Showing posts with label PSudhi. Show all posts
Showing posts with label PSudhi. Show all posts

അബോർഷൻ



"നീയെന്തു പറഞ്ഞാലും ശെരി ഈ കുഞ്ഞു നമുക്കു വേണ്ട..."
എനിക്കായി അവൾ വിളമ്പിവച്ച ഭക്ഷണം തട്ടിയെറിഞ്ഞു കൊണ്ടാണ് ഞാനതു പറഞ്ഞത്.
"എന്താ ഏട്ടാ ഇത്...എട്ടനെന്താ ഈ പറേണത്... എത്ര പേരാ ഒരു കുഞ്ഞിനു വേണ്ടി അമ്പലോം വഴിപാടുമൊക്കെയായി നടക്കുന്നേന്ന് അറിയാവോ.."
"നമ്മുടെ കല്യാണം കഴിഞ്ഞിട്ടധികോന്നും ആയില്ലല്ലോ... ഇനീം ഒരുപാട് സമയമുണ്ട്.. എന്തായാലും ഈ കുഞ്ഞു നമുക്ക് വേണ്ട... "
" ഇല്ല ഏട്ടനെന്തൊക്കെ പറഞ്ഞാലും ശരി... ഞാൻ സമ്മതിക്കില്ല... എനിക്കു വേണം എന്റെ കുഞ്ഞിനെ."
" നീ ഞാൻ പറയുന്നത് കേട്ടാൽ മതി... എനിക്കിപ്പൊ ഒരു അച്ഛനാവാൻ താൽപര്യമില്ല..."
"ഏട്ടനറിയാല്ലോ... എന്റെ വീട്ടുകാരെ വരെ വെറുപ്പിച്ചാ ഞാൻ ഏട്ടനോടൊപ്പം ഇറങ്ങി വന്നത്... അവരെന്നെ എന്നെന്നേക്കുമായി എന്നെ ഉപേക്ഷിച്ച മട്ടായിരുന്നു... ഇപ്പൊ ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോ എല്ലാ പിണക്കോം മറന്ന് പഴയ പോലായതും... എന്നിട്ടിപ്പൊ... "
" നിന്റെ വീട്ടുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്കു വേണ്ടാത്ത കുഞ്ഞിനെ ഞാൻ സ്വീകരിക്കണോ?... അല്ലെങ്കിലും ഇത്രയും നാൾ എവിടാരുന്നു നിന്റെ വീട്ടുകാർ..."
"ഏട്ടാ പ്ലീസ്...എന്റെ കുഞ്ഞിനെ താലോലിച്ചിട്ട് മരിക്കണോന്നാ വയ്യാത്തെ എന്റെ അച്ഛന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം... എട്ടനതിന് എതിരു നിൽക്കരുത്."
" നീ കൂടുതലൊന്നും പറയണ്ട നാളെ എന്നോടൊപ്പം ആശുപത്രിയിൽ വരണം... ഞാൻ തീരുമാനിച്ചു കഴിഞ്ഞു... "-അവൾ കെഞ്ചിപ്പറഞ്ഞെങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.
എന്റെ ശബ്ദമുയർന്നപ്പോൾ അമ്മയും മുറിയിലെത്തി. കാര്യമറിഞ്ഞ് അമ്മയും അവളോടൊപ്പം നിന്നു.
അമ്മയും എന്നോട് കുറെ പറഞ്ഞു നോക്കിയെങ്കിലും ഞാൻ വഴങ്ങിയില്ല.
എന്തിനേറെ അമ്മയുടെ കയ്യിൽ നിന്നൊരെണ്ണം കരണത്തു വാങ്ങി. എന്നിട്ടും ഞാൻ കുലുങ്ങിയില്ല.
അന്നു ഞാനത്താഴം കഴിക്കാതെ കിടന്നു. അവളും കഴിച്ചില്ല. കട്ടിലിൽ വന്നു കിടന്നെങ്കിലും അവളൊന്നും സംസാരിച്ചില്ല.
അവൾക്കൊരു ശത്രു പോലെ ആയിരിക്കും ഞാനിപ്പൊ. അവളുടെ കുഞ്ഞിനെ കൊല്ലാൻ പോകുന്ന ഒരു ക്രൂരൻ.
അവളെ കുറ്റം പറയാനും കഴിയില്ല. ഒരു പെണ്ണിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ കാര്യമാണല്ലോ ഒരു അമ്മയാവുക എന്നത്. അതിനു തടസം നിന്നാൽ ഏതു പെണ്ണാ സഹിക്കുക. അതും സ്വന്തം ഭർത്താവു തന്നെ.
പക്ഷെ ഒരു കുഞ്ഞിനു വേണ്ടി അവളെക്കാളേറെ ആഗ്രഹിച്ചത് ഞാനായിരുന്നു. കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ അവളേക്കാളേറെ വിഷമിച്ചതും ഞാനായിരുന്നു. നിറഞ്ഞ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിച്ചു.
എങ്കിലും ഉറങ്ങാനായില്ല.ഞാൻ എഴുന്നേറ്റ് ഉമ്മറത്തെ ചവിട്ടുപടിയിൽ പോയിരുന്നു. ഒരു സിഗററ്റ് കത്തിച്ചു.ആ എരിയുന്ന സിഗററ്റിനേക്കാൾ നീറുന്നുണ്ട് എന്റെ മനസ്സ്.
ഇന്ന് വൈകിട്ട് ആശുപത്രിയിൽ പോയി അവളുടെ സ്കാനിങ് റിപ്പോർട്ട് ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം എന്നോട്ടു പറഞ്ഞ വാക്കുകൾ എന്റെ ചങ്കിൽ തീ കോരിയിട്ടു കൊണ്ടിരുന്നു...
"ഈ ഡെലിവറി ഒഴിവാക്കുന്നതാ നല്ലത്... ഇതു നടന്നാലും കുഞ്ഞിനെ ജീവനോടെ കിട്ടുമെന്ന് ഉറപ്പു തരാനാകില്ല... അതു മാത്രമല്ല കുഞ്ഞിനെ ജീവനോടെ കിട്ടിയാലും അമ്മയുടെ ജീവൻ നഷ്ടപ്പെട്ടേക്കാം... നിങ്ങൾ വൈഫിനെ പറഞ്ഞു മനസ്സിലാക്കുക... "
എനിക്കുറപ്പാണ് ഇതു ഞാനവളോട് പറഞ്ഞാലും കുഞ്ഞിനോടുള്ള അതിയായ സ്നേഹം കൊണ്ട് അവളുടെ ജീവൻ കളഞ്ഞും അവളീ ഡെലിവറിക്ക് തയ്യാറാകുമെന്ന്...
അവൾക്ക് ഇപ്പൊ എന്നോട് വെറുക്കുപ്പായിരിക്കും എന്നറിയാം... അവൾക്ക് മാത്രമല്ല എന്റെ അമ്മയുൾപ്പടെ എല്ലാവർക്കും...വെറുത്തോട്ടെ....
എന്നാലും എന്നെ വിശ്വസിച്ചു വീട്ടുകാരെ വരെ ഉപേക്ഷിച്ചെന്നോടൊപ്പം വന്ന, ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന അവളെ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടുകൊടുക്കാൻ എനിക്കാവില്ല...
P. Sudhi

വലിച്ചെറിഞ്ഞ മാണിക്യം

Image may contain: text
 >
'"ഒരു നഴ്സിനെ കെട്ടാൻ എനിക്കു താൽപര്യമില്ല... അമ്മ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാൻ പെണ്ണുകാണാൻ വന്നത്. " - ഞാൻ അറുത്തുമുറിച്ചവളോട് പറഞ്ഞു.
തന്നെ പെണ്ണു കാണാൻ വന്ന ചെക്കനിൽ നിന്നും കേൾക്കേണ്ടി വന്ന ഈ വാക്കുകൾ അവളെ നന്നായി വേദനിപ്പിച്ചു.
എങ്കിലും പതറാതെ പുഞ്ചിരിയോടെ ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
അവളെ വേണ്ടായെന്നു വച്ചതിനേക്കാൾ അവൾ വേദനിച്ചത് കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരുപാടുണ്ടെന്നറിഞ്ഞിട്ടും അവൾ സ്വയം തിരഞ്ഞെടുത്ത നഴ്സ് ജോലിയോടുള്ള എന്റെ സമീപനമായിരുന്നു എന്നെനിക്കു തോന്നി.
എന്നും മാറാ രോഗികളോടും മരുന്നുകളോടും പലവിധ അസുഖങ്ങളോടും മറ്റും ഇടപഴകുന്ന ഒരു നഴ്സിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാൻ മടിയായിരുന്നു.
ഓർമ വയ്ക്കും മുൻപേ മരിച്ചതാ അച്ഛൻ. അതിൽ പിന്നെ അച്ഛനില്ലാത്ത കുറവറിയിക്കാതെ ഒരുപാടു കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയെടുത്തത്.
അതു കൊണ്ടു തന്നെ അമ്മയാണ് എനിക്കെല്ലാം. അമ്മയെ എതിർക്കാനും വിഷമിപ്പിക്കാനും എനിക്ക് കഴിഞ്ഞിരുന്നില്ല. അതു കൊണ്ടാണ് ഇഷ്ടമല്ലാതിരുന്നിട്ടു കൂടി ആ പെണ്ണു കാണലിനു ഞാൻ പോയത്.
തിരികെ വന്ന് അമ്മയോട് പെണ്ണുകാണലിന്റെ വിശേഷമെല്ലാം പറഞ്ഞപ്പോൾ കരണമടച്ചൊരു അടിയായിരുന്നു എനിക്കു കിട്ടിയത്.
"നഴ്സിനു എന്താടാ ഒരു കുറവ്... നീ അങ്ങനെ പറഞ്ഞപ്പോ ആ പാവം കുട്ടിക്ക് എത്ര മാത്രം വേദനിച്ചു കാണും... " - അമ്മ ദേഷ്യത്തോടെ ചോദിച്ചു.
" അമ്മ എന്നെ തല്ലിയാലും എത്ര വഴക്കു പറഞ്ഞാലും കണ്ട വിസർജ്യങ്ങളിലും രോഗങ്ങളിലും കഴിയുന്ന ഒരു നഴ്സിനെ എനിക്കു വേണ്ട..."
അതിൽപിന്നെ അമ്മ എന്നെ വിവാഹത്തിനധികം നിർബന്ധിച്ചില്ല.
കുറച്ചു മാസങ്ങൾക്കു ശേഷമാണ് അമ്മ മുറ്റത്തൊന്നു വീണത്.ആദ്യമൊന്നും അമ്മ അത് കാര്യമായെടുത്തില്ലയെങ്കിലും ദിവസങ്ങൾക്കുള്ളിൽ അമ്മയ്ക്ക് നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു.
വിശദമായ സ്കാനിങ്ങിലാണ് കാര്യങ്ങൾ വ്യക്തമായത്.നടുവിനും വലതുകൈക്കും പൊട്ടലുണ്ട്.
എന്റെ എല്ലാമെല്ലാമായ അമ്മയുടെ പെട്ടെന്നുള്ള വീഴ്ച എന്നെ എല്ലാ അർത്ഥത്തിലും തകർത്തു കളഞ്ഞു.
"കുറച്ചു നാൾ അമ്മയ്ക്ക് പൂർണമായ ബെഡ് റെസ്റ്റ് വേണം... നല്ല പരിചരണത്തിലൂടെ മാത്രമേ അമ്മയെ ഇനി പഴയപടി കൊണ്ടുവരാൻ കഴിയൂ... ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.... എല്ലാത്തിനും കൂടെ ആളു വേണം... ഒന്നിനും സ്ട്രൈൻ കൊടുക്കരുത്...." - ഡോക്ടർ വിധിയെഴുതി.
അമ്മയ്ക്കു വേണ്ടി എന്തും ചെയ്യാനും എത്ര പണം മുടക്കാനും ഞാൻ തയ്യാറായിരുന്നു.അങ്ങനെ പട്ടണത്തിലെ ആശുപത്രിയിൽ അമ്മയെ അഡ്മിറ്റ് ആക്കി.
അങ്ങനെയാണ് അമ്മയെ പരിചരിയ്ക്കാൻ വന്ന ആ നഴ്സിനെ ഞാൻ ശ്രദ്ധിച്ചത്. അന്നു പെണ്ണുകാണാൻ ചെന്ന അതേ കുട്ടി.
അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ജോലി അവൾക്കായിരുന്നു. പഴയ കാര്യങ്ങൾ മനസ്സിൽ വച്ച് എന്നോടുള്ള ദേഷ്യത്തിന് അമ്മയുടെ കാര്യങ്ങളിൽ വീഴ്ച വരുത്തുമോ എന്നു ഞാൻ ഭയന്നു.
എന്നാലെന്റെ ഭയം അസ്ഥാനത്തായിരുന്നു. സ്വന്തം മകൾ നോക്കുന്നതിനേക്കാളേറെ സ്നേഹത്തോടെ അമ്മയെ അവൾ നോക്കി.
ഉള്ളതു പറഞ്ഞാൽ എന്റെ അനിയത്തിയെക്കാൾ നന്നായി അമ്മയുടെ എല്ലാ കാര്യങ്ങളും അവൾ നോക്കി.
ആ കട്ടിലിൽ മാത്രമായി കഴിയുന്ന അമ്മയെ താങ്ങിയെടുത്തിരുത്താനും ഭക്ഷണം നല്കാനും മറ്റാവശ്യങ്ങൾക്കും അവൾ ഉണ്ടായിരുന്നു.
സ്വന്തം മക്കളും ബന്ധുക്കളും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ പോലും അന്യർക്ക് ചെയ്തു കൊടുക്കുന്ന അവളോടും അവളുടെ ജോലിയോടും വല്ലാത്ത ബഹുമാനം തോന്നി.
പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെ യാതൊരു പരിചയോമില്ലാത്തോർക്കായി ഓടി നടക്കുന്ന അവളെ പല തവണ ഞാൻ കണ്ടിട്ടുണ്ട്.
ഞാനുറങ്ങുമ്പോഴും രാത്രി ഒരു പോള കണ്ണടക്കാതെ എന്റെ അമ്മയ്ക്കു കാവലിരിന്നിരുന്നു അവൾ.
മാറാരോഗികൾക്കും പകർച്ചവ്യാധികൾക്കും ഇടയിലാണു ജീവിതമെങ്കിലും സ്വന്തം ആരോഗ്യം നോക്കാതെ മറ്റുള്ളോർക്കായാണവൾ ജീവിക്കുന്നതെന്നോർത്തപ്പോൾ സങ്കടം തോന്നി.
ഉള്ളതിനും ഇല്ലാത്തതിനും ഡോക്ടറുമാരുടെയും രോഗികളുടെ ബന്ധുക്കളുടെയും വഴക്കും ശകാര വർഷങ്ങളും ഏറ്റുവാങ്ങിയിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ശമ്പളമില്ലാതിരുന്നിട്ടും അവളാരോടും പരാതി പറഞ്ഞില്ല.
വീട്ടു പ്രാരാബ്ദം കാരണം നഴ്സിങ് പഠനത്തിനായെടുത്ത വായ്പ പോലും തിരിച്ചടക്കാനാവാതെ ഒറ്റയ്ക്കൊരു കുടുംബത്തിന്റെ ഭാരവും പേറി നടക്കുന്ന അവളുടെ കഥ അമ്മയോടവൾ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
തന്റെ വീട്ടുകാരെയും വയ്യാത്ത സ്വന്തം അച്ഛനെ ഒരു നോക്കു കാണാനും പരിചരിക്കാനുമാവാതെ അവധിയില്ലാതെ ആ ആശുപത്രിയിലെ രോഗികൾക്കായി മാത്രം അവളുടെ ഇഷ്ടങ്ങളെ അവൾ മാറ്റി വച്ചു.
പല തരം രോഗങ്ങൾക്കും മലമൂത്ര വിസർജ്യങ്ങൾക്കുമിടയിൽ ജീവിതം ഹോമിക്കുന്ന അവളെപ്പോലുള്ളവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഞാൻ കണ്ണീരോടെ തിരിച്ചറിഞ്ഞു.
നഴ്സുമാരെപ്പറ്റിയുള്ള എന്റെ ധാരണകളെ പാടെ അവൾ പൊളിച്ചെഴുതിക്കളഞ്ഞു.
സ്നേഹവും പരിചരണവും കൊണ്ടു എന്റെ അമ്മയെ പഴയതിനേക്കാൾ ആരോഗ്യവതിയായി അവൾ തിരിച്ചു കൊണ്ടുവന്നു.
അവളെ അന്നു വേണ്ടാന്നു വച്ചതിലും വേദനിപ്പിച്ചതിലും സങ്കടവും അതിലേറെ കുറ്റബോധവും തോന്നി.
ഇപ്പൊ അവളോടും അവളുടെ ജോലിയോടും എനിയ്ക്ക് പെരുത്തിഷ്ടമാണ്. ഇഷ്ടം അവളെ അറിയിച്ചപ്പോൾ. നീട്ടി വലിച്ച ഒരു "നോ " ആയിരുന്നു മറുപടി.
അന്നു ഞാൻ അവളെ വേണ്ടാന്നു വച്ചപ്പോഴവൾ അനുഭവിച്ചതിന്റെ നൂറിരട്ടി വേദന ഞാനിന്നനുഭവിയ്ക്കുന്നു കൺ മുന്നിൽ കിട്ടിയ മാണിക്യത്തെ അന്നു വേണ്ടാതെ വലിച്ചെറിഞ്ഞതിന്.
എന്നാലും ഞാനൊന്നു മനസിലുറപ്പിച്ചു. കെട്ടുണ്ടെങ്കിൽ അതിവളെ തന്നെ. അതിനി എത്ര കാത്തിരുന്നിട്ടായാലും.//
P. Sudhi P

ഭാര്യ Vs കാമുകി



അടുക്കളപ്പണിയെല്ലാം കഴിഞ്ഞ് കട്ടിലിൽ വന്നു ഭർത്താവിന്റെ ചൂടുപറ്റി കിടക്കാൻ കൊതിച്ച അവൾക്കു നേരേ ഞാൻ പിൻതിരിഞ്ഞു കിടന്നു. എന്റെ മനസ്സിൽ ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ എന്റെ കാമുകി തന്ന സുഖഭരിതമായൊരു രാത്രി മാത്രമേയുള്ളൂ. പിന്നെ അവളുടെ സുന്ദര രൂപവും.
അതിനിടയിൽ കണ്ടു മടുത്ത എന്റെ ഭാര്യയുടെ മുഖവും എനിക്കു മടുത്ത അവളുടെ ശരീരവും എന്തോ അരോചകമായി തോന്നി.കാമുകിയുടെ ഓർമകളിൽ മനംമറന്ന് അവൾക്ക് പുറംതിരിഞ്ഞ് ഞാൻ കിടന്നപ്പോൾ അവളാ കട്ടിലിന്റെ അരികിലേക്കൊതുങ്ങി കിടന്നു. എന്തൊക്കെയോ വിശേഷങ്ങൾ വാതോരാതെ എന്നോടു പറയുന്നുണ്ടായിരുന്നുവെങ്കിലും എരിഞ്ഞു തീർന്ന സിഗററ്റ് വലിച്ചെറിഞ്ഞ് ഞാൻ കണ്ണടച്ചു.
വിവാഹം കഴിഞ്ഞൊരു കുഞ്ഞിനെത്തരാൻ പോലുമാകാത്ത എന്റെ എന്റെ ഭാര്യയെ ഞാൻ മനസിലെങ്കിലും വെറുത്തിരുന്നു.പരിഷ്കാരം തൊട്ടു തീണ്ടാത്ത ആ പത്താം ക്ലാസുകാരി ഇന്ന് എനിക്കൊരു ഭാര്യയല്ല, ഭാരമാണ്.
ഭാര്യയെന്നു പറഞ്ഞ് നാലാൾക്കു മുന്നിൽ കൊണ്ടു ചെല്ലാനും കൂടെക്കൊണ്ടുനടക്കാനും എനിക്കു കുറച്ചിലു തോന്നാൻ തുടങ്ങീട്ട് കാലം കുറച്ചായി.മച്ചിയായ മരുമകളോട് എന്റെ അമ്മക്കും ഉണ്ടായിരുന്നു അകൽച്ച.
ഞാൻ കെട്ടിയ താലിയും നെറുകയിൽ ചാർത്തിയ കുങ്കുമവും പേറി നടക്കുന്ന അവൾക്കു കൂലിയായി കൊടുക്കുന്നതാണ് ഭാര്യയെന്ന പട്ടവും എന്റെ കട്ടിലിന്റെ ഒരു മൂലയും.
എനിക്കവളെ ഇന്നു വേണ്ടത് എന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളലക്കാനും എച്ചിൽ പാത്രങ്ങൾ കഴുകാനും മാത്രം. പിന്നെ വിരളമായി മാത്രം എന്റെ ശരീരത്തിന്റെ കൊതി മാറ്റാനായി എനിക്കു മടുത്ത അവളുടെ ശരീരവും.
എന്റെ കാമുകി എന്തുകൊണ്ടും എന്റെ ഭാര്യയേക്കാൾ മുന്നിലാണ്.കഴിവിലും സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലുമെന്നിങ്ങനെ എല്ലാത്തിലും. എന്റെ ഭാര്യയുടെ ഒരു അപ്ഡേറ്റഡ് വേർഷൻ. അവളോടെനിക്ക് കൊതിയും എന്റെ ഭാര്യയോട് മടുപ്പുമാണിപ്പൊ. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ കെട്ടിയ ഒരു താലി മാറ്റി നിർത്തിയാൽ എന്റെ കാമുകിക്കു മുന്നിൽ എന്റെ ഭാര്യം വെറും തൃണം ആണെന്ന്.
എന്റെ സന്തത സഹചാരിയായ സിഗററ്റുപാക്കറ്റുകളെ വെറുക്കുകയും "ഏട്ടനിങ്ങനെ വലിക്കല്ലേ .. " എന്നു പരാതി പറയുകയും ചെയ്യുന്ന ഭാര്യയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടത് എപ്പോഴും എന്റെ പ്രിയപ്പെട്ട സിഗററ്റിൽ തീ പകർന്നു നല്കുന്ന എന്റെ കാമുകിയെ ആയിരുന്നു.
ഭാര്യ വീട്ടു സാധനങ്ങളുടെ കണക്കുകൾ പറഞ്ഞെന്നെ മുഷിപ്പിച്ചപ്പോൾ കാമുകി എന്റെ ഗുണഗങ്ങളെ വാനോളം ഉയർത്തിപ്പാടി.അമ്പലത്തിൽ കൂടെ പോകാൻ നിർബന്ധം പിടിച്ച ഭാര്യയേക്കാൾ ഞാൻ കൊതിച്ചത് മുന്തിയ ഹോട്ടലിൽ മുറിയെടുത്തു ആഘോഷിക്കാൻ തിടുക്കം കാട്ടിയ എന്റെ കാമുകിയെ ആയിരുന്നു.
കാമുകിക്ക് സമ്മാനങ്ങളായി ആഭരണങ്ങളും തുണികളും വാങ്ങി നല്കുന്നതിൽ ഞാൻ പിശുക്കിയില്ല, പക്ഷേങ്കി എന്റെ ഭാര്യക്കൊരു തൂവാല വാങ്ങിക്കൊടുക്കാൻ പോലും ഞാൻ മടിച്ചു.പണമായാലും സ്നേഹമായാലും എല്ലാം എന്റെ കാമുകിക്കായിരുന്നു. ദേഷ്യവും ശാസനയും മച്ചിയെന്ന വിളിയും മാത്രം അവൾക്കും.
കാലങ്ങൾക്കിപ്പുറം എന്റെ ഇഷ്ട ചങ്ങാതി സിഗറ്റു പാക്കറ്റുകൾ സമ്മാനമായി തന്ന "ക്യാൻസർ " എന്ന സമ്മാനത്തെ ഞാനേറ്റു വാങ്ങി.
ഇന്നിപ്പോ എന്നോടൊപ്പം ഞാൻ കൊതിച്ച എന്റെ കാമുകിയില്ല, എല്ലിച്ച എന്റെ ശരീരവും മുടിയില്ലാത്ത എന്റെ തലയും എന്റെ എല്ലാമായ കാമുകിക്കിന്നു വേണ്ട. അവൾക്ക് എനിക്കു പകരം മറ്റൊളെ കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നില്ല. അവൾക്കു വേണ്ടിയിരുന്നത് പൂർണ ആരോഗ്യമുള്ള സുന്ദരമായ എന്റെ രൂപവും പണവും സമ്മാനങ്ങളുമായിരുന്നുവെന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു.
വീടിന്റെ കോലായിലുള്ള കട്ടിലിൽ ഒരു ജീവിക്കുന്നൊരു സ്മാരകമായി ഞാനിന്നൊതുങ്ങിയപ്പോൾ എന്റെ കൂട്ടിനുള്ളത് മച്ചിയായ എന്റെ ഭാര്യയും അവളുടെ പ്രാർത്ഥനകളും മാത്രം. പണ്ടെനിക്കൊരു വേലക്കാരിയെപ്പോലെ ആയിരുന്നെങ്കിൽ എനിക്കിന്നവൾ ഒരു ഹോംനേഴ്ന് കൂടി ആയി.
ഇന്നെനിക്കറിയാം എന്റെ ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം. എന്റെ മച്ചിയായ ഭാര്യ സ്നേഹിച്ചത് എന്നെയും എന്റെ മനസിനേയുമായിരുന്നു. അവളേക്കാളേറെ അവളെന്നെ സ്നേഹിക്കുന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. ഒരിക്കൽ, മച്ചിയായ അവൾക്കു പകരം ഞാനൊരാളെ കണ്ടെത്തിയെങ്കിലും ജിവിക്കുന്ന സ്മാരകമായ എന്നെ വിട്ടവൾ പോയില്ല.
അമ്പലത്തിൽ പോയാലും എനിക്കായി മാത്രം വഴിപാടു നടത്തിയവൾ. വീട്ടിലൊരാഹാരം ഉണ്ടാക്കിയാൽ പോലും അവളുടെ ഇഷ്ടം നോക്കാതെ എന്റെ ഇഷ്ടം നോക്കിയവൾ. സ്വന്തം ഭർത്താവിൽ നിന്നും മച്ചിയെന്ന വിളി കേൾക്കേണ്ടി വന്നവൾ. ഇനിയീ ആയുഷ്കാലമത്രയും ഞാനെന്ന ശവത്തിനു വേണ്ടി സ്വന്തം ജീവിതം ഹോമിക്കാനൊരുങ്ങുന്നവൾ... ഒരിക്കൽ ഞാനണിയിച്ച സിന്ദൂരം മുടങ്ങാതെ നെറ്റിയിൽ ചാർത്തുന്നവൾ,എന്റെ ഭാര്യ...
P. Sudhi

#ഏട്ടൻ

"ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയപ്പോ തന്നെ കണ്ടു എട്ടന്റെ തുരുമ്പുപിടിച്ച പഴയ സൈക്കിൽ ഹോസ്റ്റലിന് വെളിയിൽ ഇരിക്കുന്നത്... ഈ പതിവ് ഏട്ടൻ തെറ്റിയ്ക്കാറില്ല.. എല്ലാ മാസവും ഒന്നാം തീയതി കുറച്ചു പണവുമായി ഏട്ടൻ എന്നെ കാണാൻ വരും..... റിസപ്ഷന്റെ അടുത്തുള്ള ബഞ്ചിൽ ഇരിപ്പുണ്ട് മൂപ്പർ... എന്നെ കണ്ടതും ഓടി വന്നു...
"ടാ... നീ അങ്ങു ക്ഷീണിച്ചു പോയല്ലോ..." - എന്റെ മുടിയിൽ തലോടിക്കൊണ്ട് ഏട്ടൻ ചോദിച്ചു.
"ഇതാരാ നിന്റെ ഏട്ടനാണോ "- എന്റെ കൂട്ടുകാരുടെ ചോദ്യത്തിൽ ഒരു പുച്ഛം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു... ഏട്ടനെ അവർ ഇതേവരെ കണ്ടിരുന്നില്ല.
മറ്റൊന്നും കൊണ്ടല്ല അവരുടെ പുച്ഛം.. ഏട്ടന്റെ രൂപം കണ്ടിട്ടാണ്.ഒന്നാമത് എന്നെക്കാൾ പത്ത് വയസ് കൂടുതലുണ്ട് ഏട്ടന്... സത്യം പറഞ്ഞാൽ ഞാൻ വീട്ടിലെ ഒരു കാരണവരായേ ഏട്ടനെ കണ്ടിരുന്നുള്ളൂ... വേഷവും പ്രവൃത്തിയുമെല്ലാം അതുപോലെ തന്നെ... ഇപ്പൊ തന്നെ നരച്ച ഒരു ഷർട്ടും പഴകിയ വെള്ള മുണ്ടും ഒരു തേഞ്ഞ വള്ളിച്ചെരിപ്പും ആണു വേഷം... പോരാത്തതിന് ഒരു തുരുമ്പിച്ച ഒടoകൊല്ലി സൈക്കിളും... ഉള്ളത് പറയാല്ലോ എന്റെ കോളേജിലെ പ്യൂൺ വരെ ഇതിലും നന്നായിട്ടാ നടക്കുന്നത്.
" ഇത്... ഇതെന്റെ അയൽപക്കത്തുള്ള ചേട്ടനാ.... " - ആ രൂപത്തെ ഏട്ടനെന്നു പറഞ്ഞ് എന്റെ കൂട്ടുകാർക്കു മുന്നിൽ പരിചയപ്പെടുത്താൻ എന്തോ ഒരു മടി...
ഇതു കേട്ടതും ഒരു ഞെട്ടലോടെ എന്റെ മുടിയിൽ തലോടിയിരുന്ന എട്ടന്റെ കൈ ഏട്ടൻ പിൻവലിച്ചു... നിർവികാരനായി എന്നെ നോക്കി.
"ഇവിടെ ഇരിയ്ക്ക് ഞാൻ ഇപ്പോൾ വരാം" - മുഖത്തു നോക്കാതെ ഞാൻ ഏട്ടനോട് പറഞ്ഞു.
ഞാൻ കൂട്ടുകാരോടൊപ്പം മുറിയിലേയ്ക്കു പോയി ബാഗ് വച്ചിട്ട് ഒറ്റയ്ക്ക് ഏട്ടന്റെ അടുത്ത് തിരിച്ചെത്തി.
"ഏട്ടാ... ഏട്ടനെന്നോട് ക്ഷമിക്കണം.... ഏട്ടനോട് സ്നേഹമില്ലാഞ്ഞിട്ടല്ല... പക്ഷേങ്കി ഏട്ടനെ ഈ കോലത്തിൽ അവർക്കു പരിചയപ്പെടുത്തിയാ അവരെന്നെ കളിയാക്കും ... അതോണ്ടാ ഞാൻ...
"സാരോല്യാടാ...പോട്ടെ... ഇന്നു കൂലി കിട്ടീപ്പോ കടേന്ന് മുതലാളിയോട് പറഞ്ഞ് നേരേ ഇങ്ങോട്ട് പോന്നതാ ഞാൻ... നിന്നെ കാണാല്ലോന്നോർത്ത് സൈക്കിളുമെടുത്ത് നേരേ ഇങ്ങു പോന്നു.... അതിനിടയ്ക്ക് ഇട്ടിരിയ്ക്കുന്ന വേഷത്തെ പറ്റിയൊന്നും ഏട്ടൻ ശ്രദ്ധിച്ചില്ല ...നീ ക്ഷമിക്ക്... " - ഏട്ടന്റെ കയ്യിൽ ഇരുന്ന കുറച്ചു നോട്ടുകൾ.... ഏട്ടന്റെ വിയർപ്പിന്റെ മണമുള്ള കുറച്ചു നോട്ടുകൾ
എന്റെ കയ്യിൽ തിരുകി തന്നിട്ട് ഏട്ടൻ പുറത്തേയ്ക്ക് നടന്നു... അപ്പൊ ആ കണ്ണുകൾ നിറഞ്ഞൊഴുകീത് ഞാൻ കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു.
പിന്നെ ഏട്ടൻ എന്നെ കാണാൻ ഹോസ്റ്റലിൽ വന്നിട്ടില്ല.പക്ഷെ കൃത്യം ഒന്നാം തിയതി തന്നെ എനിക്കുള്ള മണി ഓർഡർ ഹോസ്റ്റലിൽ എത്തിരുന്നു... സത്യം പറഞ്ഞാൽ ഒരു പലചരക്കു കടയിലെ ജോലിക്കാരനായ ഏട്ടനു കിട്ടുന്ന ശമ്പളത്തിന്റെ നേർ പകുതിയായിരുന്നു ഏട്ടൻ എന്റെ ചെലവിനായി അയച്ചോണ്ടിരുന്നത്. ബാക്കി പകുതി തുക കൊണ്ടാണ് ഏട്ടൻ വീട്ടു ചെലവും അമ്മയുടേയും അനിയത്തിയുടെ കാര്യങ്ങളും നോക്കീരുന്നത്.
സത്യം പറഞ്ഞാ അച്ഛൻ മരിച്ചതിൽ പിന്നെ തുടങ്ങീതാണ് ഏട്ടന്റെ ഈ ഓട്ടം. അച്ഛൻ മരിയ്ക്കുമ്പോ ഏട്ടൻ പത്താം തരത്തിലാണ്... കുടുംബത്തിെന്റ പ്രാരാബ്ദം ഏറ്റെടുത്തതോടെ ഏട്ടന്റെ പഠിപ്പ് അവിടെ തീർന്നു... പിന്നെ അമ്മാവനാണ് ഏട്ടനെ ഒരു പലചരക്കു കടയിൽ ജോലിക്കു കേറ്റീത്. അതിൽ പിന്നെ ആ കടയും വീടും മാത്രമായി ഏട്ടന്റെ ലോകം. ഞങ്ങൾക്കു വേണ്ടി ജീവിക്കുന്നതിന്റെ ഇടയിൽ പത്രാസുകാണിക്കാനും കാലത്തിനൊപ്പം ഓടാനും സ്വന്തം കാര്യം നോക്കാനും ഏട്ടൻ മറന്നു.
പക്ഷേങ്കി എനിയ്ക്കും അനിയത്തിയ്ക്കും ഒരു കുറവും ഏട്ടൻ വരുത്തിയിട്ടില്ലാട്ടാ...
ഞാനും അനിയത്തിയും വീട്ടിൽ പല പലഹാരങ്ങൾ കഴിയ്ക്കുമ്പോ ഏട്ടൻ കഴിച്ചിരുന്നത് ഇത്തിരി കത്തിയാണ്.. അതെപ്പോഴും അങ്ങനെയായിരുന്നു.. കൂടെ മുളകിടിച്ചതോ അച്ചാറോ കാണും. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല തുണി എടുക്കാൻ പോകുമ്പോഴും കാണാം ചിലത്. എനിയ്ക്കും അവൾക്കും ഇഷ്ടമുള്ളതു വാങ്ങി തന്നിട്ട് ഒരു കൈലിയും തോർത്തുമായിരുന്നു ഏട്ടൻ വാങ്ങാറ്... ഓണത്തിനായാലും കാവിലെ ഉത്സവത്തിനായാലും.
പലചരക്കു കടയിൽ നിന്ന് പണി കഴിഞ്ഞ് വന്നാലും ഏട്ടൻ വെറുതെ ഇരിക്കില്ലാ... പാടത്തും തൊടിയിലും ഒരോന്നു നട്ടു നനച്ചുണ്ടാക്കാൻ വല്യ ഉത്സാഹമായിരുന്നു പുള്ളിക്കാരന്.
ഞാൻ വെക്കേഷനു വീട്ടിൽ ചെല്ലുമ്പോഴൊക്കെ ഏട്ടൻ ഇറച്ചിയോ മീനോ ഒക്കെ വാങ്ങും .... പക്ഷെ ഞങ്ങൾ മൊത്തം നാലു പേരുണ്ടെങ്കിലും എട്ടൻ മൂന്നുപേർക്കാവശ്യമുള്ളതേ വാങ്ങൂ... ഏട്ടന്റെ കാര്യം പുള്ളി മനപൂർവം അങ്ങു മറക്കുകയാണ് പതിവ്.
അമ്മ പലപ്പോഴും ചോദിക്കാറുണ്ട് ഏട്ടനോട് - " നീ എന്തിനാടാ ഇങ്ങനെ പിശുക്കി വാങ്ങുന്നത്... ആവശ്യത്തിനു വാങ്ങിയാ നിനക്കൂടെ കഴിക്കരുതോ?"
"എന്തിനാ അമ്മേ ...കുട്ടികൾ കഴിക്കട്ടെ.... എനിക്കിപ്പൊ എന്തിനാ ഇറച്ചീം മീനും... കഞ്ഞീം ഇത്തിരി മുളകും ഉണ്ടേൽ എന്റെ വയറു നിറയും.. അല്ലേലും സാധനങ്ങൾക്കൊക്കെ തീ പിടിച്ച വിലയാ...ഇത്തിരി പിടിച്ച് ചെലവാക്കുന്നതാ അമ്മേ നല്ലത്.... " - ഇതായിരിക്കും ഏട്ടന്റെ മറുപടി.
കല്യാണപ്രായം കഴിഞ്ഞു ഏട്ടന്... ആലോചനകൾ വന്നെങ്കിലും പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു മതീന്നാരുന്നു ഏട്ടന്റെ പക്ഷം... ഏട്ടന്റെ ആ പലചരക്കു കടയിലെ ചെറിയ ജോലിയിൽ നിന്നും എങ്ങനെയോക്കെ മിച്ചം പിടിച്ച പണവും കുറച്ചു സ്ഥലം വിറ്റ പണവും കൊണ്ട് അവളെ ഏട്ടൻ അന്തസായി തന്നെ അവളെ കെട്ടിച്ചയച്ചു. അടുത്തത് എന്റെ പഠനമായിരുന്നു. ഏട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഒരു എഞ്ചിനീയർ ആക്കണമെന്നത്. മുണ്ടു മുറുക്കി ഉടുത്തും പട്ടിണി കിടന്നും കിടന്നും ആണെന്നു തോന്നുന്നു ഫീസിനും എന്റെ ചെലവിനുള്ളതും ഏട്ടൻ കൃത്യമായി എത്തിച്ചു തന്നിരുന്നു.
പഠനം കഴിഞ്ഞുള്ള കാലം ,ഒരു ബൈക്കിനായി അമ്മയോട് ഒരിക്കൽ വാശിപിടിച്ച എന്നെ ഏട്ടൻ ശ്രദ്ധിച്ചു.... ഏതോ പഴയ പെട്ടിയിൽ ആ പാവം സ്വരുക്കൂട്ടി വച്ചിരുന്ന കുറച്ചു പണവുമായി അടുത്ത ദിവസം രാവിലെ ഏട്ടൻ അടുത്തു വന്നു - "ഒരു ബൈക്കിന് എത്രയാകും എന്നെനിക്കു വല്യ തിട്ടമില്ല.. ന്നാലും ഇതുകൊണ്ട് വാങ്ങാൻ കഴിയോന്നു നോക്ക് " - ഇതും പറഞ്ഞ് ഏട്ടൻ സൈക്കിളുമെടുത്ത് കടയിലേയ്ക്ക് പോകുമ്പോഴും ആ തുരുമ്പിച്ച ഒടംകൊല്ലി സൈക്കിളിനപ്പുറം ഏട്ടൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല.
വർഷങ്ങൾക്കിപ്പുറം ഞാനൊരു എഞ്ചിനീയർ ആയി, ടൗണിലെ പ്രശസ്ഥമായ കമ്പനിയിൽ ജോലിയും.പക്ഷെ ഏട്ടന്റെ ജീവിതം ഒരു കട്ടിലിൽ ഒതുങ്ങിപ്പോയി.... നിർത്താതെ പ്രവൃത്തിച്ച യന്ത്രത്തിനുണ്ടാവുന്ന തേയ്മാനം പോലെ ഏട്ടനും അവശനായിരിക്കുന്നു... അങ്ങനെ കുറച്ചു നാളത്തെ ആ കിടപ്പിനു ശേഷംഏതോ ഒരു ദിവസം ഏട്ടനും ഈ ലോകത്തോട് വിട പറഞ്ഞു.
ജഏട്ടന്റെ കുറവറിഞ്ഞത് ശെരിക്കും ഇപ്പോഴാണ്. ഏട്ടനില്ലാത്തൊരു വീടിന് എന്തോ ഒരു കുറവു പോലെ .... സത്യം പറഞ്ഞാൽ വീട്ടുമുറ്റത്തെ ഏതോ തണൽമരം വീണുപോയതുപോലെ ഒരു പ്രതീതി.
ഓഫീസിൽ അവധിയുള്ളപ്പോഴൊക്കെ ഞാൻ വീട്ടിലെത്തും തൊടിയിലും പാടത്തും ചിലതു ചെയ്തു തീർക്കും...എട്ടൻ ബാക്കി വച്ചിട്ടു പോയ ചിലത് ഏട്ടന്റെ വിയർപ്പിൽ മുളച്ചു വന്നവ...പിന്നെ ആ എന്റെ ആ പഴയ ഒടംകൊല്ലി സൈക്കിൾ എടുത്തു ചവിട്ടുമ്പോൾ എന്റെ എ.സി കാറിൽ പായുമ്പോൾ കിട്ടാത്ത ഒരു സുഖമുണ്ട്... ഞങ്ങൾക്കു വേണ്ടി ഒരോന്നു ചെയ്യുന്നതിനിടയിൽ ജീവിക്കാൻ മറന്നു പോയ എന്റെ ഏട്ടൻ കൂടെ ഉള്ളപോലുള്ള ഒരു തോന്നലും.... //
P. Sudhi

<പിശുക്കൻ>

<പിശുക്കൻ>
ഓണത്തിനു തുണി എടുക്കാൻ പോകാമെന്നു പറഞ്ഞപ്പോ അനിയത്തി പറഞ്ഞു. - " അച്ഛനമായാണു പോകുന്നതെങ്കിൽ ഞാനില്ല.എനിക്കിഷ്ടമുള്ള തൊന്നും വാങ്ങാൻ അച്ഛൻ സമ്മതിക്കില്ലാ.. "
പിന്നെ അമ്മയും ഞാനും കൂടി നിർബന്ധിച്ചിട്ടാണ് അവൾ കൂടെ വന്നത്.
തുണിക്കടയിൽ എത്തി, അമ്മയ്ക്ക് ഒരു സാരിയും, എനിക്കൊരു ഷർട്ടും സെലക്ട് ചെയ്തു.
" എനിക്കിതു മതി... " എന്നത്തെയും പോലെ വില കൂടിയ ഒരു ഫ്രോക്ക് കയ്യിലെടുത്തു അനിയത്തി പറഞ്ഞു.
"ഏയ്... ഇതു വേണ്ട... വേറെ ഏതെങ്കിലും നോക്ക്" - അതിന്റെ വില കണ്ടിട്ടാണ് അച്ഛനങ്ങനെ പറഞ്ഞത്.
" എനിക്കിതു തന്നെ മതി.... ഇല്ലെങ്കിൽ എനിക്കൊന്നും വേണ്ട" -പക്ഷെ അവൾ അതിനായി വാശി പിടിച്ചു കൊണ്ടിരുന്നു.
" നീ പറയുന്നതു കേട്ടാൽ മതി" -അച്ഛന്റെ വിധം മാറി. അവളങ്ങനെ മനസില്ലാ മനസ്റ്റോടെ അച്ഛനോട് മുഖം വീർപ്പിച്ച് വേറെ ഒരു ചുരിദാർ സെലക്ട് ചെയ്തു.
ഇതിനിടയിൽ തന്റെ മകൾക്കിഷ്ടപ്പെട്ട വില കൂടിയ ആ ഫ്രോക്കു വാങ്ങി നല്കാനാകാതെ തന്റെ കയ്യിലുള്ള പണം ആരും കാണാതെ എണ്ണി നോക്കി സങ്കടപ്പെട്ട അച്ഛനെ ആരും കണ്ടില്ല.
ഞങ്ങൾക്കോരോന്നു വാങ്ങുമ്പോഴും തനിയ്ക്കായി ഒന്നും അച്ഛൻ വാങ്ങിയിരുന്നില്ല. അല്ലേലും അച്ഛൻ ഇടുന്ന ഷർട്ടിന്റെ തുണി ഈ കടയിൽ കിട്ടില്ല.മീറ്ററിനു അറുപത്തഞ്ചു രൂപ വിലയുള്ള അത് അച്ഛൻ എവിടെ നിന്നാണു വാങ്ങിക്കൊണ്ടു വരുന്നതെന്ന് ഇന്നും എനിക്കറ്റില്ല. അതും രണ്ടു മൂന്നു വർഷം കൂടുമ്പോൾ മാത്രം....
അടുത്തത് ചെരിപ്പ് കട ആയിരുന്നു... അമ്മയ്ക്കൊരു ചെരിപ്പ് വാങ്ങാനാണ് കയറിയത്. അനിയത്തി വാശി പിടിച്ചപ്പോ ആവശ്യമില്ലെങ്കിലും അവൾക്കും ഒരെണ്ണം വാങ്ങി.ഞാനവിടെ ഒരു ഷൂവിൽ തൊട്ടു തലോടി നടന്നത് അച്ഛൻ കണ്ടോ എന്നറിയില്ല. അച്ഛന്റെ ബുദ്ധിമുട്ട് നല്ലോണം അറിയാവുന്ന ഞാൻ മോഹമുണ്ടെങ്കിലും അതു വാങ്ങാനും പറഞ്ഞില്ല.
ഓണത്തിനുള്ള പച്ചക്കറിയും മറ്റു സാധനങ്ങളുമായിരുന്നു അടുത്ത ലക്ഷ്യം. സാധനങ്ങളുടെയെല്ലാം വില തിരക്കി കടക്കാരനോടു വിലപേശുന്ന അച്ഛനെ മറ്റുള്ളവർ പരിഹാസത്തോടെ നോക്കുന്നത് ഞാൻ കണ്ടു... ഇതൊക്കെയാണെങ്കിലും ഞങ്ങൾക്ക് ഒരു പോരായ്മയും വരാതെ വീട്ടിലേക്കാവശ്യമായ എല്ലാം അച്ഛൻ കൃത്യമായി വാങ്ങിയിരുന്നു.
ബിരിയാണി വേണമെന്നു വാശി പിടിച്ചപ്പോൾ എനിക്കും അമ്മയ്ക്കും അതിയത്തിക്കും ബിരിയാണി വാങ്ങി നല്കി, വിശപ്പായില്ല എന്നു പറഞ്ഞ് ഒരു കട്ടൻ ചായ മാത്രം കുടിച്ച് ഞങ്ങൾ കഴിക്കുന്നത് സന്തോഷത്തോടെ നോക്കി വിശപ്പടക്കി അച്ഛൻ.
അവസാനം ടൗണിൽ നിന്നും വീട്ടിലേക്കുള്ള ബസിനായി കാത്തുനിൽക്കാൻ നേരം അമ്മ അച്ഛനോട് പറഞ്ഞു.- "നിങ്ങൾക്കു ഡോക്ടറെ കാണണ്ടേ മനുഷ്യാ... ആ ചുമയ്ക്കൊരു കുറവും ഇല്ലല്ലോ... മരുന്നു വാങ്ങണ്ടേ "
"അതിനി പിന്നെയാകട്ടെ. ഇപ്പൊ ഇത്തിരി കുറവുണ്ട് " - ഏകദേശം കാലിയായ പോക്കറ്റ് തടവിക്കൊണ്ട് അച്ഛൻ പറയുമ്പോഴും അച്ഛന്റെ മുഖത്തുന്നെനിക്ക് വായിച്ചെടുക്കാം അച്ഛന്റെ ചുമ മാറിയതുകൊണ്ടല്ല അച്ഛനങ്ങനെ പറഞ്ഞതെന്ന്.
ഒരു മാസത്തിനപ്പുറം അച്ഛൻ കൂലി കിട്ടിയ ദിവസം, അനിയത്തി കൊതിച്ച ആ വില കൂടിയ ഫ്രോക്ക് അച്ഛൻ അമ്മയുടെ കയ്യിൽ കൊണ്ടുവന്നു കൊടുത്തതു ഞാൻ കണ്ടു... പുറത്തോട്ടിറങ്ങിയ ഞാൻ മറ്റൊന്നു കൂടി കണ്ടു.ഉമ്മറത്ത് വീട്ടുപടിയ്ക്കൽ ഞാനന്നു തൊട്ടു തലോടി നടന്ന ഞാൻ വാങ്ങാനാഗ്രഹിച്ച ആ ഷൂ.... തൊട്ടപ്പുറത്ത് തേഞ്ഞു പഴകിയ അച്ഛന്റെ പഴയ പൊട്ടാറായ വള്ളിച്ചെരിപ്പും...
അടുത്ത ദിവസം പതിവുപോലെ ചുമട്ടു ജോലിയ്ക്കായി മാർക്കറ്റിലേയ്ക്കു പോകുമ്പോഴും അച്ഛൻ നന്നായി ചുമയ്ക്കുന്നുണ്ടായിരുന്നു...
P.Sudhi

<അമ്മ അഥവാ ഭാര്യ>

<അമ്മ അഥവാ ഭാര്യ>
"ഈ അമ്മയെ കാണാൻ ഒരു രസോമില്ല... അച്ഛൻ ഇപ്പോഴും നല്ല സുന്ദരനാണ്... അച്ഛൻ എന്തു കണ്ടിട്ടാ ഈ അമ്മയെ കെട്ടിയത് " - കുട്ടികൾ പലപ്പോഴും തമാശയായിട്ടെങ്കിലും ഇങ്ങനെ ചോദിക്കുമാ യിരുന്നു. ഇതു കേൾക്കുമെങ്കിലും ഉള്ളിൽ സങ്കടമുണ്ടെങ്കിലും ഒന്നും പ്രതികരിയ്ക്കാതെ അവളുടെ ജോലിയിൽ മുഴുകുകയായിരുന്നു പതിവ്.
അവൾ പ്രതികരിക്കുന്നത് വല്ലപ്പോഴും മാത്രം. അതും അവൾക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി...കുട്ടികൾ എന്നെ എതിർത്തു സംസാരിക്കുമ്പൊ മാത്രം "അച്ഛനോടങ്ങനെ പറഞ്ഞുകൂട" എന്നു പറഞ്ഞവൾ ശാസിക്കും. അതല്ലെങ്കിലും അങ്ങനെയാണ്.. അവൾക്കു വേണ്ടി അവളൊന്നും ചെയ്യാറില്ല.. അന്നും ഇന്നും. അവൾ അമ്പലത്തിൽ പോയാൽ അവളുടെ പേരിൽ വഴിപാടു കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല...
എന്നിട്ടുംകുട്ടികൾക്കെന്തോ അവളെ മടുത്തു തുടങ്ങീന്നെനിക്കിടയ്ക്കു തോന്നും... കുട്ടികൾക്ക് മാത്രമല്ല എനിയ്ക്കും പലപ്പോഴും അവളെ മടുത്തിരുന്നു... കിടപ്പറയിൽ പോലും...
ഞാനിന്നും ഓർക്കുന്നു മോൾ എഴാം ക്ലാസ്സിൽ നല്ല മാർക്കോടെ പാസായ ദിവസം... ഓടി വന്ന ഉടനെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. എന്നാൽ തൊട്ടടുത്തു നിന്ന അവളെ നോക്കി "അമ്മയെ ഞാൻ കെട്ടിപ്പിടിക്കൂല്ല, അമ്മയ്ക്ക് ചാണകത്തിന്റെ മണമാ" എന്ന് മോൾ പറഞ്ഞു. ഇതു കേട്ട് ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് പോയി ആരും കാണാതെ കണ്ണീർ തുടച്ച അവളെ ഞാൻ കണ്ടു.... ശെരിയാണ് അവൾക്ക് ചാണകത്തിന്റെ മണമുണ്ടായിരുന്നു. ശെരിക്കും തൊഴുത്തിലെ പശുക്കളെ നോക്കീം ചാണകം വാരീം ചാണകത്തിന്റെ മണം മാത്രo അവൾ എടുത്തിട്ട് പശുക്കൾ തരുന്ന മായം കലരാത്ത ശുദ്ധമായ പാൽ ഞങ്ങൾക്കു മാത്രമായി അവൾ കരുതി വച്ചിരുന്നു.
പിന്നാമ്പുറത്ത് അവൾ നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിഷമയമില്ലാത്ത പച്ചക്കറികളും പഴങ്ങളും അവൾ ഞങ്ങൾക്കു വിളമ്പി. കറിയിൽ ഇത്തിരി ഉപ്പോ മുളകോ കൂടിയാലും കുറഞ്ഞാലും അവളെ കുറ്റപ്പെടുത്താൽ ഞാനും മക്കളും മത്സരിച്ചിരുന്നു... അന്നൊന്നും ഞങ്ങൾക്കായി അവളുടെ വിയർപ്പിൽ നട്ടുനനച്ചുണ്ടാക്കിയ ശുദ്ധമായ പച്ചക്കറികളുടെ സ്വാദ് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല.
മോൻ കോളേജിൽ നിന്ന് ടൂറു പോകാൻ ഇറങ്ങാൻ നേരം അവൾ അടുക്കളയിലെ ഏതോ പാത്രത്തിൽ സൂക്ഷിച്ചിരുന്ന മുഷിഞ്ഞു ചുരുണ്ട കുറച്ചു നോട്ടുകൾ മകന്റെ കയ്യിൽ അവൾ തിരുകിക്കൊടുത്തപ്പോൾ "ഈ മുഷിഞ്ഞ നോട്ടുകൾ എനിക്കു വേണ്ട അമ്മേ എനിക്കുള്ളത് അച്ഛൻ തന്നു... ഈ മുഷിഞ്ഞ ചില്ലറ കണ്ടാൽ കൂട്ടുകാർ കണ്ടാൽ കളിയാക്കും" എന്നു അവളോട് അവൻ പറഞ്ഞു....പലതിൽ നിന്നും മിച്ചം പിടിച്ചും പിശുക്കീം അവൾ സൂക്ഷിച്ചു വച്ച ആ വിയർപ്പിൽ കുതിൽ ചെറിയ നോട്ടുകളുടെ വില അവനന്നറിഞ്ഞില്ല...
അവളുടുക്കുന്ന സാരിക്കു വിയർപ്പു നാറ്റം ആണെന്ന് മക്കൾ പല തവണ പരാതി പറഞ്ഞിട്ടുണ്ട്... പകലന്തിയോളം വീടുമുഴുവൻ ഓടി നടന്നു ജോലി ചെയ്യുന്ന അവൾ ഒരു യന്ത്രമല്ലെന്നും ഏതൊരു മനുഷ്യനെയും പോലെ അവൾക്കും വിയർപ്പിന്റെ ഗ്രന്ധി ഉണ്ടെന്നും അവർ തിരിച്ചറിഞ്ഞില്ല... ഇതൊക്കെയാണെങ്കിലും അലക്കു കല്ലിൽ അലക്കി ഉണക്കി തേച്ചു തന്നിരുന്ന എന്റെയും മക്കളുടെയും തുണികൾക്ക് ആ വിയർപ്പു നാറ്റം ഉണ്ടായിരുന്നില്ല.
ഊണുമുറിയിൽ ഞങ്ങളോടൊന്നിച്ചിരുന്ന് അവൾ ഭക്ഷണം കഴിച്ചിട്ടിപ്പൊ കാലം ഏറെയായി... "അമ്മയ്ക്കൊന്നു വൃത്തിയായിട്ടു വന്നു ഭക്ഷണം കഴിച്ചുടേ..." - വീട്ടിലെ പണിയെല്ലാം തീർത്ത് തളർന്നു ഭർത്താവിനും മക്കൾക്കും ഒപ്പമിരുന്നു ഭക്ഷണം കഴിക്കാൻ വന്ന അവൾക്ക് മകനിൽ നിന്നും കിട്ടിയ വാക്കുകൾ. പിന്നീടങ്ങോട്ട് അവളുടെ തീൻമേശ അടുക്കളയിലെ പഴയ ഒരു തേഞ്ഞു ദ്രവിച്ച ഒരു സ്റ്റൂൾ ആയിരുന്നു... ഒരുതരത്തിൽ അവളെ ആ അടുക്കളയിൽ ചങ്ങലയില്ലാതെ ബന്ധിയ്ക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം...
ശെരിക്കും പറഞ്ഞാൽ അവളെ ഒരു യന്ത്രമായാണ് ഞാനും കുട്ടികളും കണ്ടിരുന്നത്. സ്വിച്ച് ഇട്ടാൽ അലക്കി, പാത്രം കഴുകി, ആഹാരം മേശപ്പുറത്തെത്തിക്കുന്ന ഒരു യന്ത്രം. അവൾ എവിടേക്കെങ്കിലും പോകുമ്പോ ഒന്നു കൂടെ ചെല്ലാനോ ഭാര്യയെന്നോ അമ്മയെന്നോ പറഞ്ഞ് മറ്റുള്ളോർക്ക് അവളെ പരിചയപ്പെടുത്താനോ ഞങ്ങൾക്ക് മടിയായിരുന്നു...
പിന്നെ എപ്പോഴോ ഒരു ദിവസം ചിതലരിച്ചിരു കിടന്ന എന്റെ കല്യാണ ആൽബം തുറന്നു കണ്ട എന്റെ മക്കൾ ഒന്നു ഞെട്ടി.... കാണാൻ ഭംഗിയില്ലാ എന്നു അവർ വിധിയെഴുതിയ അവരുടെ അമ്മ അതായത് എന്റെ ഭാര്യയുടെ രൂപം കണ്ട്... ഇന്നീക്കാണുന്ന രൂപമായിരുന്നില്ല... അതിസുന്ദരിയായ ഒരു പെണ്ണായിരുന്നു അവളന്ന്.... ആ സുന്ദര രൂപം എന്റെ മനസ്സിൽ നിന്നു പോലും മാഞ്ഞിരുന്നു...ഈ വീടിനും ഞങ്ങൾക്കും വേണ്ടി വിശ്രമമില്ലാതെ ഓടിയതിനു കാലം അവൾക്കു നല്കിയ സമ്മാനമാണ് ഇന്നത്തെ അവളുടെ കോലം എന്ന് ഞാനും മക്കളും നിറകണ്ണുകളോടെ തിരിച്ചറിഞ്ഞു...
ഇന്നു ഒരുപാടു നാളുകൾക്കു ശേഷം ഞങ്ങളോടൊന്നിച്ചിരിന്നു ഭക്ഷണം കഴിക്കുമ്പോൾ എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോ അവൾക്ക് ചാണകത്തിന്റെയോ വിയർപ്പിന്റെയോ മണിമല്ല...മറിച്ച് വാൽസല്യനിധിയായ ഒരമ്മയുടേയും സ്നേഹ നിധിയായ ഭാര്യയുടെയും സ്നേഹത്തിന്റെ ഗന്ധം മാത്രം.
(ഇതുപോലെ മറ്റുള്ളവർക്കായി ജീവിക്കുന്ന ചില അമ്മമാർക്കും ഭാര്യമാർക്കും വേണ്ടി സമർപ്പിക്കുന്നു)
P. Sudhi

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo