നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 4



മാളവിക തുടരുന്നു ....നാലാം  ഭാഗം ...

ആമിയുടെ കൈ പിടിച്ച് വാതിലിനുനേർക്ക് തിരിഞ്ഞതും ഞെട്ടിപ്പോയി! അവിടെ കൈകൾ കെട്ടി വാതിലിൽ ചാരി നിന്ന് അവരെ ഗൗരവത്തോടെ  നോക്കി നിൽക്കുന്നു ദത്തൻ !
"അച്ഛാ ! അച്ഛാ ഞാൻ എന്റെ ടോയ്‌സ് മുഴുവൻ അമ്മയെ കാണിച്ചു കൊടുത്തു." ആമി ആവേശത്തോടെ അവനോടു പറഞ്ഞു.മാളു ചമ്മിപ്പോയി!ദൈവമേ ഈ കുഞ്ഞ് എന്നെ  അമ്മെ എന്ന് വിളിക്കുന്നത് കേട്ടാൽ ഇങ്ങേര്  എന്ത് വിചാരിക്കും!! മാളു മനസ്സിലോർത്തു.
"ആമിയെ താഴെ അന്വേഷിക്കുന്നു.അങ്ങോട്ട്  ചെല്ല് " ദത്തൻ ഗൗരവത്തോടെ  ആമിയോട് പറഞ്ഞു.
"വാ അമ്മെ " ആമി മാളുവിന്റെ കയ്യിൽ പിടിച്ചു.
"ആന്റി വന്നോളും.ആമി ചെല്ല് ."ദത്തൻ ആമിയോട് ശബ്ദം ഉയർത്തി സംസാരിച്ചു .ആമി മനസ്സില്ലാമനസ്സോടെ മാളുവിന്റെ കൈ വിട്ട് സ്റ്റെയർകേസ് ഇറങ്ങി താഴേക്ക് നടന്നു.
മാളു പോകാനായി റൂമിന് വെളിയിലേക്കിറങ്ങാൻ തുടങ്ങി.അതിനു മുൻപ് ദത്തൻ വാതിലിന്  കുറുകെ നിന്നു.
"എന്താ ഉദ്ദേശം?" അവൻ മാളുവിനെ നോക്കി രൂക്ഷമായി ചോദിച്ചു.
"എന്ത് ഉദ്ദേശം?" മാളു തിരിച്ച് ചോദിച്ചു.
"കുഞ്ഞ് നിന്നെ വിളിച്ചത് ഞാൻ കേട്ടു .നീ അത് തിരുത്താൻ ശ്രമിക്കാത്തതും ഞാൻ ശ്രദ്ധിച്ചു  .അതാ ചോദിച്ചത് എന്താ ഉദ്ദേശമെന്ന്?" അവൻ അവളുടെ അടുത്തേക്ക് നടന്നു.
അവൾ ചെറുതായൊന്നു പരുങ്ങി.അപ്പൊ കുറച്ചുനേരമായി ഇയാൾ ഇവിടെ നിൽക്കാൻ  തുടങ്ങിയിട്ട് .
"കുഞ്ഞ് എന്തോ അറിയാതെ വിളിച്ചു.അത് ഞാനും അത്ര കാര്യമാക്കിയില്ല." അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"ഓഹ് ശ്രദ്ധിച്ചില്ല അല്ലെ?ആദ്യമായി കാണുന്ന  ഒരു കുഞ്ഞ്  നിന്നെ അമ്മെ അമ്മെ എന്ന് വിളിച്ചിട്ട് നീ ശ്രദ്ധിച്ചില്ല ല്ലേ?" ദത്തൻ അവളെ പരിഹസിച്ചു.
"ആദ്യമായി കാണുന്ന ഒരു പെൺകുട്ടിയെ ഒരു മര്യാദയും ഇല്ലാതെ നീ എന്ന് വിളിച്ച് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല അല്ലെ?" മാളുവും വിട്ടുകൊടുത്തില്ല.
"ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറയ് . നീ ആമീടെ  അമ്മയാണോ? അല്ലല്ലോ?" ദത്തന് ദേഷ്യം വന്നു.
"ആമി  അങ്ങനെ വിളിച്ചപ്പോ എന്തോ എനിക്ക് തിരുത്താൻ തോന്നിയില്ല.എന്നോട് ക്ഷമിക്കണം.അവളോട് നിങ്ങൾ തന്നെ പറഞ്ഞേക്കു എന്നെ അങ്ങനെ വിളിക്കരുത് എന്ന് ."മാളുവിന്റെ കണ്ണുകൾ നിറഞ്ഞുവരുന്നത്  ദത്തൻ കണ്ടു.
"നിന്ന് മോങ്ങണ്ട. പൊക്കോ" ദത്തൻ ഡോറിനു കുറുകെ നിന്നും മാറി കൊടുത്തു.
മാളു പോകുന്നത് ദത്തൻ നോക്കി നിന്നു.
വീട്ടിലെത്തിയതും മാളുവിന്റെ മുഖം വാടിയിരിക്കുന്നത് ലേഖ ശ്രദ്ധിച്ചു.
"എന്താ മാളു മുഖം വല്ലാതെ ?" ലേഖ ചോദിച്ചു.
"ഒന്നുമില്ല അമ്മെ..അമ്മ പാടുമെന്ന് എന്നോടെന്താ പറയാതിരുന്നത്?" മാളു ചോദിച്ചു.
"ഓഹ് അതിനാണോ പിണക്കം?അതൊക്കെ പണ്ടത്തെ ഓരോരോ നേരമ്പോക്കുകളല്ലേ."ലേഖ പറഞ്ഞു.
"പഴയ  കൂട്ടുകാരിയെ കിട്ടിയപ്പോ അമ്മേടെ മുഖത്ത് തെളിച്ചമുണ്ട് " മാളു അവരെ കളിയാക്കി.
"കൂട്ടുകാരി അല്ല ,ദേവിയേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു.അവര് നിന്റെ അച്ഛനെ പോലെ വലിയ തറവാട്ടുകാരാ.ജ്വല്ലറി,തുണിക്കട ,ഹോട്ടലുകൾ അങ്ങനെ ഒരുപാട് ബിസിനസ്സ്  ഉണ്ട് ദേവിയേച്ചീടെ അച്ഛന്.അതിനു പുറമെ റബ്ബറും കൃഷിയും ഒക്കെ.അതിന്റെ ഒരു അഹങ്കാരവുമില്ലാത്ത  ഒരു സാധു സ്ത്രീ .ഇപ്പൊ അതെല്ലാം നോക്കി നടത്തുന്നത് ദത്തനാ.ഏച്ചിടെ മോൻ.നീ കണ്ടായിരുന്നോ?" ലേഖ അവളോട് ചോദിച്ചു.
"മുകളിലേക്ക് കേറിവരുന്നത് കണ്ടു.." മാളു ലേഖയുടെ  മുഖത്തു നോക്കാതെ പറഞ്ഞു.
"അവിടെ ഇത്രയൊക്കെ സ്വത്തുണ്ടായിട്ട് അവരെന്തിനാ ഈ ഓണംകേറാ മൂലയിൽ വന്നത് ?" മാളു ലേഖയോട്  ചോദിച്ചു.
"അതൊക്കെ ഞാൻ എന്തിനാ ചോദിക്കണേ?അവരുടെ കാശ് കൊണ്ട് അവർക്കിഷ്ടമുള്ള സ്ഥലത്ത് അവർ വീട് മേടിച്ചു .അതിന് നമുക്കെന്താ."ലേഖ പറഞ്ഞു.
"ആമിയുടെ അമ്മ എവിടെ എന്ന് ദേവിയമ്മ പറഞ്ഞോ അമ്മെ?"മാളു ചോദിച്ചു.
"ആ കുട്ടി മരിച്ചുപോയി മാളു! ആമി ജനിച്ച് അധികം കഴിയണത്തിനു മുൻപേ  തന്നെ.എന്തോ അസുഖം ആയിരുന്നു.ഞാൻ കൂടുതൽ ചോദിച്ച്  വിഷമിപ്പിക്കാൻ പോയില്ല" ലേഖ സങ്കടത്തോടെ പറഞ്ഞു.മാളുവിന്‌ നെഞ്ച് വേദനിച്ചു.അമ്മയെ കാണാതെ വളർന്ന കുഞ്ഞ്.തന്നെ കണ്ടപ്പോൾ സ്വന്തം അമ്മയാണെന്ന് വിചാരിച്ചു.അതെന്തുകൊണ്ടാണെന്ന് എത്ര  ആലോചിച്ചിട്ടും മാളുവിന്  മനസ്സിലായില്ല.ഒരുപക്ഷെ അവളുടെ കൂടെ ഇരുന്ന് അവളുടെ കളിപ്പാട്ടങ്ങളുടെ  വിശേഷങ്ങൾ ഒക്കെ കേട്ട് ഇഷ്ടങ്ങൾക്കൊത്ത് നിന്നതുകൊണ്ടാവാം.അതോടൊപ്പം ദത്തന്റെ കണ്ണുകളിലെ രോഷം അവൾ നേരിട്ട് കണ്ടു.അതോർത്ത്  അവൾക്ക് പേടിയായി.ആ വീടുമായുള്ള അടുപ്പം വേണ്ട എന്ന് അവൾ തീരുമാനിച്ചു.അമ്മ അവിടെ പോവുകയോ വരുകയോ ചെയ്തോട്ടെ.പക്ഷെ താൻ അവരോട് പ്രത്യേകിച്ചും ആ കുഞ്ഞിനോട് കുറച്ച് അകലം പാലിച്ച്  നിൽക്കണം.അവൾ മനസ്സിൽ ഓർത്തു.
പിറ്റേന്ന് തിങ്കളാഴ്ച ആയിരുന്നു.
ഇനി അടുത്ത വീക്കെൻഡ് വരെ അമ്മയും മകളും നല്ല തിരക്കിലാണ്.സന്ധ്യക്ക് ചെടി നനയ്ക്കാൻ ഇറങ്ങുമ്പോൾ ആമിയുടെ മുൻപിൽ പെടാതിരിക്കാൻ മാളു ശ്രദ്ധിച്ചു.ആമി ഇടയ്ക്കിടെ വെളിയിൽ ഇറങ്ങി അപ്പുറത്തേക്ക് നോക്കുന്നത് മാളു വേദനയോടെ കണ്ടു.
"അച്ഛമ്മേ എന്താ അമ്മ വരാത്തെ ?" ആമി ദേവിയോട് ചോദിച്ചു.
"അമ്മയോ ? ഏത് അമ്മ?" ദേവി  കണ്ണുമിഴിച്ചു.
"അപ്പുറത്തെ അമ്മ .ഇന്നാള് ഇവിടെ വന്നില്ലേ? എന്റെ ബോൾ എടുത്ത് തന്നില്ലേ?" ആമി പറഞ്ഞു.
ദത്തൻ ഇതെല്ലാം  കേൾക്കുന്നുണ്ടായിരുന്നു.
"അത് ആമിയുടെ അമ്മ അല്ല."വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി ദത്തൻ ആമിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു.
"അത് എന്റെ അമ്മയാ .എനിക്ക് അമ്മെ കാണണം."ആമി ചിണുങ്ങി.
"നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല ആമി? മര്യാദക്ക് വായടച്ച് നിന്നോ.ഇല്ലെങ്കിൽ എന്റെ കൈയിൽ നിന്ന് മേടിക്കും നീ " ദത്തൻ ആമിയോട് ഒച്ചവെച്ചു.
ദേവി വിഷമത്തോടെ മകനെയും കൊച്ചുമകളെയും നോക്കി നിന്നു.
"എനിക്ക് അമ്മയെ കാണണം." ആമി ദേവിയെ നോക്കി വലിയവായിൽ കരച്ചിൽ തുടങ്ങി.
അവളെ അടിക്കാൻ ദത്തൻ കൈ ഉയർത്തി.
"ദത്താ മതി!" ദേവി മകനെ ശാസിച്ചു.
അവർ ആമിയെയും എടുത്തുകൊണ്ട് അകത്തേക്ക് പോയി.
ഇതെല്ലം കേട്ടുകൊണ്ട് ഇപ്പുറത് ലേഖയും മാളുവും നിൽക്കുന്നുണ്ടായിരുന്നു.മാളു കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി.
ലേഖയും ഒന്നും മിണ്ടാതെ വീടിനുള്ളിൽ കയറി..

"വിരുന്നുകാരുണ്ടെ  ലേഖേ " എന്ന് വിളിച്ചുപറഞ്ഞു കൊണ്ട് സാവിത്രി വീട്ടിനകത്തേക്ക് വന്നു.കൂടെ ശിവദാസനുമുണ്ടായിരുന്നു.
ലേഖ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി.
"അപ്പച്ചി!" മാളു ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു.
"അപ്പച്ചീടെ  സുന്ദരിപ്പാറു !" സാവിത്രി മാളുവിന്റെ നെറ്റിയിൽ ഒരുമ്മ  കൊടുത്തു.
"ഞങ്ങൾ അധികം നേരം ഇരിക്കുന്നില്ല.ഇത് തരാൻ  വന്നതാ."സാവിത്രി മാളുവിന്റെ കയ്യിൽ ഒരു പൊതി ഏൽപ്പിച്ചു.
മാളു അത് തുറന്ന് നോക്കി.
പച്ചയിൽ സ്വർണകരയുള്ള ഒരു സെറ്റ് സാരി.കൂടെ അതിന് മാച്ച് ചെയ്യുന്ന  പച്ചക്കല്ലു വെച്ച ഒരു സ്വർണ്ണമാല!
മാളുവും ലേഖയും അന്തം വിട്ടു നിന്നു.
"അടുത്ത മാസ്സം സ്കൂളിൽ ആനിവേഴ്സറി ഫങ്ക്ഷന് നീ ഇതുമിട്ടോണ്ട്   വേണം പോകാൻ.അർക്കീസുകളായ  നീയോ നിന്റെ അമ്മയോ കാശ് കൊടുത്ത് ഒരു കർച്ചീഫ്  പോലും മേടിക്കില്ല എന്ന് എനിക്കറിയാം . എല്ലാവരും എന്റെ ചന്തുവിന്റെ പെണ്ണിനെക്കണ്ട് അസൂയപ്പെടണം ! ബ്ലൗസ് നേരത്തെ തയ്ച്ച് വെച്ചോ ലേഖേ.ഇല്ലെങ്കിൽ സമയത്ത്  നിനക്ക് തിരക്കാവും. അതാ ഇപ്പൊ തന്നെ കൊണ്ടുത്തന്നത് " സാവിത്രി പറഞ്ഞു.
ലേഖ നിറകണ്ണുകളോടെ അവരെ നന്ദിയോടെ നോക്കി.
മാളുവും ഒന്നും മിണ്ടാനാവാതെ  നിന്നു .
"ഒരു വിശേഷം കൂടി ഉണ്ട് .പറയു ശിവേട്ടാ " സാവിത്രി ഉത്സാഹത്തോടെ പറഞ്ഞു .
" ചന്തു വരുന്നുണ്ട്."ശിവദാസൻ പറഞ്ഞുതുടങ്ങി.
"തീയതി ഉറപ്പാക്കിയിട്ടില്ല.രണ്ടുമാസത്തെ ലീവ് എടുത്ത് വരാൻ  ആണ് പരുപാടി.ആ സമയത്ത്  തന്നെ ഇവരുടെ കല്യാണം നടത്തിയാലോ എന്ന് ഞങ്ങൾ ആലോചിക്കുവായിരുന്നു  .പൊരുത്തം പണ്ടേ നോക്കിയതല്ലേ.ഇനി തീയതിയും  മുഹൂർത്തവും മാറ്റുകാര്യങ്ങളും നോക്കിയാൽ മതിയല്ലോ." ശിവദാസൻ പറഞ്ഞു നിർത്തി.എന്നിട് ലേഖയെ നോക്കി.
"എന്താ ലേഖയുടെ അഭിപ്രായം?" സാവിത്രി ചോദിച്ചു.
ലേഖ മാളുവിനെ നോക്കി.
മാളു ഇടിവെട്ടേറ്റത്‌ പോലെ നിൽക്കുന്നു!
"ഇത്ര പെട്ടെന്നു എടുപിടീന്ന്  നടത്താൻ ..കുറച്ച് സാവകാശം വേണം ..."ലേഖ വിഷമത്തോടെ പറഞ്ഞു .
"ലേഖേ ,നിനക്ക് സമ്മതമാണോ എന്ന് മാത്രമേ ചോദിച്ചുള്ളൂ.പൈസയും  ബാക്കി കാര്യങ്ങളും ഒന്നും അറിയണ്ട .തരുന്ന പുടവയും പൊന്നും ഇടുവിച്ച് പെണ്ണിനെ പന്തലിൽ കൊണ്ടുവരിക അത്ര മാത്രം ചെയ്താൽ മതി നീ " സാവിത്രി പറഞ്ഞു.
സന്തോഷം കൊണ്ട് ലേഖയുടെ കണ്ണുകൾ നിറഞ്ഞു.
മാളു ഒന്നും മിണ്ടാതെ നിൽക്കുകയാണ്.
"നിങ്ങൾ എന്ത് തീരുമാനിക്കുന്നൊ  അതുപോലെ" ലേഖ സന്തോഷത്തോടെ പറഞ്ഞു.
സാവിത്രിയും ശിവദാസനും മുഹൂർത്തം നോക്കി അറിയിക്കാം എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.
പിറ്റേന്ന് വൈകിട്ട് ദേവി ആമിയെയും കൊണ്ട് മാളുവിന്റെ അടുത്തെത്തി.മാളുവിനെ കണ്ടതും ആമി ദേവിയുടെ കൈയിൽ നിന്നും ചാടി ഇറങ്ങി ആമിയെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു.
"അമ്മെ എന്താ എന്നെ കാണാൻ വരാഞ്ഞേ?ടോയ്‌സ് എറിഞ്ഞു പൊട്ടിക്കില്ല അമ്മെ പിണങ്ങല്ലേ അമ്മെ " ആമിയുടെ സങ്കടം കണ്ടപ്പോൾ മാളുവിനും പിടിച്ചുനിൽക്കാനായില്ല അവൾ ആമിയെ കെട്ടിപ്പിടിച്ച് അവളുടെ മുഖത്തും മുടിയിലും എല്ലാം ഉമ്മവെച്ചു.ദേവിയ്ക്ക് ആ കാഴ്ച കണ്ട് നെഞ്ച് വിങ്ങി .
കടയിൽ നിന്നും ലേഖ വന്നതും ദേവി അവരോട് അടുത്തെങ്ങാനും ക്ഷേത്രങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു.
"ഇവിടെ അടുത്ത്  ഹനുമാൻ കോവിൽ ഉണ്ട് . ചൊവ്വാഴ്ചയും വ്യാഴാഴ്ച്ചയും സന്ധ്യക്ക് അവിടെ വിശേഷാ പൂജയുണ്ട് .നെയ്യും പരിപ്പുവട മാലയും പ്രസാദം കിട്ടും." ലേഖ പറഞ്ഞു.
"എന്നാൽ നമ്മക്ക് പോയിട്ട് വന്നാലോ?" ദേവിക്ക് ഉത്സാഹമായി.
"മാളുവിന്‌ ഇപ്പൊ അമ്പലത്തിൽ കേറാൻ പാടില്ല ദേവിയേച്ചി" ലേഖ പറഞ്ഞു.
"എങ്കിൽ നമക്ക് പോയിട്ടുവരാം ലേഖേ.ഇവിടെ അടുത്താണെന്നല്ലേ പറഞ്ഞത്?ഇന്ന് വ്യാഴം അല്ലെ?പൂജ ഉണ്ടാവുമല്ലോ അവിടെ..എന്നും കൃഷ്ണന്റെ  അമ്പലത്തിൽ രാവിലെയും വൈകിട്ടും മുടങ്ങാതെ പൊയ്ക്കൊണ്ടിരുന്നതാ .ഇവിടെ വന്നേ പിന്നെ എല്ലാം മുടങ്ങി.തൊഴുത്തിട്ട് പെട്ടെന്നു മടങ്ങി വരാം. ദത്തൻ അവിടെ ഇല്ല .അവൻ വരുന്നതിനു മുൻപ് മടങ്ങിവരണം.അവനീ അമ്പലത്തിലും ദൈവത്തിലും ഒന്നും വിശ്വാസമില്ല.എന്നെ ഒന്ന് കൊണ്ടുപോകാൻ പറഞ്ഞാൽ അവനൊട്ടു  സമയവുമില്ല. " ദേവി വിഷമത്തോടെ പറഞ്ഞു.
"നിങ്ങള് പോയിട്ട് വരൂ.ഞാനും ആമീം ഇവിടെ ഇരുന്നോളാം" മാളു പറഞ്ഞു.
ദേവിയുടെ ഉള്ളിൽ ആമി മാളുവിനോട് കൂടുതൽ അടുത്തോട്ടെ  എന്നായിരുന്നു.ഒരു അമ്മയുടെയും അമ്മുമ്മയുടെയും സ്വാർത്ഥത! അവർ മനസ്സിൽ പലതും ആഗ്രഹിച്ചിരുന്നു.
ലേഖയ്ക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. ദേവി ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുകയാണ് .പോയിട്ട് വരാം.അവർ രണ്ടാളും  അമ്പലത്തിൽ പോയി.
കുറച്ച് കഴിഞ്ഞ്  ദത്തൻ വന്നപ്പോൾ വാതിൽ  പൂട്ടികിടക്കുന്നു .പെട്ടെന്ന് അപ്പുറത്തുനിന്നും ആമിയുടെ ഉച്ചത്തിലുള്ള ചിരി കേട്ടു .
അമ്മയും ആമിയും അവിടെ ആയിരിക്കുമെന്ന് അവൻ ഊഹിച്ചു.അവന് ദേഷ്യം ഇരച്ചുകയറി!
അവൻ വേഗം മാളുവിന്റെ വീട്ടിലേക്ക് നടന്നു.

To be continued........
രചന : അഞ്ജന ബിജോയ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot