നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജഹന്നാര



രുധിരവർണ്ണമാർന്ന നഭസ്സിൽ നിന്നും സായാഹ്‌നസൂര്യന്റെ ദുർബലകിരണങ്ങൾ ആഗ്രക്കോട്ടയുടെ വിശാലമായ അകത്തളച്ചുവരിൽ പതിപ്പിച്ച സ്ഫടികഖണ്ഡങ്ങളെത്തലോടി, ഇടനാഴികളിലേക്ക് അരണ്ടവെളിച്ചമായി പ്രതിഫലിച്ചു.
ചെങ്കല്ലുകളാൽ സൃഷ്ടിക്കപ്പെട്ട കോട്ടച്ചുവരുകളും അകത്തളങ്ങളും ലളിതമായ അലങ്കാരങ്ങളാൽ സുന്ദരമായിരുന്നു.അകത്തളങ്ങളിലും ഇടനാഴികളിലും ശുഭവസ്‌ത്രധാരികളായ പരിചാരകർ ദീപങ്ങൾ കൊളുത്തുവാനുള്ള ഒരുക്കങ്ങളിൽ നിശബ്ദരായി ഏർപ്പെട്ടിരുന്നു.
വിശാലമായ പ്രാർത്ഥനാമുറിയുടെ മുൻഭാഗത്തുള്ള തളത്തിൽ സാമ്രാട്ട് ഔറംഗസീബ് ചക്രവർത്തി അക്ഷമനായി ഉലാത്തി.
വിവിധവർണ്ണങ്ങളിൽ വിദഗ്ദമായി സൃഷ്ടിക്കപ്പെട്ട ചുവർചിത്രങ്ങളിൽ മുഗൾസാമ്രാജ്യത്തിന്റെ ചരിത്രം വിവരിക്കപ്പെട്ടിരുന്നു.അതിനിടയിലുള്ള ഛായാചിത്രങ്ങളിൽ പിതാവായ ഷാജഹാന്റെയും സഹോദരനായ ദാരയുടെയും ജീവസ്സുറ്റ മുഖങ്ങൾ ചക്രവർത്തിയെ അസ്വസ്ഥനാക്കി.
"ഈ സായാഹ്നവേളയിൽ ഗർഹ്യയാം അടിയന്റെ കോട്ടയിൽ ഇത്രയേറെ വിശിഷ്ടനായ ഒരാഗന്തുകനെ നാം പ്രതീക്ഷിച്ചിരുന്നില്ല.."
മുഖം തിരിച്ച ചക്രവർത്തിക്ക് മുന്നിൽ പ്രാർത്ഥനാമുറിയിൽ നിന്നുമുള്ള ദീപപ്രഭയിൽ ജ്വലിക്കുന്ന മുഖവുമായി ധവളവർണ്ണമാർന്ന സൂഫിവസ്ത്രങ്ങൾ ധരിച്ച നേർത്തുമെലിഞ്ഞ, യൗവ്വനം വിടപറയാനൊരുങ്ങുന്ന സ്ത്രീരൂപം, ജഹന്നാര ബീഗം, നിലകൊണ്ടു..
സ്വസോദരിയുടെ തീവ്രമായ പരിവാദങ്ങൾക്ക് മുന്നിൽ ശിരസ്സ് താഴ്ത്തിക്കൊണ്ട്
മുഗൾ ചക്രവർത്തി
തീർത്തും അക്ഷോഭ്യനായി നിന്നു.
"മുഗൾ സാമ്രാജ്യാധിപതി, ആഗമനോദ്ദേശ്യം ഉണർത്തിച്ചാലും"
വിവശവദനനായി ശിരസുയർത്തിയ സഹജനെ ബീഗം നിർന്നിമേഷയായി നോക്കിനിന്നു.
വിശിഷ്ടമായ രാജവസ്ത്രങ്ങളിൽ രത്നഖചിതകിരീടധാരിയും പ്രൗഢഗംഭീരനുമെങ്കിലും ജരാനരകൾ ബാധിച്ചുതുടങ്ങിയിരിക്കുന്നു. നയനങ്ങളിൽ ദൃശ്യമാകുന്ന ആർദ്രത, സോദരീ സ്നേഹമോ മറ്റൊരു ഗൂഢലക്ഷ്യമോ എന്ന് വ്യവച്ഛേദിച്ചറിയാനാവുന്നില്ല..
"നാമൊരിക്കൽ സൂചിപ്പിച്ചിരുന്നു;
ആ കുറിപ്പുകൾ. അവ എന്തിനുവേണ്ടിയാണ് പ്രിയസോദരി സൂക്ഷിച്ചുപോരുന്നത് ?"
"നമ്മുടെ നിഗമനം തെറ്റിയില്ല." ജഹന്നാര ബീഗത്തിന്റെ അധരങ്ങളിൽ മന്ദഹാസം പ്രകടമായി.
"ചക്രവർത്തിയായ അവിടുന്ന് വെറുമൊരു സൂഫിവര്യയായ അടിയന്റെ ജീവചരിത്രക്കുറിപ്പിനെ എന്തിനു ഭയപ്പെടുന്നു ? അസത്യമായ് യാതൊന്നുമേ കുറിച്ചിട്ടില്ലതിൽ. സത്യത്തെ മുഗൾചക്രവർത്തിക്ക് ഇത്രയേറെ ഭയമോ!?"
അവമതിയുടെ സ്പർശനമേറ്റ ഔറംഗസീബിന്റെ മിഴികളിൽ ധാർഷ്ട്യമുനകൾ ദൃശ്യമായി. നിണപാനാനന്തരം മയങ്ങുന്ന
ജളൂകത്തെ ദർശിച്ചപോലെ
അവജ്ഞ കലർന്നതായിരുന്നു ബീഗത്തിന് സഹോദരനോടുള്ള മുഖഭാവമപ്പോൾ.
"എത്ര വരാഹനാണ് ആവശ്യം ? അതോ ധാന്യങ്ങളോ? ഇപ്പോൾ അനുവദിച്ചതിന്റെ നാലിരട്ടി കൊട്ടാരത്തിൽനിന്നും അനുവദിക്കാൻ നാം തയ്യാറാണ്.പക്ഷെ ഭാരതചരിത്രത്തിൽ എന്നെന്നും നമ്മുടെ സ്ഥാനം "ക്രൂരനായ ഭരണാധികാരി" യായി ശേഷിക്കരുത്."
ഔറംഗസീബ് അപേക്ഷാഭാവത്തിൽ സഹോദരിക്ക് നേരെ മുഖം തിരിച്ചു.
ജഹന്നാര ബീഗം ക്ഷീണിച്ച മുഖമുയർത്തി കനിഷ്ഠസോദരനെ നോക്കി. ഇടനാഴിയിൽ പരിചാരകർ മൃഗക്കൊഴുപ്പും എണ്ണയും ചേർത്ത മിശ്രിതമൊഴിച്ചു ദീപങ്ങൾ ജ്വലിപ്പിക്കുന്നതിന്റെ പ്രഭയിൽ അവരുടെ മുഖം അചഞ്ചലമായ ഭാവത്തോടെ നിന്നു.
"ധനമോ ധാന്യമോ ഇതുവരെ നമ്മെ പ്രലോഭിപ്പിച്ചിട്ടില്ല. മുംതാസ് മാതാവിന്റെ മരണശേഷം പരമ്പരാഗതസ്വത്തായി നമ്മിൽ വന്നുചേർന്ന സമ്പത്ത് എത്ര ഭീമമായിരുന്നുവെന്ന് അനുജൻ വിസ്മരിച്ചിട്ടുണ്ടാവില്ലല്ലോ ? കൊട്ടാരവിഹിതം പോലും ഇന്ന് നാം ദാനത്തിനാണുപയോഗിക്കുന്നത്"
ശിരസ്സുയർത്തി തന്നിലേക്ക് ഉറ്റുനോക്കുന്ന സഹോദരിയുടെ മിഴികളിലെ ഭാവം ചക്രവർത്തിയെ അസ്വസ്ഥനാക്കി. ഛത്രസാലന്റെ വധത്തിനുശേഷം കോട്ടയിലെത്തിയ നിമിഷമാണ് അയാളുടെ സ്മരണയിലുണർന്നതപ്പോൾ.
ഔറംഗസീബിന്റെ മുഖം പരാജയഭീതിയിൽ വിളറിത്തുടങ്ങിയിരുന്നു. അവസാനശ്രമമെന്ന നിലയിൽ അടക്കിപ്പിടിച്ച സ്വരത്തിൽ ചക്രവർത്തി ജ്യേഷ്ഠസഹോദരിയോടുരുവിട്ടു.
"ചക്രവർത്തിയായിട്ടല്ല, സംവത്സരങ്ങൾക്കപ്പുറം പിറന്നാൾവസ്ത്രത്തിൽ അഗ്നിബാധയുണ്ടായി
മരണശയ്യയിൽ കിടന്ന സോദരിക്കായി വേദനകൊണ്ട് പിടയുന്ന ഹൃദയവുമായി ഓടിയെത്തിയ സഹോദരനായിക്കൊണ്ട്, നാം യാചിക്കുകയാണ്."
ബീഗത്തിന്റെ മുഖം സ്തബ്ധമായി.
നന്മ നിറഞ്ഞ നാളുകളുടെ സ്മരണയിൽ ആ മിഴികൾ ദീപ്‌തങ്ങളായി.
"നമുക്കുമുണ്ടായിരുന്നു നല്ല നാളുകൾ!. വിവാഹം നിഷിദ്ധമായ മുഗൾരാജകുമാരിയുടെ പ്രണയത്തെ
ഉടവാളിനിരയാക്കി അവളെ കാരാഗൃഹത്തിലടയ്ക്കും ദിനങ്ങൾക്കുമപ്പുറെ.."
അർദ്ധനിദ്രയിലെന്നപോലവർ മന്ത്രിച്ചു.
നിറദീപങ്ങൾ ജ്വലിക്കുന്ന ഇടനാഴിയിൽനിന്നും ബീഗം അടുത്ത അകത്തളത്തിലേക്ക് കടന്നു.
കിളിവാതിലിനരികിൽ നിന്നുകൊണ്ടവർ യമുനാതീരത്തേക്ക് മിഴികളോടിച്ചു.
നിലാവുദിച്ചു വരുന്നേയുള്ളൂ.
എങ്കിലും താജ്മഹലിന്റെ വെള്ളത്താഴികക്കുടം സ്പഷ്ടമായി കാണാം. അനിർവ്വചനീയമായ വികാരത്താൽ അവരുടെ നയനങ്ങൾ നിറഞ്ഞൊഴുകി.
"സ്വപുത്രനാൽ ബന്ധനസ്ഥനായ നമ്മുടെ പിതാവ് ഈ കിളിവാതിലിലൂടെയാണ് എട്ടുവർഷത്തോളം മാതാവിനെ ദർശിച്ചിരുന്നത്. അന്ത്യശ്വാസമുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ അപേക്ഷ മാതാവിനരികിൽ വിശ്രമിക്കണമെന്നതായിരുന്നു."
" ഒരുകാലത്തു ഭാരതം മൊത്തം അടക്കിവാണ മുഗൾചക്രവർത്തിയുടെ ജഡം സ്വപുത്രനെ ഭയപ്പെട്ട് ഒരു തുരങ്കത്തിലൂടെയാണ് വിശ്വസ്തസേവകർ മഹലിലേക്ക് കൊണ്ടുപോയത്." അവർ പറഞ്ഞുനിർത്തി.
ഔറംഗസീബിന്റെ വദനത്തിൽ ആത്മവേദനയുടെ നിഴൽപാടുകൾ ദൃശ്യമായിരുന്നു. ബീഗത്തിനു പുറകിലായി നിന്നുകൊണ്ട് അദ്ദേഹം താജ്മഹലിലേക്ക് ദൃഷ്ടിയുയർത്തിക്കൊണ്ട് മന്ത്രിച്ചു.
"ഹൃദയപൂർവ്വം നാം ഖേദിക്കുന്നു"
ശ്രവിച്ച വാക്കുകൾ വിശ്വസിക്കാനാകാതെ ജഹന്നാര സഹോദരന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി..
"ഇതൊന്നുമല്ല പ്രഭോ..അവിടുന്ന് ചെയ്ത ക്രൂരതകൾ! സ്വന്തം സഹോദരന്മാരായ മുറാദിനെയും ഷൂർജയെയും "പവിർസർബത്" കുടിപ്പിച്ചുകൊന്നില്ലേ?."
"സിംഹാസനത്തിന്റെ അവകാശിയായ ദാരയെ രണ്ടു പാദങ്ങളും രണ്ടു കുതിരകളിലായി ബന്ധിച്ചശേഷം അവയുടെ ആസനത്തിൽ പഴുപ്പിച്ച ശൂലം കയറ്റി. വിപരീതദിക്കിലേക്ക് വേദനിച്ചോടിയ അശ്വമധ്യേ വലിച്ചുകീറപ്പെട്ട സഹോദരന്റെ ശിരസ് വെട്ടിയെടുത്തു പിതാവിന് ജന്മദിനസമ്മാനമായി സമർപ്പിച്ചില്ലേ? "
കഠിനവേദനയാൽ ബീഗത്തിന്റെ മുഖം ചുളിഞ്ഞിരുന്നു. ജ്വലിക്കുന്ന റാന്തലിനരികിൽ നിൽക്കുമ്പോൾ അവരുടെ മിഴികളിൽ നിന്നും നിണമാണൊഴുകുന്നതെന്ന് ചക്രവർത്തിക്ക് തോന്നി. തീർത്തും നിശബ്ദനായയാൾ ശിരസുതാഴ്ത്തി നിലകൊണ്ടു.
നിമിഷങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ആലോചനാമഗ്നയായ ബീഗത്തിന്റെ
വദനം നിശ്ചയദാർഢ്യത്താൽ കല്ലിച്ചിരുന്നു.
"ഇന്നീ നിമിഷം, മുറാദിന്റെയും ഷൂർജയുടെയും പുത്രന്മാരെ തടവിൽ നിന്നും മുക്തരാക്കുവാൻ ഉത്തരവിടൂ. അവരിലൂടെ നമുക്ക് നശിച്ചുപോയ ഒരുമയും നന്മയും വീണ്ടെടുക്കണം.
അങ്ങനെയെങ്കിൽ,നമ്മുടെ കുറിപ്പുകളിനി പുറംലോകം കാണാത്തവിധം നാം നശിപ്പിക്കുന്നതായിരിക്കും"
ഞൊടിനേരംകൊണ്ട് ചക്രവർത്തിയുടെ മുഖം പൂർണ്ണചന്ദ്രനെപ്പോൽ പ്രകാശിച്ചു.
പ്രതീക്ഷയോടെ അദ്ദേഹം സഹോദരിയെ നോക്കി പുഞ്ചിരിച്ചു.
"മുഗൾസാമ്രാജ്യ ചക്രവർത്തിയായ നാമിതാ വാക്കുതരുന്നു.ഈ നിമിഷം മുതൽ അവർ സ്വതന്ത്രരാണ്. മാതാവിന്റെ സ്ഥാനം നൽകികൊണ്ട് സഹോദരിയായ ജഹന്നാര ബീഗത്തിനു മുന്നിൽ, ഔറംഗസീബ് ചക്രവർത്തി സമർപ്പിക്കുന്ന പ്രതിജ്ഞയാണിത്"
ബീഗത്തിന്റെ മിഴികളിൽ അലിവ് ദൃശ്യമായി. ക്ഷണനേരത്തേക്ക് മാത്രം!
"നമ്മുടെ ഗുരുവിന്റെ കണ്ണുകൾ കുന്തുമുനകളിൽ കോർത്തെടുത്തു കൊലപ്പെടുത്തിയതും സിംഹാസനത്തിനായി സ്വപിതാവിനെയും ചേർത്ത് അപദാനകഥകൾ പറഞ്ഞുണ്ടാക്കിയതും നാം വിസ്മരിക്കുന്നില്ല. എങ്കിലും ഈ പ്രതിജ്ഞയിൽ നാം വിശ്വാസമർപ്പിക്കുന്നു."
തൂലചിത്തനായ്, അടക്കിപ്പിടിച്ച മന്ദസ്മിതത്തോടെ, കോട്ടവാതിൽക്കലേക്ക് നീങ്ങിയ ചക്രവർത്തിയുടെ മിഴികളിൽ ഒളിമിന്നിയ കുടിലത ജഹന്നാരബീഗത്തിന്റെ നിർമ്മലചിത്തത്തിൽ സന്ദേഹമുളവാക്കിയില്ല. സഹോദരന്റെ ചലനങ്ങളെ വാത്സല്യപൂർവ്വം വീക്ഷിച്ചുകൊണ്ടവർ നീൾമിഴികളിൽ സോദരസ്നേഹത്തിന്റെ ഈർപ്പവുമായ്, ആർദ്രയായി സ്മരണകളിൽ ലയിച്ചുനിന്നു.

സൂര്യോദയത്തിനു നാഴിക ബാക്കി നിൽക്കെ ജാസ്മിൻ ഗോപുരത്തിൽ നിന്നും ഒരു ചെറുറാന്തലുമേന്തി ജഹന്നാര ബീഗം പതുക്കെ ഇറങ്ങിവന്നു. വിജനമായ പരിസരം ഗഹനമായ് വീക്ഷിച്ചുകൊണ്ട് നടന്നുനീങ്ങുന്ന ബീഗത്തിന്റെ മിഴികളിൽ വാഗ്ദാനപാലനത്തിന്റെ
ആത്‌മസംതൃപ്തി തെളിഞ്ഞുനിന്നു.
ചരിത്രത്തിലെ ചതികളറിയാതെ, മുഗൾവംശത്തിന്റെ ഒരു വലിയ
"ഏട്" ഗോപുരത്തിനുള്ളിലെ
മാർബിൾ ഫലകത്തിനിടയിൽ നിത്യനിദ്രയിലമർന്നു കിടന്നു.
===============================
(300വർഷങ്ങൾക്ക് ശേഷം ആഗ്രാകോട്ട സന്ദർശിക്കാനെത്തിയ ആൻഡ്രിയ എന്ന സ്വീഡൻ യുവതിയുടെ മുന്നിലേക്ക് ജാസ്മിൻഗോപുരത്തിലെ മാർബിൾ ഫലകത്തിന്റെ ചെരിവിലൂടെ ഊർന്നുവീഴുകയായിരുന്നു അന്ന് അടക്കം ചെയ്യപ്പെട്ട ആ കുറിപ്പുകൾ)
വിനീത അനിൽ
(ഒരു സങ്കല്പമാണ് ഈ സംഭാഷണം)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot