Showing posts with label NijuAnn. Show all posts
Showing posts with label NijuAnn. Show all posts

അയാൾ

Image may contain: 2 people, people sitting

നേരം വൈകിയത് കൊണ്ട് തെരുതെരെ വാച്ചിൽ നോക്കിയാണ് ഞാൻ ലിഫ്റ്റിൽ നിന്നത്.ലിഫ്റ്റിൽ നിന്നിറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ വീട് പൂട്ടിയിരുന്നോ എന്ന് ആശങ്കപ്പെട്ടു.ഒൻപതാം നിലയിലേക്ക് തിരികെ പോയി സന്ദേഹം തീർക്കാനുള്ള സമയമില്ലാത്തത് കൊണ്ട് എതിർവശത്തു താമസിക്കുന്ന മെറ്റിൽഡയെ ഫോൺചെയ്തു നോക്കാൻ ഏൽപ്പിച്ചു.ഫ്ലാറ്റ് പൂട്ടി എന്നുറപ്പിച്ചു.വണ്ടിയോടിച്ചു കുറെയേറെ ദൂരം പിന്നിട്ടപ്പോൾ തലേന്ന് വണ്ടി റിസെർവിലായിരുന്നല്ലോ ഓടിച്ചു പോന്നതെന്നോർത്തു.രാവിലത്തെ ട്രാഫിക് ബ്ലോക്കിനിടയിൽ യൂ ടേൺ എടുത്തു പമ്പിൽ പോകാനുള്ള സമയമില്ലാത്തത് കൊണ്ട് അടുത്തു തന്നെയുള്ള മെട്രോ സ്റ്റേഷനിൽ വണ്ടി പാർക്ക് ചെയ്തു പടികൾ ഓടിയിറങ്ങി ട്രെയിൻ പിടിക്കാൻ പാഞ്ഞു.
മെട്രോയുടെ എന്റ്റി ഗേറ്റിൽ പേഴ്സ് മുട്ടിച്ചിട്ടും തുറക്കാതെ വന്നപ്പോൾ തലയിൽ അലാറം മുഴങ്ങി.മെട്രോ കാർഡ് എടുക്കാനും മറന്നിരിക്കുന്നു.ടോക്കൺ എടുക്കാനുളള നീണ്ട ക്യൂ കണ്ട് എനിക്ക് തലപെരുത്തു.ഓഫീസിൽ വിളിച്ച് വൈകും എന്ന് വിവരം പറഞ്ഞു സ്കൂട്ടർ എടുക്കാൻ തിരികെ പടികൾ കയറുമ്പോളാണ് എതിരെ പടികൾ ഇറങ്ങി വരുന്ന അയാളെ ഞാൻ കണ്ടത്.മരിച്ചാലും എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത മുഖം.ഞാൻ നിന്നു വിയർത്തു.അത് നവംബറിലെ കുളിരുള്ള പ്രഭാതമായിരുന്നിട്ടും.അയാളുടെ പിന്നാലെ ഞാൻ ഒരു അടിമയെ പോലെ തിരിച്ചു പടികളിറങ്ങി.അയാൾക്ക് പിന്നിലായി ടോക്കൺ ക്യൂവിൽ നിന്നു.
ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നിന്നിട്ടാണ് അയാളുടെ ഊഴം എത്തിയത്.
"ഏക് മലവ്യ നഗർ"
ഞാനും അത് തന്നെ ആവർത്തിച്ചു.ടോക്കണെടുത്തു ഗേറ്റിലേക്ക് നടന്നു.സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അല്പനേരം കാത്തു.ബാഗിൽ നിന്നും കത്രിക ഒഴിവാക്കാതെ അകത്തേക്ക് കയറ്റി വിടില്ലെന്ന് പറഞ്ഞ സെക്യൂരിറ്റി ഗാർഡ്നോട് മുറി ഹിന്ദിയിൽ അയാൾ തർക്കിച്ചു കൊണ്ട് നിൽക്കുന്നു.ഞാൻ പെട്ടെന്ന് അങ്ങോട്ട് ചെന്നു.അയാളെ പിടിച്ചു മാറ്റി നിർത്തി.ഗാർഡിനോട് ക്ഷമാപണം നടത്തി.കത്രിക കളയാതെ മെട്രോയിൽ യാത്ര ചെയ്യാനാവില്ലെന്നു അയാളെ പറഞ്ഞു മനസിലാക്കി. മലയാളം കേട്ടപ്പോൾ വലിയ ആശ്വാസം തോന്നുന്നു എന്ന് അയാളെന്നോട് നന്ദിയോടെ പറഞ്ഞു.
എന്നിട്ടും അയാളെന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ അയാൾക്ക് പിന്നാലെ നടന്നു.പെട്ടന്ന് അയാൾ തിരിഞ്ഞു നിന്ന് 'നിങ്ങൾ എവിടെ പോകുന്നു' എന്ന് ചോദിച്ചു.ഞാൻ മറുപടി പറയാതെ 'നിങ്ങൾ എവിടെ പോകുന്നു' എന്ന് തിരിച്ചു ചോദിച്ചു."സാകേത് കോർട്ട്"എന്നയാൾ പറഞ്ഞപ്പോൾ ഞാൻ കൗതുകം കണ്ണിൽ ഒളിപ്പിച്ചു കൊണ്ട് 'ഞാനും അങ്ങോട്ട് തന്നെ' എന്ന് കുസൃതിയോടെ ചിരിച്ചു.അപ്പോൾ എനിക്ക് പതിനേഴു വയസ്സാണെന്നെനിക്ക് തോന്നി.അയാൾ അത്ഭുതത്തോടെ ചിരിച്ചു.എനിക്ക് ഈ നഗരത്തിൽ ആരെയും പരിചയമില്ല.ഭാഷ അറിയില്ല എന്നൊക്കെ അയാൾ വാചാലനായി.അതിന് ശേഷം സെക്രട്ടറിയേറ്റിൽ ചില പേപ്പറുകൾ ശരിയാക്കാനുണ്ടെന്ന് അയാൾ പറഞ്ഞു.ഞാൻ മൂളി കേട്ടു.
ട്രെയിൻ വന്നു നിന്നപ്പോൾ വലിയ തിരക്കായിയിരുന്നു.അയാൾ എനിക്കൊപ്പം ട്രെയിനിൽ കയറി.ഹോസ് ഖാസ് സ്റ്റേഷൻ എത്തിയപ്പോൾ ഞാനയാളോട് വാതിലിന് അരികിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞു.ഞങ്ങൾ ഒന്നിച്ചു സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ഞാൻ കയറിയിരുന്ന,ഷെയർ ഓട്ടോയിൽ അയാളും കയറി.ആളുകൾ വന്നു കയറിക്കൊണ്ടിരുന്നു.ആള് നിറഞ്ഞപ്പോൾ ഓട്ടോ കുലുങ്ങിക്കുലുങ്ങി മുൻപോട്ട് നീങ്ങി.ഇടയ്ക്ക് മാക്സ് ഹോസ്പിറ്റലിന്റെ മുൻപിൽ ഓട്ടോ നിന്നു.അയാളെന്നോട് അവിടെ നിന്നും ഇനിയും കുറെ ദൂരമുണ്ടോ എന്ന് ചോദിച്ചു.ഇല്ലെന്ന് ഞാൻ ചുമലിളക്കി.കുറെ പേരിറങ്ങി.കുറെയേറെ പേർ കയറി.
വണ്ടിയിൽ ആളുകൾ തിരക്ക് കൂട്ടി.
സാകേത് കോർട്ടിനു മുൻപിൽ ഓട്ടോ നിന്നു.ഞാൻ ഇറങ്ങി.പിന്നാലെ അയാളും.
എനിക്ക് അവിടെ പോകേണ്ട ഒരു കാര്യവുമില്ലായിരുന്നു.ഞാൻ പൈഡ് പൈപ്പറുടെ പിന്നാലെ എലികൾ പോകുന്നത് പോലെ അയാൾക്ക് പിന്നാലെ ഒഴുകിയതാണ്.ഇനി എങ്ങോട്ട് പോകണം,എന്തു പറയണം എന്ന് ഞാനൊന്ന് പതറി.അയാൾ ധൃതിയിൽ ആരെയോ ഫോണിൽ വിളിച്ചു.ആ തക്കത്തിന് ഞാൻ അവിടുന്നു മാറിക്കളഞ്ഞു.അൽപദൂരം മാറി നിന്ന് അയാളെ നോക്കി.ഫോൺ പോക്കറ്റിൽ തിരുകി അയാൾ ചുറ്റും നോക്കുന്നുണ്ട്.എന്നെ തിരഞ്ഞതാവണം. അൽപ നേരം അവിടെ നിന്നിട്ട് അയാൾ ഗേറ്റ് നമ്പർ ഒന്നിൽ കൂടി അകത്തേക്ക് കയറി പോയി.
സമയം പത്തര കഴിഞ്ഞു.ഞാൻ ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു.ഒരു ലക്ഷ്യവുമില്ലാതെ മുന്നോട്ട് നടന്നു.സെലക്ട് സിറ്റി വോക്നു മുൻപിലെ ചാരുബെഞ്ചിലിരുന്ന് ചുറ്റും പതയുന്ന യൗവ്വനം കണ്ടു.
അയാൾ വല്ലാതെ തടിച്ചിട്ടുണ്ട്.താടിയിലും തലയിലും നര കയറിയിട്ടുണ്ട്.വിവാഹിതനായിരിക്കും.കുട്ടികൾ ഉണ്ടായിരിക്കും.തമ്മിൽ കണ്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട്.മേൽച്ചുണ്ടിലെ മറുക് അങ്ങനെ തന്നെയുണ്ട്.രോമം മൂടിയ വെളുത്ത കൈത്തണ്ട.ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കറുത്ത ചരട്.ചിരിക്കുമ്പോൾ ഇടത്തു കവിളിൽ തെളിയുന്ന നുണക്കുഴി.ചെറുതാകുന്ന കണ്ണുകൾ
വളവ് തിരിയുന്ന ചൂളം.ഒരു സൈക്കിൾ ബെല്ലിൽ തിളച്ചു തൂവുന്ന ഹൃദയം.മണ്ണിൽ നീളൻപാവാടത്തുമ്പിഴയുന്നു.മണ്ണ് പൊട്ടിച്ചിരിക്കുന്നു.പാദസരം കലമ്പുന്നു.റബ്ബർ മരങ്ങൾക്കിടയിൽ കരിയിലകളമരുന്നു.തണുപ്പ് പടരുന്നു.മധുരം കുടയുന്നു.
അയാളൊരുപക്ഷെ എന്നെ കണ്ടിരിക്കില്ല.മോഹിച്ചത് ഞാനാണ്.തമ്മിൽ സർപ്പങ്ങളെ പോലെ കെട്ടിപ്പുണരുന്നത് സ്വപ്നം കണ്ടത് ഞാനാണ്.ഓടിച്ചെന്ന് ചേർന്ന് നിൽക്കാൻ കൊതിച്ചത് ഞാനാണ്.മനസ്സിൽ വേരുപടർത്തി, ജലം തേടി ആഴത്തിലാഴത്തിൽ മുറിവ് വരുത്തി, എരിഞ്ഞും പുകഞ്ഞും സ്വയം തീർന്നത് ഞാൻ മാത്രമാണ്.
നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്ക് പറിച്ചു നട്ട് ഒടുവിൽ ഇവിടെ ജീവിതം വേരോടിത്തുടങ്ങി.ഓരോ നാട്ടിൽ പോക്കിനും ഞാൻ ഈ മുഖം പരതി.വൻ നഗരങ്ങളിൽ,തിരക്കിൽ,മാർക്കറ്റിൽ, ആരാധനാലയങ്ങളിൽ,ചരിത്രസ്മാരകങ്ങളിലൊക്കെ ചെന്ന് നിൽക്കുമ്പോൾ ഞാൻ വെറുതെ,വെറും വെറുതെ ഇവനെ തിരഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ ഇവിടെ വന്ന് ചേക്കേറുമ്പോൾ ഞാനുറപ്പിച്ചിരുന്നു.ഇവിടെ വെച്ചു ഞാൻ അവനെ കാണും.ഒരിക്കൽ തമ്മിൽ കണ്ടു മുട്ടുക തന്നെ ചെയ്യും.
കണ്ടപ്പോൾ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.എന്നെ ഒന്ന് പരിചയപ്പെടുത്താൻ പോലും കഴിഞ്ഞില്ല.നമ്മൾ ഒരേ നാട്ടുകാരാണ് എന്ന് പോലും പറയാൻ സാധിച്ചില്ല.അവനെ കണ്ട മാത്രയിൽ എനിക്ക് വേരുകൾ വന്നു.ഞാൻ മരമായി.ചില്ലകൾ നീട്ടി.തളി രിട്ടും പൂവിട്ടും തലനീട്ടിയും വേരുകൾ പടർത്തിയും ഞാൻ തറഞ്ഞു നിന്നു.പിന്നെ ഞാനൊരു പക്ഷിയായി.ചിറകുകൾ വന്നു.പറന്ന് പറന്ന് ആകാശമേറി. ഞാൻ മാനായി.ഞാൻ കുതിച്ചു.മയിലായി. പീലി വിടർത്തിയാടി.ഞാൻ മഴമേഘമായി.നിന്നു പെയ്തു.കാറ്റായി, മിന്നലായി. എന്റെ ആത്മാവ് നിന്ന് കത്തി.ഞാനെന്റെ മക്കളെ മറന്നു.ഭർത്താവിനെ മറന്നു.എനിക്ക് വീടുണ്ടെന്നത് മറന്നു.സമയം കടന്ന് പോയത് മറന്നു.ഇരുൾ വന്നു മൂടിയപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.
എന്റെ ഫോണിൽ അനേകം മിസ്സ്‌കോളുകൾ വന്ന് കിടപ്പുണ്ടായിരുന്നു.എന്റെ ഭർത്താവ് പേടിച്ചരണ്ട് എന്നെ തിരക്കി നടക്കുകയായിരുന്നു.മക്കൾ അമ്മയെ വിളിച്ചു കരയുകയായിരുന്നു.എന്റെ മക്കൾ,വീട് എന്നൊക്കെ ഞാൻ ആശങ്കപ്പെട്ടു.ഞാൻ ഒരു ടാക്സി ബുക്ക് ചെയ്തു കാത്തു നിന്നു.ഭർത്താവിനോട് കുറെ നുണകൾ പറഞ്ഞു.ഫോണിൽ മക്കളുടെ ഫോട്ടോ നോക്കി കുറെ നേരം നിന്നു.വണ്ടിയിൽ കയറി ഇരുന്ന് കുറേ കരഞ്ഞു.ഇടയ്ക്ക് ഡ്രൈവർ തിരിഞ്ഞു നോക്കി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തിരക്കി.ഇല്ലെന്ന് ഞാൻ പറഞ്ഞു.കണ്ണു തുടച്ചു.പിന്നെയും കണ്ണുകൾ പൊട്ടിയൊലിച്ചു.
പിറ്റേന്ന് നേരം വെളുത്തു.മക്കളെ സ്കൂളിൽ അയച്ച്,ഭർത്താവിന് ഭക്ഷണം പാക്ക് ചെയ്തു കൊടുത്തു ഞാൻ ജോലിക്ക് പോകാൻ തയാറായി.സുഖമില്ലെങ്കിൽ ഇന്ന് പോകണ്ട എന്ന് പോകും മുൻപ് ഭർത്താവ് ഓർമ്മിപ്പിച്ചു.
സ്കൂട്ടർ മെട്രോ സ്റ്റേഷനിലായത് കൊണ്ട് ഞാൻ നടന്നു.നടക്കുമ്പോൾ കടന്നു പോകുന്ന ഓരോ മുഖവും ഞാൻ തിരഞ്ഞു.
എതിരെ വരുന്ന ഓരോരുത്തരെയും തുറിച്ചു നോക്കി.കിതച്ചും ഇരച്ചും വന്നു നിന്ന ചുവന്ന ഡി. റ്റി. സി ബസിൽ കയറി.ടിക്കറ്റ് എടുത്ത് സീറ്റിൽ വന്നിരുന്നു.പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു.അടുത്ത സ്റ്റോപ്പിൽ വണ്ടി നിന്നു.ആളുകൾ കയറി.തൊട്ടടുത്ത സീറ്റിൽ അയാൾ വന്നിരുന്നു.ഞാൻ തളർന്നു.എനിക്ക് വേരുകൾ വന്നു.ഞാൻ മരമായി.മിന്നലായി,വെയിലായി,മയിലായി,മാനായി.ഞാൻ നിന്ന് കത്തി
അയാൾ ചിരിച്ചപ്പോൾ മേൽചുണ്ടിലെ മറുക് വിടർന്നു.നുണക്കുഴി തെളിഞ്ഞു. കണ്ണുകൾ ചെറുതായി.
മൃദുവായി അയാളെന്നെ വിളിച്ചു
"തുഷാരാ"
നാല്‌ ദിക്കുകളിലും തട്ടി അതെന്നിലേക്ക് തന്നെ തിരികയെത്തി.കണ്ണ് നീര് വന്നെന്റെ കാഴ്‌ച മൂടി.ഞാൻ നിന്നു പെയ്തു.
നിജു ആൻ ഫിലിപ്പ്

അപരന്റെ കൈ


Image may contain: 1 person, standing and outdoor
തിരക്കിട്ടോടി നടക്കുന്നവർക്കിടയിൽ ഒരു കുഴിയിൽ കിടക്കുന്നത് പോലെയാണ് തോന്നുന്നത്.ഇരുട്ടും വെളിച്ചവും കലർന്ന് കിടക്കുന്ന ഒരു ഇരുണ്ട ഇടനാഴിയിലൂടെ നടക്കമ്പോഴായിരുന്നു ഈ കുഴിയിൽ വീണത്.മുമ്പിൽ നടന്നവർ ആരും ഇവിടെ പെട്ടു പോയില്ല.എല്ലാവരും അനായാസം കുഴി ചാടിക്കടന്നു.ഞൻ മാത്രം...ഞാൻ മാത്രം.ഓർത്തുകൊണ്ടിരുന്നത് മുഴുമിപ്പിക്കാൻ ആവുന്നില്ല.കത്തി കയ്യിൽ ആഴ്ന്നു കയറുന്നതും സൂചി കൊണ്ട് തയ്‌ച്ചു വെക്കുന്നതും കണ്ണിനു മുൻപിൽ കാണാം എന്ന് തോന്നി.പൊട്ടി പോയ ഒരു ബട്ടൺ അമ്മ തുന്നി ചേർക്കുന്നത് വെറുതെ ഓർമ്മ വരുന്നു.തൊണ്ട വരളുന്നു.അലറിക്കരയാൻ പറ്റാതെ ശബ്‌ദം കുരുങ്ങിക്കിടക്കുന്നു.ബോധാബോധങ്ങൾക്കിടയിൽ എന്റെ പേര് ഉറക്കെ വിളിക്കുന്നു.
"അനൂപ്,അനൂപ് വേയ്ക്കപ്പ്,യൂ ആർ ഓൾറൈറ്റ് നൗ."
കണ്ണ് കുത്തിപ്പൊളിക്കുന്ന വെളിച്ചത്തിലേക്കാണ് കണ്ണ് തുറന്നത്.ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളുള്ള ഡോക്ടർ മാസ്കിനുള്ളിൽ ചിരിക്കുന്നു.കണ്ണുകൾ പിന്നെയും കുറുകി.വരണ്ട ചുണ്ടുകൾ കൊണ്ട് ഒരു നന്ദി മുഴുമിപ്പിക്കാനാകാതെ ഞാൻ കിടന്നു.നെറ്റിയിലെ തണുത്ത കൈ പിന്നെയും തല തടവി.കുഴിയിൽ നിന്നും ഞാൻ മെല്ലെ കയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.എഴുന്നേൽക്കുമ്പോഴെല്ലാം ഞാൻ വീണു പോയ്കൊണ്ടിരുന്നു
തുന്നിക്കൂട്ടിയ കൈ ഇന്നാണ് അഴിച്ചത്.ഒറ്റയ്ക്ക് ഈ തുരുത്തിൽ കിടപ്പ് തുടങ്ങിയിട്ട് ഒരു മാസമാകുന്നു.എന്റെ തവിട്ടു തൊലിയിൽ തീരെ ചേരാതെ അപരന്റെ വെളുത്ത കൈ.അറ്റു പോയ കൈയ്യിൽ ഞാൻ ഇടാറുണ്ടായിരുന്ന ചെമ്പു മോതിരം ഓർമ്മ വന്നു.വെട്ടാതെ ഞാൻ സൂക്ഷിച്ച ചെറു വിരലിലെ നഖവും.ആ നശിച്ച രാത്രിയിൽ തീവണ്ടി കയറി ചതഞ്ഞു പോയ എന്റെ വലതു കൈ.പേരറിയാത്ത മരിച്ചു മണ്ണിലലിഞ്ഞവന്റെ കൈ എന്റെ കൈപ്പത്തിക്കു പകരം ചേർന്നിരിക്കുന്നു.വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ ആരുടെയോ വിരലുകൾ അതിൽ കോർത്തിരിപ്പുണ്ടെന്നു വെറുതെ തോന്നി
മരുന്ന് തരാൻ ഒരു നേഴ്സ്, കണ്ണ് മാത്രം പുറത്തു കാട്ടി മുറിയിലേക്ക് കയറി വന്നു
"അനൂപ് ,നാളെ isolation ൽ നിന്ന് മാറ്റും.ഒരാഴ്ച ഒബ്സർവഷൻ പിന്നെ ഡിസ്ചാർജ് കേട്ടോ"
ഒട്ടൊരു അത്ഭുതതോടെ ഞാൻ തലയാട്ടി.എന്റെ കയ്യിൽ വേരു പിടിച്ച അപരന്റെ കൈ ഞാൻ നോക്കി കൊണ്ടിരുന്നു.ഭാഷ മറന്നു പോയ മനുഷ്യനെ പോലെ ഞാൻ വാക്കുകൾ തിരഞ്ഞു.
"സിസ്റ്റർ,ഈ കൈയുടെ ഉടമ ആരാണ്"ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.ഗുഹാമുഖത്തു നിന്നു പുറപ്പെടും പോലെ എന്റെ ശബ്‌ദം ചിന്നിപ്പോയി.
"ഡൊണറിന്റെ ഡീറ്റൈൽസ് ഡിസ്‌ക്ലോസ് ചെയ്യണ്ട എന്ന് സ്ട്രിക്റ് ഇൻസ്ട്രക്ഷൻ ഉണ്ട്".ധൃതിയിൽ അവർ സ്ഥലം കാലിയാക്കി.മുൻപിൽ ടി.വിയിൽ ദൃശ്യങ്ങൾ മിന്നി മാറി.ഞാൻ വീണ്ടും ഒറ്റയ്ക്കായി.ഒറ്റക്കാകുമ്പോൾ സങ്കടങ്ങൾ ഘോഷയാത്രയായി വരും.ഒറ്റയ്ക്കാകുമ്പോൾ സ്വയം ഒന്നുമല്ലെന്ന് മനസിലാകും.കാലവും സമയവും നിലച്ചു പോയെന്നും ഞാൻ പുറകിൽ ഉപേക്ഷിക്കപ്പെട്ടവനാണെന്നും തോന്നും.
ഡിസ്ചാർജ് ആകുന്ന അന്ന് മുറിക്ക് വെളിയിൽ അപരിചിതരായ രണ്ടു പേർ രാവിലെ മുതൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.കണ്ണുകൾ പൊട്ടിയൊലിച്ചു നിൽക്കുന്ന രണ്ടു പെണ്ണുടലുകൾ.
ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്ന് അവരെ വിളിച്ചു.ആർത്തുപെയ്യുന്ന മഴ പോലെ അവർ നിന്ന് പെയ്തു.
എന്റെ കൈയിൽ മാത്രം നോക്കി വിരലുകളിൽ വിരൽ കോർക്കാൻ ആ അമ്മ ഒരു വിഫലശ്രമം നടത്തി.പ്രാണനാഥന്റെ വിരലുകളിൽ കൂടെ ഉണ്ടായിരുന്നവൾ വിരൽ നീട്ടി തൊട്ടു.കണ്ണ് നീര് കൊണ്ട് എന്റെ കൈകൾ കഴുകുന്ന അവരെ ഞാൻ സ്വാന്ത്വനിപ്പിക്കാനാകാതെ നിന്നു.തന്നെ തഴുകിയ വാരിപുണർന്ന ,താൻ കൈ പിടിച്ച വിരലുകൾ നോക്കി നിൽക്കുന്ന പെൺകുട്ടിയും,താൻ ഓമനിച്ചു വളർത്തിയ,കൈ പിടിച്ചു നടത്തിയ ഓമന മകനെ എന്നിലൂടെ കാണാൻ ശ്രമിക്കുന്ന അമ്മയും.
മരണം വിളിച്ചു കൊണ്ട് പോകുമ്പോൾ പ്രിയപ്പെട്ടവരെ ഒന്ന് കൈ നീട്ടി തൊടാൻ വിരലുകൾ ഭൂമിയിൽ ശേഷിപ്പിച്ച സോദരാ ഞാൻ നിനക്ക് പകരം എന്ത് നൽകണം.
അപരന്റെ കൈ ഇനി എന്റെ കയ്യെങ്കിൽ അവന്റെ അമ്മ ഇനി എന്റെ അമ്മ,അവന്റെ പെണ്ണ് ഇനി എന്റെ പെങ്ങൾ... നിന്റെ ആത്മാവിന് എന്റെ അർച്ചന എന്റെ ഹൃദയത്തിൽ നിന്നും രണ്ടു തുള്ളിക്കണ്ണീർ
നിജു ആൻ ഫിലിപ്പ്

പുതപ്പിന്റെ അവകാശി

Image may contain: 1 person, outdoor

ആകാശം ചായ്ച്ചിറങ്ങി വരുന്നവനെയും കാത്തിരുന്ന അർഹതയില്ലാത്ത പെണ്ണിന്റെ കഥയാണ്.ചരിത്രപുസ്തകങ്ങളിലോ വിശുദ്ധഗ്രന്ഥത്തിന്റെ താളുകളിലോ ഇടം പിടിക്കാതെ പോയൊരു പെണ്ണിന്റെ കഥ.
തച്ചന്റെ മകനെയാണ് ഞാൻ പ്രണയിച്ചത്.അവന്റെ ചുവന്ന മുഖവും വിടർന്ന കണ്ണുകളും മാത്രം ഞാൻ മോഹിച്ചു.ബാല്യം മുതലേ അവനെന്റെ പ്രിയൻ.പുരുഷാരം അവനെ പൊതിയും മുൻപേ ഞാൻ അവന്റെ ആരാധിക.രാത്രികളിൽ ഒറ്റജാലകം തുറന്നിട്ടു ഞാൻ ആകാശം നോക്കി കിടന്നു.കുതിരകളെ പൂട്ടിയ തേരിൽ തലനാരുകൾ കാറ്റിലലയാൻ വിട്ട് അവൻ വരുന്നതുമോർത്ത്.
കാനാവിലെ വിരുന്നിനും ഗലീലിയ കടലിലും ഗോഗുൽത്താ മലയിലും ഞാൻ നിന്നെ തിരഞ്ഞു വന്നു.എന്റെ ആത്മാവിന്റെ വേദനകളെയാറ്റാൻ ഞാൻ നിനക്ക് പിമ്പേ നടന്നു തളർന്നു.നീ ശിശുക്കളെ നിന്റെ അരികിലേക്ക് വരുവാൻ വിളിക്കുമ്പോൾ ഞാൻ അത്തിവൃക്ഷത്തിനു പിറകിൽ ഒളിച്ചു നിന്ന് നിന്നെ നോക്കി.മലമുകളിൽ കയറുമ്പോൾ താഴ്‌വരയിൽ കണ്ണെത്തുവോളം കാവൽ നിന്നു.എന്റെ വ്യഥകളെ ഭ്രാന്തെന്നും ഉന്മാദമെന്നും വിളിക്കുന്നവരോട് ഇതെന്റെ സ്നേഹമാണ്,എന്റെ വേദനയിലാണെന്റെ പ്രാണന്റെ നിലനിൽപ്പ് എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ആൾക്കൂട്ടത്തിൽ ഒരുവളായി നിന്ന് നിന്നെ കാണുമ്പോഴെല്ലാം നിന്റെ കണ്ണുകൾ എന്നെ തിരയുന്നതെനിക്ക് അറിയാമായിരുന്നു.ഞാൻ വിശന്നിരുന്നപ്പോൾ നീ അഞ്ചപ്പങ്ങളെ അയ്യായിരമാക്കി എന്നെ ഊട്ടി.എനിയ്ക്ക് വിശന്നപ്പോൾ ഫലമേകാഞ്ഞ അത്തി വൃക്ഷത്തെ നീ ശപിച്ചു.കാരണമില്ലാത്ത സമസ്യകൾ നിങ്ങൾക്ക് കാണാം വിശുദ്ധപുസ്തകം തിരഞ്ഞാൽ.അവയൊക്കെയും നീ ചെയ്തത് എനിയ്ക്ക് വേണ്ടിയാണെന്ന് ഞാൻ കരുതുന്നു പ്രിയനേ.
ഉൻമാദത്തിന്റെ പരമശൃംഗങ്ങളിൽ പെട്ടുഴറിയ എന്നെ നിനക്ക് അടുത്തെത്തിക്കാൻ,എന്നിലെ ഭ്രാന്തിനെ ഇല്ലായ്മ ചെയ്യാൻ പുരുഷാരം പിടിച്ചു കെട്ടാൻ നോക്കിയപ്പോൾ ഞാൻ കുതറിയോടി.ഞാൻ ഖിന്ന.ഭംഗിയുള്ള മുടിയോ മുഖമോ ആകാരവടിവോ ഇല്ലാത്ത തിരസ്കൃത.നിന്റെ മുൻപിൽ നിന്നും ഞാൻ എന്നെ ഒളിപ്പിച്ചു വെച്ചു.നീ അറിയാതെ ഞാൻ നിന്നെ പിന്തുടർന്നു.എല്ലാമറിഞ്ഞിട്ടും നീ ഒന്നും കണ്ടില്ലെന്നു നടിച്ചു.എന്റെ വേവും നോവും നീ നിസാരവത്കരിച്ചു.
ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി നിനക്കടുത്തെക്ക് ഓടി വരാൻ മനസ് തുടിക്കുമ്പോഴൊക്കെ ഞാനെന്റെ വരണ്ടുണങ്ങിയ ചുണ്ടുകളും വിണ്ടുകീറിയ പാദങ്ങളും എണ്ണകാണാത്ത മുടിയും ഓർമ്മിച്ചു.അവയെന്നെ പുറകോട്ടു വലിച്ചു.കഴുതപ്പുറത്തു നീ എഴുന്നള്ളി വന്നപ്പോൾ ഞാനെന്റെ ശിരോവസ്ത്രം വഴിയിൽ വിരിച്ചു.ഒലിവിലകൾ കൊണ്ട് ഓശാന പാടി
എന്റെ പ്രിയൻ,എന്റെ പ്രാണപ്രിയൻ രാജാവാകുന്നത് സ്വപ്നം കണ്ടു ഈ പാവം പെണ്ണ്,ദാവീദ് പുത്രന് ഓശാന ഉറക്കെ പാടി.
നിന്റെ അന്ത:പ്പുരങ്ങളിൽ വാല്യക്കാർക്ക് നിർദ്ദേശം കൊടുക്കുന്നതോർത്തു ഞാൻ ഊറി ചിരിച്ചു.എനിക്ക് നേരെ നീ എറിഞ്ഞു തന്ന മന്ദഹാസങ്ങളെ താലോലിച്ചു ഞാൻ ഒരു ജൻമം കാത്തിരുന്നു.
നിന്റെ മാറുപിളർത്തിയ അടികളോരോന്നും ഞാൻ ഏറ്റുവാങ്ങിയതെന്റെ നെഞ്ചിലാണ്.കുന്തം കൊണ്ട് കുത്തേറ്റത് എന്റെ വിലാപ്പുറത്താണ്.ആണികൾ അടിച്ചു കയറിയ മനസുമായി ഞാൻ ആകെ തകർന്നു കിടന്ന രാത്രിയിലാണ്,നീ മരിച്ച് ആകാശം കീറിപ്പോയ ആ രാത്രി തന്നെ-എന്റെ സ്വപ്നങ്ങളിൽ നീ വീണ്ടും വന്നത്.
തനിക്കഭിമുഖമായി പിടിച്ചു നിർത്തി അവൻ എന്നോട് ചോദിച്ചു
"ഞാൻ പോകും മുൻപ് നിനക്കെന്തു വേണം"
കടലാഴമുള്ള കണ്ണുകളിൽ മുങ്ങി മരിക്കാനും തയ്യാറായ ഞാൻ അവനോടു പറഞ്ഞു
"നിന്റെ പുതപ്പു മാത്രം"
അത് മാത്രം പുറകിൽ ഉപേക്ഷിച്ചു അവൻ നടന്നകന്നപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പ്രാർത്ഥിച്ചു
"എന്നെയും കൂടി ഉയർപ്പിക്കേണമേ എന്ന്"
പതിവ് പോലെ നിഗൂഢമായ മന്ദഹാസം കൊണ്ട് എന്നെ തോൽപിച്ചു അവൻ ദൂരേയ്ക്ക് നടന്നു പോയ്ക്കൊണ്ടിരുന്നു.
കുരിശുമരണവും പീഡാനുഭവവും കൂടെ അനുഭവിച്ചവളെ വേവുന്ന കല്ലറയിൽ ഉപേക്ഷിച്ചവൻ ഉയർത്തെഴുന്നേറ്റ് പോയി
ഒരായുഷ്‌കാലം മുഴുവൻ കാത്തിരുന്നവളോട്
"ഞാൻ വീണ്ടും വരും"
എന്ന് മാത്രം പറഞ്ഞു,തിരിഞ്ഞു നോക്കാതെ നടന്നു പോയവനെ കാത്തു കല്ലറയിൽ ജീർണ്ണിച്ചു കിടപ്പാണിവൾ.
സ്വപ്നത്തിൽ നീ എനിയ്ക്ക് തന്നിട്ട് പോയ പുതപ്പാണ് മറിയയ്ക്ക് കിട്ടിയത്.അവകാശപ്പെടാൻ ഞാൻ ആരുമല്ലലോ.പുറകിലുപേക്ഷിച്ച പുതപ്പ് എനിയ്ക്ക് നീ തന്ന സമ്മാനമാണ്.അത് മതി.ഞാൻ ഖിന്ന.നിന്റെ പ്രണയിനി.
ചരിത്രപുസ്തകങ്ങളിലോ വിശുദ്ധഗ്രന്ഥങ്ങളിലോ പേര് വരാത്തൊരു പ്രണയിനി.
അവൾക്കവൻ കൊടുത്ത പ്രണയപ്പുതപ്പു പോലും പങ്കിട്ടു പോയി
നിജു ആൻ ഫിലിപ്പ്

ചില പെണ്ണുങ്ങളോട് എനിക്ക് വല്യ ബഹുമാനമാണ്


ചില പെണ്ണുങ്ങളോട് എനിക്ക് വല്യ ബഹുമാനമാണ്
ഒറ്റയ്ക്ക് ഉലകം ചുറ്റുന്നവരോട്,
ഒറ്റപ്പെട്ടുപോയാലും സ്വയം ജ്വലിച്ചു നിൽക്കുന്നവരോട്,
പറയാനുള്ളത് ഉറക്കെ മനോഹരമായ ഭാഷയിൽ പറയുന്നവരോട്
ഭംഗിയുള്ള വാക്കുകൾ കൊണ്ട് വിസ്‌മയിപ്പിക്കുന്നവരോട്
കാലിൽ ചിലങ്ക കെട്ടിയാടുമ്പോൾ സ്വയം മറക്കുന്നവരോട്
സ്വപ്നങ്ങളുടെ പുറകേ പോകുന്നവരോട്.
ജീവിതം സ്നേഹത്തോടെ ജീവിച്ചു തീർക്കുന്നവരോട്
തന്റെ കടമകൾ ഏറ്റവും ഭംഗിയായി നിറവേറ്റുന്നവരോട്
എന്നാൽ-
ചില പെണ്ണുങ്ങളോട്
ചിലത് പറയാനുണ്ട്
മിണ്ടാട്ടം മുട്ടി നിൽക്കുന്നവരോട്,
ചവിട്ടിത്തേക്കാൻ മുതുക് കാട്ടിക്കൊടുക്കുന്നവരോട്,
ഉരുകി ഇല്ലാതെയായാലും മുനിഞ്ഞു കത്താൻ ശ്രമിക്കുന്നവരോട്,
രാവെളുക്കുവോളം ഉറങ്ങാതിരുന്നും,
പകലന്തിയോളം പണിയെടുത്തും,
ഊട്ടിയുമുറക്കിയും സ്വയം ഉറങ്ങാൻ മറക്കുന്നവരോട്
വല്ലപ്പോഴും,
വല്ലപ്പോഴുമൊക്കെ
തലയുയർത്തണം
നടു നേരെയാക്കണം
ചുറ്റും ഒന്ന് നോക്കണം
സ്വയം പറയണം
ഞങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന്
പത്തു രൂപയെങ്കിലും സ്വന്തം പഴ്സിൽ വെക്കണം
വല്ലതും വായിക്കണം
നല്ലത് ചിന്തിക്കണം
അവനവന് വേണ്ടി അൽപനേരം ജീവിക്കണം
അത്രമാത്രം.
നിജു ആൻ വേങ്കടത്ത് ഫിലിപ്പ്

ഞാൻ പെണ്ണാണ്!!


ആണായി പിറന്നവൻ്റെ  മൂത്രം പോലും കുടിക്കാൻ തയ്യാറായ പാരമ്പര്യമുള്ള വീട്ടിൽ ജനിച്ചു വീണപ്പോളേ അവർ തമ്മിൽ പറഞ്ഞു -
"അയ്യോ!പെണ്ണായിപ്പോയല്ലോ!"
കാലിനുമുകളിൽ കാൽ കയറ്റിവച്ചിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു - "നീ പെണ്ണാണ്!"
പേരമരത്തിൻ്റെ ഉയർന്ന കൊമ്പിൽ കാൽ തൂക്കിയിട്ടിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു -
"നീ പെണ്ണാണ്; നിലത്തു നിൽക്ക്!"
കൂടെപ്പിറന്നവൻ്റെ  കൂടെ തുള്ളിക്കളിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു - "നീ പെണ്ണാണ്, നിലയ്ക്ക് നിൽക്ക്!"
ആങ്ങളക്കൊച്ചിൻ്റെ പാത്രത്തിൽ കൂട്ടത്തിൽ മുഴുത്ത മീൻ പൊരിച്ചത് വച്ചിട്ട് എന്നെ നോക്കി അവർ വീണ്ടും കണ്ണുരുട്ടി - "നീ പെണ്ണാണ്! വയറടക്ക്!"
ചോദ്യം ചെയ്യുമ്പോൾ ചെവിക്കു പിടിച്ചുകൊണ്ട്  അവരെന്നോട് പറഞ്ഞു- നീ പെണ്ണാണ് വായടക്ക്!

പൊട്ടിച്ചിരിക്കുമ്പോൾ പൊത്തിച്ചിരിക്കാനും, 
നിലത്തു നിൽക്കാനും, 
നിലക്ക് നിൽക്കാനും, 
വായടക്കാനും,
വയറടക്കാനും, 
അടങ്ങാനും; ഒതുങ്ങാനും,
 മിണ്ടാതിരിക്കാനും, 
ശബ്ദം താഴ്ത്താനും, 
ചിറകൊതുക്കാനും,
ചിരിയൊതുക്കാനും,
ഇരുളും മുൻപേ വീടണയാനും,
പൊതിഞ്ഞു പിടിക്കാനും,
മൂടിവെക്കാനും,
അടച്ചു വെക്കാനും,
അടക്കിപ്പിടിക്കാനും; നിങ്ങളെന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു.

രാത്രിയുടെ ഇരുട്ടും കറുപ്പും ഞങ്ങൾക്ക് തന്നിട്ട് ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും അവർക്കു കൊടുത്തു.
പൂരവും വേലയും പെരുന്നാളും വെടിക്കെട്ടും ആളും അനക്കവും ഒച്ചയും ചിരികളും ഭൂമിയും സ്വാതന്ത്യവും അവരുടേതാണ്.

ഒച്ചയും ഓശയും നിറങ്ങളുമുള്ള ഈ ഭൂമിയിൽ ഞങ്ങളും അവകാശികളാണ്
മാരാമണ്ണിലും മണിവത്തൂരിലും ഞങ്ങൾക്കും രാത്രി കാണണം.
അതിനു ഞങ്ങളോട് നീ പെണ്ണാണ് പെണ്ണാണ് എന്ന് നിരന്തരം നിങ്ങൾ ഓർമ്മിപ്പിക്കും മുൻപ്, നിങ്ങളുടെ ആണ്മക്കളോട് ഒരിക്കലെങ്കിലും പറഞ്ഞു കൊടുക്ക് നിങ്ങൾ അണുങ്ങളാണെന്ന്; പെണ്ണ് സഹജീവിയാണെന്ന്, മാംസം മാത്രമല്ലെന്ന്.

എന്റെ മകളുടെ കണ്ണിൽ നോക്കി ഞാൻ ഇപ്പോഴേ പറഞ്ഞു തുടങ്ങി.
"നീ പെണ്ണാണ്.നല്ല ഉശിരുള്ള പെണ്ണ്.അഭിമാനമുള്ള,ആത്മവിശ്വാസമുള്ള പെണ്ണ്.ഉറക്കെ ചിരിക്കാൻ,തലനിവർത്തി നടക്കാൻ, ചിറകുവീശിപ്പറക്കാൻ ആർജ്ജവമുള്ള നല്ലൊന്തരം പെണ്ണ്"

ഞാൻ പെണ്ണാണ്. 
എനിക്ക് പെണ്ണായിരുന്നാൽ മതി. 
നല്ല ഒന്നാന്തരം പെണ്ണ്.
=========
നിജു ആൻ ഫിലിപ്പ്
@Nallezhuth Page
https://www.facebook.com/nallezhuth/posts/293621184388093

ഡൽഹി സുന്ദരിയാണ്


അതിസുന്ദരി...
നമ്മളെ ഭ്രമിപ്പിക്കുന്ന ഭ്രാന്ത് പിടിപ്പിക്കുന്ന സൗന്ദര്യം.ഭംഗിയുള്ള രാജവീഥികൾ,വിശാലമായ പാർക്കുകൾ,തലയുയർത്തി നിൽക്കുന്ന ഇന്ത്യ ഗേറ്റ്,ആയിരമായിരം വീരന്മാരുടെ ശവകുടീരങ്ങൾ ഗർഭത്തിലൊളിപ്പിച്ച കുത്തബ് മിനാർ,ഹുമയൂൺ ടോംബ്,നിശ്ശബ്ദദയുടെ സൗന്ദര്യം ആവാഹിച്ച; മൗനം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ലോട്ടസ് ടെംബിൾ,മെട്രോ ട്രെയിനുകൾ,രുചിയൂറുന്ന സ്ട്രീറ്റ് ഫുഡ്‌സ് അങ്ങനെ അങ്ങനെ...സ്ട്രീറ്റ് ഫുഡിനെ കുറിച്ചു ഒരു വാക്ക് പറയട്ടെ മോമോസ്,ചൗമീൻ,പാനിപ്പൂരി,ആലുടിക്കി,കാത്തി റോൾസ്,കലം ബിരിയാണി,കരിമ്പിൻ ജ്യൂസ്...ശോ! ഭക്ഷണത്തെ കുറിച്ച പറഞ്ഞാൽ അറിയാതെ കണ്ട്രോൾ പോകും.അപ്പൊ നമ്മൾ പറഞ്ഞു വന്നത് ഡൽഹിയുടെ സൗന്ദര്യത്തെ കുറിച്ചല്ലേ,വേനൽക്കാലത്ത് തീച്ചൂള പോലെ പൊള്ളുന്ന ഡൽഹി തണുപ്പ് കാലത്ത് അസ്ഥി ഉറയുന്ന തണുപ്പുകൊണ്ട് നമ്മളെ വിറപ്പിക്കും.നീണ്ടു കിടക്കുന്ന ഓപ്പൺ മാർക്ക്റ്റുകൾ ഡൽഹിയുടെ ഹൃദയങ്ങളാണ്.സരോജിനി നഗർ,ലജ്പത് നഗർ മാർക്കറ്റ്കളിലൂടെ നടന്നു വിലപേശി വാങ്ങുന്ന സാധനങ്ങൾ കൊണ്ട് ഞങ്ങൾ ഡൽഹി നിവാസികളുടെ ഷോക്കേസും അലമാരയും നിറയും.ഇവിടെ കൂട്ടുകാരാണു ഞങ്ങൾക്കു ബന്ധുക്കൾ.പിറന്നാളും ഓണവും വിഷുവും ക്രിസ്മസും അനിവേഴ്‌സറിയും ഒക്കെ ഞങ്ങൾ ബന്ധുക്കളെക്കാൾ ഉപരി ചങ്കുകൾക്ക് ഒപ്പം ആഘോഷിച്ചു.ഡൽഹി....നിന്നെ ഞാൻ പ്രണയിക്കാതിരിക്കുവാതെങ്ങനെ....
ഡൽഹിക്ക് മറ്റൊരു മുഖം കൂടി ഉണ്ട്.ഈ സുന്ദരി makeup അഴിച്ചു വെച്ചിരിക്കുന്ന ചില സമയങ്ങൾ കൂടി ഉണ്ട്.flyoverകൾക്ക് താഴെ നിരന്നിരുന്നു മലവിസർജ്ജനം നടത്തുന്ന ആയിരങ്ങൾ,എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന് പരസ്യം ചാനലുകളിൽ തകർക്കുമ്പോൾ രാജ്യതലസ്ഥാനത്ത് പൊതുസ്ഥലത്ത് വെളിക്കിരിക്കുന്ന പതിനായിരങ്ങളെ കാണെണ്ടി വരുന്ന അവസ്ഥ അങ്ങ് കേരളത്തിൽ ഇരുന്നാൽ മനസിലായി കൊള്ളണം എന്നില്ല.എല്ലാ restaurantകൾക്ക് മുൻപിലും കാണാം ദൈന്യത തുളുമ്പുന്ന കണ്ണുകളും ഒട്ടിയ കവിളുകളുമായി ആർത്തി നിറഞ്ഞ കണ്ണുകളോടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും,വഴിയോരത്ത് കുടിൽ കെട്ടി പാർക്കുന്ന നൂറുകണക്കിന് ആളുകൾ,മഴക്കാലത്തു നിറഞ്ഞു ഒഴുകുന്ന ഓടകൾ,പുകയും പൊടിയും അടങ്ങാത്ത വീഥികൾ,പട്ടികളും പശുക്കളും അലയുന്ന ഇരുണ്ട ഗലികൾ, എപ്പോഴും എങ്ങോട്ടൊക്കെയോ തിരാക്കിട്ടോടുന്ന മനുഷ്യർ,പാഞ്ഞുപോകുന്ന വണ്ടികൾ....പലവിധത്തിലുള്ള രോഗികളെ കൊണ്ട് നിറഞ്ഞ സർക്കാർ ആശുപത്രികൾ....തിക്കും തിരക്കും ഒഴിയാത്ത ചന്തകൾ....
അതെ മമ്മൂട്ടി പറയുന്ന പോലെ ഹുഡ്ക വലിച്ചു ചുമച്ചു തുപ്പുന്നവരുടെ ഇന്ത്യ😢....അത് തന്നെ കഥ.
സുരക്ഷിതമായി ഇരിക്കാൻ ഒരു ഫ്ലാറ്റുള്ളത് കൊണ്ടും കേന്ദ്രഗവമെന്റ് ജോലിയും ഭർത്താവും കുഞ്ഞും കൂടെ ഉള്ളത് കൊണ്ടും എനിക്ക് ഇതിനൊക്കെ നേരെ കണ്ണടച്ച് ഡൽഹിയുടെ സൗന്ദര്യം മാത്രം കാണാൻ പറ്റുന്നുണ്ട്....അങ്ങനെ അല്ലാതെ ഒരുപാട് ജീവിതങ്ങൾക്ക് കൂടി വീടാണ് ...കൂടാണ്.... ഡൽഹി
പക്ഷെ ഡൽഹി,എനിക്ക് നിന്നെ പ്രണയിക്കാതിരിക്കാൻ ആവില്ല.പിരിയാനും....
ഡൽഹി......
' അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ 
നിന്നേതു സ്വർഗം വിളിച്ചാലും....'

സത്യം


തിരിച്ചറിവുണ്ടായിത്തുടങ്ങിയ കാലത്ത് എപ്പോഴോ ആണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്....
ഞാൻ കറുത്തിട്ടാണ്...
ക്ലാസ്സിൽ ആരും പറയാത്ത ഒരു ചോദ്യത്തിനു ഉത്തരം പറഞ്ഞിട്ട്‌ ഗമയിൽ ഞെളിഞ്ഞിരിക്കുമ്പോളായിരുന്നു അത്..അസൂയ മൂത്ത ഒരു സഹപാഠി എന്റെ മുഖത്തു നോക്കി തീരെ ദാക്ഷണ്യമില്ലാതെ അതങ്ങു പറഞ്ഞു...പഠിച്ചിട്ടൊന്നും ഒരു കാര്യോമില്ല കൊച്ചെ...കൊച്ചിനെ ആരും കെട്ടാൻ വരില്ല.കൊച്ചപ്പിടി കറുത്തതാണ്.പകച്ചു പോയെൻ്റ ബാല്യം.കരച്ചിൽ വന്നിട്ടും ഞാൻ കരഞ്ഞില്ല.കടിച്ചു പിടിച്ചിരുന്നു.വൈകുന്നേരം വീട്ടിൽ ചെന്ന് കണ്ണാടിക്കു മുൻപിൽ നിന്നിട്ടു പറ്റാവുന്ന അത്രേം പൌഡർ ഇട്ട് ഞാൻ എന്നെ വെളുപ്പിച്ചു.എന്നിട്ടു കളിയ്ക്കാൻ ഓടി.പിറ്റേന്ന് സ്കൂളിൽ പോകന്നേന് മുൻപ് കുമ്മായ പ്രയോഗം നടത്തി നിൽക്കുന്ന എന്നെ കണ്ടു 'അമ്മ ഞെട്ടി.നന്നായി തുടച്ചിട്ടു ഒരു കിഴുക്കും തന്നു ഓട്ടോയിൽ കയറ്റി വിട്ടു.അന്ന് സ്കൂളിൽ ചെന്നിട്ട് തീരെ ചുറുചുറുക്കില്ലാരുന്നു എന്നാണെൻെറ ഓർമ്മ.പിഞ്ചു മനസള്ളല്ലേ ഞാൻ അതൊക്കെ പെട്ടന്ന് മറന്നു.പിന്നീട് പലപ്പോഴും ഈ കറുപ്പ് എന്നെ തോൽപിക്കാൻ നോക്കിയിട്ടുണ്ട്.ഒപ്പനയ്ക്ക് വെളുത്ത മണവാട്ടികളെ കാണുമ്പോൾ ,വെളുത്ത കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചു നടക്മ്പോക്കുമ്പൊഴുള്ള കോൺട്രാസ്റ് കാണുമ്പോൾ,ഡ്രസ്സ് വാങ്ങാൻ പോകുമ്പോൾ,പറഞ്ഞു തോൽക്കാറാകുമ്പോൾ ജയിക്കാൻ വേണ്ടി നീ പോടീ കറുമ്പി എന്ന് വിളിച്ചു നിശ്ശബ്ദയാക്കാറുള്ള സഹോദരന്റെ കുറുമ്പുകൾക്കു മുൻപിൽ...പിന്നെ വേദനിപ്പിക്കുന്ന പല കുത്തുവാക്കുകൾക്കു മുൻപിലും ഞാൻ തോറ്റു പോയതു പോലെ തോന്നിയിട്ടുണ്ട്.അതൊക്കെ നന്നേ ചെറുപ്പത്തിൽ.വലുതാവുംതോറും എന്റെ ആത്മവിശ്വാസവും എനിക്കൊപ്പം വളർന്നു. അപകർഷതാ ബോധം പിന്നീടു പലപ്പോഴും തോന്നീട്ടുണ്ടെങ്കിലുംഒരിക്കലും അത് പുറത്തു കാണിക്കാതിരിക്കാൻ ഞാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു.ആരെങ്കിലും കളിയാക്കും മുൻപേ ഞാൻ തന്നെ എന്നെ അങ്ങ് കളിയാക്കിയേക്കും.ഇന്നസെന്റും ശ്രീനിവാസനും ഒക്കെ ചെയ്യുന്ന പോലെ തന്നെ ഞാൻ വികസിപ്പിച്ചെടുത്ത എന്റെ ഡിഫെൻസ് mechanisam.
നന്ദിയുണ്ടെനിക്ക്...അന്തർമുഖി ആയി പോകാതെ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച അധ്യാപകരോട്...പ്രണയം കൊണ്ട് എന്നെ പൊള്ളിച്ച എന്റെ മുൻ കാമുകനും ഇപ്പൊഴത്തെ ഭർത്താവുമായ പ്രിയതമനോട്....കളിയാക്കി എന്നെ മിടുക്കിയാക്കിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും കസിൻസിനോടും....എന്നെ ഞാൻ ആക്കിയ മാതാപിതാക്കളോട്....
അതുകൊണ്ട് പ്രിയപ്പെട്ട സൂർത്തുക്കളെ,കറുപ്പെന്നും വെളുപ്പെന്നും പറഞ്ഞു ഇപ്പോൾ നിങ്ങൾക്ക് ഈ ചന്തുനേ തോല്പിക്കാനാവില്ല.വേറെ വല്ല നമ്പറുമുണ്ടേൽ അതും കൊണ്ട് വരൂ..നമുക്കു അപ്പോൾ നോക്കാം...
കവി പാടിയത് പോലെ
"കറുപ്പുള്ളതിനാൽ വെളുപ്പിനഴക്
വെളുപ്പില്ലെങ്കിൽ കറുപ്പിനഴക്"
Black is bold and beautiful

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo