നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൽക്കണ്ടമധുരം

"എനിക്കുണ്ടല്ലോ അമ്മെ ...അമ്മേനെ നന്നായി നോക്കുന്ന ഒരു പെണ്ണ് മതി "
കല്ലിലെ ദോശ മോന്റെ പ്ലേറ്റിലിട്ടു ലീന അവനെ നോക്കി ഒരു ചിരി പാസ്സാക്കി
" ഏതോ പെങ്കൊച്ചിനെ പ്രേമിക്കുന്നുണ്ട് അയിനാണ്. എടാ കുരങ്ങാ എന്നെ നോക്കാനേ നിന്റെ അച്ഛനുണ്ട് ...പിന്നേം നോക്കാനേ നമ്മുടെ അയലത്തെ എബി ചേട്ടനുണ്ട് ...പിന്നെന്താ ?"
"അയ്യടാ കോമെഡി..
ഒരു എബി ചേട്ടൻ ! ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും കേട്ടോ .അങ്ങേരുമൊത്തുള്ള സൊള്ളല് ..വാട്സ് അപ്പൊക്കെ ഞാൻ ചെക് ചെയ്യുന്നുണ്ടെ.."
" ഓ പിന്നെ നീയങ്ങോട്ടു പറയ് " ലീന ചിരിച്ചു
"ആ അത് വീട് ..ഞാൻ പറഞ്ഞു വന്നത് എന്തന്നാൽ എന്റെ ക്ലാസിലൊരു കുട്ടിയുണ്ട് കേട്ടോ ..'അവൻ പറഞ്ഞു തുടങ്ങി
" വെയിറ്റ് വെയിറ്റ് ഞാൻ പറയാം ബാക്കി ..പേര് ഷാനു ബീഗം ,അച്ഛൻ ജലീൽ ഡോക്ടർ ആണ് .'അമ്മ ലിജിയ ഹൌസ് വൈഫ് ..ഒരു അനിയത്തി ഉണ്ട് ..എം ബി ബി എസിനു ചേർന്നു ഈ വർഷം നിങ്ങളുട കോളേജിൽ ..." ലീന ഉറക്കെ പറഞ്ഞു
"ങേ അമ്മോ ..ഭയങ്കരി ..അമ്മക്ക് മന്ത്രവാദം വല്ലോം അറിയുമോ ? ഇതൊക്കെ എങ്ങനെ അറിയാം ?"അവൻ കണ്ണ് മിഴിച്ചു
" മോനെ നിച്ചു,,,നീ നേരെത്തെ പറഞ്ഞില്ലേ വാട്സ് ആപ്പ് ..അത് തന്നെ ..എന്ന ഒലിപ്പീരു ആണെടാ കഷ്ടം ! നിനക്ക് തീരെ സ്റ്റാൻഡേർഡ് ഇല്ലാട്ടോ ..ഇങ്ങനെ ഓവർ കേറിങ് ആകല്ലേ ..ഇങ്ങനെയുള്ളവരെ ബുദ്ധിയുള്ള പെൺപിള്ളേർ വിശ്വസിക്കൂല ..."
"എന്റെ വാട്സ് ആപ്പ് നോക്കിയല്ലേ ദുഷ്ടേ..?"
" പിന്നല്ല...ഞാൻ അത് ഡെയിലി നോക്കുന്നുണ്ട്. ചിലതിനൊക്ക മറുപടിയും കൊടുക്കും... "
"എന്റെ ദൈവമേ ഈ അമ്മ... "
"അത് പോട്ടെ നീ പ്രൊപ്പോസ് ചെയ്തിട്ടു ആ കൊച്ചു മൈൻഡ് ചെയ്തില്ലല്ലേ ?"
"ഇല്ലന്നെ "
"പണ്ട് രേഷ്മയെ പ്രൊപ്പോസ് ചെയ്ത പോലെ ആണോ ചെയ്തത് ?"പൂ കാർഡ് ?"
അവനൊരു ചമ്മിയ ചിരി ചിരിച്ചു
"ഹോ നീ എന്റെ മോൻ തന്നെയാണോടാ ? കഷ്ടം ! കാർഡും..പൂവും .കൊണ്ട് പോയേക്കുവാ കിഴങ്ങൻ.."
" പിന്നെ ഞാൻ എന്നാ വേണം ?മോതിരം മതിയോ ?"
"സ്വർണോ?"
"ഉം "
" പൈസ നിന്റെ അപ്പൻ തരുമോ ?"
"അല്ല അമ്മേടെ ഒരെണ്ണം ..."
"ഹോ കഴുത ..എന്റെ പഴയ മോതിരം കൊണ്ട് പോകാനിരിക്കുന്നു എടാ സത്യത്തിൽ നിനക്ക് ബുദ്ധിയില്ലേ അതോ അങ്ങനെ അഭിനയിക്കുന്നതാണോ? ..നീ പ്രേമം സിനിമയിൽ കണ്ടിട്ടില്ലേ ? " നീ., നീ ആയിട്ട് പോ..വലിയ ഡെക്കറേഷൻ ഒന്നും വേണ്ട .."
" എന്നിട്ടീ പ്രേമം സിനിമയിൽ പ്രേമം എല്ലാം പൊട്ടിപ്പൊളിഞ്ഞില്ലേ ?"നടക്കുന്ന കാര്യം പറ "
" ആ നീ നടക്കും ..തെക്കോട്ടും വടക്കോട്ടും ..മടുക്കുമ്പോൾ കിഴക്കോട്ടും പടിഞ്ഞാട്ടും നടക്കും ഒന്ന് പോയെടാ ചെക്കാ വയസ്സ് ഇരുപതു ആയി അമ്മേടെ അടുത്തുന്നു പ്രേമത്തിന്റ ബാലപാഠം പഠിക്കാൻ വന്നേക്കുവാ .."നിഷാൻ പ്ലേറ്റ് വെച്ചിട്ടു സ്ഥലം കാലിയാക്കി
" ലീന കൊച്ചെ " ഒരു വിളിയൊച്ച മതിലിനരികിൽ .എബി ചേട്ടൻ
"എന്താ എബി ചേട്ടാ "
" ദേ നല്ല ഒന്നാംതരം കാഷ്യു ഡേറ്റ്സ് കേക്ക്. ഞാൻ സ്വന്തം കൈ കൊണ്ടുണ്ടാക്കിയതാ..നോക്കിക്കേ എങ്ങനെ ഉണ്ട് ?"
ഒരു കഷ്ണം വായിലിട്ടു നോക്കി ലീന
"ആഹാ കിടുവായിട്ടുണ്ട് "
"ആണോ ?"
"ആണെന്നെ നല്ല സ്വാദ്... ആഹാ നല്ല രുചി "
"അവിടയെന്തുവാ കാപ്പിക്ക് ?"
"ഇവിടെ ദോശയും ചമ്മന്തിയും "ലീന പറഞ്ഞു
"എനിക്ക് രണ്ടു ദോശ താ ലീന കൊച്ചെ ..കേക്കിൽ പണിഞ്ഞു കാപ്പി ഉണ്ടാക്കിയില്ല "
"അവിടെ നില്ക്കു ദേ എത്തി "
എബിച്ചേട്ടനുള്ള ദോശയും ചമ്മന്തിയും കൊടുത്ത് തിരിയുമ്പോൾ അനിൽ മുന്നിൽ
" എനിക്ക് ബാക്കി വല്ലതുമുണ്ടാകുമോ ?'
"ഇല്ലാത് പിന്നെ ?ചൂടോടെ തരാം ഇവിടെ കം ഓൺ "ലീന ദോശ ഉണ്ടാക്കി പ്ലേറ്റിലിട്ടു
"അതെ ലീനമ്മോ നിനക്കയാളോട് പ്രേമമോ വല്ലോം ആണോ ?ഒടുവിൽ നീ എന്നെ ഇട്ടേച്ചു പോകുമോടി ?"
ലീന ചിരിച്ചു പിന്നെ അയല്പക്കത്തെ വീട്ടിലേക്കു കണ്ണോടിച്ചു
" ഇരുപത്തിയഞ്ചു വയസിൽ ഭാര്യ മരിച്ച ഒരാൾ ഇന്ന് അമ്പതു വയസ്സ് ..ഇന്നും അവളുട ഓർമകളിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ..അങ്ങേരെ പ്രേമിക്കാനും ഭാഗ്യം വേണം ...ഭാഗ്യം "" ഞാൻ എങ്ങാനും ചത്താൽ നിങ്ങൾ അടുത്ത വർഷം വേറെ കെട്ടും ഇല്ലേ ?"
അത് സത്യമാ ലീനാമ്മേ ..വയസ്സാം കാലത്തു എനിക്ക് ഇച്ചിരി കാപ്പി ഉണ്ടാക്കി തരാൻ ആൾ വേണ്ടേ ?"
"യൂബർ ഈറ്റ്‌സ് പിന്നെ എന്തിനാടാ അനിലേട്ടാ? അതൊന്നുമല്ല അയ്യടാ.. "
അനിൽ പൊട്ടിച്ചിരിച്ചു പോയി
നിഷാൻ ഷോപ്പിംഗ് മാളിൽ ആയിരുന്നു .അമ്മയും ഷാനുവും ചിരിച്ചു കളിച്ചു ഒരു ഷോപ്പിൽ നിന്നിറങ്ങി വരുന്നത് അവൻ കണ്ടു
ഇതെപ്പോ?'
അവൻ അവർക്കരികിലേക്കു ചെന്നു
" ഷാനു ഇത് എന്റെ മോനാ നിഷാൻ "ലീന ചിരിച്ചു
" ങേ നിഷാൻ ആന്റിയുടെ മോനാണോ ?"ഷാനു അതിശയത്തോടെ നോക്കി
"അങ്ങനെ സംഭവിച്ചു പോയി "ലീന കപട ശോകത്തൊടെ പറഞ്ഞു
ഷാനു പൊട്ടിച്ചിരിച്ചു
" നമ്മള് ഇത്രേം കൂട്ടായിട്ടും ആന്റി പറഞ്ഞില്ലല്ലോ ?"
"പറഞ്ഞാൽ മോൾ അപ്പൊ എന്നെ കട്ട് ചെയ്യില്ലേ മകനെക്കാൾ വലുതല്ലേ കുട്ടി ഫ്രണ്ട്ഷിപ് ?"
ഷാനു വീണ്ടും ചിരിച്ചു
കുറെ കുറെ നാളുകൾക്കു ശേഷം
"സത്യത്തിൽ അത് നിന്റെ അമ്മയാണെന്ന് എനിക്ൿറിയില്ലായിരുന്നു ..ഷോപ്പിൽ വെച്ച് സ്ഥിരമായി കണ്ടു കൂട്ടായതാ "
നിഷാൻ ചിരിച്ചു
"നല്ല അമ്മയാ നിന്റെ? "
"അറിയാം "
ആ അമ്മയ്ക്കു വേണ്ടിയാ ഞാൻ യെസ് നിന്നോട് പറഞ്ഞത് "
"അതും അറിയാം"അവൻ മെല്ലെ പറഞ്ഞു
"ഇന്നലെ ആന്റി വീട്ടിൽ വന്നിരുന്നു വാപ്പച്ചിക്കും ഉമ്മച്ചിക്കും എന്തിഷ്ടമായെന്നോ എന്ത് നന്നായിട്ടാ സംസാരിക്കുന്നത്. ഞാൻ കരുതിയത് നമ്മുട റിലേഷൻ വലിയ പ്രോബ്ലം ആകുമെന്നാ. ഉമ്മച്ചി പറഞ്ഞത് ഇങ്ങനെ അമ്മയുള്ള വീട്ടിൽ കഴിയാനും ഭാഗ്യം വേണമെന്നാ "
നിഷാൻ മുഖം അമർത്തി തുടച്ചു ചിരിച്ചു
" നീ ചുമ്മാ സെന്റിയാക്കല്ലേ ..എന്നാലും എന്റെ 'അമ്മ എന്റെ ജീവനാ നീ പിണങ്ങിയാലും ഇല്ലേലെങ്കിലും നേരെത്തെ കൂട്ടി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എന്റെ 'അമ്മ കഴിഞ്ഞേ ഉള്ളു എനിക്ക് നീ "
" അങ്ങനെ തന്നെയാ എനിക്കും "
"എന്ത്? "
"'നിന്റെ 'അമ്മ കഴിഞ്ഞേ ഉള്ളു നീ എനിക്ക് "
നിഷാൻ ചിരിച്ചു പോയി
"എന്റെ അച്ഛനും പാവമാ "
"ആന്റി പറഞ്ഞു " അതെ എനിക്കൊരു സംശയം ..."
"എന്താ ?'
"നീ മാത്രമെന്താടാ കിഴങ്ങനായി പോയത് ?"
"എടി ..."നിഷാന്റെ തല്ലു കിട്ടാതിരിക്കാൻ ഷാനു ഓടി മാറി...
കൊച്ചു കൊച്ചു സ്നേഹങ്ങൾ പറയാൻ ഞാൻ വീണ്ടും വരും

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot