നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 6


മാളവിക തുടരുന്നു...........

പിന്നീട് ഒരു ഒഴിവുദിവസ്സം ദേവിയുടെ ആവശ്യപ്രകാരം അകലെ ഉള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൊഴാൻ ലേഖയും മാളുവും കൂടെ ചെല്ലാമെന്നേറ്റു.ദത്തനോട് കാറിൽ തങ്ങളെ അവിടെ കൊണ്ടുപോകാൻ ദേവി ആവശ്യപ്പെട്ടു.
ദേവി ഫ്രണ്ട് സീറ്റിൽ കയറാൻ  തുടങ്ങിയതും  ആമി മാളുവിനെ പിടിച്ച് വലിച്ച് ഫ്രണ്ട് സീറ്റിലേക്ക് തള്ളിവിട്ടു.
"അമ്മ ഫ്രണ്ടിലിരിക്ക് .അച്ഛമ്മ ബാക്കിൽ പോയെ. ഞാൻ അമ്മേടെ മടിയിലാ ഇരിക്കുന്നത്." ആമി പറഞ്ഞു.
മാളു വല്ലാതായി.ലേഖയ്ക്കും അതത്ര താല്പര്യമില്ലായിരുന്നു.
ദേവി പക്ഷെ ഉള്ളാലെ സന്തോഷിച്ചു.
"ഓഹ് പുതിയ ആളെ കിട്ടിയപ്പോ നിനക്ക് എന്നെ വേണ്ട അല്ലേടി  കാന്താരി?"ദേവി ആമിയെ കളിയാക്കി.
"ആമി നമുക്ക് ബാക്കിൽ ഇരിക്കാം.അമ്മയ്ക്ക് ഫ്രണ്ട് സീറ്റിൽ ഇരിക്കാൻ പേടിയാണ് ."മാളു കള്ളം പറഞ്ഞു.
"അമ്മ പേടിക്കണ്ട ഞാൻ  അമ്മേടെ മടിയിലിരിക്കാം .അമ്മ വീയാതെ ഞാൻ പിടിച്ചോളാം." ആമി മാളുവിനെ ആശ്വസിപ്പിച്ചു.
"നീ മുൻപിൽ ഇരുന്നോ മോളെ ഇല്ലെങ്കിൽ അവള് സമ്മതിക്കില്ല." ദേവിയും പറഞ്ഞതോടെ മാളുവിന് വേറെ വഴിയില്ലാതായി .അവൾ ലേഖയെ നോക്കി.ലേഖയും എന്ത് പറയണം എന്നറിയാതെ ഇരിക്കുകയാണ്.
ദത്തൻ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു.
മാളു ആമിയെയും മടിയിൽ വെച്ച്  മുൻപിൽ  ഇരുന്നു.
ഒരു മണിക്കൂറോളമുണ്ടായിരുന്നു അമ്പലത്തിലേക്ക്.
ലേഖയും ദേവിയും വിശേഷങ്ങൾ പറഞ്ഞ് ഇരുന്നു.ദത്തന്  ഡ്രൈവിങ്ങിൽ മാത്രമായിരുന്നു ശ്രദ്ധ.ആമി മാളുവിനോട് എന്തൊക്കെയോ കലപില സംസാരിച്ചുകൊണ്ടിരുന്നു.
അമ്പലത്തിൽ നല്ല തിരക്കായിരുന്നു.
അമ്പലത്തിനു തൊട്ട് മുൻപിലായി ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്ന ധാരാളം കടകളും പിന്നെ കുറെ കൈനോട്ടക്കാരും ഉണ്ടായിരുന്നു.
ദത്തൻ കാർ പാർക്ക് ചെയ്തിട്ട് അവിടെ തന്നെ ഇരുന്നു.ലേഖയും ദേവിയും മാളുവും ആമിയും തൊഴാനിറങ്ങി.
"മോൻ വരുന്നില്ലേ?"ലേഖ സംശയത്തോടെ ചോദിച്ചു.
"നന്നായി! അവൻ ഇവിടം വരെ വന്നത് തന്നെ മഹാഭാഗ്യം."ദേവി ദത്തനെ കളിയാക്കി.
"എനിക്ക് ബലൂൺ വേണം " ആമി ബലൂൺ ചൂണ്ടി പറഞ്ഞു.
"തൊഴുത് ഇറങ്ങിയിട്ട് നമുക്ക് മേടിക്കാം കേട്ടോ" മാളു ആമിയോട് പറഞ്ഞു.
അവർ അമ്പലത്തിനുളിലേക്ക് നടന്നു.
പൂജയ്ക്കായി നട  അടച്ചിരിക്കുകയായിരുന്നു. പ്രദക്ഷിണം വെച്ചിട്ട് തിരിച്ച് വന്നപ്പോഴും  നട തുറന്നിട്ടില്ല.
"എനിക്ക് ബലൂൺ  വേണം.അമ്മ വാ നമുക്ക് പോകാം." ആമി മാളുവിന്റെ കൈയിൽ പിടിച്ച് വലിച്ചു.
"നട തുറന്ന് അമ്പോറ്റിയെ തൊഴുത്തിട്ട് പോകാം വാവേ " മാളു പറഞ്ഞു.
ആമി വാശി പിടിച്ചുകൊണ്ടിരുന്നു.
"മോള് ചെല്ല് .ദത്തനോട് പറഞ്ഞാൽ മതി അവൻ വാങ്ങിച്ച് കൊടുത്തോളും."ദേവി മാളുവിനോട് പറഞ്ഞു.
"നട തുറക്കാൻ സമയം എടുക്കുമെന്ന് തോന്നുന്നു.കുഞ്ഞിന് വേണ്ടത് മേടിച്ചിട്ട് നിങ്ങൾ കാറിൽ ഇരുന്നോളു.ഞങ്ങൾ വന്നേക്കാം " ലേഖ തന്റെ പേഴ്സ് മകളെ ഏല്പിച്ചുകൊണ്ട്  പറഞ്ഞു.
മാളു ആമിയെയും കൊണ്ട് അമ്പലത്തിനു വെളിയിൽ ഇറങ്ങി  ബലൂൺ വിൽക്കുന്നവരുടെ അടുത്തേക്ക് പോകുന്നത്  ദത്തൻ കണ്ടു.ദത്തൻ മാളുവിനെ നോക്കി.
ഒരു സെറ്റ് മുണ്ടും നേര്യതും ആണ് വേഷം.കണ്ണെഴുതി ചെറിയൊരു പൊട്ടുംതൊട്ടിട്ടുണ്ട്.മുടി കുളിപ്പിന്നൽ കെട്ടി വെച്ചിരിക്കുന്നു .മുഖത്ത് പ്രത്യേകിച്ച് ചമയങ്ങൾ ഒന്നുമില്ല.എന്നിട്ടും എന്തൊരൈശ്വര്യമാണ് !
ദത്തൻ കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു .
"എന്താ തൊഴുതില്ലേ ?" ദത്തൻ ചോദിച്ചു.
"ആമിക്ക് ബലൂൺ വേണമെന്ന് പറഞ്ഞു .മേടിക്കാൻ വന്നതാ " മാളു പറഞ്ഞു.
ബലൂൺ വാങ്ങിയിട്ട് മാളു പഴ്സിൽ നിന്നും കാശെടുക്കുന്നതിന്   മുൻപ് തന്നെ ദത്തൻ തന്റെ പോക്കറ്റിൽ നിന്നും കാശെടുത്തുകൊടുത്തു.
"അച്ഛാ അച്ഛാ വള വേണം പിന്നെ മാല ." ആമി ആവേശത്തോടെ പറഞ്ഞു.
"ബാ" ദത്തൻ ആമിയുടെ കൈയിൽ പിടിച്ച് കടയിലേക്ക് നടന്നു.
മാളു അവിടെ തന്നെ നിന്നു .
"വരുന്നില്ലേ?അതോ ഞാൻ ഇനി എടുത്തോണ്ട് പോണോ ?"ദത്തൻ മാളുവിനോട് ചോദിച്ചു.
"ഇതെന്തൊരു സാധനമാ!" മാളു പിറുപിറുത്തു.
എന്നിട്ട് ഒന്നും മിണ്ടാതെ  അവരുടെ കൂടെ ചെന്നു .
ആമിയെയും കൊണ്ട് കടയിൽ ചെന്നപ്പോ ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ  ആയി!
കടക്കാരനെ കൊണ്ട് അവിടെ ഉള്ളതെല്ലാം അവളെടുപ്പിച്ചു..അവൾക്കിഷ്ടമുള്ളതെല്ലാം ദത്തൻ മേടിച്ചുകൊടുത്തു.
"അച്ഛാ ഐസ് ക്രീം ഐസ് ക്രീം " ഒരു ഐസ് ക്രീം കടയിലേക്ക് വിരൽ ചൂണ്ടി ആമി പറഞ്ഞു.
മാളു ആമിയെയും കൊണ്ട് അങ്ങോട്ട് നടന്നു.
പൈസ കൊടുത്ത് ദത്തനും പിന്നാലെ ഇറങ്ങി.
അവിടെ കുറെ കൈനോട്ടക്കാർ ഇരിപ്പുണ്ടായിരുന്നു.
"അമ്മാ ഭൂതം ഭാവി വർത്തമാനം എല്ലാം സൊല്ലും  അമ്മാ."അതിൽ ഒരുവൾ ആമിയെയും മാളുവിനെയും ദത്തനെയും കണ്ട് ഉറക്കെവിളിച്ചുപറഞ്ഞു.
ദത്തൻ മുൻപിലും  മാളുവും ആമിയും പിറകിലുമായാണ് നടന്നത്.കൈനോട്ടക്കാരി പറഞ്ഞതുകേട്ട്  മാളു ഒന്ന് നിന്നു.
"അമ്മാ ഉങ്കൾ മകൾക്ക് ഒരു തമ്പി വര പോഗിരാൻ.അവൻ ഉങ്ക കണവനൈ പോല അളഗാഗ ഇരുപ്പാൻ."  ആ സ്ത്രീ മാളുവിനെ നോക്കി പറഞ്ഞു.
മാളു ചൂളിപ്പോയി! ദത്തൻ തന്റെ ഭർത്താവാണെന്നും ആമി തന്റെ മകളാണെന്നും  അവർ തെറ്റിദ്ധരിച്ചിരിക്കുന്നു.തനിക്ക് ഒരു മകൻ ഉണ്ടാവുമെന്നും അവൻ ദത്തനെ പോലെ സുന്ദരൻ ആയിരിക്കുമെന്നുമാണ് അവർ പറഞ്ഞത് .
"അതെ വഴിയേ നടന്നുപോകുന്നവർ ശരിക്കും  ഭാര്യയും ഭർത്താവും ആണോ എന്ന് പോലും മനസ്സിലാക്കാനുള്ള  കഴിവില്ലെങ്കി പിന്നെ എന്തിനാ നിങ്ങളീ പണിക്കിറങ്ങുന്നത് ?" ദത്തൻ അവരെ പരിഹസിച്ചു.

"മന്നിത്ത് വിടുങ്കൾ .നീങ്കൾ ഇരുവരും കണവൻ മണൈവി എൻട്രു നിനൈതേൻ.  " അവർ മാളുവിനോട് ക്ഷമ പറഞ്ഞു..
"അമ്മാ വിരവിൽ ഉങ്കളുക്ക് ഒരു അതിഷ്ടം വര പോഗിരത് !" അവർ വീണ്ടും മാളുവിനെ നോക്കി പറഞ്ഞു. മാളുവിന് ഉടനെ നല്ല കാലം വരും എന്നാണ് അവർ പറഞ്ഞത് .
" ആഹാ ഇനിയിപ്പോ എന്തോ വേണം ! നല്ല കാലം വരുമ്പോ നമ്മളെ ഒന്നും മറക്കരുത് കേട്ടോ..." ദത്തൻ മാളുവിനെ കളിയാക്കി.
മാളു ദത്തനെ നോക്കി മുഖം വീർപ്പിച്ചു.
എന്നിട്ട് വീണ്ടും നടന്നു തുടങ്ങിയതും മുൻപിൽ ഉണ്ടായിരുന്ന കല്ലിൽ തട്ടി  മുട്ടുകുത്തി നിലത്ത് വീണു!
"അയ്യോ അമ്മെ "മാളു ഉറക്കെ വിളിച്ചു!
"അമ്മ അമ്മ " മാളു കരഞ്ഞുകൊണ്ട് വിളിച്ചു .

ദത്തൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.
കുറച്ച്പേർ അങ്ങോട്ടേക്ക് ഓടിവന്നു.
"എഴുന്നേൽക്കാമോ കുട്ടി? മുറിഞ്ഞൊ നല്ലത്പോലെ.ഹോസ്പിറ്റലിൽ പോണോ." ആരൊക്കെയോ അവളോട് ചോദിച്ചു.
മാളു ഒന്നും മിണ്ടാതെ മുട്ടുകുത്തി നിലത്തിരിപ്പാണ് . കൈ രണ്ടും മുട്ടിൽ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്.
ദത്തൻ അവളുടെ ഇരുതോളിലും കൈയിട്ട് അവളെ പിടിച്ചെഴുനേൽപ്പിച്ചു.
മുട്ടുനിവർന്നതും മാളു വേദനകൊണ്ട്  അയ്യോ എന്നുറക്കെ വിളിച്ചു.
ദത്തൻ  അവളെ കാറിലേക്ക് പതിയെ നടത്തി.ആമി കരഞ്ഞുകൊണ്ട് മാളുവിന്റെ  സാരിത്തലപ്പ് പിടിച്ചിട്ടുണ്ട്.
ദത്തൻ മാളുവിനെ  കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുത്തി.മുട്ടിന്റെ ഭാഗത്തായി സാരിയിൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു.
അവൻ അവളോട് മുറിവ് കാണിക്കാൻ  ആവശ്യപ്പെട്ടു.
"വേണ്ട ഞാൻ വീട്ടിൽ ചെന്നിട്ട്     നോയ്ക്കോളാം ." മാളുവിന് മടി തോന്നി.
" മുറിവെത്രത്തോളം ഉണ്ടെന്ന് അറിയാൻ ചോദിച്ചതാണ്.  നീ സാരി മാറ്റ് ലച്ചു." ദത്തൻ അവളോടാവശ്യപ്പെട്ടു.
ദത്തൻ അറിയാതെ വിളിച്ച പേര് മാളു ശ്രദ്ധിച്ചു.ലച്ചു അവന്റെ ഭാര്യ ആയിരുന്നിരിക്കാം  എന്നവൾ ഊഹിച്ചു.
അവൾ മടിയോടെ സാരി സ്വല്പം ഉയർത്തി.
മുട്ടിന് താഴെ ആയി സ്വൽപ്പം  മുറിഞ്ഞിരുന്നു.മുറിവിൽ നിന്നും  ചോര വന്നുകൊണ്ടിരിക്കുകയാണ്.
ദത്തൻ കാറിൽ നിന്ന്  വെള്ളക്കുപ്പി എടുത്തു. മാളുവിന്റെ കാൽ വെളിയിലേക്ക് നീട്ടാൻ ആവശ്യപ്പെട്ടു.എന്നിട്ട് മുറിവിലേക്ക് വെള്ളം ഒഴിച്ച് കഴുകി.
"ആഹ് " മാളു വേദനകൊണ്ട് പുളഞ്ഞു.
"നീറുന്നുണ്ടോ ലച്ചു?" ദത്തൻ അവളെ സഹതാപത്തോടെ നോക്കി..
മുറിവിന്റെ വേദനയിൽ മാളുവിന് തലകറങ്ങുന്നത്പോലെ തോന്നി.
"എനിക്ക് തല കറങ്ങുന്നു."മാളു കാറിന് വെളിയിലേക്ക്  വീഴാൻ പോയി!
ദത്തൻ കാറിൽ ഫ്രണ്ട് സീറ്റിൽ അവളുടെ അടുത്തായി നിൽക്കുകയായിരുന്നു.അവൻ പെട്ടെന്ന്  തന്നെ അവളെ താങ്ങി പിടിച്ചു.
ഒരു കൈ കൊണ്ട്  അവളുടെ മുഖം എടുത്ത് അവന്റെ വയറിൽ ചേർത്ത് വെച്ചു . എന്നിട്ട് പതിയെ അവളുടെ പുറത്ത് തട്ടിക്കൊടുത്തു.
"പേടിക്കണ്ട കേട്ടോ. കുറച്ച് നേരം കണ്ണടച്ചിരുന്നോ.വീണതിന്റെയാ തലകറങ്ങുന്നത് .." ദത്തൻ അവളെ ആശ്വസിപ്പിച്ചു.
"തലകറങ്ങുന്നുണ്ടോ ..വീണതിന്റെ ഷോക്ക്  ആവും.കുട്ടിക്ക് കുടിക്കാൻ എന്തെങ്കിലും മേടിച്ച് കൊടുക്ക് " മാളു വീണപ്പോൾ അവിടെ ഉണ്ടായിരുന്ന ആരോ ഒരാൾ ദത്തന്റെ അടുത്ത് വന്ന് പറഞ്ഞു.
"കുറവുണ്ടോ ഇപ്പൊ?"ദത്തൻ മാളുവിനോട് ചോദിച്ചു.
"എനിക്ക് വല്ലാതെ വരുന്നു."  മാളു ദത്തനോട് പറഞ്ഞു.
"ഇവിടെ ഇരിക്ക്.ഞാൻ ഇപ്പൊ വരം."
ദത്തൻ മാളുവിനെ ഫ്രണ്ട്  സീറ്റിൽ തന്നെ ഇരുത്തി ഡോർ അടച്ച് ആമിയെയും കൊണ്ട് അടുത്തുള്ള കടയിലേക്ക്  ചെന്നു .അവിടുന്ന് ഒരു സോഡയും മേടിച്ച് വേഗം തിരിച്ച് വന്നു.മാളു കണ്ണടച്ച് കിടക്കുകയായിരുന്നു.ഒരു കൈ ഡോറിന്റെ ഹാന്ഡിലിൽ ഒരു ബലത്തിനെന്നോണം പിടിച്ചിരിക്കുന്നു.
"ഇത് കുടിക്ക് " ദത്തൻ സോഡാ ഗ്ലാസ് അവന്റെ കൈയിൽ പിടിച്ച് മാളുവിന്റെ ചുണ്ടിലേക്ക് ചേർത്തുവെച്ചു.അവൾ പതിയെ അത് കുടിച്ചു തീർത്തു.
കുറച്ച്  കഴിഞ്ഞപ്പൊ  അവൾക്കല്പം ആശ്വാസം തോന്നി.
"എഴുനേറ്റ് നടന്ന് നോക്കിയേ."ദത്തൻ മാളുവിനോട് പറഞ്ഞു.
അവൾ പതിയെ എഴുനേറ്റ് നടന്നു.
"നടക്കാൻ പറ്റുന്നുണ്ടല്ലോ അപ്പൊ ഫ്രാക്ചർ ഒന്നും കാണാൻ വഴിയില്ല."ദത്തൻ ആശ്വാസത്തോടെ പറഞ്ഞു.
"നല്ല വേദനയുണ്ട് " മാളു പറഞ്ഞു.
"അത് മുറിവ് വലിയുന്നതിന്റെയാ.മാറിക്കോളും.ബാൻഡ്എയ്ഡ് ഒന്നും വെയ്ക്കാൻ നിൽക്കണ്ട .കുറച്ച് കാറ്റ് തട്ടട്ടെ .അപ്പൊ പെട്ടെന്ന് ഉണങ്ങിക്കോളും."ദത്തൻ അവളെ ആശ്വസിപ്പിച്ചു.
മാളുവിനേയും ആമിയെയും കാറിൽ ഇരുത്തിയിട്ട് ദത്തൻ നേരെ ആ കൈനോട്ടക്കാരിയുടെ അടുത്ത് ചെന്നു.
"അതേ ഇവൾക്ക് നല്ലകാലം വരുമെന്ന് പറഞ്ഞപ്പോ അതിത്ര പെട്ടെന്ന് വരുമെന്ന് ഞങ്ങൾ വിചാരിച്ചില്ല." ദത്തൻ അവരെ പരിഹസിച്ചു.
അവർ ചമ്മി ഇരുന്നു.
പിന്നെ മെല്ലെ പറഞ്ഞു.."അമ്മാവുക്ക് കണ്ടിപ്പാ നല്ലകാലം വരും. ആനാ അതുക്ക് മുൻപ് ഏതോ കെട്ട തീമൈ ഒൺട്രു കാത്തിരിക്കിറത് !ഭദ്രമാക ഇറുക്ക വേണ്ടും !"
മാളുവിന്‌  നല്ല കാലം വരും പക്ഷെ  അതിനു മുൻപ് ഏതോ  ദുഷ്ടശക്തി എവിടെയോ കാത്തിരിക്കുന്നുണ്ടെന്നും അതിനാൽ സൂക്ഷിക്കണം എന്നാണ് അവർ പറഞ്ഞതെന്നും ദത്തന് മനസ്സിലായി. ദത്തൻ അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് തിരിച്ച് കാറിന്റെ അടുത്തേക്ക് നടന്നു.
"എന്താ അവർ പറഞ്ഞത്?" മാളു ആകാംഷയോടെ ചോദിച്ചു.
"ഓരോരോ വട്ടുകേസ്സ്‌ ! അകത്തേക്ക് തൊഴാൻ പോയ രണ്ടുപേരും ഇനി അവിടെ തന്നെ താമസ്സമാക്കിയോ എന്തോ.. " ദത്തൻ വിഷയം മാറ്റി.

To be continued........
രചന:അഞ്ജന ബിജോയ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot