Slider

പടവുകൾക്കപ്പുറം.

0
Image may contain: 1 person, smiling, eyeglasses and outdoor
വാക്ക് വേ യിൽ കൂടി അലസമായങ്ങനെ നടന്നുവരുമ്പോഴായിരുന്നു ആകാശം മൊത്തം ഇരുണ്ടുകൂടിയത്. മഴ ഇപ്പൊ പെയ്യും എന്ന മട്ടിൽ കാറ്റ് ശക്തിയിൽ വീശാൻ തുടങ്ങി. ഒരു പത്തു പതിനഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരമേ വീട്ടിലേക്കുള്ളൂവെങ്കിലും, അതിനുള്ളിൽ തന്നെ ചെറുതായി മഴ പെയ്യാൻ തുടങ്ങി. കുറച്ചു കാലം മുമ്പായിരുന്നെങ്കിൽ, മഴയെക്കാൾ മുൻപ് വീട്ടിലെത്തുമായിരുന്നു. ഇപ്പൊ ആ പ്രായമൊക്കെ കഴിഞ്ഞു. കൊളസ്‌ട്രോൾ കാരണം വേഗത്തിൽ നടന്നാൽ അപ്പൊ കിതക്കാൻ തുടങ്ങും. പിന്നെ ഒരടി മുന്നോട്ടു നടക്കാൻ പറ്റില്ല. എന്തായാലും നനയുന്നെങ്കിൽ നനയട്ടെ എന്ന് കരുതി പതുക്കെ നടന്നു. സാരിത്തലപ്പ്‌ തലയിലേക്ക് പിടിച്ചിട്ടു. വല്ല ഓട്ടോയും കാണുകയാണെങ്കിൽ ഒന്ന് കൈ കാണിച്ചു നോക്കാം. അല്ലെങ്കിലും ഈ ചെറിയ ദൂരത്തേക്ക് ഓട്ടോക്കാരാരും വരില്ല. പോരാത്തതിന് മഴ കനക്കാനും തുടങ്ങിയിരിക്കുന്നു. എതിരെ വരുന്ന പലരും സൂക്ഷിച്ചു നോക്കി പോവുന്നുണ്ട്. അവര് വിചാരിക്കുന്നുണ്ടാകും, ഇവരെന്താ മഴ നനഞ്ഞു നടക്കാൻ കൊച്ചു കുട്ടിയാണോന്ന്? അവരോടു വിശദമായി പറഞ്ഞുകൊടുക്കണമെന്നുണ്ട്.
"അങ്ങനെയല്ല. പെട്ടെന്ന് മഴ പെയ്തു. വേഗത്തിൽ നടക്കാൻ വായ്യാത്തതുകൊണ്ടാണ് പതുക്കെ നടക്കുന്നത്. തലയിൽ അധികസമയം വെള്ളം നിന്നാൽ പെട്ടെന്ന് പനി വരുന്ന ഒരാളാണ് ഞാൻ. ഏതു സിറ്റിയിലായാലും കുളി കഴിഞ്ഞാൽ രാസ്നാദി പൊടി നിറുകയിൽ ഇടുന്ന പതിവുണ്ട്.
പക്ഷെ.,
ഒന്നും കേൾക്കാൻ ആർക്കും സമയമില്ലാത്തതിനാൽ ഇതൊക്കെ രമ മനസ്സിൽ പറഞ്ഞു നടന്നുകൊണ്ടിരുന്നു.
വഴിയോരക്കച്ചവടക്കാർ വസ്ത്രങ്ങളും മറ്റും കെട്ടിപ്പെറുക്കി വേഗത്തിൽ എങ്ങോട്ടോ പോവുന്നു. മഴ അവരുടെ ഇന്നത്തെ കച്ചവടം പൂട്ടിക്കെട്ടി. അച്ഛൻ വരുന്നതും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകൾ രമയുടെ മനസ്സിലേക്കോടിയെത്തി. അച്ഛനെയും പ്രതീക്ഷിച്ചിരിക്കുന്ന ആ കുട്ടികൾക്ക് മിട്ടായി വാങ്ങിക്കൊടുക്കാൻ അയാൾക്കു സാധിക്കുമോ ആവോ? അങ്ങനെ എത്രയെത്ര ബാല്യങ്ങൾ.
കപ്പലണ്ടിക്കച്ചവടക്കാരൻ ഉന്തുവണ്ടിയുമായി പതിവിലും ഉച്ചത്തിൽ ചട്ടിയിൽ തട്ടി ശബ്ദമുണ്ടാക്കി വേഗം വേഗം നടക്കുന്നു. സ്കൂട്ടർ യാത്രക്കാർ സ്പീഡ് വളരെ കൂട്ടുന്നു. അല്ലെങ്കിലും അവർക്കു സ്പീഡ് കൂടുതലാണ്. റോഡിൽ കൂടി നടക്കാൻ തന്നെ പേടിക്കണം.
ആളുകളുടെ നടത്തത്തിന്റെ വേഗത കണ്ടപ്പോൾ തന്നെ ഇടിച്ചു മറിച്ചിടുമോ എന്നുവരെ രമ സംശയിച്ചു.
അങ്ങനെ വീണാൽ ബാലേട്ടൻ എങ്ങനെ അതറിയും? ആരറിയിക്കും?
ഒരുപക്ഷെ വീണാൽ, എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിൽ, കയ്യോ കാലോ ഒടിഞ്ഞെങ്കിൽ? ഈ സിറ്റിയിൽ എനിക്കാരുണ്ട്. മാറി മാറി വരുന്ന അയൽവക്കബന്ധങ്ങൾ മാത്രം.
ഏതെങ്കിലും ലോക്കൽ ചാനലിലെ വാർത്തയിൽ കാണുന്നതുപോലെ.,
"റോഡരികിൽ വീണുകിടന്ന മധ്യവയസ്‌കയെ ആരും ഹോസ്പിറ്റലിൽ എത്തിച്ചില്ല. മഴ നനഞ്ഞും വേദന സഹിച്ചും അവർ ഒരുപാട് നേരം റോഡിൽ തന്നെ കിടന്നു. പലരും അവരെ കടന്നുപോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല."
മനസാക്ഷി മരവിച്ച മനുഷ്യ സമൂഹം. അതിന് ഒരിര കൂടി. അവരുടെ ഭർത്താവ് ഒരു പതിനഞ്ചു മിനിറ്റ് ദൂരത്തിൽ ഉണ്ടായിരുന്നിട്ടു കൂടി അദ്ദേഹവും അറിഞ്ഞില്ല ഒന്നും. ഈ സമൂഹം ഇതെങ്ങോട്ടാണ് പോവുന്നത്..?? ഇത്രക്കും ഹൃദയശൂന്യരാണോ നമ്മൾ മനുഷ്യർ ..."?
എന്നൊക്കെയുള്ള ലൈവ് ന്യൂസ് വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കി.
കൊള്ളാം. അസ്സലായിട്ടുണ്ട്. ഇന്ന് ചെന്നാൽ ബാലേട്ടനോട് പറയാൻ ഒരു വാർത്തയായി.
അങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു വലിയ, കാലൻകുടയും ചൂടി അയാൾ മറികടന്നു മുന്നിലെത്തിയത്. അറിയാതെയെങ്കിലും മനസ്സ് ഒന്നാശിച്ചു. രണ്ടാൾക്ക് മഴ നനയാതെ സുഖമായി പോവാനുള്ളത്രയും വലിയ കുടയാണ്.
എന്താ ചെയ്യാ.?
വലിയ വെള്ളത്തുള്ളികൾ മുഖത്തു വീഴുമ്പോഴുള്ള വേദന വക വെക്കാതെ രമ കഴിയാവുന്നത്രയും വേഗത്തിൽ നടന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് അൽപദൂരം മുന്നോട്ടു നടന്നു നീങ്ങിയ അയാൾ തിരിഞ്ഞു നിന്നത്.
"ഈ വഴിക്കാണോ പോവേണ്ടത്.?"
മറുപടിക്കു കാത്തു നിൽക്കാതെ അയാൾ വീണ്ടും പറഞ്ഞു.
"എങ്കിൽ പോന്നോളൂ....!!!"
ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും രമ വേഗം തന്നെ അയാളുടെ അടുത്തേക്ക് ചേർന്ന് നടന്നു. മഴയും തണുപ്പും കാരണം കാലുകൾ വേദനിക്കാൻ തുടങ്ങിയിരുന്നു.
എങ്കിലും., താൻ മനസ്സിൽ പറഞ്ഞത് അയാളെങ്ങനെ കേട്ടു എന്നത് രമയുടെ മനസ്സിൽ കിടന്നുരുണ്ടുകൊണ്ടിരുന്നു.
ഒന്നും മിണ്ടാതെ രണ്ടുപേരും നടന്നു ...
പരസ്പരം മുഖത്തേക്ക് പോലും നോക്കിയില്ല. തന്നെക്കാൾ ഒരൽപം ഉയരക്കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേകിച്ചും.
ഇടക്കെപ്പോഴോ ഒരു ഫ്രീക്കൻ പയ്യൻ ബൈക്കിൽ പറപ്പിച്ചു വന്നു. റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം തട്ടിത്തെറിപ്പിക്കുമെന്നു തോന്നിയപ്പോൾ അറിയാതെ അയാളിലേക്കൊന്നു ചേർന്നു.
ഉള്ളിന്റെയുള്ളിലെവിടെയോ ഒരു പ്രകമ്പനം.!!!
തീപൊള്ളലേറ്റ പോലെ ഒന്ന് പിടഞ്ഞു മാറി.
വീടെത്തിയിരിക്കുന്നു.
ഇവിടെ മതി. ഇതാണ് വീട്. വല്യ ഉപകാരം കേട്ടോ.
വീട്ടിൽ കയറിയിട്ട് പോകാം.
"വേണ്ട.! പിന്നീടാകാം."
അപ്പോൾ മാത്രമായിരുന്നു രമ അയാളുടെ മുഖത്തേക്ക് നോക്കിയത്.
"ആ കണ്ണുകൾ...!! എവിടെയോ ...? ഒരു വിറയലോടെ രമ ഓർമ്മയിലൊന്ന് പരതിനോക്കി"!!!
അപ്പോഴേക്കും അയാൾ യാത്ര പറഞ്ഞു പോയിക്കഴിഞ്ഞിരുന്നു.
...............................................................
ചായയിടാൻ അടുക്കളയിൽ കയറിയപ്പോഴും, അപ്പോഴുമെന്നല്ല എപ്പോഴും അയാളെ എവിടെ കണ്ടു മറന്നു എന്നാലോചിക്കുകയായിരുന്നു. ഒരു രൂപവുമില്ല.
ഇതുവരെയും ചായ കിട്ടിയില്ല എന്ന് പറഞ്ഞുള്ള ബാലേട്ടന്റെ വിളിയാണ് രമയെ ചായയിലേക്ക് ഉണർത്തിയത്.
വേഗം തന്നെ രണ്ടു ഗ്ലാസിൽ ചായ എടുത്തുമ്മറത്തെത്തി.
എത്ര ആലോചിട്ടും ഓർമ്മ വരുന്നില്ല. കോളേജിൽ പഠിക്കുമ്പൊഴാവുമോ?
"അല്ല രമേ ... നടക്കാൻ പോയി വന്നപ്പോ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നതാണ്.
നിനക്കിതെന്തുപറ്റി?"
അതേയ്, ബാലേട്ടാ, എന്നെ ഇവിടെ വരെ കൊണ്ടാക്കിയ ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ ഓർമ്മയിൽ തെളിയുന്നില്ല.
"അയാളോട് പേര് ചോദിച്ചില്ലേ?"
ഇല്ല. ഒന്നും ചോദിച്ചില്ല.
ഹും. ഇതാണ് നിന്റെ കുഴപ്പം. ഒന്നും സമയത്ത് ചെയ്യില്ല. എന്നിട്ടിവിടിരുന്ന് ഓരോന്ന് പറയും.
ങാ.. ഇനി അയാളെ കാണുകയാണെങ്കിൽ പേരും സ്ഥലവുമൊക്കെ ചോദിക്ക്.
ഒരു ദിവസം ഇങ്ങോട്ട് വരാനും പറയൂ.
"ആ.. പിന്നെ, ക്ഷണിക്കുമ്പോ ഭാര്യയെയും കൂട്ടി വരാൻ പറഞ്ഞാൽ മതി. എനിക്കും ഒന്ന് കാണാലോ."
അതിൽ ഒരൽപ്പം കുശുമ്പുണ്ട്. രമ ഒന്ന് സൂക്ഷിച്ചു നോക്കി,
"തമാശ പറഞ്ഞതാണേ. ഒന്നൂല്ലേലും എന്റെ പ്രിയതമയെ ഇവിടെ സുരക്ഷിതമായി എത്തിച്ച ആളല്ലേ."
അതിൽ കുറച്ചു "സ്നേഹക്കൂടുതൽ" തന്നെയാണുള്ളതെന്നു നന്നായറിയാം.
ദിവസങ്ങൾ കഴിഞ്ഞിട്ടും ആ കണ്ണുകൾ രമയെ വിട്ടു പോവുന്നില്ലായിരുന്നു.
ഇടക്കെങ്കിലും അയാളെ കുറിച്ചോർമ്മിക്കുമ്പോൾ തമാശക്കാണെങ്കിലും ബാലേട്ടൻ ചോദിക്കും.
അല്ല തനിക്കയാളോട് പ്രണയം വല്ലതും ഉണ്ടോ?
എന്തായാലും അമ്പതാം വയസ്സിലുള്ള പ്രണയം നല്ല രസമായിരിക്കും.
കൊച്ചുമക്കളോടൊക്കെ ഒന്ന് പറയണം.
"അമ്മൂമ്മക്കൊരു പ്രേമലേഖനം" എന്നൊരു ഷോർട് ഫിലിം എടുക്കാം. അവരൊക്കെ ന്യൂ ജൻ പിള്ളാരല്ലേ. അവരത് അടിപൊളി ആയിട്ട് ചെയ്തോളും.
എന്താ പറയണോ?
ഓ ....
നാലും അഞ്ചും വയസ്സുള്ള കൊച്ചുമക്കളല്ലേ ഷോർട് ഫിലിം എടുക്കാൻ പോവുന്നത്.
രമ അത് ചിരിച്ചൊഴിവാക്കി.
..............................................................
ചിന്തിച്ചും ചിന്തിക്കാതെയും കടന്നുപോയ ദിവസങ്ങളിലെല്ലാം ഒരിക്കലെങ്കിലും ആ കണ്ണുകൾ മനസ്സിൽ തെളിയാതിരുന്നില്ല. പല യാത്രകളിലും., വഴികളിലും., ഒരിക്കൽ കൂടി ആ കണ്ണുകൾ ഒന്ന് കണ്ടെങ്കിൽ എന്നാഗ്രഹിച്ചു.
"അതൊരു പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ ആയിരുന്നു. അല്ലേന്ന് ചോദിച്ചാൽ അല്ലായിരുന്നു."
ഒരു കപ്പ് കാപ്പിയുമായി, ഒരു ദിവസം ടെറസ്സിലെ പൂക്കൾക്കൊപ്പം അസ്തമയം കാണുമ്പോഴായിരുന്നു ഓർമ്മയിലെ ആ കണ്ണുകൾക്കിത്രയും ഭംഗിയുണ്ടെന്ന് തോന്നിയത്.
അന്നുമുതലായിരുന്നു അസ്തമയം കൂടുതൽ ചുവന്നത്.
കാപ്പിക്കും, ചായക്കും, കറികൾക്കും പലഹാരത്തിനും രുചി കൂടിയത്.
വയ്യ എന്ന് മടിപിടിച്ചിരുന്ന രമ കൂടുതൽ ജോലികൾ ചെയ്യാൻ തുടങ്ങിയത്.
അലസമായി ഉടുത്തിരുന്ന സാരികൾ, കൂടുതൽ ഭംഗിയിൽ ഞൊറിഞ്ഞുടുക്കാൻ തുടങ്ങിയത്.
ഏതു യാത്രയിലും ആരെയോ തിരയാൻ തുടങ്ങിയത്.
കഴിവതും യാത്രകൾ ഓഴിവാക്കിയിരുന്ന രമ കൂടുതൽ യാത്രകൾ ചെയ്യാൻ തുടങ്ങിയത്.
ഇഷ്ടങ്ങളും മാറ്റങ്ങളും എപ്പോ വേണമെങ്കിലും കടന്നു വരാം.
മടുപ്പിലേക്കു പൊയ്ക്കൊണ്ടിരുന്ന ഒരു ജീവിതം ഉയിർത്തെഴുന്നേറ്റത്‌ ഇവിടെ വെച്ചാണ്. അങ്ങനൊരു മാറ്റത്തിന് ചില നിമിത്തങ്ങൾ മാത്രം.
ഒന്ന് രണ്ടു തവണ ചിലയിടങ്ങളിൽ വെച്ച് ഒരു മിന്നായം പോലെ അയാൾ കടന്നുപോയതായി തോന്നിയെങ്കിലും, തിരിഞ്ഞു നോക്കിയപ്പോൾ ആരും ഇല്ലായിരുന്നു.
എങ്കിലും.,
ഒരുവേള, ഒരിടത്തു വെച്ച് തിരിഞ്ഞൊന്നു നോക്കിയപ്പോൾ നിറയെ സ്വർണ്ണപ്പടികളുള്ള ഒരു ആകാശഗോവണിയിലേക്കു അയാൾ കയറിപോവുന്നൊരു കാഴ്ച നിമിഷനേരത്തേക്കെങ്കിലും കണ്മുന്നിൽ തെളിഞ്ഞിരുന്നു. ഉയരങ്ങളിലേക്കുയരങ്ങളിലേക്കു പോവുന്നതും നോക്കി അന്തിച്ചുനിൽക്കവേ ....!!!
എക്സ്ക്യൂസ്‌ മി ....
എന്നൊരു ശബ്ദമാണ് രമയെ തിരികെ താഴത്തേക്കിറക്കിയത്. സോറി പറഞ്ഞു രമ ഉടൻ വഴിമാറിക്കൊടുത്തു.
...................................................
നാളുകൾക്കുശേഷമുള്ള ഒരുച്ചമയക്കത്തിലെപ്പോഴോ ...,,,
വീണ്ടുമയാൾ കയറിവന്നു. തന്നെക്കാൾ കുറച്ചധികം ഉയരക്കൂടുതലുള്ള ആ മുഖത്തേക്ക് രമ ഉറ്റുനോക്കി. കണ്ണുകളടച്ചു ധ്യാനത്തിലെന്ന പോലെ നിൽക്കുന്ന അയാളെ കുലുക്കി വിളിച്ചു. അബോധാവസ്ഥയിലെന്ന പോലെ താഴെക്കിരുന്നയാൾ അല്പസമയത്തിനു ശേഷം ഉണർന്നു. രമയെ നോക്കി.
"കണ്ണുകൾ !! ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ കണ്ണുകൾ".!!!
"നീണ്ടു വിടർന്ന കണ്ണുകളും, ചതുരമുഖവും, ഇരുനിറവും അയാളെ ഒരു സന്യാസിയെപോലെ രമക്കു തോന്നിപ്പിച്ചു".
തേജസ്സുള്ള ആ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ മനസിൽ നിന്നുയർന്നുവന്നത് ഓംകാരമായിരുന്നു.
ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്നും.,
വെണ്മേഘങ്ങൾ ചുവന്നിരുണ്ടു.
നിറങ്ങൾ പാറിപ്പറന്നു,
കാടും മേടും കുന്നും മലകളും മഞ്ഞും മഴയും പെയ്തിറങ്ങാൻ തുടങ്ങി.
"പെയ്തുതോർന്നൊരു വേളയിൽ".,
അവസാനം ആ കണ്ണുകൾ സംസാരിച്ചു തുടങ്ങി.,
"ഈ ജന്മവും കാണാൻ കഴിഞ്ഞില്ല.
കണ്ടെത്താൻ സാധിച്ചില്ല.
എത്രയോ ജന്മങ്ങളായി ഞാൻ കാത്തിരിക്കുന്നു"
നനഞ്ഞ മിഴികളോടെ രമ കൈകൾ നീട്ടി. ഒന്ന് തൊടാൻ ...,,
പക്ഷെ.,
അപ്പോഴേക്കും
നേരം അസ്തമിക്കാറായിരുന്നു.....!!!
...................................................................
രശ്മി മൂത്തേടത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo