Showing posts with label ArifEVAnakkara. Show all posts
Showing posts with label ArifEVAnakkara. Show all posts

#പൊരിച്ചമീനിലെ_അസമത്വം


അതേടീ പെണ്ണെ ചെറുപ്പത്തിൽ ഞാൻ പൊരിച്ച മീനിനായി വിണ്ണുമ്പോൾ അമ്മ നിന്നെക്കാൾ ഒന്നു എനിക്ക്‌ കൂടുതൽ തന്നു വിവേചനം കാണിച്ചിരുന്നു .
പിന്നീട് ഞാൻ നിന്റെ പൊരിച്ച മീൻ ഞാൻ തട്ടിപറിച്ചെടുക്കുമ്പോൾ ''അവൻ ഒരു ആൺകുട്ടിയല്ലേ.. അവൻ കഴിച്ചോട്ടെ എന്നു പറഞ്ഞ് അച്ഛനും അമ്മയും എനിക്ക്‌ വേണ്ടി വക്കാലാത്ത് പറഞ്ഞ് നിന്നോട് വിവേചനം കാണിച്ചിരുന്നു .
പൊരിച്ച മീനിൽ മാത്രമായിരുന്നില്ലലോ വേറെയും ഒരുപാട് കാര്യത്തിലും അവർ എന്നോടപ്പമായിരുന്നല്ലോ ..
ഞാൻ നിന്നെ ''കറുത്തവളെ .. അണ്ണാച്ചി''... എന്നു വിളിക്കുമ്പോൾ നീ അവരോട് പരാതി പറയുമ്പോൾ ...
നിന്നെ പിണ്ണാക്ക് കൊടുത്ത് നാടോടിസ്ത്രീയുടെ കയ്യിൽ നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞു അവരും നിന്നെ കളിയാക്കി നിന്നോട് വർണ്ണ വിവേചനം നടത്തിയിരുന്നില്ലേ ...
എനിക് ഏതു പാതിരാത്രിക്കും എങ്ങോട്ടു പോകാനും സമ്മതം തരുമ്പോൾ നിന്റെ യാത്രകളിൽ നേരങ്ങളുടെയും കാലങ്ങളുടെയും കണക്കു പറഞ്ഞു നിന്റെ യാത്ര സ്വാതന്ത്രവും അവർ നിഷേധിച്ചിരുന്നില്ലേ ...
ഞാൻ എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ എടുക്കുമ്പോൾ വസ്ത്രത്തിന്റെ അളവിന്റെ കാര്യം പറഞ്ഞ് നീ എന്ത്‌ ധരിക്കണം എന്നും തീരുമാനിച്ചിരുന്നത് അവരായിരുന്നില്ലേ ...
അതൊക്കെ നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നും ഞാൻ ആണും നീ പെണ്ണും ആണെന്നുള്ള വിവേചനം ആണെന്നും നീ കരുതിയിരുന്നുവോ ...!
അമ്മ എനിക് അധികമായി തന്നിരുന്നത് അമ്മയുടെ ഓഹരി ആയിരുന്നെന്ന് നീ അറിഞ്ഞിരുന്നുവോ..
അതിനു പകരം അച്ഛന്റേ ഓഹരി നിനക്ക് തന്ന് അച്ഛൻ ഞങ്ങളെ തോൽപ്പിച്ചത് നീ മനസ്സിലാക്കിയിരുന്നില്ലയോ ..
നീ അച്ഛന്റെ രാജകുമാരി ആണെന്നും ഞാൻ അമ്മയുടെ രാജകുമാരൻ ആണെന്നും അവർ നമ്മുടെ രാജാവും രാഞ്ജിയുമാണെന്ന് നീ തിരിച്ചറിഞ്ഞിരുന്നുവോ ..!
നിന്റെ പൊരിച്ച മീൻ ഞാൻ തട്ടിപ്പറിക്കുമ്പോൾ അവർ എനിക്ക്‌ വേണ്ടി വക്കാലത്ത് പറഞ്ഞിരുന്നത് നിന്റെ കുറുമ്പ് കാണാൻ ഇഷ്ടമുള്ളത് കൊണ്ടാണെന്ന്‌ നീ മനസ്സിലാക്കിയിരുന്നുവോ ...
ഞാൻ നിന്നെ ''അണ്ണാച്ചി'' എന്നു വിളിക്കുമ്പോൾ ആ പരിഹാസത്തിൽ അവരും കൂടിയത്‌ അപ്പോഴുണ്ടാവുന്ന കോഴിക്കുഞ്ഞിനെ പിടിക്കാൻ വരുംമ്പോൾ തള്ളക്കോഴിക്കുണ്ടാവുന്നതു പോലുള്ള നിന്റെ ദേഷ്യംപിടിച്ച മുഖഭാവം കാണാൻ ആയിരുന്നെന്ന് നീ അറിഞ്ഞിരുന്നുവോ ..
അന്ന് നീ വീട്ടിൽ തല കറങ്ങി വീണപ്പോൾ നിന്നെ കൈകളിൽ കോരിയെടുത്തു ഈ നെഞ്ചോടു ചേർത്ത്‌ ആശുപത്രിയിലേക്ക് പായുമ്പോൾ ഈ ഏട്ടന്റെ നെഞ്ചിലെ പെടപെടപ്പ് നീ അറിഞ്ഞിരുന്നുവോ ..
നിനക്കു കരളിൽ ബാധിച്ച രോഗം കാരണം കരൾ മാറ്റിവെക്കലെ രക്ഷയുള്ളൂ.. എന്നു ഡോക്ടർ പറഞ്ഞപ്പോൾ നിനക്ക് വേണ്ടി കരൾ പകുത്തു തരാൻ തയ്യാറായ ആ അമ്മക്ക് കരളിനേക്കാൾ വലുതായിരുന്നു നീ എന്ന് നിനക്ക് മനസ്സിലായിരുന്നുവോ ..
നിന്റെ ചികിത്സക്കായി ഉണ്ടായിരുന്ന വീടും സ്വത്തും എല്ലാം വിറ്റു പെറുക്കിയത് ആ അച്ഛന് അതിനേക്കാൾ വലുതായിരുന്നു ''നീ'' എന്നു നീ അറിഞ്ഞിരുന്നുവോ ...
രാവും പകലുമില്ലാതെ ഈ നാട് മുഴുവൻ ഓടി നടന്ന് കണ്ണിൽ കണ്ട ജോലിയൊക്കെ ചെയ്ത് നിന്റെ ചികിത്സക്ക് വേണ്ടി പണം സ്വരൂപിക്കാൻ ധൈര്യം വന്നത് അന്ന് എനിക് അച്ഛൻ നിന്നെക്കാൾ കൂടുതൽ തന്ന സഞ്ചാര സ്വാതന്ത്രം കൊണ്ടാണെന്ന് നീ തിരിച്ചറിഞ്ഞിരുന്നുവോ ...
സ്വന്തം അച്ഛനാൽ വരെ പിഞ്ചു പൈതങ്ങൾക്ക് പീഡനമേൽക്കുന്ന ഈ കാലത്ത് നിന്റെ സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നു നിന്റെ വസ്ത്രത്തിന് അവർ അളവ്കോൽ വെച്ചിരുന്നെന്ന് നീ
മനസ്സിലക്കിരുന്നുവോ ...
ഇങ്ങനൊക്കെ ചെയ്തിട്ടും സ്നേഹിച്ചിട്ടും എന്തിനാണ് പെണ്ണെ നീ ഞങ്ങളെ വിട്ടു പോയത് ..
എന്തിനാണ് ഖൽബെ നീ ദൈവത്തിന്റെ തിരിച്ചു വിളിക്ക് ഉത്തരം നൽകിയത് ..
എന്തിനാണ് പൊന്നേ ഈ വീടിനെ തീരാദുഃഖത്തിലാഴ്ത്തിയത് ..
മാസങ്ങൾക്ക് ശേഷം ഇന്ന് ഈ വീട്ടിൽ മീൻ പൊരിച്ചിരുന്നല്ലോ ...
എന്തെ ഞാൻ നീ ഇല്ലെന്ന് കരുതി നിന്റെ ഓഹരി മുഴുവൻ ഞാൻ തിന്നില്ലാ...
എന്തെ ആരും ശരിക്കും പോലെ ഭക്ഷണം കഴിച്ചില്ലാ ..
കഴിയില്ല പെണ്ണെ ആർക്കും അതിനു പറ്റില്ലാ ...
സ്വന്തം അമ്മയുടെ കയ്യാലെ മക്കൾ കൊല്ലപ്പെടുന്ന ഈ കാലത്ത് നിന്നെയോർതോർത്ത് ഭ്രാന്തിയെപ്പോലെ മുറുമുറുക്കുന്ന ഒരു അമ്മയുണ്ടിവിടെ ..പെണ്ണെ ..
നീ ദൈവത്തിന്റെ ഇഷ്ടങ്ങളായ ആകാശത്തെ താരകങ്ങൾക്കിടയിലെ പൊൻതാരകമായി ഞങ്ങളെ നോക്കി ചിരിക്കുമ്പോൾ നിന്റെ ഓർമ്മകൾ തത്തികളിക്കുന്ന ഈ വീട് രാജകുമാരിയില്ലാത്ത കൊട്ടാരം പോലെ നിശബ്ദമാണ് പെണ്ണെ ..
കാരണം നീ ഞങ്ങളുടെ രാജകുമാരി ആയിരുന്നല്ലോ.ഞാൻ രാജകുമാരനും .
നമ്മുടെ അച്ഛനും അമ്മയും രാജാവും രാഞ്ജിയും ആയിരുന്നല്ലോ ....
വിണ്ണിലേക്ക് പറന്നു പോയ ഞങ്ങളുടെ മാലാഖകുട്ടിക്ക് വേണ്ടി ....
സസ്നേഹം

താടിച്ചെക്കെന്റെ മൈലാഞ്ചിപെണ്ണ്

Image may contain: 1 person, selfie, closeup and indoor

'ഇങ്ങള്ളെ ഈ താടി ഒന്ന് എടുത്ത് കളയോ ..?
എന്റെ താടി പിടിച്ചു വലിച്ചു എന്റെ ദേഹത്തോട് ഒട്ടികിടന്നുകൊണ്ടവൾ ചോദിച്ചു ..
പെട്ടെന്നുള്ള അവളുടെ ഈ ഒലക്കമ്മേലെ ചോദ്യം കേട്ട് ഞാനവളുടെ ഉണ്ടക്കണ്ണിലേക്ക് തന്നെ നോക്കി ഒരു നിമിഷം വാപൊളിച്ചു കിടന്നുപോയി .
''അതെന്തിനാ ...
ആശ്ചര്യം വിടാതെ ഞാൻ ചോദിച്ചു .
''അത് ...അത് ...ഒന്നുല്ല ...
''ഇങ്ങക്ക് ഞാൻ പറഞ്ഞ ആഗ്രഹം നടത്തി തരാൻ പറ്റോ ഇല്ലയോ ....അത് പറ ...!
അവൾ മുഖം കൂർപ്പിച്ചു കൊണ്ട് എന്നെ തുറിച്ചു നോക്കി .
ആകെ കുടുങ്ങിയല്ലോ പടച്ചോനെ ....
നാളെ വിവാഹ വാർഷികം ആയോണ്ട് ഞാൻ തന്നെയാ അവളോട് പറഞ്ഞത് ..
സമ്മാനമായി എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ചോദിക്കാനും ..
എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ നടത്തിത്തരാമെന്നും ...
ഇമ്മാതിരി ഒലക്കമ്മേലെ ആഗ്രഹം ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല .
സംഭവം സിംപിൾ ആണെങ്കിലും നുമ്മക്കിത് പവർഫുള്ളാണ് .
താടി വരാൻ തുടങ്ങിയത്‌ മുതൽ ശരീരത്തിലെ ഒരു പ്രധാന അവയവം പോലെ കൂടെ കൊണ്ട് നടക്കുന്നതാണ് നുമ്മടെ ഈ കട്ടതാടി .
അത് എടുക്കാനാണിപ്പോ അവള് വിവാഹ സമ്മാനമായി അവൾക്ക് നടത്തിക്കൊടുക്കാൻ പറഞ്ഞ ആഗ്രഹം .
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഉച്ചിയിലേക്ക് തന്നെ നോക്കി കിടന്നു പോയി .
'' അല്ലാ ..എന്റെ താടി എടുത്തിട്ടിപ്പോ നിനക്ക് എന്താ ഉപകാരം ..
ഞാൻ അവൾക്കു നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു .
''അതൊക്കെ സർപ്രൈസ്‌ ആണ് .
ഇങ്ങള് എനിക്ക്‌ വാക്ക് തന്നതാണ് ട്ടോ ..
ഇതൊരു ചെറിയ കാര്യമല്ലേ ..
ഇങ്ങളെ കൊണ്ട് പറ്റൂലോ ..
എന്റെ ആഗ്രഹം നടത്തിതരണം ട്ടോ ....
എന്നു പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും കുടുകുടാ വെള്ളം ചാടുന്നുണ്ടായിരുന്നു
അത് കൂടെ കണ്ടപ്പോൾ ഞാൻ ആകെ വല്ലാണ്ടായി .
''ടീ പെണ്ണെ ...'താടി ന്നു പറഞ്ഞാൽ ആണിന്റെ അഹങ്കാരമാണ് .
''മുടിയാണ് സ്ത്രീയുടെ സൗന്ദര്യമെങ്കിൽ താടിയാണ്
പുരുഷന്റെ അഴക് .
''അത് മാത്രമല്ല ...
''താടിക്ക് എല്ലായിടത്തും ഒരു പവറുണ്ട്.
''ഇയ്യെന്നെ ഒന്നു നോക്യോക്ക് ..
''നമുക്കിടയിലുള്ള എല്ലാ മാന്യന്മാർക്കും താടിയുണ്ട് .
എല്ലാ മഹാന്മാർക്കും താടിയുണ്ട് ..എല്ലാ തലപ്പത്തിരിക്കുന്നോർക്കും താടിയുണ്ട് .അതാണ് പറഞ്ഞത് താടിക്ക് എല്ലായിടത്തും ഒരു ഗെറ്റപ്പുണ്ടെന്ന് ...
ഞാൻ അവളുടെ മനസ്സുമാറ്റാനായി അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഒരു നമ്പറിട്ടു .
''ഒലക്കടെ മൂടാണ് ...
താടിവെച്ചതുകൊണ്ടൊന്നും മഹാനാവൂല .
''മാന്യനാവുല ...
അങ്ങിനെയാണെങ്കിൽ മഹാത്മാഗാന്ധി താടി വെച്ചിട്ടുണ്ടോ ...!
''അബ്ദുൽകലാം താടി വെച്ചിട്ടുണ്ടോ ..
''സച്ചിൻ ടെണ്ടുൽക്കരിനു താടിയുണ്ടോ ..
ഇവരൊക്കെ താടി വെച്ചിട്ടാണോ ജങ്ങൾക്കിടയിൽ ഇപ്പോഴും മഹാനായും മാന്യനായും നില നില്ക്കുന്നത് ....
''ഹും .
അവളുടെ ഓരോ ചോദ്യങ്ങളും ഒരു കൂരമ്പുപോലെ എന്റെ നെഞ്ചിലേക്ക് തൊഴുതു വിട്ടു ഒറ്റയടിക്ക് എന്നെ തളർത്തി .
എന്നിട്ട് തിരിഞ്ഞുകിടന്നു
എത്ര ശരിയാണ്‌ അവൾ പറഞ്ഞത് .താടി വെച്ചത്‌ കൊണ്ട് മാത്രം മഹാനാവില്ലല്ലോ ..
മാന്യനാവില്ലല്ലോ ..
മനുഷ്യത്തമല്ലേ ഒരാളെ സമൂഹത്തിൽ ഉന്നതനാക്കുന്നതും ...
ഉയർന്നവനാക്കുന്നതും ..
എന്നെക്കാൾ വിവരമുള്ള അവളോട് അമ്മാതിരി ഡയലോഗ് അടിക്കാൻ പോയതോർത്തു ഞാൻ ചമ്മിക്കിടന്നുപോയി .
''എന്നാലും ...എന്റെ താടി എനിക്ക്‌ ജീവനാണെന്ന് നിനക്കറിയുന്നതല്ലേ ..എന്റെ താടി കൂടെ കണ്ടിട്ടല്ലേ നീ എന്നെ ഇഷ്ടപ്പെട്ടെ ..
''എന്നിട്ടും നീ ഇങ്ങനൊക്കെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ ...
''എന്നു ചോദിച്ചുകൊണ്ട് തിരിഞ്ഞുകിടന്ന അവളെ എന്നിലേക്ക് ചേർത്ത്‌ ചെവിയിലൊരു മുത്തം നൽകി .
''അതിനു ഞാൻ ഇങ്ങളെ താടി മൊത്തം എടുക്കാനൊന്നും പറഞ്ഞല്ലല്ലോ ..
ഈ കവിളത്തുള്ളത് മാത്രം എടുത്താൽ മതി ..
എന്റെ കൈക്കുള്ളിൽ കിടന്നു കൊണ്ട് തന്നെ എന്നിലേക്ക് തിരിഞ്ഞു കിടന്നുകൊണ്ടവൾ പറഞ്ഞു .
''അതെന്തിനാ കവിളത്തുള്ളത് എടുത്തിട്ട് ചിറീല് മാത്രം താടി വെക്കുന്നെ ..
ഞാൻ കള്ളച്ചിരിയോടെ അവളോടിങ്ങനെ ചോദിക്കുമ്പോൾ അവളുടെ മുഖം ഒരുമാതിരി കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ പോയാൽ തള്ളക്കോയിന്റെ മുഖത്തുണ്ടാവുന്നപോലെയുള്ള ഭാവമായിരുന്നു .
വല്ലാത്തൊരു ചേലായിരുന്നു അവളുടെ ആ കുറുമ്പ് നിറഞ്ഞ മുഖം കാണാൻ ..
''ഇങ്ങക്ക് എടുക്കാൻ പറ്റുമെങ്കി ..എടുക്കിൻ ..
''ആ സഫീനാന്റെ ഇക്ക ഒക്കെ അങ്ങിനെയാണെല്ലോ താടി വെച്ചിരിക്കുന്നെ ..
അവൾ ചുണ്ടും ചിറിയും കൂർപ്പിച്ചു കൊണ്ടെന്നോട് പറഞ്ഞു ..
''അയ്യേ ...ജട്ടി ഉണക്കാനിട്ട പോലെ ചിറിയിൽ മാത്രം അമ്പിളിമാമൻ താടി വെച്ചിരിക്കുന്ന ഓനെ പോലെയോ ..
''എനിക്കൊന്നും വയ്യാത്ത്..അതു പോലെ വെക്കാൻ ....
''അങ്ങിനല്ലാ ..
ഇങ്ങിനെ ചതുരം പോലെ വെക്കുലേ...താടി ...!
എന്നു പറഞ്ഞുകൊണ്ടവൾ മയിലാഞ്ചിയിട്ട കൈകളാലെ എന്റെ മീശയിൽനിന്നും താടിയെല്ലിലൂടെ ഒരു ചതുരം വരച്ചു .
''ഓഹ് ..ബുൾഗാൻ ..
ഫ്രഞ്ച് താടി ...
അതാണോ ..
ഞാൻ അവളെ നോക്കി ചിരിച്ചു .
''എന്ത് പുളിഗാൻ ആയാലും വേണ്ടില്ല ....
''ഇങ്ങക്ക് എന്നോട്‌ സ്നേഹം ഉണ്ടേൽ ഇങ്ങൾ താടിയെടുക്കും ..
അല്ലെങ്കിൽ ഇങ്ങളെ ഇഷ്ടംപോലെ ആയ്ക്കോ ...
എന്തായാലും എടുത്തില്ലേൽ പിന്നെ എന്നോട്‌ മിണ്ടണ്ട ...
എന്നും പറഞ്ഞുകൊണ്ടവൾ കണ്ണിലും വെള്ളം നിറച്ച് എന്റെ കൈവിടുവിച്ചുകൊണ്ട് എഴുന്നേറ്റ് പോയി .
ഇതെന്ത് കൂത്ത്...
ബല്ലാത്ത ജാതി..
ആകെ സുയിപ്പായല്ലോ പടച്ചോനെ എന്ന് ചിന്തിച്ചു കൊണ്ട് ഞാനെന്റെ താടിയിലൊന്നു തടവി .
എന്റെ താടി ..
അതെന്റെ ഒരു ഐഡന്റിറ്റി ആയിരുന്നു ..
അതെന്റെ ഒരു ധൈര്യമായിരുന്നു .
അതെന്റെ ജീവനായിരുന്നു .
അതാണിപ്പോ എടുക്കാൻ പോകുന്നത് .
ചെയ്യാത്ത തെറ്റിന് കള്ളനെന്നു പേര് വീണതിൽ മനം നൊന്ത് അനാഥാലയത്തിൽ നിന്നും ഒളിച്ചോടിപ്പോയ പതിനേഴുകാരൻ പയ്യന് മുടിയും താടിയും വെട്ടിയൊതുക്കാൻ പോയിട്ട് ഒരു നേരത്തെ വിശപ്പടക്കാൻ പോലും കയ്യിൽ കാശില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ടെന്ന് അവൾക്കറിയില്ലല്ലോ ..
''മുടിയൻ'' എന്നു ഇരട്ടപ്പേരുള്ള പതിനേഴുകാരൻ പയ്യന്റെ മുഖത്തു തഴച്ചു വളർന്ന ഈ താടിയാണ് പട്ടിണി മാറ്റാൻ ഹോട്ടലുകളിലും മറ്റും ജോലികൾ തേടുമ്പോൾ പക്വതയുള്ളവനെന്നു തോന്നിക്കാൻ സഹായകമായെന്ന് അവൾക്കറിയില്ലല്ലോ ..
പിന്നീട് പല ജോലികൾ ചെയ്‌ത് ജീവിതത്തിലെ പ്രയാസങ്ങളെ പുഞ്ചിരിച്ചു കൊണ്ട് നേരിടാൻ ...
ഇന്നീ നിലയിലെത്താൻ...
ധൈര്യം പകർന്നതിൽ വെട്ടിയൊതുക്കിയ ഈ താടിക്കും പങ്കുണ്ടായിരുന്നെന്ന് അവൾക്കറിയില്ലല്ലോ ..
പഴയ കാലത്തേക്ക് ഊളിയിട്ട എന്റെ ഓർമയാം ചിന്തകൾ ഒരു നെടുവീർപ്പിലൂടെ എന്നിൽ നിന്നും പുറത്തു വന്നു.
എന്തായാലും അവളെന്നോട് ആദ്യായിട്ട് ആവശ്യപ്പെട്ട ഒരു കാര്യമല്ലേ ..
അവളുടെ സന്തോഷമല്ലേ എന്റെയും സന്തോഷം ....
അവളുടെ ഈ ചെറിയ ആഗ്രഹവും പിന്നെ ഞാൻ കൊടുത്ത വാക്കും എനിക്ക്‌ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനവളുടെ ഭർത്താവെന്നു പറഞ്ഞു നടക്കുന്നതിൽ അർത്ഥമില്ലല്ലോ ....
ജീവിതം ഒന്നു പച്ച പിടിച്ചപ്പോൾ ജീവിതത്തിൽ ഒരു ഇണയും തുണയുമൊക്കെ തോന്നിയ നേരം എന്റെ ജീവിതത്തിലേക്ക് ഞാൻ മഹറുചാർത്തി കൊണ്ട് വന്നവൾ .
എന്റെ പെണ്ണ് അസീന
എന്റെ ജീവന്റെ പാതി ..
പാവമാണവൾ .
അനാഥയായിരുന്നു അവളും .
ഇന്ന് അവളുടെ എല്ലാമെല്ലാം ഞാനാണ് ..
എന്റെ എല്ലാം അവളും ..
അവളുടെ സന്തോഷത്തിന് പകരമായി ഈ ഭൂമിയിൽ മറ്റൊന്നുമില്ല എന്ന ചിന്ത എന്റെ താടി എടുത്തു കളയാൻ എന്നെ നിർബന്ധിതനാക്കി .
ഒടുവിൽ വിവാഹ വാർഷിക ദിവസമായ ഇന്നിന്റെ പ്രഭാതത്തിൽ ...
കോടമഞ്ഞിന്റെ തണുപ്പും
ഡിസംബറിന്റെ കുളിരും ...
നിറഞ്ഞ ഇന്നിന്റെ പ്രഭാതപുലരിയിൽ ...
ഞാനവളുടെ കയ്യിലണിയിച്ച സമ്മാന മോതിരത്തിനു പകരമായി ...
താടിയില്ലാത്ത എന്റെ കവിളത്ത് മുത്തം നൽകാനാണ് ഞാൻ ഇങ്ങളെ കൊണ്ട് താടിയെടുപ്പിച്ചതെന്ന് പറഞ്ഞു എന്റെ കവിളിൽ അവളുടെ നേർത്ത ചുണ്ടുകൾ ചുംബനം കൊണ്ട് ചിത്രം വരക്കുമ്പോൾ ..
എന്റെ കണ്ണിൽ നിന്നും ഞാറിയാതെ പുറത്തു വന്ന കണ്ണുനീർതുള്ളിക് ഒരായിരം കഥ പറയാനുണ്ടായിരുന്നു ..
താടിച്ചെക്കെനെ ജീവനുതുല്യം സ്നേഹിച്ച മൈലാഞ്ചി പെണ്ണിന്റെ കഥ ...
മൊഞ്ചത്തി പെണ്ണിന്റെ കഥ ..
സ്നേഹത്തോടെ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo