മാളവിക - Part 6


മാളവിക തുടരുന്നു...........

പിന്നീട് ഒരു ഒഴിവുദിവസ്സം ദേവിയുടെ ആവശ്യപ്രകാരം അകലെ ഉള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൊഴാൻ ലേഖയും മാളുവും കൂടെ ചെല്ലാമെന്നേറ്റു.ദത്തനോട് കാറിൽ തങ്ങളെ അവിടെ കൊണ്ടുപോകാൻ ദേവി ആവശ്യപ്പെട്ടു.
ദേവി ഫ്രണ്ട് സീറ്റിൽ കയറാൻ  തുടങ്ങിയതും  ആമി മാളുവിനെ പിടിച്ച് വലിച്ച് ഫ്രണ്ട് സീറ്റിലേക്ക് തള്ളിവിട്ടു.
"അമ്മ ഫ്രണ്ടിലിരിക്ക് .അച്ഛമ്മ ബാക്കിൽ പോയെ. ഞാൻ അമ്മേടെ മടിയിലാ ഇരിക്കുന്നത്." ആമി പറഞ്ഞു.
മാളു വല്ലാതായി.ലേഖയ്ക്കും അതത്ര താല്പര്യമില്ലായിരുന്നു.
ദേവി പക്ഷെ ഉള്ളാലെ സന്തോഷിച്ചു.
"ഓഹ് പുതിയ ആളെ കിട്ടിയപ്പോ നിനക്ക് എന്നെ വേണ്ട അല്ലേടി  കാന്താരി?"ദേവി ആമിയെ കളിയാക്കി.
"ആമി നമുക്ക് ബാക്കിൽ ഇരിക്കാം.അമ്മയ്ക്ക് ഫ്രണ്ട് സീറ്റിൽ ഇരിക്കാൻ പേടിയാണ് ."മാളു കള്ളം പറഞ്ഞു.
"അമ്മ പേടിക്കണ്ട ഞാൻ  അമ്മേടെ മടിയിലിരിക്കാം .അമ്മ വീയാതെ ഞാൻ പിടിച്ചോളാം." ആമി മാളുവിനെ ആശ്വസിപ്പിച്ചു.
"നീ മുൻപിൽ ഇരുന്നോ മോളെ ഇല്ലെങ്കിൽ അവള് സമ്മതിക്കില്ല." ദേവിയും പറഞ്ഞതോടെ മാളുവിന് വേറെ വഴിയില്ലാതായി .അവൾ ലേഖയെ നോക്കി.ലേഖയും എന്ത് പറയണം എന്നറിയാതെ ഇരിക്കുകയാണ്.
ദത്തൻ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു.
മാളു ആമിയെയും മടിയിൽ വെച്ച്  മുൻപിൽ  ഇരുന്നു.
ഒരു മണിക്കൂറോളമുണ്ടായിരുന്നു അമ്പലത്തിലേക്ക്.
ലേഖയും ദേവിയും വിശേഷങ്ങൾ പറഞ്ഞ് ഇരുന്നു.ദത്തന്  ഡ്രൈവിങ്ങിൽ മാത്രമായിരുന്നു ശ്രദ്ധ.ആമി മാളുവിനോട് എന്തൊക്കെയോ കലപില സംസാരിച്ചുകൊണ്ടിരുന്നു.
അമ്പലത്തിൽ നല്ല തിരക്കായിരുന്നു.
അമ്പലത്തിനു തൊട്ട് മുൻപിലായി ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്ന ധാരാളം കടകളും പിന്നെ കുറെ കൈനോട്ടക്കാരും ഉണ്ടായിരുന്നു.
ദത്തൻ കാർ പാർക്ക് ചെയ്തിട്ട് അവിടെ തന്നെ ഇരുന്നു.ലേഖയും ദേവിയും മാളുവും ആമിയും തൊഴാനിറങ്ങി.
"മോൻ വരുന്നില്ലേ?"ലേഖ സംശയത്തോടെ ചോദിച്ചു.
"നന്നായി! അവൻ ഇവിടം വരെ വന്നത് തന്നെ മഹാഭാഗ്യം."ദേവി ദത്തനെ കളിയാക്കി.
"എനിക്ക് ബലൂൺ വേണം " ആമി ബലൂൺ ചൂണ്ടി പറഞ്ഞു.
"തൊഴുത് ഇറങ്ങിയിട്ട് നമുക്ക് മേടിക്കാം കേട്ടോ" മാളു ആമിയോട് പറഞ്ഞു.
അവർ അമ്പലത്തിനുളിലേക്ക് നടന്നു.
പൂജയ്ക്കായി നട  അടച്ചിരിക്കുകയായിരുന്നു. പ്രദക്ഷിണം വെച്ചിട്ട് തിരിച്ച് വന്നപ്പോഴും  നട തുറന്നിട്ടില്ല.
"എനിക്ക് ബലൂൺ  വേണം.അമ്മ വാ നമുക്ക് പോകാം." ആമി മാളുവിന്റെ കൈയിൽ പിടിച്ച് വലിച്ചു.
"നട തുറന്ന് അമ്പോറ്റിയെ തൊഴുത്തിട്ട് പോകാം വാവേ " മാളു പറഞ്ഞു.
ആമി വാശി പിടിച്ചുകൊണ്ടിരുന്നു.
"മോള് ചെല്ല് .ദത്തനോട് പറഞ്ഞാൽ മതി അവൻ വാങ്ങിച്ച് കൊടുത്തോളും."ദേവി മാളുവിനോട് പറഞ്ഞു.
"നട തുറക്കാൻ സമയം എടുക്കുമെന്ന് തോന്നുന്നു.കുഞ്ഞിന് വേണ്ടത് മേടിച്ചിട്ട് നിങ്ങൾ കാറിൽ ഇരുന്നോളു.ഞങ്ങൾ വന്നേക്കാം " ലേഖ തന്റെ പേഴ്സ് മകളെ ഏല്പിച്ചുകൊണ്ട്  പറഞ്ഞു.
മാളു ആമിയെയും കൊണ്ട് അമ്പലത്തിനു വെളിയിൽ ഇറങ്ങി  ബലൂൺ വിൽക്കുന്നവരുടെ അടുത്തേക്ക് പോകുന്നത്  ദത്തൻ കണ്ടു.ദത്തൻ മാളുവിനെ നോക്കി.
ഒരു സെറ്റ് മുണ്ടും നേര്യതും ആണ് വേഷം.കണ്ണെഴുതി ചെറിയൊരു പൊട്ടുംതൊട്ടിട്ടുണ്ട്.മുടി കുളിപ്പിന്നൽ കെട്ടി വെച്ചിരിക്കുന്നു .മുഖത്ത് പ്രത്യേകിച്ച് ചമയങ്ങൾ ഒന്നുമില്ല.എന്നിട്ടും എന്തൊരൈശ്വര്യമാണ് !
ദത്തൻ കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു .
"എന്താ തൊഴുതില്ലേ ?" ദത്തൻ ചോദിച്ചു.
"ആമിക്ക് ബലൂൺ വേണമെന്ന് പറഞ്ഞു .മേടിക്കാൻ വന്നതാ " മാളു പറഞ്ഞു.
ബലൂൺ വാങ്ങിയിട്ട് മാളു പഴ്സിൽ നിന്നും കാശെടുക്കുന്നതിന്   മുൻപ് തന്നെ ദത്തൻ തന്റെ പോക്കറ്റിൽ നിന്നും കാശെടുത്തുകൊടുത്തു.
"അച്ഛാ അച്ഛാ വള വേണം പിന്നെ മാല ." ആമി ആവേശത്തോടെ പറഞ്ഞു.
"ബാ" ദത്തൻ ആമിയുടെ കൈയിൽ പിടിച്ച് കടയിലേക്ക് നടന്നു.
മാളു അവിടെ തന്നെ നിന്നു .
"വരുന്നില്ലേ?അതോ ഞാൻ ഇനി എടുത്തോണ്ട് പോണോ ?"ദത്തൻ മാളുവിനോട് ചോദിച്ചു.
"ഇതെന്തൊരു സാധനമാ!" മാളു പിറുപിറുത്തു.
എന്നിട്ട് ഒന്നും മിണ്ടാതെ  അവരുടെ കൂടെ ചെന്നു .
ആമിയെയും കൊണ്ട് കടയിൽ ചെന്നപ്പോ ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ  ആയി!
കടക്കാരനെ കൊണ്ട് അവിടെ ഉള്ളതെല്ലാം അവളെടുപ്പിച്ചു..അവൾക്കിഷ്ടമുള്ളതെല്ലാം ദത്തൻ മേടിച്ചുകൊടുത്തു.
"അച്ഛാ ഐസ് ക്രീം ഐസ് ക്രീം " ഒരു ഐസ് ക്രീം കടയിലേക്ക് വിരൽ ചൂണ്ടി ആമി പറഞ്ഞു.
മാളു ആമിയെയും കൊണ്ട് അങ്ങോട്ട് നടന്നു.
പൈസ കൊടുത്ത് ദത്തനും പിന്നാലെ ഇറങ്ങി.
അവിടെ കുറെ കൈനോട്ടക്കാർ ഇരിപ്പുണ്ടായിരുന്നു.
"അമ്മാ ഭൂതം ഭാവി വർത്തമാനം എല്ലാം സൊല്ലും  അമ്മാ."അതിൽ ഒരുവൾ ആമിയെയും മാളുവിനെയും ദത്തനെയും കണ്ട് ഉറക്കെവിളിച്ചുപറഞ്ഞു.
ദത്തൻ മുൻപിലും  മാളുവും ആമിയും പിറകിലുമായാണ് നടന്നത്.കൈനോട്ടക്കാരി പറഞ്ഞതുകേട്ട്  മാളു ഒന്ന് നിന്നു.
"അമ്മാ ഉങ്കൾ മകൾക്ക് ഒരു തമ്പി വര പോഗിരാൻ.അവൻ ഉങ്ക കണവനൈ പോല അളഗാഗ ഇരുപ്പാൻ."  ആ സ്ത്രീ മാളുവിനെ നോക്കി പറഞ്ഞു.
മാളു ചൂളിപ്പോയി! ദത്തൻ തന്റെ ഭർത്താവാണെന്നും ആമി തന്റെ മകളാണെന്നും  അവർ തെറ്റിദ്ധരിച്ചിരിക്കുന്നു.തനിക്ക് ഒരു മകൻ ഉണ്ടാവുമെന്നും അവൻ ദത്തനെ പോലെ സുന്ദരൻ ആയിരിക്കുമെന്നുമാണ് അവർ പറഞ്ഞത് .
"അതെ വഴിയേ നടന്നുപോകുന്നവർ ശരിക്കും  ഭാര്യയും ഭർത്താവും ആണോ എന്ന് പോലും മനസ്സിലാക്കാനുള്ള  കഴിവില്ലെങ്കി പിന്നെ എന്തിനാ നിങ്ങളീ പണിക്കിറങ്ങുന്നത് ?" ദത്തൻ അവരെ പരിഹസിച്ചു.

"മന്നിത്ത് വിടുങ്കൾ .നീങ്കൾ ഇരുവരും കണവൻ മണൈവി എൻട്രു നിനൈതേൻ.  " അവർ മാളുവിനോട് ക്ഷമ പറഞ്ഞു..
"അമ്മാ വിരവിൽ ഉങ്കളുക്ക് ഒരു അതിഷ്ടം വര പോഗിരത് !" അവർ വീണ്ടും മാളുവിനെ നോക്കി പറഞ്ഞു. മാളുവിന് ഉടനെ നല്ല കാലം വരും എന്നാണ് അവർ പറഞ്ഞത് .
" ആഹാ ഇനിയിപ്പോ എന്തോ വേണം ! നല്ല കാലം വരുമ്പോ നമ്മളെ ഒന്നും മറക്കരുത് കേട്ടോ..." ദത്തൻ മാളുവിനെ കളിയാക്കി.
മാളു ദത്തനെ നോക്കി മുഖം വീർപ്പിച്ചു.
എന്നിട്ട് വീണ്ടും നടന്നു തുടങ്ങിയതും മുൻപിൽ ഉണ്ടായിരുന്ന കല്ലിൽ തട്ടി  മുട്ടുകുത്തി നിലത്ത് വീണു!
"അയ്യോ അമ്മെ "മാളു ഉറക്കെ വിളിച്ചു!
"അമ്മ അമ്മ " മാളു കരഞ്ഞുകൊണ്ട് വിളിച്ചു .

ദത്തൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.
കുറച്ച്പേർ അങ്ങോട്ടേക്ക് ഓടിവന്നു.
"എഴുന്നേൽക്കാമോ കുട്ടി? മുറിഞ്ഞൊ നല്ലത്പോലെ.ഹോസ്പിറ്റലിൽ പോണോ." ആരൊക്കെയോ അവളോട് ചോദിച്ചു.
മാളു ഒന്നും മിണ്ടാതെ മുട്ടുകുത്തി നിലത്തിരിപ്പാണ് . കൈ രണ്ടും മുട്ടിൽ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്.
ദത്തൻ അവളുടെ ഇരുതോളിലും കൈയിട്ട് അവളെ പിടിച്ചെഴുനേൽപ്പിച്ചു.
മുട്ടുനിവർന്നതും മാളു വേദനകൊണ്ട്  അയ്യോ എന്നുറക്കെ വിളിച്ചു.
ദത്തൻ  അവളെ കാറിലേക്ക് പതിയെ നടത്തി.ആമി കരഞ്ഞുകൊണ്ട് മാളുവിന്റെ  സാരിത്തലപ്പ് പിടിച്ചിട്ടുണ്ട്.
ദത്തൻ മാളുവിനെ  കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുത്തി.മുട്ടിന്റെ ഭാഗത്തായി സാരിയിൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു.
അവൻ അവളോട് മുറിവ് കാണിക്കാൻ  ആവശ്യപ്പെട്ടു.
"വേണ്ട ഞാൻ വീട്ടിൽ ചെന്നിട്ട്     നോയ്ക്കോളാം ." മാളുവിന് മടി തോന്നി.
" മുറിവെത്രത്തോളം ഉണ്ടെന്ന് അറിയാൻ ചോദിച്ചതാണ്.  നീ സാരി മാറ്റ് ലച്ചു." ദത്തൻ അവളോടാവശ്യപ്പെട്ടു.
ദത്തൻ അറിയാതെ വിളിച്ച പേര് മാളു ശ്രദ്ധിച്ചു.ലച്ചു അവന്റെ ഭാര്യ ആയിരുന്നിരിക്കാം  എന്നവൾ ഊഹിച്ചു.
അവൾ മടിയോടെ സാരി സ്വല്പം ഉയർത്തി.
മുട്ടിന് താഴെ ആയി സ്വൽപ്പം  മുറിഞ്ഞിരുന്നു.മുറിവിൽ നിന്നും  ചോര വന്നുകൊണ്ടിരിക്കുകയാണ്.
ദത്തൻ കാറിൽ നിന്ന്  വെള്ളക്കുപ്പി എടുത്തു. മാളുവിന്റെ കാൽ വെളിയിലേക്ക് നീട്ടാൻ ആവശ്യപ്പെട്ടു.എന്നിട്ട് മുറിവിലേക്ക് വെള്ളം ഒഴിച്ച് കഴുകി.
"ആഹ് " മാളു വേദനകൊണ്ട് പുളഞ്ഞു.
"നീറുന്നുണ്ടോ ലച്ചു?" ദത്തൻ അവളെ സഹതാപത്തോടെ നോക്കി..
മുറിവിന്റെ വേദനയിൽ മാളുവിന് തലകറങ്ങുന്നത്പോലെ തോന്നി.
"എനിക്ക് തല കറങ്ങുന്നു."മാളു കാറിന് വെളിയിലേക്ക്  വീഴാൻ പോയി!
ദത്തൻ കാറിൽ ഫ്രണ്ട് സീറ്റിൽ അവളുടെ അടുത്തായി നിൽക്കുകയായിരുന്നു.അവൻ പെട്ടെന്ന്  തന്നെ അവളെ താങ്ങി പിടിച്ചു.
ഒരു കൈ കൊണ്ട്  അവളുടെ മുഖം എടുത്ത് അവന്റെ വയറിൽ ചേർത്ത് വെച്ചു . എന്നിട്ട് പതിയെ അവളുടെ പുറത്ത് തട്ടിക്കൊടുത്തു.
"പേടിക്കണ്ട കേട്ടോ. കുറച്ച് നേരം കണ്ണടച്ചിരുന്നോ.വീണതിന്റെയാ തലകറങ്ങുന്നത് .." ദത്തൻ അവളെ ആശ്വസിപ്പിച്ചു.
"തലകറങ്ങുന്നുണ്ടോ ..വീണതിന്റെ ഷോക്ക്  ആവും.കുട്ടിക്ക് കുടിക്കാൻ എന്തെങ്കിലും മേടിച്ച് കൊടുക്ക് " മാളു വീണപ്പോൾ അവിടെ ഉണ്ടായിരുന്ന ആരോ ഒരാൾ ദത്തന്റെ അടുത്ത് വന്ന് പറഞ്ഞു.
"കുറവുണ്ടോ ഇപ്പൊ?"ദത്തൻ മാളുവിനോട് ചോദിച്ചു.
"എനിക്ക് വല്ലാതെ വരുന്നു."  മാളു ദത്തനോട് പറഞ്ഞു.
"ഇവിടെ ഇരിക്ക്.ഞാൻ ഇപ്പൊ വരം."
ദത്തൻ മാളുവിനെ ഫ്രണ്ട്  സീറ്റിൽ തന്നെ ഇരുത്തി ഡോർ അടച്ച് ആമിയെയും കൊണ്ട് അടുത്തുള്ള കടയിലേക്ക്  ചെന്നു .അവിടുന്ന് ഒരു സോഡയും മേടിച്ച് വേഗം തിരിച്ച് വന്നു.മാളു കണ്ണടച്ച് കിടക്കുകയായിരുന്നു.ഒരു കൈ ഡോറിന്റെ ഹാന്ഡിലിൽ ഒരു ബലത്തിനെന്നോണം പിടിച്ചിരിക്കുന്നു.
"ഇത് കുടിക്ക് " ദത്തൻ സോഡാ ഗ്ലാസ് അവന്റെ കൈയിൽ പിടിച്ച് മാളുവിന്റെ ചുണ്ടിലേക്ക് ചേർത്തുവെച്ചു.അവൾ പതിയെ അത് കുടിച്ചു തീർത്തു.
കുറച്ച്  കഴിഞ്ഞപ്പൊ  അവൾക്കല്പം ആശ്വാസം തോന്നി.
"എഴുനേറ്റ് നടന്ന് നോക്കിയേ."ദത്തൻ മാളുവിനോട് പറഞ്ഞു.
അവൾ പതിയെ എഴുനേറ്റ് നടന്നു.
"നടക്കാൻ പറ്റുന്നുണ്ടല്ലോ അപ്പൊ ഫ്രാക്ചർ ഒന്നും കാണാൻ വഴിയില്ല."ദത്തൻ ആശ്വാസത്തോടെ പറഞ്ഞു.
"നല്ല വേദനയുണ്ട് " മാളു പറഞ്ഞു.
"അത് മുറിവ് വലിയുന്നതിന്റെയാ.മാറിക്കോളും.ബാൻഡ്എയ്ഡ് ഒന്നും വെയ്ക്കാൻ നിൽക്കണ്ട .കുറച്ച് കാറ്റ് തട്ടട്ടെ .അപ്പൊ പെട്ടെന്ന് ഉണങ്ങിക്കോളും."ദത്തൻ അവളെ ആശ്വസിപ്പിച്ചു.
മാളുവിനേയും ആമിയെയും കാറിൽ ഇരുത്തിയിട്ട് ദത്തൻ നേരെ ആ കൈനോട്ടക്കാരിയുടെ അടുത്ത് ചെന്നു.
"അതേ ഇവൾക്ക് നല്ലകാലം വരുമെന്ന് പറഞ്ഞപ്പോ അതിത്ര പെട്ടെന്ന് വരുമെന്ന് ഞങ്ങൾ വിചാരിച്ചില്ല." ദത്തൻ അവരെ പരിഹസിച്ചു.
അവർ ചമ്മി ഇരുന്നു.
പിന്നെ മെല്ലെ പറഞ്ഞു.."അമ്മാവുക്ക് കണ്ടിപ്പാ നല്ലകാലം വരും. ആനാ അതുക്ക് മുൻപ് ഏതോ കെട്ട തീമൈ ഒൺട്രു കാത്തിരിക്കിറത് !ഭദ്രമാക ഇറുക്ക വേണ്ടും !"
മാളുവിന്‌  നല്ല കാലം വരും പക്ഷെ  അതിനു മുൻപ് ഏതോ  ദുഷ്ടശക്തി എവിടെയോ കാത്തിരിക്കുന്നുണ്ടെന്നും അതിനാൽ സൂക്ഷിക്കണം എന്നാണ് അവർ പറഞ്ഞതെന്നും ദത്തന് മനസ്സിലായി. ദത്തൻ അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് തിരിച്ച് കാറിന്റെ അടുത്തേക്ക് നടന്നു.
"എന്താ അവർ പറഞ്ഞത്?" മാളു ആകാംഷയോടെ ചോദിച്ചു.
"ഓരോരോ വട്ടുകേസ്സ്‌ ! അകത്തേക്ക് തൊഴാൻ പോയ രണ്ടുപേരും ഇനി അവിടെ തന്നെ താമസ്സമാക്കിയോ എന്തോ.. " ദത്തൻ വിഷയം മാറ്റി.

To be continued........
രചന:അഞ്ജന ബിജോയ്

മരണക്കിണർ


വളരെ ആഴമുള്ള ഒരു കിണറ്റിലേക്ക് വീഴുന്ന പോലെയാണ് ഞാൻ മരണത്തിലേക്ക് വീണത്. അതു വരെ എഴുപത്തി രണ്ടു കിലോ കനവും അഞ്ചടി ഏഴിഞ്ചു നീളവുമുണ്ടായിരുന്ന എനിക്ക് വളരെ പെട്ടെന്ന് കനം ഇല്ലാണ്ടായത് പോലെ. ഭാരം കുറഞ്ഞൊരു വസ്തുവായി ആരോ എടുത്തെറിഞ്ഞതു പോലെയാണ് ഞാൻ വീണത്.. വളരെ വേഗത്തിലുള്ള വീഴ്ച ആയതു കൊണ്ടാകാം എനിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. മൂക്കിലേക്ക് അതി ശക്തമായി വായു അടിച്ചു കയറിയതിന്റെ ഫലമായി ശ്വാസം എടുക്കാൻ കഴിയാതെ എന്റെ ഹൃദയത്തിന്റെ അറകൾ നിറഞ്ഞു പൊട്ടി.പോകെ പോകെ ശ്വാസം നിലച്ചു തൊണ്ണൂറ് ശതമാനം മരിച്ച ഞാനാണ് പിന്നെ താഴേക്കു വീണത്. ബാക്കിയുള്ള പത്തു ശതമാനം ജീവനാണ് എന്നെ കൊണ്ടു ഇത്രയൊക്കെ ചിന്തിപ്പിക്കുന്നത്.. കൈയും കാലും കൂട്ടിക്കെട്ടി വലിയ ആഴമുള്ള ഒരു കിണറ്റിലേക്ക് വീഴും പോലെയാണ് ഞാൻ മരണത്തിലേക്ക് വീണത്..

മുന്നിൽ അവശേഷിക്കുന്ന നിമിഷങ്ങളിൽ ഒരു കഥ കൂടി പറഞ്ഞു എനിക്ക് അവസാനിപ്പിക്കാം.. എന്റെ അവസാനത്തെ കഥ.. ഒരുപക്ഷെ പുറംലോകം വായിക്കുന്ന ആദ്യത്തേതും...
വളരെ അടുത്ത ഒരു സുഹൃത്ത് ബൈക്ക് അപകടത്തിൽ മരിച്ചപ്പോളാണ് ആദ്യമായി മരണത്തിന്റെ അർത്ഥം തിരഞ്ഞത്.. ഒരു സജീവ വസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണത്രെ മരണം എന്ന് വിളിക്കുന്നത്‌.. അങ്ങനെയെങ്കിൽ എന്റെ മരണത്തെ മരണം എന്നു പോലും വിളിക്കാൻ നന്നേ മടിയുണ്ട്.. സജീവ വസ്തു എന്നതിൽ ജീവനുള്ള അല്ലെങ്കിൽ ജീവിക്കുന്ന വസ്തു എന്ന അർത്ഥം ധ്വനിക്കുന്നുണ്ട്. എന്റെ കാര്യത്തിൽ ഞാൻ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന സംശയമാണ് എന്നെ ഇത്തരത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. 
എനിക്ക് ഏറ്റവും ഇഷ്ടം എഴുതാനും വായിക്കാനും ആയിരുന്നു. ആ കാര്യം ഭംഗിയായി ഞാൻ ചെയ്തിട്ടില്ല എന്നത് മുൻപേ മനസിലായി കാണുമല്ലോ.. രണ്ടാമത് ക്രിക്കറ്റ് കളിക്കാനും മൂന്നാമതായി നീണ്ട യാത്രകൾ നടത്താനുമാണ്‌. ഇതു വരെയുള്ള ജീവിതത്തിൽ ഈ മൂന്നു കാര്യവും നിർദാക്ഷിണ്യം മാറ്റി വെക്കുകയാണ് ഞാൻ ചെയ്തത്.. സമയക്കുറവായിരുന്നു ആദ്യത്തെ രണ്ടിഷ്ടത്തിനും തടമെങ്കിൽ മൂന്നാമത്തേതിന് തടസം സാമ്പത്തികമായിരുന്നു.. അങ്ങനെ ഓരോ ഓരോ കാരണങ്ങൾ കണ്ടെത്തി പ്രിയപ്പെട്ടതെല്ലാം മാറ്റി വെച്ചു ഞാൻ ജീവിക്കുകയായിരുന്നോ...

എന്റെ പേര് ഞാൻ പറഞ്ഞില്ലല്ലോ അല്ലേ.. അ യിൽ തുടങ്ങുന്ന ഒരു പേരായിരുന്നു എന്നാണ് തോന്നുന്നത്. ഒരുപക്ഷെ അലക്സ് എന്നായിരുന്നിരിക്കാം. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഇഹലോകത്തിൽ ജീവിതം വെറും ഒരുക്കം മാത്രമാണ്. കർത്താവിന്റെ രണ്ടാം വരവിൽ ഒരുക്കി വെച്ചിരിക്കുന്ന പറുദീസയിലേക്കു പോകാൻ ഞങ്ങൾ ഈ ഭൂമിയിൽ ഉള്ള ജീവിതത്തിൽ ഞങ്ങളെ തന്നെ ഒരുക്കുകയാണ്.. നിത്യത എന്നത് പറുദീസയിൽ മാത്രമാണ്. 
ഇഹലോക ജീവിതത്തിലെ ചെയ്തികളെ അടിസ്ഥാനപ്പെടുത്തി അതിനു യോഗ്യത നേടണം എന്നതാണ് കാര്യം. അങ്ങനെ വരുമ്പോൾ അപ്പനെയും അമ്മയെയും വൃദ്ധ സദനത്തിലാക്കി സഹോദരങ്ങളെ പറ്റിച്ചു സ്വത്തു മുഴുവൻ കൈക്കലാക്കുകയും.. വീടിന്റെ അരികിലൂടെ വഴി നടന്ന അയൽക്കാരനെ കുഴി കുത്തി വീഴ്ത്തി കാലൊടിക്കുകയും പിന്നീട് അവിടെ വലിയ മതിൽ കെട്ടുകയും ചെയ്ത എന്റെ അവസ്ഥ എന്താകും.. ഞാൻ വഴി അടച്ചത് കൊണ്ടാണത്രേ അവന്റെ അപ്പൻ ആശുപത്രിയിൽ കൊണ്ടു പോകാനാവാതെ ചത്തത്. കഷ്ടം. വേനൽ കാലത്ത് മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരാൻ വന്ന പെണ്ണുങ്ങൾക്ക്‌ നേരെ പട്ടിയെ അഴിച്ചു വിട്ടതും അല്പം കടന്ന കൈയായി പോയി..... കുറേയൊക്കെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒന്നിനും പറ്റിയില്ല. വെറുതെ അല്ല മരണത്തെ രംഗബോധമില്ലാത്ത കോമാളിയെന്നു എം. ടി പറഞ്ഞത്. അല്ലെങ്കിലും എഴുത്തുകാർക്ക് പലതും മുൻകൂട്ടി കാണാൻ കഴിയുമെന്ന് അച്ഛമ്മ പറഞ്ഞിട്ടുണ്ട് ദീർഘ ദർശികൾ ആണത്രേ ഓരോ എഴുത്തുകാരനും...

അച്ഛമ്മയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് എന്റെ പേര് അനിൽ എന്നായിരുന്നു. പാടവരമ്പത്തൂടെ ഒപ്പം നടന്ന ചെറുമന്റെ മോനെ പാടത്തു തള്ളിയിട്ടതും ഞാൻ തന്നെയാണ്. വളർന്നു വന്നപ്പോൾ നന്നായി പാട്ട് പാടിയിരുന്ന ഞാൻ കുറെയേറെ പെൺകുട്ടികളുടെ ജീവിതം തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്. മനോഹരമായ ഒരു റോസാപ്പൂവിനെ കൈക്കുള്ളിൽ വെച്ചു ഞെരിച്ചുടക്കുന്ന ലാഘവത്തോടെയാണ് അതൊക്കെയും ഞാൻ ചെയ്തിരുന്നത്. അതിന്റെ ഒക്കെയും പ്രതിഫലം എനിക്ക് കിട്ടുക തന്നെ ചെയ്തു. സ്വന്തം ഭാര്യയെ ഒരു അന്യ പുരുഷനോടൊത്തു കിടപ്പറയിൽ കാണുക എന്നതിനപ്പുറം എങ്ങനെയാണു കാലം എന്നോട് കണക്കു തീർക്കുക എന്നു അന്നേ ഞാൻ ചിന്തിച്ചിരുന്നു. ജീവിതം ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്.. കാലമോ ദൈവമോ ആരാണ് ആ നാണയം ഇങ്ങനെ ഓരോ ദിവസവും കറക്കി എറിയുന്നത്.. എന്തെങ്കിലും നന്മ ചെയ്യണമെന്ന് തീർച്ചപെടുത്തിയ നിമിഷങ്ങളിലാണ് ഞാനീ മരണക്കിണറിലേക്കു വലിച്ചെറിയപെട്ടത്.. എന്തൊരു കൊടും ക്രൂരതയാണ്.ഞങ്ങൾ ഹിന്ദുക്കൾക്ക് മരണം എന്നത് ഒരു ആത്മാവിന്റെ ഉടുപ്പ് മാറൽ മാത്രമാണ്. തങ്ങൾ നിത്യനായ ആത്മാവാണ് എന്ന് അനുഭവത്തിൽ അറിഞ്ഞ ഞങ്ങൾക്ക് മരണം എന്ന അവസ്ഥയിൽ ദുഖമോ ഭയമോ ഇല്ല. അച്ഛമ്മ അന്ന് ചൊല്ലി തന്ന സൂക്തങ്ങൾ ചെവിയിൽ മുഴങ്ങുന്നു.
"അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ 
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ"

പക്ഷെ എന്തോ ഒന്ന് ജീവിച്ചിട്ട് മരിയ്ക്കാമായിരുന്നു എന്നൊരു തോന്നൽ ഈ അവസാന നിമിഷത്തിൽ പിടി മുറുക്കുന്നു. ഹൃദയം മരിച്ചു കഴിഞ്ഞാൽ ഏതാനം മിനിറ്റുകൾക്കുള്ളിൽ മസ്തിഷ്ക മരണവും സംഭിവിക്കേണം. എനിക്ക് മുന്നിൽ വളരെ കുറച്ചു നിമിഷങ്ങളെ ബാക്കിയുള്ളൂ എന്ന ചിന്ത മരണം വേഗത്തിലാക്കുമോ.. ജീവിച്ചിരുന്നപ്പോൾ മരണം ഇത്ര ഭീകരമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല. ചിന്തിക്കേണ്ടിയിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. അർഹിച്ചിരുന്നോ താൻ ഇത്തരം ഒരു മരണം...
തന്റെ ശരീരം ആരെങ്കിലും കണ്ടെടുക്കുമോ.. കണ്ടെടുത്താൽ തന്നെ ദിവസങ്ങൾക്കു ശേഷമാകും. ദുർഗന്ധം കാരണം ആരെങ്കിലും തിരിഞ്ഞു നോക്കിയിലായി. ഭാര്യ എന്നേ ഉപേക്ഷിച്ചു പോയി കഴിഞ്ഞു. ബോർഡിങ്ങിൽ നിർത്തി പഠിപ്പിച്ച കുട്ടികൾ തിരിഞ്ഞു നോക്കാറില്ല. അയൽക്കാരെ നന്നായി വെറുപ്പിച്ചു കഴിഞ്ഞു. വല്ലാത്ത ദുർഗന്ധം ചുറ്റും പടരുമ്പോൾ ആരെങ്കിലും വന്നു നോക്കും. അപ്പോഴേക്കും ശരീരം ആകെ ചീഞ്ഞു അഴുകിയിട്ടുണ്ടാകും. മജ്ജയിൽ നിന്നും തൊലി മെല്ലെ അടർന്നു പോരുന്ന അവസ്ഥയിൽ എത്തിക്കാണും. ഈ വെളുത്തു ഭംഗിയുള്ള തൊലിയെ പറ്റി ഓർത്തു കുറേ അഹങ്കരിച്ചിരുന്നു. ഒരു കറുത്ത കറുത്ത പാടു പോലും തന്നെ തന്നെ ഒരുപാട് ആശങ്കയിലാഴ്ത്തി. എല്ലാം വെറുതെ ആയിരുന്നു. എല്ലാ അഹങ്കാരത്തിന്റെയും അവസാനമാണ് മരണം.... ഉപ്പൂപ്പാ പണ്ട് പറഞ്ഞിട്ടുണ്ട്. ആത്മാവിനു ഈ ലോകത്തു ജീവിക്കാനുള്ള സംവിധാനം മാത്രമാണ് മനുഷ്യ ശരീരമെന്നു.. ഒന്നും ചെവിയിൽ കേറിയിരുന്നില്ല...
ഇപ്പോഴാണ് ശരിക്കും ഓർമ്മ വന്നത്. എന്റെ പേര് അക്ബർ എന്നായിരുന്നു. ഓത്തു പള്ളിയിൽ പോകാതെ ഒരുപാട് തവണ കള്ളത്തരങ്ങൾ ഒപ്പിച്ചിട്ടുണ്ട് താൻ.തിന്മ കൊണ്ടും നന്മ കൊണ്ടും നിങ്ങളെ ഞാൻ പരീക്ഷിക്കുമെന്നു വിശുദ്ധ ഖുറാൻ പറഞ്ഞിട്ടും ആകർഷിക്കപ്പെട്ടതെല്ലാം തിന്മയിലേക്ക് മാത്രമായിരുന്നു. 
അനുശോചിക്കാനോ നിയന്ത്രണമില്ലാത്ത നിലവിളിക്കോ, കരച്ചിലിനോ പറ്റിയ സമയമല്ല മരണ സമയമെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. മറിച്ച് ശാന്തമായിട്ടും സമചിത്തനായും നിൽക്കാനാണ് അനുശാസിക്കുന്നത്. ഒരു മുസ്ലിം മരിച്ചാൽ അവന്റെ ഭൗതികശരീരം സധാരണയായി അവന്റെ ബന്ധുക്കൾ കുളിപ്പിക്കുകയും അതിന് ശേഷം വൃത്തിയുള്ള 3 മുറി വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു ചെറിയ നിസ്കാരത്തോടൊപ്പം(മയ്യിത്ത് നമസ്കാരം) മറവ് ചെയ്യും. ഇതൊക്കെ ചെയ്യാൻ ഈ ദുനിയാവിൽ എനിക്കാരാണ് അവശേഷിച്ചിട്ടുള്ളത് .

ഇവയിലൊന്നും എനിക്ക് പ്രതീക്ഷ നൽകുന്ന ഒന്നുമേ ഇല്ല എന്നോർത്ത് അലമുറയിട്ടു കരയാനാണു തോന്നുന്നത്. ഉറക്കെ കരഞ്ഞാൽ ഓടി വരാൻ പോലും ആരുമില്ല. വിശുദ്ധ ഖുറാന് നിരയ്ക്കാത്ത കാര്യങ്ങൾ ചെയ്തു കൂട്ടിയപ്പോൾ ഇതൊന്നും ഓർമിച്ചതേ ഇല്ലല്ലോ. സ്വാർത്ഥനായിരുന്നു താൻ. ബന്ധങ്ങളിലും സ്നേഹത്തിലും സൗഹ്രദത്തിലും എല്ലാം എല്ലായ്പ്പോഴും ഞാൻ എന്റെ നേട്ടത്തിനായാണ് നിലകൊണ്ടത്. പലപ്പോഴും എന്റെ സ്വാർത്ഥത മറയ്ക്കാൻ ഞാൻ കണ്ടെത്തിയ വാക്കായിരുന്നു സ്നേഹക്കൂടുതൽ കൊണ്ടാണ് എന്നത്. ഒരുപക്ഷെ ശ്വാസം മുട്ടിയത് കൊണ്ടാകും അവൾ തന്നെ വിട്ടു പോയത്. പറന്നു നടക്കുന്ന പക്ഷിയെ എത്രനാൾ ഒരു കൂട്ടിൽ അടച്ചിടാൻ സാധിക്കും. എന്റെ സന്തോഷങ്ങൾക്കു മാത്രമായിരുന്നു ഞാൻ എന്നും പ്രാധാന്യം നൽകിയത്. മറ്റുള്ളവരുടെ സന്തോഷങ്ങൾക്കു..... ഇഷ്ടങ്ങൾക്കു കാൽച്ചുവട്ടിലെ മണൽത്തരികളുടെ സ്ഥാനം പോലും ഞാൻ കൊടുത്തിട്ടില്ല. ഹാ കഷ്ടം. വീഴ്ചക്ക് തൊട്ടു മുൻപേ ഒരു നല്ല മനുഷ്യനായി ജീവിക്കണമെന്ന് എനിക്ക് തോന്നിയിരുന്നോ.. എന്നാൽ അതിനും മുൻപേ ഭീകരമായ ആ മരണപാശങ്ങൾ എന്നെ ചുറ്റി വരിഞ്ഞു കളഞ്ഞല്ലോ.. ഇഹലോകത്തിലും പരലോകത്തിലും ഇടമില്ലാതെ ഉഴന്നു നടക്കുവാനാണോ എന്റെ വിധി.
ആസന്നമായ മരണം എന്റെ തൊട്ടടുത്തു എത്തിക്കഴിഞ്ഞു. ജീവിതം ഒരു മരണക്കിണർ പോലെയാണ്. മരണമെന്ന ആ വലിയ സത്യത്തിനു ചുറ്റും നമ്മൾ ഇങ്ങനെ രണ്ടു കാലിൽ പറക്കുകയാണ്. ചിറകുകൾ മുളയ്ക്കാത്ത പക്ഷികളെ പോലെ നാം പറക്കുന്നു. പ്രകൃതിക്കും ഭൂമിക്കും ദൈവത്തിനും മീതെയെന്നു അഹങ്കരിക്കുന്നു. മിഥ്യയായ ജീവിതത്തിനു പുറകേ പായുമ്പോൾ സത്യവും ധർമവും മറക്കുന്നു. എന്നാൽ അനിവാര്യമായ മരണത്തിനു മുന്നിലെത്തുമ്പോൾ എന്നെ പോലെ നിങ്ങളും കടന്നു പോയ ജീവിതത്തിലേക്ക് ഒരു വട്ടം തിരിഞ്ഞു നോക്കും. ഒന്നുകൂടി നന്നായി ജീവിക്കാൻ ഒരവസരത്തിനു വേണ്ടി കൊതിക്കും കരയും കെഞ്ചും. തിരിച്ചു വരവില്ലാത്ത ഒരു യാത്രയിൽ അകപ്പെടുവാൻ പോവുകയാണ് ഞാൻ. ഉണരാൻ കഴിയാത്തൊരു ഉറക്കത്തിലേക്കു ആഴ്ന്നിറങ്ങാൻ തുടങ്ങുകയാണ് ഞാൻ...
അവസാനം ഒരു സത്യം കൂടി ഞാൻ വിളിച്ചു പറയട്ടെ.. നിങ്ങൾ ചെവിയുണ്ടെങ്കിൽ കേൾക്കൂ.. ഞാൻ ഹിന്ദുവായി ജീവിച്ചു. ക്രിസ്ത്യാനിയായി ജീവിച്ചു. മുസൽമാനായി ജീവിച്ചു. ഒരിക്കലും ഒരു മനുഷ്യനായി ജീവിച്ചില്ല.
ഒന്നുകൂടി.. ഒരിക്കൽ കൂടി ഞാൻ വിളിച്ചു പറയട്ടെ.. ചെവിയുള്ളവർ കേൾക്കട്ടെ..
ഞാൻ എല്ലായ്പ്പോഴും മരിച്ചതും ഇപ്പോൾ മരിയ്ക്കുന്നതും മനുഷ്യനായാണ്.. കേവലം മനുഷ്യനായി മാത്രം...
ആത്മാവിനു കരയാൻ ആവുമായിരുന്നെങ്കിൽ ഞാൻ കരഞ്ഞേനെ.. നിലവിളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഉറക്കെ ഉറക്കെ നിലവിളിച്ചേനെ.. ഈ അവസാന നാഴികയിൽ എനിക്കൊന്നുമാകില്ലല്ലോ. ഉറങ്ങി കിടക്കുന്നവരെ വിളിച്ചുണർത്താൻ എനിക്ക് ശബ്ദമില്ലല്ലോ.. രക്തയോട്ടം നിലച്ചത് കൊണ്ടാകാം ശരീരം വല്ലാതെ തണുത്തുറയുന്നു. തൊലിയുടെ നിറമെല്ലാം നീല നിറം നിറയുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. ഇനി എന്നിൽ അവശേഷിക്കുന്ന ഏക ജീവന്റെ കണിക ചിന്താശേഷി മാത്രമാണ്. ചുറ്റിനും അവ്യക്തമായ രൂപമുള്ള എന്തെല്ലാമോ പറന്നു നടക്കും പോലെ.. വെളുത്ത പുക പോലെ.. എങ്കിലും അവയ്ക്കു ഏകദേശം ഒരു മനുഷ്യ രൂപം ഉള്ളത് പോലെ തോന്നുന്നു. "നീയും... നീയും " എന്നവർ ഉറക്കെ പറയും പോലെ. കണ്ണിന്റെ സ്ഥാനത്തു വലിയ കുഴിയുള്ള കൈകാലുകൾ ഇല്ലാത്ത മനുഷ്യ രൂപങ്ങൾ. പുക പോലെ അവർ വരികയും മായുകയും ചെയ്യുന്നു. എനിക്ക് ചുറ്റും അവ പ്രാകൃതമായ നൃത്തം വെയ്ക്കുന്നു. എന്തെല്ലാമോ ഉറക്കെ പാടുന്നു. എന്റെ കർണപുടങ്ങൾ പൊട്ടി പോകും തക്ക ഉച്ചത്തിൽ....
എന്റെ സമയം അവസാനിക്കുകയാണ്. ഒരുപക്ഷെ എല്ലാവരെയും പോലെ ഒട്ടും സംതൃപ്തമല്ലാത്തൊരു മരണം. ഒന്ന് കൂടി നന്നായി ജീവിക്കാൻ കൊതിച്ചു ഞാനും മരിയ്ക്കുകയാണ്. ജീവിതത്തിലേക്ക് ഒരിയ്ക്കൽ കൂടി തിരിച്ചു പോകാനും ചെയ്തു പോയ തെറ്റുകൾ തിരുത്താനും ഞാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഞാൻ ചെയ്യാതെ പോയതും മാറ്റി വെച്ചതും അവഗണിച്ചതും ഒക്കെയായിരുന്നു യഥാർത്ഥ ജീവിതം എന്നുള്ള തിരിച്ചറിവിൽ.. അഗ്നിയിൽ എന്ന പോലെ വെന്തുരുകി ഞാൻ മരിയ്ക്കുകയാണ്. വിയർപ്പിന് പകരം എന്റെ ഓരോ രോമകൂപങ്ങളിൽ നിന്നും കറുത്ത രക്തമാണ് ഒഴുകി ഇറങ്ങുന്നത് . അസാധ്യമായ ഒരു തിരിച്ചു പോക്കിന്റെ ആഗ്രഹങ്ങളിൽ തിളച്ചു മറിഞ്ഞു ഞാൻ മരണത്തെ പുല്കുകയാണ്.
അവസാനിക്കാറായി ചിന്തയിലും പുകമൂടുന്നു. എന്റെ പേരോ മതമോ ജാതിയോ ഒന്നും ഇപ്പോൾ ഓർമ്മയിൽ ഇല്ല.. രൂപമോ പണമോ സ്വത്തോ ഒന്നും കൂടെയില്ല. എന്റെ തിന്മകളുടെ ഭാരം മൂലം നടുവ്‌ വളഞ്ഞു ശിരസ്സ് കാൽമുട്ടുകളോട് ചേരുന്നു. അസ്ഥികൾ നുറുങ്ങുന്നുണ്ട്. അവസാനമായി ഒന്ന് കൂടി പറയട്ടെ.. കഥ കഴിയും മുൻപ്... ഞാൻ മരിക്കും മുൻപ്..
"നിങ്ങളും.......... "
(അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം
Date of publication:29/12/2018
Name of the author:Abin Mathew
#Copyright notice :The copyright of the above literary work is owned by the author,and rights reserved under Indian Copyright Act 1957 .Any reproduction of this work in any form without permission will face legal consequences under copyright infringement.

ഞാൻ പ്രകാശൻ

Image result for njan prakashan

ഒരു ബസ്‌ യാത്രയാണ്. പുലർ കാലത്തെ മഞ്ഞ് പുതച്ച പാതയിലൂടെയുള്ള ഒരു ബസ് യാത്ര. ഇരു വശവും പച്ചയുടുത്ത പാടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിക്ക് ആദ്യ ചുംബനം നൽകുന്ന കാഴ്ച കാണാം. 


ഇത്തിരി ദൂരം പിന്നിട്ടാൽ പുഴകളും മലകളും ഗ്രാമഭംഗിക്ക് മാറ്റ് കൂട്ടുന്നത് കാണാം. കാലത്ത് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമായ പതിവ് യാത്രക്കാരാണ് ബസിൽ. അവർക്കൊപ്പം ഞാനും. 
ഇത്തവണ ഫഹദ് ഫാസിൽ എന്ന രസികൻ കണ്ടക്ടറാണ്. അയാളുടെ ചെറു ചലനങ്ങൾ പോലും യാത്രക്കാരെ രസിപ്പിക്കുന്നു. ബസിലെ ആ തിരക്കിനിടയിലും മുന്നിലും പിന്നിലുമായി ഓടിയെത്തി ടിക്കറ്റ് നൽകി അയാൾ യാത്രയിൽ നിറഞ്ഞ് നിൽക്കുന്നു. ഇടക്ക് യാത്ര വിരസമായി അനുഭവപ്പെടുമെന്ന ഘട്ടത്തിൽ ഫഹദ് കൃത്യമായ രക്ഷാപ്രവർത്തനം നടത്തുന്നു. 
ക്ളീനറായി ശ്രീനിവാസനാണ്. 
ഏതൊക്കെ സ്റ്റോപ്പിൽ ആളെയിറക്കണം എത്ര നേരം നിർത്തണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിനറിയാം. പതിവ് പോലെ ഡ്രൈവർ സീറ്റിൽ സാക്ഷാൽ സത്യൻ അന്തിക്കാട്.. 
ഈ ബസ് ഇത് വരെ ഓടിയ അതേ റൂട്ടിൽ തന്നെയാണ് ഇപ്പോഴും ഓടുന്നത്. പുറം കാഴ്ചകളും യാത്രക്കാരും പരിചിതമായത് തന്നെ. എന്നിരുന്നാലും വിടരുന്ന ഓരോ പ്രഭാതത്തിനും ഒരു പുതുമ ഉണ്ടെന്നത് പോലെ ഓരോ പ്രഭാതവും നമ്മുടെ മനസിന് സംതൃപ്തി നൽകുന്നത് പോലെയാണ് 'ഞാൻ പ്രകാശൻ'. എത്രയാവർത്തിച്ചാലും നഷ്ടപ്പെടാത്തൊരു പുതുമ സത്യൻ ഇതിലും ചാലിച്ച് ചേർത്തിട്ടുണ്ട്. ഒത്തിരി ചിരിയിൽ നിന്നും പെട്ടെന്ന് ഒരു സഡൻ ബ്രേക്കിട്ട് ഒന്നു കണ്ണു നനയിച്ച് ഇത്തിരി ചിന്തകൾ നൽകുന്നൊരു യാത്ര. ധൈര്യമായി ടിക്കറ്റ് എടുത്ത് കയറാം ഈ യാത്രക്ക്.

By: Rahul Raj, Nallezhuth

മടങ്ങുന്ന ഗൾഫ് പ്രവാസികളെ പുനരധിവസിപ്പിക്കാൻ പദ്ധതികൾ വേണം


ക്രൂഡോയിൽ വില താഴോട്ട് പോകുമ്പോൾ അറബികളെക്കാൾ ചങ്കിടിപ്പ് മലയാളിക്കാണ്. ഗൾഫ് എന്ന സ്വപ്നം അസ്തമിക്കുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും അതിന്റെ ഭീകരത പ്രവാസികൾ അനുഭവിച്ച് തുടങ്ങിയത് ഈ അടുത്ത നാളുകളിലാണ്.
എല്ലാ വിഭാഗത്തിലും പെട്ട വിദേശികളായ കച്ചവടക്കാരും തൊഴിലാളികളും പഴയ സുവർണ കാലത്തെ സ്മരണകൾ അയവിറക്കി ഒഴിഞ്ഞ് പോക്കിന്റെ വഴിയിലാണ്. കഴിഞ്ഞ കാലത്ത് പ്രവാസിക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. കുടുംബത്തിലെ വിവാഹങ്ങളും മറ്റ് ചിലവുകളും വഹിച്ചിരുന്നത് പ്രവാസികളായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. അഞ്ച് സെന്റ് സ്ഥലം സ്വന്തമാക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിലാണ് ഒരു സാധാരണ ഗൾഫ് കാരൻ. രൂപക്ക് വിലയിടിഞ്ഞപ്പോൾ കിട്ടുന്നത് മുഴുവൻ നാട്ടിലേക്ക് അയച്ച് കൊടുത്താലും ഒന്നിനും തികയാത്ത അവസ്ഥ. അതിനിടക്കാണ് തൊഴിൽ, കച്ചവട രംഗത്തെ അനിശ്ചിതാവസ്ഥ. സ്വദേശിവത്കരണത്തിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് കൂടുതലും സൗദി അറേബ്യൻ പ്രവാസികളാണ്. ചെറുകിട കച്ചവട രംഗത്ത് മുതൽ മുടക്കി അനേകായിരങ്ങൾക്ക് അന്നം നൽകിയിരുന്ന സൗദിയിലെ തൊഴിൽ മേഖല തൊണ്ണൂറ് ശതമാനവും തകർന്ന് കഴിഞ്ഞു. സൗദി അറേബ്യയിൽ നിന്ന് മാത്രം ലക്ഷക്കണക്കിന് വിദേശികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ജോലിയും ചെറുകിട കച്ചവടവും നഷ്ടപ്പെട്ടും, ഉപേക്ഷിച്ചും വെറും കയ്യോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. അതിൽ കൂടുതലും മലയാളികളും.
നിറമുള്ള സ്വപ്നങ്ങൾ നെയ്ത് കൂട്ടി അടുത്തിടെ എത്തിയവരാണ് ജീവിതം വഴിമുട്ടി തിരിച്ച് പോയവരിൽ ഏറെയും.
പ്രളയത്തിന്റെയും, ഹർത്താലുകളുടെയും വർഗീയതയുടെയും അഴിമതിയുടെയും പിടിയിൽപെട്ട് നാശത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്ന നമ്മുടെ സർക്കാറുകൾ ഈ പാവങ്ങളെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലുമാണ്.
സൗദിയിലെ അവസ്ഥ ഇതാണെങ്കിൽ മറ്റ് ചില ഗൾഫ്നാടുകളിലെ വിദേശികൾ പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമത്തിലാണ്.
കോർപറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കടന്ന് കയറ്റത്തിൽ ശ്വാസം മുട്ടി ഓരോ സ്ഥാപനങ്ങളും നഷ്oത്തിലേക്ക് കൂപ്പ് കുത്തി അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. ഇട്ടാവട്ടത്തിലുള്ള ചെറിയ നാടുകളിൽ പോലും മൂന്നും നാലും കിലോമീറ്ററുകൾക്കുള്ളിൽ ഡസൻ കണക്കിന് ഹൈപർ മാർക്കറ്റുകളാണ് ദിനേന തുറക്കുന്നത്. ഒരു ഹൈപർ മാർക്കറ്റ് വരുന്നതോടെ അതിന്റെ പരിസരത്തുള്ള മീൻ കടകൾ മുതൽ സ്വർണക്കടകൾ വരെയുള്ള സ്ഥാപനങ്ങൾ അടച്ചു്പൂട്ടി പോകേണ്ട ഗതികേടിലാണ് പാവപ്പെട്ട കച്ചവടക്കാർ. അതോടെ ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നൂറ്കണക്കിന് തൊഴിലാളികളും വഴിയാധാരമാകുന്നു.
പല വ്യഞ്ജനം, പച്ചക്കറി , ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, മൊബൈൽ, ടെക്‌സ്റ്റൈൽസ്, റെഡിമെയ്ഡ്,
റെസ്റ്റോറന്റ് ,എന്നു് വേണ്ട മത്സ്യ മാംസ വ്യാപാരികൾ വരെ ഇതിന്റെ കെടുതി അനുഭവിക്കുന്നവരാണ്.
"കൊല്ലുന്ന ഓഫർ" എന്ന പേരിൽ വമ്പൻ പരസ്യങ്ങൾ നൽകി രാജ്യത്തെ തൊണ്ണൂറ് ശതമാനം കച്ചവടവും വിരലിലെണ്ണാവുന്ന വ്യക്തികൾ, കൗശലത്തിലൂടെയും തിണ്ണമിടുക്കിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്നു.
കൂടാതെ കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്ന
സർക്കാർ ഫീസുകളും , യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വർദ്ധിപ്പിക്കുന്ന കെട്ടിട വാടകയും, റോക്കറ്റ് പോലെ മേലോട്ട് പോകുന്ന വൈദ്യുത വാട്ടർ ചാർജും, തൊഴിലാളികളുടെ ശമ്പളവർദ്ധനയും എല്ലാം കൂടി ചെറുകിട ഇടത്തരം കച്ചവടക്കാരുടെ നടുവൊടിക്കുകയാണ്.
അതിനും പുറമെയാണ് ഇവിടങ്ങളിലെ സർക്കാറുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാറ്റ് നികുതിയും അവരുടെ ഉറക്കം കെടുത്തുന്നത്.
വിറ്റാൽ വില ലഭിക്കാത്തത് കൊണ്ടും, നാട്ടിൽ ചെന്നാലുള്ള തൊഴിലില്ലായ്മയും, ഉയർന്ന ജീവിത ചിലവു് ഭയന്നും ഭൂരിപക്ഷം സ്ഥാപനങ്ങളും നഷ്ടത്തിൽ ആയിട്ടും തട്ടി ഉരുട്ടി മുന്നോട്ട് കൊണ്ട് പോകുകയാണ് പലരും. കമ്പനികൾക്ക്‌ കൊടുക്കാനുള്ള കടങ്ങളും, തന്നെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും, കുടുംബങ്ങളും ഒക്കെയാണ് എങ്ങിനെയും ഇവിടെ പിടിച്ച് നിൽക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നതു്.
ചുരുക്കത്തിൽ ഇവിടങ്ങളിലെ ലക്ഷക്കണക്കായ ഇന്ത്യൻ പ്രവാസികൾ ഒരു മടക്കയാത്രയെക്കുറിച്ച വേവലാതിയിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നതു്.
അവരുടെ സ്ഥാപനങ്ങളും തൊഴിൽ സാദ്ധ്യതകളും സ്വന്തമാക്കാൻ നാടും വീടുമൊന്നും പ്രശ്നമല്ലാത്ത, നിയമങ്ങൾക്കു് വില കൽപിക്കാത്ത നമ്മുടെ അയൽ രാജ്യക്കാർ തിക്കിതിരക്കി മുന്നേറി കൊണ്ടിരിക്കുന്നു.
അങ്ങിനെ മിഡിൽ ഈസ്റ്റിൽ ഒരു സമൂഹത്തിന്റെ കൊഴിഞ്ഞ് പോക്ക് മറ്റൊരു സമൂഹത്തിന് വളമായി മാറികൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. കച്ചവടമില്ലാതെ നഷ്ഠത്തിൽ പോകുന്ന ബിസിനസ്സ് പിടിച്ച് നിർത്താൻ കൊള്ളപലിശക്കാരെ സമീപിച്ച് ഗത്യന്തരമില്ലാതെ ഒരു വിഭാഗം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുമ്പോൾ, ലാഭനഷ്ഠത്തെ കുറിച്ച ആകുലതകളില്ലാതെ വരുന്നിടത്ത് വെച്ച് കാണാമെന്ന മനസ്ഥിതിയോടെ അവർ രംഗം കയ്യടക്കിക്കൊണ്ടിരിക്കുന്നു.
ഒപ്പം ഈരാജ്യങ്ങളിൽ ഇതേ വരെയില്ലാത്ത കുറ്റകൃത്യങ്ങളും അരാജകത്വവും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ ആധിക്യം മൂലം ഈ കൂട്ടർക്ക് പല രാജ്യങ്ങളും വിസ നിർത്തിവെച്ചിട്ടുമുണ്ട്‌.
നാട്ടിലെ അവസ്ഥയാണെങ്കിൽ വളരെ പരിതാപകരമാണ്. ഗൾഫിൽ കൂലിപ്പണി എടുക്കുന്നവർക്ക് നാട്ടിൽ മെയ്യനങ്ങി ജോലി ചെയ്യാൻ ദുരഭിമാനം തടസ്സമാണ്. അത് കൊണ്ട് തന്നെ അവർ അടുത്ത ഗൾഫ് ചാൻസിന് വേണ്ടി നെട്ടോട്ടമോടുന്നു.
അതേ സമയം നാട്ടിൽ നിന്ന് പണം കൊയ്ത് കൊണ്ട് പോകുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. അവരുടെ സ്വപ്ന ഭൂമിയാണ് ഇന്ന് നമ്മുടെ കേരളം .
ഏതാണ്ട് മുപ്പത്തഞ്ചു് ലക്ഷത്തോളം അന്യസംസ്ഥാനക്കാർ കേരളത്തിലുണ്ടെന്നാണ് കണക്ക്. സർക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പതിനേഴായിരത്തി അഞ്ഞൂറ് കോടി രുപയാ ണ് പ്രതിവർഷം അവർ കേരളത്തിൽ നിന്ന് കടത്തുന്നത്. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം അറുപത്തി മുവായിരം കോടി രൂപ പ്രതിവർഷം അന്യസംസ്ഥാനക്കാർ നാട്ടിലേക്ക് കടത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.പ്രതിമാസം ലക്ഷം രൂപക്ക് മുകളിൽ സമ്പാദിക്കുന്ന ബംഗാളികളും നാട്ടിലുണ്ടെന്ന വസ്തുത നമ്മെ അമ്പരപ്പിക്കും. അവർക്ക് ജോലി ചെയ്യാൻ ദിവസം ഇരുപത്തിനാല് മണിക്കൂർ തികയാതെ വരുമ്പോൾ നമ്മുടെ മലയാളി യുവത്വം വില്ലേജോഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറും ഇരുന്നൂറും രൂപ തൊഴിലില്ലായ്മ വേതനത്തിന് വേണ്ടി ദിവസങ്ങളോളം ക്യൂവിലായിരിക്കും.
കല്യാണങ്ങൾ, ആഘോഷങ്ങൾ, ജാഥകൾ, യാത്രകൾ ,സമ്മേളനങ്ങൾ, സമരങ്ങൾ, അക്രമങ്ങൾ എന്നിവക്ക് മലയാളി യുവാക്കളുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായതിനാൽ അവർക്ക് ജോലി നൽകാൻ സ്വകാര്യ തൊഴിലുടമകൾക്ക് താൽപര്യമില്ല.
അഭ്യസ്തവിദ്യരായ ഒരു വിഭാഗം യുവാക്കൾ സർക്കാർ ഉദ്യോഗത്തിനുള്ള അനന്തമായ കാത്തിരിപ്പിലാണ്. ഒടുവിൽ യുവത്വം മുരടിച്ച് വാർദ്ധക്യത്തിന് വഴിമാറുന്നു.
ഉണ്ണാനും ഉടുക്കാനും എല്ലാം മറ്റ് സംസ്ഥാനങ്ങളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴും, ഗൾഫിന്റെ സമ്പന്നതയിൽ ഇത് വരെ നമ്പർവൺ എന്ന പേര് നമുക്കുണ്ടെന്ന അഹങ്കാരത്തിലാണ് മലയാളികൾ. പോരാത്തതിന് സമ്പൂർണ സാക്ഷരരെന്ന ലേബലും..
പക്ഷെ പെട്രോ ഡോളറിന്റെ അസ്തമയത്തോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന ലക്ഷക്കണക്കായ പ്രവാസികളെ പുരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്, അധികം വൈകാതെ ചെകുത്താന്റെ നാടായി മാറും . ഗൾഫ് യാത്രക്കാരില്ലെങ്കിൽ നമ്മുടെ നാലു് ഇൻറർനാഷണൽ എയർപോർട്ടുകൾ ഷട്ടിൽ സർവീസ് കേന്ദ്രങ്ങളാക്കി മാറ്റേണ്ടി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Written by By: Basheer Vaniyakkad, Published In Gulf Madhayamam, Republished by Author in Nallezhuth

ഹരീന്ദ്രൻ ദ് ഗ്രേറ്റ്



സിറ.... സിറ....
ജൽദി ആത്തി ആദ മക്കീന
സാമാൻ കാമൽ.
(പെട്ടെന്ന്.... പെട്ടെന്ന്....
വേഗം തന്നേ എൻജിൻ്റെ സാധനങ്ങൾ മൊത്തം തരുക.
നിനക്കെന്താ കല്യാണത്തിന് പോകാനുണ്ടോ, എന്താ ഇത്ര ധൃതി.
ഹിന്ദിയ്ക്ക് കളി ഒമാനിക്ക് പ്രാണവേദന.
ഞങ്ങളുടെ നാട്ടിൽ ഇതിൻ്റെ വേറൊരു വെർഷനിലുളള പഴഞ്ചൊല്ലാണുള്ളത്
പൂച്ചക്ക് വീണവായന, എലിക്ക് പ്രാണവേദന
ശൂ ആദ വീണ
(വീണ എന്നാൽ എന്താണ്)
എൻ്റമ്മോ ഞാനൊന്നും പറഞ്ഞില്ലേ, നീയാ ചീട്ട് തന്നേ....
വാങ്ങാനുള്ള സാധനങ്ങളുടെ
നീണ്ട ലിസ്റ്റും പിടിച്ചു കൊണ്ടു നിൽക്കുന്നത് നമ്മുടെ റാഷിദാണ്. റാഷിദിനെ നിങ്ങൾക്കറിയില്ലല്ലേ എന്നാൽ അറിഞ്ഞോളൂ.
റാഷിദ് വണ്ടികളുടെ യൂസ്ഡ്
പാർട്ട്സും, ഷാർജയിൽ നിന്ന് കൊണ്ടുവരുന്ന പഴയ എൻജിനും മറ്റു സാധനങ്ങളും വിൽക്കുന്ന ഒമാനിയാണ്. പഴയ എൻജിൻ കൊണ്ടുവന്ന് ഓവറോൾ ചെയ്ത് നല്ല വിലയ്ക്ക് മറിച്ചുവിൽക്കാനായിട്ട് നന്നാക്കാൻ ആവശ്യമായ സാധനങ്ങളുടെ
ലിസ്റ്റാണ് എൻ്റെ കൈയ്യിൽ തന്നത്.
ഇതിപ്പോൾ ഒരാഴ്ചയായിട്ട്
ഒരേവണ്ടിയുടെ സാധനങ്ങൾ തന്നേയാണല്ലോ മൂന്നാലു പ്രാവശ്യമായി വാങ്ങുന്നത്.
അതേ ഒരേ മക്കീനയുടെ സാധനങ്ങൾ തന്നേയാണ് വാങ്ങുന്നത്, ഞാൻ സാധനങ്ങൾ വാങ്ങി കൊണ്ടുചെന്ന് കൊടുക്കും,
മെക്കാനിക്ക് അത് പണിത് കുളമാക്കും, കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ ഇതുപോലെ പതിനേഴ് മക്കീനകൾ പണിതു നശിപ്പിച്ചവനാണാ മെക്കാനിക്ക്. മെക്കാനിക്കല്ല അവൻ മെഗാ നീക്കാണ്.
മെഗാ നീക്ക്, അയ്യോ അതിൻ്റെ അർത്ഥം പറയണ്ട അതൊരു ചീത്ത വാക്കാണ്, റാഷിദിൻ്റെ വിഷമം കാരണം അവൻ പറഞ്ഞതല്ലേ, അതുപോട്ടെ.
ഇത്ര കുറഞ്ഞ ദിവസത്തിനകം ഇത്രയും എഞ്ചിനുകൾ പണിതു നശിപ്പിക്കുന്ന ഒരേ ഒരു മെക്കാനിക്കേയുള്ളു ഈ ദുനിയാവിൽ, അതു ഹരിയാണ്, പക്ഷെ അവൻ ക്യാൻസടിച്ചു പോയല്ലോ.
ഹിന്ദിയാണോ നിൻ്റെ മെക്കാനിക്ക്, എന്താണവൻ്റെ പേര്.
സാ, സ
ഹിന്ദി,ഹിന്ദി,
ഇസം മൽ ഹുവാ ഗരി ല്ലാ നരി ബറാബർ മാ അറഫ്.
ഹരിയെന്നോ, നരിയെന്നോ ഏതാണ്ടങ്ങിനെയാണെന്ന് പറഞ്ഞപ്പോഴെ മനസ്സിലായി
പാവം ഒമാനിക്ക് കിട്ടിയിരിക്കുന്ന പണികൾ വന്ന വഴി.
റാഷിദ് പുതിയ വിസയിൽ വരുത്തിയതാണ്
ഹരിയെന്ന മെക്കാനിക്കിനെ തൻ്റെ ഗ്യാരേജിലേക്ക്. അവൻ്റെ സംസാരം കേട്ടാൽ അരക്കില്ലത്തിൻ്റെ മെക്കാനിസം പോലും രാജശില്പിക്ക് പറഞ്ഞു കൊടുത്തത് അവനാണ് എന്നു തോന്നുന്ന സംസാരരീതിയിൽ വീണുപോയതാണ് പാവം ഒമാനി. പണ്ട് ഹരിയുടെ ഗ്യാരേജിൽ വച്ച് കണ്ട പരിചയത്തിലാണ് അവിടെ നിന്ന് ക്യാൻസൽ ചെയ്ത് പോയപ്പോൾ പുതിയ വിസ കൊടുത്തത്. പക്ഷെ അവിടത്തെ പണികൾ എല്ലാം വൃത്തിയായി ചെയ്തു കൊണ്ടിരുന്നത് ഹരിയുടെ സഹോദരൻ സോമനാണ്. അതീപാവം റാഷിദിനറിയില്ലല്ലോ.
തനിക്കും അറിയില്ലായിരുന്നല്ലോ ഹരീന്ദ്രൻ്റെ വേന്ദ്രത്തരങ്ങൾ.
ഹരിയെ പരിചയപ്പെട്ടത് നന്നായി ഓർക്കുന്നു. കറുത്ത് നല്ല വീതിയും നീളവുമുള്ള ഒരു മെക്കാനിക്ക് ഒരിയ്ക്കൽ എന്തോ സാധനം വാങ്ങിക്കാനായി വന്നു.
സാധനങ്ങൾ എല്ലാം വാങ്ങിയതിനു ശേഷം സ്വയം പരിചയപ്പെടുത്തി, അതൊരൊന്നൊന്നര ഒന്നേമുക്കാൽ പരിചയപ്പെടുത്തൽ ആയിരുന്നു.
ഞാൻ ഹരീന്ദ്രൻ, മെക്കാനിക്ക് ഹരിയെന്ന് പറഞ്ഞാൽ ഒമാൻ മൊത്തം അറിയും. സാധാരണ നമ്മുടെ നാട്ടുകാരേ പോലെ ടൊയോട്ടയും നിസ്സാനും, മസ്ദയും മാത്രമല്ല ബീഎമ്മും, മെഴ്സിഡെസ്സും വരേ കീറിപ്പൊളിച്ച് പണിയും, അമേരിക്കൻ വണ്ടി വരേ പണിതിട്ടുണ്ട്.
ദൈവമേ അല്പനേരം കൂടെ സംസാരിച്ചിരുന്നെങ്കിൽ ലംബോർഗിനി വരെ നന്നാക്കാറുണ്ട് എന്നു പറഞ്ഞേനേ. ആദ്യമെല്ലാം ഇത്തിരി വിശ്വസിച്ചു എൻ്റമ്മോ ഈ പിള്ളയദ്ദേഹത്തിൻ്റെ എജ്ജാതി തള്ളാളെൻ്റയ്യപ്പോ,
ഹരിയുടെ രൂപവും സംസാരരീതിയും
കേട്ടപ്പോൾ ഉപ്പുംമുളകിലെ
ബാലുവിനേ ഓർത്തു പോയി .
ഇടതു കൈയ്യിൽ ഒരു സ്ക്റൂഡ്രൈവറും വലതു കൈയ്യിൽ ഒരു സ്പാനറും ഉണ്ടെങ്കിൽ കേടായ ഏതു വണ്ടിയും നന്നാക്കാൻ നിമിഷങ്ങൾ മതി
എന്ന് അന്ന് പറഞ്ഞത് ഇങ്ങിനെ നന്നാക്കാനായിരുന്നു എന്നറിഞ്ഞില്ലായിരുന്നു.
ഇപ്പോൾ നിങ്ങൾക്കും ഹരിയേ കുറിച്ച് ഏകദേശമൊരു ധാരണ ആയില്ലേ, എന്നാൽ ആ കാൻസൽ ചെയ്ത് പോയ വിശേഷം കൂടി പറഞ്ഞേക്കാം.
ഒരു ദിവസം പതിവു തള്ളിനും കൂടെ അല്പം സാധനങ്ങളും വാങ്ങാൻ ഹരി വന്നതൊരു വ്യാഴകളമെ സായംകാലം.
നമുക്ക് പരിചയമുള്ള ഒരു ഒമാനിയുടെ വണ്ടിയുടെ ബ്രേക്ക് ശരിയാക്കാൻ ഒത്തിരി ഗ്യാരേജിൽ കൊണ്ടുപോയി പക്ഷെ ആരും പണിതിട്ട് ശരിയാകുന്നില്ല, ഞാനതിൻ്റെ അസുഖമെല്ലാം കണ്ടു പിടിച്ചു. ബ്രേക്ക് സിലിണ്ടർ കംപ്ലെയിൻ്റ് ആയതാണ്. അത് മാറ്റി വച്ചാൽ വണ്ടി പറ പറന്നാലും പറഞ്ഞാൽ പറഞ്ഞിടത്തു നിൽക്കും.
ഏതായാലും സിലിണ്ടറും വാങ്ങി, വണ്ടി ശരിയാക്കിയിട്ട്
ഒമാനിയുടെ കൈയ്യിൽ നിന്ന് പൈസയും വാങ്ങിത്തരാം എന്നു പറഞ്ഞ് പോയിട്ട് പിന്നെ രണ്ടു ദിവസത്തേയ്ക്ക് ഹരിയെ കണ്ടില്ല. പിന്നെ കാണുന്നത്
ഞായറാഴ്ച ഉച്ചയ്ക്ക് പോലീസു വണ്ടിയിൽ ഹരിയും രണ്ടു പോലീസുകാരും വേറൊരു ഒമാനിയും കൂടി കടയിലേക്ക് വരുന്നതാണ്.
പോലീസുകാർ ഹരിക്ക് കൊടുത്ത ബ്രേക്ക് സിലിണ്ടറിൻ്റെ കാലിക്കവർ ചോദിച്ചു, അവർ അത് തിരിച്ചും മറിച്ചും നോക്കി ജപ്പാൻ്റെ ആണെന്ന് ഉറപ്പു വരുത്തി. സിലിണ്ടറിൻ്റേയും ബ്രേക്ക് ഓയിലിൻ്റേയും പൈസയും തന്നു. അതിനു ശേഷമാണ് അവർ കാര്യം പറഞ്ഞത്.
ഹരി വണ്ടി നന്നാക്കി കൊടുത്ത് ബ്രേക്ക് എല്ലാം സൂപ്പർ ആണെന്ന് പറഞ്ഞു, ട്രയൽ ഓടാൻ വണ്ടി എടുത്തു കൊണ്ട് പോയ ഒമാനി പിന്നെ വന്നത് ബ്രേക്ക് ഡൗൺ വണ്ടിയിൽ ഇടിച്ചു തകർന്ന വണ്ടിയും കൊണ്ടാണ്, പണിക്ക് മുമ്പേ ഇത്തിരി ബ്രേക്കിൻ്റെ കുറവേ
ഉണ്ടായിരുന്നുളളു പിന്നീട് ബ്രേക്കിൻ്റെ കാര്യം പറയാനേയില്ല, എന്തെന്നാൽ ബ്രേക്കില്ല എന്നു തന്നേ. അതു ചോദിച്ച ഒമാനിയോട് ഒന്നുംരണ്ടും പറഞ്ഞ് തെറ്റി ഉന്തും തള്ളും കഴിഞ്ഞ് കയ്യാങ്കളിയായി. അടി കിട്ടിയ ഒമാനി പോലീസ്കാരനായിരുന്നു എന്ന് ഹരി തിരിച്ചറിഞ്ഞത് രണ്ടു ദിവസത്തെ കാരാഗൃഹവാസത്തിനിടയിൽ ആയിരുന്നു. കേസ്സാക്കിയാൽ
അഞ്ചാറുമാസം അകത്തു കിടക്കാനുള്ള വകുപ്പ് ഉള്ളതിനാൽ ഹരിയുടെ അറബി ഇടപ്പെട്ട് വിസ ക്യാൻസൽ ചെയ്ത് നാട്ടിൽ വിട്ടതാണ്. പിന്നീട് ഗ്യാരേജ് അടച്ചു പൂട്ടി. പണിയില്ലാതെ ആയ അനിയൻ മറ്റെവിടെയോ ഗ്യാരേജിൽ
പണിക്കും കയറി.
സാധനങ്ങൾ എല്ലാം വാങ്ങി
പോകാൻ നേരം റാഷിദ് തിരക്കി എന്താണിനി ഒരു പോംവഴി, നിൻ്റെ പരിചയത്തിൽ നല്ല മെക്കാനിക്ക് ഉണ്ടെങ്കിൽ പറയണം വിസ ശരിയാക്കിത്തരാം.
ഒരു പോംവഴിയുണ്ട്. നീ ഹരിയുടെ അനിയന് വിസ കൊടുക്ക് അവൻ നല്ല പണിക്കാരനാണ്. വണ്ടിയുടെ പഴയ സാധനങ്ങൾ വിൽക്കുന്ന ഷോപ്പിലേക്ക് ഹരിയേ മാറ്റുക.
അതൊരു നല്ല തീരുമാനമാണ്. റാഷിദ് നന്ദിയും പറഞ്ഞു പോയി.
പിന്നീടൊരിയ്ക്കൽ ഹരിയെ
റാഷിദിൻ്റെ
പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ വച്ച് കണ്ടു.
പണിയെല്ലാം എങ്ങിനെ പോകുന്നു എന്ന ചോദ്യത്തിനുത്തരം കേട്ട് ഞാൻ അല്പനേരം ചിന്തിച്ചിരുന്നു പോയി.
ഒരു പണിയുമില്ലാത്ത ദിവസം
ആണെങ്കിൽ അഴിയാത്ത ഏതെങ്കിലും നട്ടിൻ്റെ പുറകെ അങ്ങു കൂടും, അന്നത്തെ ദിവസം അങ്ങിനെ തീർക്കും.
ഏതായാലും നൈസു പണിയും കട്ടി ശമ്പളവും ഒടുക്കത്തെ തള്ളുമായ്
ഞാൻ ഹരീന്ദ്രൻ എന്നു പറഞ്ഞ് പുതിയ ഇരകളെ പരിചയപ്പെടാൻ കാത്തിരിയ്ക്കുന്ന ഹരിയോട് യാത്ര പറഞ്ഞ് പിരിഞ്ഞു.

By: PS Anilkumar, 

അടങ്ങാത്ത മോഹജന്മം

Image may contain: Saji Varghese, tree, sky, outdoor and nature

ചിതറിത്തെറിക്കുന്ന ചിന്തകൾ,
ചിതറിയോടുന്ന ജീവിതങ്ങൾ;
ചിതൽപ്പുറ്റുപോലുളള മോഹങ്ങൾ !
മനം മടുപ്പിക്കുന്ന ജീവിതക്കാഴ്ചകൾ!
മരുഭൂമിയിലെന്നപോലലയുമീജന്മം,
മരണമെത്തുവാൻ നേരത്ത്, ജീവിച്ചിരിക്കുവാൻ മോഹമെന്നോതിയും,
മരണമെത്താത്തപ്പോൾ,
മരണമെന്തെന്നു തേടിയും,
മരുഭൂമിയിലലയുന്നകാലജന്മം;
മുടിയാകെ പാറിപ്പറത്തിക്കൊണ്ട്,
മറുകരയിലേക്ക് നോക്കിയിരിക്കുന്ന,
മനുഷ്യപ്പെണ്ണിവളുടെയുടലുകൾ,
നോക്കി ചിരിക്കുന്നുണ്ട് ചിലർ,
നോക്കിനോക്കി കരയുന്നുണ്ട് ചിലർ,
ഭൂമിയിൽപ്പിറന്ന് വീണപ്പോൾ,
ഭൂമിയിൽ വളർന്ന്പന്തലിച്ചപ്പോൾ,
ഭൂലോകരംഭയെന്ന് വിളിച്ച്,
ആർത്തിപൂണ്ട് ആവേശത്താൽ,
ആരവമുയർത്തിയുയർത്തിയലിംഗത്താൽ,
ജീവഗൃഹത്തെ കുത്തിനോവിച്ചപ്പോൾ,
ജീവിച്ചു തീരുവാനായ്,
ജീവച്ഛവംപോൽ കിടന്നു നിശ്ചലം;
കരയുന്നുണ്ടൊരുവൾ പ്രണയത്താൽ വഞ്ചിതയായ്,
കരയുന്നുണ്ട് മറ്റൊരുവൾ വിശപ്പടക്കുവാനായ്,
കണ്ണീരിനുപ്പുകലർന്ന ജീവജന്മങ്ങൾ.
കരയുന്നുണ്ട് വേറൊരുവൾ,
കടലുപോൽമോഹമായ് വരണമാല്യ മണിഞ്ഞവൾ,
കരയുന്നുണ്ട് ഒരായിരംപെണ്ണുടലുകൾ,
കാഴ്ചകൾമോഹങ്ങൾ പലവിധമാണെന്നതു മാത്രം,
കിടപ്പറയിൽനിന്നുയരുന്നുതേങ്ങലുകൾ,
തെരുവിൽകിടക്കുന്നു മറ്റൊരുവൾ,
വിശന്നവയറിന് കാവലാളായവൾ,
വിശപ്പിന്റെ വേദനയറിഞ്ഞവൾ,
വയറിന്റെ വിശപ്പകറ്റുവാൻ,
വിയർപ്പിൽക്കുളിച്ച് മാലിന്യം വാരുന്നുണ്ടവൾ,
വിശപ്പ് ശരീരത്തിനാണെന്ന്പറഞ്ഞ്,
വിവസ്ത്രയായ് പട്ടുമെത്തയിൽക്കിടന്ന്,
വരണ്ടമതിലുകളിലുയർന്നുനിൽക്കുന്ന ഗോപുരത്തെ നോക്കി,
പിറുപിറുക്കുന്നുണ്ട് മറ്റൊരുവൾ;
വേദനയിലങ്ങനെ വിധിയെപ്പഴിച്ചു കൊണ്ടടുക്കളയിലാടിത്തീർക്കുന്നുണ്ടൊരുവൾ,
ശിലയായ്ക്കിടക്കുന്നവളുടെ,
ശരീരത്തിൽ ചിത്രപ്പണികൾ തീർത്തശേഷം,
ശാന്തനായ്കിടക്കുന്നവനെനോക്കി,
ശ്വാസമടക്കി വിതുമ്പുന്നുണ്ടൊരുവൾ,
മകൾ, മരുമകൾ ,ഭാര്യയുമമ്മയുമായ്,
മോഹങ്ങളൊക്കെയും പൂർത്തീകരിക്കാതെ,
മോഹഭംഗത്താൽക്കിടന്നുവേദനിച്ച്,
മരണത്തെപുൽകുവാൻ കാത്തിടുന്നവൾ,
സ്ത്രീജന്മം അടങ്ങാത്ത മോഹജന്മം.
സജി വർഗീസ്
Copyright protected.

മാളവിക - Part 5


അവൻ വേഗം മാളുവിന്റെ വീട്ടിലേക്ക് നടന്നു.അവിടെ മാളു ആമിയെ എടുത്ത് വട്ടം കറക്കുന്നു.അതിന്റെ രസത്തിൽ ആമി കുടുകുടെ ചിരിക്കുന്നു.ദത്തൻ കുറച്ചുനേരം ആ കാഴ്ച നോക്കി നിന്നു .
"അമ്മെ ഇനീം ഇനീം  " ആമി പറഞ്ഞു.
ആമിയുടെ അമ്മെ എന്നുള്ള വിളി കേട്ടതും ദത്തന് പിന്നെയും ദേഷ്യം വന്നു.
അവൻ വേഗം അങ്ങോട്ട് ചെന്നു .ദത്തന്റെ ദേഷ്യത്തോടെയുള്ള വരവ് കണ്ട് മാളു പേടിച്ചുപോയി!
ഓടിവന്ന് ദത്തൻ  മാളുവിന്റെ കൈയിൽ  നിന്നും ആമിയെ പിടിച്ചെടുത്തു.കുഞ്ഞ് അലറിക്കരയാൻ  തുടങ്ങി.
"നിങ്ങൾ എന്താ ഈ  കാണിക്കുന്നത്?ദേവിയമ്മ ഇവളെ എന്നെ ഏല്പിച്ചിട്ടാ  അമ്പലത്തിൽ  പോയത്." മാളു അവനോട് ഒച്ചവെച്ചു.
ആമി " അമ്മെ അമ്മെ" എന്ന് വിളിച്ച് കരഞ്ഞു.
"ആമി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കണ്ട ആൾക്കാരെ കേറി അമ്മെ കുമ്മെ  എന്ന് വിളിക്കരുതെന്ന്! വീട്ടിലേക്ക് വാ നിനക്കുള്ളത് അവിടെ ചെന്നിട്ട് തരാം."
മാളുവിനെ നോക്കുകപോലും ചെയ്യാതെ ദത്തൻ കുഞ്ഞിനേയും കൊണ്ട് അപ്പുറത്തേക്ക് പോയി.ബംഗ്ലാവിന്റെ സിറ്റൗട്ടിലേക്ക്  കയറുമ്പോഴും ആമി അലറിക്കരയുന്നുണ്ടായിരുന്നു.മാളുവിന്‌ ആ കാഴ്ച്ച  കണ്ടുനിൽക്കാനായില്ല.എന്ത് വേണമെന്ന് അവൾ ആലോചിച്ചു.അപ്പുറത്തെ ഗേറ്റ് ദത്തൻ വിചാരിച്ചാലെ  തുറക്കാൻ പറ്റു.അത് റിമോട്ട് കോൺട്രോൾഡ് ആണ്.പിന്നെ അവൾ ഒന്നും ആലോചിച്ചില്ല .രണ്ടും കൽപ്പിച്ച് മതില്  ചാടി!

നേരെ  ബംഗ്ലാവിന്റെ സിറ്റൗട്ടിലേക്ക് ഓടി.അടഞ്ഞുകിടന്ന കതകിൽ തുരുതുരെ മുട്ടി.
കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നില്ല എന്നവൾ ശ്രദ്ധിച്ചു  .അവൾ വീണ്ടും കതകിൽ മുട്ടി.പെട്ടെന്ന് വാതിൽ തുറന്നു!
"എന്ത് വേണം?" വാതിലടഞ്ഞ്  നിന്നുകൊണ്ട് ദത്തൻ ചോദിച്ചു.
"കുഞ്ഞ്  എവിടെ?" മാളു അകത്തേക്ക് നോക്കി  ചോദിച്ചു.
"നീ ഇവിടെ  ഏതെങ്കിലും കൊച്ചിനെ ഏല്പിച്ചിട്ട് പോയിരുന്നോ  വന്നു ചോദിക്കുമ്പോഴേ എടുത്ത് തരാൻ?"ദത്തൻ പരിഹാസത്തോടെ ചോദിച്ചു.
"ആമി എവിടെ എന്നാ  ചോദിച്ചത്?ദേവിയമ്മ എന്നെ ഏല്പിച്ചിട്ടാ  പോയത്."മാളു വിഷമത്തോടെ പറഞ്ഞു.
"കൊച്ചിന്റെ അമ്മൂമ്മ  ഏൽപ്പിച്ചു ഇപ്പൊ കൊച്ചിന്റെ അച്ഛൻ വന്ന് തിരിച്ചുവാങ്ങി.ഇനി പൊയ്ക്കോ ."ദത്തൻ വാതിൽ അടയ്ക്കാൻ തുടങ്ങി.മാളു  ഒരു കൈ കൊണ്ട് വാതിൽ തള്ളിപ്പിടിച്ചു.
"പറ്റില്ല.എനിക്കവളെ കാണണം.നിങ്ങളടിച്ചോ അവളെ?അവളുടെ  ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ .അവളെ കണ്ടിട്ടേ ഞാൻ പോവൂ"ദത്തന്റെ സമ്മതത്തിനൊന്നും  കാക്കാതെ മാളു ആ വാതിൽ തള്ളിത്തുറന്നു.
"ആമി ആമി" മാളു ഉറക്കെ വിളിച്ചു.വാതിലടച്ച് ദത്തൻ അവളുടെ നേരെ ചെന്നു.അവൾ ഭയത്തോടെ അവനെ നോക്കി.ദത്തൻ അവളുടെ കൈ പിടിച്ച് അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി.അവിടെ ഇതൊന്നുമറിയാതെ അടുക്കളയുടെ പാതകത്തിലിരുന്ന്  ഐസ് ക്രീം നുണയുന്ന ആമിയെ കണ്ടപ്പോഴാണ്  മാളുവിന്‌ സമാധാനമായത്!
"ആമി" മാളു കുഞ്ഞിനടുത്തേക്ക് ചെന്നു .
"അമ്മെ അച്ഛൻ ഐസ് ക്രീം കൊണ്ടുവന്നു .അമ്മയ്ക്ക്  വേണോ?" ആമി പാതി തീർന്ന ഐസ് ക്രീം നീട്ടിപ്പിടിച്ച് ചോദിച്ചു.
"വേണ്ട വാവ  കഴിച്ചോ" മാളു പറഞ്ഞു.
ആമി  വീണ്ടും ഐസ്ക്രീം നുണയാൻ തുടങ്ങി.
മാളു ദത്തനെ ജാള്യതയോടെ നോക്കി.
"ഇനി പോവാമല്ലോ?" ദത്തൻ ചോദിച്ചു.
ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി.ഐസ് ക്രീം കഴിക്കുന്നതിന്റെ രസ്സത്തിനിടയിൽ  മാളു പോകുന്നത് ആമി ശ്രദ്ധിച്ചില്ല.
മാളുവിന്റെ  പിറകെ ദത്തനും ചെന്നു .
"ഒന്ന് നിന്നെ!" ദത്തൻ വിളിച്ചു .
അവൾ തിരിഞ്ഞു നിന്ന് ദത്തനെ നോക്കി.
"എങ്ങനെയാ ഇങ്ങോട്ട് വന്നത്?ഗേറ്റ് ചാടിയോ?" അവൻ അവളോട് ചോദിച്ചു.
"ഇല്ല മതില് ചാടി" മാളു  പറഞ്ഞു.
"എന്തിന് ?"ദത്തൻ  അത്ഭുതത്തോടെ അവളെ നോക്കി ചോദിച്ചു.
"നിങ്ങൾ ആ കൊച്ചിനെ തല്ലിയോ കൊന്നോ എന്നറിയില്ലല്ലോ.നിങ്ങള് വിചാരിക്കാതെ ഈ ഗേറ്റും തുറക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് നേരെ മതില് ചാടി"
ദത്തൻ അവളെ കുറെ നേരം നോക്കി നിന്ന്.
മാളു അവനെ നോക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി.പെട്ടെന്ന്  നിന്ന് അവൾ ചോദിച്ചു.
"എന്താ ഗേറ്റ്  ചാടിയോ എന്ന് ചോദിച്ചത്?"
ദത്തൻ  മാളുവിനോട്  വാഷ്‌ബേസിനു മുൻപിലുള്ള കണ്ണാടിയുടെ മുൻപിൽ വന്നു നിൽക്കാൻ  പറഞ്ഞു.ഒന്ന് മടിച്ചെങ്കിലും അവൾ അങ്ങോട്ട് ചെന്നു. അവിടെ ചെന്ന് നിന്നപ്പോൾ ദത്തൻ  മാളുവിന്റെ  തോളിൽ പിടിച്ച് അവളെ കണ്ണാടിക്ക് പുറം തിരിഞ്ഞ് നിർത്തി.അവൾ അയ്യോ എന്ന് വിളിച്ചുപോയി! അവൾ ഇട്ടിരുന്ന നീളൻ പാവാട ഒരു കൈ നീളത്തിൽ കീറിയിരിക്കുന്നു.അണ്ടർസ്കേർട്ട്  ഉള്ളത്കൊണ്ട് രക്ഷപെട്ടു.മതിലിൽ ഇരുന്ന് നിരങ്ങി ഇറങ്ങിയപ്പോൾ സംഭവിച്ചതാകാം.അവൾ പെട്ടെന്ന് കണ്ണാടിയുടെ മുൻപിൽ  നിന്ന് മാറി പാവാടയുടെ കീറിയഭാഗം കൈകൾ കൊണ്ട് പൊത്തിപിടിച്ചു.
"ആർക്കാനും വേണ്ടി മതിലുചാടി വന്നപ്പോ ഓർക്കണമായിരുന്നു "ദത്തൻ പറഞ്ഞതുകേട്ട് മാളു തലകുനിച്ച് നിന്നു .
"ഇവിടെ നിൽക്ക് .ഇപ്പൊ വരാം"എന്തോ ആലോചിച്ചിട്ട് ദത്തൻ  പറഞ്ഞു.അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ പടികൾ കയറി അവന്റെ മുറിയിലേക്ക് പോയി.

അവന്റെ മുറിയിലെ ഷെൽഫിൽ താഴത്തെ തട്ടിലായി അടുക്കിവെച്ചിരുന്ന കുറച്ച്  മിഡികളിൽ  ഒരെണ്ണം എടുത്ത് അവൻ മാളുവിന്റെ അടുത്ത് ചെന്നു .
"മാറിയിട്ട് പോയാ  മതി"അവളുടെ കൈയിൽ  അത് വെച്ചുകൊടുത്തിട്ട് ദത്തൻ  പറഞ്ഞു.അവൾ അത്ഭുതത്തോടെ അവനെ നോക്കി തിരിച്ചു പാവാടയിലേക്കും .
"ബാത്റൂം  ആ കാണുന്ന മുറിയിൽ ആണ് ."ഒരു മുറി ചൂണ്ടി അവൻ പറഞ്ഞു.
അവൾ മടിച്ചുനിന്നു.
ദത്തൻ അടുക്കളയിൽ ചെന്ന് ആമിയെയും എടുത്തോണ്ട് വന്നു.
"ആമി അമ്മയ്‌ക്ക് കൂട്ട് ചെല്ല് .അച്ഛമ്മയുടെ ബാത്രൂം കാണിച്ചുകൊടുക്ക് "ദത്തൻ ആമിയോട് പറഞ്ഞു.എന്നിട്ട് അവൻ തിരിച്ച് അടുക്കളയിൽ പോയി.മാളുവിന്‌ വീണ്ടും അതിശയമായി.കുറച്ച്  നാളുകൾക്ക് മുൻപ് വരെ ആമി അവളെ അമ്മെ എന്ന് വിളിക്കുന്നത്  ദത്തന് അരോചകമായിരുന്നു.ഇന്ന് അവൻ തന്നെ ആമിയോട് അമ്മെ എന്ന് വിളിച്ച് തന്നെ പറ്റി സംസാരിക്കുന്നു.അവൾ ചിരിയോടെ ബാത്റൂമിലേക്ക് നടന്നു.ഒപ്പം ആമിയും .
പാവാട മാറി കീറിയ പാവാടയും കൈയിൽ പിടിച്ച് അവൾ തിരിച്ചുവന്നപ്പോൾ ദത്തൻ ഹാളിൽ ഇരുന്ന് ടീവി  കാണുന്നു.
ദത്തൻ മാളുവിനെ അടിമുടി ഒന്നുനോക്കി.ആ നോട്ടത്തിൽ മാളു ചൂളിപ്പോയി.താൻ കൊടുത്ത പാവാടയിൽ അവൻ കുറച്ച്നേരം നോക്കിനിന്നു.ആ പാവാടയ്ക്ക് പല കഥകളും  പറയാനുണ്ടായിരിക്കുമെന്ന് മാളുവിന്‌ തോന്നി.അവൾ പെട്ടെന്ന് അവിടെ നിന്നുമിറങ്ങി.അപ്പുറത്ത്  മാളുവിന്റെ വീട്ടിൽ ലേഖയും ദേവിയും നിൽക്കുന്നു.
ലേഖ മാളുവിന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
"വാതിൽ പോലും അടയ്ക്കാതെ നീ എവിടെ പോയതാ മാളു?"ലേഖയ്ക്ക് ദേഷ്യം വന്നു.അപ്പോഴാണ് ദത്തൻ അകത്തുനിന്നു ആമിയെയും കൊണ്ടുവന്നത്.മാളു പെട്ടെന്ന്  അവിടെ നിന്നുമിറങ്ങി.
"അമ്മെ പോവാണോ ?" ആമി വിളിച്ച് ചോദിച്ചു.
"അമ്മ ചോറ് കഴിച്ചിട്ട് വരാം " മാളു വിളിച്ചുപറഞ്ഞു.
മാളു പോകുന്നത് നോക്കി ദത്തൻ നിന്നു .മാളുവും ഇടയ്ക്ക് അവനെ തിരഞ്ഞു നോക്കുണ്ടായിരുന്നു.അവൾ അടുത്തെത്തിയപ്പോഴാണ് ദേവി മാളുവിന്റെ  പാവാട ശ്രദ്ധിച്ചത്.അവർ അതിശയത്തോടെ ദത്തനെ നോക്കി.താൻ ഇല്ലാതിരുന്ന സമയത് ഇവിടെ എന്തൊക്കെയോ സംഭവിച്ചു എന്നവർക്ക് മനസ്സിലായി.
ലേഖയും മാളുവിനെ ശ്രദ്ധിക്കുകയായിരുന്നു.
"നിന്റെ പാവാടയ്ക്കെന്ത് പറ്റി ?" ലേഖ ചോദിച്ചു.
"ആമിടെ  കരച്ചിൽ കേട്ടപ്പൊ.. ഞാൻ..ഞാൻ മതില് ചാടി ചെന്നു.അപ്പൊ കീറിയതാ." മാളു വിക്കിവിക്കി പറഞ്ഞു.
"മതില് ചാടിയോ?നിനക്കെന്താ മാളു വട്ടാണോ?"ലേഖ അവളോട് ദേഷ്യപ്പെട്ടു.
മാളു ഒന്നും മിണ്ടാതെ നിന്നു.
"ദത്തൻ എപ്പഴാ മോളെ വന്നേ?" ദേവി മാളുവിനോട് ചോദിച്ചു.
"കുറച്ച് നേരമായി.വന്നയുടനെ കുഞ്ഞിനെ മേടിച്ചോണ്ട് പോയി.കുഞ്ഞ് നല്ല കരച്ചിലായിരുന്നു.അതാ ഞാൻ ഓടി ചെന്നത്." മാളു പറഞ്ഞു.
ലേഖയോടും മാളുവിനോടും യാത്ര പറഞ്ഞ് ദേവി  അപ്പുറത്തേക്ക് പോയി.

ചെന്നുകേറിയതും അവർ ദത്തനെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു.
"നോക്കണ്ടാ ! കൊച്ചു കരഞ്ഞപ്പൊ  അവള് മതില് ചാടി വന്നു .പാവാട മുഴുവനും കീറിപ്പോയി.അതാ വേറെ ഒരെണ്ണം എടുത്തുകൊടുത്തത് ." ദേവി എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ തന്നെ ദത്തൻ പറഞ്ഞു.
"അതിനു ഞാൻ ഒന്നും ചോദിച്ചി ല്ലലോ" ദേവി ചിരിയോടെ പറഞ്ഞു.
"പിന്നെ എന്തിനാ  ഇങ്ങനെ ഇളിക്കുന്നത് ?" ദത്തന് ദേഷ്യം  വന്നു.
"ശ്ശെടാ ഇനി ചിരിക്കാനും നിന്റെ അനുവാദം ചോദിക്കണോ ?"ദത്തൻ ദേഷ്യപ്പെട്ട് അകത്തേക്ക് പോയി.ആമി ദേവിയുടെ കൂടെയും.

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മാളു ഞാൻ ഇല്ലാത്ത നേരത്ത് നീ ഒറ്റയ്ക്ക് അപ്പുറത്തേക്ക് പോവരുതെന്ന്?" ലേഖ മകളെ ശാസിച്ചു.മാളു ഒന്നും മിണ്ടിയില്ല.
"കല്യാണം ഉറപ്പിച്ച പെണ്ണാ നീ .അന്യപുരുഷന്റെ കൂടെ ഒറ്റയ്ക്ക്  ഒരു വീട്ടിൽ നിന്നെ കണ്ടാൽ ആളുകൾ എന്താ പറഞ്ഞ് പരത്തുക എന്ന് അറിയില്ല.കൂടെ ഒരു കുട്ടി ഉണ്ടായിരുന്നൊ  എന്നൊന്നും ആരും നോക്കില്ല അപ്പൊ."ലേഖ പറഞ്ഞുകൊണ്ടിരുന്നു.
മാളു ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അവൾ എന്തൊക്കെയോ ആലോചനയിലായിരുന്നു.ദത്തൻ തന്ന പാവാട ആരുടെയായിരിക്കും?ഭാര്യയുടെ  ആയിരിക്കുമോ? അത് തന്നെ എന്തിന്  തനിക്കുടുക്കാൻ തന്നു?താൻ കീറിയ വസ്ത്രം ഇട്ടോണ്ട് പോയാൽ അയാൾക്കെന്താ?ശരി അത് മാനുഷിക പരിഗണന ആണെന്ന് വെയ്ക്കാം. പക്ഷെ ആ പാവാട വച്ച് നീട്ടുമ്പോൾ ആ കണ്ണുകളിൽ  ദേഷ്യം അല്ലായിരുന്നു എന്നവൾ അറിഞ്ഞു.അതുപോലെ കണ്ണാടിക്ക് മുൻപിൽ അയ്യാൾ തന്നേ  ചുമലിൽ പിടിച്ച് തിരിച്ച് നിർത്തിയപ്പോഴും ,താൻ പാവാട ഇട്ട് വന്നപ്പോൾ  തന്നെ അടിമുടി നോക്കിയപ്പോഴും  തനിക്ക് അയാളോട് ദേഷ്യമല്ല പകരം മറ്റെന്തോ വികാരം ആണ് തോന്നിയത് എന്നവൾ ഓർത്തു.താനും അത് ആസ്വദിച്ചുവോ ?അവൾ നാണത്തോടെ പുഞ്ചിരിച്ചു.
"ഏത് ലോകത്താ  മാളു നീ?" തലയിൽ കൊട്ട് കിട്ടിയപ്പോൾ ആണ് മാളു അമ്മയെ നോക്കിയത്.
"അമ്മ ,അമ്മ പറഞ്ഞതെല്ലാം ഞാൻ കേട്ടു .ഇനി ഇങ്ങനെ ഉണ്ടാവില്ല."എങ്ങനെയെങ്കിലും ഈ സംസാരം അവസാനിപ്പിക്കാനായി  മാളു പറഞ്ഞു.ലേഖ ഒന്നും മിണ്ടാതെ ജോലികൾ തുടർന്നു .മാളുവിന്റെ മാറ്റം ലേഖയും അറിയുന്നുണ്ടായിരുന്നു!

To be continued........
രചന : അഞ്ജന ബിജോയ് 

റീടേക്കില്ലാത്ത സൗഹൃദങ്ങൾ

Image may contain: 1 person
സ്കൂൾ അവധിദിവസം അച്ഛൻ ഇറങ്ങുന്നതും കാത്തിരിക്കെ ആണു ഇടവഴിയിൽ നിന്നും ചൂളം വിളിയോടെ രണ്ട്‌ തലകൾ ഉയർന്ന് വന്നത്‌.
ഊരുകണ്ടി ഇറങ്ങി കാര്യമന്വേഷിച്ചപ്പോളാ ഒരുവൻ പറഞ്ഞെ “ഉമ്മാന്റെ വീട്ടിൽ ആളില്ല മാങ്ങക്കെറിയാം”ന്ന്.
‘ഉറപ്പാണോ’ എന്ന എന്റെ സംശയത്തിനു അർത്ഥശങ്കയില്ലാതെ അവൻ പറഞ്ഞു.
‘ഉറപ്പാ പോകാന്ന്'.
ചെന്നു നോക്കുമ്പോൾ ശരിയാ. പതിവില്ലാതെ അടുക്കള ഭാഗത്തെ ജനലുകളും വാതിലുകളും ഭദ്രമായി അടച്ചിരിക്കുകയാണു.
കൊതിയൂറുന്ന നാവുമായി നല്ല ഉരുളൻ കല്ല് പെറുക്കി വച്ച്‌ ഞങ്ങൾ ആക്രമണം തുടങ്ങി. എന്റെ ലക്ഷ്യം തെറ്റാത്ത ഒരേറു കൊണ്ടതും പറമ്പിൽ ഏതോ മൂലക്ക്‌ ‘രണ്ടിനിരുന്ന’ ഉമ്മാന്റെ മോൻ അലറി വിളിച്ചതും ഒന്നിച്ചായിരുന്നു.
അടുക്കള വാതിൽ തുറന്നാരോ വരുന്നത്‌ കണ്ട ഞങ്ങൾ മൂവരും സ്ഥലം വിട്ട്‌ ദൂരെ മറഞ്ഞിരുന്നു
നെറ്റിയിലൂടെ ചോരയൊഴുകുന്ന ചെക്കന്റെ കൈയ്യും പിടിച്ച്‌ ഉമ്മ എന്റെ വീട്ടിലേക്ക്‌. ‘എന്റെ കാര്യത്തിലൊരു തീരുമാനം ഇന്നാകും’ ന്നുറപ്പിച്ച്‌ ഞാൻ പ്രാന്തായ തലയുമായി വരുന്ന വഴിയിൽ മറ്റൊരു ബഹളം.
“ഞാനെറിഞ്ഞ കല്ലാണു ഇവന്റെ നെറ്റിയിൽ കൊണ്ടത്‌, അതിനെന്തിനാ നിങ്ങൾ അവന്റെ വീട്ടിലേക്ക്‌ പോകുന്നേന്നും” പറഞ്ഞ്‌ അവരെ ഇടവഴിയിൽ തടഞ്ഞിരിക്കുന്നു കൂട്ടുകാരൻ. എന്തായാലും അവന്റെ അച്ഛന്റെ അടിക്കൊരു മയമുണ്ടാകും എന്ന ധൈര്യത്തിൽ ഞങ്ങൾ മൂവരും ആണയിട്ട്‌ പറഞ്ഞു.
“ശര്യാ അവന്റെ ഏറാണു നെറ്റിയിൽ കൊണ്ടതെന്ന്”
വർഷങ്ങൾ ഒരുപാട്‌ കഴിഞ്ഞൊരു ദിവസം ലഹരി നഷ്ടപ്പെടുത്തിയ സ്ഥലകാലബോധവുമായി ആളുകൾക്ക്‌ നേരെ വലിയൊരു വടി ചുഴറ്റി വീശിക്കൊണ്ടിരിക്കുന്ന അവന്റെ ഇടയിലേക്ക്‌ ചെന്ന എന്നെ ഒഴിവാക്കി വടി വീശിക്കൊണ്ടിരിക്കുന്നവന്റെ ഇടത്‌കൈ പിടിച്ച്‌ നടക്കുന്നതിനിടയിൽ അവൻ പറഞ്ഞത്‌ “ചൂടൊന്നൂല്ലെടാ, ഇപ്പൊ എല്ലാർക്കും ഞാൻ ഒരു വട്ടനായി, നീ ഉണ്ടെങ്കിൽ ഒരു പത്തു രൂപ താന്ന്”
പത്ത്‌ രൂപയും വാങ്ങി മിണ്ടാതെ തിരിഞ്ഞ്‌ അവൻ നടന്നു പോയി.
“നീ ഇങ്ങ്‌ വാ അമ്മ പണിക്ക്‌ പോയിടത്ത്‌ നിന്ന് കുറേ ഷർട്ട്‌ കിട്ടീട്ടുണ്ട്‌ ‌. നിനക്ക്‌ പാകാകുന്നത്‌ നോക്കി നീയും എടുത്തോ” ന്നും പറഞ്ഞ്‌ രണ്ടാമൻ വിളിച്ച്‌ അവന്റെ വീടിന്റെ കുഞ്ഞുമുറിയിലെ അരണ്ട വെളിച്ചത്തിൽ കൊണ്ടു പോയി. അവന്റെ അമ്മ അവനു വേണ്ടി മാറ്റിവച്ച നിറമുള്ളതും വലിയ പഴക്കമില്ലാത്തതുമായ രണ്ട്‌ ഷർട്ടുകൾ എനിക്ക്‌ നീട്ടി അവൻ അമ്മയോട്‌ പറഞ്ഞു.
“ഇത്‌ ഓനിട്ടോട്ടെ അമ്മേ, ഓന്റെ വെളുത്ത നിറത്തിനു ഇത്‌ നല്ലോണം ചേരും” ആസ്തമയുടെ ശ്വാസം അലട്ടുന്ന ശബ്ദവുമായി അവൻ അമ്മയോട്‌ പറഞ്ഞത്‌ ഇപ്പോളും ചെവിയിൽ അലയടിക്കുന്നുണ്ട്‌.
ജീവിതപറിച്ച്‌നടലുകൾക്കിടയിൽ വഴി പിരിഞ്ഞവൻ ഒരു പ്രാവശ്യം അവനെ കുറിച്ച്‌ അന്വേഷിച്ചപ്പോൾ അറിഞ്ഞത്‌ എങ്ങോട്ടേക്കോ പോകുന്ന ഏതോ വലിയ ലോറിക്ക്‌ കൈകാണിച്ച്‌ അവൻ എങ്ങോട്ടോ പോയീന്നാണു.
മുപ്പത്‌ വർഷങ്ങൾക്കിപ്പുറത്തും വരക്കാൻ പറ്റുമെങ്കിൽ ഏത്‌ തെളിയാത്ത ചുമരിലും നിന്നെ ഇന്നും വരക്കാൻ എനിക്ക്‌ സാധിക്കും.
എവിടെ നിന്നെങ്കിലും ഇത്‌ നീ കാണാനിടയായാൽ, ഇത്‌ ഞാൻ കുറിച്ചതാണെന്ന് അറിഞ്ഞാൽ ചിലപ്പൊ നിനക്ക്‌ മാത്രം മനസ്സിലാകും ഇത്‌ നീയാണെന്ന്.
ഒമ്പതാം തരത്തിലെ കൊല്ലപരീക്ഷക്ക്‌ പോകാൻ എന്നെ കാത്തിരുന്ന് മുഷിഞ്ഞിട്ടാണു അവൻ എന്റെ വീട്ടിലേക്ക്‌ വന്നത്‌.
അപ്പോൾ തലേന്ന് കളിക്കുന്നതിനിടയിൽ കുപ്പികഷ്ണം കൊണ്ട്‌ മുറിഞ്ഞ കാലിൽ വലിയ തുണി ചുറ്റി വരിയുകയായിരുന്നു ഞാൻ.
ചെരുപ്പില്ലാത്തതിനാൽ നടക്കാൻ അടിയിൽ കനത്തിൽ തുണി ചുറ്റുകയായിരുന്നു ഉദ്ദേശം.
തുണി ചുറ്റിയെങ്കിലും രണ്ടടി വച്ചപ്പൊ തന്നെ ഞാൻ ഇരുന്നു പോയി.
പിന്നാമ്പുറമാകെ പരതി അവൻ പഴയ രണ്ട്‌ ഹവായ്‌ ചെരുപ്പ്‌ കൊണ്ടുവന്നു.
മുന്നിലെ കണ്ണി തയഞ്ഞ്‌ ഇടാൻ പറ്റാത്ത വിധം ഞാൻ തന്നെ ഉപേക്ഷിച്ച ആ ചെരുപ്പിന്റെ വലിയ ദ്വാരം കടക്കാതിരിക്കാൻ മാത്രം നൂലുകൾ കൊണ്ടൊരു വലിയ ചുറ്റിക്കെട്ട്‌ നടത്തി ചെരുപ്പ്‌ ഞങ്ങൾ റെഡിയാക്കി. അവന്റെ തോളിൽ ഒരു കൈ ഊന്നി കുറേ നടന്നെങ്കിലും ബസ്‌സോപ്പിനു താഴെ ഉള്ള വലിയ കയറ്റത്തിനു മുന്നെ ഞാൻ വീണ്ടും ഇരുന്ന് പോയി. ചുറ്റും നോക്കി ബസ്സിപ്പോ വരും എന്നുറപ്പിച്ച അവൻ അവന്റെ പുസ്തകം കൂടി എന്റെ കൈയ്യിൽ തന്ന് എന്നെയും എടുത്ത്‌ ആ കുന്ന് കയറി ബസ്റ്റോപ്പിൽ എത്തിച്ചു. അപ്പൊളേക്കും കണ്ണിയറ്റ ചെരുപ്പ്‌ വഴിയിൽ കളയാൻ തോന്നാതെ, ‘എത്തപ്പൊത്ത’ ബസ്സിൽ കയറുമ്പൊൾ ആണു “നോക്ക്യേഡീ ചെരുപ്പ്‌ തയയുമെന്ന് കരുതി രണ്ട്‌ ചെരുപ്പും കൈയിൽ പിടിച്ചൊരുത്തൻ” പരിഹാസം പൊട്ടിച്ചിരിയായെങ്കിലും ഞാൻ കാര്യമാക്കാതെ ഉടഞ്ഞ കാൽ ഇനിയും പരിക്കേൽക്കാതിരിക്കാൻ ഒരു മൂലയിൽ ഒതുക്കി.
സ്കൂൾ സ്റ്റോപ്പിൽ ബസ്സിറങ്ങാൻ നോക്കുമ്പോളാണു അവളുടെ ദയനീയ ശബ്ദം കേട്ടത്‌.
“ഇവനെന്റെ ചെരുപ്പ്‌ പൊട്ടിച്ചേന്ന്". ഇറങ്ങാനൊരുങ്ങിയ അവളുടെ ചെരുപ്പിന്റെ പിന്നിൽ ചവിട്ടിപിടിച്ച്‌ അവളെ തിരക്കിനിടയിൽ മുന്നിലേക്ക്‌ തള്ളി എന്റെ കൂട്ടുകാരൻ കൊടുത്ത പണി.
ഒരു കൈയ്യിൽ ചെരുപ്പും ചുവന്ന മുഖവുമായി അവൾ പോയതോർത്താൽ ഇന്നും ചിരി വരും.
അവനിപ്പോഴും എന്റെ കൺമുന്നിലുണ്ട്‌. എന്നേക്കാൾ രണ്ട്‌ വയസ്സ്‌ മൂത്തതാണവൻ. അന്ന് ഞാൻ അവനെ പേരിന്റെ കൂടെ ഏട്ടൻ ന്ന് വിളിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഒടുവിലെത്തുമ്പോളേക്കും ഞാനും അവനും ഒന്നിച്ച്‌ ഒരു ക്ലാസ്സിലായതിൽ പിന്നെ ഏട്ടൻ ഇല്ലാതെ പേരു വിളിച്ച്‌ തുടങ്ങി. പിന്നീടെവിടെ വച്ചോ പേരു ചൊല്ലി വിളി അവനിഷ്ടപ്പെടാതെ ആയി. ഇന്ന് പേരു വിളിക്കാതെയും സൗഹൃദം പുതുക്കാറുണ്ടെങ്കിലും, ഉള്ളിലെ സ്നേഹവും കടപ്പാടും അറിയിക്കാനും ഈ അക്ഷരങ്ങൾക്ക്‌ സാധിക്കട്ടെ..
പറയാനും, ഇനിയും കണ്ണീർ നനവോടെ ഓർക്കാനും ഇനിയുമുണ്ട്‌ ഒരുപിടി കൂട്ടുകാർ.
അല്ലെങ്കിലും ബാല്ല്യത്തിലും കൗമാരത്തിലും കൂടെ നടന്ന് അനുഭവിച്ച സൗഹൃദങ്ങൾ പോലെ ഏത്‌ സൗഹൃദങ്ങളുണ്ട്‌ കാലങ്ങളെ അതിജീവിച്ചതായി ഈ മണ്ണിൽ?
✍️ഷാജി എരുവട്ടി..

വിന്റര്‍ ബ്ലൂ


Image may contain: one or more people, eyeglasses and closeup

ഞാന്‍ യമുനാ മേനോന്‍.ഇന്ന് ഞങ്ങളുടെ കോളേജിലെ ആര്‍ട്സ് ഡേയാണ്.ഒരുപക്ഷെ കോളേജിലെ എന്റെ അവസാനദിവസവും.എനിക്ക് ഈ കോളേജ് വളരെ ഇഷ്ടമാണ്.പ്രത്യേകിച്ചു ഈ മൂന്നാം നില.ഇവിടുത്തെ ഒരു കോര്‍ണറിലാണ് ഞങ്ങളുടെ ക്ലാസ് റൂം.ഈ നീണ്ടു കിടക്കുന്ന വരാന്ത.വെയിലില്‍ മങ്ങിക്കിടക്കുന്ന മഞ്ഞ ഭിത്തികള്‍..ക്ലാസ് മുറിയുടെ മുന്‍പിലെ വ്യാകുലമാതാവിന്റെ ചിത്രം..ഇതൊന്നും ഇവിടെനിന്ന് പോയാലും ഒരിക്കലും ഞാന്‍ മറക്കില്ല.
“വാതിലടയ്ക്ക് ,വാതിലടയ്ക്ക്..ആരെങ്കിലും വരും.”
ക്ലാസ് റൂമിന്റെ വാതില്‍ക്കല്‍കിടന്നു ബഹളം വയ്ക്കുന്നത് ജ്യോതിയാണ്.
“ഓ,ഇങ്ങനെകിടന്നു ബഹളം കൂട്ടാതെടി.ഇത്ര ടെന്‍ഷന്‍ ഉണ്ടെങ്കില്‍ നീ എന്തിനാ ഇങ്ങോട്ട് വന്നെ?”
അത് മെറീനയാണ്.മെറീന പാലൂക്കാരന്‍.വെളുത്ത ചുവന്ന നിറം.ജീന്‍സും ടോപ്പുമാണ് ഇഷ്ടവേഷം.പുറമേ ധൈര്യം ഭാവിക്കുമെങ്കിലും അവള്‍ നല്ല പേടിച്ചുതൂറിയാണ്.
ഞാനും മെറീനയും കൂടിയാണ് കോളെജിലേക്ക് വന്നത്.
“എടീ നീ മുഖം കുനിച്ചു നടന്നോ..ആ ചുരിദാറിന്റെ ഷാള്‍ എടുത്തു തലയിലൂടെ പുതച്ചോ..”ഒപ്പം നടക്കുന്നതിനിടയില്‍ അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു.അവള്‍ക്ക് നല്ല പേടിയുണ്ടായിരുന്നു.അവളുടെ പേടി ന്യായമാണ്.കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ കോളേജില്‍നിന്ന് സസ്പെണ്ട് ചെയ്യപ്പെട്ടിട്ട്.ഞാന്‍ കോളേജില്‍ വന്നത് ബോട്ടണി ഹെഡ് സിസ്റ്റര്‍ മരിയ ഗോരേത്തി അറിഞ്ഞാല്‍ ..പക്ഷേ മെറീനയ്ക്ക് പേടി എന്റെ ബാഗിലെ വസ്തുവായിരുന്നു.എങ്ങാനും ഏതെങ്കിലും ടീച്ചേഴ്സ് ബാഗ് തുറന്നു പരിശോധിച്ചാല്‍ അതോടെ തീര്‍ന്നു.
ജ്യോതി ,മെറീന ,പിന്നെ ഞാന്‍ യമുന.പിന്നെ രാധിക .ഈ ഗേള്‍സ്‌ ഒണ്‍ലി കോളേജിലെ ബി.എസ്.സി സുവോളജി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികളാണ് ഞങ്ങള്‍.മൂന്നാംനിലയിലെ അവസാനത്തെ ക്ലാസ് റൂമാണ് ഞങ്ങളുടെത്.ഈ കോളേജില്‍ ചേരുന്ന സമയത്ത് ഇവിടം മുഴുവന്‍ റബ്ബര്‍ തോട്ടങ്ങളായിരുന്നു.ഇപ്പോള്‍ റബ്ബര്‍ എല്ലാം വെട്ടികളഞ്ഞു.അനന്തമായ പൈനാപ്പിള്‍തോട്ടങ്ങള്‍ കാണാം ക്ലാസ് ജനാല തുറന്നാല്‍.ഇത് ഡിസംബറിലെ അവസാനദിവസമാണ്.തണുത്ത ദിവസങ്ങളാണിത്.എനിക്കിത് കറുത്ത ദിവസങ്ങളാണ്.മൂടിപ്പുതച്ചു മുറിയില്‍ അടച്ചുപൂട്ടിയിരിക്കാന്‍ തോന്നുന്ന വിഷാദം മൂടുന്ന ദിവസങ്ങള്‍.ഈ ഡിസംബര്‍ ...എല്ലാ ഡിസംബറുകള്‍ക്കും മേലെയാണ്.
“ഗ്ലാസ് കിട്ടി.”വാതില്‍ തുറന്നു വരുന്നത് രാധികയാണ്.
“ഒരു വിധത്തിലാ കൊണ്ട് വന്നെ..ഈ കള്ളക്കടത്തുകാരെയും കള്ളന്‍മാരെയും ഒക്കെ സമ്മതിക്കണം.നാല് പേപ്പര്‍ ഗ്ലാസ് കാന്റീനില്‍ നിന്ന് കൊണ്ടുവന്നത് തന്നെ എന്ത് പാടുപെട്ടാ“..ബാഗില്‍നിന്ന് ഗ്ലാസുകള്‍ എടുത്തു മേശപ്പുറത്തു വച്ച് രാധിക പറയുന്നു
രാധിക .അവള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.എങ്കിലും ചിലപ്പോള്‍ അവളുടെ സ്വഭാവം എനിക്ക് തീരെ പിടിക്കില്ല.അവള്‍ക്ക് നല്ല വട്ട മുഖമാണ്.ഇരുണ്ട നിറം.എങ്കിലും എന്നെക്കാള്‍ കാണാന്‍ സൗന്ദര്യം അവള്‍ക്കാണ്.ഒരു നാടന്‍ പെണ്‍കുട്ടി .കടപ്പുറം ഭാഗത്തെ പാവപ്പെട്ട കുടുംബമാണ്.ചുരിദാര്‍ അല്ലെങ്കില്‍ പാവാട.ഇടയ്ക്ക് ഹാഫ് സാരി ചുറ്റി വരും.നല്ല ഭംഗിയാണ് അവളെ കാണാന്‍. ഒരിക്കല്‍ മദ്യപിച്ചു വന്ന അവളുടെ അമ്മാവന്‍ അവളെ റേപ്പ് ചെയ്യാന്‍ ശ്രമിച്ചു..അവള്‍ ആ മനുഷ്യന്റെ കയ്യില്‍നിന്ന് ഓടി രക്ഷപെട്ടു.ആ കാര്യം ഞങ്ങള്‍ മാത്രമേ അറിഞ്ഞുള്ളു.അവളുടെ അച്ഛന് അമ്മാവന്‍ കുറച്ചു തുക പണം കടം കൊടുത്തു.അത് തിരികെ കിട്ടിയില്ല.അത് മുതലാക്കാന്‍ അയാള്‍ ശ്രമിച്ചതാണ്.അന്നൊക്കെ അവള്‍ സ്ഥിരം കരച്ചിലായിരുന്നു.ഞാന്‍ അവളുടെ ഒപ്പമുണ്ടായിരുന്നു.അവള്‍ ആത്മഹത്യ ചെയ്യുമോയെന്നു വരെ എനിക്ക് പേടിയുണ്ടായിരുന്നു.ഞാനും അങ്ങിനെ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.ജീവിതം വല്ലാതെ മടുത്താല്‍ എന്ത് ചെയ്യാനാണ്?
“നീ വരുന്നത് ആരെങ്കിലും കണ്ടോ ? ജ്യോതി ചോദിച്ചു.
“ഇല്ല.എല്ലാവരും ഓഡിറ്റോറിയത്തിലാണ്.ഇങ്ങോട്ട് ഒന്നും ആരും വരത്തില്ല. “
“ആ സിസ്റ്റര്‍ മരിയാ ഗോരെത്തി എങ്ങാനും കണ്ടാല്‍ തീര്‍ന്നു.”
“ഓ,ഒന്ന് നാക്കെടുത്ത് വളയ്ക്കാതെടി ജ്യോതി.”മെറീന പറഞ്ഞു.
ഗംഗ പോയി വാതില്‍ അടച്ചു .പിന്നെ ഉള്ളില്‍നിന്ന് കുറ്റിയിട്ടു.എല്ലാവരും എന്നെ നോക്കുന്നു.
ഞാന്‍ ബാഗ് തുറന്നു.പിന്നെ ആ കുപ്പിയെടുത്തു മേശപ്പുറത്ത് വച്ചു.
വിന്റര്‍ ബ്ലൂ.
ആകര്‍ഷകമായ സ്ഫടിക കുപ്പിയില്‍ നിറച്ച നീല ഫ്രഞ്ച് മദ്യം .അത് കണ്ടു എല്ലാവരും ഒന്ന് ഞെട്ടി പിന്നെ ചിരിയുടേയും ആശ്ചര്യത്തിന്റെയും ശബ്ദങ്ങള്‍ ഉയര്‍ന്നു.എനിക്ക് ഈ മദ്യത്തിന്റെ പേര് വളരെ ഇഷ്ടമാണ്.വിന്റര്‍ ബ്ലൂ.അച്ഛന് മരിക്കുന്നത് വരെ പ്രിയപ്പെട്ട മദ്യമായിരുന്നു ഇത്.ഡിസംബര്‍ മാസത്തില്‍ കഴിക്കാന്‍ ഏറ്റവും നല്ല മദ്യം.ഡിസംബറില്‍ എനിക്ക് വല്ലാത്ത ഡിപ്രഷന്‍ ഉണ്ടാവാറുണ്ട്.അതൊരു സീസണല്‍ ഡിപ്രഷനാണ്.പുറമേ അറിയില്ല.എങ്കിലും സദാ മുറിയുടെ ഉള്ളില്‍ അടച്ചു പൂട്ടിയിരിക്കാന്‍ തോന്നും.ചെറിയ തലവേദനയും ഉണ്ടാകും.എനിക്ക് ഡിസംബര്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇഷ്ടമല്ല.ഈ തണുത്ത ദിവസങ്ങള്‍ എനിക്ക് ഭയമാണ്.
“ഹോ ഞാന്‍ ഒന്ന് വിചാരിച്ചു .നീ കൊണ്ട് വരത്തില്ലെന്ന്.:മരീന പറഞ്ഞു.
“നീ ഒരു അച്ചായത്തിയായിട്ടു എന്താ കാര്യം.അവസാനം ഈ മേനോത്തി വേണ്ടി വന്നില്ലേ നമ്മുക്ക് ആഘോഷിക്കാന്‍.”ജ്യോതി മരീനയ്ക്കിട്ടു കുത്തി.
ഗംഗ മാത്രം ഒന്നും പറഞ്ഞില്ല.എന്നെ ഒന്ന് നോക്കിയിട്ട് അവള്‍ നോട്ടം മാറ്റി.
ഞാന്‍ കുപ്പി തുറന്നു.നിരത്തിവച്ച ഗ്ലാസുകളില്‍ ഞാന്‍ നീല ഔഷധം പകര്‍ന്നു.
ആദ്യത്തെ ആവേശം പോയി ഇപ്പൊ ചില മുഖങ്ങളില്‍ അങ്കലാപ്പുണ്ട്.ഏറ്റവും ഭയം രാധികയുടെ മുഖത്താണ്.
“ഇതിനു വല്ലാത്ത ചൊവയാണോടി?”മരീന ചോദിക്കുന്നു.
“എന്തായാലും നല്ല സ്മെല്ലാ..”ജ്യോതി പറയുന്നു.
‍‍ രാധിക .മാത്രം ഒന്നും മിണ്ടുന്നില്ല.ഈ കൂട്ടത്തില്‍ എന്റെ സസ്പെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ സങ്കടം അവള്‍ക്കാണ്.‍ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.ഈ കൂട്ടത്തില്‍ എന്റെ സസ്പെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ സങ്കടം അവള്‍.
“എടീ ഇതേല്‍ എന്നതാ എഴുതിവച്ചേക്കുന്നത് ?”ജ്യോതിയാണ്.അവള്‍ കുപ്പി പരിശോധിക്കുകയാണ്.കൂട്ടത്തില്‍ പഠിപ്പിസ്റ്റ് അവളാണ്.ക്ലാസ് ടോപ്പര്‍മാരില്‍ ഒരാളാ.
“ഓ,ആ കുപ്പിയുടെ പേരും മിക്കവാറും ഇപ്പൊ കാണാതെ പഠിക്കും.എന്നിട്ട് യൂണിവെഴ്സിറ്റി പരീക്ഷക്ക് അത് വച്ച് രണ്ടു പേജ് എഴുതും.എന്റെ പഠിപ്പ്സ്റ്റ് മരമോന്തീ നിന്നെക്കൊണ്ട് ഞങ്ങള്‍ തോറ്റു..“മരീന അവളെ കളിയാക്കുന്നു.അവളെ തല്ലാന്‍ ജ്യോതി എഴുന്നേറ്റു കഴിഞ്ഞു..
“അധികം ഒച്ച വയ്ക്കണ്ട.ആരേലും വന്നാലോ.യമുനേ നമ്മുക്കിത് വേണോ ”രാധിക മുന്നറിയിപ്പ് നല്‍കുന്നു.
“ഓക്കെ സോറി ചുപ് രഹോ..ഇനി ആരും മിണ്ടുന്നില്ല.”മരീന പറയുന്നു.
“അല്പം മിണ്ടിയില്ലേല്‍ എങ്ങിനാ സ്മാള്‍ അടിക്കുന്നെ ..എന്നാ ചാപ്പലില്‍ പോയി കഴിച്ചാല്‍ മതിയാരുന്നല്ലോ..”ജ്യോതി കുശുകുശുക്കുന്നു.
ഞാന്‍ നീല നിറമുള്ള ദ്രാവകം ഗ്ലാസുകളില്‍ പകര്‍ന്നു.
“ചിയേഴ്സ്..ചിയേഴ്സ് പറഞ്ഞാല്‍ പിന്നെ ഒരു സിപ്പ് എടുക്കാതെ ഗ്ലാസ് താഴെവയ്ക്കരുത്.”ഞാന്‍ ഗ്ലാസ് ഉയര്‍ത്തി പറഞ്ഞു.
“ഓ,ഇതിനും റൂള്‍ ഒക്കെയുണ്ടോ?ഇതും സിസ്റ്റര്‍ മരിയ ഗോരെത്തിയാണോ തുടങ്ങിയെ?”ജ്യോതി ചോദിക്കുന്നു.എല്ലാവരും ശബ്ദം താഴ്ത്തി ചിരിക്കുന്നു.
ചിയേഴ്സ് “ ഞാന്‍ ഗ്ലാസ് എടുത്തുയര്‍ത്തി.
രാധിക എന്നെ ഞെട്ടിച്ചു കൊണ്ട് ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി.ബാക്കിയുള്ളവര്‍ അത് കണ്ടു ഞെട്ടി.പിന്നെ അവരും ഗ്ലാസുകള്‍ എടുത്തു.പിന്നെ മെല്ലെ നുണഞിറക്കാന്‍ തുടങ്ങി.ജ്യോതി ഇടയ്ക്കിടെ ചുറ്റും നോക്കുന്നുണ്ട്.
“നീ വായിച്ചത് ഒരു ഫ്രഞ്ച് വാക്കാടി ജ്യോതി.ഹിപ്നോട്ടിക്ക്.എന്ന് വച്ചാല്‍ ഇത് കഴിച്ചാല്‍ ഉള്ളിലെ രഹസ്യങ്ങള്‍ എല്ലാമിങ്ങ് പോരും.മനസ്സ് ശുദ്ധമാകും.മുപ്പത്തിയൊന്നു ശതമാനം ആല്‍ക്കഹോളാ.ബാക്കി ട്രോപ്പിക്കല്‍ ഫ്രൂട്ട് ജ്യൂസസും.ഇറ്റ് വില്‍ ഷേക്ക് അവര്‍ സബ്കോണ്‍ഷ്യസ്.”ഞാന്‍ പറഞ്ഞു.
“ഓ,എനിക്കങ്ങിനെ രഹസ്യമോന്നുമില്ല.ആകെയുള്ളത് പ്ലസ്ടൂ ട്യൂഷന്‍ സെന്ററില്‍ വച്ച് പ്രവീണ്‍ മാത്യുവുമായുള്ള ലൈനാ..അത് കഴിഞ്ഞു ഐ തേക്കല്‍ട് ഹിം ആന്‍ഡ്‌ ഹീ തേക്കല്‍ട് മീ.”മരീന പറയുന്നു.
“ഫസ്റ്റ് ഇയര്‍ കോളേജിന്റെ വാതില്‍ക്കലുള്ള ബാങ്ക് ഓഫീസറെ നീ കുറെ ചുറ്റിച്ചില്ലേ..””ജ്യോതി കുത്തുന്നു.
“അതൊക്കെ ഒരു രഹസ്യമാണോ..സില്ലി ഗേള്‍..”
ലഹരി ചെറുതായി പിടിച്ചു തുടങ്ങിയിരിക്കുന്നു.മൂന്നു പേരും രാധികയുള്‍പ്പെടെ ചിരിക്കുന്നുണ്ട്.ഒച്ച കുറഞ്ഞ ചിരി.ഞാനും ഇടയ്ക്കിടെ എന്തൊക്കെയോ പറയുന്നുണ്ട്.പക്ഷെ എന്റെ മനസ്സിവിടയില്ല.എന്റെ മനസ്സിനു എന്താണെന്ന് ചോദിച്ചാ എനിക്കറിയിത്തില്ലഇപ്പോള്‍ എന്റെ മനസ്സ് ബ്ലാങ്കാണ്.എന്റെ കൂട്ടുകാരികള്‍ക്ക് ഇപ്പോള്‍ മാലാഖമാരുടെ മുഖമാണ്.അടുത്ത വര്‍ഷം മുതല്‍ ഞങ്ങള്‍ പലവഴിക്കാകും.പിന്നെ പരസ്പരം കാണുമോ ?ഇത്രയും വലിയൊരു സാഹസം ഞങ്ങള്‍ ഒരുമിച്ചിനി ചെയ്യുമോ?
“എന്നാലും നിന്റെ കാര്യം ഓര്‍ക്കുമ്പോഴാ..”ജ്യോതി തുടങ്ങി.
“ദേ,ജ്യോതി വെറുതെ ശോകമാക്കണ്ട.ഐ ആം. ഫൈന്‍.”ഞാന്‍ പറഞ്ഞു.
ഞാന്‍ ഫൈനാണോ?
അറിയില്ല.
കഴിഞ്ഞവര്‍ഷം മുതല്‍ ഞാന്‍ ഓരോരോ കാരണങ്ങള്‍ക്കൊണ്ട് സിസ്റ്റര്‍ മരിയയുടെ നോട്ടപ്പുള്ളിയായി.ആദ്യമൊക്കെ പല പ്രശ്നങ്ങളും ഞാന്‍ പോലും അറിയാതെയാണ് ഉണ്ടായത്.പിന്നെ എനിക്ക് ദേഷ്യമായി.ഞാന്‍ അധികം സംസാരിക്കുന്ന കുട്ടിയായിരുന്നില്ല.ഈ കൂട്ടത്തിലെ ഏറ്റവും സൈലന്റ് ഞാനായിരുന്നു.കഴിഞ്ഞ വര്‍ഷംവരെ നല്ല മാര്‍ക്കും ഉണ്ടായിരുന്നു.എല്ലാം...എല്ലാം എത്ര പെട്ടെന്നാണ് തകിടം മറിഞ്ഞത്. ഈ മാസമാദ്യം എന്റെ ഫോണില്‍ ഒരു വൃത്തികെട്ടവന്‍ വിളിച്ചു.എന്റെ നമ്പര്‍ അവനു എങ്ങിനെ കിട്ടിയെന്നു എനിക്കറിയില്ല. എന്റെ ഫോണില്‍നിന്ന് വാട്സാപ്പ് വഴി പോണ്‍വീഡിയോ അവനു കിട്ടിയത്രെ. ഞാന്‍ അവനു മസാജ് ചെയ്തു കൊടുക്കണമെന്നു.അതിനു അവന്‍ എനിക്ക് പണം തരാമെന്ന്.വൃത്തികേടു പറയാന്‍ തുടങ്ങിയപ്പോ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.പിന്നേം മറ്റു പലരും തുരുതുരാ വേറെ നമ്പരുകളില്‍ നിന്ന് വിളി .ഞാന്‍ ഇവിടെ അമ്മൂമ്മയുടെ കൂടെ ഒറ്റക്കാണ് താമസിക്കുന്നത്.എനിക്ക് വേറെ ആരുമില്ല.ഒരിക്കല്‍ ബസ് സ്റ്റോപ്പില്‍ വച്ച് അവന്‍മാര്‍ എന്റെ പുറകെ വന്നു.ചില കോളേജ് പെണ്‍കുട്ടികള്‍ പൈസക്ക് വേണ്ടി ചിലതൊക്കെ ചെയ്യുമല്ലോ..ഞാനും ആ കൂട്ടത്തില്‍ ഉള്ളതാണ് എന്ന് അവര്‍ എങ്ങിനെയോ ധരിച്ചിരിക്കുന്നു.ഈ ഡിസംബര്‍മാസം എനിക്ക് ഒരു തരത്തിലും ഇറിറ്റെഷന്‍ സഹിക്കാന്‍ പറ്റില്ല.മരീനയുടെ പപ്പക്ക് നഗരത്തില്‍ ഒരു ബാര്‍ ഉണ്ട്.ആ പരിചയം വച്ച് ഞാന്‍ അവന്‍മാര്‍ക്ക് കൊട്ടേഷന്‍ കൊടുത്തു.എന്റെ പുറകെ നടന്നവന്‍മാരെ ഗുണ്ടകളെക്കൊണ്ട് തല്ലിച്ചു.അവര്‍ കോളേജില്‍ പരാതിയുമായി വന്നു.അതും കൂടിയായപ്പോള്‍ സിസ്റ്റര്‍ മരിയക്ക് സഹിച്ചില്ല.
“നിന്നെ ഞാന്‍ ഇങ്ങനെയൊന്നുമല്ല ധരിച്ചത്.എത്ര പെട്ടെന്നാണ് നീ മാറിപോയത്.”അവരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു.
എത്ര പെട്ടെന്നാണ് എന്റെ ജീവിതം തകര്‍ന്നത് ?
“എന്റെ യമുനേ ,നിന്നെ കണ്ടാല്‍ മനീഷ കൊയിരാളയപോലെയാ...ആ സിനിമേടെ പേരെന്താ .അരവിന്ദ് സാമി ഉള്ള പടം ?” ജ്യോതി ചോദിക്കുന്നു.
“ദില്‍ സേ..”മരീന പറയുന്നു.
“അല്ല ,അതില്‍ ഷാരൂഖാ..”
“ബോംബെ..ബോംബെലെ മനീഷയ പോലെയാ യമുനാ..”രാധിക പറയുന്നു.അവള്‍ എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നു.അവള്‍ക്ക് എന്നെ ആരാധനയാണ്.ചിലപ്പോ അവള്‍ടെ നോട്ടം കാണുമ്പോ എനിക്ക് ഇറിറ്റെഷന്‍ വരും.
ലഹരി നന്നായി പിടിച്ചു തുടങ്ങിയിരിക്കുന്നു.ഈ ലഹരി തടഞ്ഞുനിര്‍ത്തിയ എന്തിനെയോ പുറത്തു തള്ളുകയാണ്.ഇത്ര നാളായിട്ടും ഞാന്‍ കരഞ്ഞില്ല.എന്റെ ഈ അവസ്ഥ കാണാന്‍ അച്ഛന്‍ ജീവനോടെ ഉണ്ടായില്ലല്ലോ..അതൊരു മഹാഭാഗ്യമാണ്.ഉള്ളില്‍ ഒരു അണക്കെട്ട് പൊട്ടിത്തെറിക്കുന്നു.അച്ഛന്‍ ..അച്ഛന്‍ ഉണ്ടായിരുന്നെകില്‍..ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍..
“നീ കരയാതെ യമുനേ ..”അകലെനിന്ന് എന്ന പോലെ ജ്യോതിയുടെ ശബ്ദം.
“നമ്മുക്ക് എല്ലാം സോള്‍വ് ചെയ്യാം.’ മരീനയുടെ ശബ്ദം.
എന്ത് സോള്‍വ് ചെയ്യാനാ ? ഒന്നും സോള്‍വ് ചെയ്യാന്‍ ആര്‍ക്കും പറ്റില്ല.ഈ വര്‍ഷമാദ്യം ഒരു ഗസ്റ്റ് ലക്ചറര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.അനില്‍ പരമേശ്വരന്‍.പേര് പോലെ തന്നെ കാണാനും നല്ല ഭംഗിയുണ്ടായിരുന്നു.അയാള്‍ ക്ലാസില്‍ വരാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു എനിക്ക്..പുള്ളിക്കും എന്നോട് എന്തോ സോഫ്റ്റ്‌ കോര്‍ണ്ണര്‍ പോലെയുണ്ടായിരുന്നു.നല്ല കറുത്ത കട്ടി മീശ.ക്രീം നിറമുള്ള ചെക്ക് ഷര്‍ട്ടും വലത്തേക്ക് ചീകി വച്ച മുടിയും.ചിലപ്പോ ക്ലാസില്‍ വച്ച് നോട്ടമിടയും.അങ്ങേര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു.എനിക്കുറപ്പാണ്..ആ ദിവസങ്ങളില്‍ അത് വലിയ പ്രതീക്ഷയായിരുന്നു.ഈ ഡിപ്രഷന് റൊമാന്‍സ് നല്ല മരുന്നാണ്..അച്ഛന്‍ എപ്പഴും പറയുമായിരുന്നു.അത് ശരിയാണെന്നു തോന്നിയത് അനില്‍ സാറിനെ കണ്ടപ്പോഴാണ്..അയാള്‍ക്ക് യു.ജി.സി കിട്ടി കോളേജില്‍ നിന്ന് റിസൈന്‍ ചെയ്തു റിസര്‍ച്ചിന് പോകുന്ന വിവരം ഞാന്‍ വൈകിയാണ് അറിഞ്ഞത്.കാണാന്‍ ധൈര്യം സംഭരിച്ചു സ്റ്റാഫ് റൂമില്‍ ചെന്നു .അയാള്‍ എന്റെ നേര്‍ക്ക് ഷൌട്ട്‌ ചെയ്തു.എന്താണ് കാരണമെന്ന് പോലും എനിക്കറിയില്ല.എങ്ങിനെയാണ് അയാള്‍ എന്നെ വെറുത്തത്?അറിയില്ല..അതൊരു തുടക്കമായിരുന്നു..പിന്നെ എനിക്കെതിരെ അവിടുന്നും ഇവിടുന്നും പരാതി ഉയരാന്‍ തുടങ്ങി...
ഞാന്‍ കൂട്ടുകാരികളെ നോക്കി.മദ്യം അവരെ ധൈര്യവതികള്‍ ആക്കിയിരിക്കുന്നു.ജ്യോതിയും മറീനയും ഡെസ്കില്‍ പരസ്പരം കെട്ടിപ്പിടിച്ചു എന്തോ രഹസ്യം പറഞ്ഞു ചിരിക്കുന്നു.കുപ്പിയിലെ മദ്യത്തിന്റെ അളവ് നന്നായി കുറഞ്ഞിരിക്കുന്നു.രാധിക മാത്രം എന്നെ നോക്കിയിരിക്കുകയാണ്.
“യമുനേ..”അവള്‍ടെ സ്വരത്തിന് ഒരു ഭാവമാറ്റം.കലങ്ങിയ ആ നോട്ടം തൊലി പൊളിക്കുന്നു.
അവള്‍ എന്റെ അടുത്തു വന്നു.പിന്നെ കവിളില്‍ തൊട്ടു.
“നിനക്ക് എന്ത് വെളുപ്പാടി...അല്ലേലും നിങ്ങള്‍ക്ക് ഒക്കെ നല്ല വെളുപ്പും നല്ല ബുദ്ധിയുമാണല്ലോ..”ഒരു കൗതുകവസ്തുവിനെ എന്ന പോലെ അവള്‍ എന്നെ നോക്കുന്നു.
“നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..വിന്റര്‍ ബ്ലൂ കേറി പിടിച്ചു അല്ലെ..പോയി അവിടിരിക്ക്..”ഞാന്‍ അവളെ ബഞ്ചില്‍ കൊണ്ടിരുത്താന്‍ തുടങ്ങി.അവള്‍ എന്നില്‍നിന്ന് കുതറിമാറി ഉറക്കെ കരയാന്‍ തുടങ്ങി.ഞാന്‍ അതൊട്ടും പ്രതീക്ഷിച്ചില്ല.ഒരു ഭയം ഉള്ളില്‍ നുരകുത്താന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു.ആരെങ്കിലും ഇവളുടെ ശബ്ദം കേട്ട് ഇങ്ങോട്ട് വന്നാല്‍...
എന്നെ ഏതായാലും കോളേജില്‍നിന്ന് പുറത്താക്കി.പക്ഷേ എന്റെ ഫ്രണ്ട്സിന്റെ ഭാവി തുലയ്ക്കാന്‍ ഞാനില്ല.വേണ്ടായിരുന്നു.ഇതൊന്നും വേണ്ടായിരുന്നു.
“യമുനേ..നിന്നെ കോളേജില്‍നിന്ന് പറഞ്ഞുവിടും.നീ ഇവിടുന്നു പോണം.അതാ എന്റെ ആഗ്രഹം “ രാധിക പെട്ടെന്നാണ് അത് പറഞ്ഞത്..
“രാധികേ ..നീയിപ്പോള്‍ എന്താ പറഞ്ഞത്..”മദ്യം ഒത്തിരി തലയില്‍ കേറുമ്പോള്‍ തീരെ വെളിവ് ഇല്ലാതാകുമോ ?
“അതെ.എനിക്ക് നിന്നോട് മുഴുത്ത അസൂയയായിരുന്നു.ഞാനാ അനില്‍ സാറിന്റെയടുത്തു നീ സാറിനെ പറ്റി മോശമായി പറഞ്ഞു നടക്കുകയാണ് എന്ന് പറഞ്ഞത്.നിന്റെ ഫോണ്‍ നമ്പര്‍ ആ ചെക്കന്‍മാര്‍ക്ക് കൊടുത്തതും നിന്റെ ഫോണില്‍നിന്ന് ആ ചെക്കന്‍മാര്‍ക്ക് മെസേജ് അയച്ചതും ഞാനാ..നിന്റെ ഇമേജ് ഇല്ലാതാക്കിയത് ഞാനാ..”
മരീനയും ജ്യോതിയും ഇപ്പോള്‍ എഴുന്നേറ്റു അമ്പരന്നു നോക്കുകയാണ്.
“എനിക്കറിയില്ല യമുനേ.. നിന്റെ നല്ല മാര്‍ക്ക്,നിന്റെ സൌന്ദര്യം ,നല്ല ശബ്ദംആരും നിന്നെ ഇഷ്ടപ്പെട്ടു പോകും.പക്ഷേ എന്നെ. ആര്‍ക്കും ഇഷ്ടമാകില്ല.ഉള്ളില്‍ നിങ്ങള്‍ക്കും എന്നെ ഇഷ്ടമല്ല.അതെനിക്കറിയാം.കഴിഞ വര്‍ഷമാണ്‌ ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ കൂടിയത്.ഈ നാല് പേര്‍ക്കിടയില്‍ നിങ്ങള്‍ മൂന്നു പേര്‍ തമ്മിലുള്ള അടുപ്പം എന്നോടില്ലല്ലോ...ഞാന്‍..എനിക്കറിയില്ല.ആ സാറിനെ എനിക്കും ഇഷ്ടമായിരുന്നു.നീ ഇഷ്ടപ്പെട്ട അനില്‍ സാറിനെ..കറുത്തവര്‍ക്കും ഇഷ്ടങ്ങള്‍ ഉണ്ടാകില്ലേ..പക്ഷേ വെളുത്തവര്‍ വെളുത്തവരെ മാത്രമേ ഇഷ്ടപെടു..നിന്റെ കുലം,നിന്റെ നിറം,നിന്റെ ബുദ്ധി..അതൊക്കെ കാരണമാ അയാള്‍ നിന്നെ ഇഷ്ടപ്പെട്ടത്. ..പക്ഷേ എന്നെ അയാള്‍ വെറുപ്പോടെയാ നോക്കിയത്.എല്ലാരും എന്നെ വെറുപ്പോടെയാ നോക്കുന്നത്.എന്റെ നിറം..അന്ന് മുതലാ എനിക്ക് നിന്നോട് വെറുപ്പ് തോന്നി തുടങ്ങിയത്. നീ എന്നെ സ്നേഹിക്കുമ്പോഴും ഞാന്‍ നിന്നെ വെറുക്കുകയായിരുന്നു.മനപ്പൂര്‍വമല്ല..പക്ഷേ അറിയാതെ ആ വെറുപ്പില്‍ ഞാന്‍ വല്ലാതെ സുഖം കണ്ടെത്തി...”
മേശപ്പുറത്തു നീലനിറമുള്ള വിന്റര്‍ ബ്ലൂവിന്റെ വലിയ കുപ്പി ഇരിക്കുന്നു. മദ്യം അവളുടെ അഴുക്കു നിറഞ്ഞ മനസ്സ് വലിച്ചു പുറത്തിട്ടൂ.എന്റെ ബെസ്റ്റ് ഫ്രണ്ട്.എന്റെ കൂടെപിറക്കാത്ത സഹോദരി.
ഞാനിപ്പോള്‍ ഒരു അഗ്നിപര്‍വതമാണ്.ലാവ ചീറ്റുന്ന അഗ്നിപര്‍വതം.
ആ നീലനിറമുള്ള കുപ്പി ഞാന്‍ മിന്നല്‍ പോലെ കടന്നെടുത്തു.അവള്‍ക്ക് ഒഴിഞ്ഞുമാറാന്‍ നേരം കിട്ടിയില്ല.അതിനു മുന്‍പ് ഞാന്‍ അതെടുത്തു അവള്‍ടെ തലയില്‍ ആഞ്ഞടിച്ചു.
ചോര ചീറ്റിയൊഴുകി.എന്റെ വെളുത്ത ചുരിദാര്‍ അവളുടെ ചോരയില്‍ കുതിരുന്നു.പിന്നെയും ഞാന്‍ അവള്‍ടെ തലയില്‍ കുപ്പി കൊണ്ട് അടിച്ചു.അതിന്റെ ചില്ലുകള്‍ ചിതറിത്തെറിക്കുന്നു. നീലനിറമുള്ള ചില്ല് കഷണങ്ങളില്‍ ചോരയുടെ നേര്‍ത്ത ചുവപ്പ് നിറം.എന്റെ ഹൃദയത്തിന്റെ കഷണങ്ങള്‍ പോലെ...
മരീനയും ജ്യോതിയും ഉറക്കെ നിലവിളിച്ചു..കഴിച്ച മദ്യം ആവിയായി.ജ്യോതി വാതില്‍ തുറന്നു താഴേക്ക് ഓടി.
എന്റെ മനസ്സിന്റെ ഭാരം കുറഞ്ഞിരിക്കുന്നു.ഡിപ്രഷനില്ലാത്ത ഡിസംബറിലെ ഒരു ദിവസമാണ് ഇന്ന്.അത് മദ്യത്തിന്റെ ലഹരി കാരണമല്ല.ഒരുപക്ഷെ ഈ വയലന്‍സിന്റെ പ്രത്യേകത കൊണ്ടാവാം.അടക്കി വച്ച രോഷവും സങ്കടവും എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തെറിച്ചിരിക്കുന്നു.
ഒരു വെളുത്ത പാടയിലെന്നപോലെ വാതില്‍ തുറന്നു ആളുകള്‍ ഓടിവരുന്നത് കാണാം.അവര്‍ രാധികയെ കോരിയെടുത്ത് കൊണ്ട് പോകുന്നു.സിസ്റ്റര്‍ മരിയ ഗോരെത്തി വരുന്നത് കണ്ടു.അവരുടെ കറുത്ത ശിരോവസ്ത്രം രാധികയുടെ കണ്ണുകള്‍ പോലെ..അവര്‍ എന്റെ കൈപിടിച്ചു കൊണ്ട് കൊണ്ട് പോവുകയാണ്.
രാധിക മരിക്കുമോ ?അറിയില്ല.മിക്കവാറും ജീവിക്കും.എന്നെ കോളേജില്‍നിന്ന് പുറത്താക്കും.ചിലപ്പോ ജയിലില്‍ പോകുമായിരിക്കും. ഈ ഡിസംബര്‍ കഴിയുമ്പോള്‍ ഈ ഡിപ്രഷന്‍ പോകും.ഇതിനെ നേരിടാനോക്കെയുള്ള ധൈര്യം എനിക്കുണ്ട്.ഇത്രനാളും എന്റെ കുഴപ്പം കൊണ്ടാണ് ഞാന്‍ അനുഭവിക്കുന്നതെന്നായിരുന്നു ധാരണ.ഇനി ഞാന്‍ ഈ കോളെജിലേക്ക് എപ്പോഴായിരിക്കും വരിക ?അറിയില്ല.ഇനി രാധികയെ കാണുമ്പോള്‍ ഞാന്‍ ചിരിക്കുമോ?അതാണ്‌ ഞാന്‍ ആലോചിക്കുന്നത്.അതാലോചിക്കുമ്പോള്‍ ചിരി വരുന്നു.പാവം .പൊട്ടിപ്പെണ്ണ്.അവളെ ക്കാണാന്‍ നല്ല രസമാണ്.നല്ല കറുത്ത വട്ടമുഖമാണവള്‍ക്ക്.
(അവസാനിച്ചു)
#shortfictionexperiments
By Anish Francis

കനകസിംഹാസനങ്ങൾ



°°°°°°°°°°°°°°°°°°°°°°°°°°°°°°
രാജാവും പരിവാരങ്ങളും
ആഡംബര നൗകയിൽ
ജല യാത്ര
ആസ്വദിക്കുകയായിരുന്നു.
അപ്പോൾ
കടലിൽ
നീന്തിക്കളിച്ചിരുന്ന
കുഞ്ഞുമത്സ്യങ്ങളെ
സ്രാവുകൾ ജീവനോടെ വിഴുങ്ങുന്നുണ്ടായിരുന്നു.
അംഗരക്ഷകർ ചൂണിക്കാണിച്ച
ആ കാഴ്ചകൾ കണ്ടു
രാജാവ് ആർത്തുചിരിച്ചു..
വിഴുങ്ങപ്പെട്ട മൽസ്യക്കുഞ്ഞുങ്ങൾ
സ്രാവുകളുടെ വയറ്റിൽ കിടന്നു നിലവിളിച്ചു,
അത് രാജാവ് കേട്ടില്ല,
മറ്റാരും കേട്ടില്ല,
പക്ഷേ
ആ രോദനങ്ങൾ മനുഷ്യരുടേതായിരുന്നു..
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
°°°°°°°°°°°°°°°°°°°°°°©

മതിലുകൾ

Image may contain: Giri B Warrier, closeup and outdoor


പണ്ട്...
അതിരുകളില്ലാത്ത
വിശ്വാസമായിരുന്നു,
പറമ്പുകൾക്കും
സ്നേഹബന്ധങ്ങൾക്കും
അതിരുകളുണ്ടായിരുന്നില്ല,
കൂട്ടുകുടുംബങ്ങളായി ജീവിച്ചു.
പിന്നെ..
വിശ്വാസം കുറഞ്ഞു തുടങ്ങി
വരമ്പുകളും തൂണുകളും
അതിരുകൾ തിരിച്ചു,
ബന്ധങ്ങളിൽ
വിടവുകളുണ്ടായി,
കൂട്ടുകുടുംബങ്ങൾക്കുളളിൽ
മുറികൾ തിരിച്ചു ജീവിച്ചു.
പിന്നെ
വിശ്വാസമൊട്ടുമില്ലാതായി,
അതിർവരമ്പുകൾക്ക് മീതെ
മുൾവേലികളുയർന്നു.
കൂട്ടുകുടുംബങ്ങൾക്കകത്ത്
മുറികൾക്കുള്ളിൽ
അടുപ്പുകൾ കൂട്ടി.
അതും കഴിഞ്ഞ് ...
സ്നേഹബന്ധങ്ങൾക്ക്
ബലമില്ലാതായി,
വേലികൾ മാറി
മതിലുകളായി,
കൂട്ടുകുടുംബങ്ങൾ
ഒറ്റപ്പെട്ട വീടുകളായി,
മതിലുകൾക്കുള്ളിൽ
ചെറിയ അതിരുകളായി.
പിന്നെ...
മതിലുകൾക്കുള്ളിൽ
മതിലുകളായി
സ്നേഹബന്ധങ്ങൾ
വീടുകൾക്കുള്ളിൽ
മാത്രമായി.
ഇപ്പോൾ ...
മതിലുകൾക്കുള്ളിൽ
വീടുകൾക്കുള്ളിൽ
സ്നേഹിക്കാനാളില്ലാതായി,
വീടുകൾ വെറും
ചുമരുകൾ മാത്രമായി,
മാതാപിതാക്കൾ
അനാഥരായി,
അവരുടെ വാർദ്ധക്യം
ശരണാലയങ്ങളിലായി..
പ്രതികരണശേഷിയില്ലാതെ.
മതിലുകളുയർത്തി
അവർ വിഭജിച്ച
ഹൃദയങ്ങളെയോർത്ത്
നെടുവീർപ്പിടുമ്പോൾ,
പുറത്തു പുതിയ പുതിയ
മതിലുകൾ
ഉയർന്നുകൊണ്ടേയിരിക്കുന്നു...
=============
Giri B Warrier
29 ഡിസംബർ 2018

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo