Slider

സത്യമായും കഥ അല്ലാട്ടോ

1

ഇത്ര നേരെത്തെ ഒരു വിവാഹം എന്റെ അജണ്ടയിലുണ്ടായിരുന്നില്ല . പക്ഷെ ജോലി കഴിഞ്ഞു വൈകിട്ട് വീട്ടിലെത്തും വരെ 'അമ്മ തനിച്ചാണ് എന്ന ചിന്ത വല്ലാത്ത ഒരു ആധിയായി ഉള്ളിൽ നിറയുന്നുണ്ടായിരുന്നു .അമ്മയോട് വിവാഹത്തെ കുറിച്ച് പറഞ്ഞാലോ എന്ന് ചിന്തിക്കുമ്പോളെക്ക് 'അമ്മ തന്നെ എനിക്കായി ഒരു പെണ്ണിനെ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു .അതാണ് എന്റെ 'അമ്മ .നല്ല കുട്ടിയാണ് 'അമ്മ കണ്ടെത്തിയ ജാനകി . എനിക്ക് ഇഷ്ടം ആയി .താമസിയാതെ വിവാഹം നടന്നു .
ഇനിയാണ് ശരിക്കുള്ള കഥ
കഥ അല്ലിത് ജീവിതം
ജാനകിക്കു എന്നെ വലിയ ഇഷ്ടമാണ് .അതിലിത്തിരി അഭിമാനവും അഹങ്കാരവും ഒക്കെ തോന്നാറുണ്ട് .അവൾ ഒരു നിഷ്കളങ്കയാണ്‌ .ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു പൊട്ട കുട്ടി എന്നൊക്കെ പറയാം .സ്വന്തമായി അവൾക്കൊരു മൊബൈൽ ഫോൺ പോലുമില്ല .അങ്ങനെയുള്ളവർ ഉണ്ടോ എന്ന് നിങ്ങള്ക്ക് സംശയം ഉണ്ടാകുമല്ലേ ?എങ്കിൽ എന്നെ വിശ്വസിക്ക് ജാനകി അങ്ങനെയാണ് .അമ്മയും അവളും വേഗം കൂട്ടായി.അതും എനിക്ക് സന്തോഷം ആയി. പക്ഷെ ദിവസങ്ങൾ കഴിയും തോറും എന്തോ എവിടെയോ ഒരു കല്ലുകടി .
രാവിലെ എണീറ്റാലുടൻ എനിക്കൊരു ചായ പതിവാണ് .ഈയിടെയായി രണ്ടു പേരും എനിക്ക് ചായ തരും . സത്യത്തിൽ എനിക്ക് ഒരു ചായ മതി .പക്ഷെ ഒരാളോട് വേണ്ട എന്ന് പറയണം അതാരോട് ..?അത് കൊണ്ട് ഞാൻ രണ്ടും കുടിക്കും .ഇനി പ്രഭാതഭക്ഷണം .എനിക്കേറ്റവും ഇഷ്ടംഇഡ്ഡലി ആണ് അതും രണ്ടെണ്ണം മതി .അവർ രണ്ടു പേരും രണ്ടു വശങ്ങളിലായി ഉണ്ടാകും .മിക്കപ്പോളും ആരോട് മതി എന്ന് പറയണം എന്നറിയാതെ ഞാൻ ഏറെ തിന്നേണ്ടി വരാറുണ്ട് .
നീല ഷർട്ട് അയൺ ചെയ്തു അവൾ കൊണ്ട് വരുമ്പോൾ ഇളം മഞ്ഞ ഷർട്ട് ആകും 'അമ്മ കൊണ്ടു വരിക . ഞാൻ രണ്ടും തിരഞ്ഞെടുക്കാതെ ഒരു മെറൂൺഷർട്ടോ വെള്ള ഷർട്ടോ ഇട്ടു പോകാറാണ് പതിവു
വൈകുന്നേരം വരുമ്പോളും എന്റെ ഉള്ളിൽ ചങ്കിടിപ്പാണ് .ദൈവമേ ഇന്ന് ഏതു കാര്യത്തിലാകും മത്സരം .?മുറിക്കുള്ളിൽ തന്നെയിരുന്നു സംസാരിക്കാൻ ജാനകി തിടുക്കം കാണിക്കുമെങ്കിലും വെളിയിൽ 'അമ്മ തനിയെ ആണെന്നോർമിക്കുമ്പോൾ ഞാൻ അവളെക്കൂട്ടി ഹാളിലേക്ക് പോരും .ഏറ്റവും അതിശയം അവർ തമ്മിൽ നല്ല സ്നേഹമാണ് എന്നുളളതാണ് ..പക്ഷെ എന്നെ സ്നേഹിക്കുന്നതിൽ ഒരു മത്സരം ഉണ്ട് താനും .
എനിക്ക് അത് സന്തോഷം ആണെങ്കിലും ഞാൻ ചിലപ്പോൾ നിസ്സഹായനായി പോകും . ജാനകി കാണിക്കുന്ന എടുത്തുചാട്ടം അമ്മയെയും 'അമ്മ കാണിക്കുന്ന അമിതസ്വാതന്ത്ര്യം ജാനകിയേയും വേദനിപ്പിക്കുന്നതു ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു
ഞാൻ ജാനകിയെ കാര്യം പറഞ്ഞു മനസിലാക്കിയാലോ എന്ന് ചിന്തിച്ചു . അതൊരു പക്ഷെ അവൾ തെറ്റിദ്ധരിച്ചേക്കും അമ്മയോടാണല്ലേ കൂടുതൽ സ്നേഹം എന്ന് അവൾ ഇടയ്ക്കു ചോദിക്കാറുണ്ട് .ഒരു പെണ്ണ് വന്നു കയറിയപ്പോളേക്കും എന്റെ മോന് എന്നെ വേണ്ടാതായോ എന്ന ഒരുചിന്ത അമ്മയ്ക്കും ഉണ്ടാകാൻ സാധ്യത ഉണ്ട് .അച്ഛനില്ലാത്ത എനിക്ക് അമ്മയായിരുന്നു എല്ലാം .ആ കണ്ണ് നിറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല.
അങ്ങനെയാണ് പതിയെ മതി എന്ന് ഞാൻ തീരുമാനിച്ചിരുന്ന ഒരു കാര്യത്തിൽ ഞാൻ പെട്ടെന്ന് തീരുമാനം എടുത്തത്
ഇപ്പോൾ എനിക്ക് ആശ്വാസം ഉണ്ട്
ചായ ഒരെണ്ണം കുടിച്ചാൽ മതി
ഇഡലി രണ്ടെണ്ണം കഴിച്ചാൽ മതി
ഷർട്ട് എനിക്കിഷ്ടമുളളത് ഇടാം
മത്സരം അവസാനിച്ചു
കാരണം എന്തെന്നോ ജാനകി ഗർഭിണിയാണ്
അവളെ ശുശ്രുഷിക്കലാണ് ഇപ്പോൾ അമ്മയുടെ പ്രധാന ജോലി .ഇപ്പോളെന്നെ 'അമ്മ അത്രയ്ക്കൊന്നും ശ്രദ്ധിക്കാറില്ല .ഗര്ഭത്തിന്റെ ആലസ്യമൊക്കെ കാരണം ജാനകിയും മത്സരത്തിൽ നിന്ന് ഏകദേശം പിന്മാറി എന്ന തോന്നുന്നേ. അല്ലെങ്കിലും ഒരു പണിയും ഇല്ലാതിരിക്കുമ്പോളാണ് കുഴപ്പം.
എന്തായാലും ഞാൻ പഴയ ഞാൻ ആയി .
ഇനി എന്റെ കാര്യത്തിൽഒരു മത്സരം ഉണ്ടാവുകയുമില്ല. .എന്റെ കുഞ്ഞു വരികയല്ലേ ? അവനായിരിക്കും അല്ലെങ്കിൽ അവളായിരിക്കും അതനുഭവിക്കേണ്ടി വരിക.

By Ammu Santhosh
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo