നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 2


അതിവേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ് ആ ജീപ്പ്.
മിലിട്ടറി വേഷ വിധാനങ്ങളോട് കൂടിയ ഒരു യുവാവാണ് ഡ്രൈവിങ്ങ് സീറ്റിൽ. ആരോഗ്യ ദൃഢഗാത്രനായിരുന്നു അയാൾ. ആ വാഹനത്തിനു സാധിക്കാവുന്ന പരമാവധി വേഗതയിലെത്തിക്കഴിഞ്ഞിരിക്കുന്നു. അയാൾ ആക്സിലറേറ്റർ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്. നോട്ടം സ്റ്റിയറിങ്ങിലേക്കാണ്. മുൻപിലുള്ളതൊന്നും അയാൾ ശ്രദ്ധിക്കുന്നില്ലെന്നു വ്യക്തം.
“സുജീ!!” അലറിയുള്ള ആ വിളി കേട്ട് അയാൾ ഞെട്ടിയെഴുന്നേറ്റു. ഏതാണ് 200 മീറ്ററകലെ ഒരു പടു കൂറ്റൻ ടാങ്കർ ലോറി റോങ്ങ് സൈഡിൽ പാഞ്ഞു വരുന്നുണ്ടായിരുന്നു്. ഒരു ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമമാണ്.
“സുജിയേട്ടാ!!” ഇപ്രാവശ്യം വിളി ഒരു സ്ത്രീശബ്ദമായിരുന്നു. അവൻ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് വണ്ടി ഇടത്തേക്ക് വെട്ടിച്ചു.
നിയന്ത്രണം വിട്ടതു പോലെ ആ ജീപ്പ് ഹൈവേയിൽ നിന്നും ഇടത്തേക്കുള്ള ചെമ്മൺ പാതയിലേക്ക് കയറിപ്പോയി. വേഗത കുറക്കാനുള്ള യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. അല്പ്പ ദൂരം ചെന്നപ്പോഴേക്കും ചെങ്കുത്തായ ഒരു ഇറക്കത്തിലേക്ക് ഒരു ചാട്ടുളി പോലെ ആ ജീപ്പ് ഇറങ്ങിപ്പോയി. ചക്രങ്ങൾ നാലും നിലം തൊടാതെ പറന്ന ആ വാഹനം താഴെയെത്തി റോഡിന്റെ വക്കിലാണ് ലാൻഡ് ചെയ്തത്. ബ്രെയ്ക്കുകൾ അലറി!
“സുജിയേട്ടാ!!” വീണ്ടും ആ സ്വരം.
അവൻ ഞെട്ടി തന്റെ വലതു വശത്തേക്കു നോക്കി. ഭയചകിതയായിരുന്നു ആ പെൺകുട്ടി. മുഖമാകെ ചോരയിൽ കുളിച്ചിരിക്കുന്നു.
“ശ്രീക്കുട്ടി...” അവൻ വിതുമ്പിക്കൊണ്ട് അവളുടെ കവിളിൽ തലോടി. “നീയെങ്ങനെ ഇവിടെയെത്തി മോളൂ??...എന്തൊക്കെയാണീ നടക്കുന്നത് ദൈവമേ!” അയാൾ തല പുറകോട്ട് ചായ്ച്ച് ഉറക്കെ ഒന്നലറി.
റോഡിന്റെ സൈഡ് ഇടിയാൻ തുടങ്ങിയിരിക്കുന്നു! അവൻ പരമാവധി നിശ്ചലനായി ഒരു നിമിഷം നിലകൊണ്ടു. ഇടതുവശം അഗാധമായ കൊക്കയാണ്. ഏതു നിമിഷവും അവിടേക്കു പതിച്ചേക്കാമെന്നവൻ തിരിച്ചറിഞ്ഞു. റോഡിന്റെ വക്കിടിഞ്ഞ് ചെറിയ മൺകട്ടകൾ താഴേക്ക് ഉരുണ്ടു പോകുന്നതവനു കൺകോണിലൂടെ കാണാമായിരുന്നു.
പെട്ടെന്നാണ് താഴെ, കൊക്കയിൽ വൃക്ഷത്തലപ്പുകൾ ഉലയുന്നതവൻ ശ്രദ്ധിച്ചത്. ഭൂമികുലുക്കമാണോ ? അവൻ പതിയെ താഴേക്കൊന്ന് എത്തിനോക്കി. ഒരു വല്ലാത്ത ശബ്ദത്തോടെ ജീപ്പ് കൊക്കയിലേക്ക് ചെരിഞ്ഞു.
“ഏട്ടാ!!” ശ്രീക്കുട്ടിയുടെ നിലവിളി മുഴങ്ങി.
താഴെ കണ്ട കാഴ്ച്ചയിൽ അവന്റെ ശ്വാസം നിലച്ചു പോയി!
താഴെ കൊക്കയിൽ നിന്നും ഉയർന്നു വരുന്ന ഭീമാകാരമായ ഒരു കറുത്ത കൈ! ഒപ്പം ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ആരോ പൊട്ടിച്ചിരിക്കുന്ന ശബ്ദവും!
അലറിക്കൊണ്ട് അവൻ ശ്രീക്കുട്ടിയുടെ മടിയിലേക്ക് തന്റെ തല പൂഴ്ത്തി.
“പേടിക്കണ്ട ഏട്ടാ... എല്ലാം ശരിയാകും...” അവൾ കുനിഞ്ഞ് അവന്റെ ചെവിയിൽ മന്ത്രിച്ചു.
അടുത്ത നിമിഷം!
താഴെ നിന്നും ഉയർന്നു വന്ന ആ ഭീമാകാരമായ കൈപ്പത്തി ജീപ്പിന്റെ സൈഡിൽ പിടുത്തമിട്ടു.
കഥ തുടരുന്നു...
*****************************************************************
ആർ കെ പുരം - ന്യൂ ഡൽഹി - ‘റോ’ ആസ്ഥാനം. 10:30 AM
*****************************************************************
ഡപ്യൂട്ടി ഡയറക്ടർ സോമനാഥ് ചാറ്റർജ്ജി അതിരാവിലെ തന്നെ തന്റെ ഓഫീസിലെത്തി ജോലിയാരംഭിച്ചിരുന്നു. ഒരു മൾട്ടിമീഡിയാ വിദഗ്ധനുമുണ്ട് കൂടെ. തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ തിരക്കിട്ട പണികളിലാണ്. കൃത്യം 10:30ന് നതാലിയ വാതിലിൽ മുട്ടിയതും അദ്ദേഹം ആ യുവാവിനോട് മുറി വിട്ടു പോകാൻ ആവശ്യപ്പെട്ടു.
“കമിൻ ഏജന്റ് നതാലിയ!” അദ്ദേഹം കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് സീറ്റിൽ നിന്നും എഴുന്നേറ്റു.
മുഖം ഗൗരവം നിറഞ്ഞിരുന്നു. ഇഷ്ടമില്ലാത്ത എന്തോ ചെയ്യാനൊരുങ്ങുന്ന ഭാവം. സംസാരം തുടങ്ങുന്നതിനു മുൻപു തന്നെ അദ്ദേഹം തന്റെ ഓഫീസിലെ വലിയ ഗ്ലാസ്സ് വിൻഡോ, ബ്ലൈൻഡുകളാൽ മറച്ചു. ലാപ്ടോപ്പ് ഭിത്തിയിലെ വലിയ സ്ക്രീൻ ടീ വീയിലേക്ക് കണക്റ്റ് ചെയ്തു.
നതാലിയ ഒന്നും മിണ്ടാതെ ഇതെല്ലാം നോക്കിയിരുന്നതേയുള്ളൂ. പെട്ടെന്ന് കോപാകുലനാകുന്ന ടൈപ്പാണ് ഡയറക്ടർ. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നതാണ് സുരക്ഷിതം. എങ്കിലും, അദ്ദേഹം എന്തോ മറച്ചുവെക്കാൻ ശ്രമിക്കുന്നതായി അവൾക്ക് തോന്നാതിരുന്നില്ല. കാരണം ഒരു മിഷൻ ബ്രീഫിങ്ങിന് സാധാരണ ഒന്നിൽ കൂടുതൽ ഏജന്റ്സ് ഉണ്ടായിരിക്കണമെന്നാണ് പ്രോട്ടോക്കോൾ. ഏജൻസിയുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പു വരുത്താനാണത്.
“സോ... ഏജന്റ് നതാലിയ!” ഒടുവിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി. “എന്റെ കയ്യിൽ അധികം സമയമില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുത്ത് അടുത്ത ഫ്ലൈറ്റിൽ താങ്കൾ മുംബൈക്കു പുറപ്പെടുന്നു. മനസ്സിലായോ ?”
അവൾ തലയാട്ടി.
“ഇതെന്തു തരം മിഷനാണ്. നമ്മൾ എങ്ങനെ ഇതിൽ ഇൻവോൾവ്ഡായി എന്നെല്ലാം നീ ചോദിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആദ്യമേ ചില കാര്യങ്ങൾ പറയാം.
ചില പ്രത്യേക സാഹചര്യങ്ങളിൽ, വ്യക്തി താല്പ്പര്യങ്ങൾ ഒരു രാജ്യത്തിന്റെ പൊതു താല്പര്യമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ ചിലപ്പോൾ നമ്മൾ ഇടപെടേണ്ടി വരും. ഉദാഹരണത്തിന് നമ്മുടെ ആർമി നടത്തുന്ന ചില പരീക്ഷണങ്ങൾ... ഉന്നത തലത്തിൽ അതീവ രഹസ്യമായി നടത്തുന്ന ചില ആയുധ ഇടപാടുകൾ ഒക്കെ പലപ്പോഴും ഏതെങ്കിലും ഒരു ആർമി ഉദ്യോഗസ്ഥന്റെ സ്വാർത്ഥ താല്പര്യപ്രകാരമായിരിക്കും. പക്ഷേ എന്നെങ്കിലും അത് വെളിയിൽ പോയാൽ ചീത്തയാകുന്നത് ഇൻഡ്യൻ ആർമിയുടെ അല്ലെങ്കിൽ ലോക രാജ്യങ്ങൾക്കു മുൻപിൽ നമ്മുടെ ഇൻഡ്യയുടെ പേരാണ്. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?“
”യെസ് സർ!“
”ഇപ്പോൾ നമ്മൾ അത്തരമൊരു സാഹചര്യം നേരിടുകയാണ്.“ അദ്ദേഹം മുൻപോട്ടാഞ്ഞ് മിഷൻ ഫയൽ അവൾക്കു മുന്നിലേക്ക് നീക്കിവെച്ചു കൊടുത്തു. അതിന്റെ ഇളം ചുവപ്പു പോളിത്തീൻ കവറിലൂടെ ‘ടോപ്പ് സീക്രട്ട്’ എന്ന സ്റ്റാമ്പ് വ്യക്തമായി കാണാമായിരുന്നു.
നതാലിയാ ഫയൽ തുറക്കാനാഞ്ഞതും അദ്ദേഹത്തിന്റെ തടിച്ച കൈപ്പത്തി അതിനു മുകളിൽ അമർന്നു.
“ആദ്യം നീ ഇതു കാണൂ.” ലാപ്ടോപ്പിൽ ഒരു വീഡിയോ ഫയൽ തുറന്ന അദ്ദേഹം അവളുടെ ശ്രദ്ധ ടീവിയിലേക്ക് ക്ഷണിച്ചു.
സ്ക്രീനിൽ ഒരു പഴയ രണ്ടു നില കെട്ടിടം കാണാമായിരുന്നു. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട, ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം. സാറ്റലൈറ്റ് ചിത്രമാണ്. അദ്ദേഹം വീഡിയോ പൗസ് ചെയ്തു.
“ഭാണ്ഢൂപിലെ ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ഈ കെട്ടിടം. അബാൻഡൻഡ് (ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള) ഒരു പഴയ ഓഫീസ് ബിൽഡിങ്ങ്. ശ്രദ്ധിച്ചു നോക്കൂ, ചുറ്റും കാടു പിടിച്ചു കിടക്കുന്നു. അടുത്തെങ്ങും ഒരു കെട്ടിടമോ മനുഷ്യവാസമോ ഇല്ലെന്നു മനസ്സിലാക്കാം.”
നതാലിയ എന്തോ പറയാനാഞ്ഞതാണ്. പക്ഷേ ഇടക്കു കയറി സംസാരിക്കണ്ട എന്നു കരുതി നിശബ്ദയായി. ഡയറക്ടർ സംസാരം നിർത്തി അവളെത്തന്നെ തുറിച്ചു നോക്കി നില്ക്കുകയാണ്.
“എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണം നതാലിയ. ഞാൻ പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലേ ? ഈ കെട്ടിടം കണ്ടിട്ട് നിനക്കെന്തു തോന്നി ?” ഡയറക്ടറുടെ സംസാരത്തിന് തീരെ മയമില്ലായിരുന്നു.
“സർ! ഈ കെട്ടിടത്തിൽ ആൾതാമസമില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.” അവൾ എഴുന്നേറ്റ് സ്ക്രീനിൽ തൊട്ടു. “ദാ നോക്കൂ. താഴത്തെ നില അത്യാവശ്യം നന്നായി ഫർണിഷ് ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് ആ എന്റ്രൻസ്. അവിടെ എന്തോ ഒരു ബോർഡും കാണാം. ക്ലിയറല്ല. ലക്ഷണം കണ്ടിട്ട് എന്തോ മെഡിക്കൽ ക്ലിനിക്ക് പോലെ തോന്നുന്നു. പിന്നെ, മുറ്റത്ത് ശ്രദ്ധിക്കൂ, വാഹനങ്ങളുടെ ടയർ പാടുകളുണ്ട്. പിന്നെ ഞാൻ ശ്രദ്ധിച്ച ഒരു പ്രത്യേകത, ഇത് മുംബൈ ആണ് സർ. ആൾപ്പാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ നിറയെ പ്രാവിൻ കൂടുകളുണ്ടാകും. ശരിയല്ലേ ?“
തലയാട്ടിയ ഡയറക്ടറുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. കൊച്ചു കൊച്ചു ഡീറ്റയിലുകൾ വരെ ഒറ്റ നോട്ടത്തിൽ തന്നെ പിടിച്ചെടുക്കുന്ന നതാലിയായുടെ കഴിവ് അദ്ദേഹത്തിന് നേരത്തേ അറിയാവുന്നതാണ്.
“ഈ കെട്ടിടത്തിൽ താരതമ്യേന അത് കുറവാണ്. അതിനർത്ഥം ഇവിടെ ആൾത്താമസം ഉണ്ട് എന്നു തന്നെയാണ്. ഞാൻ കുറേ കാലം ബോംബേയിലുണ്ടായിരുന്നു സർ. ട്രസ്റ്റ് മി! പിന്നെ അതു പോലെ മറ്റൊരു കാര്യം, ടെറസിലെ വാട്ടർ ടാങ്ക് ശ്രദ്ധിക്കൂ. അതിന്റെ ചുറ്റും പായൽ പിടിച്ചിരിക്കുന്നത് കണ്ടാൽ അറിയാം വാട്ടർ സപ്പ്ളേ ഉള്ള ബിൽഡിങ്ങാണിത്. മിക്കപ്പോഴും വെള്ളം കവിഞ്ഞൊഴുകി ഈ പ്രശ്നമുണ്ടാകാറുണ്ട്. പിന്നെ... ഏറ്റവും പ്രധാന കാര്യം.ഇതിന്റെ മുകളീലെ നിലയാണ്. ജനലുകളെല്ലാം ഇഷ്ടിക കൊണ്ട് കെട്ടി അടച്ചിരിക്കുന്നു. മൊത്തത്തിൽ എന്തൊക്കെയോ ദുരൂഹതകൾ.“
ദീർഘനിശ്വാസത്തോടെ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് ഒരു മകളോടെന്നവണ്ണമുള്ള വാൽസല്യമായിരുന്നു. മിടുക്കിയാണ് നതാലിയ.
” ഓക്കേ! ബാക്കി കൂടി ശ്രദ്ധിക്കൂ...“ ഡയറക്ടർ വീഡിയോ പ്ലേ ചെയ്തു.
വീഡിയോ തുടർന്നപ്പോൾ ആ കെട്ടിടത്തിന്റെ ചുറ്റും പല ഭാഗങ്ങളിലായി ചെറിയ പൊട്ടിത്തെറികൾ കാണാമായിരുന്നു. എട്ട് ചെറു സ്ഫോടനങ്ങൾ. നതാലിയ മനസ്സിൽ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും പുക പടലമുയർത്തിക്കൊണ്ട് ആ കെട്ടിടം ഒന്ന് താഴേക്കിരുന്നു. അടുത്ത നിമിഷം കെട്ടിടത്തിന്റെ ഉള്ളിൽ, മദ്ധ്യഭാഗത്തു നിന്നും ഉയർന്നു വന്ന ഒരു അഗ്നി ഗോളം അതിനെ അപ്പാടെ വിഴുങ്ങിക്കൊണ്ട് പിൻവലിഞ്ഞു. അതോടെ ചുറ്റുമുള്ള ഭിത്തികളെല്ലാം ഉള്ളിലേക്ക് മറിഞ്ഞു വീണ് ആ കെട്ടിടം തകർന്നടിയുന്നതാണ് കണ്ടത്.
വീഡിയോ അവസാനിച്ചു.
“എന്താണു സംഭവിച്ചത് സർ ?” നതാലിയ മുഖം തിരിക്കാതെ തന്നെ അദ്ദേഹത്തെ നോക്കി.
“ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ട്.” അദ്ദേഹത്തിന്റെ മുഖത്തൊരു ചെറു ചിരി വിടർന്നു. “ആൾതാമസമില്ലാത്തതുകൊണ്ട് ഭാഗ്യത്തിന് ആർക്കും ഒരപകടവും സംഭവിച്ചില്ല.”
നതാലിയ മന്ദഹസിച്ചുകൊണ്ട് സ്ക്രീനിലെ ആ കോൺക്രീറ്റ് കൂമ്പാരം ഒരിക്കൽ കൂടി പരിശോധിച്ചു.
“നിനക്കു ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ, ആ ഫയൽ നോക്കൂ. ഫയർ ഫോഴ്സിന്റെ, പോലീസിന്റെ ഒക്കെ റിപ്പോർട്ടുകളുണ്ടതിൽ.”
“ഈ വീഡിയോയുടെ ബാക്കി എവിടെ സർ ?” നതാലിയ തിരിഞ്ഞു നോക്കിക്കൊണ്ടാണത് ചോദിച്ചത്.
“നിനക്കറിയാമല്ലോ... സാറ്റലൈറ്റ് ഇമേജസ് ആണ്. പലപ്പോഴും മുഴുവൻ ചിത്രം കിട്ടിയെന്നു വരില്ല. മോശം കാലാവസ്ഥ... റിസപ്ഷൻ... അങ്ങനെ പല പ്രശ്നങ്ങളുണ്ടാകാം.”
“ഐ സീ...” അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. “ഇതാണോ താങ്കൾ എനിക്ക് ഒഫീഷ്യൽ ആയിട്ട് തരാൻ പോകുന്ന ബ്രീഫ് ? ”
“ഒഫീഷ്യലി ഞാൻ പറയുന്നത് കാര്യമാക്കണ്ട. വീഡിയോ കണ്ടിട്ട് നിനക്കെന്തെങ്കിലും തിയറി ഉണ്ടായിക്കാണണമല്ലോ. ഇല്ലേ ?” അവളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ടാണ് ചോദ്യം.
“എന്റെ തിയറി...” അവൾ ഒന്നാലോചിച്ചു. “... വളരെ ആസൂത്രിതമായി നടത്തിയിരിക്കുന്ന ഒരു സ്ഫോടനമാണിത്. ആദ്യം, കെട്ടിടത്തിന്റെ മെയിൻ ലോഡ് ബെയറിങ്ങ് ആയിട്ടുള്ള എട്ടു കോൺക്രീറ്റ് കോളങ്ങൾ തകർത്ത് കെട്ടിടം ദുർബ്ബലമാക്കി. പിന്നീട് ബേസ്മെന്റിൽ മദ്ധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ഒരു വലിയ എക്സ്പ്ലോസ്സീവ് തകർത്ത് കെട്ടിടം കൃത്യമായി ഉള്ളിലേക്ക് തകർന്നു വീഴത്തക്കവിധത്തിൽ നന്നായി പ്ലാൻ ചെയ്ത ഒരു ... മിലിട്ടറി അല്ലെങ്കിൽ ടെററിസ്റ്റ് ജോബ്!“
”വൗ!“ കുലുങ്ങിച്ചിരിച്ചുകൊണ്ട് അദ്ദേഹം ടീ വീ ഓഫാക്കി. ”നീ ഇനി അത് അധികം കാണണ്ട. ഭീകരമായ തിയറികൾ വേറെയും വരും.“
“എന്റെ തിയറി കറക്ടാണ് സർ! എനിക്കുറപ്പാണ്.”
“മിലിട്ടറി എന്നൊരു വാക്ക് ഉപയോഗിച്ചല്ലോ നതാലിയ. അതിനു കാരണം ?”
“കെട്ടിടങ്ങൾ തകർത്തു കൊടുക്കുന്ന കോണ്ട്രാക്ടർമാർ ഉണ്ട്. പക്ഷേ, അവർ ഇങ്ങനെയായിരിക്കില്ല അതു ചെയ്യുക. മറഞ്ഞിരുന്ന് റിമോട്ട് ഉപയോഗിച്ചല്ല അവർ ചെയ്യുക. അവരല്ലെങ്കിൽ പിന്നെ ഇത്രയധികം എക്സ്പ്ലോസ്സീവ്സ് കൈവശമുണ്ടാകാൻ സാധ്യതയുള്ളത് നമ്മുടെ മിലിട്ടറിയുടെ പക്കലാണ്. അല്ലെങ്കിൽ ഏതെങ്കിലും തീവ്രവാദി സംഘടന. പക്ഷേ തീവ്രവാദികളാകാൻ സാധ്യത കുറവാണ്. അവർക്ക് ഇങ്ങനെ ഒരു ഒറ്റപ്പെട്ട ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം തകർത്തിട്ടെന്തു കിട്ടാൻ ? ദാറ്റ് ലീവ്സ് അസ് ‘മിലിട്ടറി’. സിമ്പിൾ!”
“വെരി ഗുഡ് നതാലിയ! ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ ? ഇപ്പോൾ നീ ഈ പറഞ്ഞ വിവരങ്ങൾ ഒരു പത്രക്കാരന്റെയോ ടീവീ ചാനലിന്റെയോ കയ്യിൽ കിട്ടിയാലുള്ള സ്ഥിതിയെന്തായിരിക്കും ?”
“അത് ആ കെട്ടിടത്തിൽ എന്താണ് നടന്നിരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സർ.”
“ഓക്കേ നതാലിയ. ഞാനൊരു വിഡ്ഢിയാണെന്ന് നിനക്കു തോന്നുന്നുണ്ടോ ?”
“ഇല്ല സർ!”
“ഒരു ഇലക്ട്രിക്കൽ ഫയർ റിപ്പോർട്ട് നിന്നെ കാണിച്ച് നീയത് അപ്പാടെ വിഴുങ്ങുമെന്ന് വിശ്വസിച്ചാൽ ഞാനോ നീയോ ഇന്ന് ഈ പൊസിഷനിലുണ്ടാകില്ല. വീ ആർ ട്രെയിൻഡ് ഏജന്റ്സ് നതാലിയ. എല്ലാവരും കാണുന്നതല്ല നമ്മൾ കാണുക. അതുകൊണ്ടു തന്നെ നമുക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്.
രാജ്യത്തിന്റെ അഭിമാനം, രാജ്യസുരക്ഷ പോലെ തന്നെ വലുതാണ്. നമ്മൾ അത് സംരക്ഷിച്ചേ മതിയാകൂ.“
”സോ... ദിസ് വാസ് എ മിലിട്ടറി ഓപ്പറേഷൻ. ഇല്ലീഗലായിട്ടുള്ള എന്തോ...“
”ആ വീഡിയോയുടെ ബാക്കി ഞാൻ ഡിലീറ്റ് ചെയ്തതാണ്. തെളിവുകൾ ഒന്നും ബാക്കിയാവാതിരിക്കാൻ. പക്ഷേ ഇപ്പോൾ തോന്നുന്നു നിന്നെ അതു കാണിക്കണമായിരുന്നു എന്ന്. കൂടുതലൊന്നുമില്ല. എക്സ്പ്ലോഷനു ശേഷം ഏതാണ് 8 മിനിട്ടിനുള്ളിൽ 4 മിലിട്ടറി വാഹനങ്ങൾ ആ കോമ്പൗണ്ടിലെത്തി. ഒപ്പം ഒരു ‘അപ്പാചെ’ ഹെലികോപ്റ്ററും. മിനിട്ടുകൾക്കുള്ളിൽ അവർ സീൻ ക്ലിയർ ചെയ്തു. 30 ഡെഡ് ബോഡീസ് ഉണ്ടായിരുന്നു. അതിൽ ചിലർക്ക് ജീവനുണ്ടായിരുന്നു. പക്ഷേ...“ ഡയറക്ടർ നിർത്തി.
നതാലിയ ചുണ്ടു കടിച്ചു പിടിച്ചു കൊണ്ട് എല്ലാം കേട്ടിരിക്കുകയാണ്.
”കൂടുതൽ ഡീറ്റയിൽസ് എനിക്കും അറിയില്ല നതാലിയ. പക്ഷേ ഞാൻ ഇത്രയും പറയാം. അവിടെ എന്തോ ഒരു മെഡിക്കൽ പരീക്ഷണം നടക്കുന്നുണ്ടായിരുന്നു. ഡെഡ്ബോഡികൾ മിക്കതും അവിടത്തെ പേഷ്യന്റ്സ് ആയിരുന്നു. വളരെ ക്രൂരമായി അവരെ കൊലപ്പെടുത്തി അവിടെ നിന്നും നീക്കം ചെയ്തതാണ് നമ്മൾ ഇപ്പൊ കണ്ടത്.“
” എന്റെ മിഷൻ എന്താണു സർ!“ നിർവ്വികാരമായിരുന്നു അവളുടെ സ്വരം.
“നിന്റെ മിഷൻ വളരെ സിമ്പിളാണ് നതാലിയ. ആ ഫയൽ തുറക്കൂ. ”
അവൾ അതു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
ആദ്യ പേജിൽ നേരത്തെ കണ്ട കെട്ടിടവും സ്ഫോടനത്തിന്റെ ദൃശ്യങ്ങളും. “ന്യൂറോ-വെൽ സൈക്കിയാട്രിക്ക് ക്ലിനിക്ക്” നതാലിയ ആ പേജിന്റെ ഹെഡ്ഡിങ്ങ് നിശബ്ദയായി വായിച്ചു.
രണ്ടാം പേജിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. മദ്ധ്യവയസ്കനായ ഒരു മനുഷ്യൻ. വെളുത്ത ലാബ് കോട്ടാണ് ധരിച്ചിരിക്കുന്നത്. താഴെ എഴുതിയിരുന്ന ഡീറ്റയിൽസ് അവൾ നിമിഷങ്ങൾക്കുള്ളിൽ ഹൃദിസ്ഥമാക്കി.
പേര്: ഡോ. രഘുചന്ദ്ര ഭട്ടിയാർ. (യതാർത്ഥ പേര് ഇതല്ല)
വയസ്സ് : 45
സ്റ്റേറ്റ് : മഹാരാഷ്ട്ര (ഒരു പക്ഷേ ഇതും തെറ്റായ വിവരമായിരിക്കാം)
തുടർന്ന് താഴേക്കെഴുതിയിരുന്ന മിക്ക വിവരങ്ങളിലും ഒരു ഫെയ്ക്ക് ഐഡി യുടെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു. ഫോട്ടോ മാത്രമേ തനിക്ക് ഉപകാരപ്പെടൂ എന്നു മനസ്സിലായ നതാലിയ ഫോണിൽ അയാളുടെ ഫോട്ടോ പകർത്തി. തുടർന്ന് ഫയൽ അടച്ച അവൾ മുഖമുയർത്തി ഡയറക്ടറെ നോക്കി.
“ആരാണിയാൾ ?”
ഡയറക്ടറുടെ മുഖത്ത് വല്ലാത്ത ഗൗരവം നിഴലിച്ചത് പെട്ടെന്നായിരുന്നു. മുൻപോട്ടാഞ്ഞ് അവളുടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണദ്ദേഹം സംസാരിച്ചു തുടങ്ങിയത്. “ഡോ. രഘുചന്ദ്ര ഭട്ടിയാർ ഈസ് ആൻ എനിമി ഓഫ് ദ സ്റ്റേറ്റ് നതാലിയ! അയാളാണ് നിന്റെ മിഷൻ! അയാളെയും അയാളുടെ പരീക്ഷണങ്ങളും കണ്ടെത്തി ഇല്ലാതാക്കിയാൽ ഈ മിഷൻ തീർന്നു. നിനക്കു മടങ്ങാം”
“എനിമി ഓഫ് ദ സ്റ്റേറ്റ് ? ഹൗ ?” അത്യന്തം ഗൗരവകരമായ ആ ആരോപണം അവളെ അമ്പരപ്പിച്ചു കളഞ്ഞു. ‘റോ’ പോലൊരു സീക്രട്ട് ഏജൻസിയുടെ പരിധിക്കപ്പുറമാണ് രാജ്യദ്രോഹ കുറ്റങ്ങൾ.
“കൂടുതൽ വിവരങ്ങൾ എനിക്കും അറിയില്ല കുട്ടി. ഇല്ലീഗലായ ചില മെഡിക്കൽ പരീക്ഷണങ്ങൾ... രാജ്യദ്രോഹപരമായ ചില ഇടപാടുകൾ... അങ്ങനെ വളരെ വ്യക്തതയില്ലാത്ത കുറേ ഇൻഫർമേഷനാണ് എന്റെ കയ്യിലുള്ളത്. ഇതിൽ കൂടുതലൊന്നും നീയെന്നിൽ നിന്നു പ്രതീക്ഷിക്കരുത്. നിനക്കു വേണ്ട വിവരങ്ങൾ നീ ഒറ്റക്കു ശേഖരിക്കുമെന്നെനിക്കുറപ്പുണ്ട്. ആരെ കൊന്നിട്ടായാലും.”
“സർ... ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. താങ്കൾ മുൻപ് മിലിട്ടറി ഇന്റലിജൻസിലായിരുന്നു. ഇത് താങ്കൾ ആർക്കെങ്കിലും വേണ്ടി ചെയ്യുന്ന ഒരു പേഴ്സണൽ ഫേവർ ആണോ സർ ? അങ്ങനെയാണെങ്കിൽ തുറന്നു പറയണം. ”
“ഹൗ ഡെയർ യു!!” പെട്ടെന്നാണ് അദ്ദേഹം ക്രൂദ്ധനായത്. “ജസ്റ്റ് ഡൂ യുവർ ജോബ് നതാലിയ! ആവശ്യമുള്ള കാര്യങ്ങൾ മാത്രം അന്വേഷിക്കുക! അതാണ് എല്ലാവർക്കും സുരക്ഷിതം. മനസ്സിലായോ!”
“യെസ് സർ!” നതാലിയ ഫയൽ അദ്ദേഹത്തിനു മുൻപിലേക്കു തന്നെ നീക്കി വെച്ചുകൊണ്ട് എഴുന്നേറ്റു. അവളുടെ മുഖമാകെ വിവിധ സംശയങ്ങൾ തിങ്ങി നിന്നു.
“ഓ, ബൈ ദ വേ” ഡയറക്ടറുടെ സ്വരം വീണ്ടും പഴയ രൂപത്തിലേക്ക് മടങ്ങി വന്നു. “നിന്റെ തോക്കുകൾ ഇവിടെ സറണ്ടർ ചെയ്തിട്ടു വേണം യാത്ര തിരിക്കാൻ. മുംബൈ എയർ പോർട്ടിൽ തന്നെ നിനക്ക് ആവശ്യമുള്ള ആയുധങ്ങൾ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്.“
”അതെന്താണു സർ അങ്ങനെ ?“ അവളുടെ നെറ്റി ചുളിഞ്ഞു
”എയർപോർട്ടിലെത്തി, നീ ആയുധം കൈവശം വെക്കാനുള്ള ആ ഫോം ഫിൽ ചെയ്ത് കൊടുക്കുന്നതോടെ അനാവശ്യമായ ഒരു കോമ്പ്ലിക്കേഷൻ നമ്മൾ ക്ഷണിച്ചു വരുത്തുകയാണ്. ഈ മിഷനിൽ അത് നമുക്ക് അനുവദിക്കാനാകില്ല നതാലിയ. പിന്നെ, നിനക്കറിയാമല്ലോ, നമ്മുടെ ആയുധങ്ങൾ ട്രേസബിൾ ആണ്. ഓരോ ബുള്ളറ്റുകളും അക്കൗണ്ടബിൾ ആണ്.“
“പക്ഷേ സർ!”
ഒരു പക്ഷേയുമില്ല ! പറഞ്ഞതനുസരിക്കൂ. പ്ലീസ്. എനിക്ക് ധാരാളം ജോലിയുണ്ട്.ഗുഡ് ബൈ നതാലിയ! “അദ്ദേഹം അവൾക്കു പുറം തിരിഞ്ഞ് ഒരു കാബിനറ്റ് തുറന്ന് എന്തോ തിരയാൻ തുടങ്ങി. തുടർന്ന് സംസാരിക്കാൻ താല്പ്പര്യമില്ലെന്നു വ്യക്തം.
അവൾ ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞു നടന്നു.
“ഓ നതാലിയാ... ഒരു മിനിറ്റ്! ” പെട്ടെന്നാണ് എന്തോ ഓർമ്മ വന്നിട്ടെന്നോണം അദ്ദേഹം തിരിഞ്ഞു നിന്നത് . “ഒരു പേഴ്സണൽ കാര്യം ചോദിക്കട്ടെ. ആരാണീ ആകാൻഷ ?”
നതാലിയ നടുങ്ങിപ്പോയി.
“ആകാൻഷ നരേന്ദ്ര തൃപാഠി... ആരാണവൾ ?”
“എന്റെ സുഹൃത്താണ് സർ .”
“വളരെ ക്ലോസ് ആണോ നിങ്ങൾ ?” അദേഹത്തിന്റെ കണ്ണുകൾ തീഷ്ണമായിരുന്നു.
“എക്സ്ക്യൂസ് മി സർ ? മനസ്സിലായില്ല എനിക്ക്. ” അവളുടെ സ്വരം ഉറച്ചിരുന്നു. തന്റെ പ്രൈവസിയിൽ കൈ കടത്തിക്കൊണ്ടുള്ള ആ ഇടപെടൽ അവളെ വല്ലാതെ അസ്വസ്ഥയാക്കി.
“നതാലിയ... നിന്റെ സെക്ഷ്വൽ ഓറിയെന്റേഷനൊന്നും ഒരിക്കലും എനിക്കൊരു പ്രശ്നമല്ല. അത്ര പഴഞ്ചനല്ല ഞാൻ. പക്ഷേ ഈ പെൺകുട്ടി... ഇവൾ എനിക്കൊരു പ്രശ്നമാണ്.”
“എന്തുപറ്റി സർ ?”
“ഇന്നലെ രാത്രി ഇവളുടെ ഫോണിൽ നിന്ന് നിന്റെ കാറിന്റെ റെജിസ്ട്രേഷൻ നമ്പർ ട്രേസ് ചെയ്യാൻ ഒരു ശ്രമം നടന്നിട്ടുണ്ട്!”
അവൾ വീണ്ടും നടുങ്ങി.
“ഒന്നുകിൽ അവൾക്ക് നീയാരാണെന്ന് സംശയം തോന്നിക്കാണണം. അല്ലെങ്കിൽ... ഷീ ഈസ് വർക്കിങ്ങ് ഫോർ സംബഡി. രണ്ടായാലും ഷീ ഈസ് ഇൻ ട്രബിൾ! നിന്റെ അറിവിലേക്കായി പറഞ്ഞെന്നു മാത്രം.”
“സർ... പ്ലീസ്.” നതാലിയ തിടുക്കത്തിൽ അദ്ദേഹത്തിനരികിലെത്തി. “ഞാനും അവളും തമ്മിൽ ഇനി യാതൊരു വിധ ബന്ധങ്ങളുമില്ല. വീ ബ്രോക്ക് അപ്പ് യെസ്റ്റെർഡേ. അവൾ ഇനി അത്തരം മണ്ടത്തരങ്ങളൊന്നും ചെയ്യില്ല. ഞാനുറപ്പു തരാം!“
ഡയറക്ടറുടെ മുഖത്ത് അവിശ്വാസം നിഴലിച്ചു.
”വീ ആർ സീക്രട്ട് ഏജന്റ്സ് നതാലിയ. എന്താ അതിന്റെ അർത്ഥം എന്ന് നിനക്കറിയില്ലേ ?“
”അറിയാം സർ! പ്ലീസ് ഡോണ്ട് ഹർട്ട് ഹെർ!“
”ഗുഡ് ലക്ക് വിത്ത് യുവർ മിഷൻ നതാലിയ!“ ദീർഘശ്വാസത്തോടെ അത്രയും പറഞ്ഞ് അദ്ദേഹം വീണ്ടും കാബിനെറ്റിലേക്കു കുനിഞ്ഞു.
***** ***** ***** ***** ***** *****
അന്ന് ഉച്ചക്ക് രണ്ടു മണിക്ക് മുംബൈക്കു തിരിച്ച ഇൻഡ്യൻ എയർ ലൈൻസ് ഫ്ലൈറ്റ്.
യാത്രയുടെ തുടക്കം മുതലേ ഇടതു വശത്തിരുന്ന ചെറുപ്പക്കാരന്റെ ശ്രദ്ധ തന്നിലാണെന്ന് നതാലിയ തിരിച്ചറിഞ്ഞിരുന്നു.
അയാൾ എയർ ഹോസ്റ്റസുമായി സംസാരിച്ച ഏതാനും നിമിഷങ്ങൾ കൊണ്ട് അവൾ ആ മനുഷ്യനെ അടിമുടി നിരീക്ഷിച്ചു.
30 വയസ്സ് പ്രായം വരുന്ന, വളരെ ആകർഷണീയമായ ഗെറ്റപ്പിൽ ഒരു യുവാവ്. സദാ സമയവും പുഞ്ചിരിക്കുന്ന മുഖം. എവിടെയോ കണ്ട് നല്ല പരിചയം തോന്നി അവൾക്ക്. വേഷവിധാനത്തിലൂടെ, സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ നിരന്തരം ശ്രമിക്കുന്ന ഒരു വ്യക്തിയാണ് അയാളെന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ നതാലിയക്ക് മനസ്സിലായി.. അതവളിൽ അല്പം പുച്ഛവും അവജ്ഞയും ഉളവാക്കുകയും ചെയ്തു. മാന്യനാണെന്നു തോന്നിപ്പിച്ചതുകൊണ്ട് കാര്യമില്ലല്ലോ. നോട്ടത്തിലും പെരുമാറ്റത്തിലും അത് കാണിക്കണ്ടേ.
എയർ ഹോസ്റ്റസ് പോയിക്കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ഇടങ്കണ്ണിട്ട് നതാലിയായെ ശ്രദ്ധിക്കാൻ തുടങ്ങി. അവളും അത് ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പലവട്ടം ഇതു തുടർന്നപ്പോൾ, നതാലിയ സീറ്റ് നേരെയാക്കി നിവർന്നിരുന്നുകൊണ്ട് തന്റെ മാറിലേക്ക് വിരൽ ചൂണ്ടി.
“32C!" അല്പ്പം ഉറക്കെയാണവളതു പറഞ്ഞത്.
”എക്സ്ക്യൂസ്മി? “അയാൾ ഞെട്ടിയെന്നു വ്യക്തം.
”എന്റെ കപ്പ് സൈസ് ആണ് പറഞ്ഞത്. 32C. കണ്ണുകൊണ്ട് അളക്കാൻ വല്ലാതെ പാടു പെടുന്നു താങ്കൾ. അതുകൊണ്ടു പറഞ്ഞതാണ്.“
നിമിഷങ്ങൾക്കുള്ളിൽ അയാളുടെ മുഖം വിളറി വെളുത്തു.
“താങ്കൾ ഒരു ഫാഷൻ ഡിസൈനറോ മറ്റോ അല്ലേ?” അവളുടെ മുഖത്ത് ഒരു ചെറുചിരി വിടർന്നു.
“അതേ!” അയാളുടെ കണ്ണുകളിൽ അത്ഭുതം. “അതു ശരി! ആരാധികയായിരുന്നല്ലേ?”
“പിന്നേ!” അവൾ പൊട്ടിച്ചിരിച്ചു. “വർഷങ്ങളായി ആരാധികയാണ്. ആരുമറിയാതെ ഞാൻ പിൻതുടരുകയായിരുന്നു നിങ്ങളെ. കണ്ടു പിടിച്ചല്ലേ. മിടുക്കൻ!”
“നിങ്ങൾ തമാശാണോ കാര്യമായാണോ പറയുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല...” അയാൾ എഴുന്നേറ്റ് അവൾക്കരികിലെ സീറ്റിലിരുന്നു. “എന്തായാലും ഞാൻ ഒരു കാര്യം പറയാം. സീരിയസായി എടുക്കണം. എന്റെ ഈ ബിസിനസ്സിൽ ഞാൻ ഈയടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പെർഫക്റ്റ് ബോഡിയാണ് കുട്ടിയുടെ. മോഡലിങ്ങ് താല്പ്പര്യമുണ്ടോ ?”
“താങ്ക് യൂ... ആൻഡ് നോ. മോഡലിങ്ങ് ചെയ്യുന്ന ഒരു ടൈപ്പല്ല ഞാൻ.” അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു. കണ്ണുകൾ അയാളുടെ ഇടത്തേ താടിയെല്ലിന്റെ ജോയിന്റിൽ ഉറച്ചു നിന്നു. ഇടത്തേ കൈ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു അവൾ.
“ഞാൻ പ്രവീൺ! പ്രവീൺ സത്യ!”
“ഓ! പ്രവീൺ സത്യ!” നതാലിയക്ക് ഓർമ്മ വന്നു. വളരെ വേഗം വളർന്നു വരുന്ന ഒരു ഇൻഡ്യൻ ഫാഷൻ ബ്രാൻഡ് ആണ് പ്രവീൺ സത്യ! അയാളുടെ അതേ പേരാണ് ബിസിനസിനും.
“താങ്കളെ കണ്ടപ്പോൾ മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു എവിടെ വെച്ചാണ് ഈ പരിചയമെന്ന്. ഇപ്പൊ മനസ്സിലായി.”
“ഓക്കേ! അതൊക്കെ അവിടെ നില്ക്കട്ടെ. എന്റെ ചോദ്യമിതാണ്... നിനക്ക് എന്റെ ഒരു മോഡൽ ആകാൻ താല്പ്പര്യമുണ്ടോ?” വല്ലാത്ത ഉൽസാഹത്തിലാണ് ചോദ്യം.
“ഉണ്ടെങ്കിൽ?”
“ഉണ്ടെങ്കിൽ ഒരു വാക്കു പറഞ്ഞാൽ മതി. മുംബൈ എയർ പോർട്ടിൽ നിന്ന് നീ യാത്ര തുടരുന്നത് എന്റെ ‘ലിമോസിനിൽ’ആയിരിക്കും.”
“വൗ! ശരിക്കും?”
“ശരിക്കും! ഞാൻ വെറുതേ പറഞ്ഞതല്ല. ഈ മുഖം മാത്രമല്ല, തന്റെ ഓരോ ബോഡി പാർട്ടും വളരെ കറക്റ്റ് പ്രൊപ്പോർഷനിലാണ്. ഒരു പെർഫക്റ്റ് അണ്ടർവെയർ മോഡൽ!”
നതാലിയായുടെ കണ്ണുകൾ കുറുകി വന്നു.
“ഓക്കേ മിസ്റ്റർ ഡിസൈനർ! ഞാനിനി പറയുന്ന ഓരോ വാക്കും വളരെ ശ്രദ്ധിച്ച് കേൾക്കണം.” അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് തുടർന്നത്. “മര്യാദക്ക് ഇപ്പോൾ തന്നെ ഇവിടെനിന്ന് എഴുന്നേറ്റ് സ്വന്തം സീറ്റിൽ പോയിരുന്നില്ലെങ്കിൽ... എയർപോർട്ടിൽ നിന്നുള്ള താങ്കളുടെ യാത്ര ലിമോസിനിലായിരിക്കില്ല! ആംബുലൻസിലായിരിക്കും. അതും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ മാത്രം. മനസ്സിലാകുന്നുണ്ടോ?”
അവിശ്വസനീയമായതെന്തോ കേട്ടതു പോലെ അയാൾ അവളെത്തന്നെ തുറിച്ചു നോക്കി.
“വിശ്വാസം വരുന്നില്ലല്ലേ?” അവൾ നിവർന്നിരുന്നു കൊണ്ട് തന്റെ സീറ്റ്ബെൽട്ട് അഴിച്ചു.
അടുത്ത നിമിഷം തന്നെ ചാടിയെഴുന്നേറ്റ ‘ഫാഷൻ ഡിസൈനർ’ തന്റെ സീറ്റിലേക്കു തന്നെ മടങ്ങി.
“ഗുഡ് ബോയ്!” നതാലിയ മന്ദഹസിച്ചുകൊണ്ട് തന്റെ സീറ്റ് പുറകോട്ട് ചായ്ച്ചു.
അപ്പോഴേക്കും അയാൾക്കുള്ള ഡ്രിങ്ക്സുമായി എയർ ഹോസ്റ്റസ് എത്തിയിരുന്നു. നതാലിയ പതിയെ ആ പെൺകുട്ടിയെ തട്ടി വിളിച്ചു.
“അതൊക്കെ ഇവിടെ തന്നേക്കൂ. അയാൾക്ക് ഒരു ഗ്ലാസ്സ് തണുത്ത വെള്ളം മാത്രം കൊടുത്താൽ മതി.”
അമ്പരന്നു നിന്ന എയർഹോസ്റ്റസിനെ നോക്കി അയാൾ അനുകൂല ഭാവത്തിൽ ആംഗ്യം കാട്ടി.
*********************************************************************
ഛത്രപതി ശിവജി ഇന്റർനാഷണൽ എയർ പോർട്ട് - മുംബൈ. വൈകിട്ട് 4 മണി.
*********************************************************************
വെളിയിലിറങ്ങിയതും അവളുടെ ഫോണിൽ ഒരു മെസേജ് വന്നു.
“താങ്കൾക്കുള്ള കാർ പാർക്കിങ്ങ് ലോട്ട് 76F ഇൽ പാർക്ക് ചെയ്തിരിക്കുന്നു. ഗ്ലവ് കമ്പാർട്ട്മെന്റ് പരിശോധിക്കുക. ആവശ്യമുള്ളതെല്ലാം അതിനുള്ളിലുണ്ട്. കമ്പാർട്ട്മെന്റ് തുറക്കാനുള്ള കോഡ് 8844. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. പാനിക്ക് ബട്ടൻ ഉണ്ട് അതിൽ. SWAT ടീമിന്റെ സഹായം ആവശ്യം വരുന്ന സാഹചര്യത്തിൽ നിങ്ങളെ കണ്ടെത്താൻ അത് സഹായിക്കും. ഗുഡ് ലക്ക് ഏജന്റ് നതാലിയ !”
നിന്ന നില്പ്പിൽ തന്നെ ദൂരെ പാർക്കു ചെയ്തിരുന്ന ബ്ലാക്ക് ബി. എം. ഡബ്ല്യു എക്സ്2 അവളുടെ കണ്ണിലുടക്കി. ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ തന്റെ ട്രോളി ബാഗും വലിച്ചുകൊണ്ട് തിടുക്കത്തിൽ കാറിനരികിലേക്കു നടന്നു.
കീചെയിൻ ഡോർ ഹാൻഡിലിൽ തന്നെ കൊളുത്തിയിരുന്നു.ആരോ അല്പ്പം മുൻപ് ഡ്രൈവ് ചെയ്ത് കൊണ്ടുവന്നതാണെന്നു വ്യക്തം. എഞ്ഞിൻ ഇപ്പോഴും ചൂടായിരിക്കുന്നു. അവൾ തുറന്ന് അകത്തു കയറി സ്റ്റാർട്ട് ചെയ്തു.
തുടർന്ന് ഗ്ലൗസ് കമ്പാർട്ട്മെന്റിനു പുറത്തെ നമ്പർ പാഡിൽ കോഡ് അടിച്ചു കൊടുത്തപ്പോൾ അത്യാധുനീകമാം വിധം രൂപകല്പ്പന ചെയ്തിരുന്ന ആ രഹസ്യ അറ പതിയെ പുറത്തേക്ക് തള്ളി വന്നു. അതിനുള്ളിൽ ആകെയുണ്ടായിരുന്നത് ഒരു തോക്കും, 50 തിരകളടങ്ങിയ ഒരു ‘ആമ്മോ’ ബോക്സും മാത്രമായിരുന്നു. മിഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ വിവരങ്ങൾ കൂടി ഉണ്ടായേക്കാമെന്നു പ്രതീക്ഷിച്ച അവൾ നിരാശയായി.
തോക്ക് കയ്യിലെടുത്തപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. ഫുൾ ലോഡഡ് മാഗസിൻ ആണ്. പക്ഷേ എന്തോ ഒരു പന്തികേടു തോന്നി. ഭാരവ്യത്യാസം! കൈ മുറുക്കി പിടിക്കുമ്പോൾ ഒരു വല്ലാത്ത അപരിചിതത്വം! അവൾ തോക്ക് സൂഷ്മമായി പരിശോധിക്കാൻ തുടങ്ങി.
“വാട്ട് ദ....!!” നടുങ്ങിപ്പോയി അവൾ!
അതൊരു ‘റോ’ ഇഷ്യൂഡ് തോക്കായിരുന്നില്ല.
താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്നവൾക്കു മനസ്സിലായി.ഒരു അൺ ഓതറൈസ്ഡ് വെപ്പൺ ഉപയോഗിച്ച് ഒരാളെ വെടിവെച്ചു വീഴ്ത്താനാണ് തന്നെവിട്ടിരിക്കുന്നത്!
അവളുടെ മനസ്സിൽ ഡപ്യൂട്ടി ഡയറക്ടർ സോമനാഥ് ചാറ്റർജ്ജിയുടെ മുഖം തെളിഞ്ഞു.
“ചതിയാ! നിനക്കറിയില്ല നതാലിയായെ!” അവൾ പല്ലു ഞെരിച്ചു.

To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot