Slider

മുളകു പൂത്തവയൽ

1
Image may contain: Divija, eating, sitting and child

.................................
വീട് ശാന്തമാണിപ്പോൾ..
പരാതികളില്ല,പരിഭവങ്ങളില്ല..
ആവശ്യങ്ങളോ വാഗ്വാദങ്ങളോ ഇല്ല.
എന്തു പറ്റി റിയയ്ക്ക് എന്ന് കെവിൻ ചിന്തിക്കാതെയല്ല.എന്തു കൊണ്ടോ ചോദിക്കാൻ തോന്നിയില്ല.
ആദ്യമൊക്കെ ഈ ശാന്തതയും സമാധാനവും ആശ്വാസമായി തോന്നിയിരുന്നു.
പിന്നെ പിന്നെ റിയയുടെ ചിരി ,സൗമ്യമായ അന്വേഷണങ്ങൾ ഒക്കെയും വേറൊരാളോടെന്നു തോന്നി...ഒരു ഔപചാരികത ..താൻ എന്തു വിചാരിക്കും എന്ന് ഓരോ വാക്കിലും അവൾ ശ്രദ്ധിക്കുന്നതു പോലെ.
റിയ അങ്ങനെ ആയിരുന്നില്ല...ചെറിയ കാര്യങ്ങൾക്കും വഴക്കുണ്ടാക്കുമായിരുന്നു.നിസ്സാരമായ മറവികൾ ഓർത്തുവെച്ചു കുത്തുവാക്കുകൾ പറയും.പിണങ്ങി ദിവസങ്ങളോളം മിണ്ടാതിരിക്കും.
അസഹനീയമായി തോന്നിയിട്ടുണ്ട് പലപ്പോഴും.
പക്ഷേ ഈ മാറ്റം ... ഇതൊരു അസ്വസ്ഥതയാവുകയാണ്.അറിഞ്ഞിരിക്കുമോ എന്തെങ്കിലും...?
അയാൾ പതിയെ ബെഡ്റൂമിലേക്കെത്തി നോക്കി.
കട്ടിലിൽ മടക്കാനുള്ള തുണികൾ കൂട്ടിയിട്ട് ഓരോന്നായി മടക്കുകയാണവൾ.
ചെറിയൊരു മൂളിപ്പാട്ട് ചുണ്ടിലുണ്ട്.
കുറച്ചു നാളായി സന്തോഷവതിയാണവൾ.
ഒരു ചെറിയ മൂളിപ്പാട്ട്.മുഖത്ത് സദാ നിറയുന്ന മന്ദഹാസം.
പക്ഷേ അതിൽ തനിക്കെന്തു കൊണ്ടാണ് സന്തോഷിക്കാനാവാത്തത്.
ഇടയിലൊരു അദൃശ്യമായ മതിലുണ്ടെന്ന് എന്തു കൊണ്ടാണ് എപ്പോഴും അനുഭവപ്പെടുന്നത്.
'റിയ'
അവൾ മുഖമുയർത്തി ചിരിച്ചു.
'ചായ തരാട്ടോ ...ഒരു മിനിറ്റ്'
'എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്'
'പറയ്'
'എന്തു പറ്റി നിനക്ക്?'
മനസ്സിലാവാത്ത മട്ടിൽ അവൾ പുരികം ചുളിച്ചു.
'ഇങ്ങനെ ആയിരുന്നില്ലല്ലോ നീ,വാശിയും വഴക്കും ഒന്നുമില്ലാതെ പെട്ടെന്നിങ്ങനെ മാറാനെന്താ?'
'അതു കൊള്ളാം.ഞാൻ വഴക്കാളിയാണെന്നതായിരുന്നില്ലേ മുൻപ് പ്രശ്നം.മനുഷ്യനെ നന്നാവാനും സമ്മതിക്കില്ലേ'
മടക്കിയ തുണിയുമായി അവൾ എണീറ്റു.
'അതല്ല,എന്തോ ഒരു ബുദ്ധിമുട്ട് റിയ'
'സാരല്ല്യാന്നേ....ഇനി നമുക്ക് ഇങ്ങനെ ശീലിക്കാം...വഴക്കില്ലാതെ...സ്നേഹം മാത്രമുള്ളൊരു വീട്...അതല്ലേ ഒരു രസം...'
അവന്റെ മൂക്കിൻതുമ്പിൽ കളിയായ് പിടിച്ചൊന്നുലച്ചിട്ട് അവളിറങ്ങി പോയി.
'പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ....'
നനുത്ത സ്വരത്തിൽ അവളുടെ മൂളിപ്പാട്ട്.
എന്തോ നഷ്ടപ്പെട്ടു പോയവനെ പോലെ കെവിൻ നിന്നു.
......
ചായപ്പൊടിയുടെ കറുപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്കു കലരുന്നത് നോക്കി നിൽക്കേ പക്ഷേ റിയയുടെ കണ്ണുകൾ ചുവന്നു കലങ്ങി...അസഹ്യമായ നോവിൽ അവൾ നെഞ്ചിൽ കൈ ചേർത്തമർത്തി.
ഇടംകൈയിലെ ഫോൺസ്ക്രീനിൽ ആരോ മെസഞ്ചറിലയച്ച ചിത്രം...കെവിന്റെ കൈകളിൽ മുറുകെ പിടിച്ച് പുഞ്ചിരി തൂകുന്ന പെൺകുട്ടി.അവളെ സ്നേഹക്കണ്ണാൽ തിരിഞ്ഞു നോക്കി എന്റെ ...അല്ല ...കെവിൻ...അവരറിയാതെ പകർത്തിയതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം.
ആ ഫോൺ നെഞ്ചിൽ ചേർത്ത് കണ്ണീരിനിടയിലൂടെ അവളൊന്നു ചിരിച്ചു.
മായയാണത്.കെവിന്റെ സുഹൃത്ത്.ഒപ്പം ജോലി ചെയ്യുന്ന കുട്ടി.പരന്ന സൗഹൃദങ്ങളുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ഈ ചിത്രത്തിൽ സംശയിക്കാനൊന്നും തന്നെയില്ല.
പക്ഷേ...
തനിക്കറിയുന്നിടത്തോളം മറ്റാർക്കാണ് അവനെ അറിയുക...
അവന്റെ കണ്ണിലെ തിളക്കം വായിക്കാൻ,അവന്റെ ചിരിയിലെ സന്ദേശം വായിച്ചെടുക്കാൻ തന്നോളം കഴിയുമോ മായയ്ക്കു പോലും?
ഒരിക്കലും ചെയ്യാത്ത ഒരു കാര്യം ...കെവിനറിയാതെ മൊബൈൽ സന്ദേശം പരിശോധിക്കുമ്പോൾ സ്വയം ഒരവജ്ഞ തോന്നി.
സന്ദേശങ്ങൾ സ്വാഭാവികമായ സൗഹൃദസംഭാഷണങ്ങളാണ്.
പക്ഷേ ... തന്നോടു സംസാരിക്കുമ്പോൾ മാത്രമുണ്ടാവാറുള്ളൊരു സ്നേഹക്കരുതൽ ...അതെ എനിക്കത് തിരിച്ചറിയാനാവുന്നുണ്ട്.
സാധാരണയിൽ കവിഞ്ഞെന്തോ അവർക്കിടയിലുണ്ട്.
ജീവനേക്കാൾ സ്നേഹിച്ചയാളുടെ ഉള്ളിൽ നിന്നും നമ്മൾ മാഞ്ഞു പോകുകയാണ്,മനസ്സിൽ മരിച്ചു പോവുകയാണ് എന്നു തിരിച്ചറിയുക...
ആ നോവ് പറഞ്ഞറിയിക്കാവുന്ന ഒന്നല്ല...ആയിരം മുളകുകളരച്ച് ഹൃദയത്തിൽ തേച്ച പോലെ.
ഏറ്റവും വലിയ നിസഹായതയാണത്.
അരുതേ ... എന്നു യാചിച്ചാൽ...സമ്മതിക്കില്ല എന്നാക്രോശിച്ചാൽ ...
എന്തിന്...?
അതു കൊണ്ട് തിരിച്ചു കിട്ടുമോ എന്റേതു മാത്രം എന്ന ഉറപ്പ്...?
എന്റേതു മാത്രമായവരോടല്ലേ ഞാൻ പിണങ്ങാറുള്ളൂ കെവിൻ...
ആ അവകാശം എന്തിനാ എനിക്കു നീ നിഷേധിച്ചത്?
കണ്ണുകളമർത്തിത്തുടച്ച് റിയ ചിരിച്ചു.പതിയെ ഡിലീറ്റ് ബട്ടണിലൊന്നു തൊട്ടു.ആ ചിത്രം മാഞ്ഞുപോയി.
ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ വാൾപേപ്പർ തെളിഞ്ഞു ...പഴുത്ത മുളകുകൾ നിറഞ്ഞൊരു വയൽ.കാണാനെന്തു ഭംഗി.ഉള്ളു പുകയുകയാണെങ്കിലും.
കണ്ണാടിയിലൊന്നെത്തി നോക്കി മുഖത്തൊട്ടിച്ച ചിരി അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി ചായ കപ്പിലേക്കു പകർന്നെടുത്തു കെവിനടുത്തേക്കു നടന്നു...ചുണ്ടിൽ ആ മൂളിപ്പാട്ട്...
'കാര്യത്തിൽ മന്ത്രിയും...കർമ്മത്തിൽ ദാസിയും ...രൂപത്തിൽ ദേവിയും ഭാര്യ....'
........
ദിവിജ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo