമിത്രക്കു ഒരു ശീലമായിരിക്കുന്നു.
ബാഹു എന്ന് സേവ് ചെയ്തിരിക്കുന്ന ബഹുലേയനാണു വിളിക്കുന്നത്‌. എടുക്കണോ വേണ്ടയോ എന്ന് സന്ദേഹിച്ചു നിൽക്കേ, കാൾ കട്ടായി.
ശ്ശേ.. എടുക്കേണ്ടതായിരുന്നു അങ്ങേര് ഇപ്പോൾ പലതവണയായി വിളിക്കുന്നു.
ഓരോ തവണയും എടുത്താലോ എന്ന് ആലോചിച്ചു വരുമ്പോഴേക്കും റിങ് നിലച്ചു പോയിട്ടുണ്ടുണ്ടാകും.
സുരേട്ടനൊപ്പം പത്താം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചയാളാണ് ബാഹുലേയൻ. സ്കൂൾ പഠനത്തിന് ശേഷം അധികം കണ്ടിട്ടില്ലെന്നു മാത്രം. ബഹുലേയന്റെ കുടുംബം ഹൈറേഞ്ചിലെ ഏതോ സ്ഥലത്തേക്ക് മാറിപ്പോവുകയായിരുന്നു. നഗരത്തിലേക്ക് ചേക്കേറിയതിൽ പിന്നെ ,തങ്ങൾക്കും നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ലെന്ന് സുമിത്ര ഓർത്തു.
വീണ്ടും കണ്ടു പിടിച്ച് സൗഹൃദം പുനസ്ഥാപിച്ചത് ഇരുവരും പെൻഷൻ പറ്റിയതിനു ശേഷമാണെന്നു മാത്രം. നഷ്ടപ്പെട്ടു പോയ വർഷങ്ങളുടെയെല്ലാം കുറവ് തീർക്കുന്ന വിധമായിരുന്നു അവരുടെ ആ ഹ്രസ്വകാലത്തെ സൗഹൃദ ജീവിതം . അതിൻ്റെ ചൂടും ചൂരും ആഴ്ചതോറുമുള്ള ഫോൺ കാളിൽ നിന്നൊക്കെ സുമിത്രക്കും അറിയാൻ കഴിഞ്ഞിട്ടുണ്ട്‌.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത്, സുരേട്ടൻ അയാളുടെ വീട്ടിൽ ഒരു തവണ പോയിട്ടുമുണ്ട്.
ഡിസ്പ്ലേയിൽ ബാഹു കോളിങ്ങ് എന്നു കാണിച്ചു കൊണ്ട് ഫോൺ വീണ്ടും റിങ്ങ് ചെയ്തു തുടങ്ങി. ഒട്ടും സംശയിക്കാതെ തന്നെ ഇത്തവണ ഫോൺ കയ്യിലെടുത്തു.
"ഹലോ.... "
അയാളുടെ ശബ്ദം, ഒരു രോഗിയുടെ പോലെ ദുർബലമായിരുന്നു. ഒന്നും പറയാതെ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു നിന്നു.
പ്രതികരണമൊന്നുമില്ലാത്ത കൊണ്ട് വീണ്ടും അയാൾ തന്നെ ചോദിച്ചു.
" സുരേന്ദ്രനല്ലേ ...? "
എന്താണ് പറയേണ്ടതെന്ന് അറിയാതെ അല്പനേരം പകച്ചു.
"വൈഫാണ് "
അയാൾ സുരേട്ടനെ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളാവും .
" ആളെന്ത്യേ ?"
വീണ്ടും പറയാനുള്ളതെന്തെന്ന് ആലോചിക്കുന്നതിനിടയിൽ നിമിഷങ്ങൾ കടന്നു പോയി.
" സുരേന്ദ്രനെന്ത്യേ ? "
അയാൾ വീണ്ടും ചോദിച്ചു .
"ഇല്ല "
'' എവിടെ പോയി? "
'' പോയി ... "
"............"
അയാളുടെ സംസാരം നിന്നുവോ ?
പിടിച്ചു നിർത്താനാവാതെ ഒരു വിങ്ങൽ പുറത്തു വന്നത് അയാൾ അറിഞ്ഞിരിക്കണം .
അയാളും എന്തെങ്കിലും പറയുവാൻ ബുദ്ധിമുട്ടുന്നു എന്നു
മനസിലായപ്പോൾ സുമിത്ര തന്നെ പറഞ്ഞു തുടങ്ങി.
"നാലു മാസം മുമ്പ് ഒരു ഞായറാഴ്ചയായിരുന്നു. കാർഡിയാക് അറസ്റ്റ്. " പറയുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നതും ശരീരം നേരിയ വിറയലിലേക്ക് വീഴുന്നതും തിരിച്ചറിഞ്ഞു.
ഇപ്പോഴും അയാളുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ലായിരുന്നു, എന്നാൽ എല്ലാം ശ്രദ്ധിച്ച് അയാൾ അങ്ങേ തലക്കൽ ഉണ്ടായിരുന്നു .
" അറിയിക്കാൻ പറ്റിയില്ല.. "
ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു . ഹാർട്ട്‌ പേഷ്യന്റ് ആയ അയാളെ അറിയിക്കേണ്ടെന്നാണ് മോനും പറഞ്ഞത്.
സംസാരിക്കുവാൻ വേണ്ടി ഒരു തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് അയാൾ വിക്കി വിക്കി പറഞ്ഞത് .
" പറയാമായിരുന്നു. "
അതിനു മറുപടി പറയുവാൻ സുമിത്രയുടെ പക്കൽ ഒന്നു മില്ലായിരുന്നു.
"അറിഞ്ഞാലും അത്ര ദൂരം യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല .. എങ്കിലും ."
വീണ്ടും മൗനത്തിൻ്റെ നിമിഷങ്ങൾ കടന്നു പോയി .
"എങ്ങനെ സഹിക്കുന്നു. ...? " ഇത്തവണയും അയാൾ വിക്കി വിക്കിയാണ് അത്രയും ചോദിച്ചത്.
"സഹിക്കുന്നു. ... പിള്ളേർക്ക് തനിച്ചാക്കി ജോലിക്ക് പോകാൻ വിഷമമുണ്ട് .. അടുത്ത വീട്ടിലെ കുട്ടി കൂടെയുണ്ട് ."
മൗനത്തിൻ്റെ ഇടവേള പിന്നെയും വന്നു.
"മോനെയും കൂട്ടി ഒരു ദിവസം വരാം ... അവൻ ജീവിച്ച വീടും പരിസരവും മോനെയുമൊക്കെ കാണാമല്ലോ ...."
കുറച്ചു നേരത്തെ നിശബ്ദദക്ക് ശേഷം അയാൾ തന്നെ വീണ്ടും സംസാരിച്ചു. "ഇവിടെ കഷ്ടിച്ച് കരകയറി ഒരാൾ ശവം കണക്കെ .... ഒരസുഖവുമില്ലാതിരുന്ന സുരേന്ദ്രൻ ....."
അയാളുടെ ശബ്ദം പതറി തുടങ്ങിയിരുന്നു. പൂർത്തിയാക്കാൻ കഴിയാതെയാണ് അയാൾ ഫോൺ വച്ചത്. എന്നിട്ടും സുമിത്ര വെറുതെ ഫോൺ ചെവിയോട് ചേർത്ത് കുറേ നേരം നിന്നു. ഭിത്തി മേൽ പുഞ്ചിരിയുമായി ഒരാൾ ഇതെല്ലാം ശ്രദ്ധിച്ചിരിക്കുന്നു. കണ്ണീർ പൊടിഞ്ഞു വന്നത് തറയിൽ വീഴാതെ കൈവിരലാൽ തുടച്ചു.
ഒന്നും കാര്യമായി പറഞ്ഞില്ലെങ്കിലും ബാഹുലേയൻ്റെ പ്രവൃത്തികൾ ഈ വിദൂരതയിലിരുന്നും സുമിത്രക്കു കാണാൻ കഴിയുന്നു.
അയാൾ വേച്ച് വേച്ച് ഡൈനിങ്ങ് ടേബിൾ വരെ എത്തി , ജഗ്ഗിൽ നിന്ന് ഗ്ലാസിലേക്ക് പകർന്ന വെള്ളം ആർത്തിയോടെ കുടിക്കുകയായിരിക്കും ,ഇപ്പോൾ . ഒരു കിതപ്പോടെ വെള്ളം കുടിച്ചു തീർത്ത ശേഷം കസേരയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കും. . തുറന്നിട്ട ജനാലയിലൂടെ പുറത്തെ ചെടികളിൽ കാറ്റിൻ്റെ ചലനം അയാൾക്ക് കാണാൻ കഴിയുന്നുണ്ടാവും . ഭംഗിയിൽ തലയാട്ടി നിൽക്കുന്ന റോസപ്പൂക്കൾ ഇപ്പോൾ അയാൾക്ക് ഒരുന്മേഷവും പ്രദാനം ചെയ്യുന്നുണ്ടാവില്ല.
തിരിയെ സെറ്റിയിൽ വന്നിരുന്നു തല പുറകോട്ടു ചാരി മുകളിലേക്ക് നോക്കിയിരിക്കുമ്പോൾ , അയാൾക്ക് മുകളിൽ സീലിങ്ങ് ഫാൻ അതിൻ്റെ നിശ്ചിത വൃത്തത്തിൽ കറക്കം തുടരുന്നുണ്ടാവും. സുമിത്ര , ബാഹുലേയൻ അപ്പോൾ ചെയ്തേക്കാവുന്ന പ്രവൃത്തികൾ ഓരോന്നായി വെറുതേ മനസിൽ രൂപപ്പെടുത്തി നോക്കുകയായിരുന്നു.
ഹൃദയ ശസ്ത്രക്രിയ ക്കു ശേഷം ബാഹുലേയൻ പൂർണ ആരോഗ്യ വാനെങ്കിലും , എന്തോ ഒരോജസ് ഇല്ലായ്മ അയാളുടെ സംസാരത്തിലുണ്ടെന്ന് സുരേട്ടൻ ഇടക്കിടെ പറയുമായിരുന്നു.
രോഗത്തിൽ നിന്ന് മുക്തി നേടിയാലും അതിൻ്റെ നിഴൽ നമ്മുടെ മേൽ എന്നുമുണ്ടാവും, രോഗത്തിന് അടിപ്പെടാതിരിക്കുക ഒരു ഭാഗ്യം കൂടിയാണ്.
പ്രാർത്ഥിച്ചു പരിചയമില്ലാത്ത സുമിത്ര, ഇനിയും കണ്ടിട്ടില്ലാത്ത ബാഹുലേയൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി, ദൈവസന്നിധിയിൽ മൗനപുഷ്പങ്ങൾ അർപ്പിക്കുകയായിരുന്നു.
...........................
എ എൻ സാബു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo