നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കലികാലവൈഭവങ്ങൾ - നർമ്മകഥ

Image may contain: Giri B Warrier, smiling, closeup

"ദേ, നോക്കൂ. നിങ്ങളെണീറ്റ്വോ ?"
" ങും.... " കണ്ണ് തുറക്കാതെ തന്നെ മഹാദേവൻ മൂളി.
"ങ്ങേ!! അപ്പോ നിങ്ങള് ഒണർന്ന് ഇരിക്ക്യാ? എന്താ..? വല്ല അസ്വസ്ഥതയും തോന്നുന്നുണ്ടോ?"
പാർവ്വതീ ദേവി ചോദിച്ചു.
"ന്റെ പാർവ്വതീ, ഇത് പ്പൊ തന്നെ നാലാമത്തെ പ്രാവശ്യാണ് താൻ എന്നെ ഓരോ കാര്യത്തിനായി വിളിക്കണേ, "ദേ നോക്കൂ ദേ നോക്കൂ " ന്ന്. പിന്നെങ്ങനെ ഒറങ്ങാനാ... "
"അത് പിന്നെ പുറത്ത് രാജു വന്നിട്ട്ണ്ട്. അവൻ ഉറങ്ങി സ്വപ്നലോകത്ത് എത്ത്യാ ഇങ്ങട്ട് കൊണ്ടുവരണംന്ന് പറഞ്ഞിരുന്നുലോ"
"സമയം ഇപ്പോ എത്ര നാഴിക്യായി?"
"ങ്ങും നല്ല ചോദ്യം, ഇപ്പോ നാഴികേം വിനാഴികേം ഒക്കെ മലയാളം കലണ്ടറിൽ മാത്രേ കാണൂ, വാച്ചിൽ മണിക്കൂറും മിനുട്ടും സെക്കന്റും മാത്രേ കാണൂ.
"അതെങ്കിൽ അത്, ആ വാച്ചിൽ നോക്കി ഒന്ന് സമയം പറയൂ, എനിക്ക് അത്രടം വരെ കാണാൻ കണ്ണ് പിടിക്ക്ണില്ല്യ. " മഹാദേവൻ കണ്ണ് തിരുമ്പിക്കൊണ്ട് പറഞ്ഞു.
"ഞാനെത്ര ദിവസായി പറയുന്നു ആ തലോർ ചക്കംകുളങ്ങര ശാസ്താവിനെ പോയി കാണാംന്ന്. കണ്ണിന് നല്ല ചികിത്സ്യാന്നാ കേട്ടേ. അവിടെ വരണ ഭക്തൻമാർ ഒക്കെ വല്ല്യ സന്തോഷത്തിലാ.. കഴിഞ്ഞാഴ്ച്ച വടക്കുന്നാഥനിലെ വല്യ കാരണവരെ കണ്ടപ്പോ ആളും പറഞ്ഞു ചക്കംകുളത്തിന് നല്ല കൈപ്പുണ്യംണ്ട്ന്ന് "
അതൊക്കെ പിന്നെ പൊവ്വാം , ഇപ്പോൾ ആ വാച്ച് നോക്കീട്ട് സമയം എത്രായീന്ന് ഒന്ന് പറയൂ.. "
"രണ്ടര കഴിഞ്ഞിരിക്കുണു. നമ്പൂരി വരാൻ ഇനീം രണ്ട് മണിക്കുറ്ണ്ട്. "
"പിന്നേ, ഒര് കാര്യംണ്ട്. കുട്ട്യോള് രണ്ടാളും സ്വൈര്യം തര്ണില്ല. അവർക്ക് രണ്ടാൾക്കും പുത്യേ വാഹനം വേണത്രേ."
"അപ്പോ മൂഷികനും മയിലും? അതിനെന്താ ഒരു കൊറവ്. നമ്മളെ ഇപ്പോഴും നന്ദികേശൻ തന്നല്ലേ എല്ലായിടത്തും കൊണ്ടു പോകുന്നത്. "
ഒന്നും പറയണ്ട. നന്ദികേശൻ ഇന്നലേം കൂടി പറഞ്ഞു അലഞ്ഞുനടന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായീന്ന്. ഇലകൾ പോലും പ്ലാസ്റ്റിക്ക് ആണത്രേ. രണ്ടീസം മുൻപ് വയറ്റിൽ പ്ലാസ്റ്റിക്ക് നിറഞ്ഞിട്ട് ആ വെറ്റിനറി സർജൻ സമയത്ത് വന്ന കാരണം രക്ഷപ്പെട്ടതാത്രേ. നന്ദികേശൻ നിങ്ങടെ വാഹനം ആയതോണ്ട് പെട്ടെന്ന് ചികിത്സ കിട്ടി. പിന്നെ നന്ദികേശൻ ഈ നടപ്പുരയിൽ കിടന്നാലും ആരും ഒന്നും പറയില്ല്യാ, മൂഷികന്റേം മെയിലിന്റേം പ്രശ്നം വേറെയാണ് ."
"അവർക്കെന്താ പ്രശ്നം."
സർവ്വത്ര വെഷമല്ലേ. മുൻപൊക്കെ മൂഷികന് ജോലി കഴിഞ്ഞ് ഇരുട്ടത്ത് പോവുമ്പോ എലിക്കെണി ഉണ്ടോന്നോ , വിഷം പുരട്ടിയ കപ്പ ഉണ്ടൊന്നൊക്കെ നോക്ക്യാൽ മത്യാർന്നു. രണ്ടീസം മുമ്പ് ആ മാപ്ളേ ടെ പറമ്പില് ജൈവകൃഷി ആണ് വിഷംല്യാത്ത ഭക്ഷണം കിട്ടൂംന്ന് ഒക്കെ പറഞ്ഞ് ഒരു കപ്പയുടെ കട മാന്തി. എന്നിട്ടോ, നാല് ദെവസാണ് ഫുഡ് പോയ്സൻ ആയി കിടന്നത് .
പിന്നെ മയിലിന്റെ കാര്യം, ഈ പ്രദേശത്തൊക്കെ മരങ്ങൾ വെട്ടിക്കളഞ്ഞു. ഇവടുന്ന് രണ്ട് കിലോമീറ്റർ പോണം മരങ്ങൾ ഉള്ള ആ മനപ്പറമ്പിലേക്ക്. അവിടെ ആണ് മയിലിനെ പാർപ്പിക്കുന്നത്. ദെവസോം അത്രടം വരെ പോയിട്ട് വേണം എങ്ങൊട്ടെങ്കിലും ഒന്ന് പോകാൻ. സമയം വല്ലാതെ വൈകണൂത്രേ. "
"പുത്യേ വണ്ടിയൊക്കെ പുത്യേ അമ്പലത്തില് പ്രതിഷ്ഠയായി പോവുംമ്പോ മതീന്ന് പറയൂ. ഇവ്ടത്തെ വരുമാനം കൊണ്ട് എങ്ങിനൊക്ക്യോ തട്ടിക്കൂട്ടി പോണൂന്നേ ഉള്ളൂ."
"ഞാൻ പറയാണ്ടല്ല, ങാ, പിന്നേ നിങ്ങടെ ഗ്യാസിന്റെ അസുഖം എങ്ങിനെണ്ട്?"
"ഒന്നും പറയാണ്ടിരിക്കണതാ നല്ലത്, ന്നലെ രാത്രി നാല് തവണ കുളപ്പുരയിലേക്ക് ഓടേണ്ടി വന്നു.''
" ഞാൻ പറഞ്ഞതല്ലേ ആ നെയ്പ്പായസം അധികം കഴിക്കണ്ടാന്ന്. ഇപ്പൊ എന്തായി"
"ന്റെ പാർവ്വതി, അത് വാര്യത്ത് കുട്ടിക്ക് ജോലി കിട്ട്യേന്റെ സന്തോഷത്തിൽ വഴിപാട് കഴിച്ചതല്ലേ, അവൻ എന്റെ കുട്ട്യല്ലേ, അവന്റെ സന്തോഷല്ലേ എന്റേം സന്തോഷം."
"മധുരം കഴിക്കാൻ നിങ്ങൾക്ക് ഓരോരോ കാരണങ്ങൾ. അതില് അരിയൊഴിച്ച് ബാക്കി എല്ലാം വിഷാന്ന് അറിയാലോ. ശർക്കര്യായാലും, നെയ്യായാലും, തേനായാലും സർവ്വതും വിഷമയമാണ്. എന്തായാലും നിങ്ങളും മക്കളും വെള്ളനിവേദ്യം അധികം കഴിക്കാത്തോണ്ട് വാര്യത്ത് ഉച്ചക്ക് ചോറ് വെക്കണ്ട. എന്തെങ്കിലും ഒരു കൂട്ടാൻ മാത്രം ഉണ്ടാക്കിയാൽ മതി."
"എന്നെ ഇങ്ങനെ എല്ലാത്തിനും പഴി ചാര്യാ മതീട്ടോ. താനാ ഗ്യാസ്ട്രോ ഗോവിന്ദൻകുട്ടി ഡോക്ടറുടെ ഡയറി ഒന്ന് നോക്കൂ. ഉച്ചക്ക് ഊണ് കഴിഞ്ഞ് ഉറങ്ങണ ശീലംണ്ട്ച്ചാൽ കക്ഷി സ്വപ്നലോകത്ത് എത്ത്യാ ഇവിടം വരെ ഒന്ന് കൊണ്ട്വരാൻ പറയൂ. എന്തെങ്കിലും ടെസ്റ്റ് വേണെങ്കിൽ ലാബ് ടെക്നീഷ്യൻ ജോയിക്ക് ഒരു ഉച്ചയുറക്കം ഉണ്ട്, ആ സമയത്ത് വിളിക്കാം. ഞാൻ പോയി രാജൂനേ കാണട്ടെ "
കണ്ണാടി നോക്കി തലയിലെ ജടയെല്ലാം മാടിക്കെട്ടി, കോണകം വലിച്ചു മുറുക്കി മഹാദേവൻ ശ്രീകോവിലിന് പുറത്ത് വന്നു.
"എന്താ രാജു, കുറേ നേരായോ കാത്തു നിൽക്കാൻ തുടങ്ങീട്ട്. "
" ഇല്ല്യ തേവരേ. അല്ലാ എന്തിനാവോ എന്നെ കാണണംന്ന് പറഞ്ഞത്. "
"രണ്ടീസം മുൻപ് ഒരാള് ഒരു പുത്യേ സ്മാർട്ട് ഫോൺ നടയ്ക്കൽ വെച്ചു. അപ്പൊത്തൊട്ട് പാർവ്വതീം കുട്ട്യോളും ഒറ്റ വാശി, എന്റെ പഴഞ്ചൻ "നോകിയ " ഫോൺ മാറ്റി ഇത് എടുക്കാൻ. എനിക്കാണെങ്കിൽ ആ പഴയ ഫോണിനോട് വല്ലാത്ത ഇഷ്ടാ. ആദ്യത്തെ ഫോണാണേ."
"ന്നാപ്പിന്നെ ഒരു പുതിയ നമ്പർ എടുത്താൽ പോരെ. പിന്നെ മൈക്രോ സിം വേണംന്ന് പറയണം."
"നോക്കട്ടെ ഇന്ന് നാരദര് സ്വർഗ്ഗത്തീന്ന് വരും. കക്ഷിയോട് കൊണ്ട്വരാൻ പറയാം. വേണ്ടതൊക്കെ എന്താന്ന് ഒന്ന് എഴുതി തന്നോളൂ. എനിക്ക് വാട്ട്സപ്പ് വേണം ഫെയ്സ് ബുക്കും, ട്വിറ്റർ വേണ്ട ശല്ല്യാവും വാട്സപ്പിൽ ഒരു "കൈലാസ് " ഗ്രൂപ്പ് വേണം. ഞങ്ങൾ നാലു പേർക്കും തമ്മിതമ്മിൽ സംസാരിക്കാലോ "
"അപ്പോ തേവരേ അവർക്കും സ്മാർട്ട് ഫോൺ വാങ്ങണ്ടേ."
"അത്പ്പോ രണ്ട് മൂന്ന് മൊബൈൽ കടക്കാരുടെ സ്വപ്നത്തിൽ ഒന്ന് പോയി പറഞ്ഞാൽ മതി. അവരെത്തിച്ചോളും "
"പക്ഷേ, തേവരേ, എന്നോട് ദേഷ്യം തോന്നരുത് ട്ടോ. ഒരു കാര്യം പറയാനുണ്ടായിരുന്നു.”
“എന്ത് പറ്റി രാജൂ, പറയൂ..”
“മൊബൈൽ വേണോ, പിന്നെ ഇപ്പോ ഉള്ള ഈ സ്നേഹോം സമാധാനോം, ആദരവും ഒന്നും ഇല്ല്യാണ്ടെ ആവും . മുഖാമുഖം കാണൽ കൂടി ഉണ്ടാവില്ല പിന്നെ.
ഒരു വിധം എല്ലാ വീട്ടിലും ഇപ്പോൾ അങ്ങിനെയാണ്. പണ്ട് എല്ലാവരും കൂടി നടപ്പുരയിലോ വരാന്തയിലോ ഡൈനിങ്ങ് ഹോളിലോ ഒക്കെ വട്ടമിട്ട് ഇരുന്ന് സൊള്ളാറുള്ളതാ. ഇപ്പോൾ അമ്മ ഒറ്റയ്ക്ക് അടുക്കളയിൽ, അച്ഛൻ പൂമുഖത്ത്. മക്കൾ അവരവരുടെ മുറിയിൽ, അങ്ങാട്ടുമിങ്ങോട്ടും പറയാനുളളത് എല്ലാം വാട്ട്സപ്പിൽ. എന്തിനാ മുത്തശ്ശിമാരും മുത്തച്ഛന്മാരും വരെ മൊബൈലിൽ ആണ് കളി.
ഭക്ഷണം പലപ്പോഴും അവരവരുടെ മുറികളിലാവും, അഥവാ എല്ലാവരും ഒരുമിച്ച് ഇരുന്നാലും ശ്രദ്ധ മുഴുവൻ മൊബലിൽ ആവും.
പിന്നെ സ്ത്രീകളുടെ ഗ്രൂപ്പ്, മക്കളുടെ ഗ്രൂപ്പ്, കൂട്ടുകാരുടെ ഗ്രൂപ്പ്, നാട്ടുകാരുടെ ഗ്രൂപ്പ് എന്നിങ്ങനെ എല്ലാവരും മൊബൈലിൽ തിരക്കിൽ ആവും. അയൽക്കാരെ പോലും നേരിൽ കണ്ടാൽ തിരിച്ചറിയില്ല, പേരും നമ്പറും മാത്രേ അറിയൂ.".
അധികം എന്തിനാ പറയണേ ആരെങ്കിലും മരിച്ചാൽ വാട്ട്സാപ്പിലോ ഫെയ്സ് ബുക്കിലോ ആദരാഞ്ജലികൾ എന്നോ പ്രണാമം എന്നോ ഒക്കെ എഴുതി മുതലക്കണ്ണീർ ഒഴുക്കും. അല്ലാതെ പണ്ടത്തേ പോലെ നേരിൽ ചെന്ന്, അവരുടെ കൂടെയിരുന്ന് ദുഃഖത്തിൽ പങ്ക് ചേരലില്ല അഥവാ പോയാലും മൊബൈലിൽ ആവും ശ്രദ്ധ മുഴുവൻ. ഭാര്യഭർത്തൃബന്ധത്തിൽ കണ്ടുവരുന്ന വിള്ളലുകൾ, മക്കളുടെ വഴിതെറ്റിയുള്ള യാത്ര അങ്ങിനെ നീണ്ടു കിടക്കുന്നു പ്രശ്നങ്ങൾ. ഫെയ്സ് ബുക്കിൽ പത്രാസ് കാണിക്കാനും. നാട്ടുകാരേ കാണിക്കാനും ഉള്ള സ്നേഹപ്രകടനങ്ങൾ, നേരിൽ കാണേണ്ട പലതും മൊബൈലിലൂടെ കാണുക.
എല്ലാത്തിനും പുറമെ, മസ്തിഷ്കരോഗങ്ങൾ, ക്യാൻസർ, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട രോഗങ്ങൾ, ഹൃദയ രോഗങ്ങൾ, കാഴ്ച്ചക്കുറവ്, കേൾവിക്കുറവ് ഒക്കെ വേറെ."
രാജു പറഞ്ഞുനിർത്തി.
"ശര്യാണ്, ദിവസോം കേൾക്കാം ഇത്തരത്തിൽ അനവധി പരാതികൾ, അവർക്കതുണ്ട്, ഇവർക്കതുണ്ട്, എനിക്കും അതൊക്കെ വേണം. പിന്നെ രോഗങ്ങൾ മാറ്റിത്തരാനുള്ള പ്രാർത്ഥനയും, ഇക്കരെ നിന്നാൽ അക്കരപ്പച്ച, അത്രന്നെ. ആരൊക്കെ എത്രൊക്കെ വെള്ളത്തിലാണെന്ന് ആർക്കും അറിയില്ല."
മഹാദേവൻ പറഞ്ഞു നിർത്തി ഒരു ദീർഘനിശ്വാസം വിട്ടു.
തേവരെ , നിങ്ങൾ ദൈവങ്ങൾക്ക് ഇപ്പോൾ ദിവ്യശക്തിയുണ്ട്, എല്ലാം അറിയാനുള്ള കഴിവുണ്ട്. മനുഷ്യന് കൊടുത്ത ബുദ്ധിയും ചിന്താശക്തിയും പ്രതിരോധ ശക്തിയും എല്ലാം മൊബൈലിന് അടിയറവ് വെച്ചുകഴിഞ്ഞു. ഇനി ദൈവങ്ങളും കൂടി അങ്ങിനെ ആവണോ?"
“ശരിന്ന്യാ നീ പറഞ്ഞത്, മനുഷ്യന്മാർക്ക് ബുദ്ധി കൂടികൂടി മന്ദബുദ്ധികളെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുണു. വിനാശകാലേ വിപരീത ബുദ്ധീന്നല്ലേ. കലികാലവൈഭവം ന്നല്ലാണ്ടെ എന്തു പറയാൻ ”
അപ്പോഴെക്കും പാർവ്വതി ദേവി പുറത്ത് വന്നു.
" അതേയ്, നിങ്ങള് ഇവിടെ വർത്താനോം പറഞ്ഞോണ്ട് നിൽക്വാ? സമയം നാലരയായി ".
" ഉവ്വോ എന്നിട്ട് നമ്പൂരി വന്നില്ല്യാലോ. ഇത്രേം വൈകാറില്ല്യ. താനാ ദിവ്യദ്യഷ്ടി ഒന്ന് ഓണാക്കി നോക്കൂ എവിടെത്തീന്ന്.''
"ഒര് മിനിട്ട് ട്ടോ. ചെറ്യമുറീം ഘനമുള്ള ചുമരുകളും കാരണം അകത്ത് റേഞ്ച് കൊറവാണേ... നോക്കീട്ട് പറയാം''
പാർവ്വതീദേവി പുറത്ത് പോയി പെട്ടെന്ന് തന്നെ തിരിച്ചു വന്നു.
"ദാപ്പോ നന്നായേ. നമ്പൂരി ദേ കൊളപ്പടവ് മ്മേ ഇര്ന്ന് ഫെയ്സ് ബുക്ക് നോക്ക്ണൂ. നിങ്ങള് അകത്തേക്ക് വരു, ഇപ്പോ വാര്യരും മാരാരും ഒക്കെ വരാൻ തുടങ്ങും " പാർവ്വതി ദേവി പറഞ്ഞു.
"ന്നാ ശരി രാജൂ, ഞാൻ ആ മൊബൈൽ ഉപയോഗിക്കണ്ട ല്ലേ''
"അതന്ന്യാ നല്ലത് തേവരേ "
"അല്ല രാജൂ, ഇത്രൊക്കെ അറിഞ്ഞിട്ട് നിനക്കെങ്കിലും മാറിക്കൂടെ. മാറ്റത്തിന്റെ തുടക്കം നിന്റെ വീട്ടിൽ നിന്നു ആയിക്കൂടെ "
"ഉവ്വ്, ഞാനും മൊബൈൽ ഇനി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുള്ളൂ തേവരെ"
"ഈ മൊബൈൽ നിനക്ക് വേണോ. വേണംച്ചാൽ എടുത്തോളൂ. ഇന്നലെ നീ അച്ഛനോട് വഴക്കുകൂടുണ്ടായിരുന്നു ലോ പുത്യേ മൊബൈൽ വേണംന്ന് പറഞ്."
"വേണ്ടാ തേവരെ, എനിക്ക് മൊബൈൽ വേണ്ട."
രാജു ഉറക്കത്തിലേക്ക് വഴുതിപ്പോയി. അച്ഛൻ വന്ന് കുലുക്കി വിളിച്ചപ്പോൾ ആണ് പിന്നെ കണ്ണ് തുറക്കുന്നത്.
"മോനെ രാജു എഴുന്നേൽക്ക്. പഠിക്കാൻ ഇരിക്കണേന് മുൻപ് കാലത്ത് കുളിച്ച് അമ്പലത്തിൽ പോയി തൊഴുത് വരണം ന്ന് പറഞ്ഞില്ല്യേ ഇന്നലെ"
"ഞാൻ എണീക്കായി അച്ഛാ "
"അല്ല, നീ എന്തിനാ മൊബൈൽ വേണ്ട, മൊബൈൽ വേണ്ട എന്ന് ഉറക്കത്തിൽ പറയുന്നുണ്ടായിരുന്നത്. "
" ഞാൻ അങ്ങിനെ പറഞ്ഞുവോ? ഓർമ്മേല്ല്യ, എന്തായാലും എനിക്ക് ഫോൺ വേണ്ടച്ഛാ”
"നീ പെണങ്ങിയോ കുട്ടാ. നെനക്ക് പരീക്ഷയല്ലേ വരുന്നത്, അത് കഴിയുമ്പോഴെക്കും അച്ഛന് ബോണസ് കിട്ടും, അപ്പോൾ വാങ്ങാം, ഇപ്പോൾ നിന്റെ ചേച്ചീടെ ഫീസ് കൊടുക്കണ്ടേ, അതാ ഇന്നലെ രാത്രി അച്ഛൻ അങ്ങിനെ പറഞ്ഞത്. "
"ഞാൻ പിണങ്ങീട്ടൊന്നും അല്ല. ആവശ്യത്തിന് ഉപയോഗിക്കാൻ അച്ഛന്റെ പഴയ "നോകിയ " എന്റെ കൈയ്യിൽ ഉണ്ടല്ലോ അതു മതി. എന്റെ ബുദ്ധിയില്ല്യായ്മകൊണ്ട് ഇന്നലെ വെറുതെ ഞാൻ വഴക്കു കൂടി. എന്റെ തെറ്റ് എനിക്ക് മനസ്സിലായി സോറി അച്ഛാ."
അത്രയും പറഞ്ഞ് അച്ഛനെ കെട്ടിപ്പിടിക്കുമ്പോൾ അച്ഛന്റെയും മകന്റെയും, കണ്ടുനിന്ന അമ്മയുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
അപ്പാൾ അമ്പലത്തിൽ നിന്നും ശിവസുപ്രഭാതം നേരിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു....
(അവസാനിച്ചു)
ഗിരി ബി. വാരിയർ
26 ജനുവരി, 2018
© copyright protected

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot