
ഒരു ബസ് യാത്രയാണ്. പുലർ കാലത്തെ മഞ്ഞ് പുതച്ച പാതയിലൂടെയുള്ള ഒരു ബസ് യാത്ര. ഇരു വശവും പച്ചയുടുത്ത പാടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിക്ക് ആദ്യ ചുംബനം നൽകുന്ന കാഴ്ച കാണാം.
ഇത്തിരി ദൂരം പിന്നിട്ടാൽ പുഴകളും മലകളും ഗ്രാമഭംഗിക്ക് മാറ്റ് കൂട്ടുന്നത് കാണാം. കാലത്ത് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമായ പതിവ് യാത്രക്കാരാണ് ബസിൽ. അവർക്കൊപ്പം ഞാനും.
ഇത്തവണ ഫഹദ് ഫാസിൽ എന്ന രസികൻ കണ്ടക്ടറാണ്. അയാളുടെ ചെറു ചലനങ്ങൾ പോലും യാത്രക്കാരെ രസിപ്പിക്കുന്നു. ബസിലെ ആ തിരക്കിനിടയിലും മുന്നിലും പിന്നിലുമായി ഓടിയെത്തി ടിക്കറ്റ് നൽകി അയാൾ യാത്രയിൽ നിറഞ്ഞ് നിൽക്കുന്നു. ഇടക്ക് യാത്ര വിരസമായി അനുഭവപ്പെടുമെന്ന ഘട്ടത്തിൽ ഫഹദ് കൃത്യമായ രക്ഷാപ്രവർത്തനം നടത്തുന്നു.
ക്ളീനറായി ശ്രീനിവാസനാണ്.
ഏതൊക്കെ സ്റ്റോപ്പിൽ ആളെയിറക്കണം എത്ര നേരം നിർത്തണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിനറിയാം. പതിവ് പോലെ ഡ്രൈവർ സീറ്റിൽ സാക്ഷാൽ സത്യൻ അന്തിക്കാട്..
ഈ ബസ് ഇത് വരെ ഓടിയ അതേ റൂട്ടിൽ തന്നെയാണ് ഇപ്പോഴും ഓടുന്നത്. പുറം കാഴ്ചകളും യാത്രക്കാരും പരിചിതമായത് തന്നെ. എന്നിരുന്നാലും വിടരുന്ന ഓരോ പ്രഭാതത്തിനും ഒരു പുതുമ ഉണ്ടെന്നത് പോലെ ഓരോ പ്രഭാതവും നമ്മുടെ മനസിന് സംതൃപ്തി നൽകുന്നത് പോലെയാണ് 'ഞാൻ പ്രകാശൻ'. എത്രയാവർത്തിച്ചാലും നഷ്ടപ്പെടാത്തൊരു പുതുമ സത്യൻ ഇതിലും ചാലിച്ച് ചേർത്തിട്ടുണ്ട്. ഒത്തിരി ചിരിയിൽ നിന്നും പെട്ടെന്ന് ഒരു സഡൻ ബ്രേക്കിട്ട് ഒന്നു കണ്ണു നനയിച്ച് ഇത്തിരി ചിന്തകൾ നൽകുന്നൊരു യാത്ര. ധൈര്യമായി ടിക്കറ്റ് എടുത്ത് കയറാം ഈ യാത്രക്ക്.
By: Rahul Raj, Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക