നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 13


രാത്രിയായപ്പോൾ  ദേവിക്ക് നെഞ്ചുവേദന കൂടി! അവരുടെ ദേഹം മുഴുവനും വിയർത്തുകുളിച്ചു. കൈകാലുകൾ തളർന്നു തുടങ്ങി.
ദത്തൻ എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലിൽ പോവാൻ അവർ കൂട്ടാക്കിയില്ല.ഇതൊന്നും മനസ്സിലാവാതെ ദേവിയുടെ പരവേശം കണ്ട് ആമി ഉറക്കെ കരഞ്ഞു.
ദത്തൻ ആംബുലൻസ് വിളിച്ചു.
ആമിയുടെ കരച്ചിൽ കേട്ട് മാളു മതിലിനരികിലേക്ക് വേഗം ചെന്നു .
"എന്തിനാ മാളു?എത്ര കിട്ടിയാലും നീ പഠിക്കില്ല  അല്ലെ?"ലേഖ മകളെ ശാസിച്ചു.
"അതിനാ കുഞ്ഞ് എന്ത് പിഴച്ചു അമ്മെ?"മാളു ചോദിച്ചു.
അപ്പോഴേക്കും അപ്പുറത്ത്  ആംബുലൻസ് വന്നു.
മാളു ദത്തന്റെ വീട്ടിലേക്ക് ഓടിച്ചെന്നു.
ദത്തൻ അവിടെ നിൽപ്പുണ്ടായിരുന്നു .
"മാളു അമ്മയ്ക്ക് തീരെ വയ്യ.ആമിയെ നോയ്‌ക്കോണേ.ഞാൻ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോവാണ് ." ദത്തൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
"പോയിട്ട് വരൂ.ഞാൻ ഇവിടെ ഉണ്ടാവും" മാളു ദത്തനെ ആശ്വസിപ്പിച്ചു.
ആംബുലൻസിൽ നിന്നും രണ്ടുപേർ ഇറങ്ങി ദേവിയെ സ്‌ട്രെച്ചറിൽ കിടത്തി.ദത്തനും ആംബുലൻസിൽ കയറി.
പോവാൻ നേരം ദത്തൻ മാളുവിനെ നോക്കി ആമിയെ നോക്കിക്കോണേ  എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.ഒന്നും പേടിക്കണ്ട എന്നവളും കണ്ണടച്ച് കാണിച്ചു.
ആമിക്ക് ആഹാരം കൊടുത്ത് കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും മാളു അവളെ ഉറക്കാൻ കിടത്തി.
"അച്ഛമ്മ എവിടെ പോയി അമ്മെ?" ആമി  ചോദിച്ചു.
"അച്ഛമ്മയ്ക് ഉവ്വാവ്വ് വന്നു.ഡോക്ടറെ കാണാൻ പോയതാ."മാളു പറഞ്ഞു.
"ഇഞ്ചസൻ എടുക്കുവോ?" ആമി ഭയത്തോടെ ചോദിച്ചു.
"ഇല്ല കേട്ടോ .ആമിക്ക് അസുഖം വരുമ്പോൾ കുടിക്കുന്ന ഒരു സിറപ്പ് ഇല്ലേ?അത് കൊടുക്കും.അപ്പൊ അസുഖം പെട്ടെന്നു മാറിക്കോളും." മാളു അവളെ ആശ്വസിപ്പിച്ചു.
ഹോസ്പിറ്റലിൽ പോയ ദത്തന്റെയും ദേവിയുടെയും വിവരം അറിയാഞ്ഞിട്ട് മാളുവിന്റെ മനസ്സ് നീറുകയായിരുന്നു .
ലേഖയും വന്ന് മാളുവിനും കുഞ്ഞിനും കൂട്ടിരുന്നു.
കുറച്ച്  കഴിഞ്ഞ് അവിടുത്തെ ലാൻഡ്‌ഫോണിൽ ദത്തൻ വിളിച്ച് ദേവിക്ക് മൈൽഡ് അറ്റാക്ക് ആയിരുന്നു,ഇപ്പൊ കുഴപ്പമൊന്നുമില്ല ,അപകട നില തരണം ചെയ്തു,ഒരു ദിവസ്സം അവിടെ കിടത്തിയിട്ട്  വിട്ടയക്കും എന്ന് അറിയിച്ചു.
മാളു സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ച് നന്ദി പറഞ്ഞു.
വെളുപ്പിനെ ദത്തൻ ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തി.
കാളിങ് ബെൽ അടിച്ചതും മാളു വേഗം വാതിൽ തുറന്നു.
"നീ ഉറങ്ങിയില്ലേ?" ദത്തൻ അവളെ നോക്കി
"അമ്മ ഐ.സി.യു വിലാണോ? സംസാരിക്കുന്നുണ്ടോ?ഞാൻ വന്നു കണ്ടോട്ടെ?" മാളു വിഷമത്തോടെ ചോദിച്ചു.
"ഐ.സി.യു വിലാണ്.നാളെ റൂമിലേക്ക് മാറ്റും.കുഞ്ഞിനെയുംകൊണ്ട് വരാതിരിക്കുകയാണ് നല്ലത്.എന്നെ പോലും  ഒരുതവണയെ കാണാൻ സമ്മതിച്ചുള്ളു .അധികം സംസാരിപ്പിക്കരുത് സ്‌ട്രെയിൻ ചെയ്യിക്കരുത് എന്നാണ്  ഡോക്ടർ പറഞ്ഞത് .ആമി ഉറങ്ങിയോ?ബഹളമുണ്ടായിരുന്നോ ?"ദത്തൻ ചോദിച്ചു.
"ഉറങ്ങി.വഴക്കൊന്നുമില്ലായിരുന്നു  ."മാളു പറഞ്ഞു.
"ഞാൻ ഒന്ന് കുളിക്കട്ടെ.അമ്മയ്ക്ക് ഹോസ്പിറ്റൽ ഭക്ഷണം പിടിക്കില്ല.കുളിച്ച് വന്നിട്ട് എന്തെങ്കിലും ഉണ്ടാക്കണം.എന്നിട്ട് ഞാൻ ഹോസ്പിറ്റലിൽ പോകും.നീ പോയി കിടന്നോ." ദത്തൻ അവളെ ഒന്ന്  നോക്കിയിട്ട് തന്റെ റൂമിലേക്ക് പോയി.
ആമിയുടെ മുറിയിൽ ചെന്നപ്പോൾ അവൾ കട്ടിലിൽ നല്ല ഉറക്കം .താഴെ നിലത്ത് ഒരു ഷീറ്റ് വിരിച്ച് ലേഖ ചുരുണ്ടുകൂടി കിടക്കുന്നു.അവരുടെ കിടപ്പ് കണ്ട് ദത്തന് സങ്കടം വന്നു.പാവം! ഒരു മകളെ കുറിച്ച് ഒരമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് എല്ലാവരുടേയും  മുൻപിൽ വെച്ച് താൻ അവരുടെ മുഖത്തു നോക്കി പറഞ്ഞത്! എന്നിട്ടും ഒരാവശ്യം വന്നപ്പോൾ അവരും മകളും തന്റെ കൂടെനിൽക്കുന്നു.അത് തന്നെ ഓർത്തിട്ടല്ലെന്നും  തന്റെ അമ്മയോടുള്ള സ്നേഹം കൊണ്ടാണെന്നും അവനറിയാമായിരുന്നു.
കുളിച്ച് വേഷം മാറി ദത്തൻ അടുക്കളയിൽ ചെന്നപ്പോൾ അവിടെ കാസ്സറോളിൽ ആവിപറക്കുന്ന കഞ്ഞി എടുത്തുവെച്ചിരിക്കുന്നു!
വേറൊരു പാത്രത്തിൽ ചെറുപയർ തോരനും ഉരുട്ടി അരച്ച ചമ്മന്തിയും!
ദത്തൻ  അന്തം വിട്ടു നിന്നു !
അവൻ ഹാളിൽ ചെന്നപ്പോൾ മാളു സോഫയിലിരുന്ന് ഒരു മാസ്സിക മറിച്ച് നോക്കുകയായിരുന്നു.ആ ഇരുപ്പ് കണ്ടാലേ അറിയാം അവൾ അത് വായിക്കുകയല്ലെന്ന് .
"നീ ആണോ ഇതെല്ലം ഉണ്ടാക്കിയെ?ഞാൻ ഇപ്പൊ കുളിക്കാൻ പോയ സമയം കൊണ്ടോ?"ദത്തൻ അവളോട് ചോദിച്ചു.
"നേരത്തെ ഉണ്ടാക്കി വച്ചതാണ് .അമ്മയെ അഡ്മിറ്റ് ചെയ്യുന്നു എന്ന് വിളിച്ച് പറഞ്ഞത്കൊണ്ട് അങ്ങോട്ടേക്ക് കൊണ്ടുപോകാൻ പാകത്തിൽ കവറിലാക്കി വച്ചിട്ടുണ്ട് . കഴിക്കാൻ എടുക്കട്ടേ?" അവൾ അവനോട് ചോദിച്ചു.
അവൻ അവളെ തന്നെ കുറച്ച് നേരം നോക്കി നിന്നു .
എന്നിട്ട് ഉവ്വ് എന്ന് തലയാട്ടി.
മാളു  അടുക്കളയിൽ പോയി ഒരു പാത്രത്തിൽ കഞ്ഞിയും പിന്നെ തോരനും ചമ്മന്തിയും എടുത്തുകൊണ്ടുവന്നു മേശയിൽ വെച്ചു .
ദത്തൻ  കസേര വലിച്ചിട്ട് അതിലിരുന്നു.
"നീ കഴിച്ചോ?" ദത്തൻ മാളുവിനെ നോക്കി ചോദിച്ചു.അവൾ അതിന് മറുപടി പറഞ്ഞില്ല.
ഭക്ഷണം വിളമ്പിവെച്ച ശേഷം അവൾ തിരികെ സോഫയിൽ വന്നിരുന്ന് മാസികയുടെ പേജുകൾ  വെറുതെ മറിച്ചുകൊണ്ടിരുന്നു ..
ഓരോ വറ്റ് കഴിക്കുമ്പോഴും ദത്തന്റെ  കണ്ണുനീർ പാത്രത്തിലേക്ക് വീണുകൊണ്ടിരുന്നു.
താൻ ഇവളെ എന്ത് മാത്രം വേദനിപ്പിച്ചു!എന്നിട്ടും ഇവൾ എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നു കൂടെ നിൽക്കുന്നു!
മാളു അങ്ങോട്ട് നോക്കിയതേ ഇല്ല.
കഴിച്ച് കഴിഞ്ഞ് പാത്രം എടുക്കാൻ തുടങ്ങിയ ദത്തനെ അവൾ തടഞ്ഞു.
"അതവിടെ വെച്ചേക്കു ."മാളു ചെന്ന് പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് നടന്നു.
ദത്തൻ കൈ കഴുകി വന്നപ്പോഴേക്ക് മാളു ആഹാരത്തിന്റെ കവറും ഒരു എയർ ബാഗുമായി വന്നു.
"അമ്മയുടെ രണ്ടു സാരിയും ബ്ലൗസ്സും അമ്മയുടെ മുറിയിൽ ബാത്റൂമിലിരുന്ന ബ്രഷും പേസ്റ്റും പിന്നെ അല്ലറചില്ലറ സാധനങ്ങളുമാണ്.ഒരു ദിവസ്സം കൂടി അവിടെ കിടക്കേണ്ടിവരുമെന്ന് വിളിച്ചുപറഞ്ഞപ്പോൾ എടുത്തുവെച്ചതാണ് .."അവൾ അത് ദത്തനെ  ഏൽപ്പിച്ചു.
"മാളൂ !" ദത്തൻ നിറകണ്ണുകളോടെ അവളെ വിളിച്ചു.
"പോവാൻ നോക്ക്  " മാളു  അടുക്കളയിലേക്ക് പോവാൻ തുടങ്ങി.
ദത്തൻ അവളുടെ കയ്യിൽ പിടിച്ചു.അവളെ തന്നിലേക്ക് അടുപ്പിക്കാൻ നോക്കി.അവൾ കൈകൾ ശക്തിയിൽ കുടഞ്ഞു.അവനെ നോക്കാതെ പടികൾ കയറി  ആമിയുടെ മുറിയിലേക്ക് പോയി.അവൾ പോകുന്നത് നോക്കി ദത്തൻ കുറച്ച് നേരം അവിടെനിന്നു.എന്നിട്ട് കാർ സ്റ്റാർട്ട് ചെയ്ത്  ഹോസ്പിറ്റലിൽ പോയി.
പിറ്റേന്ന് വൈകിട്ടായപ്പോൾ ദേവിയെ ഡിസ്ചാർജ് ചെയ്തു.കംപ്ലീറ്റ് ബെഡ്‌റെസ്റ് വേണമെന്ന് പറഞ്ഞ് ഡോക്ടർ അവർക്ക് കുറച്ച് മരുന്നുകൾ കുറിച്ച് നൽകി.
തിരികെ വീട്ടിലെത്തിയപ്പോൾ ആമി മാളുവിന്റെ മടിയിലിരുന്ന് കളിക്കുന്നു.
"അച്ഛമ്മേ ..!" ദേവിയെ കണ്ടതും ആമി സന്തോഷത്തോടെ അങ്ങോട്ട് ഓടിച്ചെന്നു.ദേവി അവളെ കെട്ടിപിടിച്ചു.
"അച്ഛമ്മേ എന്നെ എടുക്ക്‌ " ആമി കൊഞ്ചി.
"അച്ഛമ്മയ്ക്ക് വയ്യ എന്ന് അമ്മ പറഞ്ഞില്ലേ വാവേ.അച്ഛമ്മ നന്നായിട്ട് റെസ്റ്റ്  എടുക്കണം കൊച്ചുകുഞ്ഞുങ്ങളെ ഒട്ടും എടുക്കരുത് എടുത്താൽ പിന്നെയും ഉവ്വാവ്വ് വരും ഇഞ്ചക്ഷൻ  എടുക്കും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്." മാളു ആമിയോട് പറഞ്ഞു.
"ആണോ അച്ഛമ്മേ?"  ആമി പേടിയോടെ ചോദിച്ചു.
ദത്തൻ കാറിൽ നിന്നും സാധനങ്ങൾ ഇറക്കിവെക്കുക ആയിരുന്നു.
"അതെ മോളെ"ദേവി ആമിയുടെ  കൈയിൽ പിടിച്ചു.മാളു ദേവിയുടെ കൈയിൽ പിടിച്ച്  അവരെ പതുക്കെ  വീടിനുള്ളിലേക്ക് കയറ്റി.
"മോളെ പോവാൻ ധൃതി ഉണ്ടോ?ഞാൻ ഒന്ന് കിടന്നോട്ടെ കുറച്ച് നേരം?കുഞ്ഞിന് ആഹാരം കൊടുത്ത് ഒന്ന് കിടത്തി ഉറക്കാമോ ?ലേഖ വഴക്ക് പറയുവോ ഇവിടെ നിന്നാൽ?" ദേവി അവശതയോടെ ചോദിച്ചു.
"ഞാൻ അമ്മെ വിളിച്ച് പറഞ്ഞോളാം കുറച്ച് കഴിഞ്ഞേ വരുള്ളൂ എന്ന് .അമ്മ പോയി കിടന്നോളു." ദേവിയുടെ ക്ഷീണിച്ച മുഖം കണ്ടപ്പോൾ മാളുവിന് മറുത്തൊന്നും  പറയാൻ തോന്നിയില്ല.
"ആഹാരം കഴിച്ചിട്ട് കിടന്നാൽ പോരെ അമ്മെ?" മാളു ചോദിച്ചു.
"ഒന്നുറങ്ങി എഴുന്നേറ്റിട്ട് കഴിക്കാം മോളെ.നല്ല ക്ഷീണം."
ദേവിയെ അവരുടെ മുറിയിലാക്കി പുതപ്പിച്ചിട്ട് മാളു  ആമിയെ എടുത്തുകൊണ്ട് അടുക്കളയിൽ ചെന്ന് അവൾക്ക് ചോറ് വാരിക്കൊടുത്തു.
പിന്നെ അവർ രണ്ടാളും സ്റ്റെയർകേസ് കയറി ആമിയുടെ കളിപ്പാട്ടങ്ങൾ ഇരിക്കുന്ന മുറിയിൽ ചെന്ന് കുറച്ച് നേരം കളിച്ചു.
"അവൾ ഉറങ്ങിയിട്ട് ഇവിടെ  തന്നെ കിടത്തിക്കോളൂ.ഞാൻ വന്നെടുത്തോളാം .അമ്മയുടെ കൂടെ കിടത്തിയാൽ രാത്രി ഇവൾ കരയുമ്പോ  അമ്മയ്ക്ക്  ബുദ്ധിമുട്ടാകും."ദത്തൻ ഇടയ്ക്ക് വന്ന് മാളുവിനോട് പറഞ്ഞു.
മാളു ആമിയെ ഉറക്കികിടത്തി ശബ്ദമുണ്ടാക്കാതെ വെളിയിൽ ഇറങ്ങി വാതിൽ അടയ്ക്കാൻ തിരിഞ്ഞതും പിറകിൽ നിന്നും  ഒരു കൈ അവളുടെ വായ് പൊത്തിപ്പിടിച്ചു! ഒരു കൈ അവളുടെ വയറിനു മീതെ ചുറ്റി അവളെ എടുത്തുപൊക്കി തൊട്ടപ്പുറത്തെ  മുറിയിലേക്ക് നടന്നു!
ആ മുറിയിലെത്തിയതും മാളു സ്വതന്ത്രയായി.
അവൾ തിരിഞ്ഞു നോക്കിയതും മുറിയുടെ വാതിൽ അടച്ചു കുറ്റി ഇടുന്നു ദത്തൻ!

To be continued ...............

രചന:അഞ്ജന ബിജോയ്

1 comment:

  1. adipoli katha
    second part vegam tharuvo.....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot